പ്രബുദ്ധത തേടി
പ്രബുദ്ധത തേടി
“അജ്ഞത ഒരിക്കലും അറിവിനെക്കാൾ മെച്ചമല്ല,” എൻറിക്കോ ഫെർമി എന്ന പ്രശസ്‌തനായ ഭൗതികശാസ്‌ത്രജ്ഞന്റെ ഭാര്യ ലോറ ഫെർമിയുടെ വാക്കുകളാണവ. അറിയാത്ത കാര്യങ്ങൾ നിങ്ങൾക്ക് ഒരിക്കലും ദോഷം ചെയ്യില്ല എന്നു പറഞ്ഞുകൊണ്ട് ചിലർ ഈ ആശയത്തെ എതിർത്തേക്കാം. എന്നാൽ മിക്കവരെയും സംബന്ധിച്ചിടത്തോളം ലോറയുടെ പ്രസ്‌താവന ശരിയാണ്—ശാസ്‌ത്രീയ ഗവേഷണത്തിന്റെ മേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ മറ്റു തലങ്ങളിലും. അജ്ഞത, അതായത്, സത്യം സംബന്ധിച്ച അറിവില്ലായ്‌മ, അനേകർ നൂറ്റാണ്ടുകളായി ബൗദ്ധികവും ധാർമികവും ആത്മീയവും ആയ അന്ധകാരത്തിൽ തപ്പിത്തടയാൻ ഇടയാക്കിയിരിക്കുന്നു.—എഫെസ്യർ 4:18.
ചിന്തിക്കുന്ന ആളുകൾ പ്രബുദ്ധത തേടുന്നത് അതുകൊണ്ടാണ്. നാം ഇവിടെയായിരിക്കുന്നത് എന്തുകൊണ്ടെന്നും നാം എവിടേക്കാണ് പോകുന്നതെന്നും അറിയാൻ അവർ ആഗ്രഹിക്കുന്നു. പ്രബുദ്ധത തേടിയുള്ള ആ യാത്രയിൽ അവർ പല വഴികളിലൂടെ സഞ്ചരിച്ചിരിക്കുന്നു. അവയിൽ ചിലത് നമുക്ക് ചുരുക്കമായി പരിചിന്തിക്കാം.
പ്രബുദ്ധതയ്‌ക്കായി മതപരമായ ഒരു വഴിയോ?
മനുഷ്യന്റെ കഷ്ടപ്പാടും മരണവും ബുദ്ധമതത്തിന്റെ സ്ഥാപകനായ സിദ്ധാർഥ ഗൗതമനെ ദുഃഖത്തിലാഴ്‌ത്തിയതായി ബുദ്ധമതക്കാർ വിശ്വസിക്കുന്നു. “സത്യത്തിന്റെ മാർഗം” കണ്ടെത്താൻ സഹായിക്കണമെന്ന് അദ്ദേഹം ഹിന്ദു മതാചാര്യന്മാരോട് ആവശ്യപ്പെട്ടു. തപസ്സ് ചെയ്യാനും സ്വയം പരിത്യജിക്കാനും ചിലർ ശുപാർശ ചെയ്‌തു. അവസാനം ഗൗതമൻ യഥാർഥ പ്രബുദ്ധതയ്‌ക്കായി അഥവാ ജ്ഞാനോദയത്തിനായി തീവ്രമായ ധ്യാനത്തിൽ മുഴുകാൻ തീരുമാനിച്ചു.
പ്രബുദ്ധതയ്‌ക്കായുള്ള തിരച്ചിലിൽ മറ്റുചിലർ മനഃപരിവർത്തനത്തിന് ഇടയാക്കുന്ന മയക്കുമരുന്നുകൾ ഉപയോഗിച്ചിരിക്കുന്നു. ഉദാഹരണത്തിന് ഇന്ന് നേറ്റിവ് അമേരിക്കൻ ചർച്ചിലെ അംഗങ്ങൾ, മനഃപരിവർത്തനത്തിന് ഇടയാക്കുന്ന പദാർഥം അടങ്ങിയ പേയോറ്റി എന്ന കള്ളിമുൾച്ചെടിയെ “നിഗൂഢ ജ്ഞാനം വെളിപ്പെടുത്തുന്ന” ഒന്നായി വർണിക്കുന്നു.
ആത്മാർഥമായി അന്വേഷണം നടത്തുന്ന ഏതൊരാൾക്കും ദൈവത്തിൽനിന്ന് നേരിട്ടുള്ള ആത്മീയ വെളിപ്പാട് ലഭിക്കുക സാധ്യമാണെന്ന് 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്ത്വചിന്തകനായ ഷാൻ ഷാക് റൂസ്സോ വിശ്വസിച്ചിരുന്നു. എങ്ങനെയാണ് അതു ലഭിക്കുമായിരുന്നത്? “ദൈവം ഹൃദയത്തിൽ വെളിപ്പെടുത്തിത്തരുന്ന കാര്യങ്ങൾ” ശ്രദ്ധിക്കുന്നതിലൂടെ. അപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു—നിങ്ങളുടെ വികാരങ്ങളും മനസ്സാക്ഷിയും നിങ്ങളോട് എന്തു പറയുന്നു—എന്നത് “മാനുഷിക അഭിപ്രായങ്ങളുടെ കൂടിപ്പിണഞ്ഞുകിടക്കുന്ന ഊടുവഴികളിൽ കൂടുതൽ ആശ്രയയോഗ്യമായ ഒരു വഴികാട്ടി” ആയിത്തീരും എന്ന് റൂസ്സോ പറഞ്ഞു.—പാശ്ചാത്യ തത്ത്വശാസ്‌ത്രത്തിന്റെ ചരിത്രം (ഇംഗ്ലീഷ്).
യുക്തിചിന്ത പ്രബുദ്ധതയിലേക്കു നയിക്കുമോ?
റൂസ്സോയുടെ സമകാലികരിൽ പലരും മേൽപ്പറഞ്ഞ മതപരമായ സമീപനത്തോടു ശക്തമായ വിയോജിപ്പു പ്രകടമാക്കി. ഉദാഹരണത്തിന്, മതം ആളുകളെ പ്രബുദ്ധരാക്കുന്നതിനു പകരം ‘ഇരുണ്ടയുഗം’ എന്നു ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ യൂറോപ്പിനെ നൂറ്റാണ്ടുകളോളം അജ്ഞതയുടെയും അന്ധവിശ്വാസത്തിന്റെയും അസഹിഷ്‌ണുതയുടെയും കയത്തിൽ മുക്കിത്താഴ്‌ത്തുന്ന മുഖ്യ ഘടകമായി വർത്തിക്കുകയായിരുന്നുവെന്ന് മറ്റൊരു ഫ്രഞ്ചുകാരനായ വോൾട്ടയർ വിശ്വസിച്ചു.
വോൾട്ടയർ ‘ജ്ഞാനോദ്ദീപനം’ എന്നറിയപ്പെടുന്ന ഒരു യൂറോപ്യൻ യുക്തിവാദ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നു. അതിന്റെ അനുയായികൾ മാനുഷ യുക്തിയും ശാസ്‌ത്രീയ ഗവേഷണവും ആണ് യഥാർഥ പ്രബുദ്ധതയ്‌ക്ക് അഥവാ ജ്ഞാനോദ്ദീപനത്തിന് അനിവാര്യമായ ഘടകങ്ങൾ എന്ന പുരാതന ഗ്രീക്കുകാരുടെ ആശയങ്ങളിലേക്കു മടങ്ങിപ്പോയി.
മാനുഷയുക്തി ഒന്നുകൊണ്ടുമാത്രം മാനവരാശി “പ്രബുദ്ധതയാൽ ഒന്നിനൊന്നു പ്രകാശമാനമായിക്കൊണ്ടിരിക്കുന്ന ഒരു നൂറ്റാണ്ടിലേക്കു” കാലെടുത്തുവെക്കുമെന്നും “അതിനോടുള്ള താരതമ്യത്തിൽ കൊഴിഞ്ഞുവീണ നൂറ്റാണ്ടുകളെല്ലാം [അജ്ഞതയുടെ] ഇരുട്ടിലായിരിക്കു”മെന്നും യുക്തിവാദ പ്രസ്ഥാനത്തിലെ മറ്റൊരു അംഗമായിരുന്ന ബർനാർ ഡെ ഫോൻട്‌നെൽ വിശ്വസിച്ചിരുന്നു.—എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.പ്രബുദ്ധത നേടേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള പരസ്‌പര വിരുദ്ധങ്ങളായ ആശയങ്ങളിൽ ചിലതുമാത്രമാണ് ഇവ. സത്യത്തിനുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തിൽ സഹായത്തിനായി നമുക്കു നോക്കാൻ കഴിയുന്ന “ആശ്രയയോഗ്യമായ ഒരു വഴികാട്ടി” യഥാർഥത്തിൽ ഉണ്ടോ? പ്രബുദ്ധതയുടെ ആശ്രയയോഗ്യമായ ഉറവിനെപ്പറ്റി പിൻവരുന്ന ലേഖനം പറയുന്നതു പരിചിന്തിക്കുക.
[3-ാം പേജിലെ ചിത്രങ്ങൾ]
ഗൗതമൻ (ബുദ്ധൻ), റൂസ്സോ, വോൾട്ടയർ എന്നിവർ പ്രബുദ്ധത തേടിയുള്ള യാത്രയിൽ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചു