വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ പ്രബുദ്ധതയുടെ ഉറവ്‌

യഥാർഥ പ്രബുദ്ധതയുടെ ഉറവ്‌

യഥാർഥ പ്രബുദ്ധതയുടെ ഉറവ്‌

ആയിരത്തെണ്ണൂറ്റിപ്പത്ത്‌ ഡിസംബർ 18. സന്ധ്യ മയങ്ങുന്ന നേരം. സ്‌കോട്ട്‌ലൻഡിന്റെ തെക്കുകിഴക്കേ തീരത്തുനിന്ന്‌ അകലെയായി കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ കടലിൽ എച്ച്‌എംഎസ്‌ പാലസ്‌ എന്ന ബ്രിട്ടീഷ്‌ നാവികസേനയുടെ കപ്പൽ വഴിതെറ്റിയലഞ്ഞു. ഇരുട്ടും കനത്ത മഞ്ഞുവീഴ്‌ചയും കാരണം കപ്പൽ സുരക്ഷിത സ്ഥാനത്തേക്കു നയിക്കുന്നതിനു സഹായകമായ ദീപസ്‌തംഭം കണ്ടെത്തുന്നത്‌ ഒന്നിനൊന്നു ദുഷ്‌കരമായിത്തീർന്നു. അവസാനം വെളിച്ചം കണ്ടപ്പോൾ നാവികർക്ക്‌ അനുഭവപ്പെട്ട ആശ്വാസം ഒന്നു വിഭാവന ചെയ്യുക! ആ വെളിച്ചം ലക്ഷ്യമാക്കി അവർ കപ്പൽ നയിച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അവർ തേടിനടന്ന മാർഗദീപങ്ങളല്ലായിരുന്നു അവ. മറിച്ച്‌, തീരപ്രദേശത്തെ ചുണ്ണാമ്പുചൂളകളിൽനിന്നുള്ള തീയായിരുന്നു. അങ്ങനെ പാറക്കൂട്ടത്തിലേക്ക്‌ ഇടിച്ചുകയറിയ പാലസ്‌ തകർന്നു തരിപ്പണമായി. പതിനൊന്നു നാവികർ മുങ്ങിമരിച്ചു. എന്തൊരു ദുരന്തം!

പാലസ്‌ എന്ന കപ്പലിന്റെ കാര്യത്തിൽ ദുരന്തത്തിനു കാരണം നാവികർക്കു പറ്റിയ ഒരു പിശകായിരുന്നു. എന്നാൽ മറ്റു ചിലപ്പോൾ നാവികർ ഇതിലും വലിയ ഒരു അപകടത്തെ നേരിട്ടിട്ടുണ്ട്‌​—⁠വഴിതെറ്റിക്കുന്ന ദീപസ്‌തംഭങ്ങൾ. റെക്ക്‌സ്‌, റെക്കേർസ്‌ ആൻഡ്‌ റെസ്‌ക്യൂയേർസ്‌ എന്ന പുസ്‌തകം പറയുന്നതനുസരിച്ച്‌ കൊള്ളയടിക്കുന്നതിനായി കപ്പലുകളെ പാറകൾനിറഞ്ഞ തീരത്തേക്കു വശീകരിച്ച്‌ അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ്‌ അത്തരം ദീപസ്‌തംഭങ്ങൾ സ്ഥാപിച്ചിരുന്നത്‌.

‘രക്ഷയിലേക്കു നയിക്കുന്ന വിശുദ്ധ ലിഖിതങ്ങൾ’

പ്രബുദ്ധതയ്‌ക്കായി തിരയവേ, ആ നാവികർ അഭിമുഖീകരിച്ചതിനോടു സമാനമായ അപകടങ്ങളെ നിങ്ങളും നേരിടുന്നു. വഴിതെറ്റിക്കുന്ന വിവരങ്ങൾ നിങ്ങൾ പിൻപറ്റിയേക്കാം, അല്ലെങ്കിൽ ഒരുപക്ഷേ കരുതിക്കൂട്ടിയുള്ള വഞ്ചനയ്‌ക്ക്‌ ഇരയാകുകപോലും ചെയ്‌തേക്കാം. ഇതിലേതായാലും ദുരന്തമായിരിക്കും ഫലം. നിങ്ങൾക്ക്‌ എങ്ങനെ സ്വയം സംരക്ഷിക്കാനാകും? ശരിയായതും ആശ്രയയോഗ്യവുമായ ഉറവിലേക്കാണ്‌ നിങ്ങൾ പ്രബുദ്ധതയ്‌ക്കായി നോക്കുന്നതെന്ന്‌ ഉറപ്പുവരുത്തുക. 125-ലേറെ വർഷമായി ഈ മാസിക പ്രബുദ്ധതയുടെ ഏറ്റവും ആശ്രയയോഗ്യമായ ഉറവായി ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിലേക്ക്‌ ആളുകളുടെ ശ്രദ്ധ തിരിച്ചുവിട്ടിരിക്കുന്നു. എന്തുകൊണ്ടെന്നാൽ “നിങ്ങളെ ജ്ഞാനിയാക്കുകയും രക്ഷയിലേക്കു നയിക്കുകയും ചെയ്യാൻ പ്രാപ്‌തമായ വിശുദ്ധ ലിഖിതങ്ങൾ” ബൈബിളിൽ അടങ്ങിയിരിക്കുന്നു.​—⁠2 തിമൊഥെയൊസ്‌ 3:15-17, ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ.

ന്യായമായും, ആശ്രയയോഗ്യമായ മാർഗദീപം എന്ന നിലയിൽ ബൈബിളിൽ വിശ്വാസം അർപ്പിക്കുന്നതിന്‌ നിങ്ങൾ അതിന്റെ ആധികാരികത പരിശോധിക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 119:105; സദൃശവാക്യങ്ങൾ 14:15) ബൈബിൾ യഥാർഥത്തിൽ ദൈവനിശ്വസ്‌തമാണെന്നു ബോധ്യംവരാൻ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്ന വിവരങ്ങൾക്കായി ഈ മാസികയുടെ പ്രസാധകർക്ക്‌ എഴുതാൻ കഴിയും. ഉദാഹരണത്തിന്‌, സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയിൽ അത്തരം വിവരങ്ങൾ അടങ്ങിയിരിക്കുന്നു. * ബൈബിൾ കൃത്യതയുള്ളതും വിശ്വാസയോഗ്യവും നിശ്വസ്‌തവുമാണെന്നു കാണിക്കുന്ന ധാരാളം തെളിവുകൾ ഉൾക്കൊള്ളുന്ന ഈ പ്രസിദ്ധീകരണം നിങ്ങൾക്കു വായിക്കാവുന്നതാണ്‌.

അടിസ്ഥാന സത്യങ്ങൾ

അങ്ങനെയെങ്കിൽ, ഈ “വിശുദ്ധ ലിഖിത”ങ്ങളിൽ അടങ്ങിയിരിക്കുന്ന ചില അടിസ്ഥാന സത്യങ്ങൾ ഏവയാണ്‌? പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുക.

സകലത്തിന്റെയും സ്രഷ്ടാവും സർവശക്തനുമായ ഒരു ദൈവമുണ്ട്‌. (ഉല്‌പത്തി 1:1) ദൈവം “സർവ്വവും സൃഷ്ടി”ക്കുകയും നമുക്ക്‌ ജീവൻ നൽകുകയും ചെയ്‌തതുകൊണ്ടു മാത്രമാണ്‌ നാം ഇവിടെയുള്ളത്‌. (വെളിപ്പാടു 4:11) അതുകൊണ്ടാണ്‌ അവൻ മാത്രം നമ്മുടെ ആരാധന അർഹിക്കുന്നത്‌. സകല പ്രബുദ്ധതയുടെയും ആത്യന്തിക ഉറവ്‌ ഈ സ്രഷ്ടാവാണ്‌. (സങ്കീർത്തനം 36:9; യെശയ്യാവു 30:20, 21; 48:17, 18) അവന്‌ വ്യക്തിപരമായ ഒരു പേരുണ്ട്‌, നാം അത്‌ ഉപയോഗിക്കാൻ അവൻ ആഗ്രഹിക്കുന്നു. (പുറപ്പാടു 3:15) എബ്രായലിപികളിൽ എഴുതപ്പെട്ടതും യ്‌ഹ്‌വ്‌ഹ്‌ എന്നു ലിപ്യന്തരണം ചെയ്യാൻ കഴിയുന്നതുമായ ആ പേര്‌ ഏകദേശം 7,000 പ്രാവശ്യം ബൈബിളിൽ കാണാനാകും. നൂറ്റാണ്ടുകളായി മലയാളത്തിൽ “യഹോവ” എന്ന്‌ അത്‌ ഉപയോഗിച്ചുവരുന്നു.​—⁠സങ്കീർത്തനം 83:⁠18.

ഭൂമിയിൽത്തന്നെ പറുദീസാവസ്ഥകളിൽ എന്നേക്കും ജീവിക്കാനാണ്‌ യഹോവ സ്‌ത്രീപുരുഷന്മാരെ സൃഷ്ടിച്ചത്‌. തന്റെതന്നെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ആത്മീയഗുണങ്ങളോടുകൂടിയാണ്‌ യഹോവ മനുഷ്യരെ സൃഷ്ടിച്ചത്‌. മനുഷ്യരെന്നനിലയിൽ ഭൂമിയിൽ എന്നെന്നേക്കും സംതൃപ്‌തികരമായ ജീവിതം ആസ്വദിക്കുന്നതിനു സഹായിക്കുന്ന പ്രാപ്‌തികളും കഴിവുകളും അവൻ അവർക്കു നൽകി. (ഉല്‌പത്തി 1:26-28) ഭൂമി മനുഷ്യരെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണവേദി ആയിരിക്കാൻ ദൈവം ഒരിക്കലും ഉദ്ദേശിച്ചില്ല; അതായത്‌, സ്വർഗത്തിൽ പോയാൽ മാത്രമേ മനുഷ്യർക്ക്‌ ദൈവവുമായി ഒരു ബന്ധം ആസ്വദിക്കാനാകൂ എന്നതുപോലെ സ്വർഗത്തിലെ ആത്മജീവനിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിലല്ല അവൻ ഭൂമിയെ സൃഷ്ടിച്ചത്‌.

ദൈവത്തിന്റെ മനുഷ്യസൃഷ്ടിക്ക്‌ യാതൊരു കുഴപ്പവുമില്ലായിരുന്നു. ദൈവത്തിന്റെ സൃഷ്ടികളിൽ ചിലർ​—⁠ഇതിൽ മനുഷ്യരും ആത്മവ്യക്തികളും ഉൾപ്പെടുന്നു​—⁠ഇച്ഛാസ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുകയും ദൈവത്തിനെതിരെ മത്സരിക്കുകയും ചെയ്‌തപ്പോൾ മാത്രമാണ്‌ തിന്മ രംഗപ്രവേശം ചെയ്‌തത്‌. (ആവർത്തനപുസ്‌തകം 32:5) തങ്ങളുടെ കാര്യത്തിൽ നന്മയേത്‌ തിന്മയേത്‌ എന്നു തീരുമാനിക്കാനുള്ള അവകാശം നമ്മുടെ ആദ്യ മാതാപിതാക്കൾ ഏറ്റെടുത്തു. (ഉല്‌പത്തി 2:17; 3:1-5) അത്‌ മാനവ കുടുംബത്തിലേക്ക്‌ മരണം കടന്നുവരാൻ ഇടയാക്കി. (ഉല്‌പത്തി 3:19; റോമർ 5:12) മത്സരത്തിന്റെ ഫലമായി ഉയർന്നുവന്ന വെല്ലുവിളികൾക്കു തീർപ്പു കൽപ്പിക്കാനായി തത്‌കാലത്തേക്ക്‌ ദുഷ്ടത അനുവദിക്കാൻ യഹോവ തീരുമാനിച്ചു. പക്ഷേ ഭൂമിയെയും മാനവ കുടുംബത്തെയും സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തിന്‌ മാറ്റം വന്നിട്ടില്ല. (യെശയ്യാവു 45:18) ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ പറുദീസാവസ്ഥകളിൽ മനുഷ്യർ എന്നേക്കും ജീവിക്കുകതന്നെ ചെയ്യും.​—⁠മത്തായി 6:10; വെളിപ്പാടു 21:1-5.

യേശുക്രിസ്‌തു ദൈവത്തിന്റെ പുത്രനാണ്‌, സർവശക്തനായ ദൈവമല്ല. പിൻവരുന്ന പ്രകാരം പ്രാർഥിക്കാൻ യേശുക്രിസ്‌തുതന്നെ തന്റെ അനുഗാമികളെ പഠിപ്പിച്ചു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) താൻ ദൈവത്തിനു സമനാണെന്ന്‌ യേശു ഒരിക്കലും അവകാശപ്പെട്ടില്ല, മറിച്ച്‌ അവൻ പറഞ്ഞത്‌ ഇതാണ്‌: “പിതാവു എന്നെക്കാൾ വലിയവനല്ലോ.”​—⁠യോഹന്നാൻ 14:28.

ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ യേശുവിന്‌ ഒരു മർമപ്രധാന പങ്കുണ്ട്‌. യേശുവിൽ “വിശ്വസിക്കുന്നവൻ ആരും ഇരുളിൽ വസിക്കാതിരിപ്പാൻ” ദൈവം അവനെ “വെളിച്ചമായി ലോക”ത്തിലേക്ക്‌ അയച്ചു. (യോഹന്നാൻ 12:46) “മറ്റൊരുത്തനിലും രക്ഷ ഇല്ല” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ പറഞ്ഞു. (പ്രവൃത്തികൾ 4:12) ആ വാക്കുകൾ തികച്ചും സത്യമാണ്‌, കാരണം നമ്മുടെ രക്ഷയുടെ അടിസ്ഥാനം ക്രിസ്‌തുവിന്റെ വിലയേറിയ രക്തമാണ്‌. (1 പത്രൊസ്‌ 1:18, 19) നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും നിമിത്തം മനുഷ്യകുടുംബത്തിലേക്കു കടന്നുവന്ന പാപത്തിൽനിന്നു മനുഷ്യവർഗത്തെ മോചിപ്പിക്കാൻ യേശുക്രിസ്‌തു തന്റെ ജീവൻ ഒരു മറുവില അഥവാ വീണ്ടെടുപ്പുവില എന്ന നിലയിൽ ബലിയർപ്പിച്ചു. (മത്തായി 20:28; 1 തിമൊഥെയൊസ്‌ 2:6) മാത്രവുമല്ല, തന്റെ ഇഷ്ടവും ഉദ്ദേശ്യവും വെളിപ്പെടുത്താൻ ദൈവം യേശുവിനെ ഉപയോഗിക്കുകയും ചെയ്‌തു.​—⁠യോഹന്നാൻ 8:12, 32, 46, 47; 14:6; പ്രവൃത്തികൾ 26:23.

യേശുക്രിസ്‌തുവും മനുഷ്യർക്കിടയിൽനിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടവരും ചേർന്നുള്ള ഒരു സ്വർഗീയ രാജ്യം അഥവാ ഗവൺമെന്റ്‌ ദൈവം സ്ഥാപിച്ചിരിക്കുന്നു. ഈ പ്രതിപാദ്യവിഷയം ബൈബിളിൽ ഉടനീളം ആവർത്തിച്ചിരിക്കുന്നതായി കാണാം. തന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടപ്പാക്കപ്പെടുന്നു എന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള നിയോഗം ദൈവം ഈ ഗവൺമെന്റിനെ ഭരമേൽപ്പിച്ചിരിക്കുന്നു. (മത്തായി 6:10) മനുഷ്യവർഗത്തിൽപ്പെട്ട ആരെങ്കിലും സ്വർഗത്തിൽ പോകുകയെന്നത്‌ ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിന്റെ ഭാഗമല്ലായിരുന്നു. മനുഷ്യൻ ഭൂമിയിലാണു ജീവിക്കേണ്ടിയിരുന്നത്‌. എന്നാൽ മനുഷ്യൻ പാപിയായിത്തീർന്നതിനെ തുടർന്ന്‌ ദൈവം പുതിയൊരു ക്രമീകരണം ചെയ്യാൻ തീരുമാനിച്ചു. ഒരു സ്വർഗീയ ഗവൺമെന്റിൽ ക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരായി ‘വാഴാൻ’ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ” തിരഞ്ഞെടുക്കുക എന്നതായിരുന്നു അത്‌. (വെളിപ്പാടു 5:9, 10) ആ രാജ്യ ഗവൺമെന്റ്‌ പെട്ടെന്നുതന്നെ, മാനവരാശിക്ക്‌ വളരെയധികം ദുരിതവും വേദനയും വരുത്തിവെച്ചിരിക്കുന്ന എല്ലാ മാനുഷ ഭരണകൂടങ്ങളെയും ‘തകർത്തു നശിപ്പിക്കും.’​—⁠ദാനീയേൽ 2:44.

മനുഷ്യർക്ക്‌ അമർത്യമായ ഒരു ദേഹിയോ ആത്മാവോ ഇല്ല. ഈ അടിസ്ഥാന ബൈബിൾ സത്യം മനുഷ്യനെയും അവന്റെ ഭാവി പ്രത്യാശയെയും കുറിച്ച്‌ പല കാര്യങ്ങളും വ്യക്തമാക്കിത്തരുന്നു. കൂടാതെ, മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച്‌ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുന്ന തെറ്റിദ്ധാരണകളിൽനിന്നും വഴിതെറ്റിക്കുന്ന വിവരങ്ങളിൽനിന്നും അത്‌ ആളുകളെ മോചിപ്പിക്കുന്നു.

ബൈബിളിലെ ആദ്യത്തെ പുസ്‌തകം നമ്മോട്‌ ഇങ്ങനെ പറയുന്നു: “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായിതീർന്നു.” (ഉല്‌പത്തി 2:7) ഇതിന്റെ അർഥമെന്താണെന്ന്‌ നിങ്ങൾക്കു മനസ്സിലായോ? ദേഹി എന്നത്‌ മനുഷ്യ ശരീരത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന അവ്യക്തമായ, നിഴൽപോലുള്ള ഒന്നല്ല. മനുഷ്യന്‌ ഒരു ദേഹി ഇല്ല. മറിച്ച്‌ അവൻ ഒരു ദേഹി ആകുന്നു. “നിലത്തെ പൊടി”യിലുള്ള മൂലകങ്ങളും ദൈവത്തിൽനിന്നുള്ള ജീവശക്തിയും ചേർന്നുള്ള ഒന്നാണു ദേഹി. അതുകൊണ്ട്‌ ഒരു മനുഷ്യൻ അല്ലെങ്കിൽ ദേഹി അമർത്യമല്ല. മനുഷ്യൻ മരിക്കുമ്പോൾ ആ ദേഹി മരിക്കുന്നു. (ഉല്‌പത്തി 3:19) ആത്മാവും തുടർന്നു ജീവിക്കുന്നില്ല, കാരണം സഭാപ്രസംഗി 9:5, 10 നമ്മോട്‌ ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”

പുനരുത്ഥാനം മുഖേന മരിച്ചവർക്ക്‌ ജീവനിലേക്കു തിരികെവരാനാകും. ദൈവം ദുഷ്ടതയ്‌ക്ക്‌ അനുവദിച്ചിരിക്കുന്ന സമയം തീരുമ്പോൾ “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, നന്മ ചെയ്‌തവർ ജീവന്നായും തിന്മ ചെയ്‌തവർ ന്യായവിധിക്കായും പുനരുത്ഥാനം” ചെയ്യപ്പെടും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) പുനരുത്ഥാനം മുഖേന ആളുകൾ ജീവനിലേക്കു തിരികെവരും​—⁠മാനവ കുടുംബത്തിനായി ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ ഒരു പറുദീസാഭൂമിയിൽ ജീവിക്കുന്നതിനായി.

തിരുവെഴുത്തുകൾ അനുദിനം ശ്രദ്ധാപൂർവം പരിശോധിക്കുക

ഇത്തരം അടിസ്ഥാന സത്യങ്ങളെ കുറിച്ചുള്ള അറിവ്‌ നിങ്ങളെ എങ്ങനെ സഹായിക്കുമെന്ന്‌ നിങ്ങൾക്കു കാണാൻ കഴിയുന്നുണ്ടോ? പ്രക്ഷുബ്ധമായ ഈ നിർണായക നാളുകളിൽ പിശാചായ സാത്താൻ പ്രചരിപ്പിക്കുന്ന “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്ന”തിൽനിന്ന്‌ ആ അറിവ്‌ നിങ്ങളെ സംരക്ഷിക്കും. സാത്താൻ “വെളിച്ചദൂത”നായും അവന്റെ ഏജന്റുമാർ “നീതിയുടെ ശുശ്രൂഷക്കാ”രായും വേഷം കെട്ടുന്നു. (1 തിമൊഥെയൊസ്‌ 6:20; 2 കൊരിന്ത്യർ 11:13-15) “യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞ,” ലോകപ്രകാരം ‘ജ്ഞാനികളും വിവേകികളും’ ആയവരുടെ തത്ത്വശാസ്‌ത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘പ്രബുദ്ധത’യിൽനിന്ന്‌ ബൈബിളിനെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനത്തിന്‌ നിങ്ങളെ സംരക്ഷിക്കാനാകും.​—⁠യിരെമ്യാവു 8:9; മത്തായി 11:25.

വഴിതെറ്റിക്കുന്ന നിരവധി പഠിപ്പിക്കലുകളും തത്ത്വചിന്തകളും തന്റെ നാളിൽ നിലനിന്നിരുന്നതിനാൽ കേൾക്കുന്നതെല്ലാം വിശ്വസിക്കുന്നതിനുപകരം അവ ദൈവത്തിൽനിന്നുള്ളതാണോയെന്ന്‌ പരിശോധിക്കാൻ അപ്പൊസ്‌തലനായ യോഹന്നാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പ്‌ നൽകി. (1 യോഹന്നാൻ 4:​1) ഈ ദൃഷ്ടാന്തം പരിചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രഭാവം ചെലുത്താൻ കഴിയുന്ന ഒരു സന്ദേശം നിങ്ങൾക്കു ലഭിച്ചാൽ, അത്‌ ആശ്രയയോഗ്യമായ ഒരു ഉറവിൽനിന്നുള്ളതാണെന്നു കേവലം തോന്നുന്നതുകൊണ്ടുമാത്രം കൂടുതലൊന്നും ആലോചിക്കാതെ കണ്ണുംപൂട്ടി നിങ്ങൾ അതു വിശ്വസിക്കുമോ? ഒരിക്കലുമില്ല. അതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ്‌ നിങ്ങൾ അതിന്റെ ഉറവിടം ഏതാണെന്ന്‌ ഉറപ്പുവരുത്തുകയും ഉള്ളടക്കം പരിശോധിക്കുകയും ചെയ്യും.

അടിസ്ഥാന സത്യങ്ങൾ അടങ്ങിയ ഒരു നിശ്വസ്‌ത ലിഖിത രേഖ പ്രദാനംചെയ്‌തതിലൂടെ അതുതന്നെ ചെയ്യാൻ, അതായത്‌ നിങ്ങൾ പിൻപറ്റുന്ന മാർഗദീപങ്ങൾ അഥവാ ദീപസ്‌തംഭങ്ങൾ ശരിയായവ തന്നെയാണെന്ന്‌ ഉറപ്പുവരുത്താൻ, ദൈവം നിങ്ങൾക്ക്‌ അവസരം നൽകിയിരിക്കുന്നു. (1 തെസ്സലൊനീക്യർ 5:21) ഉത്തമ മനോഭാവമുണ്ടായിരുന്ന ഒന്നാം നൂറ്റാണ്ടിലെ ചില ആളുകൾ തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ശരിക്കും സത്യമാണോയെന്ന്‌ ഉറപ്പുവരുത്തുന്നതിന്‌ “ദിനമ്പ്രതി തിരുവെഴുത്തുകളെ” ശ്രദ്ധാപൂർവം “പരിശോധിച്ചുപോന്ന”തിന്റെപേരിൽ പ്രശംസിക്കപ്പെട്ടു. (പ്രവൃത്തികൾ 17:11) നിങ്ങൾക്കും അതുതന്നെ ചെയ്യാനാകും. “ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ” ബൈബിൾ നിങ്ങളെ സുരക്ഷിതസ്ഥാനത്തേക്കു നയിക്കട്ടെ. (2 പത്രൊസ്‌ 1:19-21) അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങൾ യഥാർഥ പ്രബുദ്ധത കൈവരുത്തുന്ന ‘ദൈവപരിജ്ഞാനം കണ്ടെത്തും.’​—⁠സദൃശവാക്യങ്ങൾ 2:⁠5.

[അടിക്കുറിപ്പ്‌]

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[4-ാം പേജിലെ ചിത്രം]

ദൈവവചനം ഒരു വിളക്കുപോലെയാണ്‌

[5-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പേരെന്താണ്‌?

[5-ാം പേജിലെ ചിത്രം]

മനുഷ്യവർഗത്തിന്റെ ഭാവി എന്താണ്‌?

[6-ാം പേജിലെ ചിത്രം]

യേശു സർവശക്തനായ ദൈവമാണോ?

[6-ാം പേജിലെ ചിത്രം]

മരിച്ചവർ എവിടെയാണ്‌?

[7-ാം പേജിലെ ചിത്രം]

മരിച്ചവരുടെ പുനരുത്ഥാനം ബൈബിൾ പഠിപ്പിക്കുന്ന അടിസ്ഥാന സത്യങ്ങളിൽ ഒന്നാണ്‌