വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുവാക്കളേ, യഹോവയെ സേവിക്കാൻ തീരുമാനമെടുക്കുക

യുവാക്കളേ, യഹോവയെ സേവിക്കാൻ തീരുമാനമെടുക്കുക

യുവാക്കളേ, യഹോവയെ സേവിക്കാൻ തീരുമാനമെടുക്കുക

“നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.”​—⁠യോശുവ 24:15.

1, 2. സ്‌നാപനത്തിന്റെ കാര്യത്തിൽ ക്രൈസ്‌തവലോകം തിരുവെഴുത്തു വിരുദ്ധമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ എങ്ങനെ?

പൊതുയുഗം രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ, വിശ്വാസത്യാഗം ഭവിച്ച അന്നത്തെ ക്രൈസ്‌തവലോകത്തിൽ പ്രബലപ്പെട്ടുകൊണ്ടിരുന്ന ശിശുസ്‌നാപനത്തെ എതിർത്തുകൊണ്ട്‌ തെർത്തുല്യൻ എന്ന എഴുത്തുകാരൻ ഇങ്ങനെ എഴുതി: “ക്രിസ്‌തുവിനെ അറിയാൻ പ്രാപ്‌തരായിത്തീരുമ്പോൾ [കുട്ടികൾ] ക്രിസ്‌ത്യാനികളായിത്തീരട്ടെ.” എന്നാൽ അദ്ദേഹത്തിന്റെ വീക്ഷണവും ബൈബിളിന്റെ പഠിപ്പിക്കലും തള്ളിക്കളഞ്ഞുകൊണ്ട്‌ സഭാപിതാവായിരുന്ന അഗസ്റ്റിൻ, സ്‌നാപനം ആദ്യപാപത്തിന്റെ കറ കഴുകിക്കളയുന്നുവെന്നും സ്‌നാപനമേൽക്കാതെ മരിച്ചുപോകുന്ന ശിശുക്കൾ നരകത്തിൽ പോകുമെന്നും വാദിച്ചു. ആ വിശ്വാസത്തിന്റെ ഫലമായി ജനനശേഷം എത്രയും പെട്ടെന്നു ശിശുക്കളെ സ്‌നാപനപ്പെടുത്തുന്ന രീതി വ്യാപകമായിത്തീർന്നു.

2 ക്രൈസ്‌തവലോകത്തിലെ പല പ്രമുഖ സഭകളും ശിശുസ്‌നാപനം ഇന്നും തുടരുന്നു. കൂടാതെ ക്രിസ്‌തീയമെന്ന്‌ അവകാശപ്പെടുന്ന ദേശങ്ങളിലെ ഭരണാധികാരികളും മതനേതാക്കളും, തങ്ങളുടെ അധീനതയിലായ ദേശങ്ങളിലെ “വിജാതീയരെ” നിർബന്ധമായി സ്‌നാപനപ്പെടുത്തിയിരുന്നുവെന്നത്‌ ഒരു ചരിത്രവസ്‌തുതയാണ്‌. എന്നാൽ ശിശുസ്‌നാപനത്തിനും മുതിർന്നവരെ നിർബന്ധമായി സ്‌നാപനപ്പെടുത്തുന്നതിനും ബൈബിളിൽ യാതൊരു അടിസ്ഥാനവുമില്ല.

ഇന്ന്‌ ആരും ജന്മനാ സമർപ്പിതരായിത്തീരുന്നില്ല

3, 4. സ്വമനസ്സാലെ സമർപ്പണം നടത്താൻ, സമർപ്പിതരായ മാതാപിതാക്കളുടെ മക്കളെ എന്തു സഹായിക്കും?

3 മാതാപിതാക്കളിൽ ഒരാൾമാത്രം വിശ്വസ്‌ത ക്രിസ്‌ത്യാനിയായിരുന്നാൽപ്പോലും അങ്ങനെയുള്ളവരുടെ കുഞ്ഞുമക്കളെ ദൈവം വിശുദ്ധരായി വീക്ഷിക്കുന്നുവെന്ന്‌ ബൈബിൾ പ്രകടമാക്കുന്നു. (1 കൊരിന്ത്യർ 7:14) എന്നാൽ ഇത്‌ ആ കുട്ടികളെ ദൈവത്തിന്റെ സമർപ്പിത ദാസന്മാരാക്കിത്തീർക്കുന്നുണ്ടോ? ഇല്ല. എന്നിരുന്നാലും, യഹോവയ്‌ക്കു സമർപ്പിതരായ മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന പരിശീലനം സ്വമനസ്സാലെ സമർപ്പണം നടത്താൻ കുട്ടികളെ സഹായിക്കുന്നു. ജ്ഞാനിയായ ശലോമോൻ ഇങ്ങനെ എഴുതി: “മകനേ, നിന്റെ അപ്പന്റെ കല്‌പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു. . . . നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും. കല്‌പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവും ആകുന്നു.”​—⁠സദൃശവാക്യങ്ങൾ 6:20-23.

4 ക്രിസ്‌തീയ മാതാപിതാക്കളുടെ മാർഗനിർദേശം സ്വീകരിക്കാൻ മനസ്സുള്ളിടത്തോളംകാലം മക്കൾക്ക്‌ അതൊരു സംരക്ഷണമായിരിക്കും. “ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു” എന്നും “മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേർവഴിയിൽ നടത്തിക്കൊൾക” എന്നും ശലോമോൻ എഴുതി. (സദൃശവാക്യങ്ങൾ 10:1; 23:19) ചെറുപ്പക്കാരായ നിങ്ങൾ മാതാപിതാക്കളുടെ മാർഗനിർദേശവും ബുദ്ധിയുപദേശവും ശിക്ഷണവും സ്വമനസ്സാലെ കൈക്കൊള്ളേണ്ടതുണ്ട്‌. എങ്കിൽമാത്രമേ അവരുടെ പരിശീലനത്തിൽനിന്നു പ്രയോജനം നേടാൻ നിങ്ങൾക്കു കഴിയൂ. നിങ്ങൾ ജനിക്കുന്നത്‌ ജ്ഞാനികളായിട്ടല്ലെങ്കിലും ‘ജ്ഞാനം പഠിക്കാനും’ സ്വമനസ്സാലെ ‘ജീവന്റെ മാർഗ്ഗത്തിൽ’ സഞ്ചരിക്കാനും നിങ്ങൾക്കു കഴിയും.

മാനസിക ക്രമവത്‌കരണം എന്തർഥമാക്കുന്നു?

5. അപ്പൊസ്‌തലനായ പൗലൊസ്‌ മക്കൾക്കും പിതാക്കന്മാർക്കും എന്തു ബുദ്ധിയുപദേശം നൽകി?

5 അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെയെഴുതി: ‘മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. “നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്‌ദത്തത്തോടുകൂടിയ ആദ്യകല്‌പന ആകുന്നു. പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും [“യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും,” NW] പോറ്റി വളർത്തുവിൻ.’​—⁠എഫെസ്യർ 6:1-4.

6, 7. ‘യഹോവയുടെ മാനസിക ക്രമവത്‌കരണത്തിൽ’ മക്കളെ വളർത്തിക്കൊണ്ടുവരുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? അങ്ങനെ ചെയ്യുന്നത്‌ മാതാപിതാക്കൾ മക്കളുടെമേൽ അനുചിതമായ സ്വാധീനം ചെലുത്തുന്ന ഒരു നടപടിയല്ലാത്തത്‌ എന്തുകൊണ്ട്‌?

6 “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും” മക്കളെ വളർത്തുമ്പോൾ ക്രിസ്‌തീയ മാതാപിതാക്കൾ അവരുടെമേൽ അനുചിതമായ സമ്മർദം ചെലുത്തുകയാണോ ചെയ്യുന്നത്‌? അല്ല. ധാർമികമായി പ്രയോജനം ചെയ്യുന്നതും ശരിയുമെന്നു തങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾ മക്കളെ പഠിപ്പിക്കുന്നതിന്റെ പേരിൽ ആർക്കെങ്കിലും മാതാപിതാക്കളെ വിമർശിക്കാൻ കഴിയുമോ? ദൈവം സ്ഥിതിചെയ്യുന്നില്ലെന്നു മക്കളെ പഠിപ്പിക്കുന്ന നിരീശ്വരവാദികളെ ആരും വിമർശിക്കുന്നില്ല. മക്കളെ സ്വന്തം മതവിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരേണ്ടതു തങ്ങളുടെ കടമയാണെന്ന്‌ ഉറച്ചുവിശ്വസിക്കുന്ന മറ്റു മതസ്ഥരെയും അതിന്റെപേരിൽ ആരും വിമർശിക്കാറില്ല. സമാനമായി, അടിസ്ഥാന സത്യങ്ങളും ധാർമിക തത്ത്വങ്ങളും സംബന്ധിച്ചു ദൈവിക കാഴ്‌ചപ്പാടുള്ളവരായിരിക്കാൻ യഹോവയുടെ സാക്ഷികൾ മക്കളെ പരിശീലിപ്പിക്കുമ്പോൾ അവർ മക്കളുടെ മനസ്സു നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്താനാകുമോ?

7 “ചിന്താഗതി നേരെയാക്കാനും തെറ്റു തിരുത്താനും ആത്മീയത മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള” ഒരു നടപടിയെയാണ്‌ “മാനസിക ക്രമവത്‌കരണം” എന്ന്‌ എഫെസ്യർ 6:​4-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്കുപദം അർഥമാക്കുന്നതെന്ന്‌ പുതിയനിയമ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) ചൂണ്ടിക്കാട്ടുന്നു. സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നിമിത്തം മക്കൾ മാതാപിതാക്കളുടെ പരിശീലനം കൂട്ടാക്കാതിരുന്നുവെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ ആരെയാണു കുറ്റപ്പെടുത്തേണ്ടത്‌​—⁠മാതാപിതാക്കളെയോ അതോ മക്കളുടെമേൽ ഹാനികരമായ സ്വാധീനം ചെലുത്തുന്ന സമപ്രായക്കാരെയോ? മയക്കുമരുന്ന്‌ ഉപയോഗിക്കാനും അമിതമായി മദ്യപിക്കാനും അധാർമിക നടപടികളിൽ ഏർപ്പെടാനും സമപ്രായക്കാർ സമ്മർദം ചെലുത്തുന്നപക്ഷം, മക്കളുടെ മനസ്സിനെ ക്രമപ്പെടുത്തുകയും അപകടകരമായ അത്തരം നടപടികളുടെ പരിണതഫലങ്ങൾ തിരിച്ചറിയാൻ അവരെ സഹായിക്കുകയും ചെയ്യുന്നതിന്റെ പേരിൽ മാതാപിതാക്കളെ കുറ്റപ്പെടുത്താനാകുമോ?

8. തിമൊഥെയൊസ്‌ “നിശ്ചയം പ്രാപിച്ചു” എന്നു പറഞ്ഞിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌?

8 പൗലൊസ്‌ അപ്പൊസ്‌തലൻ യുവാവായ തിമൊഥെയൊസിന്‌ ഇങ്ങനെ എഴുതി: “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്‌തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്‌ക്ക.” (2 തിമൊഥെയൊസ്‌ 3:14, 15) തിമൊഥെയൊസിന്റെ ദൈവവിശ്വാസം തിരുവെഴുത്തു പരിജ്ഞാനത്തിൽ വേരൂന്നിയതായിരിക്കാൻ ശൈശവം മുതൽതന്നെ അമ്മയും വല്യമ്മയും അവനെ സഹായിച്ചിരുന്നു. (പ്രവൃത്തികൾ 16:1; 2 തിമൊഥെയൊസ്‌ 1:5) പിന്നീടു ക്രിസ്‌ത്യാനികളായിത്തീർന്നപ്പോൾ തങ്ങളുടെ വിശ്വാസം പിൻപറ്റാൻ അവർ അവനെ നിർബന്ധിച്ചില്ല, മറിച്ച്‌ അവികലവും തിരുവെഴുത്തു പരിജ്ഞാനത്തിലധിഷ്‌ഠിതവുമായ ന്യായവാദത്തിലൂടെ കാര്യങ്ങൾ സംബന്ധിച്ചു ‘നിശ്ചയം പ്രാപിക്കാൻ’ അവനെ സഹായിക്കുകയാണു ചെയ്‌തത്‌.

തിരഞ്ഞെടുപ്പു നടത്താൻ യഹോവ നിങ്ങളെ ക്ഷണിക്കുന്നു

9. (എ) യഹോവ തന്റെ സൃഷ്ടികളെ മാനിച്ചത്‌ എങ്ങനെ, എന്തുദ്ദേശ്യത്തിൽ? (ബി) ദൈവത്തിന്റെ ഏകജാതപുത്രൻ തന്റെ ഇച്ഛാസ്വാതന്ത്ര്യം എങ്ങനെ ഉപയോഗപ്പെടുത്തി?

9 സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത, യഹോവയുടെ ആജ്ഞാനുസരണംമാത്രം പ്രവർത്തിക്കുന്ന യന്ത്രമനുഷ്യരായി നമ്മെ സൃഷ്ടിക്കാൻ അവനു കഴിയുമായിരുന്നു. എന്നാൽ ഇച്ഛാസ്വാതന്ത്ര്യം നൽകിക്കൊണ്ട്‌ അവൻ നമ്മെ മാനിച്ചു. നാം സ്വമനസ്സാലെ അനുസരണം പ്രകടമാക്കണമെന്ന്‌ നമ്മുടെ ദൈവം ആഗ്രഹിക്കുന്നു. പ്രായമായവരും ചെറുപ്പക്കാരും ഉൾപ്പെടെ എല്ലാവരും യഹോവയോടുള്ള സ്‌നേഹത്താൽ പ്രേരിതരായി അവനെ സേവിക്കുമ്പോൾ അവൻ സന്തോഷിക്കുന്നു. ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ സ്‌നേഹപൂർവം മുന്നോട്ടുവന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം ദൈവത്തിന്റെ ഏകജാതപുത്രന്റേതാണ്‌. അവനെക്കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്തായി 3:17) ഈ ആദ്യജാതപുത്രൻ “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു” എന്ന്‌ തന്റെ പിതാവിനോടും പറഞ്ഞു.​—⁠സങ്കീർത്തനം 40:8; എബ്രായർ 10:9, 10.

10. യഹോവയെ സ്വീകാര്യമായി സേവിക്കുന്നതിനുള്ള അടിസ്ഥാനം എന്ത്‌?

10 സമാനമായി, യേശുവിന്റെ വഴിനടത്തിപ്പിൻകീഴിൽ തന്നെ സേവിക്കുന്ന എല്ലാവരും തന്റെ ഇഷ്ടത്തിനു മനസ്സോടെ കീഴ്‌പെടണമെന്ന്‌ യഹോവ പ്രതീക്ഷിക്കുന്നു. പ്രാവചനികമായി സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീർത്തനം 110:3) യഹോവയുടെ മുഴു സംഘടനയും​—⁠സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും​—⁠അവന്റെ ഇഷ്ടത്തോടുള്ള സ്‌നേഹപുരസ്സരമായ കീഴ്‌പെടലിന്റെ അടിസ്ഥാനത്തിലാണു പ്രവർത്തിക്കുന്നത്‌.

11. സമർപ്പിതരായ മാതാപിതാക്കളുടെ കുട്ടികൾക്കു മുമ്പിൽ എന്തു തിരഞ്ഞെടുപ്പാണുള്ളത്‌?

11 അതുകൊണ്ട്‌ കുട്ടികളേ, സ്‌നാപനമേൽക്കാൻ മാതാപിതാക്കളോ സഭയിലെ മൂപ്പന്മാരോ നിങ്ങളെ നിർബന്ധിക്കാൻ പോകുന്നില്ല. യഹോവയെ സേവിക്കാനുള്ള ആഗ്രഹം നിങ്ങളുടെ ഹൃദയത്തിൽനിന്നു വരണം. യോശുവ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയെ . . . പരമാർത്ഥതയോടും വിശ്വസ്‌തതയോടുംകൂടെ സേവിപ്പിൻ. നിങ്ങൾ . . . ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ.” (യോശുവ 24:14-22) സമാനമായി, ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും അവന്റെ ഇഷ്ടം ചെയ്യാനും നിങ്ങൾ തീരുമാനിക്കുന്നത്‌ സ്വന്തം ആഗ്രഹപ്രകാരമായിരിക്കണം.

ഉത്തരവാദിത്വം തിരിച്ചറിയുക

12. (എ) മാതാപിതാക്കൾക്കു മക്കളെ പരിശീലിപ്പിക്കാനാകുമെങ്കിലും മക്കൾക്കായി എന്തു ചെയ്യാൻ അവർക്കു കഴിയില്ല? (ബി) ചെറുപ്രായത്തിലുള്ള ഒരു വ്യക്തി തന്റെ തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ യഹോവയോടു കണക്കുബോധിപ്പിക്കേണ്ടിവരുന്നത്‌ എപ്പോൾ?

12 കുട്ടികളേ, മാതാപിതാക്കൾ വിശ്വസ്‌തരായിരിക്കുന്നതുകൊണ്ടുമാത്രം എക്കാലവും നിങ്ങൾക്കു സംരക്ഷണം ലഭിക്കുമെന്നു പ്രതീക്ഷിക്കരുത്‌. (1 കൊരിന്ത്യർ 7:14) ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “നന്മ ചെയ്‌വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.” (യാക്കോബ്‌ 4:17) മാതാപിതാക്കൾക്കുവേണ്ടി ദൈവത്തെ സേവിക്കാൻ മക്കൾക്കു കഴിയാത്തതുപോലെ മക്കൾക്കുവേണ്ടി ദൈവത്തെ സേവിക്കാൻ മാതാപിതാക്കൾക്കും കഴിയില്ല. (യെഹെസ്‌കേൽ 18:20) യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു നിങ്ങൾ പഠിച്ചിരിക്കുന്നുവോ? അവയുടെ പ്രാധാന്യം തിരിച്ചറിയാനും ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനു തുടക്കമിടാനും നിങ്ങൾക്കു പ്രായമായിട്ടുണ്ടോ? അങ്ങനെയെങ്കിൽ ദൈവത്തെ സേവിക്കുന്നതു സംബന്ധിച്ച്‌ ഒരു തീരുമാനമെടുക്കാൻ പ്രാപ്‌തിയുള്ളവരായി ദൈവം നിങ്ങളെ വീക്ഷിക്കുന്നുവെന്നു ചിന്തിക്കുന്നതു ന്യായയുക്തമല്ലേ?

13. സ്‌നാപനമേറ്റിട്ടില്ലാത്ത കൗമാരപ്രായക്കാർ തങ്ങളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം?

13 ദൈവഭക്തരായ മാതാപിതാക്കളുള്ള, സ്‌നാപനമേൽക്കാത്ത ഒരു കുട്ടിയാണോ നിങ്ങൾ? കൂടാതെ, നിങ്ങൾ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുക്കുകയും രാജ്യസുവാർത്താപ്രസംഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടോ? എങ്കിൽ നിങ്ങളോടുതന്നെ സത്യസന്ധമായി ഇങ്ങനെ ചോദിക്കുക: ‘എന്തുകൊണ്ടാണ്‌ ഞാൻ അതെല്ലാം ചെയ്യുന്നത്‌? മാതാപിതാക്കൾ അങ്ങനെ പ്രതീക്ഷിക്കുന്നതുകൊണ്ടാണോ അതോ യഹോവയെ പ്രസാദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ടാണോ?’ “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു” നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ?​—⁠റോമർ 12:⁠2.

സ്‌നാപനം വെച്ചുതാമസിപ്പിക്കണമോ?

14. സ്‌നാപനത്തിന്റെ കാര്യത്തിൽ അനുചിതമായ കാലതാമസം വരുത്തരുതെന്ന്‌ ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾ കാണിച്ചുതരുന്നു?

14 “ഞാൻ സ്‌നാനം ഏല്‌ക്കുന്നതിന്നു എന്തു വിരോധം,” യേശുവാണ്‌ മിശിഹായെന്നു മനസ്സിലാക്കിയ ഉടൻതന്നെ സുവിശേഷകനായ ഫിലിപ്പോസിനോട്‌ എത്യോപ്യഷണ്ഡൻ ചോദിച്ചു. ക്രിസ്‌തീയ സഭയുടെ ഭാഗമെന്ന നിലയിലാണു താൻ ഇനിമുതൽ യഹോവയെ സേവിക്കേണ്ടതെന്ന കാര്യം അവൻ തിരിച്ചറിഞ്ഞു. അക്കാര്യം പരസ്യമായി സാക്ഷ്യപ്പെടുത്തുന്നതിൽ താമസംവരുത്തരുതെന്നു മനസ്സിലാക്കാൻ ആവശ്യമായ തിരുവെഴുത്തു പരിജ്ഞാനം അവനുണ്ടായിരുന്നു. സ്‌നാപനമേറ്റുകഴിഞ്ഞപ്പോൾ അവൻ അത്യന്തം സന്തോഷിച്ചു. (പ്രവൃത്തികൾ 8:26-39) സമാനമായി, “പൌലൊസ്‌ സംസാരിച്ചതു ശ്രദ്ധിക്കേണ്ടതിന്നു കർത്താവു ഹൃദയം തുറന്നു”കൊടുത്ത ലുദിയാ എന്ന സ്‌ത്രീ പെട്ടെന്നുതന്നെ കുടുംബാംഗങ്ങളോടൊപ്പം ‘സ്‌നാനമേറ്റു.’ (പ്രവൃത്തികൾ 16:14, 15) അതുപോലെതന്നെ ഫിലിപ്പിയിലെ കാരാഗൃഹപ്രമാണി “കർത്താവിന്റെ വചനം” പ്രസംഗിച്ച പൗലൊസിനും ശീലാസിനും ചെവികൊടുക്കുകയും “താമസിയാതെ” അവനും കുടുംബവും സ്‌നാപനമേൽക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 16:25-34) അതുകൊണ്ട്‌, യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അടിസ്ഥാന പരിജ്ഞാനവും സഭയിൽ ഒരു നല്ല പേരും നിങ്ങൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, ദൈവേഷ്ടം ചെയ്യാൻ നിങ്ങൾ ആത്മാർഥമായി ആഗ്രഹിക്കുകയും ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുകയും സുവാർത്താപ്രസംഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്‌നാപനം എന്തിനു നീട്ടിവെക്കണം?​—⁠മത്തായി 28:19, 20.

15, 16. (എ) തെറ്റായ ഏതു ചിന്താഗതി സ്‌നാപനമേൽക്കുന്നതിൽനിന്നു ചില യുവാക്കളെ തടഞ്ഞേക്കാം? (ബി) സമർപ്പണവും സ്‌നാപനവും എപ്രകാരം യുവാക്കൾക്ക്‌ ഒരു സംരക്ഷണമായിരുന്നേക്കാം?

15 ദുഷ്‌പെരുമാറ്റത്തിൽ ഏർപ്പെട്ടുപോയാൽ കണക്കുബോധിപ്പിക്കേണ്ടിവരുമെന്ന ഭയം നിമിത്തമാണോ സുപ്രധാനമായ ഈ നടപടി സ്വീകരിക്കാൻ നിങ്ങൾ മടിക്കുന്നത്‌? അങ്ങനെയെങ്കിൽ ഇക്കാര്യം ഒന്നു ചിന്തിച്ചുനോക്കൂ: എന്നെങ്കിലും ഒരു അപകടം സംഭവിച്ചേക്കാമെന്ന ഭയംനിമിത്തം നിങ്ങൾ ഡ്രൈവിങ്‌ ലൈസൻസ്‌ എടുക്കാതിരിക്കുമോ? തീർച്ചയായും ഇല്ല! അതുകൊണ്ട്‌ യോഗ്യത നേടുന്നപക്ഷം സ്‌നാപനമേൽക്കാൻ മടിക്കരുത്‌. നിങ്ങൾ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും അവന്റെ ഇഷ്ടം ചെയ്യാൻ സമ്മതിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ദുഷ്‌പ്രവൃത്തികൾ ചെറുത്തുനിൽക്കാൻ ശക്തമായ പ്രചോദനം ലഭിക്കുമെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (ഫിലിപ്പിയർ 4:13) യുവജനങ്ങളേ, സ്‌നാപനം നീട്ടിവെക്കുന്നതിനാൽ കണക്കുബോധിപ്പിക്കേണ്ട ആവശ്യമില്ലാതായിത്തീരുമെന്ന്‌ ദയവായി വിചാരിക്കരുത്‌. ഉത്തരവാദിത്വം കയ്യേൽക്കാനുള്ള പ്രായമായിക്കഴിഞ്ഞാൽപ്പിന്നെ സ്‌നാപനമേറ്റാലും ഇല്ലെങ്കിലും, നിങ്ങളുടെ പ്രവൃത്തികൾക്കു യഹോവയുടെ മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടിവരും.​—⁠റോമർ 14:11, 12.

16 ചെറുപ്രായത്തിൽത്തന്നെ സ്‌നാപനമേൽക്കാൻ തീരുമാനിച്ചത്‌ തങ്ങൾക്ക്‌ വലിയ ഒരു സഹായമായിരുന്നുവെന്ന്‌ ലോകത്തിനു ചുറ്റുമുള്ള അനേകം സാക്ഷികൾ കരുതുന്നു. ഉദാഹരണത്തിന്‌, പശ്ചിമ യൂറോപ്പിലെ 23 വയസ്സുള്ള ഒരു സാക്ഷിയുടെ കാര്യമെടുക്കുക. 13-ാം വയസ്സിൽ സ്‌നാപനമേറ്റത്‌ ‘യൗവനമോഹങ്ങൾക്കു’ കീഴ്‌പെട്ടുപോകാതെ ജാഗ്രത പാലിക്കാൻ തന്നെ സഹായിച്ചുവെന്ന്‌ പോയകാലം അനുസ്‌മരിച്ചുകൊണ്ട്‌ അദ്ദേഹം പറയുന്നു. (2 തിമൊഥെയൊസ്‌ 2:22) ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരാൻ ചെറുപ്പത്തിൽത്തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു. ഇന്ന്‌ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സന്തോഷപൂർവം സേവിക്കുന്നു. യഹോവയെ സേവിക്കാൻ സ്വമനസ്സാലെ തീരുമാനമെടുക്കുന്ന, നിങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ചെറുപ്പക്കാരെയും യഹോവ സമൃദ്ധമായി അനുഗ്രഹിക്കും.

17. “കർത്താവിന്റെ ഇഷ്ടം” ഗ്രഹിച്ചുകൊണ്ട്‌ നാം പ്രവർത്തിക്കേണ്ട ചില മണ്ഡലങ്ങൾ ഏവ?

17 ചെയ്യുന്ന എല്ലാ കാര്യങ്ങളിലും യഹോവയുടെ ഇഷ്ടം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജീവിതത്തിന്റെ ആരംഭമാണ്‌ സമർപ്പണവും സ്‌നാപനവും. സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ നാം “സമയം തക്കത്തിൽ ഉപയോഗി”ക്കേണ്ടതുണ്ട്‌. അതെങ്ങനെ സാധിക്കും? വ്യർഥമായ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സാധ്യതയുള്ള സമയം, ആത്മാർഥമായ ബൈബിൾ പഠനത്തിനും ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നതിനും കഴിവിന്റെ പരമാവധി “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിക്കുന്നതിനും വിനിയോഗിച്ചുകൊണ്ട്‌. (എഫെസ്യർ 5:​15, 16; മത്തായി 24:14) യഹോവയ്‌ക്കുള്ള സമർപ്പണവും അവന്റെ ഇഷ്ടം ചെയ്യാനുള്ള നമ്മുടെ ആഗ്രഹവും ഒഴിവു സമയം ചെലവഴിക്കുന്ന വിധം, ഭക്ഷണ ശീലങ്ങൾ, സംഗീതം സംബന്ധിച്ച തിരഞ്ഞെടുപ്പ്‌ എന്നിവ ഉൾപ്പെടെ നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും പ്രയോജനകരമായ സ്വാധീനം ചെലുത്തും. എക്കാലവും ആസ്വദിക്കാൻ കഴിയുന്നതരം വിനോദങ്ങൾ തിരഞ്ഞെടുക്കരുതോ? “കർത്താവിന്റെ ഇഷ്ട”ത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുത്തന്നെ സ്വീകാര്യമായ പലതരം വിനോദങ്ങൾ ആസ്വദിക്കാനാകുമെന്ന്‌ സന്തുഷ്ടരായ ആയിരക്കണക്കിനു യുവസാക്ഷികൾ നിങ്ങളോടു പറയും.​—⁠എഫെസ്യർ 5:​17-19.

“ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”

18. യുവപ്രായക്കാർ തങ്ങളോടുതന്നെ ഏതു ചോദ്യം ചോദിക്കണം?

18 പൊ.യു.മു. 1513 മുതൽ പൊ.യു. 33 വരെയുള്ള കാലഘട്ടത്തിൽ, തന്നെ ആരാധിക്കാനും തന്റെ സാക്ഷികളായി സേവിക്കാനും തിരഞ്ഞെടുക്കപ്പെട്ട ഒരു സംഘടിതജനത യഹോവയ്‌ക്കു ഭൂമിയിലുണ്ടായിരുന്നു. (യെശയ്യാവു 43:12) ഇസ്രായേല്യരുടെ മക്കൾ ജന്മനാതന്നെ ആ ജനതയുടെ ഭാഗമായിത്തീർന്നിരുന്നു. പെന്തെക്കൊസ്‌തുമുതൽ, യഹോവയ്‌ക്കു “തന്റെ നാമ”ത്തിനായുള്ള ഒരു പുതിയ ജനതയുണ്ട്‌, ആത്മീയ ഇസ്രായേൽ. (1 പത്രൊസ്‌ 2:9, 10; പ്രവൃത്തികൾ 15:14; ഗലാത്യർ 6:16) “സൽപ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളോരു സ്വന്തജന”ത്തെ ക്രിസ്‌തു തനിക്കായി ശുദ്ധീകരിച്ചിരിക്കുന്നുവെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പ്രസ്‌താവിച്ചു. (തീത്തൊസ്‌ 2:14) ആ ജനത്തെ എവിടെ കണ്ടെത്താനാകുമെന്നു ചെറുപ്പക്കാരായ നിങ്ങൾക്കു നിശ്ചയിക്കാവുന്നതാണ്‌. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും യഹോവയുടെ വിശ്വസ്‌ത സാക്ഷികളായി പ്രവർത്തിക്കുകയും മനുഷ്യവർഗത്തിന്റെ ഒരേയൊരു പ്രത്യാശയെന്ന നിലയിൽ ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്യുന്ന, “വിശ്വസ്‌തത കാണിക്കുന്ന നീതിയുള്ള ജാതി” ഇന്ന്‌ ആരാണ്‌? (യെശയ്യാവു 26:2-4) ക്രൈസ്‌തവലോകത്തിലെ സഭകളുടെയും മറ്റു മതങ്ങളുടെയും പ്രവൃത്തികൾ പരിശോധിക്കുകയും ദൈവത്തിന്റെ യഥാർഥ ദാസന്മാരിൽനിന്നു ബൈബിൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളുമായി അവയൊന്നു തട്ടിച്ചുനോക്കുകയും ചെയ്യുക.

19. ലോകത്തിനു ചുറ്റുമുള്ള ദശലക്ഷങ്ങൾക്ക്‌ എന്തു ബോധ്യമുണ്ട്‌?

19 യഹോവയുടെ സാക്ഷികൾക്കിടയിലെ അഭിഷിക്ത ശേഷിപ്പാണ്‌ ആ ‘നീതിയുള്ള ജനത’ എന്ന്‌ അനേകം ചെറുപ്പക്കാർ ഉൾപ്പെടെ ലോകത്തിനു ചുറ്റുമുള്ള ദശലക്ഷങ്ങൾക്കു ബോധ്യമുണ്ട്‌. ഈ ആത്മീയ ഇസ്രായേല്യരോട്‌ അവർ ഇങ്ങനെ പറയുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (സെഖര്യാവു 8:23) ചെറുപ്പക്കാരായ നിങ്ങളെല്ലാവരും ദൈവജനത്തിന്റെ ഭാഗമായിത്തീരാൻ തീരുമാനിക്കുകയും അങ്ങനെ ‘ജീവനെ തിരഞ്ഞെടുക്കാൻ’​—⁠യഹോവയുടെ പുതിയ ലോകത്തിലെ നിത്യജീവൻ തിരഞ്ഞെടുക്കാൻ​—⁠ഇടയാകുകയും ചെയ്യട്ടെയെന്നു ഞങ്ങൾ പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.​—⁠ആവർത്തനപുസ്‌തകം 30:15-20; 2 പത്രൊസ്‌ 3:11-13.

പുനരവലോകനം

• മാനസിക ക്രമവത്‌കരണത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• ഏതുവിധത്തിലുള്ള സേവനമാണ്‌ യഹോവയ്‌ക്കു സ്വീകാര്യം?

• സമർപ്പിതരായ മാതാപിതാക്കളുടെ യുവപ്രായത്തിലുള്ള മക്കൾ എന്തു തിരഞ്ഞെടുപ്പ്‌ നടത്തേണ്ടിയിരിക്കുന്നു?

• സ്‌നാപനമേൽക്കാൻ അനുചിതമായ കാലതാമസം വരുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾ ആരെ ശ്രദ്ധിക്കും?

[28-ാം പേജിലെ ചിത്രം]

സമർപ്പണവും സ്‌നാപനവും നിങ്ങൾക്ക്‌ ഒരു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

[29-ാം പേജിലെ ചിത്രം]

സ്‌നാപനമേൽക്കുന്നതിൽനിന്നു നിങ്ങളെ തടയുന്നതെന്ത്‌?