വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇസ്രായേൽ ജനത ഒരു ബൈബിളേതര പരാമർശം

ഇസ്രായേൽ ജനത ഒരു ബൈബിളേതര പരാമർശം

ഇസ്രായേൽ ജനത ഒരു ബൈബിളേതര പരാമർശം

ഈജിപ്‌തിലെ കൈറോ മ്യൂസിയത്തിലുള്ള ഒരു ഗ്രാനൈറ്റ്‌ ഫലകം മെർനെപ്‌റ്റാ ഫറവോന്റെ വിജയങ്ങൾ അനുസ്‌മരിപ്പിക്കുന്നു. രാംസേസ്‌ രണ്ടാമന്റെ 13-ാമത്തെ മകൻ ഏകദേശം പൊതുയുഗത്തിനു മുമ്പ്‌ 1212-നും 1202-നും ഇടയ്‌ക്ക്‌ ഭരണം നടത്തിയിരുന്നുവെന്നാണ്‌ പണ്ഡിതമതം. പുരാതന ഇസ്രായേലിലെ ന്യായാധിപന്മാരുടെ കാലഘട്ടത്തിന്റെ അവസാനത്തോടടുത്തായിരുന്നു അത്‌. മെർനെപ്‌റ്റാ ശിലയിലെ അവസാന രണ്ടുവരികൾ ഇപ്രകാരമാണ്‌: “കനാൻ കൊള്ളയടിക്കപ്പെട്ടു. അസ്‌കലോനിലെയും ഗേസെരിലെയും നിവാസികൾ ബന്ധികളാക്കപ്പെടുകയും യാനോവാം പൂർണമായി നശിപ്പിക്കപ്പെടുകയും ചെയ്‌തു. ഇസ്രായേൽ ശൂന്യമാക്കപ്പെട്ടു, അവരുടെ സന്തതികൾ നിഹതരായി.”

ഇവിടെപ്പറഞ്ഞിരിക്കുന്ന ‘ഇസ്രായേൽ’ എന്താണ്‌ അർഥമാക്കുന്നത്‌? ഈജിപ്‌തുകാരുടെ ചിത്രലിപിയിൽ അക്ഷരങ്ങളോടുകൂടെ ഉച്ചരിക്കയില്ലാത്ത ചില ചിഹ്നങ്ങളും [determinatives] ചേർത്തിരുന്നു. അത്‌ പദങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു എന്നു തിരിച്ചറിയാൻ സഹായിക്കുമായിരുന്നു. പുരാതന ഇസ്രായേലിന്റെ ഉയർച്ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാരം വിവരിക്കുന്നു: “നാലിൽ മൂന്നു വാക്കുകളായ അസ്‌കലോൻ, ഗേസെർ, യാനോവാം എന്നിവയോടുകൂടെയുള്ള ചിഹ്നങ്ങൾ സൂചിപ്പിക്കുന്നത്‌ അവ നഗരങ്ങളാണ്‌ എന്നാണ്‌ . . . എന്നാൽ ഇസ്രായേൽ എന്ന വാക്കിനോടൊപ്പമുള്ള ചിഹ്നമാകട്ടെ ജനങ്ങളെ സൂചിപ്പിക്കുന്നു.”

ഈ ലിഖിതത്തിന്റെ പ്രസക്തിയെന്ത്‌? പത്രാധിപരും ഗ്രന്ഥകാരനുമായ ഹെർഷെൽ ഷാങ്ക്‌സ്‌ പറയുന്നു: “മെർനെപ്‌റ്റാ ശില സൂചിപ്പിക്കുന്നതനുസരിച്ച്‌ പൊ.യു.മു. 1212-ൽ ഇസ്രായേൽ എന്നൊരു ജനത ഉണ്ടായിരുന്നു. ഈജിപ്‌തിലെ ഫറവോന്‌ അവരെക്കുറിച്ച്‌ അറിയാമായിരുന്നുവെന്നു മാത്രമല്ല അവരെ യുദ്ധത്തിൽ പരാജയപ്പെടുത്തിയെന്നു വീമ്പിളക്കുന്നതിൽ അദ്ദേഹം ഊറ്റംകൊള്ളുകയും ചെയ്‌തിരുന്നു.” പൗരസ്‌ത്യദേശ പുരാവസ്‌തു ഗവേഷണ പ്രൊഫസറായ വില്യം ജി. ഡെവെർ ഇങ്ങനെ പറയുന്നു: “മെർനെപ്‌റ്റാ ശില തീർച്ചയായും ഒരു കാര്യം വ്യക്തമാക്കുന്നു: ‘ഇസ്രായേൽ’ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന ഒരു ജനത കനാനിൽ ഉണ്ട്‌. അങ്ങനെ ഈജിപ്‌തുകാരും അവരെ ‘ഇസ്രായേൽ’ എന്നാണ്‌ വിളിക്കുന്നത്‌. ഈജിപ്‌തുകാർ ബൈബിളിനോടു യാതൊരു അനുഭാവവും ഇല്ലാത്തവരാണെന്ന വസ്‌തുത കണക്കിലെടുക്കുമ്പോൾ സ്വന്തം പേരിനും പ്രശസ്‌തിക്കുമായി അവർ ‘ഇസ്രായേൽ’ എന്ന വ്യതിരിക്തരായ ഒരു പ്രത്യേക ജനതയെ ഭാവനയിൽ മെനഞ്ഞെടുക്കാൻ സാധ്യതയില്ല.”

ഗോത്രപിതാവായ യാക്കോബിന്‌ നൽകിയ പേരായിട്ടാണ്‌ ബൈബിളിൽ ഇസ്രായേൽ എന്ന പരാമർശം ആദ്യമായി കാണുന്നത്‌. യാക്കോബിന്റെ 12 പുത്രന്മാരുടെ സന്തതികൾ “യിസ്രായേൽമക്കൾ” എന്ന്‌ അറിയപ്പെടാനിടയായി. (ഉല്‌പത്തി 32:22-28, 32; 35:9, 10) വർഷങ്ങൾക്കു ശേഷം പ്രവാചകനായ മോശെയും ഈജിപ്‌തിലെ ഫറവോനും യാക്കോബിന്റെ ഈ സന്തതികളെക്കുറിച്ചു പറഞ്ഞപ്പോൾ ഇസ്രായേൽ എന്ന പദം ഉപയോഗിച്ചിരുന്നു. (പുറപ്പാടു 5:1, 2) ഇസ്രായേൽ ജനത്തെക്കുറിച്ചുള്ള അറിയപ്പെടുന്ന ബൈബിളേതര പരാമർശങ്ങളിൽ ഏറ്റവും പഴക്കംചെന്നതാണ്‌ മെർനെപ്‌റ്റാ ശില.

[24-ാം പേജിലെ ചിത്രങ്ങൾ]

മെർനെപ്‌റ്റാ ശില

ഒരു വടിയും ഇരിക്കുന്ന സ്‌ത്രീയും പുരുഷനും അടങ്ങുന്ന അവസാനത്തെ മൂന്നു ചിഹ്നങ്ങൾ ഇസ്രായേലിനെ വിദേശ ജനതയായി തിരിച്ചറിയിക്കുന്നു

[കടപ്പാട്‌]

Egyptian National Museum, Cairo, Egypt/Giraudon/The Bridgeman Art Library