വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്ലേശം അനുഭവിക്കുന്നവരെ യഹോവ വിടുവിക്കുന്നു

ക്ലേശം അനുഭവിക്കുന്നവരെ യഹോവ വിടുവിക്കുന്നു

ക്ലേശം അനുഭവിക്കുന്നവരെ യഹോവ വിടുവിക്കുന്നു

“നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.”​—⁠സങ്കീർത്തനം 34:⁠19.

1, 2. വിശ്വസ്‌തയായ ഒരു ക്രിസ്‌ത്യാനി ഏതു പ്രശ്‌നം അഭിമുഖീകരിച്ചു, നമുക്കു സമാനമായ വികാരങ്ങൾ അനുഭവപ്പെട്ടേക്കാവുന്നത്‌ എന്തുകൊണ്ട്‌?

കെയ്‌കോ * എന്ന യുവതി 20 വർഷത്തിലധികമായി യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. കുറെക്കാലം അവൾ സാധാരണ പയനിയർ അഥവാ മുഴുസമയ രാജ്യഘോഷകയായി സേവിച്ചു. ആ പദവിയെ അവൾ അങ്ങേയറ്റം വിലമതിച്ചിരുന്നു. എന്നാൽ കുറച്ചുനാൾ മുമ്പ്‌ നിരാശയും ഏകാന്തതയും അവളെ വീർപ്പുമുട്ടിച്ചു. “കരയാനല്ലാതെ എനിക്ക്‌ ഒന്നിനും കഴിഞ്ഞില്ല,” അവൾ പറയുന്നു. തന്റെ നിഷേധാത്മക ചിന്തകൾക്കു തടയിടാനായി അവൾ വ്യക്തിപരമായ പഠനത്തിനു കൂടുതൽ സമയം നീക്കിവെച്ചു. “പക്ഷേ അതുകൊണ്ടൊന്നും എന്റെ ചിന്താഗതിക്കു മാറ്റം വന്നില്ല,” കെയ്‌കോ പറയുന്നു. “മരിച്ചാൽ മതിയെന്ന ഒരളവോളം ഞാൻ എത്തി.”

2 നിങ്ങൾക്ക്‌ സമാനമായ വികാരങ്ങളുമായി മല്ലിടേണ്ടിവന്നിട്ടുണ്ടോ? ദൈവഭക്തി “ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്‌ദത്ത”മുള്ളതായതുകൊണ്ട്‌ യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ നിങ്ങൾക്ക്‌ സന്തോഷിക്കാൻ നിരവധി കാരണങ്ങളുണ്ട്‌. (1 തിമൊഥെയൊസ്‌ 4:8) ഇപ്പോൾത്തന്നെ നിങ്ങൾ ഒരു ആത്മീയ പറുദീസയിലാണു ജീവിക്കുന്നത്‌! എന്നാൽ അതിന്റെയർഥം നിങ്ങൾ സകല ക്ലേശങ്ങളിൽനിന്നും ഒഴിവുള്ളവരാണ്‌ എന്നാണോ? തീർച്ചയായുമല്ല! ബൈബിൾ ഇപ്രകാരം പറയുന്നു: “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു.” (സങ്കീർത്തനം 34:19) ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കാരണം “സർവ്വലോകവും ദുഷ്ടന്റെ” അതായത്‌ പിശാചായ സാത്താന്റെ “അധീനതയി”ലാണ്‌. (1 യോഹന്നാൻ 5:19) ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാമെല്ലാവരും അതിന്റെ ഫലങ്ങൾ അനുഭവിക്കുന്നു.​—⁠എഫെസ്യർ 6:⁠12.

ക്ലേശം ഉളവാക്കുന്ന ഫലങ്ങൾ

3. കടുത്ത മനോവ്യഥ അനുഭവിച്ചതായി ബൈബിളിൽ പരാമർശിച്ചിട്ടുള്ള ദൈവദാസന്മാരുടെ ഉദാഹരണങ്ങൾ പറയുക.

3 നീണ്ടുനിൽക്കുന്ന മനഃക്ലേശം ജീവിതത്തെ സംബന്ധിച്ച നമ്മുടെ മുഴു കാഴ്‌ചപ്പാടിനെയും ഇരുളിലാഴ്‌ത്തിയേക്കാം. (സദൃശവാക്യങ്ങൾ 15:15) നീതിമാനായിരുന്ന ഇയ്യോബിന്റെ കാര്യംതന്നെ എടുക്കുക. അതികഠിനമായ ഒരു പരിശോധനയിൻ മധ്യേ അവൻ ഇങ്ങനെ പറഞ്ഞു: “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അല്‌പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു.” (ഇയ്യോബ്‌ 14:1) ഇയ്യോബിന്റെ ജീവിതത്തിൽനിന്ന്‌ സന്തോഷം പൊയ്‌പോയിരുന്നു. യഹോവ തന്നെ കൈവിട്ടെന്നുപോലും കുറച്ചുകാലത്തേക്ക്‌ അവനു തോന്നി. (ഇയ്യോബ്‌ 29:1-5) ദൈവദാസന്മാരുടെ കൂട്ടത്തിൽ തീവ്രദുഃഖത്തിന്റെ കയ്‌പുനീർ കുടിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയായിരുന്നില്ല ഇയ്യോബ്‌. കുട്ടികളില്ലാതിരുന്നത്‌ ഹന്നായെ കടുത്ത “മനോവ്യസന”ത്തിലാഴ്‌ത്തിയെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (1 ശമൂവേൽ 1:9-11) കുടുംബത്തിൽ ഉയർന്നുവന്ന ഒരു പ്രത്യേക സാഹചര്യം നിമിത്തം അങ്ങേയറ്റം വിഷമം തോന്നിയ റിബെക്കാ ഇങ്ങനെ പറഞ്ഞു: “എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു.” (ഉല്‌പത്തി 27:46) തന്റെ തെറ്റുകളെക്കുറിച്ചോർക്കവേ, “ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു” എന്നു ദാവീദ്‌ പറഞ്ഞു. (സങ്കീർത്തനം 38:6) ക്രിസ്‌തീയ കാലഘട്ടത്തിനു മുമ്പുള്ള ദൈവഭക്തരായ സ്‌ത്രീപുരുഷന്മാർ കടുത്ത മനോവ്യഥയുടേതായ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന്‌ ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു.

4. ‘വിഷാദമഗ്നരായ’ ക്രിസ്‌ത്യാനികൾ ഇക്കാലത്തുള്ളത്‌ അതിശയകരമല്ലാത്തത്‌ എന്തുകൊണ്ട്‌?

4 ക്രിസ്‌ത്യാനികളുടെ കാര്യമോ? “വിഷാദമഗ്നരോട്‌ ആശ്വാസദായകമായി സംസാരിക്കുവിൻ” എന്ന്‌ തെസ്സലൊനീക്യരോടു പറയേണ്ടത്‌ ആവശ്യമാണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസിനു തോന്നി. (1 തെസ്സലൊനീക്യർ 5:​14, NW) ‘വിഷാദമഗ്നർ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്‌ “ജീവിത സമ്മർദങ്ങൾ നിമിത്തം താത്‌കാലികമായി തളർന്നുപോയവരെ” കുറിക്കാനാകുമെന്ന്‌ ഒരു പരാമർശകൃതി പ്രസ്‌താവിക്കുന്നു. തെസ്സലൊനീക്യ സഭയിലെ ചില ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ വിഷാദം അനുഭവിച്ചിരുന്നു എന്നാണ്‌ പൗലൊസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്‌. വിഷാദമഗ്നരായ ക്രിസ്‌ത്യാനികൾ ഇന്നുമുണ്ട്‌. എന്നാൽ എന്തുകൊണ്ടാണ്‌ അവർക്ക്‌ നിരാശ തോന്നുന്നത്‌? സാധാരണമായിരിക്കുന്ന മൂന്നു കാരണങ്ങൾ നമുക്കു പരിചിന്തിക്കാം.

നമ്മുടെ പാപ പ്രകൃതത്തിന്‌ നമ്മെ മനോവിഷമത്തിലാക്കാനാകും

5, 6. റോമർ 7:22-25-ൽനിന്ന്‌ എങ്ങനെ ആശ്വാസം കണ്ടെത്താനാകും?

5 “മനം തഴമ്പിച്ചുപോയ” ദുഷിച്ച വ്യക്തികളിൽനിന്നു വ്യത്യസ്‌തമായി, തങ്ങളുടെ പാപാവസ്ഥ സംബന്ധിച്ച്‌ വ്യസനമുള്ളവരാണ്‌ സത്യക്രിസ്‌ത്യാനികൾ. (എഫെസ്യർ 4:19) പിൻവരുന്ന പ്രകാരം എഴുതിയ പൗലൊസിനെപ്പോലെ അവർക്കു തോന്നിയേക്കാം: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.” തുടർന്ന്‌ പൗലൊസ്‌ ഇങ്ങനെ നെടുവീർപ്പിട്ടു: “അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ!”​—⁠റോമർ 7:22-24.

6 നിങ്ങൾക്ക്‌ എപ്പോഴെങ്കിലും പൗലൊസിനെപ്പോലെ തോന്നിയിട്ടുണ്ടോ? നിങ്ങളുടെ അപൂർണതകളെക്കുറിച്ച്‌ വ്യക്തമായ ബോധമുണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം ഇത്‌ പാപം എത്ര ഗൗരവമുള്ളതാണ്‌ എന്ന വസ്‌തുത മനസ്സിൽ പതിയാൻ ഇടയാക്കുകയും തെറ്റായ സംഗതികൾ ഒഴിവാക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം ബലിഷ്‌ഠമാക്കുകയും ചെയ്‌തേക്കാം. പക്ഷേ എല്ലായ്‌പോഴും നിങ്ങളുടെ കുറവുകളെ കുറിച്ചോർത്ത്‌ ദുഃഖിച്ചിരിക്കേണ്ട ആവശ്യമില്ല. മേൽപ്രസ്‌താവിച്ച, മനോവ്യസനം നിഴലിക്കുന്ന വാക്കുകൾ പറഞ്ഞതിനുശേഷം പൗലൊസ്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്‌തോത്രം ചെയ്യുന്നു.” (റോമർ 7:25) അതേ, പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപത്തിൽനിന്ന്‌ തന്നെ മോചിപ്പിക്കാൻ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്‌ കഴിയുമെന്ന്‌ പൗലൊസിനു ബോധ്യമുണ്ടായിരുന്നു.​—⁠റോമർ 5:18.

7. സ്വന്തം പാപ പ്രവണതകളെപ്രതി ദുഃഖത്തിലാണ്ടു പോകാതിരിക്കാൻ ഒരു വ്യക്തിയെ എന്തു സഹായിക്കും?

7 നിങ്ങളുടെ പാപ പ്രകൃതം നിങ്ങളെ നിരാശയിലാഴ്‌ത്തുന്നെങ്കിൽ അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകളിൽനിന്ന്‌ ആശ്വാസം കണ്ടെത്തുക. അവൻ ഇങ്ങനെ എഴുതി: “ഒരുത്തൻ പാപം ചെയ്‌തു എങ്കിലോ, നീതിമാനായ യേശുക്രിസ്‌തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു. അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.” (1 യോഹന്നാൻ 2:1, 2) സ്വന്തം പാപ പ്രവണതകളെപ്രതി കടുത്ത മനോവ്യഥ അനുഭവിക്കുന്ന വ്യക്തിയാണു നിങ്ങളെങ്കിൽ, യേശു മരിച്ചത്‌ പാപികൾക്കുവേണ്ടിയാണ്‌, പൂർണരായ മനുഷ്യർക്കു വേണ്ടിയല്ല എന്ന കാര്യം എല്ലായ്‌പോഴും ഓർക്കുക. വാസ്‌തവത്തിൽ “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”​—⁠റോമർ 3:23.

8, 9. സ്വയം കുറ്റംവിധിക്കുന്നതരം ചിന്തകൾ നാം ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 എന്നാൽ കഴിഞ്ഞകാലത്ത്‌ നിങ്ങൾ ഗുരുതരമായ ഒരു തെറ്റ്‌ ചെയ്‌തുപോയെന്നു കരുതുക. നിങ്ങൾ പ്രാർഥനയിൽ അക്കാര്യം യഹോവയോടു പറഞ്ഞു എന്നതിനു സംശയമില്ല, ഒരുപക്ഷേ പല പ്രാവശ്യം. ക്രിസ്‌തീയ മൂപ്പന്മാരിൽനിന്നുള്ള ആത്മീയ സഹായവും നിങ്ങൾ സ്വീകരിച്ചു. (യാക്കോബ്‌ 5:14, 15) നിങ്ങൾ യഥാർഥ അനുതാപം പ്രകടമാക്കി, അതുകൊണ്ട്‌ സഭയുടെ ഭാഗമായിത്തുടരാൻ നിങ്ങൾക്കു കഴിഞ്ഞു. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ കുറച്ചുകാലത്തേക്ക്‌ ദൈവത്തിന്റെ സംഘടന ഉപേക്ഷിച്ചു പോയിരിക്കാം. എന്നാൽ പിന്നീട്‌ നിങ്ങൾ അനുതപിക്കുകയും ശുദ്ധമായ ഒരു നിലയിലേക്കു തിരിച്ചുവരികയും ചെയ്‌തു. സാഹചര്യം ഇതിൽ ഏതുതന്നെയായിരുന്നാലും, കഴിഞ്ഞകാല തെറ്റിനെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിനെ മഥിച്ചേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ ഒന്നോർക്കുക, യഥാർഥ അനുതാപം പ്രകടമാക്കുന്നവരോട്‌ യഹോവ “ധാരാളം” ക്ഷമിക്കുന്നു. (യെശയ്യാവു 55:7) മാത്രവുമല്ല പ്രത്യാശയ്‌ക്കു വകയില്ലാത്തവിധം കുറ്റംവിധിക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണു നിങ്ങൾ എന്നു തോന്നാൻ ദൈവം ആഗ്രഹിക്കുന്നില്ല. നിങ്ങൾ ആ വിധത്തിൽ ചിന്തിക്കാൻ ആഗ്രഹിക്കുന്നത്‌ സാത്താനാണ്‌. (2 കൊരിന്ത്യർ 2:7, 10, 11) പിശാച്‌ നശിപ്പിക്കപ്പെടും, കാരണം അതാണ്‌ അവൻ അർഹിക്കുന്നത്‌. എന്നാൽ നിങ്ങളും അതേ ന്യായവിധിക്ക്‌ അർഹരാണെന്ന്‌ നിങ്ങൾ വിചാരിക്കാൻ അവൻ ആഗ്രഹിക്കുന്നു. (വെളിപ്പാടു 20:10) നിങ്ങളുടെ വിശ്വാസം തകർക്കാനുള്ള ഈ തന്ത്രത്തിൽ വിജയിക്കാൻ സാത്താനെ അനുവദിക്കരുത്‌. (എഫെസ്യർ 6:11) മറിച്ച്‌, മറ്റു കാര്യങ്ങളിൽ നിങ്ങൾ ചെയ്യുന്നതുപോലെ ഇക്കാര്യത്തിലും “അവനോടു എതിർത്തു നില്‌പിൻ.”​—⁠1 പത്രൊസ്‌ 5:⁠9.

9 വെളിപ്പാടു 12:​10-ൽ “നമ്മുടെ സഹോദരന്മാരെ” അതായത്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെ “കുറ്റം ചുമത്തുന്ന അപവാദി” എന്നു സാത്താനെ വിളിച്ചിരിക്കുന്നു. അവൻ അവരെ “രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം” ചുമത്തുന്നു. യഹോവ നിങ്ങളെ കുറ്റംവിധിക്കുന്നില്ലെങ്കിലും നിങ്ങൾ സ്വയം കുറ്റപ്പെടുത്തുകയും കുറ്റംവിധിക്കുകയും ചെയ്യുന്നെങ്കിൽ വ്യാജ കുറ്റാരോപകനായ സാത്താൻ സന്തോഷിക്കുന്നു എന്നു മനസ്സിലാക്കാൻ ആ വാക്യത്തെ കുറിച്ചു വിചിന്തനം ചെയ്യുന്നത്‌ നിങ്ങളെ സഹായിച്ചേക്കാം. (1 യോഹന്നാൻ 3:19-22) തളർന്നു പിന്മാറുന്ന അളവോളം നിങ്ങളുടെ തെറ്റുകളെക്കുറിച്ചോർത്ത്‌ പരിതപിക്കുന്നത്‌ എന്തിനാണ്‌? യഹോവയുമായുള്ള നിങ്ങളുടെ ബന്ധം തകർക്കാൻ സാത്താനെ അനുവദിക്കരുത്‌. യഹോവ “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയു”മുള്ളവൻ ആണെന്ന വസ്‌തുത നിങ്ങൾ മറന്നുകളയാൻ ഇടയാക്കുന്നതിന്‌ സാത്താനെ ഒരിക്കലും അനുവദിക്കരുത്‌.​—⁠പുറപ്പാടു 34:6.

നമ്മുടെ പരിമിതികൾക്ക്‌ നമ്മെ നിരുത്സാഹപ്പെടുത്താനാകും

10. നമ്മുടെ പരിമിതികൾ ഏതു വിധത്തിൽ നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം?

10 തങ്ങളുടെ പരിമിതികൾ ദൈവസേവനത്തെ ബാധിച്ചിരിക്കുന്നതു നിമിത്തം ചില ക്രിസ്‌ത്യാനികൾക്ക്‌ നിരുത്സാഹം തോന്നുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണോ? ഗുരുതരമായ രോഗമോ വാർധക്യമോ അല്ലെങ്കിൽ മറ്റു സാഹചര്യങ്ങളോ നിമിത്തം മുമ്പു ചെയ്‌തിരുന്നത്രയും സമയം ശുശ്രൂഷയ്‌ക്കായി മാറ്റിവെക്കാൻ നിങ്ങൾക്കു കഴിയുന്നില്ലായിരിക്കാം. ദൈവസേവനത്തിനായി സമയം തക്കത്തിൽ ഉപയോഗിക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു എന്നതു ശരിയാണ്‌. (എഫെസ്യർ 5:15, 16) എന്നാൽ ചില പരിമിതികൾ നിമിത്തം ശുശ്രൂഷയിൽ കൂടുതൽ ഉൾപ്പെടാൻ നിങ്ങൾക്കു കഴിയാതിരിക്കുകയും അതു നിങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നെങ്കിലോ?

11. ഗലാത്യർ 6:4-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്കു പ്രയോജനം ചെയ്യുന്നത്‌ എങ്ങനെ?

11 മന്ദതയുള്ളവരാകാതെ “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായി”ത്തീരാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (എബ്രായർ 6:12) അവരുടെ നല്ല മാതൃക പരിശോധിക്കുകയും അവരുടെ വിശ്വാസം അനുകരിക്കാനുള്ള വഴികൾ തേടുകയും ചെയ്‌താൽ മാത്രമേ നമുക്ക്‌ ഈ ഉദ്‌ബോധനം അനുസരിക്കാനാകൂ. എന്നിരുന്നാലും നാം നമ്മെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും നാം ചെയ്യുന്നതൊന്നും മതിയാകുന്നില്ല എന്ന നിഗമനത്തിലെത്തുകയും ചെയ്‌താൽ അതു നമുക്കു പ്രയോജനം ചെയ്യില്ല. അതുകൊണ്ട്‌ നാം പൗലൊസിന്റെ ബുദ്ധിയുപദേശം പ്രാവർത്തികമാക്കുന്നത്‌ ഉചിതമാണ്‌: “ഓരോരുത്തരും, താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നെ അഭിമാനിക്കാം.”​—⁠ഗലാത്യർ 6:​4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

12. യഹോവയ്‌ക്ക്‌ നാം അർപ്പിക്കുന്ന സേവനത്തിൽ നമുക്ക്‌ ആഹ്ലാദിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

12 ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നിമിത്തം ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയാത്തപ്പോൾപ്പോലും ക്രിസ്‌ത്യാനികൾക്ക്‌ ആഹ്ലാദിക്കാനുള്ള വകയുണ്ട്‌. ബൈബിൾ ഈ ഉറപ്പു നൽകുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത സാഹചര്യങ്ങൾ നിമിത്തം യഹോവയുടെ സേവനത്തിൽ മുമ്പു ചെയ്‌തിരുന്നത്രയും ചെയ്യുന്നത്‌ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധിമുട്ടായിരിക്കാം. എന്നാൽ യഹോവയുടെ സഹായത്താൽ ടെലിഫോൺ സാക്ഷീകരണം, കത്തുമുഖേനയുള്ള സാക്ഷീകരണം എന്നിങ്ങനെ ക്രിസ്‌തീയ ശുശ്രൂഷയുടെ ചില വശങ്ങളിൽ കൂടുതൽ ഉൾപ്പെടാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. പൂർണ ഹൃദയത്തോടെയുള്ള നിങ്ങളുടെ സേവനത്തെയും യഹോവയാം ദൈവത്തോടും സഹമനുഷ്യരോടുമുള്ള സ്‌നേഹത്തെയും പ്രതി യഹോവ നിങ്ങളെ അനുഗ്രഹിക്കുമെന്ന കാര്യത്തിൽ നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.​—⁠മത്തായി 22:36-40.

“ദുർഘടസമയങ്ങൾ”ക്ക്‌ നമ്മെ തളർത്തിക്കളയാനാകും

13, 14. (എ) ഈ “ദുർഘടസമയങ്ങൾ” നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ ക്ലേശത്തിന്‌ ഇടയാക്കിയേക്കാം? (ബി) കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹത്തിന്റെ അഭാവം ഇന്നു പ്രകടമായിരിക്കുന്നത്‌ എങ്ങനെ?

13 ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന നീതിനിഷ്‌ഠമായ പുതിയ ലോകത്തിലെ ജീവിതത്തിനായി കാത്തിരിക്കുന്നവരാണു നമ്മളെങ്കിലും ഇപ്പോൾ നാം ജീവിക്കുന്നത്‌ “ദുർഘടസമയങ്ങ”ളിലാണ്‌. (2 തിമൊഥെയൊസ്‌ 3:1) വേദനാജനകമായ സംഭവങ്ങൾ നമ്മുടെ വിടുതൽ അടുത്തിരിക്കുന്നു എന്നതിന്റെ സൂചനയാണെന്ന അറിവ്‌ നമുക്ക്‌ ആശ്വാസം പകരുന്നു. എങ്കിലും നമുക്കു ചുറ്റുമുള്ള സാഹചര്യങ്ങൾ നമ്മെ ബാധിക്കുന്നുണ്ട്‌. ഉദാഹരണത്തിന്‌, നിങ്ങൾ ജോലിയില്ലാത്ത ഒരു വ്യക്തിയാണെങ്കിലോ? തൊഴിലവസരങ്ങൾ വിരളമായിരിക്കാം. മാസങ്ങൾ കടന്നുപോകവേ, യഹോവ നിങ്ങളുടെ ദുരവസ്ഥ കാണുന്നില്ലേ, നിങ്ങളുടെ പ്രാർഥന കേൾക്കുന്നില്ലേ എന്നൊക്കെ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങൾ വിവേചനാപരമായ പെരുമാറ്റത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള അനീതിക്കോ ഇരയായിട്ടുണ്ടാകാം. എന്തിന്‌, പത്രത്തിന്റെ തലക്കെട്ടുകൾ വായിക്കുന്നതുപോലും, തനിക്കു ചുറ്റും നടമാടിയിരുന്ന അധാർമികതയാൽ “വലഞ്ഞുപോയ” (“തളർന്നുപോയ,” യങ്‌സ്‌ ലിറ്ററൽ ട്രാൻസ്‌ലേഷൻ ഓഫ്‌ ദ ഹോളി ബൈബിൾ) നീതിമാനായ ലോത്തിനെപ്പോലെ നിങ്ങൾക്കു തോന്നാൻ ഇടയാക്കിയേക്കാം.​—⁠2 പത്രൊസ്‌ 2:​7, 8.

14 അന്ത്യകാലത്തിന്റെ ഒരു പ്രത്യേകത നമുക്ക്‌ ഒട്ടും അവഗണിച്ചുകളയാനാവില്ല. അനേകരും “വാത്സല്യമില്ലാത്ത”വർ ആയിരിക്കുമെന്ന്‌ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ്‌ 3:3) പല വീടുകളിലും കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹം വളരെ കുറഞ്ഞുപോയിരിക്കുന്നു. വാസ്‌തവത്തിൽ, “ആളുകൾ തങ്ങളുടെ കുടുംബാംഗങ്ങളാൽ കൊല്ലപ്പെടാനോ ശാരീരികമോ വൈകാരികമോ ലൈംഗികമോ ആയി ദ്രോഹിക്കപ്പെടാനോ ഉള്ള സാധ്യത, മറ്റുള്ളവരാൽ അത്തരം പെരുമാറ്റത്തിന്‌ ഇരയാകാനുള്ള സാധ്യതയെക്കാൾ കൂടുതലാണെന്ന്‌ തെളിവുകൾ കാണിക്കുന്നു” എന്ന്‌ കുടുംബത്തിലെ അക്രമം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. “ചില മുതിർന്നവരെയും കുട്ടികളെയും സംബന്ധിച്ചിടത്തോളം, സ്‌നേഹവും സുരക്ഷിതത്വവും ലഭിക്കേണ്ട ഇടം ഏറ്റവും അപകടകരമായ സ്ഥലമായിത്തീർന്നിരിക്കുന്നു.” മോശമായ ഒരു കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്നവരെ പിൽക്കാലവർഷങ്ങളിൽ ഉത്‌കണ്‌ഠയും നിരാശയും വേട്ടയാടിയേക്കാം. നിങ്ങളുടെ സാഹചര്യം ഇതാണെങ്കിലോ?

15. യഹോവയുടെ സ്‌നേഹം ഏതൊരു മനുഷ്യന്റെ സ്‌നേഹത്തെക്കാളും ശ്രേഷ്‌ഠമായിരിക്കുന്നത്‌ എങ്ങനെ?

15 സങ്കീർത്തനക്കാരനായ ദാവീദ്‌ ഇപ്രകാരം പാടി: “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.” (സങ്കീർത്തനം 27:10) യഹോവയുടെ സ്‌നേഹം ഏതൊരു മാതാവിന്റെയോ പിതാവിന്റെയോ സ്‌നേഹത്തെയും മറികടക്കുന്നതാണ്‌ എന്നറിയുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌! മാതാപിതാക്കളിൽനിന്ന്‌ അവഗണനയും മോശമായ പെരുമാറ്റവും സഹിക്കേണ്ടിവരുന്നതോ അവരാൽ ഉപേക്ഷിക്കപ്പെടുന്നതോ വേദനാജനകമാണെങ്കിലും യഹോവ നിങ്ങൾക്കായി എത്രത്തോളം കരുതുന്നു എന്നതിന്‌ അതുമായി യാതൊരു ബന്ധവുമില്ല. (റോമർ 8:38, 39) യഹോവ താൻ സ്‌നേഹിക്കുന്നവരെ തന്നിലേക്ക്‌ ആകർഷിക്കുന്നു എന്ന കാര്യം ഓർമിക്കുക. (യോഹന്നാൻ 3:16; 6:44) മനുഷ്യർ നിങ്ങളോട്‌ എങ്ങനെ പെരുമാറിയാലും നിങ്ങളുടെ സ്വർഗീയ പിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നു എന്നതാണു വസ്‌തുത.

നിരാശയെ നേരിടുന്നതിനുള്ള പ്രായോഗിക വഴികൾ

16, 17. നിരാശ തോന്നുമ്പോൾ ആത്മീയ ബലം നിലനിറുത്തുന്നതിനായി ഒരു വ്യക്തിക്ക്‌ എന്തു ചെയ്യാനാകും?

16 നിരാശയെ നേരിടുന്നതിന്‌ നിങ്ങൾക്കു ചില പ്രായോഗിക മാർഗങ്ങൾ സ്വീകരിക്കാനാകും. ഉദാഹരണത്തിന്‌, ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ നന്നായി പങ്കുപറ്റുക. ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുക, പ്രത്യേകിച്ച്‌ നിരാശ നിങ്ങളെ വരിഞ്ഞുമുറുക്കുന്നതായി തോന്നുമ്പോൾ. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി. എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.” (സങ്കീർത്തനം 94:18, 19) നിരന്തരം ബൈബിൾ വായിക്കുന്നത്‌ ആശ്വാസദായകമായ വാക്കുകൾകൊണ്ടും പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകൾകൊണ്ടും മനസ്സു നിറയ്‌ക്കാൻ നിങ്ങളെ സഹായിക്കും.

17 പ്രാർഥനയും പ്രധാനമാണ്‌. നിങ്ങളുടെ ഉള്ളിന്റെയുള്ളിലെ വികാരങ്ങൾ പൂർണമായി വാക്കുകളിലാക്കാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽപ്പോലും നിങ്ങൾ പറയാൻ ശ്രമിക്കുന്നത്‌ എന്താണെന്നു യഹോവയ്‌ക്കു മനസ്സിലാകും. (റോമർ 8:26, 27) സങ്കീർത്തനക്കാരൻ ഈ ഉറപ്പു നൽകി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.”​—⁠സങ്കീർത്തനം 55:22.

18. വിഷാദം അനുഭവിക്കുന്ന ഒരു വ്യക്തിക്ക്‌ ഏതു പ്രായോഗിക നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞേക്കും?

18 ചിലർ വിഷാദരോഗം നിമിത്തം നിരാശ അനുഭവിക്കുന്നു. * നിങ്ങൾ അങ്ങനെയുള്ള ഒരു വ്യക്തിയാണെങ്കിൽ, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിലേക്കും “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ആ കാലത്തിലേക്കും നിങ്ങളുടെ ശ്രദ്ധതിരിക്കാൻ ശ്രമിക്കുക. (യെശയ്യാവു 33:24) ഇടയ്‌ക്കൊക്കെ വിഷാദം തോന്നുന്നു എന്നതിനെക്കാളൊക്കെ അധികമായി നിഷേധാത്മക വികാരങ്ങൾ നിങ്ങളെ ബാധിക്കുന്നുവെന്നു തോന്നുന്നെങ്കിൽ വിദഗ്‌ധ സഹായം തേടുന്നതായിരിക്കാം ബുദ്ധി. (മത്തായി 9:12) നിങ്ങളുടെ ശാരീരിക ആരോഗ്യത്തിനു ശ്രദ്ധ നൽകുന്നതും പ്രധാനമാണ്‌. നല്ല ഒരു ഭക്ഷണക്രമവും വ്യായാമവും പ്രയോജനം ചെയ്‌തേക്കാം. ആവശ്യത്തിന്‌ വിശ്രമം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുക. രാത്രി വളരെ വൈകുന്നതുവരെ ടെലിവിഷൻ കണ്ടുകൊണ്ടിരിക്കരുത്‌. ശാരീരികവും വൈകാരികവുമായി നിങ്ങളെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ള വിനോദങ്ങൾ ഒഴിവാക്കുക. ഏറ്റവും പ്രധാനമായി, ദൈവത്തെ പ്രസാദിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ തുടരുക! യഹോവ “കണ്ണുനീർ എല്ലാം തുടെച്ചുകളയു”ന്ന സമയം ഇതുവരെ വന്നിട്ടില്ലെങ്കിലും സഹിച്ചുനിൽക്കാൻ അവൻ നിങ്ങളെ സഹായിക്കും.​—⁠വെളിപ്പാടു 21:4; 1 കൊരിന്ത്യർ 10:13.

“ദൈവത്തിന്റെ ബലമുള്ള കൈക്കീ”ഴിൽ

19. ക്ലേശം അനുഭവിക്കുന്നവർക്ക്‌ യഹോവ എന്താണു വാഗ്‌ദാനം ചെയ്യുന്നത്‌?

19 നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാണെങ്കിലും “അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു” എന്ന്‌ ബൈബിൾ നമുക്ക്‌ ഉറപ്പു നൽകുന്നു. (സങ്കീർത്തനം 34:19) ദൈവം എങ്ങനെയാണ്‌ ഇതു ചെയ്യുന്നത്‌? അപ്പൊസ്‌തലനായ പൗലൊസ്‌ തനിക്കുണ്ടായിരുന്ന ‘ജഡത്തിലെ ശൂല’ത്തിൽനിന്ന്‌ മോചനം നൽകാൻ പലതവണ പ്രാർഥിച്ചെങ്കിലും യഹോവ അവനോടു പറഞ്ഞു: “എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു.” (2 കൊരിന്ത്യർ 12:7-9) യഹോവ പൗലൊസിന്‌ വാഗ്‌ദാനം ചെയ്‌തത്‌ എന്താണ്‌, നിങ്ങൾക്കു വാഗ്‌ദാനം ചെയ്യുന്നത്‌ എന്താണ്‌? പെട്ടെന്നുള്ള ഒരു പരിഹാരമല്ല, മറിച്ച്‌ സഹിച്ചുനിൽക്കാനുള്ള ശക്തിയാണ്‌.

20. പരിശോധനകൾ ഉണ്ടായാലും 1 പത്രൊസ്‌ 5:6, 7 നമുക്ക്‌ എന്ത്‌ ഉറപ്പുനൽകുന്നു?

20 അപ്പൊസ്‌തലനായ പത്രൊസ്‌ ഇപ്രകാരം എഴുതി: “അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ്‌ 5:6, 7) യഹോവ നിങ്ങളെ കൈവിടില്ല, കാരണം അവൻ നിങ്ങൾക്കായി കരുതുന്നു. നിങ്ങൾ എന്തൊക്കെ പരിശോധനകൾ നേരിട്ടാലും അവൻ നിങ്ങളെ താങ്ങും. വിശ്വസ്‌ത ക്രിസ്‌ത്യാനികൾ “ദൈവത്തിന്റെ ബലമുള്ള കൈക്കീ”ഴിലാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. നാം യഹോവയെ സേവിക്കവേ, സഹിച്ചുനിൽക്കാനുള്ള ശക്തി അവൻ നമുക്കു നൽകുന്നു. നാം അവനോടു വിശ്വസ്‌തരാണെങ്കിൽ നമുക്കു ശാശ്വതമായ ആത്മീയഹാനി വരുത്താൻ ഒന്നിനും കഴിയില്ല. അതുകൊണ്ട്‌ യഹോവയോടുള്ള നിർമലത നമുക്കു കാത്തുസൂക്ഷിക്കാം, അങ്ങനെയാകുമ്പോൾ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയലോകത്തിൽ നിത്യജീവൻ ആസ്വദിക്കാനും ക്ലേശം അനുഭവിക്കുന്നവർ എന്നേക്കുമായി വിടുവിക്കപ്പെട്ടിരിക്കുന്ന ആ ദിവസത്തിനു ദൃക്‌സാക്ഷികളാകാനും നമുക്കു കഴിയും!

[അടിക്കുറിപ്പുകൾ]

^ ഖ. 1 യഥാർഥ പേരല്ല.

^ ഖ. 18 വിഷാദരോഗം കേവലം നിരാശയല്ല, വൈദ്യപരിശോധനയിലൂടെ തെളിഞ്ഞിട്ടുള്ളതും ദുഃഖം തീവ്രവും സ്ഥിരവുമായിരിക്കുന്നതുമായ ഒരവസ്ഥയാണത്‌. കൂടുതൽ വിവരങ്ങൾക്കായി വീക്ഷാഗോപുരത്തിന്റെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1988 ഒക്ടോബർ 15 പേജുകൾ 25-9 (ഇംഗ്ലീഷ്‌); 1988 നവംബർ 15 പേജുകൾ 21-4 (ഇംഗ്ലീഷ്‌); 1996 സെപ്‌റ്റംബർ 1 പേജുകൾ 30-1.

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്ലേശങ്ങൾ യഹോവയുടെ ദാസന്മാരെപ്പോലും ബാധിക്കുന്നത്‌ എന്തുകൊണ്ട്‌?

• യഹോവയുടെ ജനത്തിൽപ്പെട്ട ചിലർക്ക്‌ നിരാശ തോന്നാൻ ഇടയാക്കുന്ന ചില ഘടകങ്ങൾ ഏവ?

• ഉത്‌കണ്‌ഠകളുമായി പൊരുത്തപ്പെട്ടുപോകാൻ യഹോവ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• നാം “ദൈവത്തിന്റെ ബലമുള്ള കൈക്കീ”ഴിലായിരിക്കുന്നത്‌ ഏതു വിധത്തിലാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[25-ാം പേജിലെ ചിത്രങ്ങൾ]

പരിശോധനകൾക്കു മധ്യേയും യഹോവയുടെ ജനത്തിന്‌ സന്തോഷിക്കാനുള്ള വകയുണ്ട്‌

[28-ാം പേജിലെ ചിത്രം]

യഹോവയുടെ സേവനത്തിൽ നിങ്ങളുടെ പരമാവധി ചെയ്യുന്നതിനുള്ള ഒരു മാർഗമാണ്‌ ടെലിഫോൺ സാക്ഷീകരണം