വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒടുവിൽ ഞങ്ങളുടെ കുടുംബം ഒന്നിച്ചു!

ഒടുവിൽ ഞങ്ങളുടെ കുടുംബം ഒന്നിച്ചു!

ജീവിത കഥ

ഒടുവിൽ ഞങ്ങളുടെ കുടുംബം ഒന്നിച്ചു!

സുമികോ ഹിരാനോ പറഞ്ഞ പ്രകാരം

ഏറ്റവും നല്ല ജീവിതഗതി ഞാൻ കണ്ടെത്തി. ഭർത്താവും എന്നോടൊപ്പം അതിൽ പങ്കുചേർന്നിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു. എന്നാൽ അതിനു ഞാൻ 42 വർഷം കാത്തിരിക്കണമായിരുന്നു!

ഞങ്ങളുടെ വിവാഹം 1951-ൽ ആയിരുന്നു. അന്നെനിക്കു പ്രായം 21. നാലു വർഷത്തിനുള്ളിൽ ഞങ്ങൾക്കു രണ്ട്‌ ആൺകുട്ടികൾ പിറന്നു. എന്റെ നോട്ടത്തിൽ എല്ലാംകൊണ്ടും അനുഗൃഹീതമായ ഒരു ജീവിതം.

1957-ലായിരുന്നു അത്‌. എന്റെ ചേച്ചി യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു മിഷനറി തന്നെ സന്ദർശിക്കുന്ന വിവരം ഒരു ദിവസം എന്നോടു പറഞ്ഞു. ഒരു ബുദ്ധമതക്കാരി ആയിരുന്ന ചേച്ചി ആ മിഷനറിയോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. എന്നോടും ബൈബിൾ പഠിക്കാൻ പറഞ്ഞു. ഞാൻ സമ്മതിച്ചു. അപ്പോൾ ഞാനൊരു പ്രൊട്ടസ്റ്റന്റ്‌ പള്ളിയിൽ പോകുന്നുണ്ടായിരുന്നു. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലിലെ പാളിച്ചകൾ നിഷ്‌പ്രയാസം ചൂണ്ടിക്കാണിക്കാനാകുമെന്നു ഞാൻ കരുതി.

ബൈബിളിനെക്കുറിച്ചുള്ള എന്റെ അറിവ്‌ എത്ര പരിമിതമാണെന്ന്‌ ഏറെ താമസിയാതെതന്നെ ഞാൻ മനസ്സിലാക്കി. “ആരാണ്‌ യഹോവ?” എന്ന്‌ എനിക്ക്‌ ആ മിഷനറിയോടു ചോദിക്കേണ്ടിവന്നു. ആ പേര്‌ ഒരിക്കൽപ്പോലും എന്റെ പള്ളിയിൽ ഉപയോഗിക്കുന്നതു ഞാൻ കേട്ടിട്ടില്ലായിരുന്നു. ഡാഫ്‌നി കൂക്ക്‌ (പിന്നീട്‌ പെറ്റിറ്റ്‌) എന്ന ആ മിഷനറി, സർവശക്തനായ ദൈവത്തിന്റെ പേരാണ്‌ യഹോവ എന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന യെശയ്യാവു 42:8 എനിക്കു കാണിച്ചുതന്നു. എന്റെ എല്ലാ ചോദ്യങ്ങൾക്കും ഡാഫ്‌നി ബൈബിളിൽനിന്ന്‌ ഉത്തരം നൽകി.

അതേ ചോദ്യങ്ങൾതന്നെ ഞാൻ എന്റെ പള്ളിയിലെ പുരോഹിതനോടും ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ചോദ്യങ്ങൾ ചോദിക്കുന്നതു പാപമാണ്‌. നിങ്ങളോടു പറയുന്നതങ്ങു വിശ്വസിച്ചാൽ മതി.” എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതു തെറ്റാണെന്നൊന്നും എനിക്കു തോന്നിയില്ല. തുടർന്നുവന്ന ആറു മാസം ഞാൻ ഞായറാഴ്‌ചതോറും രാവിലെ പള്ളിയിലും ഉച്ചകഴിഞ്ഞു യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കും പോയിക്കൊണ്ടിരുന്നു.

കുടുംബ ജീവിതത്തിന്മേൽ ഉണ്ടായ സ്വാധീനം

ബൈബിളിൽനിന്നു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ എന്നെ പുളകംകൊള്ളിച്ചു. ഞാൻ അത്‌ എന്റെ ഭർത്താവ്‌ കസുഹികോയുമായി പങ്കുവെച്ചു. ഓരോ അധ്യയനത്തിനും യോഗത്തിനും ശേഷം പഠിച്ച കാര്യങ്ങളെക്കുറിച്ച്‌ ഞാൻ അദ്ദേഹത്തോടു പറയുമായിരുന്നു. അതിന്റെ ഫലമായി ഞങ്ങൾക്കിടയിലെ സമാധാന അന്തരീക്ഷത്തിനു ഭംഗം വന്നു. ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരാളാകുന്നതൊന്നും അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നില്ല. എന്നാൽ ബൈബിൾ പഠനം സംതൃപ്‌തിദായകമായിരുന്നതിനാൽ ഞാനതു തുടർന്നു, ഒപ്പം സാക്ഷികളുമായുള്ള സഹവാസവും.

വൈകുന്നേരം യോഗത്തിനു പോകുന്ന ദിവസങ്ങളിൽ ഞാൻ കസുഹികോയ്‌ക്കു വളരെ ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കിവെക്കുമായിരുന്നു. എങ്കിലും അദ്ദേഹം പുറത്തുപോയി കഴിക്കാൻ തുടങ്ങി. യോഗങ്ങൾ കഴിഞ്ഞു ഞാൻ മടങ്ങിവരുമ്പോഴേക്കും അദ്ദേഹത്തിന്റെ മൂഡ്‌ ആകെ മാറിയിരിക്കും. എന്നോടു സംസാരിക്കാനും കൂട്ടാക്കിയിരുന്നില്ല. രണ്ടു മൂന്നു ദിവസം കഴിഞ്ഞ്‌ എല്ലാമൊന്നു ശരിയായി വരുമ്പോഴേക്ക്‌ അടുത്ത യോഗത്തിനുള്ള സമയമാകുമായിരുന്നു.

ഏതാണ്ട്‌ ഇതേ സമയത്തുതന്നെ എനിക്കു ക്ഷയരോഗം ബാധിച്ചു. ഇതേ രോഗം ബാധിച്ച്‌ എന്റെ ഭർത്താവിന്റെ കുടുംബത്തിൽ അതിനോടകംതന്നെ പലരും മരിച്ചിരുന്നു. ഇത്‌ കസുഹികോയെ വല്ലാതെ വിഷമിപ്പിച്ചു. രോഗം ഭേദമായശേഷം ഇഷ്ടമുള്ള എന്തും ചെയ്‌തുകൊള്ളാൻ അദ്ദേഹം എന്നോടു പറഞ്ഞു. വാരം തോറുമുള്ള യോഗങ്ങൾക്കു പോകാനുള്ള അനുവാദത്തിനുവേണ്ടി മാത്രമാണു ഞാൻ അപേക്ഷിച്ചത്‌. അദ്ദേഹം അതിനു സമ്മതിച്ചു.

ഞാൻ സുഖം പ്രാപിക്കാൻ ആറു മാസം എടുത്തു. ആ കാലത്ത്‌ ഞാൻ ഗഹനമായ ബൈബിൾ പഠനത്തിൽ ഏർപ്പെട്ടു. സാക്ഷികളുടെ പഠിപ്പിക്കലുകളിൽ പാളിച്ചകൾ കണ്ടുപിടിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. തെറ്റായ ഒരു പഠിപ്പിക്കലെങ്കിലും ഉണ്ടെങ്കിൽ പഠനം നിറുത്താം എന്നാണു ഞാൻ വിചാരിച്ചത്‌. പക്ഷേ എനിക്കൊന്നും കണ്ടെത്താനായില്ല. പകരം പ്രൊട്ടസ്റ്റന്റ്‌ സഭയുടെ പഠിപ്പിക്കലുകളിലെ തെറ്റുകൾ എനിക്കു കൂടുതൽ കൂടുതൽ വ്യക്തമായിത്തീർന്നു. യഹോവയുടെ സ്‌നേഹത്തെയും നീതിയെയും കുറിച്ചു കൂടുതൽ അറിയാനും അവന്റെ നിയമങ്ങൾക്കൊത്തു ജീവിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കാനും എനിക്കു കഴിഞ്ഞു.

എന്റെ അസുഖം ഭേദമായപ്പോൾ ഭർത്താവ്‌ വാക്കു പാലിച്ചു. യോഗങ്ങൾക്കു പോകുന്നതിൽനിന്ന്‌ അദ്ദേഹം എന്നെ തടഞ്ഞില്ല. ഞാൻ ആത്മീയ പുരോഗതി പ്രാപിക്കുകയും 1958 മേയിൽ യഹോവയുടെ സാക്ഷികളിലൊരാളായി സ്‌നാപനമേൽക്കുകയും ചെയ്‌തു. സത്യദൈവത്തെ ആരാധിക്കുന്നതിൽ കുടുംബാംഗങ്ങളെല്ലാം ഒത്തുചേരാൻ ഞാൻ അതിയായി ആഗ്രഹിച്ചു.

എന്റെ മക്കളെ ആത്മീയമായി സഹായിക്കുന്നു

മക്കൾ രണ്ടുപേരും എപ്പോഴും യോഗങ്ങളിലും പ്രസംഗവേലയിലും എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാൽ അവർ ബൈബിൾ പരിജ്ഞാനത്തിൽ വളർന്നുവരുന്നു എന്നു മനസ്സിലാക്കാൻ ചില സംഭവങ്ങൾ എന്നെ സഹായിച്ചു. ഒരു ദിവസം ആറു വയസ്സുള്ള മാസാഹികോ വീടിനു വെളിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലിയൊരു ശബ്ദവും ഒപ്പം ആരോ നിലവിളിക്കുന്നതും ഞാൻ കേട്ടു. ഒരു അയൽക്കാരി ഓടി വന്നിട്ട്‌ എന്റെ മകനെ കാറിടിച്ചു എന്ന്‌ വിളിച്ചു പറഞ്ഞു. അവൻ മരിച്ചു കാണുമോ? വെളിയിലേക്കു ധൃതിയിൽ പോകുന്നതിനിടെ ശാന്തയായിരിക്കാൻ ഞാൻ നന്നേ പണിപ്പെട്ടു. തവിടുപൊടിയായി കിടക്കുന്ന അവന്റെ സൈക്കിൾ കണ്ടപ്പോൾ ഞാനാകെ വിറച്ചുപോയി. എന്നാൽ പിന്നെ നോക്കിയപ്പോൾ അവൻ അതാ നടന്നു വരുന്നു. അവനു നിസ്സാര പരിക്കേ ഉണ്ടായിരുന്നുള്ളൂ. എന്നെ കെട്ടിപ്പിടിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു, “മമ്മീ, യഹോവയാണ്‌ എന്നെ രക്ഷിച്ചത്‌, അല്ലേ?” അവനെ ജീവനോടെ കാണുകയും ഹൃദ്യമായ ആ വാക്കുകൾ കേൾക്കുകയും ചെയ്‌തപ്പോൾ സന്തോഷംകൊണ്ടു ഞാൻ കരഞ്ഞുപോയി.

മറ്റൊരു ദിവസം ശുശ്രൂഷയിൽ ഏർപ്പെടവേ പ്രായമുള്ള ഒരാൾ ഞങ്ങളുടെ നേരെ ഇങ്ങനെ ആക്രോശിച്ചു: “നിങ്ങൾ എന്തിനാ ഈ കൊച്ചു കുട്ടിയെയും വലിച്ചോണ്ട്‌ ഇങ്ങനെ നടക്കുന്നത്‌? കഷ്ടം ഉണ്ട്‌.” എനിക്കു മറുപടി പറയാൻ കഴിയുന്നതിനു മുമ്പുതന്നെ എന്റെ എട്ടു വയസ്സുകാരൻ ടോമോയോഷി ഇങ്ങനെ പറഞ്ഞു: “വല്ല്യപ്പച്ചാ, പ്രസംഗിക്കാൻ അമ്മ എന്നെ നിർബന്ധിക്കുന്നില്ല. യഹോവയെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ്‌ ഞാൻ പ്രസംഗിക്കുന്നത്‌.” അദ്ദേഹത്തിന്‌ ഒരക്ഷരം മിണ്ടാനായില്ല, വെറുതെ തുറിച്ചുനോക്കിനിന്നതേയുള്ളൂ.

ആത്മീയമായി എന്റെ മക്കൾ പിതാവില്ലാത്തവരായിരുന്നു. അവരെ ബൈബിൾ സത്യങ്ങൾ പഠിപ്പിക്കേണ്ട ചുമതല എനിക്കായിരുന്നു; വാസ്‌തവത്തിൽ എനിക്കുതന്നെ വളരെയധികം പഠിക്കേണ്ടതുണ്ടായിരുന്നു. ഞാൻ സ്‌നേഹവും വിശ്വാസവും തീക്ഷ്‌ണതയും വളർത്തിയെടുത്തതോടൊപ്പം നല്ല മാതൃകവെക്കാൻ ശ്രമിക്കുകയും ചെയ്‌തു. ദിവസേന കുട്ടികൾ കേൾക്കെ ഞാൻ യഹോവയ്‌ക്കു നന്ദി കരേറ്റുമായിരുന്നു. പ്രസംഗ വേലയിലെ എന്റെ അനുഭവങ്ങൾ ഞാൻ അവരോടു പറയുമായിരുന്നു. ഇത്‌ അവരെ വളരെയധികം പ്രോത്സാഹിപ്പിച്ചു. എന്തുകൊണ്ടാണ്‌ അവർ പയനിയർമാർ അഥവാ യഹോവയുടെ സാക്ഷികൾക്കിടയിലെ മുഴുസമയ ശുശ്രൂഷകർ ആയതെന്നു പിന്നീടൊരിക്കൽ ചോദിച്ചപ്പോൾ അവരിങ്ങനെയാണു മറുപടി പറഞ്ഞത്‌, “ഒരു പയനിയറെന്ന നിലയിൽ ഞങ്ങളുടെ അമ്മ സന്തുഷ്ടയായിരുന്നു. സന്തുഷ്ടരായിരിക്കാൻ ഞങ്ങളും ആഗ്രഹിച്ചു.”

നിഷേധാത്മക സംസാരത്തിന്‌ കുട്ടികളുടെമേൽ മോശമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അവരുടെ പിതാവിനെയോ സഭയിലെ ആരെയെങ്കിലുമോ കുറ്റപ്പെടുത്തി സംസാരിക്കാതിരിക്കാൻ ഞാൻ വളരെയധികം ശ്രദ്ധിച്ചു. കുറ്റപ്പെടുത്തലിനു വിധേയനാകുന്ന വ്യക്തിയോടു മാത്രമല്ല, കുറ്റപ്പെടുത്തുന്ന ആളോടും അവർക്കുള്ള ബഹുമാനം നഷ്ടപ്പെട്ടെങ്കിലോ എന്നു ഞാൻ കരുതി.

പുരോഗതിക്കുള്ള തടസ്സങ്ങൾ തരണം ചെയ്യുന്നു

ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ട്‌ 1963-ൽ ഞങ്ങൾ തായ്‌വാനിലേക്കു പോയി. അവിടെയുള്ള ജപ്പാൻകാരോടു പ്രസംഗിച്ചാൽ കുഴപ്പമാകുമെന്ന്‌ ഭർത്താവ്‌ പറഞ്ഞു. ഞങ്ങളെ ജപ്പാനിലേക്കു മടക്കി അയയ്‌ക്കുകയും അത്‌ അദ്ദേഹത്തിന്റെ കമ്പനിക്ക്‌ ക്ഷീണമാകുകയും ചെയ്യുമായിരുന്നു. സാക്ഷികളിൽനിന്നു ഞങ്ങളെ അകറ്റി നിറുത്താൻ അദ്ദേഹം ആഗ്രഹിച്ചു.

തായ്‌വാനിൽ എല്ലാ യോഗങ്ങളും ചൈനീസ്‌ ഭാഷയിലാണു നടത്തിയിരുന്നത്‌. അവിടെയുള്ള സാക്ഷികൾ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. തദ്ദേശീയരോടു ജാപ്പനീസ്‌ ഭാഷയ്‌ക്കു പകരം ചൈനീസിൽ സാക്ഷീകരിക്കുന്നതിനായി ഞാൻ അതു പഠിക്കാൻ തീരുമാനിച്ചു. അങ്ങനെ ചെയ്‌തതുകൊണ്ട്‌ എനിക്ക്‌ എന്റെ ഭർത്താവു സൂചിപ്പിച്ച പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു.

തായ്‌വാനിലെ സാക്ഷികളുമായുള്ള സൗഹൃദം ഞങ്ങളെ ബലപ്പെടുത്തി. മിഷനറി ദമ്പതികളായ ഹാർവി ലോഗനും കാത്തിയും ഞങ്ങളെ വളരെയധികം സഹായിച്ചു. ലോഗൻ സഹോദരൻ എന്റെ കുട്ടികൾക്ക്‌ ഒരു ആത്മീയ പിതാവായിത്തീർന്നു. യഹോവയെ സേവിക്കുന്നത്‌ സന്തോഷരഹിതമോ കർക്കശമോ ആയ ഒരു ജീവിതരീതി അല്ലെന്ന്‌ അദ്ദേഹം അവർക്കു കാണിച്ചുകൊടുത്തു. തായ്‌വാനിൽ ആയിരിക്കെയാണ്‌ എന്റെ മക്കൾ യഹോവയെ സേവിക്കാനുള്ള ഉറച്ച തീരുമാനത്തിൽ എത്തിയത്‌.

ടോമോയോഷിയും മാസാഹികോയും തായ്‌വാനിലെ ഒരു അമേരിക്കൻ സ്‌കൂളിലാണു പഠിച്ചത്‌. അവിടെനിന്ന്‌ അവർ ഇംഗ്ലീഷും ചൈനീസും പഠിച്ചു. ആ വിദ്യാഭ്യാസം സത്യദൈവമായ യഹോവയുടെ ശുശ്രൂഷകരെന്ന നിലയിലുള്ള അവരുടെ ഭാവി സേവനത്തിന്‌ അവരെ സജ്ജരാക്കി. ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്‌കരമായിത്തീരാമായിരുന്ന ഒരു കാലഘട്ടത്തെ, നിലനിൽക്കുന്ന പ്രയോജനങ്ങളിൽ കലാശിച്ച ഒന്നാക്കി മാറ്റിയതിൽ എനിക്കു യഹോവയോട്‌ അകമഴിഞ്ഞ നന്ദിയുണ്ട്‌. തായ്‌വാനിലെ അവിസ്‌മരണീയമായ മൂന്നര വർഷത്തെ ജീവിതത്തിനു ശേഷം ഞങ്ങൾ ജപ്പാനിലേക്കു മടങ്ങി.

അപ്പോഴേക്കും കൗമാരപ്രായത്തിൽ എത്തിയിരുന്ന മക്കൾ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ചു തുടങ്ങി. അവരുമായി തിരുവെഴുത്തു തത്ത്വങ്ങൾ സംബന്ധിച്ചു ന്യായവാദം ചെയ്‌തുകൊണ്ട്‌ ഞാൻ മണിക്കൂറുകൾ ചെലവഴിച്ചു. ആ ദുഷ്‌കര നാളുകളിലുടനീളം യഹോവ അവരെ സഹായിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടനെ ടോമോയോഷി പയനിയറിങ്‌ ആരംഭിച്ചു. തുടർന്നുള്ള ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ സമർപ്പിച്ചു സ്‌നാപനമേൽക്കുന്നതിനു നാലു പേരെ സഹായിക്കാൻ അവനു കഴിഞ്ഞു. മസാഹികോയും അവന്റെ സഹോദരന്റെ മാതൃക പിൻപറ്റിക്കൊണ്ട്‌ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം പയനിയറിങ്‌ ആരംഭിച്ചു. പയനിയറിങിന്റെ ആദ്യത്തെ നാലു വർഷത്തിനുള്ളിൽ അവൻ നാലു ചെറുപ്പക്കാരെ സാക്ഷികളാകാൻ സഹായിച്ചു.

പിന്നീട്‌ യഹോവ അവരെ കൂടുതലായി അനുഗ്രഹിച്ചു. ബൈബിൾ സത്യങ്ങൾ പഠിക്കാൻ ഞാൻ സഹായിച്ച ഒരു സ്‌ത്രീയുടെ ഭർത്താവുമൊത്ത്‌ ടോമോയോഷി അധ്യയനം നടത്തി. അവരുടെ രണ്ടു പെൺമക്കളും സാക്ഷികളായിത്തീർന്നു. പിന്നീട്‌ ടോമോയോഷി മൂത്തവളായ നൊബുകോയെയും മസാഹികോ ഇളയവളായ മാസാകോയെയും വിവാഹം കഴിച്ചു. ടോമോയോഷിയും നൊബുകോയും ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ലോകാസ്ഥാനത്തും മസാഹികോയും മാസാകോയും പരാഗ്വേയിൽ മിഷനറിമാരായും സേവിക്കുന്നു.

ഭർത്താവിൽ മാറ്റംവന്നു തുടങ്ങുന്നു

ആ സമയത്തൊന്നും എന്റെ ഭർത്താവ്‌ ഞങ്ങളുടെ വിശ്വാസത്തോടു താത്‌പര്യം കാണിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിൽ മാറ്റത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി. മറ്റുള്ളവർ എന്നെ എതിർക്കുമ്പോൾ അദ്ദേഹം എന്റെ വിശ്വാസങ്ങൾക്കുവേണ്ടി വാദിക്കുമായിരുന്നു. അങ്ങനെ, അറിയാതെതന്നെ അദ്ദേഹം ബൈബിൾ സത്യങ്ങൾക്കു പിന്തുണ നൽകുകയായിരുന്നു. സഹായം ആവശ്യമുള്ള സാക്ഷികൾക്ക്‌ അദ്ദേഹം ഭൗതിക സഹായം നൽകുമായിരുന്നു. ഞങ്ങളുടെ മക്കളിലൊരാളുടെ വിവാഹ വേളയിൽ നടത്തിയ ഒരു ചെറിയ പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ആളുകളെ ശരിയായ ജീവിതരീതി പഠിപ്പിക്കുന്നതാണ്‌ ഏറ്റവും ഉത്‌കൃഷ്ടമായ വേല, അതുപോലെതന്നെ ഏറ്റവും പ്രയാസമേറിയതും. എന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും ഏറ്റവും പ്രയാസമേറിയ ഈ വേലയാണ്‌ തിരഞ്ഞെടുത്തിരിക്കുന്നത്‌. അവരെ ദയവായി സഹായിക്കുക.” തീർച്ചയായും അദ്ദേഹം യഹോവയുടെ സേവനത്തിൽ ഞങ്ങളോടൊപ്പം ചേരുമെന്നു ചിന്തിക്കാൻ ഇത്തരം കാര്യങ്ങൾ ഇടയാക്കി.

ഞാൻ ഇടയ്‌ക്കൊക്കെ സാക്ഷികളെ വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. അങ്ങനെ എന്റെ ഭർത്താവിനും സാക്ഷികളുമായുള്ള സഹവാസം ആസ്വദിക്കാൻ ഞാൻ അവസരമൊരുക്കി. കസുഹികോയെ ഞാൻ ക്രിസ്‌തീയ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകത്തിനും ക്ഷണിക്കുമായിരുന്നു. മനസ്സില്ലാമനസ്സോടെ ആണെങ്കിലും സാധ്യമാകുമ്പോഴൊക്കെ അദ്ദേഹം അവയ്‌ക്കു ഹാജരാകുമായിരുന്നു. അദ്ദേഹം ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചേക്കുമെന്നു കരുതി ഞാൻ പലതവണ ക്രിസ്‌തീയ മൂപ്പന്മാരെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാൽ അദ്ദേഹം പഠിക്കാൻ വിസമ്മതിച്ചു. എന്താണു പ്രശ്‌നമെന്ന്‌ എനിക്കു മനസ്സിലായില്ല.

അപ്പൊസ്‌തലനായ പത്രൊസിന്റെ പിൻവരുന്ന വാക്കുകൾ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തി: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ്‌ 3:​1, 2) ആ അനുശാസനത്തിനു ചേർച്ചയിൽ ആയിരുന്നില്ല എല്ലായ്‌പോഴും എന്റെ പ്രവർത്തനം. പൂർണമായി അതിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന്‌ ഞാൻ എന്റെ ആത്മീയത മെച്ചപ്പെടുത്തണമായിരുന്നു.

കൂടുതൽ മെച്ചപ്പെട്ട ഒരു ആത്മീയ വ്യക്തി ആകുക എന്ന ലക്ഷ്യത്തോടെ 1970-ൽ ഞാൻ പയനിയറിങ്‌ ആരംഭിച്ചു. പത്ത്‌, ഇരുപത്‌, അങ്ങനെ വർഷങ്ങൾ കടന്നുപോയി. എന്നിട്ടും അദ്ദേഹത്തിൽ ഒരു മാറ്റവും കണ്ടില്ല. ഒരിക്കൽ എന്റെ ഒരു ബൈബിൾ വിദ്യാർഥി ഇങ്ങനെ അഭിപ്രായപ്പെട്ടു: “സ്വന്തം ഭർത്താവിനെപ്പോലും സഹായിക്കാൻ കഴിയാത്ത സ്ഥിതിക്ക്‌ മറ്റുള്ളവരെ സഹായിക്കുക എന്നത്‌ വലിയ ബുദ്ധിമുട്ടായിരിക്കും, അല്ലേ?” ആ വാക്കുകൾ നിരുത്സാഹപ്പെടുത്തുന്നത്‌ ആയിരുന്നെങ്കിലും ഞാൻ എന്റെ വേല ഉപേക്ഷിച്ചില്ല.

1980-കൾ ആയപ്പോഴേക്കും ഞങ്ങളുടെ മാതാപിതാക്കൾ അവരുടെ ജീവിത സായാഹ്നത്തിൽ എത്തിയിരുന്നു. അവരെ പരിപാലിക്കുന്നതോടൊപ്പം മറ്റ്‌ ഉത്തരവാദിത്വങ്ങളും നിറവേറ്റുക എന്നത്‌ വളരെ ശ്രമകരവും സമ്മർദപൂരിതവുമായിരുന്നു. വർഷങ്ങളോളം അവരെല്ലാവരും യഹോവയിലുള്ള എന്റെ വിശ്വാസത്തെ എതിർത്തിരുന്നതാണ്‌. എന്നാൽ അവരോടു കഴിയുന്നത്ര സ്‌നേഹം കാണിക്കാൻ ഞാൻ ശ്രമിച്ചു. മരണത്തിനു തൊട്ടുമുമ്പ്‌ 96 വയസ്സുള്ള എന്റെ അമ്മ ഇങ്ങനെ പറഞ്ഞു: “സുമികോ, ഞാൻ പുനരുത്ഥാനം പ്രാപിക്കുകയാണെങ്കിൽ തീർച്ചയായും നിന്റെ മതത്തിൽ ചേരും.” എന്റെ ശ്രമങ്ങൾ വൃഥാവായില്ല എന്ന്‌ എനിക്കപ്പോൾ മനസ്സിലായി.

ഞങ്ങളുടെ മാതാപിതാക്കൾക്കുവേണ്ടി ഞാൻ ചെയ്‌തത്‌ എന്റെ ഭർത്താവ്‌ നിരീക്ഷിച്ചു. അതിനോടുള്ള വിലമതിപ്പെന്നനിലയിൽ അദ്ദേഹം ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി. വർഷങ്ങളോളം ഇതു തുടർന്നെങ്കിലും അദ്ദേഹം യഥാർഥ ആത്മീയ പുരോഗതി വരുത്തിയില്ല. അദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനുള്ള എന്റെ ശ്രമങ്ങൾ തുടർന്നു. ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും വിദേശ വ്യാപാര പങ്കാളികളെയുംപോലും ഭക്ഷണത്തിനായി വീട്ടിലേക്കു ക്ഷണിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം വിനോദങ്ങളിലും ഏർപ്പെട്ടു. പയനിയർ സേവനത്തിനുള്ള പ്രതിമാസ മണിക്കൂർ വ്യവസ്ഥ 70 ആയി കുറച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ഞാൻ കൂടുതൽ സമയം ചെലവഴിച്ചു.

തൊഴിൽ വിരാമം മാറ്റം വരുത്തുന്നു

1993-ൽ അദ്ദേഹം ജോലിയിൽനിന്നു വിരമിച്ചു. ഇനിയെങ്കിലും ബൈബിൾ പഠിക്കാൻ അദ്ദേഹത്തിനു സമയം കാണുമെന്നു ഞാൻ കരുതി. എന്നാൽ സമയമുള്ളതിന്റെ പേരിൽ മാത്രം ദൈവത്തെ ആരാധിക്കുന്നെങ്കിൽ അത്‌ ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമാകുമെന്നും ഹൃദയം പ്രേരിപ്പിക്കുമ്പോൾ അങ്ങനെ ചെയ്‌തുകൊള്ളാമെന്നും അതുകൊണ്ട്‌ ഇക്കാര്യത്തിൽ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിലെ ശേഷിച്ച സമയം ഞാൻ അദ്ദേഹത്തിനായി ചെലവഴിക്കുമോ എന്ന്‌ ഒരിക്കൽ അദ്ദേഹം എന്നോടു ചോദിച്ചു. വിവാഹിതരായ ആ നിമിഷംമുതൽ എന്നാലാകുന്നതെല്ലാം ഞാൻ അദ്ദേഹത്തിനുവേണ്ടി ചെയ്യുന്നുണ്ടായിരുന്നു. അതിനാൽ ഇതെന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ ഒരുപാടു ശ്രമിച്ചെങ്കിലും ഞാൻ കൂടുതലും യഹോവയ്‌ക്കുവേണ്ടിയാണു ജീവിക്കുന്നതെന്ന്‌ അദ്ദേഹത്തിനു തോന്നി. ഇതിനെക്കുറിച്ച്‌ ഞാൻ അൽപ്പ സമയം ചിന്തിച്ചു. എന്നിട്ട്‌ ഇതിൽ കൂടുതലൊന്നും എനിക്കു ചെയ്യാനാവില്ലെന്നും എന്നാൽ എന്റെ പ്രവർത്തനങ്ങളിൽ ഒപ്പം ചേരുകയാണെങ്കിൽ തികച്ചും പുതിയ ഒരു ജീവിതം തുടങ്ങാനാകുമെന്നും അത്‌ ശേഷിക്കുന്ന ഏതാനും വർഷത്തേക്കു മാത്രമല്ല സകല നിത്യതയിലും നിലനിൽക്കുമെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കുറെ ദിവസത്തേക്ക്‌ അദ്ദേഹത്തിനു മറുപടിയൊന്നും ഉണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം ഇങ്ങനെ ചോദിച്ചു, “അതിരിക്കട്ടെ, നിനക്ക്‌ എന്നെ ബൈബിൾ പഠിപ്പിക്കാമോ?” അതേക്കുറിച്ച്‌ ഓർക്കുമ്പോഴെല്ലാം സന്തോഷംകൊണ്ട്‌ എന്റെ ഹൃദയം തുടിക്കാറുണ്ട്‌.

അദ്ദേഹത്തെ ബൈബിൾ പഠിപ്പിക്കേണ്ടതിനു ഞാൻ ആദ്യം ഒരു ക്രിസ്‌തീയ മൂപ്പനെ ഏർപ്പെടുത്തി. എന്നാൽ എന്റെ ഭർത്താവ്‌ പറഞ്ഞു: “നീ എന്നെ പഠിപ്പിച്ചാൽ മതി, മറ്റാരും വേണ്ട.” അങ്ങനെ ഞങ്ങൾ ദിവസേനയുള്ള ഒരു ബൈബിളധ്യയനം ആരംഭിച്ചു. ഞാൻ ഒരു ചൈനീസ്‌ സഭയിലായിരുന്നതിനാലും അദ്ദേഹത്തിന്‌ ആ ഭാഷ നന്നായി അറിയാമായിരുന്നതിനാലും ഞങ്ങളുടെ അധ്യയനം ചൈനീസ്‌ ഭാഷയിലായിരുന്നു. കൂടാതെ ഞങ്ങൾ ഒരുമിച്ച്‌ മുഴുബൈബിളും ഒരു വർഷത്തിൽ കുറഞ്ഞ കാലംകൊണ്ടു വായിച്ചുതീർത്തു.

ഈ കാലത്ത്‌ ചൈനീസ്‌ സഭയിലെ ഒരു മൂപ്പനും ഭാര്യയും ഞങ്ങളിൽ താത്‌പര്യം എടുത്തു. ഞങ്ങളുടെ മക്കളെക്കാൾ ഇളയവരായിരുന്നെങ്കിലും അവർ ഞങ്ങളുടെ നല്ല കൂട്ടുകാരായിത്തീർന്നു. മറ്റ്‌ അനേകം സാക്ഷികളും എന്റെ ഭർത്താവിന്റെ കാര്യത്തിൽ പ്രത്യേക താത്‌പര്യം എടുത്തു. അവർ ഞങ്ങളോട്‌ അതിഥിപ്രിയം കാട്ടുകയും സ്വന്തം പിതാവിനോടെന്നപോലെ അദ്ദേഹത്തോടു പെരുമാറുകയും ചെയ്‌തു. അത്‌ അദ്ദേഹത്തെ വളരെയധികം സന്തോഷിപ്പിച്ചു.

ഒരു ദിവസം സഭയിലെ സഹോദരങ്ങളിൽ ഒരാളുടെ കല്യാണക്കുറി ഞങ്ങൾക്കു കിട്ടി. അദ്ദേഹത്തിന്റെ പേരിലാണ്‌ അതു വന്നത്‌. കുടുംബനാഥനെന്ന നിലയിൽ തന്നെ പരിഗണിച്ചത്‌ അദ്ദേഹത്തെ ആഴത്തിൽ സ്‌പർശിച്ചു. അതിനാൽ അതിൽ പങ്കെടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പെട്ടെന്നുതന്നെ അദ്ദേഹം സാക്ഷികളുമായി നല്ല സൗഹൃദത്തിലാകുകയും ഒരു ക്രിസ്‌തീയ മൂപ്പനോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു. ബൈബിളധ്യയനവും യോഗങ്ങളിലെ ഹാജരാകലും സഭയിലെ ഉറ്റ സ്‌നേഹവും നല്ല ആത്മീയ പുരോഗതി വരുത്താൻ അദ്ദേഹത്തെ സഹായിച്ചു.

ഒടുവിൽ ഒരു ഏകീകൃത കുടുംബം

യഹോവയ്‌ക്കുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി 2000 ഡിസംബറിൽ അദ്ദേഹം സ്‌നാപനമേറ്റു. അതിനു 42 വർഷം എടുത്തു. എങ്കിലും ഒടുവിലിതാ ഞങ്ങൾ ഒരു ഏകീകൃത കുടുംബമായിരിക്കുന്നു. ഈ ആധുനികകാല “അത്ഭുതം” കാണാൻ വിദേശത്തുനിന്നും ഞങ്ങളുടെ ആൺമക്കളും ഭാര്യമാരും എത്തിയിരുന്നു.

ഇപ്പോൾ ദിവസേന രാവിലെ ഞങ്ങൾ രണ്ടുപേരും ഒത്തൊരുമിച്ച്‌ ഒരു തിരുവെഴുത്തു ചർച്ചചെയ്യുകയും ബൈബിൾ വായിക്കുകയും ചെയ്യാറുണ്ട്‌. കൂടാതെ ദിവസവും ഞങ്ങൾ ആത്മീയ സംഭാഷണങ്ങളും ആത്മീയ പ്രവർത്തനങ്ങളിലെ പങ്കുപറ്റലും ആസ്വദിക്കുന്നു. അദ്ദേഹം ഇപ്പോൾ സഭയിലെ ഒരു ശുശ്രൂഷാദാസനാണ്‌. അടുത്തയിടെ അദ്ദേഹം ചൈനീസിൽ ഒരു പരസ്യപ്രസംഗവും നടത്തി. ഞങ്ങളെ ഒരുമിച്ചു കൂട്ടിവരുത്തിയതിനു ഞാൻ യഹോവയ്‌ക്കു നന്ദിപറയുന്നു. എന്നേക്കും യഹോവയുടെ നാമവും പരമാധികാരവും ഉയർത്തിപ്പിടിക്കാനായി ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പം ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.

[13-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ചൈന

ഉത്തര കൊറിയ

ദക്ഷിണ കൊറിയ

ജപ്പാൻ കടൽ

ജപ്പാൻ

ടോക്കിയോ

കിഴക്കൻ ചൈനാ കടൽ

റ്റൈയ്‌പെയ്‌

തായ്‌വാൻ

[12-ാം പേജിലെ ചിത്രം]

ഞാൻ സ്‌നാപനമേറ്റ 1958-ൽ എന്റെ കുടുംബത്തോടൊപ്പം

[13-ാം പേജിലെ ചിത്രങ്ങൾ]

ടോക്കിയോയിൽനിന്ന്‌ റ്റൈയ്‌പെയിൽ എത്തിയ ഞങ്ങളെ ഹാർവി ലോഗനെയും കാത്തിയെയും പോലുള്ള സഹോദരങ്ങൾ ആത്മീയമായി ശക്തിപ്പെടുത്തി

[15-ാം പേജിലെ ചിത്രം]

ഇന്നു ഞങ്ങളുടെ കുടുംബം സത്യാരാധനയിൽ ഏകീകൃതമാണ്‌