വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ ഭയപ്പെടുക, ജ്ഞാനികളെന്നു തെളിയിക്കുക

ദൈവത്തെ ഭയപ്പെടുക, ജ്ഞാനികളെന്നു തെളിയിക്കുക

ദൈവത്തെ ഭയപ്പെടുക, ജ്ഞാനികളെന്നു തെളിയിക്കുക

‘യഹോവാഭക്തി [“യഹോവാഭയം,” NW] ജ്ഞാനത്തിന്റെ ആരംഭമാകുന്നു.’​—⁠സദൃശവാക്യങ്ങൾ 9:10. *

1. ദൈവത്തെ ഭയപ്പെടുക എന്ന ആശയം, ഉൾക്കൊള്ളാൻ പ്രയാസമുള്ളതായി അനേകർക്കും തോന്നുന്നത്‌ എന്തുകൊണ്ട്‌?

ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന്‌ ഇന്ന്‌ അനേകരും വിചാരിക്കുന്നു. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ അവനെ ഭയപ്പെടണം,’ അവർ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം ഭയം എന്നത്‌ അനഭികാമ്യവും തളർത്തിക്കളയുന്നതുമായ ഒരു വികാരമാണ്‌. എന്നാൽ യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാണുള്ളത്‌; നാം കാണാൻ പോകുന്നതുപോലെ അതു കേവലമൊരു തോന്നലോ വികാരമോ അല്ല.

2, 3. യഥാർഥ ദൈവഭയത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?

2 ദൈവത്തോടുള്ള ഭയത്തെ ക്രിയാത്മകമായ ഒരു ഗുണവിശേഷമായിട്ടാണ്‌ ബൈബിൾ വിശേഷിപ്പിക്കുന്നത്‌. (യെശയ്യാവു 11:3) ദൈവത്തോടുള്ള ഗാഢമായ ഭക്തിയും ആഴമായ ആദരവും അവനെ അപ്രീതിപ്പെടുത്താതിരിക്കാനുള്ള ശക്തമായ ആഗ്രഹവുമാണ്‌ ദൈവഭയം. (സങ്കീർത്തനം 115:11) ദൈവത്തിന്റെ ധാർമിക പ്രമാണങ്ങൾ അംഗീകരിക്കുന്നതും കർശനമായി പിൻപറ്റുന്നതും ശരിയും തെറ്റും സംബന്ധിച്ചുള്ള അവന്റെ വീക്ഷണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. “തിന്മയുടെ എല്ലാ കണികയും ഒഴിവാക്കാനും ജ്ഞാനപൂർവം പ്രവർത്തിക്കാനും ഒരു വ്യക്തിയെ സഹായിക്കുന്ന അടിസ്ഥാനപരമായ ഒരു ദൈവിക കാഴ്‌ചപ്പാട്‌” അത്തരം ആരോഗ്യാവഹമായ ഭയത്തിന്റെ മുഖമുദ്രയാണെന്ന്‌ ഒരു ആധാരകൃതി ചൂണ്ടിക്കാട്ടുന്നു. ‘യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു’ എന്നു ദൈവവചനം പറയുന്നത്‌ എത്ര ശരിയാണ്‌!​—⁠സദൃശവാക്യങ്ങൾ 9:10.

3 യഥാർഥത്തിൽ ദൈവഭയം മനുഷ്യജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളിലും പ്രഭാവം ചെലുത്തുന്നു. ജ്ഞാനത്തിനു പുറമേ സന്തോഷം, സമാധാനം, അഭിവൃദ്ധി, ദീർഘായുസ്സ്‌, പ്രത്യാശ, ആശ്രയം, ആത്മവിശ്വാസം എന്നിവയുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 2:11; സദൃശവാക്യങ്ങൾ 1:7; 10:27; 14:26; 22:4; 23:17, 18; പ്രവൃത്തികൾ 9:31) എന്നാൽ വിശ്വാസത്തോടും സ്‌നേഹത്തോടും അതിന്‌ അടുത്ത ബന്ധമുണ്ട്‌. വാസ്‌തവത്തിൽ ദൈവത്തോടും സഹമനുഷ്യരോടുമുള്ള നമ്മുടെ എല്ലാ ബന്ധങ്ങളിലും ദൈവഭയം സ്വാധീനം ചെലുത്തുന്നു. (ആവർത്തനപുസ്‌തകം 10:12; ഇയ്യോബ്‌ 6:14; എബ്രായർ 11:7) നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി കരുതുന്നുവെന്നും നമ്മുടെ ലംഘനങ്ങൾ ക്ഷമിക്കാൻ അവൻ സന്നദ്ധനാണെന്നുമുള്ള ഉറച്ച ബോധ്യം അതിൽ ഉൾപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 130:4) അനുതാപമില്ലാത്ത ദുഷ്ടന്മാർമാത്രമേ അവന്റെ മുമ്പാകെ ഭയന്നുവിറയ്‌ക്കേണ്ടതുള്ളൂ. *​—⁠എബ്രായർ 10:26-31.

യഹോവയെ ഭയപ്പെടാൻ പഠിക്കാനാകുന്ന വിധം

4. “യഹോവയെ ഭയപ്പെടുവാൻ” പഠിക്കുന്നതിനു നമുക്ക്‌ എന്തു സഹായമുണ്ട്‌?

4 ദൈവഭയം ഉണ്ടായിരുന്നാൽമാത്രമേ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും ദൈവത്തിന്റെ അനുഗ്രഹങ്ങൾക്കു പാത്രമാകാനും കഴിയൂ എന്നുള്ളതിനാൽ “യഹോവയെ ഭയപ്പെടുവാൻ” നമുക്ക്‌ എങ്ങനെ ‘പഠിക്കാനാകും’? (ആവർത്തനപുസ്‌തകം 17:19) ദൈവഭയമുണ്ടായിരുന്ന അനേകം സ്‌ത്രീപുരുഷന്മാരുടെ ദൃഷ്ടാന്തങ്ങൾ “നമ്മുടെ ഉപദേശത്തിന്നായിട്ടു” തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. (റോമർ 15:4) അതിലൊന്നാണ്‌ ഇസ്രായേൽ രാജാവായിരുന്ന ദാവീദിന്റേത്‌. അവന്റെ ദൃഷ്ടാന്തം പരിചിന്തിക്കുന്നത്‌ ദൈവത്തെ ഭയപ്പെടുക എന്നതിന്റെ യഥാർഥ അർഥം മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

5. ആട്ടിടയനായിരിക്കെ, യഹോവയെ ഭയപ്പെടേണ്ടതുണ്ടെന്നു പഠിക്കാൻ ദാവീദിനെ എന്തു സഹായിച്ചു?

5 ദൈവത്തെ ഭയപ്പെടുന്നതിനു പകരം മാനുഷഭയം പ്രകടമാക്കിയ ഇസ്രായേലിലെ ആദ്യത്തെ രാജാവായിരുന്ന ശൗലിനെ യഹോവ തള്ളിക്കളഞ്ഞു. (1 ശമൂവേൽ 15:24-26) അതിൽനിന്നു വ്യത്യസ്‌തമായി, ദാവീദിന്റെ ജീവിതവും യഹോവയോടുള്ള അവന്റെ ഉറ്റബന്ധവും അവൻ യഥാർഥമായും ദൈവത്തെ ഭയപ്പെട്ടിരുന്നുവെന്നു വെളിപ്പെടുത്തി. ബാല്യംമുതൽക്കേ, അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ട്‌ പലപ്പോഴും അവൻ രാവും പകലും വെളിമ്പ്രദേശങ്ങളിൽ ചെലവഴിച്ചിരുന്നു. (1 ശമൂവേൽ 16:11) നക്ഷത്രനിബിഡമായ ആകാശം യഹോവാഭയം എന്തെന്നു മനസ്സിലാക്കാൻ അവനെ സഹായിച്ചിട്ടുണ്ടാകണം. അപാരമായ പ്രപഞ്ചത്തിന്റെ ചെറിയ ഒരു അംശംമാത്രമേ ദർശിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ദൈവം നമ്മുടെ ആദരവിനും സ്‌തുതിക്കും യോഗ്യനാണെന്ന ശരിയായ നിഗമനത്തിൽ അവൻ എത്തിച്ചേർന്നു. “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?” എന്ന്‌ പിന്നീടൊരിക്കൽ അവൻ എഴുതി.​—⁠സങ്കീർത്തനം 8:3, 4.

6. യഹോവയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞപ്പോൾ ദാവീദ്‌ എങ്ങനെ പ്രതികരിച്ചു?

6 താരനിബിഡമായ അനന്തവിഹായസ്സിനോടുള്ള താരതമ്യത്തിൽ താൻ എത്ര നിസ്സാരനാണെന്ന ചിന്ത ദാവീദിനെ അമ്പരപ്പിച്ചു. ആ തിരിച്ചറിവ്‌ പക്ഷേ, അവനെ ഭയപ്പെടുത്തിക്കളഞ്ഞില്ല. മറിച്ച്‌ യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ ഇപ്രകാരം പറയാൻ അവൻ പ്രേരിതനായി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” (സങ്കീർത്തനം 19:1) ഈ ഭയാദരവ്‌ ദാവീദിനെ യഹോവയോടു കൂടുതൽ അടുപ്പിക്കുകയും അവന്റെ പൂർണതയുള്ള വഴികൾ പഠിക്കാനും പിൻപറ്റാനും അവനെ പ്രേരിപ്പിക്കുകയും ചെയ്‌തു. “നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു. യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ” എന്നു പാടിയപ്പോൾ ദാവീദിന്റെ വികാരം എന്തായിരുന്നിരിക്കും എന്നു സങ്കൽപ്പിച്ചുനോക്കൂ.​—⁠സങ്കീർത്തനം 86:10, 11.

7. ഗൊല്യാത്തിനോടു പോരാടാൻ ദൈവഭയം ദാവീദിനെ സഹായിച്ചത്‌ എങ്ങനെ?

7 ഫെലിസ്‌ത്യർ ആക്രമിക്കാൻ വന്നപ്പോൾ, ഏകദേശം മൂന്നു മീറ്റർ (ഒമ്പതര അടി) ഉയരമുള്ള ഗൊല്യാത്ത്‌ എന്ന മല്ലൻ ഇസ്രായേല്യരെ പരിഹസിച്ചുകൊണ്ട്‌ ഫലത്തിൽ ഇങ്ങനെ പറഞ്ഞു: ‘എന്നോട്‌ ഒറ്റയ്‌ക്കു പൊരുതാൻ ഒരുത്തനെ തിരഞ്ഞെടുത്ത്‌ അയയ്‌ക്കൂ. അവൻ ജയിച്ചാൽ ഞങ്ങൾ നിങ്ങളെ സേവിക്കാം.’ (1 ശമൂവേൽ 17:4-10) ശൗലും അവന്റെ മുഴുസൈന്യവും ഞെട്ടിവിറച്ചെങ്കിലും ദാവീദ്‌ ഭയപ്പെട്ടില്ല. ഭയപ്പെടേണ്ടത്‌ യഹോവയെ മാത്രമാണെന്നും മനുഷ്യരെ, അവർ എത്ര ശക്തരാണെങ്കിലും, ഭയപ്പെടേണ്ടതില്ലെന്നും അവന്‌ അറിയാമായിരുന്നു. “സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ [ഞാൻ] നിന്റെ നേരെ വരുന്നു. . . . യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളത്‌” ആകുന്നുവെന്ന്‌ അവൻ ഗൊല്യാത്തിനോടു വിളിച്ചുപറഞ്ഞു. യഹോവയുടെ സഹായത്താൽ, തന്റെ കവിണയിൽവെച്ചു ചുഴറ്റിയെറിഞ്ഞ ഒറ്റ കല്ലുകൊണ്ടുതന്നെ ദാവീദ്‌ ആ മല്ലനെ തറപറ്റിച്ചു.​—⁠1 ശമൂവേൽ 17:45-47.

8. ദൈവഭയം പ്രകടമാക്കിയവരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങളിൽനിന്നു നാം എന്തു പഠിക്കുന്നു?

8 ദാവീദ്‌ നേരിട്ടതുപോലുള്ള വൻപ്രതിസന്ധികളോ പ്രബലരായ ശത്രുക്കളോ നമുക്കുമുണ്ടായിരുന്നേക്കാം. അപ്പോൾ നാം എന്തു ചെയ്യണം? ദാവീദും പുരാതനകാലത്തെ മറ്റു വിശ്വസ്‌തരും ചെയ്‌തതുപോലെ ദൈവഭയത്തോടെ നാം അവയെ നേരിടണം. മാനുഷഭയത്തെ കീഴടക്കാൻ ദൈവഭയത്തിനു കഴിയും. ദൈവത്തിന്റെ വിശ്വസ്‌ത ദാസനായ നെഹെമ്യാവ്‌, ശത്രുക്കളുടെ ഭീഷണിയിലായ സഹഇസ്രായേല്യരെ ഇവ്വണ്ണം ഉദ്‌ബോധിപ്പിച്ചു: ‘നിങ്ങൾ അവരെ പേടിക്കരുത്‌, വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തുകൊൾവിൻ.’ (നെഹെമ്യാവു 4:14) യഹോവയുടെ സഹായത്താൽ ദാവീദും നെഹെമ്യാവും വിശ്വസ്‌തരായ മറ്റു ദൈവദാസന്മാരും അവരുടെ ദൈവദത്ത നിയമനങ്ങൾ വിജയകരമായി നിറവേറ്റി. ദൈവഭയം പ്രകടമാക്കുമ്പോൾ നമുക്കും അതിനു സാധിക്കും.

ദൈവഭയത്തോടെ പ്രശ്‌നങ്ങൾ നേരിടുക

9. ഏതെല്ലാം സാഹചര്യങ്ങളിൽ ദാവീദ്‌ ദൈവഭയം പ്രകടമാക്കി?

9 ഗൊല്യാത്തിനെ വധിച്ചശേഷം മറ്റു പല യുദ്ധങ്ങളിലും വിജയംനേടാൻ യഹോവ ദാവീദിനെ സഹായിച്ചു. അസൂയപൂണ്ട ശൗൽ പക്ഷേ, അവനെ കൊല്ലാൻ ശ്രമിച്ചു; ആദ്യം നേരിട്ട്‌ ആക്രമിച്ചുകൊണ്ടും പിന്നീട്‌ കൗശലത്തിലൂടെയും ഒടുവിൽ ഒരു സൈന്യത്തെ ഉപയോഗിച്ചും. ദാവീദ്‌ അടുത്ത രാജാവാകുമെന്ന്‌ യഹോവ ഉറപ്പുകൊടുത്തിരുന്നുവെങ്കിലും വർഷങ്ങളോളം അവൻ ഒളിവിൽ കഴിയുകയും പോരാടുകയും തന്നെ രാജാവാക്കാനുള്ള യഹോവയുടെ സമയത്തിനായി കാത്തിരിക്കുകയും ചെയ്യണമായിരുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം അവൻ സത്യദൈവത്തോടുള്ള ഭയം പ്രകടമാക്കി.​—⁠1 ശമൂവേൽ 18:9, 11, 17; 24:⁠2.

10. ആപത്‌ഘട്ടത്തിൽ ദാവീദ്‌ ദൈവഭയം പ്രകടമാക്കിയത്‌ എങ്ങനെ?

10 ദാവീദ്‌ ഒരിക്കൽ ഗത്തിലെ​—⁠ഗൊല്യാത്തിന്റെ സ്വദേശമായ ഫെലിസ്‌ത്യ നഗരം​—⁠രാജാവായ ആഖീശിനെ ശരണംപ്രാപിച്ചു. (1 ശമൂവേൽ 21:10-15) എന്നാൽ ദാവീദ്‌ തങ്ങളുടെ ദേശത്തിന്റെ ശത്രുവാണെന്ന്‌ രാജാവിന്റെ ഭൃത്യന്മാർ ചൂണ്ടിക്കാട്ടി. ആപത്‌കരമായ ആ സാഹചര്യത്തിൽ ദാവീദ്‌ എങ്ങനെയാണു പ്രതികരിച്ചത്‌? അവൻ യഹോവയോട്‌ ഉള്ളുരുകി പ്രാർഥിച്ചു. (സങ്കീർത്തനം 56:1-4, 11-13) രക്ഷപ്പെടാൻ ബുദ്ധിഭ്രമമുള്ള ഒരുവനെപ്പോലെ നടിക്കേണ്ടിവന്നെങ്കിലും തന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചുകൊണ്ട്‌ യഹോവയാണ്‌ യഥാർഥത്തിൽ തന്നെ സംരക്ഷിച്ചതെന്ന്‌ അവൻ തിരിച്ചറിഞ്ഞു. യഹോവയിലുള്ള അവന്റെ സമ്പൂർണ ആശ്രയവും ദൃഢവിശ്വാസവും അവനു ദൈവഭയം ഉണ്ടായിരുന്നുവെന്നു വ്യക്തമാക്കി.​—⁠സങ്കീർത്തനം 34:4-6, 9-11.

11. പരിശോധനകൾ നേരിടുമ്പോൾ ദാവീദിനെപ്പോലെ ദൈവഭയം പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

11 പ്രശ്‌നങ്ങൾ തരണംചെയ്യാൻ നമ്മെ സഹായിക്കുമെന്നുള്ള ദൈവത്തിന്റെ വാഗ്‌ദാനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ ദാവീദിനെപ്പോലെ ദൈവഭയം പ്രകടമാക്കാൻ നമുക്കു കഴിയും. “നിന്റെ വഴി യഹോവയെ ഭരമേല്‌പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും,” ദാവീദ്‌ എഴുതി. (സങ്കീർത്തനം 37:5) നമ്മുടെ പ്രശ്‌നങ്ങളോടുള്ള ബന്ധത്തിൽ സ്വന്തമായി ചെയ്യാനാകുന്നതൊന്നും ചെയ്യാതെ, യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്‌ നാം അവയെല്ലാം അവനെ ഭരമേൽപ്പിച്ചിട്ട്‌ കയ്യുംകെട്ടിയിരുന്നാൽ മതിയെന്നല്ല അതിന്റെ അർഥം. സഹായത്തിനുവേണ്ടി ദൈവത്തോട്‌ അപേക്ഷിച്ചശേഷം ദാവീദ്‌ വെറുതെയിരിക്കുകയല്ല ചെയ്‌തത്‌. യഹോവ നൽകിയിരുന്ന ശാരീരികവും ബുദ്ധിപരവുമായ പ്രാപ്‌തി ഉപയോഗിച്ച്‌ അവൻ പ്രശ്‌നത്തെ നേരിട്ടു. അതേസമയം, മനുഷ്യന്റെ പരിശ്രമം ഒന്നുകൊണ്ടുമാത്രം വിജയിക്കാനാവില്ലെന്ന്‌ അവന്‌ അറിയാമായിരുന്നു. നമുക്കും ആ ബോധ്യം ഉണ്ടായിരിക്കണം. ചെയ്യാൻ കഴിയുന്ന സകലവും ചെയ്‌തശേഷം ബാക്കി കാര്യങ്ങൾ നാം യഹോവയ്‌ക്കു വിട്ടുകൊടുക്കണം. പലപ്പോഴും, യഹോവയിൽ ആശ്രയിക്കുകയല്ലാതെ മറ്റൊന്നും നമുക്കു ചെയ്യാനാവില്ലെന്നതാണു യാഥാർഥ്യം. വ്യക്തികളെന്ന നിലയിൽ നമുക്കോരോരുത്തർക്കുമുള്ള ദൈവഭയത്തിന്റെ ആഴം വെളിവാകുന്നത്‌ അപ്പോഴാണ്‌. “യഹോവ തന്നെ ഭയപ്പെടുന്നവരോട്‌ സഖിത്വം പുലർത്തും” എന്ന ദാവീദിന്റെ ഹൃദയംഗമമായ വാക്കുകൾ നമുക്ക്‌ ആശ്വാസം പകരുന്നു.​—⁠സങ്കീർത്തനം 25:​14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.

12. നാം നമ്മുടെ പ്രാർഥനകളെ ഗൗരവപൂർവം വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌, ഒരിക്കലും നാം ഏതു മനോഭാവം പ്രകടമാക്കരുത്‌?

12 അതുകൊണ്ട്‌ ദൈവത്തോടുള്ള നമ്മുടെ പ്രാർഥനകളും അവനുമായുള്ള നമ്മുടെ ബന്ധവും ഗൗരവമേറിയ കാര്യങ്ങളായിവേണം നാം വീക്ഷിക്കാൻ. യഹോവയോടു പ്രാർഥിക്കുമ്പോൾ “ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും [നാം] വിശ്വസിക്കേണ്ട”തുണ്ട്‌. (എബ്രായർ 11:6; യാക്കോബ്‌ 1:5-8) കൂടാതെ അവൻ നമ്മെ സഹായിക്കുമ്പോൾ, പൗലൊസ്‌ അപ്പൊസ്‌തലന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ നാം ‘നന്ദിയുള്ളവരായിരിക്കുകയും’ വേണം. (കൊലൊസ്സ്യർ 3:15, 17) അനുഭവജ്ഞാനമുള്ള ഒരു അഭിഷിക്ത ക്രിസ്‌ത്യാനി ഇങ്ങനെ പറഞ്ഞു: “ദൈവം സ്വർലോകത്തിലെ ഒരു വെയിറ്ററെപ്പോലെയാണെന്നാണ്‌ ചിലരുടെ വിചാരം. വിരൽ ഞൊടിക്കുന്നമാത്രയിൽ അവൻ തങ്ങളുടെ മുമ്പാകെ പ്രത്യക്ഷപ്പെടാൻ അവർ പ്രതീക്ഷിക്കുന്നു. ആവശ്യമുള്ളതു കിട്ടിക്കഴിഞ്ഞാൽപ്പിന്നെ അവർക്ക്‌ അവനെ കാണുകയും വേണ്ട.” നാം ഒരിക്കലും അവരെപ്പോലെ ആയിരിക്കരുത്‌; അത്തരമൊരു മനോഭാവം ദൈവഭയത്തിന്റെ അഭാവത്തെയാണു വെളിപ്പെടുത്തുന്നത്‌.

ദൈവഭയം അപ്രത്യക്ഷമായപ്പോൾ

13. ദൈവനിയമത്തോട്‌ ആദരവു പ്രകടമാക്കാൻ ദാവീദ്‌ പരാജയപ്പെട്ടത്‌ എപ്പോൾ?

13 ക്ലേശസമയങ്ങളിൽ യഹോവയുടെ സഹായം അനുഭവിച്ചറിഞ്ഞതിലൂടെ ദാവീദിന്റെ ദൈവഭയം ആഴമുള്ളതായിത്തീരുകയും ദൈവത്തിലുള്ള അവന്റെ ആശ്രയം ശക്തമായിത്തീരുകയും ചെയ്‌തു. (സങ്കീർത്തനം 31:22-24) എന്നിരുന്നാലും ശ്രദ്ധേയമായ മൂന്നു സന്ദർഭങ്ങളിൽ അവൻ ദൈവഭയം പ്രകടമാക്കിയില്ല, അതിന്റെ അനന്തരഫലം വിപത്‌കരവുമായിരുന്നു. യഹോവയുടെ നിയമപെട്ടകം ഒരു വണ്ടിയിൽ യെരൂശലേമിലേക്കു കൊണ്ടുവരാൻ അവൻ ക്രമീകരണം ചെയ്‌തതിനോടുള്ള ബന്ധത്തിലാണ്‌ ആദ്യത്തെ സംഭവം. പെട്ടകം ലേവ്യർ തോളിൽ ചുമക്കണം എന്നതായിരുന്നു ദൈവനിയമം. വണ്ടി തെളിച്ചിരുന്ന ഉസ്സാ പെട്ടകം മറിയാതിരിക്കാൻ അതിനെ കയറിപ്പിടിച്ചപ്പോൾ ആ “അവിവേകം നിമിത്തം” അവൻ തത്‌ക്ഷണം മരണമടഞ്ഞു. ഉസ്സായുടെ പാപം ഗുരുതരമായിരുന്നുവെന്നതിനു സംശയമില്ല, എന്നാൽ ദൈവനിയമത്തോട്‌ ഉചിതമായ ആദരവു നിലനിറുത്തുന്നതിലുള്ള ദാവീദിന്റെ പരാജയമായിരുന്നു യഥാർഥത്തിൽ ആ ദുരന്തത്തിനു വഴിവെച്ചത്‌. ദൈവത്തെ ഭയപ്പെടുകയെന്നതിന്റെ അർഥം അവന്റെ ക്രമീകരണങ്ങൾക്കു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യുകയെന്നാണ്‌.​—⁠2 ശമൂവേൽ 6:2-9; സംഖ്യാപുസ്‌തകം 4:15; 7:⁠9.

14. ദാവീദ്‌ ഇസ്രായേല്യരുടെ എണ്ണമെടുത്തതിന്റെ പരിണതഫലം എന്തായിരുന്നു?

14 പിന്നീട്‌, സാത്താന്റെ പ്രേരണയാൽ, ദാവീദ്‌ ഇസ്രായേലിലെ പടയാളികളുടെ എണ്ണമെടുക്കുകയുണ്ടായി. (1 ദിനവൃത്താന്തം 21:1) അവൻ യഹോവയുടെ മുമ്പാകെ അനുതപിച്ചെങ്കിലും അവനും ജനത്തിനും വളരെ കഷ്ടം സഹിക്കേണ്ടതായിവന്നു. ദൈവഭയം കൂടാതെയുള്ള അവന്റെ പ്രവൃത്തിയുടെ ഫലമായി 70,000 ഇസ്രായേല്യർക്കു ജീവൻ നഷ്ടമായി.​—⁠2 ശമൂവേൽ 24:1-16.

15. ദാവീദ്‌ ലൈംഗികാപരാധത്തിൽ വീണുപോകാൻ ഇടയാക്കിയത്‌ എന്ത്‌?

15 താത്‌കാലികമായി ദൈവഭയം നഷ്ടമായ മറ്റൊരു സന്ദർഭത്തിലായിരുന്നു ദാവീദ്‌ ഊരിയാവിന്റെ ഭാര്യയായ ബത്ത്‌-ശേബയുമായി അധാർമിക ബന്ധത്തിൽ ഏർപ്പെട്ടത്‌. വ്യഭിചാരം, എന്തിന്‌, മറ്റൊരാളുടെ ഇണയെ മോഹിക്കുന്നതുപോലും തെറ്റാണെന്ന്‌ അവന്‌ അറിയാമായിരുന്നു. (പുറപ്പാടു 20:14, 17) കുളിച്ചുകൊണ്ടിരുന്ന ബത്ത്‌-ശേബയെ അവൻ കാണാൻ ഇടയായതാണ്‌ പ്രശ്‌നത്തിനു തുടക്കം. ദൃഷ്ടിയും മനസ്സും പെട്ടെന്നുതന്നെ മറ്റെന്തിലേക്കെങ്കിലും തിരിക്കാൻ ഉചിതമായ ദൈവഭയം അവനെ പ്രേരിപ്പിക്കേണ്ടതായിരുന്നു. എന്നാൽ മോഹം ദൈവഭയത്തെ കീഴ്‌പെടുത്തുന്ന ഒരു ഘട്ടത്തോളം അവൻ അവളെ നോക്കിക്കൊണ്ടിരുന്നു. (മത്തായി 5:28; 2 ശമൂവേൽ 11:1-4) ജീവിതത്തിലുടനീളം യഹോവ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന വസ്‌തുത അവൻ മറന്നുകളഞ്ഞു.​—⁠സങ്കീർത്തനം 139:1-7.

16. ദുഷ്‌പ്രവൃത്തി നിമിത്തം ദാവീദിന്‌ എന്തെല്ലാം ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവന്നു?

16 ബത്ത്‌-ശേബയുമായുള്ള അധാർമിക ബന്ധത്തിൽ ദാവീദിന്‌ ഒരു മകൻ ജനിച്ചു. അതിനുശേഷം അധികം താമസിയാതെ അവന്റെ പാപം തുറന്നുകാട്ടാൻ യഹോവ നാഥാൻ പ്രവാചകനെ അയച്ചു. സുബോധമുള്ളവനായിത്തീർന്ന ദാവീദ്‌ ദൈവഭയം വീണ്ടെടുക്കുകയും അനുതപിക്കുകയും ചെയ്‌തു. തന്നെ കൈവിടരുതെന്നും പരിശുദ്ധാത്മാവിനെ തന്നിൽനിന്ന്‌ എടുത്തുകളയരുതെന്നും അവൻ യഹോവയോടു യാചിച്ചു. (സങ്കീർത്തനം 51:7, 11) യഹോവ അവനോടു ക്ഷമിക്കുകയും ശിക്ഷ മയപ്പെടുത്തുകയും ചെയ്‌തുവെങ്കിലും അവന്റെ പ്രവൃത്തികളുടെ എല്ലാ പരിണതഫലങ്ങളിൽനിന്നും അവനെ സംരക്ഷിച്ചില്ല. അവന്റെ കുട്ടി മരിച്ചുപോകുന്നു. പിന്നീടങ്ങോട്ട്‌ ഹൃദയവേദന ഉളവാക്കുന്ന ദുരന്തങ്ങൾ അവന്റെ കുടുംബത്തെ വേട്ടയാടുന്നു. ദൈവഭയം താത്‌കാലികമായിട്ടാണെങ്കിലും നഷ്ടപ്പെട്ടതിനാൽ അവന്‌ എത്ര വലിയ വിലയാണ്‌ ഒടുക്കേണ്ടിവന്നത്‌!​—⁠2 ശമൂവേൽ 12:10-14; 13:10-14; 15:14.

17. പാപപ്രവൃത്തികൾ എത്രമാത്രം ഹൃദയവേദന ഉളവാക്കുന്നുവെന്നതിന്‌ ഒരു ദൃഷ്ടാന്തം പറയുക.

17 സമാനമായി ഇന്നും, ധാർമിക കാര്യങ്ങളിൽ ദൈവഭയം പ്രകടമാക്കുന്നതിലുള്ള പരാജയം ഗുരുതരവും നീണ്ടുനിൽക്കുന്നതുമായ ഭവിഷ്യത്തുകൾക്ക്‌ ഇടയാക്കുന്നു. ചെറുപ്പക്കാരിയായ ഒരു ഭാര്യയുടെ കാര്യമെടുക്കുക. മറുനാട്ടിൽ ജോലിക്കുപോയ ക്രിസ്‌ത്യാനിയായ ഭർത്താവ്‌ തന്നോട്‌ അവിശ്വസ്‌തത കാണിച്ചുവെന്നു മനസ്സിലാക്കിയപ്പോൾ അവൾക്കുണ്ടായ വേദന ഒന്നു സങ്കൽപ്പിച്ചുനോക്കൂ. തകർന്നുപോയ അവൾ ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. അവളുടെ വിശ്വാസവും ആദരവും വീണ്ടെടുക്കാൻ ആ ഭർത്താവ്‌ ഇനി എത്ര കാലം കാത്തിരിക്കേണ്ടിവരും? ദാരുണമായ പരിണതഫലങ്ങളോടുകൂടിയ ഇത്തരം സംഗതികൾ ഒഴിവാക്കാൻ യഥാർഥ ദൈവഭയം സഹായിക്കും.​—⁠1 കൊരിന്ത്യർ 6:18.

ദൈവഭയം പാപം ചെയ്യുന്നതിൽനിന്നു നമ്മെ തടയുന്നു

18. സാത്താന്റെ ലക്ഷ്യവും പ്രവർത്തനരീതിയും എന്താണ്‌?

18 സാത്താൻ മനുഷ്യരുടെ ധാർമിക മൂല്യങ്ങളെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുകയാണ്‌; സത്യക്രിസ്‌ത്യാനികളെ ദുഷിപ്പിക്കാൻ അവൻ പ്രത്യേകം ശ്രമിക്കുന്നു. ആ ലക്ഷ്യത്തിൽ നമ്മുടെ ഹൃദയത്തിലും മനസ്സിലും എത്തിച്ചേരാൻ ഒരു എളുപ്പവഴി​—⁠നമ്മുടെ ഇന്ദ്രിയങ്ങൾ, പ്രത്യേകിച്ച്‌ കണ്ണും ചെവിയും​—⁠അവൻ ഉപയോഗിക്കുന്നു. (എഫെസ്യർ 4:17-19) അധാർമിക വ്യക്തികളും അശ്ലീല ചിത്രങ്ങളും വാക്കുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ അപ്രതീക്ഷിതമായി കാണുകയോ കേൾക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും?

19. പ്രലോഭനം തരണംചെയ്യാൻ ദൈവഭയം ഒരു ക്രിസ്‌ത്യാനിയെ സഹായിച്ചത്‌ എങ്ങനെ?

19 യൂറോപ്പിൽ ഒരു ഡോക്ടറായി ജോലിചെയ്യുന്ന ക്രിസ്‌തീയ മൂപ്പനും കുടുംബനാഥനുമായ ആൻഡ്രേയുടെ * ഉദാഹരണം ശ്രദ്ധിക്കുക. രാത്രി-ഡ്യൂട്ടിയിലായിരിക്കേ ആശുപത്രിയിലെ സഹപ്രവർത്തകരായ സ്‌ത്രീകൾ തങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ക്ഷണിച്ചുകൊണ്ട്‌ പ്രേമചിഹ്നമായ ഹൃദയത്തിന്റെ ചിത്രങ്ങളുള്ള കുറിപ്പുകൾ അദ്ദേഹത്തിന്റെ തലയിണയിൽ പലപ്പോഴും പിൻചെയ്‌തു വെക്കുമായിരുന്നു. അത്തരം അഭ്യർഥനകളെല്ലാം പക്ഷേ, ആൻഡ്രേ സുദൃഢം തള്ളിക്കളഞ്ഞു. തന്നെയുമല്ല, അധാർമികമായ ആ ചുറ്റുപാട്‌ ഒഴിവാക്കാൻ അദ്ദേഹം അവിടത്തെ ജോലി ഉപേക്ഷിച്ച്‌ മറ്റൊരിടത്തേക്കു മാറി. ഇപ്രകാരം ദൈവഭയം പ്രകടമാക്കിയത്‌ അദ്ദേഹത്തിന്റെ പക്ഷത്ത്‌ തീർച്ചയായും ജ്ഞാനമായിരുന്നു. തത്‌ഫലമായി ആൻഡ്രേ അനുഗ്രഹിക്കപ്പെടുകയും ചെയ്‌തു​—⁠ഇപ്പോൾ അദ്ദേഹം സ്വന്തം രാജ്യത്തെ, യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിൽ അംശകാലാടിസ്ഥാനത്തിൽ സേവിക്കുന്നു.

20, 21. (എ) പാപം ചെയ്യാതിരിക്കാൻ ദൈവഭയം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

20 തെറ്റായ ചിന്തകളിൽ മുഴുകുമ്പോൾ ഒരു വ്യക്തി തനിക്ക്‌ അവകാശമില്ലാത്ത എന്തെങ്കിലും നേടുന്നതിനായി യഹോവയുമായുള്ള വിലയേറിയ ബന്ധം വലിച്ചെറിയാൻ തയ്യാറാകുന്ന ഒരു മാനസികാവസ്ഥയിൽ എത്തിച്ചേർന്നേക്കാം. (യാക്കോബ്‌ 1:14, 15) നേരേമറിച്ച്‌ നാം യഹോവയെ ഭയപ്പെടുന്നെങ്കിൽ ധാർമിക കാര്യങ്ങളിലുള്ള നമ്മുടെ ജാഗ്രതയ്‌ക്കു തുരങ്കംവെക്കുന്ന ആളുകൾ, സ്ഥലങ്ങൾ, പ്രവർത്തനങ്ങൾ, വിനോദം എന്നിവയിൽനിന്നെല്ലാം നാം വിട്ടുനിൽക്കുകയും വേണ്ടിവന്നാൽ അത്തരം സാഹചര്യങ്ങളിൽനിന്നു മാറിപ്പോകുകയും ചെയ്യും. (സദൃശവാക്യങ്ങൾ 22:3) അതിൽ ഉൾപ്പെട്ടിരുന്നേക്കാവുന്ന ഏതൊരു മാനസിക ബുദ്ധിമുട്ടും ത്യാഗവും ദൈവാംഗീകാരം നഷ്ടമാകുന്നതിനോടുള്ള താരതമ്യത്തിൽ ഏതുമില്ല. അശ്ലീലത്തിന്റെ എല്ലാ രൂപങ്ങളും ഉൾപ്പെടെ, അധാർമിക കാര്യങ്ങളിൽ ഒരിക്കലും മനഃപൂർവം ഏർപ്പെടാതെ ‘വ്യർഥകാര്യങ്ങളിൽനിന്നു കണ്ണുകളെ തിരിച്ചുകളയുന്നത്‌’ തീർച്ചയായും ദൈവഭയത്തിൽ ഉൾപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നപക്ഷം യഹോവ നമ്മുടെ ജീവൻ കാത്തുപരിപാലിക്കുമെന്നും യഥാർഥത്തിൽ ആവശ്യമുള്ളതെല്ലാം പ്രദാനം ചെയ്യുമെന്നും നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും.​—⁠സങ്കീർത്തനം 84:​11; 119:​37, NIBV.

21 തികഞ്ഞ ദൈവഭയത്തോടുകൂടി ജീവിക്കുകയെന്നതു തീർച്ചയായും ജ്ഞാനപൂർവകമായ ഗതിയാണ്‌. അതു യഥാർഥ സന്തുഷ്ടിയിലേക്കു നയിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 34:9) അത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം വ്യക്തമാക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 2 രണ്ട്‌ അധ്യയന ലേഖനങ്ങളിലുമുള്ള തിരുവെഴുത്തുകളിൽ, “ഭക്തി” എന്നു കാണുന്നിടത്തെല്ലാം ബൈബിളിന്റെ മൂലഭാഷകളിൽ “ഭയം” എന്നർഥമുള്ള പദങ്ങളാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

^ ഖ. 3 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!യുടെ 1998 ജനുവരി 8 ലക്കത്തിലെ “ബൈബിളിന്റെ വീക്ഷണം: സ്‌നേഹവാനായ ഒരു ദൈവത്തെ എങ്ങനെ ഭയപ്പെടാനാകും?” എന്ന ലേഖനം കാണുക.

^ ഖ. 19 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ദൈവഭയത്തിൽ ഏതെല്ലാം ക്രിസ്‌തീയ ഗുണങ്ങൾ ഉൾപ്പെട്ടിരിക്കുന്നു?

• ദൈവഭയം മാനുഷഭയത്തെ കീഴടക്കുന്നത്‌ എങ്ങനെ?

• പ്രാർഥന സംബന്ധിച്ച്‌ ഉചിതമായ വീക്ഷണമുണ്ടെന്നു പ്രകടമാക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

• ദൈവഭയം നമ്മെ പാപം ചെയ്യുന്നതിൽനിന്നു തടയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

യഹോവയുടെ കരവേലകൾ നിരീക്ഷിച്ചതിലൂടെ ദാവീദ്‌ ദൈവഭയം എന്തെന്നു മനസ്സിലാക്കി

[24-ാം പേജിലെ ചിത്രങ്ങൾ]

പ്രലോഭനാത്മകമായ ഒരു രംഗം അപ്രതീക്ഷിതമായി കാണേണ്ടിവരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കും?