വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവഭക്തി ‘ജ്ഞാനത്തിനുള്ള പരിശീലനം’

ദൈവഭക്തി ‘ജ്ഞാനത്തിനുള്ള പരിശീലനം’

ദൈവഭക്തി ‘ജ്ഞാനത്തിനുള്ള പരിശീലനം’

യഥാർഥ ജ്ഞാനം വലിയ ഒരു വിരുന്നൊരുക്കി. “അവൾ തന്റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചു പറയിക്കുന്നതു: അല്‌പബുദ്ധിയായവൻ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവൾ പറയിക്കുന്നതു; വരുവിൻ, എന്റെ അപ്പം തിന്നുകയും ഞാൻ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‌വിൻ! ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിൻ! വിവേകത്തിന്റെ മാർഗ്ഗത്തിൽ നടന്നുകൊൾവിൻ.”​—⁠സദൃശവാക്യങ്ങൾ 9:1-6

ജ്ഞാനമൊരുക്കുന്ന വിരുന്നിൽ പങ്കുകൊള്ളുന്നത്‌ ഒരിക്കലും ദോഷത്തിൽ കലാശിക്കുകയില്ല. നിശ്വസ്‌ത സദൃശവാക്യങ്ങളിലുള്ള ദിവ്യജ്ഞാനത്തിനു ചെവികൊടുക്കുന്നതും അതിന്റെ പരിശീലനം അഥവാ ശിക്ഷണം സ്വീകരിക്കുന്നതും നന്മയേ കൈവരുത്തൂ. സദൃശവാക്യങ്ങൾ 15:16-33-ലെ ജ്ഞാനമൊഴികളുടെ കാര്യത്തിലും ഇതുതന്നെ സത്യമാണ്‌. * ഈ സംക്ഷിപ്‌ത വചനങ്ങളിലെ ഉപദേശത്തിനു ശ്രദ്ധ നൽകുന്നത്‌ ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടാനും അഭിവൃദ്ധി പ്രാപിക്കാനും ജീവിതം സന്തോഷപൂർണമാക്കാനും നമ്മെ സഹായിക്കുന്നു. കൂടാതെ, അങ്ങനെ ചെയ്യുന്നത്‌ ജീവിതത്തിൽ നല്ല തീരുമാനങ്ങളെടുക്കാനും ജീവന്റെ പാതയിൽനിന്നു വ്യതിചലിക്കാതിരിക്കാനും നമ്മെ പ്രാപ്‌തരാക്കുകയും ചെയ്യുന്നു.

‘അല്‌പധനം നല്ലതാ’യിരിക്കുമ്പോൾ

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ശലോമോൻ പറയുന്നു: “ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്‌പധനം ഉള്ളതു നന്ന്‌.” (സദൃശവാക്യങ്ങൾ 15:16) സ്രഷ്ടാവിനെ പാടെ വിസ്‌മരിച്ച്‌ ധനാർജനം ജീവിതത്തിലെ മുഖ്യലക്ഷ്യമാക്കുന്നത്‌ തികച്ചും മൗഢ്യമായിരിക്കും. അത്തരമൊരു ജീവിതം ക്ഷീണിപ്പിക്കുന്ന ഉദ്യമങ്ങളുടെയും ഉത്‌കണ്‌ഠകളുടെയും ആകെത്തുകയാണ്‌. ഇതുവരെ ചെയ്‌തതെല്ലാം വ്യർഥവും അർഥശൂന്യവും ആണെന്ന്‌ ജീവിത സായാഹ്നത്തിൽ തിരിച്ചറിയുന്നത്‌ എത്ര ലജ്ജാകരമായിരിക്കും! വസ്‌തുവകകൾ വാരിക്കൂട്ടുന്നത്‌ “കഷ്ടത”യ്‌ക്ക്‌ ഇടയാക്കുന്നു എന്നിരിക്കെ അതിനു ശ്രമിക്കുന്നത്‌ തീർച്ചയായും ബുദ്ധിയല്ല. യഥാർഥ സന്തുഷ്ടിയും സംതൃപ്‌തിയും എങ്ങനെ കണ്ടെത്താമെന്ന്‌ അറിയുന്നതും ആ അറിവിനു ചേർച്ചയിൽ ജീവിക്കുന്നതും അതിലുമെത്രയോ നല്ലതാണ്‌! യഹോവാഭക്തി അതായത്‌ യഹോവയുമായുള്ള നമ്മുടെ ബന്ധമാണ്‌ യഥാർഥ സംതൃപ്‌തിയുടെ ഉറവ്‌, അല്ലാതെ ഭൗതികസമ്പത്തല്ല.​—⁠1 തിമൊഥെയൊസ്‌ 6:6-8

മറ്റുള്ളവരുമായുള്ള നല്ല ബന്ധമാണ്‌ ഭൗതിക സമൃദ്ധിയെക്കാൾ മൂല്യവത്തായിരിക്കുന്നത്‌ എന്ന വസ്‌തുതയ്‌ക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ ശലോമോൻ പറയുന്നു: “ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്‌നേഹമുള്ളെടത്തെ ശാകഭോജനം [‘സസ്യാഹാരം,’ പി.ഒ.സി. ബൈബിൾ] നല്ലത്‌.” (സദൃശവാക്യങ്ങൾ 15:17) അതേ, നിരവധി വിശിഷ്ടഭോജ്യങ്ങൾ ഉള്ളതിനെക്കാൾ അഭികാമ്യമാണ്‌ സ്‌നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള ഒരു കുടുംബത്തിൽ വരുമാനം വളരെ പരിമിതമായിരുന്നേക്കാം. ചില രാജ്യങ്ങളിൽ ലളിതമായ ഭക്ഷണം മാത്രമായിരിക്കും കൊടുക്കാൻ സാധിക്കുക. എന്നിരുന്നാലും സ്‌നേഹവും വാത്സല്യവും ആരോഗ്യകരമായ ഒരു കുടുംബാന്തരീക്ഷം പ്രദാനംചെയ്യും.

പൊതുവേ സ്‌നേഹപുരസ്സരമായ അന്തരീക്ഷം നിലനിൽക്കുന്ന കുടുംബങ്ങളിൽപ്പോലും പ്രശ്‌നങ്ങൾ തലപൊക്കിയേക്കാം. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ കുടുംബത്തിലെ ഒരംഗം മറ്റൊരംഗത്തെ വ്രണപ്പെടുത്തിയേക്കാം. വ്രണിതനായ വ്യക്തി എങ്ങനെ പ്രതികരിക്കണം? “ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 15:18 പ്രസ്‌താവിക്കുന്നു. ദേഷ്യപ്പെടുന്നതിനുപകരം സൗമ്യമായി പ്രതികരിക്കുന്നത്‌ ശാന്തിയും സമാധാനവും കൈവരുത്തും. സദൃശവാക്യങ്ങളിലെ ഈ ബുദ്ധിയുപദേശം സഭാപ്രവർത്തനങ്ങൾ, പരസ്യ ശുശ്രൂഷ എന്നിങ്ങനെ ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലും ഒരുപോലെ ബാധകമാണ്‌.

പാത “നിരപ്പായ രാജവീഥിആയിരിക്കുമ്പോൾ

അടുത്ത സദൃശവാക്യം ജ്ഞാനത്തിനു ചെവി ചായിച്ചവനും അല്ലാത്തവനും തമ്മിലുള്ള വൈരുധ്യം എടുത്തു കാണിക്കുന്നു. ജ്ഞാനിയായ രാജാവ്‌ പറയുന്നു: “മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി [“നിരപ്പായ രാജവീഥി,” “പി.ഒ.സി.”] തന്നേ.”​—⁠സദൃശവാക്യങ്ങൾ 15:19.

എന്തെങ്കിലും ചെയ്‌തു തുടങ്ങുന്നതിലുള്ള തന്റെ പരാജയത്തെ ന്യായീകരിക്കാൻ ഒരു മടിയൻ, ലോകത്തിലുള്ള സകല കാരണങ്ങളും കണ്ടെത്തും. നേരെ മറിച്ച്‌ നീതിനിഷ്‌ഠരായവർ തങ്ങളെ ബുദ്ധിമുട്ടിച്ചേക്കാവുന്ന തടസ്സങ്ങളെയോർത്ത്‌ വ്യാകുലപ്പെടുന്നില്ല. അവർ കർമനിരതരും ജോലിക്ക്‌ ബദ്ധശ്രദ്ധ നൽകുന്നവരും ആണ്‌. ഉദാസീനത കാണിച്ചിരുന്നെങ്കിൽ അഭിമുഖീകരിക്കാൻ ഇടയുണ്ടായിരുന്ന അനേകം വിഷമ പ്രശ്‌നങ്ങളെ അവർ അങ്ങനെ ഒഴിവാക്കുന്നു. അവരുടെ പാത “നിരപ്പായ രാജവീഥി”പോലെയാണ്‌. അവർ ജോലിയുമായി മുന്നോട്ടുപോവുകയും അതിന്റെ പുരോഗതിയിൽ സന്തോഷിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്‌ ദൈവവചനത്തിന്റെ സൂക്ഷ്‌മ പരിജ്ഞാനം നേടുകയും പക്വതയിലേക്കു പുരോഗമിക്കുകയും ചെയ്യുന്നതിന്റെ കാര്യമെടുക്കാം. അതിനു പരിശ്രമം വേണം. വേണ്ടത്ര വിദ്യാഭ്യാസമില്ലെന്നോ വായനാപ്രാപ്‌തി കുറവാണെന്നോ ഓർമക്കുറവുണ്ടെന്നോ ഒക്കെ പറഞ്ഞുകൊണ്ട്‌, ശുഷ്‌കാന്തിയോടെ വ്യക്തിപരമായി ബൈബിൾ പഠിക്കാതിരിക്കുന്നതിന്‌ ഒഴികഴിവുകൾ കണ്ടെത്തുക എളുപ്പമാണ്‌. ഇത്തരം കാര്യങ്ങളെ അറിവിന്റെ പാതയിലെ തടസ്സങ്ങളായി കരുതാതിരിക്കുന്നത്‌ എത്രയോ നല്ലതാണ്‌! കഴിവുകൾ പരിമിതമാണെങ്കിൽപ്പോലും വായനാപ്രാപ്‌തിയും ഗ്രാഹ്യവും മെച്ചപ്പെടുത്താൻ വേണ്ടി നമുക്കു പരിശ്രമിക്കാൻ സാധിക്കും, ഒരുപക്ഷേ ആവശ്യമായി വരുമ്പോൾ ഒരു നിഘണ്ടു ഉപയോഗിച്ചുകൊണ്ട്‌. ഒരു ക്രിയാത്മക മനോഭാവം അറിവു സമ്പാദിക്കാനും ആത്മീയ പുരോഗതി കൈവരിക്കാനും നമ്മെ സഹായിക്കും.

‘അപ്പൻ സന്തോഷിക്കുമ്പോൾ’

“ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു” എന്ന്‌ ഇസ്രായേലിന്റെ രാജാവു പറയുന്നു. (സദൃശവാക്യങ്ങൾ 15:20) ജ്ഞാനപൂർവം മക്കൾ പ്രവർത്തിക്കുന്നത്‌ മാതാപിതാക്കളെ സന്തോഷിപ്പിക്കില്ലേ? മക്കൾ ആ വിധത്തിൽ പ്രവർത്തിക്കണമെങ്കിൽ മാതാപിതാക്കൾ അവർക്കു പരിശീലനവും ശിക്ഷണവും നൽകണം എന്നതു ശരിതന്നെ. (സദൃശവാക്യങ്ങൾ 22:6) എന്നാൽ ജ്ഞാനിയായ ഒരു പുത്രൻ മാതാപിതാക്കൾക്ക്‌ സന്തോഷിക്കാനുള്ള എത്ര നല്ല കാരണമാണ്‌! മൂഢനായ ഒരുവനോ, അവർക്ക്‌ തോരാത്ത കണ്ണുനീരിന്‌ ഇടനൽകുന്നു.

“സന്തോഷം” എന്ന വാക്ക്‌ മറ്റൊരു സന്ദർഭത്തിൽ പ്രയോഗിച്ചുകൊണ്ട്‌ ജ്ഞാനിയായ രാജാവു പറയുന്നു: “ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.” (സദൃശവാക്യങ്ങൾ 15:21) യഥാർഥ സംതൃപ്‌തിയോ സന്തോഷമോ നൽകാത്ത, വിഡ്‌ഢിത്തം നിഴലിക്കുന്ന കളിതമാശകളിലും ഉല്ലാസങ്ങളിലും ബുദ്ധിഹീനർ ആനന്ദിക്കുന്നു. എന്നാൽ വിവേകിയായ മനുഷ്യൻ, ‘ദൈവപ്രിയമില്ലാതെ ഭോഗപ്രിയനായി’ അഥവാ ഉല്ലാസപ്രിയനായി നടക്കുന്നതിലെ മൗഢ്യം തിരിച്ചറിയുന്നു. (2 തിമൊഥെയൊസ്‌ 3:1, 4, 5) ദൈവികതത്ത്വങ്ങളോടു പറ്റിനിൽക്കുന്നത്‌ നീതിനിഷ്‌ഠനായി നിലകൊള്ളാനും തന്റെ വഴി ചൊവ്വുള്ളതാക്കി നിറുത്താനും അവനെ സഹായിക്കുന്നു.

‘ഉദ്ദേശ്യങ്ങൾ സാധി’ക്കുമ്പോൾ

ദിവ്യതത്ത്വങ്ങൾക്ക്‌ അനുസൃതമായി ജീവിക്കുന്നത്‌ ജീവിതത്തിന്റെ മറ്റു വശങ്ങളിലും പ്രയോജനകരമാണ്‌. സദൃശവാക്യങ്ങൾ 15:22 പ്രസ്‌താവിക്കുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.”

ഇവിടെ ആലോചന, പുതിയലോക ഭാഷാന്തരം അനുസരിച്ച്‌ സ്വകാര്യ സംഭാഷണം, വ്യക്തികൾ തമ്മിലുള്ള സ്വകാര്യവും ഉള്ളുതുറന്നതുമായ ആശയവിനിമയത്തെയാണ്‌ അർഥമാക്കുന്നത്‌. “ആലോചന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം സങ്കീർത്തനം 89:​7-ൽ “ഉറ്റബന്ധമുള്ളവരുടെ സംഘം” (NW) എന്നാണു വിവർത്തനം ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട്‌ ആ പദത്തിന്‌ ഉറ്റബന്ധമുള്ളവർക്കിടയിലെ ആശയവിനിമയത്തെ അർഥമാക്കാൻ കഴിയും. കേവലം ഉപരിപ്ലവമായ സംഭാഷണത്തെക്കാൾ ഉപരി ഉള്ളിന്റെയുള്ളിലെ വികാര വിചാരങ്ങളുടെ കൈമാറ്റമാണത്‌. ഭാര്യാഭർത്താക്കന്മാർ തമ്മിലും, മാതാപിതാക്കളും കുട്ടികളും തമ്മിലും ഇതുപോലെ മനസ്സുതുറന്ന്‌ ആശയവിനിമയം നടത്തുമ്പോൾ അവർക്കിടയിൽ ഐക്യവും സമാധാനവും ഉണ്ടാകും. എന്നാൽ അത്തരം ആശയവിനിമയത്തിന്റെ അഭാവം ഇച്ഛാഭംഗങ്ങളിലും പ്രശ്‌നങ്ങളിലും കുടുംബത്തെ കൊണ്ടെത്തിക്കും.

പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ “ആലോചനക്കാരുടെ ബഹുത്വത്താലോ അവ [ഉദ്ദേശ്യങ്ങൾ] സാധിക്കുന്നു” എന്ന ഉപദേശം ഗൗനിക്കുന്നതു ജ്ഞാനമാണ്‌. ഉദാഹരണത്തിന്‌ ചികിത്സ തിരഞ്ഞെടുക്കുമ്പോൾ രണ്ടോ മൂന്നോ ഡോക്ടർമാരുടെ അഭിപ്രായം ആരായുന്നത്‌ ബുദ്ധി ആയിരിക്കില്ലേ, വിശേഷിച്ചും ഗൗരവമേറിയ പ്രശ്‌നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ?

ആത്മീയ കാര്യങ്ങളുടെ നടത്തിപ്പിനോടുള്ള ബന്ധത്തിൽ, അനേകം ആലോചനക്കാരുള്ളതിന്റെ മൂല്യം എത്ര പറഞ്ഞാലും അധികമാവില്ല. മൂപ്പന്മാർ അന്യോന്യം കൂടിയാലോചിച്ച്‌ എല്ലാവരുടെയും ജ്ഞാനം പ്രയോജനപ്പെടുത്തുമ്പോൾ ‘ഉദ്ദേശ്യങ്ങൾ സാധിക്കുന്നു.’ പുതുതായി നിയമനം ലഭിച്ച മേൽവിചാരകന്മാർ പ്രായവും കൂടുതൽ അനുഭവപരിചയവുമുള്ള മൂപ്പന്മാരിൽനിന്ന്‌ ഉപദേശം തേടാൻ മടിക്കരുത്‌, പ്രത്യേകിച്ച്‌ പ്രയാസമേറിയ ഒരു സംഗതിയാണ്‌ കൈകാര്യം ചെയ്യേണ്ടതെങ്കിൽ.

‘ഉത്തരം ഹേതുവായി സന്തോഷം’ വരുമ്പോൾ

ഉൾക്കാഴ്‌ചയോടെ പറയുന്ന വാക്കുകൾ ഏത്‌ നല്ല ഫലം ഉളവാക്കിയേക്കാം? “താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും,” ഇസ്രായേലിന്റെ രാജാവു പറയുന്നു, “തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!” (സദൃശവാക്യങ്ങൾ 15:23) ആരെങ്കിലും നമ്മുടെ മറുപടിയോ ഉപദേശമോ അനുസരിച്ചു പ്രവർത്തിക്കുകയും അതു നല്ല ഫലങ്ങൾ കൈവരുത്തുകയും ചെയ്യുമ്പോൾ നമുക്കു സന്തോഷം തോന്നുകയില്ലേ? എന്നാൽ നമ്മുടെ ഉപദേശം ഫലവത്താകണമെങ്കിൽ അത്‌ രണ്ടു നിബന്ധനകൾ പാലിക്കണം.

ഒന്നാമതായി, ബുദ്ധിയുപദേശം ദൈവവചനമായ ബൈബിളിൽ അടിയുറച്ചതായിരിക്കണം. (സങ്കീർത്തനം 119:105; 2 തിമൊഥെയൊസ്‌ 3:16, 17) ഇനി, അത്‌ തക്ക സമയത്തുതന്നെ പറയേണ്ടതുണ്ട്‌. അനുചിതമായ സമയത്തു പറയുന്ന സത്യസന്ധമായ വാക്കുകൾ പോലും വിനയായേക്കാം. ഉദാഹരണത്തിന്‌, ഒരു വ്യക്തിക്കു പറയാനുള്ളതു മുഴുവൻ കേൾക്കുന്നതിനു മുമ്പ്‌ ഉപദേശിക്കുന്നത്‌ ജ്ഞാനമല്ല; അത്‌ ആ വ്യക്തിയെ സഹായിക്കുകയുമില്ല. നമ്മൾ “കേൾപ്പാൻ വേഗതയും പറവാൻ താമസവും” ഉള്ളവർ ആയിരിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌!​—⁠യാക്കോബ്‌ 1:19

“ജീവയാത്ര മേലോട്ടാകുന്നു”

സദൃശവാക്യങ്ങൾ 15:24 പ്രസ്‌താവിക്കുന്നു: “ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും.” ബുദ്ധിപൂർവം അഥവാ ഉൾക്കാഴ്‌ചയോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തി മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയായ ഷിയോളിൽനിന്ന്‌ അകന്നുപോകുന്ന പാതയിലാണ്‌. അവൻ കുത്തഴിഞ്ഞ ലൈംഗികത, മയക്കുമരുന്നിന്റെ ഉപയോഗം, മദ്യത്തിന്റെ ദുരുപയോഗം തുടങ്ങിയ ഹാനികരമായ സംഗതികൾ വർജിക്കുകയും അങ്ങനെ അകാലമൃത്യു ഒഴിവാക്കുകയും ചെയ്യുന്നു. അവന്റെ വഴി ജീവനിലേക്കു പോകുന്നു.

നേരെ മറിച്ച്‌ ഉൾക്കാഴ്‌ചയില്ലാത്തവരുടെ വഴിയൊന്നു ശ്രദ്ധിക്കൂ. “അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും. ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിർമ്മലം. ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.”​—⁠സദൃശവാക്യങ്ങൾ 15:25-​27.

വളരെ സാധാരണമായ ഒരപകടം എങ്ങനെ ഒഴിവാക്കാമെന്നു കാണിച്ചുകൊണ്ട്‌ ഇസ്രായേൽ രാജാവ്‌ പറയുന്നു: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.” (സദൃശവാക്യങ്ങൾ 15:28) ഈ സദൃശവാക്യത്തിലെ ബുദ്ധിയുപദേശം എത്ര മൂല്യമുള്ളതാണ്‌! ചിന്തിക്കാതെ വായിൽ തോന്നിയത്‌ വിളിച്ചു പറയുന്നതുകൊണ്ട്‌ ഗുണമൊന്നും ഉണ്ടാവുകയില്ല. മറ്റുള്ളവരുടെ സാഹചര്യങ്ങളും വികാരങ്ങളും ഉൾപ്പെടെ ഒരു കാര്യവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത ഘടകങ്ങൾ പരിഗണിക്കുമ്പോൾ നാം പിന്നീട്‌ ഖേദിക്കേണ്ടിവരുന്ന എന്തെങ്കിലും പറയാനുള്ള സാധ്യത വളരെ കുറവാണ്‌.

ദൈവത്തെ ഭയപ്പെടുകയും അവന്റെ ശിക്ഷണം സ്വീകരിക്കുകയും ചെയ്യുന്നതിന്റെ പ്രയോജനത്തെക്കുറിച്ച്‌ ജ്ഞാനിയായ ശലോമോൻ ഇങ്ങനെ പറയുന്നു: “യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.” (സദൃശവാക്യങ്ങൾ 15:29) സത്യദൈവം ദുഷ്ടന്മാരിൽനിന്ന്‌ അകന്നിരിക്കുന്നു. “ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു” എന്നു ബൈബിൾ പ്രസ്‌താവിക്കുന്നു. (സദൃശവാക്യങ്ങൾ 28:9) ദൈവത്തെ ഭയപ്പെടുകയും അവന്റെ കണ്ണിൽ ശരിയായതു ചെയ്യാൻ യത്‌നിക്കുകയും ചെയ്യുന്നവർക്ക്‌, അവൻ പ്രാർഥന കേൾക്കും എന്ന ഉത്തമ ബോധ്യത്തിൽ സ്വാതന്ത്ര്യത്തോടെ അവനെ സമീപിക്കാൻ സാധിക്കും.

‘ഹൃദയത്തെ സന്തോഷിപ്പിക്കുന്നത്‌’ എന്താണ്‌?

ചിന്തോദ്ദീപകമായ ഒരു താരതമ്യം നടത്തിക്കൊണ്ട്‌ ശലോമോൻ പറയുന്നു: “കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു [“പുഷ്ടിപ്പെടുത്തുന്നു,” NW].” (സദൃശവാക്യങ്ങൾ 15:30) അസ്ഥികൾ “പുഷ്ടി”പ്രാപിക്കുന്നത്‌ അതിൽ മജ്ജ നിറയുമ്പോഴാണ്‌. ഇത്‌ മുഴുശരീരത്തിനും ഉത്തേജനം പകരുകയും ഹൃദയത്തെ ആനന്ദിപ്പിക്കുകയും ചെയ്യും. ഈ ഹൃദയാനന്ദം കണ്ണുകളിൽ തിളങ്ങിക്കാണാം. ഇതാണ്‌ ഒരു നല്ല വാർത്തയുടെ പ്രഭാവം!

ലോകവ്യാപകമായി യഹോവയുടെ ആരാധനയിൽ ഉണ്ടാകുന്ന വർധനയെക്കുറിച്ചുള്ള വാർത്തകൾ നമുക്ക്‌ യഥാർഥ പ്രോത്സാഹനത്തിന്റെ ഒരു ഉറവല്ലേ? രാജ്യപ്രസംഗ വേലയിലും ശിഷ്യരാക്കൽ വേലയിലും ഉണ്ടായ എല്ലാ നേട്ടങ്ങളെയും കുറിച്ചറിയുന്നത്‌ തീർച്ചയായും ശുശ്രൂഷയിൽ കൂടുതലായി പങ്കുപറ്റാൻ നമുക്കൊരു ഉത്തേജനമാണ്‌. (മത്തായി 24:14; 28:19, 20) യഹോവയെ ദൈവമായി അംഗീകരിച്ചുകൊണ്ട്‌ സത്യാരാധന സ്വീകരിക്കുന്നവരുടെ അനുഭവങ്ങൾ നമ്മുടെ ഹൃദയത്തെ സന്തോഷംകൊണ്ടു നിറയ്‌ക്കുന്നു. ‘ദൂരദേശത്തുനിന്നുള്ള നല്ല വർത്തമാന’ത്തിന്‌ ഇത്ര ശക്തമായ സ്വാധീനമുള്ളപ്പോൾ ശുശ്രൂഷയിൽ നാം ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി, മനസ്സാക്ഷിപൂർവം റിപ്പോർട്ടു ചെയ്യേണ്ടത്‌ എത്ര പ്രധാനമാണ്‌!​—⁠സദൃശവാക്യങ്ങൾ 25:25

“വിനയം ബഹുമതിയുടെ മുന്നോടി”

എല്ലാത്തരത്തിലുമുള്ള ശിക്ഷണം സ്വീകരിക്കേണ്ടതിന്റെ മൂല്യത്തിന്‌ ഊന്നൽ നൽകിക്കൊണ്ട്‌ ജ്ഞാനിയായ രാജാവ്‌ പറയുന്നു: “ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും. പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.” (സദൃശവാക്യങ്ങൾ 15:31, 32) ശാസന അല്ലെങ്കിൽ ശിക്ഷണം ഒരു വ്യക്തിയുടെ ഹൃദയത്തിലെത്തി ആവശ്യമായ പരിവർത്തനം വരുത്തിക്കൊണ്ട്‌ ആ വ്യക്തിയെ സുബോധത്തിലേക്കു വരുത്തുന്നു. “ശിക്ഷണത്തിന്റെ വടി” ‘ബാലന്റെ ഹൃദയത്തോടു പറ്റിച്ചേർന്നിരിക്കുന്ന ഭോഷത്തം’ നീക്കിക്കളയുന്നു എന്നു പറയുന്നതിൽ അതിശയിക്കാനില്ല! (സദൃശവാക്യങ്ങൾ 22:​15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ശിക്ഷണം ശ്രദ്ധിക്കുന്നവൻ വിവേകം സമ്പാദിക്കുന്നു, നല്ല ആന്തരം ഉള്ളവനായിത്തീരുന്നു. നേരെ മറിച്ച്‌ ശിക്ഷണം നിരസിക്കുകയെന്നാൽ ജീവൻ നിരസിക്കുകയെന്നാണ്‌ അർഥം.

തീർച്ചയായും, ജ്ഞാനത്തിന്റെ ശിക്ഷണത്തെ സ്വാഗതം ചെയ്‌ത്‌ താഴ്‌മയോടെ അതു സ്വീകരിക്കുന്നത്‌ പ്രയോജനകരമാണ്‌. അങ്ങനെ ചെയ്യുന്നത്‌ സംതൃപ്‌തി, അഭിവൃദ്ധി, ആനന്ദം, നേട്ടം എന്നിവ മാത്രമല്ല ബഹുമതിയും ജീവനുംകൂടെ കൈവരുത്തും. ഉപസംഹാരമായി, സദൃശവാക്യങ്ങൾ 15:33  (പി.ഒ.സി.) പറയുന്നു: “ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണ്‌; വിനയം ബഹുമതിയുടെ മുന്നോടിയും.”

[അടിക്കുറിപ്പ്‌]

^ ഖ. 3 സദൃശവാക്യങ്ങൾ 15:1-15 വരെയുള്ള വാക്യങ്ങളുടെ ഒരു വിശദമായ ചർച്ചയ്‌ക്ക്‌ 2006 ജൂലൈ 1 വീക്ഷാഗോപുരത്തിന്റെ 13 മുതൽ 16 വരെയുള്ള പേജുകൾ കാണുക.

[17-ാം പേജിലെ ചിത്രം]

നിരവധി വിശിഷ്ടഭോജ്യങ്ങൾ ഉള്ളതിനെക്കാൾ അഭികാമ്യമാണ്‌ സ്‌നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം

[18-ാം പേജിലെ ചിത്രം]

പരിമിതികൾ ഉണ്ടെങ്കിലും, ഒരു ക്രിയാത്മക മനോഭാവം അറിവു സമ്പാദിക്കാൻ നമ്മെ സഹായിക്കുന്നു

[19-ാം പേജിലെ ചിത്രം]

സ്വകാര്യ സംഭാഷണം ഉള്ളിന്റെയുള്ളിലെ വികാര വിചാരങ്ങളുടെ കൈമാറ്റമാണ്‌

[20-ാം പേജിലെ ചിത്രം]

‘നല്ല വർത്തമാനം അസ്ഥികളെ പുഷ്ടിപ്പെടുത്തുന്നത്‌’ എങ്ങനെയാണെന്ന്‌ നിങ്ങൾക്കറിയാമോ?