വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മനുഷ്യന്റെ അന്തസ്സ്‌ പലപ്പോഴും ലംഘിക്കപ്പെടുന്ന ഒരു അവകാശം

മനുഷ്യന്റെ അന്തസ്സ്‌ പലപ്പോഴും ലംഘിക്കപ്പെടുന്ന ഒരു അവകാശം

മനുഷ്യന്റെ അന്തസ്സ്‌ പലപ്പോഴും ലംഘിക്കപ്പെടുന്ന ഒരു അവകാശം

“തടങ്കൽപ്പാളയത്തിലെ ജീവിതത്തിനിടയിൽ ഉണ്ടായ ഓരോ അനുഭവവും, മാനഹാനിക്കും അപമാനത്തിനും ഇടയാക്കിക്കൊണ്ട്‌ മനുഷ്യന്റെ അന്തസ്സിനുമേൽ ഏൽപ്പിച്ച മറ്റൊരു പ്രഹരമായിരുന്നു.” ​—⁠മാഗ്‌ദലേന കുസേറോ റോയിറ്റർ, നാസി തടങ്കൽപ്പാളയത്തെ അതിജീവിച്ച ഒരു വ്യക്തി.

രണ്ടാം ലോക മഹായുദ്ധകാലത്ത്‌ നാസി തടങ്കൽപ്പാളയത്തിൽ അരങ്ങേറിയ നിഷ്‌ഠുര കൃത്യങ്ങൾ അത്യന്തം ഭീതിദമായിരുന്നെങ്കിലും മനുഷ്യന്റെ അന്തസ്സ്‌ ധ്വംസിക്കപ്പെടുന്നതിന്റെ തുടക്കമോ ഒടുക്കമോ ആയിരുന്നില്ല അത്‌. കഴിഞ്ഞകാല സംഗതികളോ നിലവിലുള്ള സ്ഥിതിഗതികളോ ഏതുതന്നെ പരിശോധിച്ചാലും ഒരു കാര്യം വ്യക്തമാണ്‌: “മാനഹാനിക്കും അപമാനത്തിനും ഇടയാക്കിക്കൊണ്ട്‌ മനുഷ്യന്റെ അന്തസ്സിന്മേൽ ഏൽപ്പിച്ച . . . പ്രഹര”ത്തിന്‌ ദീർഘനാളായി അനേകർ ഇരകളായിരിക്കുന്നു.

അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിക്കപ്പെടുന്നത്‌ മനുഷ്യചരിത്രത്തിനു കളങ്കംചാർത്തിയിട്ടുള്ള കൊടുംക്രൂരതകളിൽ മാത്രം ഒതുങ്ങുന്നതല്ല. അതിന്റെ വൃത്തികെട്ട മുഖം കൂടുതൽ കുടിലമായ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. പിൻവരുന്നവയെക്കുറിച്ചു ചിന്തിക്കുക: ശാരീരികമായ ചില പ്രത്യേകതകളാൽ പരിഹാസപാത്രമാകുന്ന കുട്ടി; അല്ലെങ്കിൽ ചില “വിദേശ” രീതികൾ നിമിത്തം അവഹേളിക്കപ്പെടുന്ന അന്യദേശക്കാരൻ; അതുമല്ലെങ്കിൽ തൊലിനിറത്തിന്റെയോ ദേശത്തിന്റെയോ പേരിൽ വിവേചനത്തിന്‌ ഇരയാകുന്നയാൾ. അതിന്‌ ഉത്തരവാദികളായവർക്ക്‌ അതൊക്കെ വെറുമൊരു തമാശയായിരിക്കാം. എന്നാൽ അത്‌ അനുഭവിക്കുന്നവരുടെ വേദനയും അപമാനവും കേവലം ചിരിച്ചു തള്ളാവുന്നവയല്ല.​—⁠സദൃശവാക്യങ്ങൾ 26:18, 19.

മനുഷ്യന്റെ അന്തസ്സ്‌​—⁠എന്താണത്‌?

ഒരു നിഘണ്ടു അന്തസ്സിനെ ‘യോഗ്യതയുടെയോ ആദരണീയതയുടെയോ ഔന്നത്യത്തിന്റെയോ ഒരു അവസ്ഥ അല്ലെങ്കിൽ ഗുണം’ എന്നാണു നിർവചിക്കുന്നത്‌. അതുകൊണ്ട്‌ മനുഷ്യന്റെ അന്തസ്സിൽ നാംതന്നെ നമ്മെ വീക്ഷിക്കുന്ന രീതിയും മറ്റുള്ളവർ നമ്മോട്‌ ഇടപെടുന്ന വിധവും ഉൾപ്പെടുന്നു. നാം സ്വയം എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്‌ എന്നതു ശരിതന്നെ. എന്നാൽ മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കുന്നു, നമ്മോട്‌ എങ്ങനെ ഇടപെടുന്നു എന്നത്‌ അനുദിന ജീവിതത്തിൽ തന്നെക്കുറിച്ചുതന്നെ മതിപ്പുണ്ടാകുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

പാവങ്ങളും നിസ്സഹായരും ദുർബലരും ആയ ആളുകൾ എവിടെയുമുണ്ട്‌. എന്നിരുന്നാലും കേവലം അത്തരമൊരു സാഹചര്യത്തിലായിരിക്കുന്നത്‌ ഒരു വ്യക്തിയുടെ അന്തസ്സിന്‌ മങ്ങലേൽപ്പിക്കണമെന്നില്ല. അതേസമയം മറ്റുള്ളവരുടെ മനോഭാവവും പ്രതികരണവും ഒരുവന്റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിച്ചേക്കാം. സാധാരണഗതിയിൽ ദുരിതപൂർണമായ അവസ്ഥകളിലുള്ളവരാണ്‌ അപമാനത്തിനും നിന്ദയ്‌ക്കും പാത്രമാകുന്നത്‌ എന്നതാണ്‌ ഒരു ദുഃഖസത്യം. വൃദ്ധജനങ്ങൾ, പാവപ്പെട്ടവർ, മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ളവർ എന്നിവർക്കു നേരിടേണ്ടിവരുന്ന ദുഷ്‌പെരുമാറ്റത്തോടു ബന്ധപ്പെട്ട്‌ ‘വിലകെട്ടവർ,” “അനർഹർ,” “യാതൊരു വകയ്‌ക്കും കൊള്ളാത്തവർ” എന്നിങ്ങനെയുള്ള വാക്കുകൾ നാം എത്ര കൂടെക്കൂടെയാണു കേൾക്കാറുള്ളത്‌!

ആളുകൾ മറ്റുള്ളവരെ തരംതാഴ്‌ത്തുന്നത്‌ എന്തുകൊണ്ടാണ്‌? അന്തസ്സോടെ ജീവിക്കാനുള്ള മനുഷ്യന്റെ മൗലികാവകാശം എന്നെങ്കിലും സാക്ഷാത്‌കരിക്കപ്പെടുമോ? ഈ ചോദ്യങ്ങൾക്ക്‌ ദൈവവചനമായ ബൈബിൾ പ്രദാനംചെയ്യുന്ന തൃപ്‌തികരമായ ഉത്തരം അടുത്ത ലേഖനത്തിൽ കാണാം.