വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ ഭയപ്പെടുക, സന്തുഷ്ടരായിരിക്കുക!

യഹോവയെ ഭയപ്പെടുക, സന്തുഷ്ടരായിരിക്കുക!

യഹോവയെ ഭയപ്പെടുക, സന്തുഷ്ടരായിരിക്കുക!

‘യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ’.​—⁠സങ്കീർത്തനം 112:⁠1.

1, 2. യഹോവയോടുള്ള ഭയം എന്തെല്ലാം സാധ്യമാക്കുന്നു?

സന്തുഷ്ടി എളുപ്പത്തിൽ നേടാനാകുന്ന ഒന്നല്ല. യഥാർഥ സന്തുഷ്ടി ലഭിക്കാൻ നാം ശരിയായ തീരുമാനങ്ങളെടുക്കുകയും നേരായ കാര്യങ്ങൾ ചെയ്യുകയും തെറ്റായ സംഗതികൾ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്‌. ഏറ്റവും നല്ല വിധത്തിൽ ജീവിതം ആസ്വദിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു നമ്മെ പഠിപ്പിക്കാൻ സ്രഷ്ടാവായ യഹോവ നമുക്ക്‌ അവന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്‌തിരിക്കുന്നു. യഹോവയുടെ മാർഗനിർദേശം ആരാഞ്ഞു പിൻപറ്റിക്കൊണ്ടും അപ്രകാരം ദൈവഭയം പ്രകടമാക്കിക്കൊണ്ടും യഥാർഥ സംതൃപ്‌തിയും സന്തോഷവും ആസ്വദിക്കാൻ നമുക്കാകും.​—⁠സങ്കീർത്തനം 23:1; സദൃശവാക്യങ്ങൾ 14:26.

2 യഥാർഥ ദൈവഭയം, തെറ്റു ചെയ്യാനുള്ള സമ്മർദം ചെറുത്തുനിൽക്കാൻ ആവശ്യമായ ശക്തിയും ശരിയായതു ചെയ്യാനുള്ള ധൈര്യവും ഒരു വ്യക്തിക്കു നൽകുന്നത്‌ എങ്ങനെയെന്നു കാണിക്കുന്ന പുരാതനവും ആധുനികവുമായ ദൃഷ്ടാന്തങ്ങൾ നാം ഈ ലേഖനത്തിൽ പരിചിന്തിക്കും. ദാവീദ്‌ രാജാവിന്റെ കാര്യത്തിലെന്നപോലെ തെറ്റായ ഗതി തിരുത്താൻ നമ്മെ പ്രചോദിപ്പിക്കാനും അങ്ങനെ നമുക്കു സന്തോഷം കൈവരുത്താനും ദൈവഭയത്തിനു കഴിയുമെന്നു നാം മനസ്സിലാക്കും. മക്കൾക്കു കൈമാറിക്കൊടുക്കാൻ കഴിയുന്ന അങ്ങേയറ്റം മൂല്യവത്തായ ഒരു പൈതൃകമാണ്‌ യഹോവയോടുള്ള ഭയം എന്നും നാം കാണും. ‘യഹോവയെ ഭയപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ’ അഥവാ സന്തുഷ്ടൻ എന്നു ദൈവവചനം നമുക്ക്‌ ഉറപ്പുനൽകുന്നു.​—⁠സങ്കീർത്തനം 112:⁠1.

നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കുന്നു

3. പാപത്തിൽനിന്നു കരകയറാൻ ദാവീദിനെ എന്താണു സഹായിച്ചത്‌?

3 മുൻ ലേഖനത്തിൽ കണ്ടതുപോലെ, ഉചിതമായ ദൈവഭയം പ്രകടമാക്കാൻ പരാജയപ്പെട്ടുകൊണ്ട്‌ ശ്രദ്ധേയമായ മൂന്നു സന്ദർഭങ്ങളിൽ ദാവീദ്‌ പാപം ചെയ്‌തു. എന്നിരുന്നാലും യഹോവയുടെ ശിക്ഷണത്തോടുള്ള അവന്റെ പ്രതികരണം അവൻ ദൈവഭയമുള്ള ഒരു വ്യക്തിയായിരുന്നുവെന്നു പ്രകടമാക്കി. ദൈവത്തോടുള്ള ഭക്തിയും ആദരവും തെറ്റു സമ്മതിക്കാനും ജീവിതത്തിൽ മാറ്റം വരുത്താനും അവനുമായി ഒരു നല്ല ബന്ധം പുനഃസ്ഥാപിക്കാനും ദാവീദിനെ പ്രേരിപ്പിച്ചു. അവന്റെ പാപപ്രവൃത്തികൾ അവനുതന്നെയും മറ്റുള്ളവർക്കും കഷ്ടം വരുത്തിവെച്ചെങ്കിലും ആത്മാർഥമായി അനുതപിച്ചതിനാൽ തുടർന്നും യഹോവ അവനെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു. ഇന്നു ഗുരുതരമായ പാപങ്ങളിൽ വീണുപോയേക്കാവുന്ന ക്രിസ്‌ത്യാനികൾക്കു ദാവീദിന്റെ ദൃഷ്ടാന്തം തീർച്ചയായും ധൈര്യം പകരുന്നു.

4. സന്തുഷ്ടി വീണ്ടെടുക്കാൻ ദൈവഭയത്തിന്‌ ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാനാകും?

4 സോന്യായുടെ ഉദാഹരണം നോക്കുക. * മുഴുസമയ ശുശ്രൂഷകയായി സേവിക്കുകയായിരുന്നിട്ടും ചീത്തക്കൂട്ടുകെട്ടിൽ ഉൾപ്പെട്ടുകൊണ്ട്‌ ക്രിസ്‌ത്യാനികൾക്കു നിരക്കാത്ത പ്രവൃത്തികളിൽ ഏർപ്പെട്ടതിന്റെ ഫലമായി അവളെ ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കേണ്ടതായിവന്നു. സുബോധം വീണ്ടുകിട്ടിയപ്പോൾ യഹോവയുമായുള്ള ബന്ധം നേരെയാക്കാൻ ആവശ്യമായതെല്ലാം അവൾ ചെയ്യുകയും തത്‌ഫലമായി പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്‌തു. യഹോവയെ സേവിക്കാനുള്ള ആഗ്രഹം അവൾ ഒരിക്കലും കൈവിട്ടിരുന്നില്ല. മുഴുസമയ പയനിയർ ശുശ്രൂഷയിൽ പുനഃപ്രവേശിച്ച അവൾ പിന്നീട്‌ മാതൃകായോഗ്യനായ ഒരു ക്രിസ്‌തീയ മൂപ്പന്റെ ഭാര്യയായിത്തീർന്നു. ഇപ്പോൾ സോന്യാ ഭർത്താവിനോടൊപ്പം സഭയിൽ സസന്തോഷം സേവിക്കുന്നു. ക്രിസ്‌തീയ പാതയിൽനിന്നു താത്‌കാലികമായി വ്യതിചലിച്ചുപോയതിൽ ഖേദമുണ്ടെങ്കിലും യഹോവയുടെ അടുക്കലേക്കു മടങ്ങിവരാൻ ദൈവഭയം തന്നെ സഹായിച്ചതിൽ സോന്യാ സന്തോഷമുള്ളവളാണ്‌.

പാപം ചെയ്യുന്നതിനെക്കാൾ കഷ്ടം അനുഭവിക്കുന്നതു മെച്ചം

5, 6. ശൗലിനെ വധിക്കാൻ ദാവീദിനു ലഭിച്ച രണ്ട്‌ അവസരങ്ങൾ ഏവ, എന്നാൽ ദാവീദ്‌ അവനെ വധിക്കാതിരുന്നത്‌ എന്തുകൊണ്ട്‌?

5 എന്നാൽ ദൈവഭയം നിമിത്തം ഒരു വ്യക്തി പാപം ചെയ്യാതിരിക്കുന്നെങ്കിൽ അതു തീർച്ചയായും ഏറെ നന്നായിരിക്കും. ദാവീദിന്റെ കാര്യത്തിൽ ഇതും സത്യമായിരുന്നു. ശൗൽ ഒരിക്കൽ മൂവായിരം പടയാളികളോടൊപ്പം അവനെ പിടികൂടാൻ ഇറങ്ങിത്തിരിച്ചു. ആ സന്ദർഭത്തിൽ ദാവീദും സംഘവും ഒളിച്ചിരുന്ന ഒരു ഗുഹയ്‌ക്കുള്ളിൽ ശൗൽ പ്രവേശിക്കാനിടയായി. അവസരം പാഴാക്കാതെ ശൗലിനെ കൊന്നുകളയാൻ ദാവീദിന്റെ സ്‌നേഹിതർ അവനെ ഉപദേശിച്ചു. ദാവീദിന്റെ കൊടിയ ശത്രുവിനെ യഹോവ അവന്റെ മുമ്പിൽ കൊണ്ടുവന്നിരിക്കുന്നു എന്നായിരുന്നു അവർ ചിന്തിച്ചത്‌. ശൗലിന്റെ അടുത്തേക്കു ജാഗ്രതയോടെ ഇഴഞ്ഞുനീങ്ങിയ ദാവീദ്‌ അവന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തു. ദാവീദിനു ദൈവഭയം ഉണ്ടായിരുന്നതിനാൽ താരതമ്യേന നിർദോഷമായ ആ പ്രവൃത്തിപോലും അവനു മനസ്സാക്ഷിക്കുത്തുണ്ടാക്കി. ആക്രമിക്കാൻ വെമ്പിനിന്ന തന്റെ അനുചരന്മാരെ ശാന്തരാക്കിക്കൊണ്ട്‌ ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരെ കയ്യെടുക്കുന്നതായ ഈകാര്യം ചെയ്‌വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ.”​—⁠1 ശമൂവേൽ 24:1-7. *

6 പിന്നീട്‌ ശൗലും പടയാളികളും രാത്രിയിൽ പാളയമടിച്ചിരുന്ന ഒരു സന്ദർഭത്തിൽ ‘യഹോവ അവരുടെമേൽ ഒരു ഗാഢനിദ്ര വരുത്തി.’ സഹോദരീപുത്രനും ധൈര്യശാലിയുമായ അബീശായിയോടൊപ്പം ദാവീദ്‌ പാളയത്തിന്റെ മധ്യത്തിലേക്കു നീങ്ങി. ഉറങ്ങിക്കിടന്ന ശൗലിന്റെ അരികത്തെത്തിയപ്പോൾ അവനെ തത്‌ക്ഷണം കൊന്നുകളയാൻ അബീശായി ആഗ്രഹിച്ചു. “യഹോവയുടെ അഭിഷിക്തന്റെ മേൽ കൈ വെച്ചിട്ടു ആർ ശിക്ഷ അനുഭവിക്കാതെപോകും” എന്നു ചോദിച്ചുകൊണ്ട്‌ ദാവീദ്‌ അബീശായിയെ പിന്തിരിപ്പിച്ചു.​—⁠1 ശമൂവേൽ 26:9, 12.

7. പാപം ചെയ്യുന്നതിൽനിന്നു ദാവീദിനെ പിന്തിരിപ്പിച്ചത്‌ എന്ത്‌?

7 രണ്ടു പ്രാവശ്യം അവസരം ലഭിച്ചിട്ടും എന്തുകൊണ്ടാണ്‌ ദാവീദ്‌ ശൗലിനെ കൊല്ലാതിരുന്നത്‌? ശൗലിനെ ഭയപ്പെട്ടിരുന്നതിനെക്കാൾ അവൻ യഹോവയെ ഭയപ്പെട്ടിരുന്നുവെന്നതാണ്‌ അതിനു കാരണം. ദൈവത്തോട്‌ ഉചിതമായ ഭയമുണ്ടായിരുന്നതിനാൽ പാപം ചെയ്യുന്നതിനു പകരം ആവശ്യമെങ്കിൽ കഷ്ടം അനുഭവിക്കാൻ അവൻ തയ്യാറായിരുന്നു. (എബ്രായർ 11:24) തന്നെയും ദൈവജനത്തെയും യഹോവ കാത്തുപരിപാലിക്കുമെന്ന്‌ അവനു പൂർണബോധ്യമുണ്ടായിരുന്നു. ദൈവത്തെ അനുസരിക്കുന്നതും അവനിൽ ആശ്രയിക്കുന്നതും സന്തുഷ്ടിയിലേക്കും അനുഗ്രഹങ്ങളിലേക്കും നയിക്കുമെന്നും മറിച്ച്‌ അവനെ അവഗണിക്കുന്നത്‌ അവന്റെ അപ്രീതിക്ക്‌ ഇടയാക്കുമെന്നും ദാവീദിന്‌ അറിയാമായിരുന്നു. (സങ്കീർത്തനം 65:4) കൂടാതെ യഹോവ തന്റേതായ വിധത്തിലും സമയത്തും ശൗലിനെ നീക്കംചെയ്‌തുകൊണ്ട്‌ തന്നെ രാജാവാക്കുമെന്നുള്ള വാഗ്‌ദാനം നിറവേറ്റുമെന്നും അവന്‌ ഉറപ്പുണ്ടായിരുന്നു.​—⁠1 ശമൂവേൽ 26:10.

ദൈവത്തെ ഭയപ്പെടുന്നത്‌ സന്തുഷ്ടി കൈവരുത്തുന്നു

8. സമ്മർദത്തിൻകീഴിൽ ദാവീദ്‌ പ്രവർത്തിച്ച വിധം നമുക്ക്‌ ഒരു മാതൃകയായിരിക്കുന്നത്‌ എങ്ങനെ?

8 ക്രിസ്‌ത്യാനികളെന്ന നിലയിൽ പരിഹാസവും പീഡനവും മറ്റു പരിശോധനകളും നമ്മൾ നേരിട്ടേക്കാം. (മത്തായി 24:9; 2 പത്രൊസ്‌ 3:4) ചിലപ്പോഴൊക്കെ സഹാരാധകരിൽനിന്നുപോലും നമുക്കു ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ യഹോവ എല്ലാം കാണുന്നുണ്ടെന്നും നമ്മുടെ പ്രാർഥന കേൾക്കുന്നുണ്ടെന്നും തക്കസമയത്ത്‌ അവന്റെ ഇഷ്ടത്തിനു ചേർച്ചയിൽ കാര്യങ്ങൾ നേരെയാക്കുമെന്നും നമുക്ക്‌ അറിയാം. (റോമർ 12:17-21; എബ്രായർ 4:16) അതുകൊണ്ട്‌ നാം നമ്മുടെ പ്രതിയോഗികളെ ഭയപ്പെടുന്നതിനു പകരം ദൈവത്തെ ഭയപ്പെടുകയും രക്ഷയ്‌ക്കായി അവനിലേക്കു നോക്കുകയും ചെയ്യുന്നു. ദാവീദിനെപ്പോലെ നാമും പ്രതികാരം ചെയ്യുകയോ കഷ്ടങ്ങൾ ഒഴിവാക്കാൻ നീതിയുള്ള തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച വരുത്തുകയോ ചെയ്യുന്നില്ല. അത്‌ അന്തിമമായി സന്തുഷ്ടിയിൽ കലാശിക്കും. എങ്ങനെ?

9. പീഡനത്തിന്മധ്യേയും ദൈവഭയം പ്രകടമാക്കുന്നത്‌ സന്തുഷ്ടി കൈവരുത്തുന്നുവെന്നതിന്‌ ഒരു ദൃഷ്ടാന്തം പറയുക.

9 ആഫ്രിക്കയിലെ ഒരു ദീർഘകാല മിഷനറി ഇങ്ങനെ പറയുന്നു: “ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം രാഷ്ട്രീയ പാർട്ടികളുടെ കാർഡു വാങ്ങാൻ വിസമ്മതിച്ച ഒരു സ്‌ത്രീയുടെയും കൗമാരത്തിലുള്ള മകളുടെയും ദൃഷ്ടാന്തം എന്റെ മനസ്സിലേക്കു വരുന്നു. ഒരു സംഘം പുരുഷന്മാർ അവരോടു ക്രൂരമായി പെരുമാറുകയും തുടർന്ന്‌ വിട്ടയയ്‌ക്കുകയും ചെയ്‌തു. വീട്ടിലേക്കു നടന്നുപോകവേ, ഇതെന്തുകൊണ്ടു സംഭവിച്ചുവെന്നു മനസ്സിലാകാതെ കരഞ്ഞുംകൊണ്ടിരുന്ന മകളെ ആശ്വസിപ്പിക്കാൻ അമ്മ ശ്രമിച്ചു. ദുഃഖിതരായിരുന്നെങ്കിലും ഇരുവർക്കും അപ്പോൾ ശുദ്ധമായ ഒരു മനസ്സാക്ഷിയുണ്ടായിരുന്നു. ദൈവത്തെ അനുസരിച്ചതിൽ പിന്നീട്‌ അവർക്കു വളരെ സന്തോഷം തോന്നി. അവർ പാർട്ടിക്കാർഡുകൾ വാങ്ങിയിരുന്നെങ്കിൽ ആ പുരുഷന്മാർ അങ്ങേയറ്റം സന്തോഷിക്കുമായിരുന്നു. അവർ ശീതളപാനീയങ്ങൾ കുടിക്കാൻ കൊടുക്കുകയും അവർക്കുചുറ്റും നൃത്തം ചെയ്‌തുകൊണ്ട്‌ വീടുവരെ അവരെ അനുഗമിക്കുകയും ചെയ്യുമായിരുന്നു. അതേസമയം, തങ്ങൾ വിട്ടുവീഴ്‌ച ചെയ്‌തുവല്ലോയെന്നു ചിന്തിക്കുന്ന അമ്മയ്‌ക്കും മകൾക്കും അത്‌ തെല്ലും സന്തുഷ്ടി കൈവരുത്തുമായിരുന്നില്ല.” അതിൽനിന്നെല്ലാം ദൈവഭയം അവരെ സംരക്ഷിച്ചു.

10, 11. ഒരു സ്‌ത്രീ ദൈവഭയം പ്രകടമാക്കിയതിനാൽ എന്തു സത്‌ഫലം ഉണ്ടായി?

10 ജീവന്റെ പവിത്രതയോടുള്ള ആദരവ്‌ ഉൾപ്പെട്ടിരിക്കുന്ന പരിശോധനകൾ അഭിമുഖീകരിക്കേണ്ടിവരുമ്പോഴും ദൈവഭയം പ്രകടമാക്കുന്നത്‌ നമ്മുടെ സന്തുഷ്ടിയിൽ കലാശിക്കും. മേരി എന്ന സ്‌ത്രീ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരുന്ന സമയത്ത്‌ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർ നിർദേശിക്കുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അപകടകരമായ ഒരു നിലയിലാണ്‌. എപ്പോൾ വേണമെങ്കിലും സ്ഥിതി വഷളായിത്തീർന്നേക്കാം. അങ്ങനെ സംഭവിക്കുന്നപക്ഷം 24 മണിക്കൂറിനുള്ളിൽ നിങ്ങൾ മരിച്ചുപോയേക്കാം, ഒപ്പം നിങ്ങളുടെ കുട്ടിയും. ഏതായിരുന്നാലും കുട്ടിയെ കുഴപ്പമൊന്നുമില്ലാതെ കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.” മേരി യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന, സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയായിരുന്നു. അവർ ഇങ്ങനെ പറഞ്ഞു: “എങ്കിലും യഹോവയെ സേവിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്തുതന്നെ സംഭവിച്ചാലും അവനെ അനുസരിക്കുമെന്ന്‌ ഞാൻ നിശ്ചയിച്ചുറച്ചിരുന്നു.”​—⁠പുറപ്പാടു 21:22, 23, NW.

11 കുട്ടിയെ ഗർഭംധരിച്ചിരുന്ന കാലത്ത്‌ മേരി ഉത്സാഹപൂർവം ബൈബിൾ പഠിക്കുകയും കുടുംബ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു. ഒടുവിൽ പ്രസവത്തിനുള്ള ദിവസം വന്നെത്തി. “മുൻ പ്രസവങ്ങളെ അപേക്ഷിച്ച്‌ ഇപ്രാവശ്യം കൂടുതൽ ബുദ്ധിമുട്ട്‌ ഉണ്ടായിരുന്നെങ്കിലും ഗുരുതരമായ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല,” മേരി പറയുന്നു. ദൈവത്തോടുള്ള ഭയം ശുദ്ധമായ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ അവരെ സഹായിച്ചു. താമസിയാതെ മേരി സ്‌നാപനമേറ്റു. വളർന്നുവരവേ അവരുടെ കുട്ടിയും യഹോവയെ ഭയപ്പെടാൻ പഠിച്ചു; ഇപ്പോൾ അവരുടെ മകൻ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു.

യഹോവയിൽ ധൈര്യപ്പെടുവിൻ’

12. ദൈവഭയം ദാവീദിനെ ശക്തീകരിച്ചത്‌ എങ്ങനെ?

12 ദാവീദിന്‌ യഹോവയോടുണ്ടായിരുന്ന ഭയം തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന്‌ അവനെ തടയുക മാത്രമല്ല പ്രയാസകരമായ സാഹചര്യങ്ങളിൽ നിർണായകമായും ജ്ഞാനത്തോടെയും പ്രവർത്തിക്കാൻ അവനെ ശക്തീകരിക്കുകയും ചെയ്‌തു. ശൗലിനെ ഭയന്ന്‌ ദാവീദ്‌ കുറേപ്പേരോടൊപ്പം ഫെലിസ്‌ത്യ നഗരമായ സിക്ലാഗിലേക്ക്‌ ഓടിപ്പോയി ഒരു വർഷവും നാലു മാസവും അവിടെ പാർത്തു. (1 ശമൂവേൽ 27:5-7) ഒരിക്കൽ പുരുഷന്മാരെല്ലാം ദൂരെയായിരുന്ന ഒരു സമയത്ത്‌ അമാലേക്യർ നഗരം ആക്രമിച്ച്‌ അതിനെ ചുട്ടെരിക്കുകയും ഭാര്യമാരെയും കുട്ടികളെയും ആടുമാടുകളെയും പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു. മടങ്ങിവന്നപ്പോൾ സംഭവിച്ചതെല്ലാം അറിഞ്ഞ ദാവീദും സംഘവും ഉറക്കെ കരഞ്ഞു. എന്നാൽ പെട്ടെന്നുതന്നെ അവരുടെ ദുഃഖം കോപത്തിനു വഴിമാറി; കൂട്ടത്തിലുള്ളവരെല്ലാം ദാവീദിനെ കല്ലെറിയണമെന്നു തമ്മിൽ പറഞ്ഞു. തന്റെ നില പരിതാപകരമായിരുന്നെങ്കിലും ദാവീദ്‌ മനോധൈര്യം കൈവിട്ടില്ല. (സദൃശവാക്യങ്ങൾ 24:10) സഹായത്തിനായി യഹോവയിലേക്കു തിരിയാൻ ദൈവഭയം അവനെ പ്രേരിപ്പിച്ചു. അങ്ങനെ അവൻ “യഹോവയിൽ ധൈര്യപ്പെട്ടു.” ദൈവത്തിന്റെ സഹായത്താൽ ദാവീദും സംഘവും അമാലേക്യരെ കീഴ്‌പെടുത്തുകയും അവർ അപഹരിച്ചുകൊണ്ടുപോയതെല്ലാം വീണ്ടെടുക്കുകയും ചെയ്‌തു.​—⁠1 ശമൂവേൽ 30:1-20.

13, 14. നല്ല തീരുമാനങ്ങൾ കൈക്കൊള്ളാൻ ദൈവഭയം ഒരു ക്രിസ്‌ത്യാനിയെ സഹായിച്ചത്‌ എങ്ങനെ?

13 യഹോവയിലുള്ള ആശ്രയവും ധൈര്യവും പ്രകടമാക്കിക്കൊണ്ട്‌ നിർണായകമായി പ്രവർത്തിക്കേണ്ട സാഹചര്യങ്ങൾ ഇന്നും ദൈവദാസർക്കുണ്ട്‌. ക്രിസ്റ്റിനയുടെ ഉദാഹരണമെടുക്കുക. ചെറുപ്പത്തിൽത്തന്നെ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ അവൾക്ക്‌ അവസരം ലഭിച്ചു. അതേസമയം ഗായകസംഘത്തിൽ ഒരു പിയാനോ വായനക്കാരിയാകണമെന്ന്‌ ആഗ്രഹിച്ചിരുന്ന അവൾ ആ മേഖലയിലും നല്ല പുരോഗതി കൈവരിച്ചു. തന്നെയുമല്ല ആളുകളോടു സുവാർത്ത പ്രസംഗിക്കുന്നതിനെക്കുറിച്ച്‌ അവൾക്കു ചിന്തിക്കാനേ കഴിയുമായിരുന്നില്ല, അതുകൊണ്ടുതന്നെ സ്‌നാപനത്തോടൊപ്പം കൈവരുന്ന ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ ക്രിസ്റ്റിനയ്‌ക്കു ഭയമായിരുന്നു. എന്നാൽ ദൈവവചനത്തിന്റെ പഠനം പുരോഗമിക്കവേ അവൾ അതിന്റെ ശക്തി തിരിച്ചറിയാനും യഹോവാഭയം ഗ്രഹിക്കാനും തുടങ്ങി. യഹോവയുടെ ദാസർ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടുംകൂടെ തന്നെ സ്‌നേഹിക്കാൻ അവൻ പ്രതീക്ഷിക്കുന്നുവെന്ന്‌ അവൾ തിരിച്ചറിഞ്ഞു. (മർക്കൊസ്‌ 12:30) ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു സ്‌നാപനമേൽക്കാൻ ഇത്‌ അവളെ പ്രചോദിപ്പിച്ചു.

14 ആത്മീയമായി പുരോഗമിക്കാനുള്ള സഹായത്തിനായി ക്രിസ്റ്റിന യഹോവയോടു പ്രാർഥിച്ചു. അവൾ പറയുന്നു: “കച്ചേരികളിൽ പിയാനോ വായിക്കുന്ന ഒരു വ്യക്തിക്കു തുടർച്ചയായി യാത്ര ചെയ്യുകയും വർഷത്തിൽ 400 കച്ചേരികളിലെങ്കിലും പങ്കെടുക്കുകയും ചെയ്യേണ്ടിവരുമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ സാമ്പത്തിക ആവശ്യങ്ങൾക്കായി അധ്യാപകവൃത്തി സ്വീകരിക്കാനും ഒരു മുഴുസമയ സുവിശേഷകയായി സേവിക്കാനും ഞാൻ തീരുമാനിച്ചു.” രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ സംഗീതശാലയിൽ ക്രിസ്റ്റിനയുടെ അരങ്ങേറ്റത്തിനു പട്ടികപ്പെടുത്തിയിരുന്ന സമയമായിരുന്നു അത്‌. “എന്റെ ആദ്യത്തേതും അവസാനത്തേതുമായ കച്ചേരിയായിരുന്നു അത്‌,” അവൾ പറയുന്നു. പിന്നീട്‌ ഒരു ക്രിസ്‌തീയ മൂപ്പന്റെ ഭാര്യയായിത്തീർന്ന ക്രിസ്റ്റിന ഭർത്താവിനോടൊപ്പം ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്നു. ശരിയായ തീരുമാനങ്ങളെടുക്കാൻ യഹോവ തന്നെ ശക്തിപ്പെടുത്തിയതിലും തന്റെ സമയവും ഊർജവുമെല്ലാം ഇപ്പോൾ അവന്റെ സേവനത്തിൽ ഉപയോഗിക്കാൻ കഴിയുന്നതിലും ക്രിസ്റ്റിന സന്തുഷ്ടയാണ്‌.

ഒരു അമൂല്യ പൈതൃകം

15. മക്കൾക്ക്‌ എന്തു കൈമാറിക്കൊടുക്കാനാണ്‌ ദാവീദ്‌ ആഗ്രഹിച്ചത്‌, അവൻ അത്‌ എങ്ങനെ ചെയ്‌തു?

15 “മക്കളേ, വന്നു എനിക്കു ചെവിതരുവിൻ; യഹോവയോടുള്ള ഭക്തിയെ [“ഭയം,” NW] ഞാൻ ഉപദേശിച്ചുതരാം,” ദാവീദ്‌ എഴുതി. (സങ്കീർത്തനം 34:11) ഒരു പിതാവെന്ന നിലയിൽ മൂല്യവത്തായ ഒരു പൈതൃകം​—⁠യഹോവയോടുള്ള യഥാർഥവും അചഞ്ചലവും ആരോഗ്യാവഹവുമായ ഭയം​—⁠തന്റെ മക്കൾക്കു കൈമാറിക്കൊടുക്കാൻ ദാവീദ്‌ ദൃഢനിശ്ചയമുള്ളവനായിരുന്നു. നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ കാത്തിരിക്കുന്നവനും ഒരിക്കലും തൃപ്‌തിപ്പെടാത്തവനും ഭയങ്കരനുമായ ഒരു ദൈവമെന്ന നിലയിലല്ല, പിന്നെയോ തന്റെ ഭൗമിക മക്കളോടു സ്‌നേഹവും കരുതലും ക്ഷമയും പ്രകടമാക്കുന്ന ഒരു പിതാവെന്ന നിലയിലാണ്‌ വാക്കാലും പ്രവൃത്തിയാലും ദാവീദ്‌ യഹോവയെ ചിത്രീകരിച്ചത്‌. “തെറ്റുകളുടെ കണക്കു സൂക്ഷിക്കാൻ ആർക്കു കഴിയും?,” ദാവീദ്‌ ചോദിച്ചു. യഹോവ നമ്മുടെ കുറ്റങ്ങളിൽ കണ്ണുംനട്ടിരിക്കുകയല്ലെന്നുള്ള ബോധ്യം പ്രകടമാക്കിക്കൊണ്ട്‌ അവൻ കൂട്ടിച്ചേർത്തു: “അറിയാതെ ചെയ്യുന്ന തെറ്റുകളിൽനിന്ന്‌ എന്നെ വിമുക്തനാക്കണമേ.” പരമാവധി ശ്രദ്ധിക്കുന്നപക്ഷം തന്റെ വാക്കുകളും ചിന്തകളും യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുമെന്ന്‌ അവന്‌ ഉറപ്പുണ്ടായിരുന്നു.​—⁠സങ്കീർത്തനം 19:12, 14, ബയിങ്‌ടൺ.

16, 17. മക്കളെ യഹോവാഭയം പഠിപ്പിക്കാൻ മാതാപിതാക്കൾക്ക്‌ എങ്ങനെ കഴിയും?

16 ഇന്നുള്ള മാതാപിതാക്കൾക്ക്‌ ഒരു മാതൃകയാണ്‌ ദാവീദ്‌. ഇളയ സഹോദരനോടൊപ്പം യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കുന്ന റാൽഫ്‌ ഇങ്ങനെ പറയുന്നു: “സത്യത്തിലായിരിക്കുന്നത്‌ ആസ്വാദ്യമായ ഒരു കാര്യമായി അനുഭവപ്പെടും വിധമാണ്‌ മാതാപിതാക്കൾ ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്‌. ഞങ്ങൾ ചെറുപ്പമായിരിക്കേ, സഭാപ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള സംഭാഷണങ്ങളിൽ അവർ ഞങ്ങളെ ഉൾപ്പെടുത്തിയിരുന്നു, അങ്ങനെ സത്യത്തോട്‌ അവർക്കുള്ളത്ര തീക്ഷ്‌ണത ഞങ്ങൾക്കുമുണ്ടായി. യഹോവയുടെ സേവനത്തിൽ ഞങ്ങൾക്കു പല നല്ല കാര്യങ്ങളും ചെയ്യാനാകും എന്ന വിശ്വാസം ഉൾനട്ടുകൊണ്ടായിരുന്നു അവർ ഞങ്ങളെ വളർത്തിയത്‌. യഥാർഥത്തിൽ, വർഷങ്ങളോളം ഞങ്ങളുടെ കുടുംബം രാജ്യഘോഷകരുടെ കൂടുതൽ ആവശ്യമുള്ള ഒരു രാജ്യത്തു പാർക്കുകയും പുതിയ സഭകൾ സ്ഥാപിക്കാൻ സഹായിക്കുകയും ചെയ്‌തു.

17 “യഹോവയെ അങ്ങേയറ്റം കരുണാമയനും നല്ലവനുമായ ഒരു യഥാർഥ വ്യക്തിയായി മാതാപിതാക്കൾ വീക്ഷിച്ചിരുന്നുവെന്ന വസ്‌തുതയാണ്‌ ശരിയായ പാതയിൽ തുടരാൻ ഞങ്ങളെ സഹായിച്ചത്‌, അല്ലാതെ അവർ വെച്ച കർശനമായ കുറേ നിയമങ്ങളായിരുന്നില്ല. യഹോവയെ അടുത്തറിയാനും അവനെ പ്രസാദിപ്പിക്കാനുമായിരുന്നു അവരുടെ ആഗ്രഹം; അവരുടെ യഥാർഥ ദൈവഭയവും ദൈവസ്‌നേഹവും ഞങ്ങൾക്കു നല്ലൊരു മാതൃകയായിരുന്നു. ഞങ്ങൾ എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾപ്പോലും യഹോവയ്‌ക്കു മേലാൽ ഞങ്ങളോടു സ്‌നേഹമില്ല എന്നു തോന്നാൻ അവർ ഇടയാക്കിയില്ല. ദേഷ്യപ്പെട്ടുകൊണ്ട്‌ അന്യായമായ നിയന്ത്രണങ്ങളും അവർ ഞങ്ങളുടെമേൽ വെച്ചിരുന്നില്ല. മിക്കപ്പോഴും ഞങ്ങളോടൊപ്പമിരുന്ന്‌ അവർ സൗമ്യമായി സംസാരിച്ചിരുന്നു, കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ചിലപ്പോഴൊക്കെ മമ്മി കണ്ണുനീരോടെ ഓരോന്നും പറഞ്ഞുതരുമായിരുന്നു. അതിനു ഫലവുമുണ്ടായി. യഹോവയോടു ഭയമുണ്ടായിരിക്കുന്നത്‌ അത്യന്തം അഭികാമ്യമായ ഒരു കാര്യമാണെന്നും അവന്റെ സാക്ഷികളിൽ ഒരുവനായിരിക്കുന്നത്‌ ഒരു ഭാരമായിരിക്കുന്നതിനു പകരം സന്തോഷവും ആനന്ദവും പകരുന്ന ഒരു അനുഭവമാണെന്നും മാതാപിതാക്കളുടെ വാക്കുകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഞങ്ങൾ പഠിച്ചു.”​—⁠1 യോഹന്നാൻ 5:⁠3.

18. സത്യദൈവത്തെ ഭയപ്പെടുന്നതിലൂടെ നമുക്ക്‌ എന്തു നേടാനാകും?

18 തന്റെ ‘അന്ത്യവാക്യങ്ങളുടെ’ ഭാഗമായി ദാവീദ്‌ ഇങ്ങനെ പറഞ്ഞു: “മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സൂര്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ.” (2 ശമൂവേൽ 23:1, 3, 4) ദാവീദിന്റെ പുത്രനും അനന്തരാവകാശിയുമായ ശലോമോൻ ഇക്കാര്യം നന്നായി മനസ്സിലാക്കിയിരിക്കണം, കാരണം ‘ഗുണവും ദോഷവും തിരിച്ചറിയാനുള്ള’ കഴിവും ‘വിവേകമുള്ള ഒരു ഹൃദയവും’ തനിക്കു നൽകണമേയെന്ന്‌ അവൻ യഹോവയോടു പ്രാർഥിക്കുകയുണ്ടായി. (1 രാജാക്കന്മാർ 3:9) യഹോവയെ ഭയപ്പെടുന്നത്‌ ജ്ഞാനമാണെന്നും അതു സന്തുഷ്ടി കൈവരുത്തുമെന്നും ശലോമോൻ തിരിച്ചറിഞ്ഞു. പിന്നീട്‌ സഭാപ്രസംഗി എന്ന പുസ്‌തകത്തിന്റെ ഉപസംഹാരമായി അവൻ ഇങ്ങനെ എഴുതി: “എല്ലാറ്റിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു. ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകലരഹസ്യങ്ങളുമായി ന്യായവിസ്‌താരത്തിലേക്കു വരുത്തുമല്ലോ.” (സഭാപ്രസംഗി 12:13, 14) ആ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുന്നപക്ഷം, “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം” ജ്ഞാനവും സന്തുഷ്ടിയും മാത്രമല്ല, “ധനവും മാനവും ജീവനും” കൂടെയാണെന്നു മനസ്സിലാക്കാൻ തീർച്ചയായും നമുക്കു കഴിയും.​—⁠സദൃശവാക്യങ്ങൾ 22:⁠4.

19. “യഹോവാഭയം” ഗ്രഹിക്കാൻ നമ്മെ എന്തു സഹായിക്കും?

19 യഹോവയോടുള്ള ഉചിതമായ ഭയം അവന്റെ യഥാർഥ ദാസരുടെ ജീവിതത്തിൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തുന്നുവെന്ന്‌ ബൈബിൾ ദൃഷ്ടാന്തങ്ങളിൽനിന്നും ആധുനികകാല അനുഭവങ്ങളിൽനിന്നും നാം മനസ്സിലാക്കി. നമ്മുടെ സ്വർഗീയ പിതാവിന്‌ പ്രസാദകരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിൽനിന്നു നമ്മെ തടയാൻ മാത്രമല്ല, ശത്രുക്കളെ അഭിമുഖീകരിക്കാനുള്ള ധൈര്യവും ജീവിതത്തിലുണ്ടാകുന്ന പരിശോധനകളും ക്ലേശങ്ങളും സഹിച്ചുനിൽക്കാനുള്ള ശക്തിയും നമുക്കു പ്രദാനം ചെയ്യാനും അത്തരം ഭയത്തിനു കഴിയും. അതുകൊണ്ട്‌ പ്രായഭേദമെന്യേ നമുക്കെല്ലാവർക്കും ദൈവവചനം ഉത്സാഹപൂർവം പഠിക്കുകയും പഠിക്കുന്ന കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും നിരന്തരവും ഹൃദയംഗമവുമായ പ്രാർഥനകളിലൂടെ യഹോവയോട്‌ അടുത്തുചെല്ലുകയും ചെയ്യാം. അതുവഴി നാം “ദൈവപരിജ്ഞാനം” കണ്ടെത്തുകയും “യഹോവാഭക്തി” [“യഹോവാഭയം,” NW] ഗ്രഹിക്കുകയും ചെയ്യും.​—⁠സദൃശവാക്യങ്ങൾ 2:1-5.

[അടിക്കുറിപ്പുകൾ]

^ ഖ. 4 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 5 57-ഉം 142-ഉം സങ്കീർത്തനങ്ങൾ രചിക്കാൻ ദാവീദിനെ പ്രേരിപ്പിച്ച അനുഭവങ്ങളിൽ ഒന്ന്‌ ഇതായിരിക്കാം.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ഗുരുതരമായി പാപം ചെയ്യുന്നപക്ഷം യഥാസ്ഥാനപ്പെടാൻ ദൈവഭയം സഹായിക്കുന്നത്‌ എങ്ങനെ?

• പരിശോധനകളും പീഡനവും നേരിടുമ്പോഴും ദൈവഭയം സന്തുഷ്ടി കൈവരുത്തുന്നത്‌ എങ്ങനെ?

• ദൈവേഷ്ടം ചെയ്യുന്നതിനു ദൈവഭയം നമ്മെ ശക്തരാക്കുന്നത്‌ എങ്ങനെ?

• ദൈവഭയം മക്കൾക്കു കൈമാറിക്കൊടുക്കാനാകുന്ന ഒരു അമൂല്യ പൈതൃകമായിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

ശൗലിന്റെമേൽ കൈവെക്കുന്നതിൽനിന്നു ദൈവഭയം ദാവീദിനെ തടഞ്ഞു

[29-ാം പേജിലെ ചിത്രങ്ങൾ]

മക്കൾക്കു കൈമാറിക്കൊടുക്കാനാകുന്ന അമൂല്യമായ ഒരു പൈതൃകമാണ്‌ ദൈവഭയം