വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോമക്കുപ്പായവും ആത്മീയതയും

രോമക്കുപ്പായവും ആത്മീയതയും

രോമക്കുപ്പായവും ആത്മീയതയും

ഫ്രാൻസിലെ ലൂയി ഒമ്പതാമൻ രാജാവ്‌ അത്‌ ഉപയോഗിച്ചിരുന്നു. സർ തോമസ്‌ മോർ യൗവനത്തിൽ അഭിഭാഷകനാകാൻ പഠിക്കുന്ന സമയത്ത്‌ മാസങ്ങളോളം അത്‌ ഉപയോഗിക്കുകയുണ്ടായി. 19-ഓ 20-ഓ മണിക്കൂർ വരെ ഉണർന്നിരിക്കാൻ അത്‌ അദ്ദേഹത്തെ സഹായിച്ചിരുന്നു. മോർ തന്റെ ജീവിതത്തിലേറിയ പങ്കും അത്തരമൊന്നു ധരിച്ചിരുന്നതായി കരുതപ്പെടുന്നു. കൂടാതെ, കാന്റർബറിയിലെ ആർച്ച്‌ ബിഷപ്പായിരുന്ന തോമസ്‌ ബെക്കറ്റ്‌ കാന്റർബറി കത്തീഡ്രലിൽവെച്ചു വധിക്കപ്പെട്ടപ്പോൾ ധരിച്ചിരുന്ന വസ്‌ത്രങ്ങൾക്കൊപ്പം അത്തരമൊന്ന്‌ ഉണ്ടായിരുന്നതായി അവിചാരിതമായി കണ്ടെത്തി. ഈ ചരിത്ര പുരുഷൻമാർക്കു പൊതുവായുണ്ടായിരുന്നതായി കാണപ്പെട്ട അത്‌ എന്താണ്‌? ഇന്ദ്രിയനിഗ്രഹം നേടുന്നതിനായി ധരിച്ച രോമക്കുപ്പായം.

ആട്ടിൻരോമംകൊണ്ട്‌ ഉണ്ടാക്കുന്ന ഈ പരുക്കൻ കുപ്പായം മറ്റു വസ്‌ത്രങ്ങൾക്കുള്ളിൽ അതായത്‌ ശരീരത്തോടു ചേർന്നു ധരിക്കുന്നതിനാൽ അതു ചർമത്തിൽ ഉരസി ശരീരം ചൊറിഞ്ഞുതടിക്കുകയും അങ്ങനെ വലിയ അസ്വസ്ഥത ഉളവാക്കുകയും ചെയ്യുമായിരുന്നു. തന്നെയുമല്ല അതു ചെള്ളുകളുടെ താവളവും ആയിത്തീരുമായിരുന്നു. തോമസ്‌ ബെക്കറ്റ്‌ രോമക്കുപ്പായത്തോടൊപ്പം ആട്ടിൻരോമംകൊണ്ടുതന്നെ ഉണ്ടാക്കിയ ഒരു പാന്റ്‌സും ധരിച്ചിരുന്നെന്നും “അതിൽ ചെള്ളുകൾ വല്ലാതെ പെരുകുന്നതു”വരെ അദ്ദേഹം അത്‌ ഉപയോഗിച്ചിരുന്നെന്നും പറയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിനുശേഷം ആട്ടിൻരോമത്തിനു പകരം നേർമയേറിയ കമ്പികൊണ്ടുണ്ടാക്കിയ കുപ്പായങ്ങൾ ചിലർ ഉപയോഗിക്കാൻ തുടങ്ങി. കൂർത്ത മുനകളുള്ള ഇത്തരം വസ്‌ത്രങ്ങൾ, ധരിക്കുന്ന ആൾക്കു കൂടുതൽ അസ്വസ്ഥത ഉളവാക്കി.

ഒരു നിഘണ്ടു നിർവചിക്കുന്ന പ്രകാരം, ഇന്ദ്രിയനിഗ്രഹത്തിനുള്ള മറ്റു മാർഗങ്ങളെപ്പോലെതന്നെ, ഇത്തരം രോമക്കുപ്പായം ധരിക്കുന്നതിന്റെയും ലക്ഷ്യം “ജഡത്തിന്റെ പാപപൂർണമായ ആഗ്രഹങ്ങൾക്കു കടിഞ്ഞാണിട്ടുകൊണ്ടു കൂടുതൽ ആത്മീയത തുളുമ്പുന്ന ജീവിതരീതിയും സ്വഭാവങ്ങളും വളർത്തിയെടുക്കാൻ പ്രേരിപ്പിക്കുക” എന്നതായിരുന്നു. സന്യാസമനുഷ്‌ഠിക്കുന്നവരെ കൂടാതെ സാധാരണക്കാരും അധികാരവർഗവുംകൂടെ ഇത്‌ ഉപയോഗിച്ചിരുന്നത്രേ! ഇന്നും ചില മതവിഭാഗങ്ങൾ ഈ രീതി പിൻപറ്റുന്നു.

ഒരു രോമക്കുപ്പായം ധരിക്കുന്നതോ ഭൗതിക സുഖങ്ങൾ വെടിയുന്നതോ ഒരു വ്യക്തിയെ ആത്മീയനാക്കുന്നുവോ? ഇല്ല, ആത്മീയതയ്‌ക്കുള്ള നിദാനം അതല്ല. വാസ്‌തവത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ “ശരീര പീഡന”ത്തിനെതിരെ സംസാരിക്കുകയുണ്ടായി. (കൊലൊസ്സ്യർ 2:​23, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) * മറിച്ച്‌, യഥാർഥ ആത്മീയത ദൈവവചനം ശുഷ്‌കാന്തിയോടെ പഠിച്ചുകൊണ്ടു പരിജ്ഞാനം നേടുകയും അതു ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നതിലൂടെ കൈവരുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ 1997 ഒക്ടോബർ 8 ലക്കം ഉണരുക!യിലെ “ബൈബിളിന്റെ വീക്ഷണം: സന്ന്യാസം ജ്ഞാനത്തിന്റെ താക്കോലോ?” എന്ന ലേഖനം കാണുക.

[32-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ലൂയി ഒമ്പതാമൻ രാജാവ്‌, മുകളിൽ: From the book Great Men and Famous Women; തോമസ്‌ ബെക്കറ്റ്‌, മധ്യത്തിൽ: From the book Ridpath’s History of the World (Vol. IV); തോമസ്‌ മോർ, താഴെ: From the book Heroes of the Reformation, 1904