വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

സദൃശവാക്യങ്ങൾ 8:​22-31-ൽ കാണുന്ന ജ്ഞാനത്തെ സംബന്ധിച്ചുള്ള വിവരണം, മനുഷ്യപൂർവ അസ്‌തിത്വത്തിലായിരുന്ന യേശുക്രിസ്‌തുവിനു ബാധകമാകുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

സദൃശവാക്യങ്ങളുടെ പുസ്‌തകത്തിലെ ജ്ഞാനത്തെക്കുറിച്ചുള്ള നിശ്വസ്‌ത വിവരണം ഇങ്ങനെ പറയുന്നു: “യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. . . . പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. . . . അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; . . . ഞാൻ അവന്റെ അടുക്കൽ ശില്‌പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു. . . . എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.”

ഈ വിവരണം കേവലം അമൂർത്തമായ ജ്ഞാനത്തെയോ ദിവ്യജ്ഞാനത്തെയോ കുറിച്ചുള്ളതായിരിക്കുക സാധ്യമല്ല. എന്തുകൊണ്ട്‌? കാരണം ഇവിടെ പറഞ്ഞിരിക്കുന്ന ജ്ഞാനം, യഹോവയുടെ വഴിയുടെ ആരംഭമായി ‘ഉളവാക്കപ്പെട്ട’ അഥവാ സൃഷ്ടിക്കപ്പെട്ട ഒന്നാണ്‌. യഹോവയാം ദൈവം എല്ലായ്‌പോഴും അസ്‌തിത്വത്തിലുണ്ടായിരുന്നു, അവൻ എല്ലായ്‌പോഴും ജ്ഞാനിയുമാണ്‌. (സങ്കീർത്തനം 90:1, 2) അവന്റെ ജ്ഞാനത്തിന്‌ ആരംഭമില്ലായിരുന്നു; അത്‌ സൃഷ്ടിക്കപ്പെട്ടതോ ഉളവാക്കപ്പെട്ടതോ “ജനിച്ച”തോ അല്ല. മാത്രവുമല്ല, ഈ ജ്ഞാനം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതായി വർണിച്ചിരിക്കുന്നു, അങ്ങനെ അത്‌ ഒരു വ്യക്തിയെ പ്രതിനിധാനം ചെയ്യുന്നു.​—⁠സദൃശവാക്യങ്ങൾ 8:​1.

ദീർഘനാൾ മുമ്പ്‌ ജ്ഞാനം സ്രഷ്ടാവായ യഹോവയുടെ അടുക്കൽ “ശില്‌പി” ആയിരുന്നതായി സദൃശവാക്യങ്ങളുടെ പുസ്‌തകം പറയുന്നു. തീർച്ചയായും ഈ വർണന യേശുക്രിസ്‌തുവിനു ബാധകമാകുന്നു. ഭൂമിയിലേക്കു വരുന്നതിനു ദീർഘനാൾ മുമ്പ്‌ യേശു യഹോവയോടൊപ്പം പ്രവർത്തിച്ചു, ബൈബിൾ ഇപ്രകാരം പറയുന്നു: “സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; . . . അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.”​—⁠കൊലൊസ്സ്യർ 1:​16, 17; വെളിപ്പാടു 3:14.

ദൈവത്തിന്റെ പുത്രനെ ജ്ഞാനമായി ചിത്രീകരിക്കുന്നത്‌ ഉചിതമാണ്‌. കാരണം യഹോവയുടെ ജ്ഞാനപൂർവമായ ഉദ്ദേശ്യങ്ങളെയും ആജ്ഞകളെയും കുറിച്ചു വെളിപ്പെടുത്തിയത്‌ അവനാണ്‌. മനുഷ്യനായി ഭൂമിയിൽ വരുന്നതിനു മുമ്പ്‌ യേശു ദൈവത്തിന്റെ വചനം അഥവാ വക്താവായിരുന്നു. (യോഹന്നാൻ 1:1) അവനെ “ദൈവശക്തിയും ദൈവജ്ഞാനവു”മെന്നു വർണിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 1:24, 30) മനുഷ്യവർഗത്തോടുള്ള സ്‌നേഹം നിമിത്തം തന്റെ ജീവൻ അവർക്കുവേണ്ടി ഒരു മറുവിലയായി നൽകാൻ പ്രേരിതനായ ദൈവപുത്രനെക്കുറിച്ചുള്ള എത്ര മനോഹരമായ ഒരു വർണന!​—⁠യോഹന്നാൻ 3:⁠16.

[31-ാം പേജിലെ ചിത്രം]

“പർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെ . . . ഞാൻ ജനിച്ചിരിക്കുന്നു”