‘ഇയ്യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടിരിക്കുന്നു’
‘ഇയ്യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടിരിക്കുന്നു’
“യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.”—യാക്കോബ് 5:11.
1, 2. പോളണ്ടിലെ ഒരു ദമ്പതികൾ എന്തു പരിശോധന നേരിട്ടു?
ഹരാൾട്ട് ആപ്‌റ്റ് യഹോവയുടെ സാക്ഷിയായിത്തീർന്നിട്ട് ഒരു വർഷം തികഞ്ഞിരുന്നില്ല. ആ സമയത്തായിരുന്നു ഹിറ്റ്‌ലറിന്റെ സൈന്യം വടക്കൻ പോളണ്ടിലെ ഡാൻസിഗിന്റെ (ഇപ്പോൾ, ഡാൻസ്‌ക്) നിയന്ത്രണം ഏറ്റെടുത്തത്. അതോടെ സ്ഥിതിഗതികൾ വഷളായി, സത്യക്രിസ്‌ത്യാനികൾ അപകടത്തിലായി. വിശ്വാസം തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു പ്രമാണത്തിൽ ഒപ്പിടാൻ ഗസ്റ്റപ്പോ നിർബന്ധിച്ചപ്പോൾ ഹരാൾട്ട് വിസമ്മതിച്ചു. ഏതാനും ആഴ്‌ചകൾ ജയിലിലിട്ടശേഷം സാക്‌സെൻഹൗസെൻ തടങ്കൽപ്പാളയത്തിലേക്കു മാറ്റിയ അദ്ദേഹത്തെ അവിടെവെച്ചു പലകുറി ഭീഷണിപ്പെടുത്തുകയും അടിക്കുകയുമുണ്ടായി. “വിശ്വാസം ഉപേക്ഷിക്കാത്തപക്ഷം 14 ദിവസത്തിനുള്ളിൽ നിന്നെ ഞങ്ങൾ ഇതുവഴി നിന്റെ യഹോവയുടെ അടുക്കലേക്ക് അയയ്‌ക്കും” എന്നായിരുന്നു, ശവശരീരം ദഹിപ്പിക്കുന്ന ചൂളയുടെ ചിമ്മിനി ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു ഓഫീസർ ഹരാൾട്ടിനോടു പറഞ്ഞത്.
2 ഭാര്യ എൽസ പത്തുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ മുലയൂട്ടുന്ന കാലത്തായിരുന്നു ഹരാൾട്ട് അറസ്റ്റുചെയ്യപ്പെട്ടത്. ഗസ്റ്റപ്പോ അന്ന് എൽസയെയും നോട്ടമിട്ടിരുന്നു, താമസിയാതെതന്നെ അവർ വീണ്ടുംവന്ന് കുട്ടിയെ എടുത്തുകൊണ്ടുപോയി മറ്റൊരു വീട്ടിൽ ഏൽപ്പിച്ചിട്ട് എൽസയെ ഔഷ്‌വിറ്റ്‌സിലെ വംശവിച്‌ഛേദ ക്യാമ്പിലേക്ക് അയച്ചു. എൽസയും ഹരാൾട്ടും വർഷങ്ങളോളം എങ്ങനെ സഹിച്ചുനിന്നു എന്നതിനെക്കുറിച്ച് 1980 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) കൂടുതലായി വായിക്കാൻ കഴിയും. ഹരാൾട്ട് ഇങ്ങനെ എഴുതി: “വിശ്വാസത്തിന്റെ പേരിൽ തടങ്കൽപ്പാളയങ്ങളിലും ജയിലുകളിലുമായി മൊത്തം 14 വർഷം ഞാൻ ചെലവഴിച്ചിരിക്കുന്നു. ‘ഇതെല്ലാം സഹിച്ചുനിൽക്കുന്നതിൽ ഭാര്യ നിങ്ങൾക്കു സഹായമായിരുന്നിട്ടുണ്ടോ?’ എന്ന് എന്നോടു ചോദിച്ചിട്ടുണ്ട്. തീർച്ചയായും എൽസ എനിക്കൊരു സഹായമായിരുന്നു! എന്റെ ഭാര്യ ഒരിക്കലും വിശ്വാസം തള്ളിപ്പറയുകയില്ലെന്നു തുടക്കംമുതലേ എനിക്കറിയാമായിരുന്നു. ആ അറിവ് സഹിച്ചുനിൽക്കാൻ എന്നെ സഹായിച്ചു. ഒരു സ്‌ട്രെച്ചറിൽ എന്റെ ശവം കാണേണ്ടിവന്നാൽപ്പോലും എൽസ സഹിക്കുമായിരുന്നു, എന്നാൽ വിട്ടുവീഴ്‌ച ചെയ്‌തുകൊണ്ട് ഞാൻ ജയിൽമോചിതനായി എന്നറിയുന്നത് ഒരിക്കലും സഹിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു. . . . ജർമൻ തടങ്കൽപ്പാളയത്തിലായിരുന്ന സമയത്ത് എൽസയ്‌ക്ക് ഏറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു.”
3, 4. (എ) സഹിച്ചുനിൽക്കാൻ ആരുടെ ദൃഷ്ടാന്തങ്ങൾ ക്രിസ്‌ത്യാനികളെ സഹായിക്കും? (ബി) ഇയ്യോബിന്റെ അനുഭവം പരിചിന്തിക്കാൻ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത് എന്തുകൊണ്ട്?
3 കഷ്ടം സഹിക്കുന്നതു തീർച്ചയായും എളുപ്പമുള്ള കാര്യമല്ലെന്ന് അനേകം സാക്ഷികളും അനുഭവത്തിലൂടെ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ക്രിസ്‌ത്യാനികളോടു ബൈബിൾ ഇങ്ങനെ പറയുന്നത്: “കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.” (യാക്കോബ് 5:10) ദൈവത്തിന്റെ അനേകം ദാസർ നൂറ്റാണ്ടുകളിലുടനീളം കാരണംകൂടാതെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. “സാക്ഷികളുടെ . . . വലിയോരു സമൂഹ”ത്തിന്റെ അത്തരം ദൃഷ്ടാന്തങ്ങൾ ക്രിസ്‌തീയ ഓട്ടം സഹിഷ്‌ണുതയോടെ ഓടുന്നതിൽ തുടരാൻ നമുക്ക് ഒരു പ്രോത്സാഹനമാണ്.—എബ്രായർ 11:32-38; 12:1.
4 സഹിഷ്‌ണുതയുടെ ദൃഷ്ടാന്തമായി ബൈബിൾ എടുത്തുകാണിക്കുന്ന ഒരു കഥാപാത്രമാണ് ഇയ്യോബ്. യാക്കോബ് ഇങ്ങനെ എഴുതി: “സഹിഷ്‌ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു. യോബിന്റെ സഹിഷ്‌ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.” (യാക്കോബ് 5:11) യഹോവയുടെ അനുഗ്രഹത്തിനു പാത്രമാകുന്ന വിശ്വസ്‌ത സ്‌ത്രീപുരുഷന്മാർക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്റെ ഒരു പൂർവവീക്ഷണമാണ് അവൻ ഇയ്യോബിന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ. അധികം പ്രധാനമായി, പ്രതികൂല സാഹചര്യങ്ങളിൽ വിശ്വസ്‌തരായി തുടരാൻ നമ്മെ സഹായിക്കുന്ന ചില സത്യങ്ങൾ ഇയ്യോബിന്റെ പുസ്‌തകം വെളിപ്പെടുത്തുന്നു. പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അതു നമ്മെ സഹായിക്കുന്നു: പരിശോധന നേരിടുമ്പോൾ, ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാന വിവാദവിഷയങ്ങൾ മനസ്സിലാക്കാൻ നാം ശ്രമിക്കേണ്ടത് എന്തുകൊണ്ട്? സഹിച്ചുനിൽക്കാൻ ഏതെല്ലാം ഗുണങ്ങളും മനോഭാവങ്ങളും നമ്മെ സഹായിക്കും? ക്ലേശം അനുഭവിക്കുന്ന സഹക്രിസ്‌ത്യാനികളെ ബലപ്പെടുത്താൻ നമുക്ക് എങ്ങനെ കഴിയും?
സാഹചര്യം സമഗ്രമായി മനസ്സിലാക്കുക
5. പരിശോധനകളും പ്രലോഭനങ്ങളും നേരിടുമ്പോൾ നാം ഓർത്തിരിക്കേണ്ട പ്രധാന വിവാദവിഷയം എന്ത്?
5 ഉൾപ്പെട്ടിരിക്കുന്ന വിവാദവിഷയങ്ങൾ തിരിച്ചറിഞ്ഞാൽമാത്രമേ വിപത്തുകൾ നേരിടുമ്പോൾ ആത്മീയ സമനില പാലിക്കാൻ നമുക്കു കഴിയൂ. അല്ലാഞ്ഞാൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ നമ്മുടെ ആത്മീയ വീക്ഷണത്തെ മറച്ചുകളഞ്ഞേക്കാം. ദൈവത്തോടുള്ള വിശ്വസ്‌തത സംബന്ധിച്ച വിവാദം സർവപ്രാധാന്യം അർഹിക്കുന്നു. നമ്മോടെല്ലാവരോടുമായി നമ്മുടെ സ്വർഗീയ പിതാവ് നടത്തുന്ന അഭ്യർഥന ഇതാണ്: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) എത്ര മഹത്തായ ഒരു പദവി! അപൂർണതയും ബലഹീനതകളും ഉള്ളവരെങ്കിലും സ്രഷ്ടാവിനെ സന്തോഷിപ്പിക്കാൻ നമുക്കാകും. യഹോവയോടുള്ള ആഴമായ സ്‌നേഹം നിമിത്തം പരിശോധനകളും പ്രലോഭനങ്ങളും സഹിച്ചുനിൽക്കുമ്പോഴാണ് നമുക്ക് അങ്ങനെ ചെയ്യാനാകുന്നത്. യഥാർഥ ക്രിസ്‌തീയ സ്‌നേഹം എല്ലാം സഹിക്കുന്നു. അത് ഒരുനാളും ഉതിർന്നുപോകുകയില്ല.—1 കൊരിന്ത്യർ 13:7, 8.
6. സാത്താൻ എങ്ങനെ, എത്രത്തോളം യഹോവയെ നിന്ദിക്കുന്നു?
6 യഹോവയെ നിന്ദിക്കുന്നതു സാത്താനാണെന്ന് ഇയ്യോബിന്റെ പുസ്‌തകം വ്യക്തമായി കാണിച്ചുതരുന്നു. ആ അദൃശ്യ ശത്രുവിന്റെ ദുഷ്ടപ്രകൃതവും ദൈവവുമായുള്ള നമ്മുടെ ബന്ധം തകർക്കാനുള്ള അവന്റെ ഉദ്ദേശ്യവും അതു തുറന്നുകാട്ടുന്നു. ഇയ്യോബിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, യഹോവയുടെ എല്ലാ ദാസരും സ്വാർഥരാണെന്ന് അവൻ ആരോപിക്കുകയും ദൈവത്തോടുള്ള അവരുടെ സ്‌നേഹം തണുത്തുപോകുമെന്നു തെളിയിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിനു വർഷങ്ങളായി അവൻ ദൈവത്തെ നിന്ദിച്ചുകൊണ്ടിരിക്കുന്നു. സാത്താനെ സ്വർഗത്തിൽനിന്നു തള്ളിയിട്ടപ്പോൾ അവിടെ ഉയർന്നുകേട്ട ഒരു ശബ്ദം അവനെ “നമ്മുടെ സഹോദരന്മാരെ . . . കുറ്റം ചുമത്തുന്ന അപവാദി”യെന്നു വിശേഷിപ്പിക്കുകയും അവൻ അപ്രകാരം “രാപ്പകൽ ദൈവസന്നിധിയിൽ” കുറ്റാരോപണം നടത്തുന്നുവെന്നു പ്രസ്‌താവിക്കുകയും ചെയ്‌തു. (വെളിപ്പാടു 12:10) വിശ്വസ്‌തമായി സഹിച്ചുനിന്നുകൊണ്ട് അവന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നമുക്കു തെളിയിക്കാം.
7. ശാരീരിക ബലഹീനതകൾ നമുക്ക് എങ്ങനെ നേരിടാനാകും?
7 നമുക്കു നേരിട്ടേക്കാവുന്ന ഏതൊരു കഷ്ടവും മുതലെടുത്തുകൊണ്ട് യഹോവയിൽനിന്നു നമ്മെ അകറ്റാൻ പിശാച് ശ്രമിക്കുമെന്നു നാം ഓർത്തിരിക്കണം. അവൻ എപ്പോഴായിരുന്നു യേശുവിനെ പരീക്ഷിച്ചത്? പലനാൾ ഉപവസിച്ചശേഷം യേശു വല്ലാതെ വിശന്നിരുന്നപ്പോൾ. (ലൂക്കൊസ് 4:1-3) യേശുവിന്റെ ആത്മീയകരുത്ത് പക്ഷേ, പിശാചിന്റെ പ്രലോഭനങ്ങൾ സുദൃഢം തള്ളിക്കളയാൻ അവനെ ശക്തനാക്കി. രോഗമോ വാർധക്യമോ മറ്റെന്തെങ്കിലുമോ നിമിത്തമുണ്ടാകുന്ന ഏതൊരു ശാരീരിക ബലഹീനതയെയും ആത്മീയബലംകൊണ്ടു നേരിടുന്നത് എത്ര പ്രധാനമാണ്! “പുറമെയുള്ള മനുഷ്യൻ ക്ഷയിച്ചുപോകുന്നു എങ്കിലും . . . അകമേയുള്ളവൻ നാൾക്കുനാൾ പുതുക്കം പ്രാപിക്കുന്ന”തിനാൽ നാം മടുത്തു പിൻമാറുന്നില്ല.—2 കൊരിന്ത്യർ 4:16.
8. (എ) വിഷാദാത്മക വികാരങ്ങൾ വിനാശകമായ സ്വാധീനം ചെലുത്തിയേക്കാവുന്നത് എങ്ങനെ? (ബി) യേശുവിന് എങ്ങനെയുള്ള മനോഭാവം ഉണ്ടായിരുന്നു?
ഇയ്യോബ് 16:20; 19:2) നീരസം വെച്ചുകൊണ്ടിരിക്കുന്നത് ‘പിശാചിന് ഇടം കൊടുക്കാൻ’ ഇടയാക്കുമെന്ന് പൗലൊസ് അപ്പൊസ്‌തലൻ ചൂണ്ടിക്കാട്ടിയത് എത്ര ശരിയാണ്. (എഫെസ്യർ 4:26, 27) മറ്റുള്ളവരോടു നീരസമോ കോപമോ പ്രകടിപ്പിക്കുകയോ ഒരു പ്രത്യേക സാഹചര്യത്തിൽ നേരിട്ട അനീതിയെക്കുറിച്ച് അതിരുകവിഞ്ഞു ചിന്തിക്കുകയോ ചെയ്യുന്നതിനു പകരം യേശുവിനെ അനുകരിക്കുന്നത് ക്രിസ്‌ത്യാനികൾക്ക് ഏറെ പ്രയോജനം ചെയ്യും. “ന്യായമായി വിധിക്കുന്ന”വനായ യഹോവയാം ദൈവത്തിങ്കൽ “കാര്യം ഭരമേല്‌പിക്കയത്രേ” അവൻ ചെയ്‌തത്. (1 പത്രൊസ് 2:21-23) അവന്റെ മാനസിക “ഭാവം” ഉണ്ടായിരിക്കുന്നത് സാത്താന്റെ ആക്രമണങ്ങളെ ശക്തമായി ചെറുക്കാൻ നമ്മെ സഹായിക്കും.—1 പത്രൊസ് 4:1.
8 കൂടാതെ, വിഷാദാത്മക വികാരങ്ങൾ നമ്മുടെ ആത്മീയത അപകടപ്പെടുത്തിയേക്കാം. ‘എന്തുകൊണ്ടാണ് യഹോവ ഇത് അനുവദിക്കുന്നത്?’ എന്ന് ഒരാൾ ചിന്തിച്ചേക്കാം. ദയാരഹിതമായ പെരുമാറ്റം സഹിക്കേണ്ടിവരുന്ന മറ്റൊരാൾ ‘എന്നോട് അങ്ങനെ പെരുമാറാൻ ആ സഹോദരന് എങ്ങനെ കഴിഞ്ഞു?’ എന്നും ചിന്തിച്ചേക്കാം. നാം അടിസ്ഥാനപരമായ വിവാദവിഷയങ്ങൾ വിസ്‌മരിക്കാനും വ്യക്തിപരമായ വ്യാകുലതകളിൽ മുങ്ങിപ്പോകാനും അത്തരം ചിന്തകൾ ഇടയാക്കിയേക്കാം. ഇയ്യോബിന്റെ മൂന്നു വ്യാജ സ്‌നേഹിതന്മാരോട് അവന് അങ്ങേയറ്റം നീരസം തോന്നിയിരുന്നു. പ്രത്യക്ഷത്തിൽ, അത് അവനിൽ ഉളവാക്കിയ വൈകാരികപീഡ രോഗം അവനു വരുത്തിവെച്ച ശാരീരിക പീഡയുടെയത്ര തീവ്രമായിരുന്നു. (9. നമുക്കുണ്ടായേക്കാവുന്ന ക്ലേശങ്ങളോ പരിശോധനകളോ സംബന്ധിച്ച് ദൈവം എന്ത് ഉറപ്പുനൽകുന്നു?
9 ഏറ്റവും പ്രധാനമായി, ദൈവത്തിന്റെ അപ്രീതിയുടെ സുനിശ്ചിതമായ തെളിവാണ് നമ്മുടെ പ്രശ്‌നങ്ങൾ എന്നു നാം ഒരിക്കലും നിഗമനം ചെയ്യരുത്. വ്യാജ ആശ്വാസകരുടെ വിമർശന ശരങ്ങൾ കുത്തിനോവിച്ചപ്പോൾ ഇയ്യോബ് ആ വിധത്തിൽ തെറ്റിദ്ധരിക്കുകയുണ്ടായി. (ഇയ്യോബ് 19:21, 22) ബൈബിൾ നമുക്ക് ഈ ഉറപ്പു നൽകുന്നു: “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1:13) നേർവിപരീതമായി, നമുക്കുണ്ടായേക്കാവുന്ന ഏതൊരു ക്ലേശവും സഹിച്ചുനിൽക്കാൻ സഹായിക്കുമെന്നും ഏതൊരു പരീക്ഷയിൽനിന്നും രക്ഷിക്കുമെന്നും യഹോവ നമുക്ക് ഉറപ്പുതരുന്നു. (സങ്കീർത്തനം 55:22; 1 കൊരിന്ത്യർ 10:13) ആപത്തുനേരത്ത് ദൈവത്തോട് അടുത്തുചെല്ലുന്നതിലൂടെ കാര്യങ്ങൾ വസ്‌തുനിഷ്‌ഠമായി വിലയിരുത്താനും പിശാചിനെ വിജയകരമായി എതിർത്തുനിൽക്കാനും നമുക്കു കഴിയും.—യാക്കോബ് 4:7, 8.
സഹിഷ്‌ണുതയ്‌ക്കു സഹായം
10, 11. (എ) സഹിച്ചുനിൽക്കാൻ ഇയ്യോബിനെ സഹായിച്ചത് എന്ത്? (ബി) നല്ല മനസ്സാക്ഷി ഇയ്യോബിനു സഹായകമായത് എങ്ങനെ?
10 ദുരന്തങ്ങൾക്കുമധ്യേയും—വ്യാജ ആശ്വാസകരുടെ കുത്തുവാക്കുകളും അനർഥങ്ങളുടെ യഥാർഥ കാരണം സംബന്ധിച്ചുള്ള ചിന്താക്കുഴപ്പവുമെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു—ഇയ്യോബ് നിർമലത പാലിച്ചു. അവന്റെ സഹിഷ്‌ണുതയിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും? നിസ്സംശയമായും യഹോവയോടുള്ള വിശ്വസ്‌തതയായിരുന്നു അവന്റെ വിജയത്തിന്റെ അടിസ്ഥാനം. ‘ദൈവത്തെ ഭയപ്പെട്ടിരുന്നതിനാൽ അവൻ ദോഷം വിട്ടകന്നു.’ (ഇയ്യോബ് 1:1) ജീവിതത്തിലുടനീളം ഈ മൂല്യങ്ങൾ അവൻ ഉയർത്തിപ്പിടിച്ചു. അപ്രതീക്ഷിതമായി അനർഥം ആഞ്ഞടിച്ചത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ കഴിയാതെപോയപ്പോഴും യഹോവയെ ത്യജിച്ചുകളയാൻ അവൻ വിസമ്മതിച്ചു. സുഖത്തിലും ദുഃഖത്തിലും ദൈവത്തെ സേവിക്കണമെന്നായിരുന്നു ഇയ്യോബിന്റെ നിലപാട്.—ഇയ്യോബ് 1:21; 2:10.
11 നല്ലൊരു മനസ്സാക്ഷിയുണ്ടായിരുന്നതും ഇയ്യോബിന് ആശ്വാസത്തിനു കാരണമായിരുന്നു. ജീവിതം അസ്‌തമിക്കാൻ പോകുന്നതായി തോന്നിയ ഒരു സമയത്ത്, മറ്റുള്ളവരെ സഹായിക്കാൻ തന്നാലാവതു ചെയ്‌തുവെന്നും യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടു പറ്റിനിന്നുവെന്നും ഒരിക്കലും ഒരു തരത്തിലും വ്യാജാരാധനയിൽ ഏർപ്പെട്ടിട്ടില്ലെന്നുമുള്ള അറിവ് അവന് ആശ്വാസം പകർന്നു.—ഇയ്യോബ് 31:4-11.
12. എലീഹൂവിൽനിന്നു ലഭിച്ച സഹായത്തോട് ഇയ്യോബ് പ്രതികരിച്ചത് എങ്ങനെ?
12 തന്റെ ചില വീക്ഷണങ്ങളിൽ പൊരുത്തപ്പെടുത്തൽ വരുത്താൻ ഇയ്യോബിനു സഹായം ആവശ്യമായിരുന്നുവെന്നതിനു സംശയമില്ല. ആ സഹായം അവൻ താഴ്‌മയോടെ സ്വീകരിക്കുകയും ചെയ്‌തു—അതായിരുന്നു വിജയകരമായി സഹിച്ചുനിൽക്കാൻ അവനെ സഹായിച്ച മറ്റൊരു പ്രധാന ഘടകം. എലീഹൂവിന്റെ ജ്ഞാനപൂർണമായ ബുദ്ധിയുപദേശം അവൻ ആദരപൂർവം ശ്രദ്ധിക്കുകയും യഹോവയുടെ തിരുത്തലുകളോടു ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്‌തു. അവൻ ഇങ്ങനെ ഏറ്റുപറഞ്ഞു: “ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു.” (ഇയ്യോബ് 42:3, 6) മനോഭാവത്തിൽ വരുത്തിയ ഈ പൊരുത്തപ്പെടുത്തൽ തന്നെ ദൈവത്തോടു കൂടുതൽ അടുപ്പിച്ചുവെന്ന യാഥാർഥ്യം, വ്യാധിയുടെ വേദനയിൽ പുളഞ്ഞുകൊണ്ടിരുന്നപ്പോഴും ഇയ്യോബിനു സന്തോഷം കൈവരുത്തി. യഹോവയ്‌ക്കു “സകലവും കഴിയുമെന്നു . . . ഞാൻ അറിയുന്നു,” അവൻ പറഞ്ഞു. (ഇയ്യോബ് 42:2) യഹോവ തന്റെ വല്ലഭത്വത്തെക്കുറിച്ചു വിവരിച്ചപ്പോൾ സ്രഷ്ടാവിനോടുള്ള താരതമ്യത്തിൽ താൻ എത്ര നിസ്സാരനാണെന്നു കൂടുതൽ വ്യക്തമായി കാണാൻ ഇയ്യോബിനു സാധിച്ചു.
13. കരുണ കാണിച്ചത് ഇയ്യോബിനു പ്രയോജനകരമായിത്തീർന്നത് എങ്ങനെ?
13 കരുണ പ്രകടമാക്കുന്ന കാര്യത്തിലും ഇയ്യോബ് ശ്രദ്ധേയമായ ഒരു മാതൃക വെച്ചു. വ്യാജ ആശ്വാസകർ അവനെ ആഴമായി വേദനിപ്പിച്ചെങ്കിലും അവർക്കായി പ്രാർഥിക്കാൻ യഹോവ ആവശ്യപ്പെട്ടപ്പോൾ അവൻ ഇയ്യോബ് 42:8, 10) വ്യക്തമായും, നീരസം വെച്ചുപുലർത്തുന്നതിനു പകരം സ്‌നേഹവും കരുണയും പ്രകടമാക്കുന്നത് സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും. മനസ്സിൽനിന്നു നീരസം നീക്കിക്കളയുമ്പോൾ നമുക്ക് ആത്മീയ നവോന്മേഷം ലഭിക്കും, യഹോവ നമ്മെ അനുഗ്രഹിക്കുകയും ചെയ്യും.—മർക്കൊസ് 11:25.
അതനുസരിച്ചു. അതേത്തുടർന്ന് യഹോവ അവനെ സുഖപ്പെടുത്തുകയും ചെയ്‌തു. (സഹിച്ചുനിൽക്കാൻ സഹായിക്കുന്ന ജ്ഞാനോപദേശകർ
14, 15. (എ) മറ്റുള്ളവർക്ക് ആശ്വാസം പകരാൻ ഏതു ഗുണങ്ങൾ ഒരു ഉപദേശകനെ പ്രാപ്‌തനാക്കും? (ബി) ഇയ്യോബിനെ സഹായിക്കുന്നതിൽ എലീഹൂവിനു വിജയിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടെന്നു വിശദമാക്കുക.
14 ജ്ഞാനമുള്ള ഉപദേശകർ എത്ര വിലയേറിയവരാണെന്നും ഇയ്യോബിന്റെ പുസ്‌തകത്തിൽനിന്നു നമുക്കു പഠിക്കാനാകും. ‘അനർഥകാലത്ത് അവർ സഹോദരന്മാരായിത്തീരുന്നു.’ (സദൃശവാക്യങ്ങൾ 17:17) എന്നിരുന്നാലും ഇയ്യോബിന്റെ അനുഭവം പ്രകടമാക്കുന്നതുപോലെ ചില ഉപദേശകർ സുഖപ്പെടുത്തുന്നവർ ആയിരിക്കുന്നതിനു പകരം മുറിപ്പെടുത്തുന്നവർ ആയിത്തീർന്നേക്കാം. ഒരു നല്ല ഉപദേശകൻ എലീഹൂവിനെപ്പോലെ ദയയും ആദരവും സമാനുഭാവവും പ്രകടമാക്കണം. മൂപ്പന്മാർക്കും പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികൾക്കും പ്രശ്‌നങ്ങളാൽ ഭാരപ്പെട്ടിരിക്കുന്ന സഹോദരങ്ങളുടെ ചിന്താഗതി നേരെയാക്കേണ്ടതുണ്ടായിരുന്നേക്കാം. അതു ഫലകരമായി ചെയ്യാൻ സഹായകമായ ധാരാളം കാര്യങ്ങൾ ഇയ്യോബിന്റെ പുസ്‌തകത്തിൽനിന്ന് അവർക്കു പഠിക്കാനാകും.—ഗലാത്യർ 6:1; എബ്രായർ 12:12, 13.
15 എലീഹൂ സാഹചര്യം കൈകാര്യം ചെയ്‌ത വിധത്തിൽ നല്ല പാഠങ്ങൾ പലതുണ്ട്. ഇയ്യോബിന്റെ മൂന്നു സ്‌നേഹിതന്മാരുടെ തെറ്റായ അഭിപ്രായപ്രകടനങ്ങൾക്കു മറുപടി പറയുന്നതിനുമുമ്പായി അവൻ എല്ലാം ക്ഷമാപൂർവം കേട്ടു. (ഇയ്യോബ് 32:11; സദൃശവാക്യങ്ങൾ 18:13) ഇയ്യോബുമായുള്ള സംഭാഷണത്തിൽ എലീഹൂ അവന്റെ പേർ വിളിച്ച് ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ചു. (ഇയ്യോബ് 33:1) ആ മൂന്നു വ്യാജ ആശ്വാസകരെപ്പോലെ അവൻ തന്നെത്തന്നെ ഇയ്യോബിനെക്കാൾ ശ്രേഷ്‌ഠനായി വീക്ഷിച്ചില്ല. “എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു,” അവൻ പറഞ്ഞു. ചിന്താശൂന്യമായി സംസാരിച്ചുകൊണ്ട് ഇയ്യോബിനെ കൂടുതൽ ദുഃഖത്തിലാഴ്‌ത്താൻ അവൻ ആഗ്രഹിച്ചില്ല. (ഇയ്യോബ് 33:6, 7; സദൃശവാക്യങ്ങൾ 12:18) ഇയ്യോബിന്റെ മുൻജീവിതഗതിയെ വിമർശിക്കുന്നതിനു പകരം അവന്റെ നീതിയെപ്രതി എലീഹൂ അവനെ അഭിനന്ദിച്ചു. (ഇയ്യോബ് 33:32) ഏറ്റവും പ്രധാനമായി, ദൈവത്തിന്റെ വീക്ഷണഗതിക്കു ചേർച്ചയിലായിരുന്നു എലീഹൂ കാര്യങ്ങളെ വീക്ഷിച്ചിരുന്നത്. യഹോവ ഒരുനാളും അനീതി പ്രവർത്തിക്കുകയില്ലെന്ന യാഥാർഥ്യം മനസ്സിൽ പതിപ്പിക്കാൻ അവൻ ഇയ്യോബിനെ സഹായിക്കുകയും ചെയ്‌തു. (ഇയ്യോബ് 34:10-12) സ്വന്തം നീതി സ്ഥാപിക്കാൻ ശ്രമിക്കുന്നതിനു പകരം യഹോവയ്‌ക്കായി കാത്തിരിക്കാൻ അവൻ ഇയ്യോബിനെ പ്രോത്സാഹിപ്പിച്ചു. (ഇയ്യോബ് 35:2; 37:14, 23) ക്രിസ്‌തീയ മൂപ്പന്മാർക്കും മറ്റുള്ളവർക്കും ഇത്തരം പാഠങ്ങളിൽനിന്നു തീർച്ചയായും പ്രയോജനം നേടാനാകും.
16. ഇയ്യോബിന്റെ മൂന്ന് ആശ്വാസകർ സാത്താന്റെ ചട്ടുകങ്ങളായിത്തീർന്നത് എങ്ങനെ?
16 എലീഫാസിന്റെയും ബിൽദാദിന്റെയും സോഫറിന്റെയും മുറിപ്പെടുത്തുന്ന വാക്കുകൾക്കു കടകവിരുദ്ധമായിരുന്നു എലീഹൂവിന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം. “നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല,” യഹോവ അവരോടു പറഞ്ഞു. (ഇയ്യോബ് 42:7) തങ്ങൾക്കു സദുദ്ദേശ്യം മാത്രമേയുള്ളൂവെന്ന് അവർ അവകാശപ്പെട്ടിരുന്നിരിക്കാമെങ്കിലും വിശ്വസ്‌ത സ്‌നേഹിതരായി പ്രവർത്തിക്കുന്നതിനു പകരം അവർ സാത്താന്റെ ചട്ടുകങ്ങളായി സേവിക്കുകയാണുണ്ടായത്. ഇയ്യോബിന്റെ പ്രവൃത്തിദോഷമാണ് അവന്റെ അനർഥങ്ങൾക്കു കാരണമെന്നു തുടക്കംമുതലേ അവർ കരുതി. (ഇയ്യോബ് 4:7, 8; 8:6; 20:22, 29) ദൈവത്തിനു തന്റെ ദാസരെ വിശ്വാസമില്ലെന്നും നാം നീതിമാന്മാരാണോ അല്ലയോയെന്നത് അവനു വലിയ പ്രശ്‌നമൊന്നും അല്ലെന്നും എലീഫാസ് അഭിപ്രായപ്പെട്ടു. (ഇയ്യോബ് 15:15; 22:2, 3) ചെയ്യാത്ത തെറ്റുകളുടെ പേരിൽ അവൻ ഇയ്യോബിനെ കുറ്റപ്പെടുത്തുകപോലുമുണ്ടായി. (ഇയ്യോബ് 22:5, 9) നേരെമറിച്ച് എലീഹൂ ഇയ്യോബിനെ ആത്മീയമായി ബലപ്പെടുത്തി, അതാണ് സ്‌നേഹമുള്ള ഏതൊരു ഉപദേശകന്റെയും ലക്ഷ്യം.
17. പരിശോധനകൾ നേരിടുമ്പോൾ നാം എന്ത് ഓർക്കണം?
17 സഹിഷ്‌ണുതയോടുള്ള ബന്ധത്തിൽ മറ്റൊരു പാഠവും ഇയ്യോബിന്റെ പുസ്‌തകത്തിൽനിന്നു
നമുക്കു പഠിക്കാൻ കഴിയും. സ്‌നേഹവാനായ നമ്മുടെ ദൈവം നമ്മുടെ സാഹചര്യം കാണുന്നുണ്ട്. വിവിധ മാർഗങ്ങളിലൂടെ നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു, അതിന് അവൻ പ്രാപ്‌തനുമാണ്. തുടക്കത്തിൽ നാം എൽസ ആപ്‌റ്റിന്റെ അനുഭവം ശ്രദ്ധിക്കുകയുണ്ടായി. അവൾ പറഞ്ഞ ഈ വാക്കുകൾ പരിചിന്തിക്കുക: “അറസ്റ്റു ചെയ്യപ്പെടുന്നതിനുമുമ്പ്, ഒരു സഹോദരിയിൽനിന്നു ലഭിച്ച കത്ത് ഞാൻ വായിച്ചിരുന്നു. കഠിനമായ പരിശോധനകളുടെ സമയത്ത് ഒരു പ്രശാന്തത അനുഭവപ്പെടാൻ ദൈവാത്മാവ് ഇടയാക്കുമെന്ന് അതിൽ എഴുതിയിരുന്നു. അത് അൽപ്പം അതിശയോക്തിയോടുകൂടിയ പ്രസ്‌താവനയല്ലേയെന്നു ഞാൻ ചിന്തിച്ചുപോയി. എന്നാൽ ഒടുവിൽ പരിശോധനകൾ നേരിട്ടപ്പോൾ ആ വാക്കുകൾ എത്ര സത്യമായിരുന്നെന്ന് എനിക്കു ബോധ്യമായി. സഹോദരി പറഞ്ഞതു നേരായിരുന്നു. നിങ്ങൾക്ക് അനുഭവമില്ലെങ്കിൽ അതു മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. എന്നാൽ എന്റെ കാര്യത്തിൽ അതുതന്നെയാണു സംഭവിച്ചത്. യഹോവ സഹായം പ്രദാനം ചെയ്യുന്നു.” യഹോവയ്‌ക്കു ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെക്കുറിച്ചോ സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇയ്യോബിന്റെ നാളിൽ അവൻ ചെയ്‌ത ഒരു കാര്യത്തെക്കുറിച്ചോ ആയിരുന്നില്ല നമ്മുടെ കാലത്തെക്കുറിച്ചായിരുന്നു എൽസ സംസാരിച്ചത്. നിസ്സംശയമായും, “യഹോവ സഹായം പ്രദാനം ചെയ്യുന്നു”!സഹിച്ചുനിൽക്കുന്നവൻ സന്തുഷ്ടൻ
18. സഹിച്ചുനിന്നതിലൂടെ ഇയ്യോബ് എന്തെല്ലാം പ്രയോജനങ്ങൾ നേടി?
18 ഇയ്യോബ് നേരിട്ടതുപോലുള്ള ദാരുണമായ വിപത്തുകൾ എല്ലാവരും അനുഭവിക്കേണ്ടിവരില്ല. എന്നിരുന്നാലും ഈ വ്യവസ്ഥിതിയിൽ എന്തെല്ലാം പരിശോധനകൾ ഉണ്ടായാലും ഇയ്യോബിനെപ്പോലെ നിർമലരായി തുടരാൻ നമുക്ക് ഈടുറ്റ കാരണങ്ങളുണ്ട്. സഹിഷ്‌ണുത ഇയ്യോബിന്റെ ജീവിതത്തെ കൂടുതൽ ധന്യമാക്കിയെന്നതാണു യാഥാർഥ്യം. അത് അവനെ സമ്പൂർണനും തികഞ്ഞവനുമാക്കി. (യാക്കോബ് 1:2-4) ദൈവവുമായുള്ള അവന്റെ ബന്ധത്തെ അതു ശക്തമാക്കിത്തീർത്തു. “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു,” അവൻ തുറന്നുപറഞ്ഞു. (ഇയ്യോബ് 42:5) ഇയ്യോബിന്റെ നിർമലത തകർക്കാൻ കഴിയാഞ്ഞതിനാൽ സാത്താൻ ഒരു നുണയനാണെന്നും തെളിഞ്ഞു. നൂറുകണക്കിനു വർഷങ്ങൾക്കുശേഷം നീതിയുടെ ദൃഷ്ടാന്തമെന്ന നിലയിൽ യഹോവ ഇയ്യോബിനെ പരാമർശിച്ചു. (യെഹെസ്‌കേൽ 14:14) നിർമതലയുടെയും സഹിഷ്‌ണുതയുടെയും ആ ദൃഷ്ടാന്തം ഇന്നും ദൈവജനത്തിനു പ്രചോദനമേകുന്നു.
19. സഹിഷ്‌ണുത മൂല്യവത്താണെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്?
19 സഹിഷ്‌ണുതയെക്കുറിച്ച് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക് എഴുതവേ, സഹിഷ്‌ണുത കൈവരുത്തുന്ന സംതൃപ്‌തിയെ യാക്കോബ് പരാമർശിച്ചു. യഹോവ തന്റെ വിശ്വസ്‌ത ദാസർക്കു സമൃദ്ധമായ പ്രതിഫലം നൽകുന്നുവെന്ന് അവരെ ഓർമിപ്പിക്കാൻ അവൻ ഇയ്യോബിന്റെ ദൃഷ്ടാന്തം ഉപയോഗിക്കുകയും ചെയ്‌തു. (യാക്കോബ് 5:11) “യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു” എന്ന് ഇയ്യോബ് 42:12-ൽ നാം കാണുന്നു. നഷ്ടമായതെല്ലാം ദൈവം അവന് ഇരട്ടിയായി കൊടുത്തു, തുടർന്ന് അവൻ ദീർഘകാലം സുഖമായി ജീവിക്കുകയും ചെയ്‌തു. (ഇയ്യോബ് 42:16, 17) സമാനമായി, ഈ അന്ത്യകാലത്തു നാം സഹിക്കേണ്ടിവന്നേക്കാവുന്ന വേദനയും കഷ്ടപ്പാടും മനോവ്യഥയുമെല്ലാം ദൈവത്തിന്റെ പുതിയ ലോകത്തിൽ കഴിഞ്ഞകാല സംഗതികളായിമാറും. (യെശയ്യാവു 65:17; വെളിപ്പാടു 21:4) ഇയ്യോബിന്റെ സഹിഷ്‌ണുതയെക്കുറിച്ചു കേട്ടിരിക്കുന്ന നാം യഹോവയുടെ സഹായത്താൽ അവന്റെ മാതൃക അനുകരിക്കാൻ ദൃഢനിശ്ചയമുള്ളവരാണ്. ബൈബിൾ ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്‌നേഹിക്കുന്നവർക്കു വാഗ്‌ദത്തം ചെയ്‌ത ജീവകിരീടം പ്രാപിക്കും.”—യാക്കോബ് 1:12.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• നമുക്ക് എങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം?
• നമ്മുടെ പ്രശ്‌നങ്ങൾ ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണെന്നു നാം നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്?
• സഹിച്ചുനിൽക്കാൻ ഇയ്യോബിനെ സഹായിച്ച ഘടകങ്ങൾ ഏവ?
• സഹവിശ്വാസികളെ ബലപ്പെടുത്തുന്നതിൽ നമുക്ക് എങ്ങനെ എലീഹൂവിനെ അനുകരിക്കാം?
[അധ്യയന ചോദ്യങ്ങൾ]
[28-ാം പേജിലെ ചിത്രം]
ഒരു നല്ല ഉപദേശകൻ ദയയും ആദരവും സമാനുഭാവവും പ്രകടമാക്കുന്നു
[29-ാം പേജിലെ ചിത്രങ്ങൾ]
എൽസയും ഹരാൾട്ട് ആപ്‌റ്റും