വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇയ്യോബ്‌​—⁠സഹിഷ്‌ണുതയ്‌ക്കും നിർമലതയ്‌ക്കും ഒരു ഉത്തമ ദൃഷ്ടാന്തം

ഇയ്യോബ്‌​—⁠സഹിഷ്‌ണുതയ്‌ക്കും നിർമലതയ്‌ക്കും ഒരു ഉത്തമ ദൃഷ്ടാന്തം

ഇയ്യോബ്‌​—⁠സഹിഷ്‌ണുതയ്‌ക്കും നിർമലതയ്‌ക്കും ഒരു ഉത്തമ ദൃഷ്ടാന്തം

“എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ.”​—⁠ഇയ്യോബ്‌ 1:⁠8.

1, 2. (എ) ഇയ്യോബിന്‌ അപ്രതീക്ഷിതമായി ഏതു ദുരന്തങ്ങൾ നേരിട്ടു? (ബി) ദുരന്തങ്ങൾ നേരിടുന്നതിനുമുമ്പ്‌ ഇയ്യോബിന്റെ ജീവിതം എങ്ങനെയുള്ളതായിരുന്നു?

ഐശ്വര്യപൂർണമായ ഒരു ജീവിതമായിരുന്നു അവന്റേത്‌. സമ്പത്തിനും പ്രതാപത്തിനും ആരോഗ്യത്തിനുമൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. കുടുംബജീവിതവും ഏറെ സന്തുഷ്ടമായിരുന്നു. എന്നാൽ പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്‌​—⁠ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങൾ ആഞ്ഞടിച്ചു. നിമിഷനേരംകൊണ്ട്‌ അവനു സമ്പത്തെല്ലാം നഷ്ടമായി. തുടർന്ന്‌ അസാധാരണമായ ഒരു കൊടുങ്കാറ്റ്‌ മക്കളുടെ ജീവൻ അപഹരിച്ചു. അധികംതാമസിയാതെ ഗുരുതരമായ ഒരു രോഗവും അവനെ കീഴ്‌പെടുത്തി. ശരീരമാസകലം വ്രണങ്ങൾകൊണ്ടു നിറഞ്ഞ അവൻ വേദനയിൽ പുളഞ്ഞു. ഇയ്യോബ്‌ എന്ന ബൈബിൾ പുസ്‌തകത്തിലെ കേന്ദ്ര കഥാപാത്രമായ ഇയ്യോബിന്റെ ഈ ചരിത്രം പലർക്കും സുപരിചിതമാണ്‌.

2 “അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ . . . ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു,” ഇയ്യോബ്‌ വിലപിച്ചു. (ഇയ്യോബ്‌ 3:3; 29:2) ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ, ജീവിതം കഴിഞ്ഞകാലത്തെപ്പോലെ ആയിരുന്നെങ്കിൽ എന്നു ചിന്തിച്ചുപോകാത്തതായി ആരാണുള്ളത്‌? മാതൃകായോഗ്യമായ ഒരു ജീവിതം നയിച്ചിരുന്ന ഇയ്യോബ്‌ പ്രശ്‌നങ്ങളിൽനിന്നെല്ലാം സംരക്ഷിക്കപ്പെട്ടിരുന്നതായി കാണപ്പെട്ടു. സമൂഹത്തിലെ പ്രമുഖർ അവനോട്‌ ആദരവു കാണിക്കുകയും ആലോചന ചോദിക്കുകയും ചെയ്‌തിരുന്നു. (ഇയ്യോബ്‌ 29:5-11) സമ്പന്നനെങ്കിലും ധനത്തിന്റെ കാര്യത്തിൽ സമനിലയുള്ള ഒരു വീക്ഷണമാണ്‌ അവനുണ്ടായിരുന്നത്‌. (ഇയ്യോബ്‌ 31:24, 25, 28) കഷ്ടപ്പെടുന്ന വിധവമാരെയും അനാഥരെയും അവൻ സഹായിച്ചിരുന്നു. (ഇയ്യോബ്‌ 29:12-16) കൂടാതെ ഭാര്യയോട്‌ അവൻ എന്നും വിശ്വസ്‌തനായിരുന്നു.​—⁠ഇയ്യോബ്‌ 31:1, 9, 11.

3. യഹോവ ഇയ്യോബിനെ എങ്ങനെ വീക്ഷിച്ചു?

3 ദൈവത്തിന്റെ ആരാധകനായിരുന്ന ഇയ്യോബിന്റെ ജീവിതം കറയറ്റതായിരുന്നു. “അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ” എന്ന്‌ യഹോവ പറഞ്ഞു. (ഇയ്യോബ്‌ 1:1, 8) എങ്കിലും ആ ധർമിഷ്‌ഠന്റെ പ്രശാന്ത ജീവിതത്തെ ദുരന്തങ്ങൾ പിച്ചിച്ചീന്തി. അധ്വാനിച്ചു നേടിയതെല്ലാം ക്ഷണത്തിൽ അപ്രത്യക്ഷമായി. വേദനയും മനോവ്യഥയും നിരാശയും അവന്റെ സഹിഷ്‌ണുതയുടെയും നിർമലതയുടെയും മാറ്റുരച്ചു.

4. ഇയ്യോബിനുണ്ടായ പരിശോധനയെക്കുറിച്ചു ചിന്തിക്കുന്നതു നമുക്കു സഹായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 ഇയ്യോബിനെക്കൂടാതെ മറ്റു ദൈവദാസന്മാരുടെ ജീവിതത്തിലും വൻദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്‌. ഇന്നുള്ള അനേകം ക്രിസ്‌ത്യാനികളും തങ്ങളുടെ ജീവിതം പല വിധങ്ങളിലും ഇയ്യോബിന്റേതുപോലെയാണെന്നു തിരിച്ചറിയുന്നു. ഇക്കാരണത്താൽ പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുന്നതു തീർച്ചയായും മൂല്യവത്താണ്‌: ഇയ്യോബിനുണ്ടായ പരിശോധന ഓർക്കുന്നത്‌ ആപത്തുനേരത്ത്‌ നമ്മെ എങ്ങനെ സഹായിക്കും? കഷ്ടപ്പെടുന്നവരോടു കൂടുതൽ സമാനുഭാവം പ്രകടമാക്കാൻ അതു നമ്മെ പഠിപ്പിക്കുന്നത്‌ എങ്ങനെ?

വിശ്വസ്‌തത ചോദ്യംചെയ്യപ്പെടുന്നു, നിർമലത പരിശോധിക്കപ്പെടുന്നു

5. ഇയ്യോബ്‌ ദൈവത്തെ സേവിച്ചിരുന്നതിന്റെ കാരണം എന്താണെന്നാണ്‌ സാത്താൻ പറഞ്ഞത്‌?

5 ഇയ്യോബിന്റെ സാഹചര്യം തികച്ചും വ്യത്യസ്‌തമായിരുന്നു. ദൈവത്തെ സേവിക്കുന്നതിലുള്ള തന്റെ ആന്തരത്തെക്കുറിച്ചു പിശാച്‌ ചോദ്യം ഉന്നയിച്ച വിവരം അവൻ അറിഞ്ഞിരുന്നില്ല. ആത്മവ്യക്തികൾ സ്വർഗത്തിൽ ഒന്നിച്ചുകൂടിയ ഒരു സന്ദർഭത്തിൽ യഹോവ ഇയ്യോബിന്റെ നല്ല ഗുണങ്ങൾ ചുണ്ടിക്കാട്ടിയപ്പോൾ സാത്താൻ ഇങ്ങനെ ചോദിച്ചു: “നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ?” അങ്ങനെ, സ്വാർഥലാഭത്തിനുവേണ്ടിയാണ്‌ ഇയ്യോബ്‌​—⁠ഫലത്തിൽ എല്ലാ ദൈവദാസന്മാരും​—⁠ദൈവത്തെ സേവിക്കുന്നതെന്ന്‌ സാത്താൻ വാദിച്ചു. “തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും,” സാത്താൻ യഹോവയോടു പറഞ്ഞു.​—⁠ഇയ്യോബ്‌ 1:8-11.

6. സുപ്രധാനമായ ഏതു വിവാദവിഷയം സാത്താൻ ഉന്നയിച്ചു?

6 വളരെ ഗൗരവമുള്ള ഒരു ആരോപണമായിരുന്നു സാത്താൻ ഉന്നയിച്ചത്‌. യഹോവ തന്റെ പരമാധികാരം പ്രയോഗിക്കുന്ന വിധം തുടക്കത്തിൽ അവൻ വെല്ലുവിളിച്ചിരുന്നു. ‘സ്‌നേഹത്തിലധിഷ്‌ഠിതമായി സൃഷ്ടികളുടെമേൽ ഭരണം നടത്താൻ ദൈവത്തിനാകുമോ അതോ സാത്താൻ സൂചിപ്പിച്ചതുപോലെ, കാര്യലാഭത്തിനുവേണ്ടിയാണ്‌ മനുഷ്യർ അവനെ സേവിക്കുന്നതെന്ന്‌ അവസാനം തെളിയുമോ?’ എന്ന ചോദ്യം ഉയർന്നുവരാൻ അത്‌ ഇടയാക്കി. തന്റെ ദാസനായ ഇയ്യോബിന്റെ നിർമലതയിലും വിശ്വസ്‌തതയിലും ഉറപ്പുണ്ടായിരുന്ന യഹോവ അവനെ പരിശോധിക്കാൻ സാത്താനെ അനുവദിച്ചു, അത്‌ വീണ്ടും ഉണ്ടായേക്കാവുന്ന സമാനമായ കേസുകൾക്കു തീർപ്പുകൽപ്പിക്കാൻ ഒരു മാതൃകയായി ഉതകുമായിരുന്നു. അങ്ങനെ സാത്താൻ ഒന്നിനു പുറകെ മറ്റൊന്നായി ഇയ്യോബിന്റെമേൽ അനർഥങ്ങൾ കൊണ്ടുവന്നു. ആദ്യ ഉദ്യമങ്ങളിൽ പരാജയപ്പെട്ടപ്പോൾ ഇയ്യോബിനു വേദനാകരമായ ഒരു രോഗം പിടിപെടാൻ അവൻ ഇടയാക്കി. “ത്വക്കിന്നു പകരം ത്വക്ക്‌; മനുഷ്യൻ തനിക്കുള്ളതൊക്കയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്ന്‌ പിശാച്‌ വാദിച്ചു.​—⁠ഇയ്യോബ്‌ 2:⁠4.

7. ഇയ്യോബിന്റേതിനോടു സമാനമായ ഏതെല്ലാം പരിശോധനകൾ ഇന്നു ദൈവദാസർ അഭിമുഖീകരിച്ചേക്കാം?

7 ഇയ്യോബ്‌ അനുഭവിച്ചത്ര കഷ്ടപ്പാടുകൾ ഇന്നു മിക്ക ക്രിസ്‌ത്യാനികൾക്കും ഉണ്ടാകുന്നില്ലെങ്കിലും അതിനോടു സമാനമായവ അവർക്ക്‌ അനുഭവിക്കേണ്ടിവരുന്നു. മറ്റു പലരും പീഡനമോ കുടുംബപ്രശ്‌നങ്ങളോ അഭിമുഖീകരിക്കുന്നു. സാമ്പത്തിക ഞെരുക്കവും ആരോഗ്യപ്രശ്‌നങ്ങളും അനേകരെ വീർപ്പുമുട്ടിക്കുന്നു. ചിലർ വിശ്വാസത്തിനുവേണ്ടി ജീവൻ ബലികഴിച്ചിരിക്കുന്നു. നാം അനുഭവിക്കുന്ന എല്ലാ ദുരിതങ്ങളും സാത്താൻ നേരിട്ടു വരുത്തുന്നതാണെന്ന്‌ ഒരിക്കലും നിഗമനം ചെയ്യരുത്‌. ചില പ്രശ്‌നങ്ങൾക്കു കാരണം സ്വന്തം തെറ്റുകളോ ജനിതക സവിശേഷതകളോപോലും ആയിരുന്നേക്കാം എന്നതാണു യാഥാർഥ്യം. (ഗലാത്യർ 6:7) കൂടാതെ വാർധക്യത്തിന്റെ അവശതകളും പ്രകൃതി വിപത്തുകളും നാം നേരിട്ടേക്കാം. അത്തരം ക്ലേശങ്ങളിൽനിന്നെല്ലാം യഹോവ ഇപ്പോൾ തന്റെ ദാസരെ അത്ഭുതകരമായി സംരക്ഷിക്കുന്നില്ലെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു.​—⁠സഭാപ്രസംഗി 9:11.

8. നാം അനുഭവിക്കുന്ന കഷ്ടങ്ങളെ മുതലെടുത്തുകൊണ്ട്‌ സാത്താൻ എന്തു ചെയ്‌തേക്കാം?

8 തന്നെയുമല്ല, നാം നേരിടുന്ന കഷ്ടങ്ങൾ മുതലെടുത്തുകൊണ്ട്‌ നമ്മുടെ വിശ്വാസത്തിനു തുരങ്കംവെക്കാൻ സാത്താൻ ശ്രമിച്ചേക്കാം. “എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; . . . എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ” എന്നു പൗലൊസ്‌ എഴുതി. (2 കൊരിന്ത്യർ 12:​7) കാഴ്‌ചക്കുറവോ മറ്റേതെങ്കിലും ശാരീരിക ബുദ്ധിമുട്ടോ അതുമല്ലെങ്കിൽ വേറെന്തെങ്കിലും പ്രശ്‌നങ്ങളോ ആയിരിക്കാം അവൻ നേരിട്ടിരുന്നത്‌. എന്തുതന്നെയായിരുന്നാലും പ്രശ്‌നങ്ങളും തത്‌ഫലമായുള്ള മനക്ലേശവും കരുവാക്കി തന്റെ സന്തോഷവും നിർമലതയും കവർന്നുകളയാൻ സാത്താനു കഴിയുമെന്ന്‌ പൗലൊസ്‌ തിരിച്ചറിഞ്ഞു. (സദൃശവാക്യങ്ങൾ 24:10) കുടുംബാംഗങ്ങളെയും സഹപാഠികളെയും ഏകാധിപത്യ ഭരണകൂടങ്ങളെയുംപോലും ഉപയോഗിച്ചുകൊണ്ട്‌ ദൈവദാസരെ ഏതെങ്കിലും വിധങ്ങളിൽ പീഡിപ്പിക്കാൻ അവൻ ഇന്നു ശ്രമിച്ചേക്കാം.

9. ദുരന്തങ്ങളോ പീഡനങ്ങളോ നമ്മെ അധികം അതിശയിപ്പിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

9 ഇത്തരം പ്രശ്‌നങ്ങൾ വിജയകരമായി നേരിടാൻ നമുക്ക്‌ എങ്ങനെ കഴിയും? യഹോവയോടുള്ള നമ്മുടെ സ്‌നേഹവും അവന്റെ പരമാധികാരത്തോടുള്ള നമ്മുടെ വിധേയത്വവും അചഞ്ചലമാണെന്നു പ്രകടിപ്പിക്കാനുള്ള അവസരമായി അവയെ വീക്ഷിക്കുകയെന്നതാണ്‌ അതിനുള്ള വഴി. (യാക്കോബ്‌ 1:2-4) നമ്മുടെ ദുരവസ്ഥയ്‌ക്കു കാരണം എന്തുതന്നെയായിരുന്നാലും ദൈവത്തോടു വിശ്വസ്‌തരായിരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത്‌ ആത്മീയ സമനില കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. പത്രൊസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷെക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവെച്ചു അതിശയിച്ചുപോകരുത്‌.” (1 പത്രൊസ്‌ 4:12) “ക്രിസ്‌തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും” എന്ന്‌ പൗലൊസും രേഖപ്പെടുത്തി. (2 തിമൊഥെയൊസ്‌ 3:12) ഇയ്യോബിന്റെ കാര്യത്തിലെന്നപോലെ ഇന്നും സാത്താൻ യഹോവയുടെ സാക്ഷികളുടെ നിർമലത വെല്ലുവിളിക്കുകയാണ്‌. ഈ അന്ത്യനാളുകളിൽ ദൈവജനത്തിനു നേരെയുള്ള അവന്റെ ആക്രമണം വിശേഷാൽ ശക്തിപ്രാപിച്ചിരിക്കുന്നതായി ബൈബിൾ പ്രകടമാക്കുന്നു.​—⁠വെളിപ്പാടു 12:9, 17.

തെറ്റിദ്ധാരണയും തെറ്റായ ഉപദേശങ്ങളും

10. ഏതു കാര്യം ഇയ്യോബിന്‌ അജ്ഞാതമായിരുന്നു?

10 ഇന്നു നമുക്കറിയാവുന്ന ഒരു കാര്യം ഇയ്യോബിന്‌ അജ്ഞാതമായിരുന്നു. ഇത്രയൊക്കെ ദുരന്തങ്ങൾ ഉണ്ടായത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ അവനു കഴിഞ്ഞിരുന്നില്ല. “യഹോവ തന്നു, യഹോവ എടുത്തു” എന്ന തെറ്റായ നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു അവൻ. (ഇയ്യോബ്‌ 1:21) ദൈവമാണ്‌ ഇയ്യോബിന്റെ ദുരിതങ്ങൾക്കു പിന്നിലെന്ന ധാരണയുളവാക്കാൻ സാത്താൻ കൗശലപൂർവം പ്രവർത്തിച്ചിരിക്കാം.

11. ദുരന്തങ്ങൾ നേരിട്ടപ്പോൾ ഇയ്യോബ്‌ എങ്ങനെ പ്രതികരിച്ചു?

11 ദൈവത്തെ ത്യജിച്ചുപറയാൻ ഭാര്യ ആവശ്യപ്പെട്ടപ്പോൾ അവൻ അങ്ങനെ ചെയ്‌തില്ല എന്നതു ശരിതന്നെ. എങ്കിലും അവൻ നിരാശയുടെ പടുകുഴിയിലായിരുന്നു. (ഇയ്യോബ്‌ 2:9, 10) ‘ദുഷ്ടന്മാർ എന്നെക്കാൾ എത്രയോ അഭിവൃദ്ധി പ്രാപിക്കുന്നു,’ അവൻ പറഞ്ഞു. (ഇയ്യോബ്‌ 21:7-9) ‘ദൈവം എന്തുകൊണ്ടാണ്‌ എന്നെ ശിക്ഷിക്കുന്നത്‌?’ എന്നും അവൻ ചിന്തിച്ചിരിക്കാം. മരിച്ചാൽ കൊള്ളാമെന്നുപോലും ചില സമയങ്ങളിൽ അവൻ ആഗ്രഹിച്ചുപോയി. “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും . . . ചെയ്‌തുവെങ്കിൽ കൊള്ളായിരുന്നു,” അവൻ അപേക്ഷിച്ചു.​—⁠ഇയ്യോബ്‌ 14:13.

12, 13. ഇയ്യോബിന്റെ മൂന്നു സ്‌നേഹിതന്മാരുടെ അഭിപ്രായങ്ങൾ അവനെ എങ്ങനെ സ്വാധീനിച്ചു?

12 ഇയ്യോബിനോടു “സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും” എന്ന മട്ടിൽ മൂന്നു സ്‌നേഹിതന്മാർ അവനെ സന്ദർശിച്ചു. (ഇയ്യോബ്‌ 2:11) യഥാർഥത്തിൽ അവർ “വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ” ആയിരുന്നു. (ഇയ്യോബ്‌ 16:2) അവർ അവനെ കൂടുതൽ ചിന്താക്കുഴപ്പത്തിലാക്കുകയും അവന്റെ മനോവ്യഥയ്‌ക്ക്‌ ആക്കംകൂട്ടുകയുമാണുണ്ടായത്‌. ആ സ്ഥാനത്ത്‌ ഉറ്റസുഹൃത്തുക്കളായിരുന്നെങ്കിൽ എല്ലാ ദുഃഖവും എണ്ണിപ്പറഞ്ഞ്‌ ആശ്വസിക്കാൻ അവനു കഴിയുമായിരുന്നു.​—⁠ഇയ്യോബ്‌ 19:2; 26:⁠2.

13 ‘എന്തുകൊണ്ട്‌ എനിക്കിതു സംഭവിച്ചു, ഈ അനർഥങ്ങളെല്ലാം അനുഭവിക്കാൻ ഞാൻ എന്തു തെറ്റാണു ചെയ്‌തത്‌?’ എന്നൊക്കെ ഇയ്യോബ്‌ ന്യായമായും ചിന്തിച്ചിട്ടുണ്ടാകാം. ദുരന്തങ്ങളുടെ കാരണം സംബന്ധിച്ച്‌ തികച്ചും സത്യവിരുദ്ധമായ വിശദീകരണമാണു അവന്റെ സ്‌നേഹിതന്മാർ നൽകിയത്‌. ഇയ്യോബ്‌ ചെയ്‌ത ഗുരുതരമായ ഏതോ പാപമാണ്‌ അവന്റെ അനർഥങ്ങൾക്കു കാരണം എന്നായിരുന്നു അവരുടെ നിഗമനം. “നിർദ്ദോഷിയായി നശിച്ചവൻ ആർ? . . . ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു,” എലീഫാസ്‌ ചൂണ്ടിക്കാട്ടി.​—⁠ഇയ്യോബ്‌ 4:7, 8.

14. കഷ്ടപ്പാടിനു കാരണം പ്രവൃത്തിദോഷമാണെന്നു നാം മുദ്രകുത്തരുതാത്തത്‌ എന്തുകൊണ്ട്‌?

14 ആത്മാവിൽ വിതയ്‌ക്കുന്നതിനു പകരം ജഡത്തിൽ വിതയ്‌ക്കുന്നവർക്കു പ്രശ്‌നങ്ങൾ ഉണ്ടായേക്കാമെന്നതു ശരിതന്നെ. (ഗലാത്യർ 6:7, 8) എന്നാൽ എത്ര നന്നായി ജീവിച്ചാലും നമുക്ക്‌ ഈ വ്യവസ്ഥിതിയിൽ കുഴപ്പങ്ങൾ നേരിട്ടേക്കാം. തന്നെയുമല്ല, നിഷ്‌കളങ്കർക്ക്‌ അനർഥങ്ങളൊന്നും ഉണ്ടാകില്ലെന്നു ഒരുതരത്തിലും നമുക്കു പറയാനാകില്ല. ‘നിർമലനും പാപികളോടു വേറിട്ടവനുമായിരുന്ന’ യേശുവിന്‌ ഒരു ദണ്ഡനസ്‌തംഭത്തിൽ തീവ്രവേദന സഹിച്ചു മരിക്കേണ്ടതായിവന്നു; അപ്പൊസ്‌തലനായ യാക്കോബും രക്തസാക്ഷിയായി മരിച്ചു. (എബ്രായർ 7:26; പ്രവൃത്തികൾ 12:1, 2) എലീഫാസിന്റെയും മറ്റു രണ്ടു സ്‌നേഹിതന്മാരുടെയും തെറ്റായ ന്യായവാദങ്ങൾ സ്വന്തം സത്‌കീർത്തിക്കുവേണ്ടി വാദിക്കാനും താൻ നിഷ്‌കളങ്കനാണെന്നു തറപ്പിച്ചുപറയാനും ഇയ്യോബിനെ പ്രേരിപ്പിച്ചു. ഇയ്യോബിന്റെ പ്രവൃത്തിദോഷമാണ്‌ ഈ ദുരവസ്ഥയ്‌ക്കെല്ലാം കാരണമെന്ന്‌ അവർ വീണ്ടുംവീണ്ടും കുറ്റപ്പെടുത്തിയപ്പോഴായിരിക്കാം ദൈവത്തിന്റെ നീതി സംബന്ധിച്ച്‌ അവന്റെയുള്ളിൽ സംശയം നാമ്പെടുത്തത്‌.​—⁠ഇയ്യോബ്‌ 34:5; 35:⁠2.

സങ്കടങ്ങളിൽ സഹായം തേടുക

15. ക്ലേശങ്ങൾ നേരിടുമ്പോൾ ഏതു ചിന്താഗതി നമ്മെ സഹായിക്കും?

15 ഇവിടെ നമുക്ക്‌ ഒരു പാഠമുണ്ട്‌. മറ്റുള്ളവർ പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖമായി കഴിയുന്നതായി കാണപ്പെടുമ്പോൾ നമുക്കു ദുരന്തങ്ങളോ രോഗങ്ങളോ പീഡനമോ ഒക്കെ ഉണ്ടാകുന്നതു തികച്ചും അനീതിയാണെന്നു തോന്നിയേക്കാം. (സങ്കീർത്തനം 73:3-12) അതുകൊണ്ട്‌ അടിസ്ഥാനപരമായ ഈ ചോദ്യങ്ങൾ ചിലപ്പോഴെല്ലാം നാം നമ്മോടുതന്നെ ചോദിക്കേണ്ടതുണ്ട്‌: ‘എന്തുതന്നെ സംഭവിച്ചാലും ദൈവത്തെ സേവിക്കാൻ അവനോടുള്ള സ്‌നേഹം എന്നെ പ്രചോദിപ്പിക്കുന്നുണ്ടോ? യഹോവയെ “നിന്ദിക്കുന്നവനോടു . . . [അവൻ] ഉത്തരം പറയേണ്ടതിന്നു” അവസരം സൃഷ്ടിക്കാൻ എനിക്ക്‌ ആഗ്രഹമുണ്ടോ? (സദൃശവാക്യങ്ങൾ 27:11; മത്തായി 22:37) മറ്റുള്ളവരുടെ ചിന്താശൂന്യമായ വാക്കുകളുടെ അടിസ്ഥാനത്തിൽ ഒരിക്കലും നാം നമ്മുടെ സ്വർഗീയ പിതാവിനെ സംശയിക്കരുത്‌. വർഷങ്ങളോളം മാറാരോഗവുമായി മല്ലിട്ടുകഴിഞ്ഞ ഒരു വിശ്വസ്‌ത ക്രിസ്‌ത്യാനി ഇങ്ങനെ പറഞ്ഞു: “യഹോവ അനുവദിക്കുന്ന എന്തും സഹിച്ചുനിൽക്കാൻ കഴിയുമെന്ന്‌ എനിക്കറിയാം. ആവശ്യമായ ശക്തി അവൻ പ്രദാനം ചെയ്യുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. എന്നും അവൻ അങ്ങനെ ചെയ്‌തിട്ടുണ്ട്‌.”

16. കഷ്ടങ്ങൾ അനുഭവിക്കുന്നവർക്ക്‌ ദൈവവചനം സഹായം പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?

16 സാത്താന്റെ തന്ത്രങ്ങളോടുള്ള ബന്ധത്തിൽ ഇയ്യോബിന്‌ ഇല്ലാതിരുന്ന ഗ്രാഹ്യം ഇന്നു നമുക്കുണ്ട്‌. “അവന്റെ തന്ത്രങ്ങളെ” അഥവാ കുടില പദ്ധതികളെ “നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:11) തന്നെയുമല്ല, പ്രായോഗിക ജ്ഞാനത്തിന്റെ ഒരു വൻ ശേഖരംതന്നെ നമുക്കു സഹായമായുണ്ട്‌. എല്ലാത്തരത്തിലുമുള്ള കഷ്ടങ്ങൾ സഹിച്ചുനിന്ന വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാരുടെ വിവരണങ്ങൾ ബൈബിളിൽ നമുക്കു വായിക്കാൻ കഴിയും. മറ്റനേകരെക്കാളും കഷ്ടം അനുഭവിച്ച പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.” (റോമർ 15:4) രണ്ടാം ലോകമഹായുദ്ധകാലത്ത്‌ വിശ്വാസത്തെപ്രതി തടവിലാക്കപ്പെട്ടിരുന്ന യൂറോപ്പിലെ ഒരു സാക്ഷി ഒരു ബൈബിളിനുവേണ്ടി മൂന്നു ദിവസത്തെ തന്റെ ഭക്ഷണവിഹിതം പകരം കൊടുത്തു. അദ്ദേഹം പറയുന്നു: “ആ കൈമാറ്റം എത്ര പ്രതിഫലദായകം ആയിരുന്നെന്നോ! പട്ടിണി കിടക്കേണ്ടി വന്നെങ്കിലും, ആ പ്രക്ഷുബ്ധ നാളുകളിൽ പിടിച്ചുനിൽക്കാൻ എന്നെയും മറ്റുള്ളവരെയും സഹായിച്ച ആത്മീയ ആഹാരം അങ്ങനെ എനിക്കു ലഭിച്ചു. ആ ബൈബിൾ ഇന്നും ഞാൻ സൂക്ഷിക്കുന്നു.”

17. സഹിച്ചുനിൽക്കാൻ ഏതെല്ലാം ദൈവിക കരുതലുകൾ നമ്മെ സഹായിക്കും?

17 തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്തിനുപുറമേ, പ്രശ്‌നങ്ങൾ നേരിടാൻ ഫലപ്രദമായ മാർഗനിർദേശം പ്രദാനം ചെയ്യുന്ന അനേകം ബൈബിൾ പഠനസഹായികളും നമുക്കുണ്ട്‌. വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചിക പരിശോധിക്കുന്നെങ്കിൽ നിങ്ങൾക്കുള്ളതുപോലുള്ള പ്രശ്‌നങ്ങൾ നേരിട്ട ഒരു സഹക്രിസ്‌ത്യാനിയുടെ അനുഭവം കണ്ടെത്താൻ കഴിഞ്ഞേക്കും. (1 പത്രൊസ്‌ 5:9) സഹാനുഭൂതിയുള്ള മൂപ്പന്മാരോടോ പക്വതയുള്ള മറ്റു ക്രിസ്‌ത്യാനികളോടോ നിങ്ങളുടെ സാഹചര്യത്തെക്കുറിച്ചു സംസാരിക്കുന്നതും സഹായകമായിരുന്നേക്കും. എല്ലാറ്റിനുമുപരി, യഹോവയെ പ്രാർഥനയിൽ സമീപിക്കുക; അവൻ തന്റെ ആത്മാവിനെ നൽകി നിങ്ങളെ തീർച്ചയായും സഹായിക്കും. പൗലൊസ്‌ എങ്ങനെയാണ്‌ സാത്താന്റെ പ്രഹരങ്ങൾ സഹിച്ചുനിന്നത്‌? ദൈവത്തിന്റെ ശക്തിയിൽ ആശ്രയിക്കാൻ പഠിച്ചതിലൂടെയാണ്‌ അവന്‌ അതു സാധിച്ചത്‌. (2 കൊരിന്ത്യർ 12:9, 10) “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു,” അവൻ എഴുതി.​—⁠ഫിലിപ്പിയർ 4:13.

18. വിലതീരാത്ത പ്രോത്സാഹനമേകാൻ സഹക്രിസ്‌ത്യാനികൾക്ക്‌ എങ്ങനെ കഴിയും?

18 സഹായം ലഭ്യമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അതു പ്രയോജനപ്പെടുത്താൻ നിങ്ങൾ ഒരിക്കലും മടി കാണിക്കരുത്‌. “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നേ” എന്നോർക്കുക. (സദൃശവാക്യങ്ങൾ 24:10) ചിതലു പിടിക്കുമ്പോൾ തടികൊണ്ടുള്ള ഒരു വീടു തകർന്നുവീണേക്കാവുന്നതുപോലെ നിരുത്സാഹത്തിന്‌ ഒരു ക്രിസ്‌ത്യാനിയുടെ നിർമലത തകർക്കാൻ കഴിയും. അങ്ങനെ സംഭവിക്കാതിരിക്കാൻ മറ്റു ദൈവദാസരിലൂടെ യഹോവ നമ്മെ പിന്തുണയ്‌ക്കുന്നു. യേശു അറസ്റ്റുചെയ്യപ്പെട്ട രാത്രിയിൽ ഒരു ദൂതൻ പ്രത്യക്ഷപ്പെട്ട്‌ അവനെ ബലപ്പെടുത്തി. (ലൂക്കൊസ്‌ 22:43) ഒരു തടവുകാരനെന്ന നിലയിൽ റോമിലേക്കു യാത്രചെയ്യവേ, അപ്യപുരത്തെ ചന്തസ്ഥലത്തും ത്രിമണ്ഡപത്തിങ്കലുംവെച്ചു സഹോദരങ്ങളെ കണ്ടുമുട്ടിയപ്പോൾ പൗലൊസ്‌ “ദൈവത്തെ വാഴ്‌ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃത്തികൾ 28:15) കൗമാരപ്രായത്തിൽ റാവെൻസ്‌ബ്രൂക്കിലെ തടങ്കൽപ്പാളയത്തിൽ ഭയന്നുവിറച്ചെത്തിയ ജർമൻകാരിയായ ഒരു സാക്ഷി അവിടെ തനിക്കു ലഭിച്ച സഹായം ഇന്നും അനുസ്‌മരിക്കുന്നു. “കണ്ടമാത്രയിൽ ഒരു സഹോദരി എന്റെയടുക്കൽ ഓടിയെത്തി. വിശ്വസ്‌തയായ മറ്റൊരു സഹോദരി എന്നെ സ്‌നേഹപൂർവം പരിരക്ഷിക്കുകയും ആത്മീയമായി ബലപ്പെടുത്തുകയും ചെയ്‌തു. അവർ എനിക്ക്‌ അമ്മയെപ്പോലെയായിരുന്നു.”

“വിശ്വസ്‌തനായിരിക്ക”

19. സാത്താന്റെ ശ്രമം ചെറുത്തുനിൽക്കാൻ ഇയ്യോബിനെ സഹായിച്ചത്‌ എന്തായിരുന്നു?

19 “ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്ന” മനുഷ്യൻ എന്നായിരുന്നു യഹോവ ഇയ്യോബിനെ വിശേഷിപ്പിച്ചത്‌. (ഇയ്യോബ്‌ 2:3) നിരുത്സാഹം തോന്നുകയും കഷ്ടങ്ങളുടെ കാരണം തിരിച്ചറിയാതിരിക്കുകയും ചെയ്‌തിട്ടും വിശ്വസ്‌തതയുടെ നിർണായകമായ വിവാദവിഷയത്തിൽ അവൻ അചഞ്ചലനായി നിലകൊണ്ടു. ദൈവത്തോടു വിശ്വസ്‌തത പാലിക്കുകയെന്നത്‌ അവന്റെ ജീവിതലക്ഷ്യമായിരുന്നു. അതിൽനിന്ന്‌ അണുവിട വ്യതിചലിക്കാൻ അവൻ തയ്യാറല്ലായിരുന്നു. “മരിക്കുവോളം എന്റെ നിഷ്‌കളങ്കത്വം ഉപേക്ഷിക്ക”യില്ലെന്ന്‌ അവൻ തറപ്പിച്ചുപറഞ്ഞു!​—⁠ഇയ്യോബ്‌ 27:⁠5.

20. സഹിഷ്‌ണുത മൂല്യവത്തായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 അത്തരം ദൃഢനിശ്ചയം പ്രലോഭനങ്ങളോ എതിർപ്പോ ദുരന്തങ്ങളോ ഗണ്യമാക്കാതെ ഏതു സാഹചര്യത്തിലും നിർമലത കാക്കാൻ നമ്മെ സഹായിക്കും. സ്‌മുർന്നയിലെ സഭയോട്‌ യേശു പറഞ്ഞു: “നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം [കഷ്ടം, ദുരിതം, ഞെരുക്കം] ഉണ്ടാകും; മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.”​—⁠വെളിപ്പാടു 2:10.

21, 22. കഷ്ടം സഹിക്കുമ്പോൾ ഏത്‌ അറിവ്‌ നമുക്ക്‌ ആശ്വാസം പ്രദാനം ചെയ്യും?

21 സാത്താൻ ഭരിക്കുന്ന ഈ ലോകത്തിൽ നമ്മുടെ സഹിഷ്‌ണുതയും നിർമലതയും പരിശോധിക്കപ്പെട്ടുകൊണ്ടേയിരിക്കും. എന്നിരുന്നാലും ഭാവിയിലേക്കു നോക്കുമ്പോൾ ഭയപ്പെടാൻ ഒന്നുമില്ലെന്ന്‌ യേശു നമുക്ക്‌ ഉറപ്പുതരുന്നു. വിശ്വസ്‌തരെന്നു തെളിയിക്കുക​—⁠അതാണു പ്രധാനം. കഷ്ടങ്ങൾ “നൊടിനേരത്തേക്കുള്ള”വയാണെന്നും എന്നാൽ ലഭിക്കാനിരിക്കുന്ന ‘തേജസ്സ്‌,’ അഥവാ യഹോവ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പ്രതിഫലം ‘അത്യന്തം ഘനമേറിയതും നിത്യവുമാണെന്നും’ (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) പൗലൊസ്‌ പറഞ്ഞു. (2 കൊരിന്ത്യർ 4:17, 18) പരിശോധിക്കപ്പെടുന്നതിനുമുമ്പും പിമ്പും ആസ്വദിച്ച സന്തുഷ്ടമായ നാളുകളോടുള്ള താരതമ്യത്തിൽ ഇയ്യോബിന്റെപോലും കഷ്ടങ്ങൾ ക്ഷണികമായിരുന്നു.​—⁠ഇയ്യോബ്‌ 42:16.

22 എങ്കിലും, പരിശോധനകൾക്ക്‌ അവസാനമില്ലെന്നും ക്ലേശങ്ങൾ സഹിക്കാവതല്ലെന്നും നാം ചിന്തിച്ചുപോകുന്ന ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായേക്കാം. ഇയ്യോബിന്റെ അനുഭവം സഹിഷ്‌ണുത സംബന്ധിച്ചുള്ള കൂടുതലായ പാഠങ്ങൾ പ്രദാനം ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും. ദുരന്തങ്ങൾ അനുഭവിക്കുന്നവരെ ബലപ്പെടുത്താനുള്ള വഴികളും നാം പരിശോധിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ഇയ്യോബിന്റെ നിർമലതയോടുള്ള ബന്ധത്തിൽ സുപ്രധാനമായ ഏതു വിവാദവിഷയം സാത്താൻ ഉന്നയിച്ചു?

• ദുരന്തങ്ങൾ നമ്മെ അധികം അതിശയിപ്പിക്കേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

• സഹിച്ചുനിൽക്കാൻ യഹോവ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ഗവേഷണം നടത്തുന്നതും പക്വതയുള്ള ക്രിസ്‌ത്യാനികളുമായി സംസാരിക്കുന്നതും ഉള്ളുരുകി പ്രാർഥിക്കുന്നതും സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കും