വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു മനോഹര ദ്വീപിൽ നവോന്മേഷദായകമായ വളർച്ച

ഒരു മനോഹര ദ്വീപിൽ നവോന്മേഷദായകമായ വളർച്ച

ഒരു മനോഹര ദ്വീപിൽ നവോന്മേഷദായകമായ വളർച്ച

തായ്‌വാനിലെത്തുന്ന സന്ദർശകർ ആ ഉഷ്‌ണമേഖലാ ദ്വീപിലെങ്ങും തഴച്ചുവളരുന്ന വൃക്ഷലതാദികളുടെ ഹരിതഭംഗിയിൽ ആകൃഷ്ടരാകും എന്നതിൽ തെല്ലും സംശയമില്ല. പച്ചപ്പരവതാനി വിരിക്കുന്ന മനോഹരമായ ചെറു നെൽച്ചെടികൾ കൊയ്‌ത്തുകാലമാകുമ്പോഴേക്കും സ്വർണവർണമണിയുന്നു. മരങ്ങൾ തിങ്ങിവളരുന്ന കൊടുങ്കാടുകൾ മലഞ്ചെരിവുകളെ ഉടയാടയണിയിക്കുന്നു. ജനനിബിഡമായ നഗരങ്ങളെ അപേക്ഷിച്ച്‌ വയലേലകളുടെയും മലനിരകളുടെയും പച്ചത്തഴപ്പ്‌ എത്രയോ നവോന്മേഷദായകമാണ്‌. വാസ്‌തവത്തിൽ ഈ ദ്വീപു കണ്ട ആദ്യത്തെ പാശ്ചാത്യർ ഇതിനെ “മനോഹര ദ്വീപ്‌” (പോർച്ചുഗീസിൽ, ഇലാ ഫൊർമോസാ) എന്നു വിളിക്കാൻ പ്രേരിതരായത്‌ അതുകൊണ്ടുതന്നെയാണ്‌.

വെറും 390 കിലോമീറ്റർ നീളവും ഏറ്റവും കൂടിയ വീതി ഏകദേശം 160 കിലോമീറ്ററും ഉള്ള മനോഹരമായ ഒരു കൊച്ചുദ്വീപാണ്‌ തായ്‌വാൻ. ദ്വീപിന്റെ ഏറിയഭാഗവും ഉയർന്ന മലനിരകളാണ്‌. ഉയരത്തിന്റെ കാര്യത്തിൽ ജപ്പാനിലെ ഫ്യൂജി പർവതത്തെയും ന്യൂസിലൻഡിലെ കുക്ക്‌ പർവതത്തെയും കടത്തിവെട്ടും ഇവിടുത്തെ യൂഷാൻ (മോറിസൺ) പർവതം. പർവതനിരകളെ ചുറ്റിയുള്ള വിസ്‌തൃതി കുറഞ്ഞ തീരദേശങ്ങളിൽ ജനം തിങ്ങിപ്പാർക്കുന്നു. ഇപ്പോൾ ജനസംഖ്യ 22 ദശലക്ഷം കവിഞ്ഞിരിക്കുന്നു.

ഒരു പുതിയ തരം വളർച്ച

എന്നിരുന്നാലും മറ്റൊരുതരം വളർച്ചയും തായ്‌വാനിൽ കൂടുതൽക്കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്‌. അത്‌ അവിടത്തെ ആത്മീയ വളർച്ചയാണ്‌. സത്യദൈവമായ യഹോവയെക്കുറിച്ച്‌ അറിയുമ്പോൾ ചെറുപ്പക്കാരും പ്രായമായവരും പ്രകടമാക്കുന്ന തീക്ഷ്‌ണത അതിനു തെളിവാണ്‌. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിപ്പിക്കുന്നതിൽ തീക്ഷ്‌ണതയോടെ ഏർപ്പെടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച നിരീക്ഷിക്കുന്നത്‌ തീർച്ചയായും മതിപ്പുളവാക്കുന്നു.

വളർച്ച വികസനം ആവശ്യമാക്കിത്തീർക്കുന്നു. യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിന്റെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനായി 1990 ഡിസംബറിൽ ഒരു സ്ഥലം വാങ്ങി. തായ്‌വാനിൽ അന്നുണ്ടായിരുന്ന 1,777 രാജ്യഘോഷകരുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ റ്റൈപെയിൽ ഉണ്ടായിരുന്ന സൗകര്യങ്ങൾ പരിമിതമായിരുന്നു. ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടെ, സ്വദേശികളും വിദേശികളുമായ സ്വമേധയാ സേവകരുടെ പല വർഷങ്ങളിലെ ഉത്സാഹത്തോടെയുള്ള പ്രവർത്തനഫലമായി 1994 ആഗസ്റ്റിൽ സിൻവൂയിൽ മനോഹരമായ പുതിയ ബ്രാഞ്ചിന്റെ പണിപൂർത്തിയായി. ആ സമയമായപ്പോഴേക്കും സുവാർത്ത പ്രസംഗിക്കുന്നവരുടെ എണ്ണം 2,515 ആയിത്തീർന്നിരുന്നു. പത്തു വർഷത്തിനുശേഷം ഇപ്പോൾ അത്‌ ഇരട്ടിയിലധികമായി​—⁠5,500-ലധികമായി​—⁠വർധിച്ചിരിക്കുന്നു. അവരിൽ നാലിലൊന്നോളം എല്ലാ മാസവും മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കുന്നു. പ്രഭാതത്തിലെ നവോന്മേഷദായകമായ “മഞ്ഞു”തുള്ളിപോലുള്ള യുവാക്കളുടെയും യുവതികളുടെയും മാതൃക വിശേഷ ശ്രദ്ധയർഹിക്കുന്നു.​—⁠സങ്കീർത്തനം 110:⁠3.

യുവാക്കൾക്കിടയിലെ ആത്മീയ വളർച്ച

സുവാർത്തയുടെ സജീവ പ്രസാധകരിൽ അനേകരും വളരെ ചെറുപ്പമാണ്‌. ചിലർ പ്രൈമറി സ്‌കൂൾ വിദ്യാർഥികളാണ്‌. മറ്റുള്ളവരെ ഫലകരമായി ബൈബിൾ സത്യങ്ങൾ പഠിപ്പിക്കാൻ യഹോവയുടെ സാക്ഷികളെ സഹായിക്കുന്ന ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിൽ സംബന്ധിക്കാൻ വടക്കൻ തായ്‌വാനിലെ ഒരു പട്ടണത്തിൽനിന്നുള്ള ഒരു ദമ്പതികളെ ഒരിക്കൽ ക്ഷണിക്കുകയുണ്ടായി. വേജൂവൻ എന്ന ഒരു കൊച്ചുകുട്ടി സ്റ്റേജിൽനിന്നുകൊണ്ട്‌ മുതിർന്ന പലരെക്കാളും നന്നായി ബൈബിൾ വായിക്കുന്നതു കണ്ട അവർ വിസ്‌മയിച്ചുപോയി. പിന്നെ അവർ പങ്കെടുത്ത മറ്റു യോഗങ്ങളിൽ, സ്‌കൂളിൽ പോകാൻ തുടങ്ങിയിട്ടില്ലാത്ത കുട്ടികൾപോലും കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ പറഞ്ഞത്‌ അവരെ വല്ലാതെ ആകർഷിച്ചു. കൊച്ചുകുട്ടികൾ രാജ്യഹാളിൽ എത്ര നന്നായിട്ടാണ്‌ പെരുമാറുന്നതെന്ന്‌ അവർ അഭിപ്രായപ്പെടുകയും ചെയ്‌തു.

ബുദ്ധമതവും താവോമതവും വേരുറപ്പിച്ചിരിക്കുന്ന ഈ രാജ്യത്ത്‌ എന്തുകൊണ്ടാണ്‌ ഈ കുട്ടികൾ ബൈബിൾ വിദ്യാഭ്യാസത്തിന്‌ ഇത്ര പ്രാധാന്യം കൊടുക്കുന്നത്‌? അവരുടെ ക്രിസ്‌തീയ മാതാപിതാക്കൾ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും യഹോവയുമായുള്ള ബന്ധത്തെ കേന്ദ്രീകരിച്ചുള്ള ഒരു സന്തുഷ്ട കുടുംബ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്‌തിരിക്കുന്നതിനാലാണ്‌ അത്‌. കുടുംബ ബൈബിളധ്യയനവും വയൽശുശ്രൂഷയും രസകരമാക്കാൻ മാതാപിതാക്കൾ പരിശ്രമിക്കുന്നതിനാൽ വേജൂവന്റെ ചേട്ടനും ചേച്ചിയും ഇതിനോടകംതന്നെ സ്‌നാപനമേറ്റ സാക്ഷികളായി തീർന്നിരിക്കുന്നു. അടുത്തയിടെ പരസ്യ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള ക്ഷണം ലഭിച്ച സന്ദർഭത്തെക്കുറിച്ച്‌ സംസാരിക്കവേ, ബാക്കി കുടുംബാംഗങ്ങളെല്ലാം കൂടി സമർപ്പിച്ചതിനെക്കാൾ മാസികകൾ അവൻ ഒറ്റയ്‌ക്ക്‌ ആ മാസം സമർപ്പിച്ചു എന്ന്‌ അവന്റെ അമ്മ പറഞ്ഞു. തീർച്ചയായും സത്യത്തെക്കുറിച്ചു സംസാരിക്കുന്നതും യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതും പഠിച്ച കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതും അവൻ ഇഷ്ടപ്പെടുന്നു.

അവർ മുതിർന്നു വരവേ

മുതിർന്നു വരവേ ഈ കുട്ടികൾ എങ്ങനെയാണു പ്രവർത്തിക്കുന്നത്‌? അനേകരും യഹോവയോടും ശുശ്രൂഷയോടും യഥാർഥ സ്‌നേഹം കാണിക്കുന്നതിൽ തുടരുന്നു. വിദ്യാർഥിനിയായ ഹ്വേപിങ്ങിന്റെ ദൃഷ്ടാന്തമെടുക്കുക. ഒരു മതത്തിലെ അംഗങ്ങൾ രക്തം സ്വീകരിക്കില്ലെന്നും എന്നാൽ അവർ ആരാണെന്നു തനിക്കറിയില്ലെന്നും ഒരു ദിവസം അവളുടെ അധ്യാപകൻ പറഞ്ഞു. അവർ യഹോവയുടെ സാക്ഷികളാണെന്നും എന്തുകൊണ്ടാണ്‌ അവർ അത്തരമൊരു നിലപാട്‌ എടുത്തിരിക്കുന്നതെന്നും ക്ലാസ്സ്‌ വിട്ടുകഴിഞ്ഞ്‌ ഈ യുവസാക്ഷി അധ്യാപകനോടു വിശദീകരിച്ചു.

മറ്റൊരു അധ്യാപിക, ലൈംഗികമായി പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള ഒരു വീഡിയോ കാണിച്ചു. അതിൽ 1 കൊരിന്ത്യർ 6:​9 പരാമർശിച്ചിരുന്നു. എന്നാൽ ബൈബിൾ സ്വവർഗരതിയെ കുറ്റംവിധിക്കുന്നില്ലെന്ന്‌ ആ അധ്യാപിക അവകാശവാദം നടത്തി. ഈ കാര്യം സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണം അധ്യാപികയുടെ മുമ്പാകെ അവതരിപ്പിക്കാൻ ഹ്വേപിങിന്‌ കഴിഞ്ഞു.

സഹപാഠിയായ ഷൂഷാ, കുടുംബത്തിനുള്ളിലെ അക്രമത്തെക്കുറിച്ച്‌ ഒരു റിപ്പോർട്ട്‌ തയ്യാറാക്കവേ ഹ്വേപിങ്‌ അവൾക്ക്‌ “മർദനത്തിന്‌ ഇരയാകുന്ന സ്‌ത്രീകൾക്കു സഹായം” എന്ന തലക്കെട്ടോടുകൂടിയ 2001 ഡിസംബർ 8 ലക്കം ഉണരുക! നൽകി. ആ വിഷയത്തെക്കുറിച്ചുള്ള അനേകം തിരുവെഴുത്തധിഷ്‌ഠിത വിവരങ്ങൾ അതിലുണ്ടെന്നും അവൾ വിശദീകരിച്ചു. കാലക്രമേണ ഷൂഷാ സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു പ്രസാധിക ആയിത്തീർന്നു. ഇപ്പോൾ അവളും ഹ്വേപിങ്ങും മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കുന്നു.

തങ്ങൾ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നവരാണെന്ന്‌ മറ്റു കുട്ടികൾ അറിയുന്നത്‌ ബുദ്ധിമുട്ടുളവാക്കുന്നതായി ക്രിസ്‌ത്യാനികളായ പല സ്‌കൂൾക്കുട്ടികളും കണ്ടെത്തിയിരിക്കുന്നു. ഒറ്റപ്പെട്ടു കിടക്കുന്ന കൊച്ചു പട്ടണങ്ങളിൽ ഇതു വിശേഷാൽ സത്യമാണ്‌. സിഹാവുവിന്‌ അവന്റെ വിശ്വാസത്തോടും പ്രസംഗ പ്രവർത്തനത്തോടും ബന്ധപ്പെട്ട്‌ സമപ്രായക്കാരിൽനിന്നുള്ള സമ്മർദം നേരിടേണ്ടിവന്നു. അവൻ ഇങ്ങനെ പറയുന്നു: “ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ സഹപാഠികളിൽ ആരെയെങ്കിലും കണ്ടുമുട്ടുമോ എന്നുള്ള പേടി എനിക്കുണ്ടായിരുന്നു. ചിലപ്പോഴൊക്കെ കുറഞ്ഞതു പത്തുപേരെങ്കിലും എന്നെ പരിഹസിച്ചിട്ടുണ്ട്‌!” തന്റെ വിശ്വാസത്തെക്കുറിച്ച്‌ ഒരു പ്രസംഗം നടത്താനുള്ള നിയമനം ഒരിക്കൽ അധ്യാപകൻ സിഹാവുവിനു കൊടുത്തു. “ഉല്‌പത്തി ഒന്നാം അധ്യായത്തിൽനിന്നുതന്നെ പ്രസംഗം തുടങ്ങാനും ഭൂമിയെയും അതിലുള്ളവയെയും ആരാണു സൃഷ്ടിച്ചത്‌, മനുഷ്യൻ അസ്‌തിത്വത്തിൽ വന്നത്‌ എങ്ങനെ, എന്നിവപോലുള്ള ചോദ്യങ്ങൾ ചർച്ചചെയ്യാനും ഞാൻ തീരുമാനിച്ചു. തിരുവെഴുത്തുകളിൽനിന്നു വായിച്ച ഉടനെ ഞാനൊരു അന്ധവിശ്വാസിയാണ്‌ എന്നു പറഞ്ഞുകൊണ്ട്‌ ചിലരെന്നെ കളിയാക്കാൻ തുടങ്ങി. എന്നിരുന്നാലും ഞാൻ പ്രസംഗം തുടരുകയും അതു മുഴുമിപ്പിക്കുകയും ചെയ്‌തു. അതിനുശേഷം, സഹപാഠികളിൽ ചിലരുമായി നമ്മുടെ വേലയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വ്യക്തിപരമായി സംസാരിക്കുന്നതിനുള്ള അവസരം എനിക്കു കിട്ടി. ഇപ്പോൾ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അവർ എന്നെ പരിഹസിക്കാറേയില്ല!”

സിഹാവു ഇങ്ങനെ തുടരുന്നു: “എന്റെ മാതാപിതാക്കൾ സാക്ഷികളായതിനാൽ ഞങ്ങൾ എല്ലാ ദിവസവും രാവിലെ ദിനവാക്യം ചർച്ചചെയ്യും. കൂടാതെ ഞങ്ങൾ ക്രമമായി ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യും. അതുകൊണ്ടാണ്‌ മറ്റുള്ളവരുമായി നവോന്മേഷദായകമായ ബൈബിൾ സത്യങ്ങൾ പങ്കുവെക്കാൻ ശ്രമിക്കവേ എന്നെ കളിയാക്കാൻ ആഗ്രഹിക്കുന്നവരെ നേരിടാൻ എനിക്ക്‌ ഇപ്പോഴും കഴിയുന്നത്‌.”

പെൺകുട്ടികൾക്കായുള്ള ഒരു സാങ്കേതിക വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്‌ റ്റിങ്‌മേ. ഒരിക്കൽ മറ്റൊരു സ്‌കൂളിലെ ആൺകുട്ടികളോടൊപ്പം പിക്‌നിക്കിനു പോകാൻ സഹപാഠികൾ അവളെ ക്ഷണിച്ചു. അത്തരമൊരു സഹവാസത്തിൽ ഉൾപ്പെട്ടിരിക്കുന്ന ധാർമിക അപകടം കാണാൻ കഴിഞ്ഞ അവൾ പോകേണ്ടെന്നു തീരുമാനിച്ചു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും * എന്ന പുസ്‌തകത്തിൽനിന്നുള്ള ചില നല്ല ആശയങ്ങൾ അവൾ സഹപാഠികളുമായി പങ്കുവെച്ചെങ്കിലും പിന്നീടും അവർ അവളെ ക്ഷണിച്ചുകൊണ്ടിരുന്നു. അവളൊരു അറുപഴഞ്ചനാണെന്നു പറഞ്ഞ്‌ ആ പെൺകുട്ടികൾ പരിഹസിച്ചു. എന്നാൽ താമസിയാതെതന്നെ അവരിലൊരു കുട്ടി ഗർഭിണിയാകുകയും തുടർന്നു ഗർഭച്ഛിദ്രത്തിനു വിധേയയാകുകയും ചെയ്‌തപ്പോൾ ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതാണ്‌ ജ്ഞാനമെന്നു തെളിഞ്ഞു. റ്റിങ്‌മേ ഇങ്ങനെ പറയുന്നു: “യഹോവയുടെ മാർഗനിർദേശപ്രകാരം പ്രവർത്തിക്കുന്നത്‌ എനിക്ക്‌ ശുദ്ധമായ ഒരു മനസ്സാക്ഷി നേടിത്തന്നിരിക്കുന്നു. അതിന്റെ ഫലമായി എനിക്ക്‌ ആന്തരിക സന്തോഷവും ആഴമായ സംതൃപ്‌തിയും അനുഭവിക്കാൻ കഴിയുന്നു.”

തടസ്സങ്ങൾ തരണം ചെയ്യുന്നു

റ്റിങ്‌മേയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്‌ റേവൻ. ക്രിസ്‌തീയ യോഗങ്ങൾക്കു പോകുന്നതും വയൽശുശ്രൂഷയിൽ ഏർപ്പെടുന്നതും ക്ഷീണിപ്പിക്കുന്ന പ്രവർത്തനങ്ങളാണെന്ന്‌ ചെറുപ്പത്തിൽ അവൾക്കു തോന്നിയിരുന്നു. എന്നിരുന്നാലും സഹപാഠികൾ കാണിക്കുന്ന സ്‌നേഹം സഭയിലുള്ളവരുടെ യഥാർഥ സ്‌നേഹത്തിൽനിന്ന്‌ എത്ര വ്യത്യസ്‌തമാണെന്നു തിരിച്ചറിഞ്ഞ അവൾ തന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ട ആവശ്യമുണ്ടെന്നു മനസ്സിലാക്കി. സഹപാഠികളോടു സാക്ഷീകരിക്കാൻ തുടങ്ങിയ റേവൻ താൻ പ്രസംഗപ്രവർത്തനത്തിൽ കൂടുതലായി ഏർപ്പെടേണ്ടതുണ്ടെന്നു പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. മാസംതോറും 50-ലധികം മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ട്‌ ഒരു സഹായ പയനിയറായി അവൾ സേവിക്കാൻ തുടങ്ങി. പിന്നീട്‌ 70-ലധികം മണിക്കൂർ പ്രവർത്തിച്ചുകൊണ്ട്‌ ഒരു സാധാരണ പയനിയറായും. റേവൻ ഇങ്ങനെ പറയുന്നു: “എനിക്ക്‌ യഹോവയോട്‌ അകമഴിഞ്ഞ നന്ദിയുണ്ട്‌. അവൻ ഒരിക്കലും എന്നെക്കുറിച്ചുള്ള പ്രതീക്ഷ കൈവിട്ടില്ല. അവനെ നിരാശനാക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്‌തെങ്കിലും അവൻ എന്നെ സ്‌നേഹിച്ചുകൊണ്ടേയിരുന്നു. അമ്മയും സഭയിലെ മറ്റുള്ളവരും എന്നോട്‌ അതേ സ്‌നേഹപുരസ്സരമായ മനോഭാവം കാണിച്ചു. ഇപ്പോൾ ഞാൻ അഞ്ചു ബൈബിളധ്യയനങ്ങൾ നടത്തുന്നു. ഞാൻ ഏർപ്പെട്ടിരിക്കുന്നത്‌ ഏറ്റവും സംതൃപ്‌തിദായകമായ വേലയിലാണെന്ന്‌ ഞാൻ തിരിച്ചറിയുന്നു.”

ഗ്രാമപ്രദേശത്തെ ഒരു ഹൈസ്‌ക്കൂളിൽ പഠിക്കുന്ന സാക്ഷികളായ രണ്ട്‌ ആൺകുട്ടികളെ, നാടോടിനൃത്ത മത്സരത്തിൽ സ്‌കൂളിനെ പ്രതിനിധീകരിച്ചു പോകാൻ നിയമിച്ചു. ആ മത്സരത്തിന്റെ പ്രത്യേകത മനസ്സിലാക്കിയപ്പോൾ, അതിൽ പങ്കെടുക്കുന്നത്‌ അവരുടെ ക്രിസ്‌തീയ മനസ്സാക്ഷിക്കു യോജിച്ചതല്ലെന്ന്‌ അവർക്കു തോന്നി. തങ്ങളുടെ നിലപാടു വിശദീകരിച്ച്‌ അതിൽനിന്ന്‌ ഒഴിവാകാൻ ശ്രമിച്ചെങ്കിലും അവരുടെ അപേക്ഷ നിരാകരിക്കപ്പെട്ടു. മാത്രവുമല്ല, അവർക്കു കിട്ടിയ നിയമനമായതിനാൽ അവർതന്നെ അതിനു പോകണമെന്ന്‌ അധ്യാപകർ ശഠിച്ചു. ഈ യുവ സാക്ഷികൾ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറല്ലാഞ്ഞതിനാൽ പ്രശ്‌നം വിശദീകരിച്ചുകൊണ്ടുള്ള ഒരു കത്ത്‌ വെബ്‌സൈറ്റു വഴി വിദ്യാഭ്യാസ വകുപ്പിന്‌ അയച്ചു. അവർക്ക്‌ നേരിട്ട്‌ മറുപടിയൊന്നും ലഭിച്ചില്ലെങ്കിലും അത്തരം മത്സരങ്ങളിൽ പങ്കെടുക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ല എന്നുള്ള ഉത്തരവ്‌ സ്‌കൂളിനു കിട്ടി. തങ്ങൾക്കു ലഭിച്ച ബൈബിൾ പരിശീലനം തങ്ങളുടെ മനസ്സാക്ഷിയെ രൂപപ്പെടുത്താൻ മാത്രമല്ല, ശരിയായതിനുവേണ്ടി ഉറച്ച നിലപാടെടുക്കാനും ആവശ്യമായ ശക്തി നൽകിയതിൽ ഈ രണ്ടു യുവാക്കൾ എത്രമാത്രം സന്തോഷിച്ചു!

ശാരീരിക പരിമിതികൾ ഉള്ളവർപോലും തങ്ങളുടെ ബൈബിൾ പ്രത്യാശ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽ വലിയ സന്തോഷം കണ്ടെത്തുന്നു. ജന്മനാ തളർന്നുപോയവളാണ്‌ മിന്യൂ. കൈകൾ ഉപയോഗിക്കാൻ കഴിയില്ലാത്തതിനാൽ അവൾ നാക്ക്‌ ഉപയോഗിച്ചാണ്‌ ബൈബിളിന്റെ താളുകൾ മറിക്കുന്നത്‌. രാജ്യഹാളിൽ ദിവ്യാധിപത്യ ശുശ്രൂഷാ സ്‌കൂളിലെ പ്രസംഗ നിയമനങ്ങൾ നിർവഹിക്കുമ്പോൾ അവൾ ഉയരം കുറഞ്ഞ ഒരു ചാരുകസേരയിൽ കിടക്കും. സഹായി ചെറിയ ഒരു സ്റ്റൂളിൽ ഇരുന്ന്‌ അവൾക്കുവേണ്ടി മൈക്കു പിടിച്ചുകൊടുക്കും. ഈ പ്രസംഗങ്ങൾക്കായി മിന്യൂ നടത്തുന്ന ശ്രമങ്ങൾ കാണുന്നത്‌ എത്രയോ ഹൃദയോഷ്‌മളമാണ്‌!

മിന്യൂ രാജ്യപ്രസാധികയാകാൻ ആഗ്രഹിച്ചപ്പോൾ, അവളെ സഹായിക്കാനായി സഭയിലെ ചില സഹോദരിമാർ ടെലിഫോൺ സാക്ഷീകരണം നടത്തുന്നത്‌ എങ്ങനെയെന്നു പഠിച്ചു. നാക്ക്‌ ഉപയോഗിച്ചാണ്‌ മിന്യൂ നമ്പർ ഡയൽ ചെയ്യുന്നത്‌. വിളിക്കുന്ന നമ്പരുകളുടെ ഒരു രേഖ സൂക്ഷിക്കാൻ സഹോദരിമാർ അവളെ സഹായിക്കുന്നു. ഈ വേല അവൾ വളരെയധികം ഇഷ്ടപ്പെടുന്നു. അതുകൊണ്ട്‌ ദൈവരാജ്യത്തെക്കുറിച്ച്‌ മറ്റുള്ളവരോട്‌ ഫോണിലൂടെ സംസാരിച്ചുകൊണ്ട്‌ മാസംതോറും 50 മുതൽ 60 വരെ മണിക്കൂറുകൾ പ്രവർത്തിക്കുന്ന ഒരു സഹായ പയനിയറായി അവൾ സേവിക്കുന്നു. ചിലർ ബൈബിൾ സാഹിത്യം സ്വീകരിക്കുകയും വീണ്ടും സംസാരിക്കുന്നതിനു സമ്മതിക്കുകയും ചെയ്‌തിരിക്കുന്നു. ഈ രീതിയിൽ ബന്ധപ്പെട്ട മൂന്നുപേരുമായി അവളിപ്പോൾ ബൈബിളധ്യയനം നടത്തുന്നു.

തായ്‌വാനിലെ യഹോവയുടെ സാക്ഷികളുടെ 78 സഭകളിലുള്ള നവോന്മേഷദായകമായ മഞ്ഞുതുള്ളികളെപ്പോലുള്ള യുവാക്കളും യുവതികളും ജീവൻ നിലനിറുത്താൻ സഹായിക്കുന്ന രാജ്യ സുവാർത്ത വർധിച്ചുവരുന്ന ദശലക്ഷങ്ങളുടെ പക്കൽ എത്തിക്കാനായി മനസ്സോടും തീക്ഷ്‌ണതയോടും കൂടെ പ്രവർത്തിക്കുന്നു. പിൻവരുന്ന ബൈബിൾ പ്രവചനത്തിന്റെ ലോകവ്യാപകമായ നിവൃത്തിയുടെ ഒരു ചെറിയ ഭാഗം മാത്രമാണിത്‌: “നിന്റെ സേനാദിവസത്തിൽ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്‌ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.” (സങ്കീർത്തനം 110:3) അവരുടെ സഹവേലക്കാരുടെ ഇടയിലെ പ്രായമായവർക്ക്‌ അവർ വലിയ പ്രോത്സാഹനത്തിന്റെ ഉറവാണ്‌. എല്ലാറ്റിലുമുപരി സ്വർഗീയ പിതാവായ യഹോവാം ദൈവത്തെ അവർ എത്രമാത്രം സന്തോഷിപ്പിക്കുന്നു!​—⁠സദൃശവാക്യങ്ങൾ 27:11.

[അടിക്കുറിപ്പ്‌]

^ ഖ. 16 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[10-ാം പേജിലെ ചതുരം/ചിത്രം]

കൂടുതൽ രാജ്യഹാളുകൾ ആവശ്യമായിവരുന്നു

തായ്‌വാനിലെ രാജ്യഘോഷകരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ആവശ്യത്തിനു രാജ്യഹാളുകൾ ഉണ്ടാക്കുക എന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. അതെന്തുകൊണ്ടാണ്‌? ചില ഗ്രാമപ്രദേശങ്ങളിൽ ഒഴികെ മറ്റെങ്ങും രാജ്യഹാളുകൾ പണിയുന്നതിന്‌ അനുയോജ്യമായ സ്ഥലം പലപ്പോഴും ലഭ്യമല്ല. കൂടാതെ ഇവിടെ സ്ഥലത്തിനു തീപിടിച്ച വിലയാണ്‌. നിർമാണവുമായി ബന്ധപ്പെട്ട പ്രാദേശിക നിയമങ്ങളും കർക്കശമാണ്‌. വലിയ പട്ടണങ്ങളിലും നഗരങ്ങളിലും ഓഫീസ്‌ കെട്ടിടങ്ങളോ മുറികളോ വാങ്ങി അതു രാജ്യഹാളാക്കി മാറ്റുന്നതാണ്‌ ഒരേയൊരു മാർഗം. എന്നുവരികിലും പല ഓഫീസുകളുടെയും സീലിങ്ങിന്‌ ഉയരം വളരെ കുറവാണ്‌. കൂടാതെ മെയിന്റനൻസിനായി കെട്ടിട ഉടമയ്‌ക്ക്‌ ഒരുപാട്‌ പണം കൊടുക്കേണ്ടിവരുന്നു, അതുപോലെതന്നെ പല കെട്ടിടങ്ങളിലേക്കുമുള്ള പ്രവേശനത്തിനു നിയന്ത്രണവുമുണ്ട്‌. ഇതുപോലുള്ള പല ഘടകങ്ങളും ഇവ രാജ്യഹാളുകളായി ഉപയോഗിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്നു.

എന്നാൽ സമീപ വർഷങ്ങളിലായി തായ്‌വാനിലെ യഹോവയുടെ സാക്ഷികൾക്ക്‌ ധാരാളം പുതിയ രാജ്യഹാളുകൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്‌. പുതിയ ഹാളുകൾക്കുവേണ്ടിയുള്ള ശ്രമം അവർ തുടർന്നുകൊണ്ടിരിക്കുന്നു. അതിനുവേണ്ട കൂടുതലായ സാമ്പത്തിക ചെലവുകൾ വഹിക്കാനും ആവശ്യമായ നിർമാണ വൈദഗ്‌ധ്യങ്ങൾ വികസിപ്പിച്ചെടുക്കാനും അവർ തയ്യാറാണ്‌.