നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• സങ്കീർത്തനം 72:12 മുൻകൂട്ടി പറഞ്ഞിരിക്കുന്നതുപോലെ യേശു ‘ദരിദ്രനെ വിടുവിക്കുന്നത്’ എങ്ങനെ?
അവന്റെ വാഴ്‌ചക്കാലത്ത് അഴിമതിയുടെ ഒരു കണികപോലും ഇല്ലാതെ എല്ലാവർക്കും നീതി ലഭിക്കും. ദാരിദ്ര്യം പലപ്പോഴും യുദ്ധത്തിന്റെ പരിണതഫലമാണ്. എന്നാൽ ക്രിസ്‌തു ഭൂമിയിൽ പൂർണ സമാധാനം സ്ഥാപിക്കും. അവന് ആളുകളോട് അനുകമ്പ തോന്നുന്നു. അവൻ എല്ലാവരെയും ഏകീകരിക്കുകയും മനുഷ്യരാശിക്ക് വേണ്ടുവോളം ആഹാരം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. (സങ്കീർത്തനം 72:4-16)—5/1, പേജ് 7.
• ക്രിസ്‌ത്യാനികളെന്ന നിലയിൽ നമുക്ക് എങ്ങനെ “സംസാരസ്വാതന്ത്ര്യം” പ്രകടമാക്കാം? (1 തിമൊഥെയൊസ് 3:13; ഫിലേമോൻ 8; എബ്രായർ 4:16; NW)
മറ്റുള്ളവരോടു സധൈര്യം തീക്ഷ്‌ണതയോടെ പ്രസംഗിച്ചുകൊണ്ടും ഉചിതമായും ഫലകരമായും പഠിപ്പിക്കുകയും ബുദ്ധിയുപദേശം കൊടുക്കുകയും ചെയ്‌തുകൊണ്ടും യഹോവ കേട്ട് ഉത്തരമരുളുമെന്ന ഉറപ്പോടെ പ്രാർഥനയിൽ അവനെ സമീപിച്ചുകൊണ്ടും നമുക്ക് അങ്ങനെ ചെയ്യാൻ കഴിയും.—5/15, പേജ് 14-16.
• ചില സ്വാഭാവിക ലൈംഗിക കാര്യങ്ങൾ ഒരു മനുഷ്യനെ “അശുദ്ധ”നാക്കുന്നതായി ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്?
ബീജസ്‌ഖലനം, ആർത്തവം, പ്രസവം എന്നിവ നിമിത്തമുള്ള അശുദ്ധിയോടു ബന്ധപ്പെട്ട നിയമങ്ങൾ നല്ല ശുചിത്വത്തെയും ആരോഗ്യാവഹമായ ഒരു ജീവിതരീതിയെയും ഉന്നമിപ്പിച്ചെന്നു മാത്രമല്ല രക്തത്തിന്റെ പവിത്രതയ്‌ക്കും പാപങ്ങൾക്കു പ്രായശ്ചിത്തം ആവശ്യമാണെന്ന വസ്‌തുതയ്‌ക്കും ഊന്നൽ നൽകുകയും ചെയ്‌തു.—6/1, പേജ് 31.
• സന്തുഷ്ടനായിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് സങ്കീർത്തനപ്പുസ്‌തകത്തിന്റെ പരിചിന്തനം എപ്രകാരം പ്രയോജനം ചെയ്യും?
ദൈവവുമായുള്ള ഉറ്റ ബന്ധത്തിൽനിന്നു ലഭിക്കുന്ന ഒന്നാണ് സന്തുഷ്ടിയെന്ന് സങ്കീർത്തനങ്ങൾ എഴുതിയവർക്ക് ഉറപ്പുണ്ടായിരുന്നു. (സങ്കീർത്തനം 112:1) മനുഷ്യ ബന്ധങ്ങളോ ഭൗതിക ആസ്‌തികളോ വ്യക്തിപരമായ നേട്ടങ്ങളോ ഒന്നും “യഹോവ ദൈവമായിരിക്കുന്ന ജന”ത്തിന്റെ ഭാഗം ആയിരിക്കുന്നതിനെക്കാൾ സന്തുഷ്ടി നേടിത്തരുകയില്ലെന്ന് അവർ ഊന്നിപ്പറഞ്ഞു. (സങ്കീർത്തനം 144:15)—6/15, പേജ് 12.
• പുരാതന ഇസ്രായേല്യർക്ക് യഹോവയുമായി ഏതു പ്രത്യേക ബന്ധമാണ് ഉണ്ടായിരുന്നത്?
പൊതുയുഗത്തിനു മുമ്പ് 1513-ൽ യഹോവ ഇസ്രായേല്യരെ ഒരു പുതിയ ബന്ധത്തിലേക്കു കൊണ്ടുവന്നു, അവരുമായി ഒരു ഉടമ്പടി ചെയ്‌തു. (പുറപ്പാടു 19:5, 6; 24:7) അതിനുശേഷം, ദൈവം തിരഞ്ഞെടുത്ത സമർപ്പിത ജനതയിലെ അംഗങ്ങളായാണ് ഇസ്രായേല്യർ ജനിച്ചിരുന്നത്. എന്നിരുന്നാലും ദൈവത്തെ സേവിക്കണമോയെന്ന് അവർ ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കേണ്ടിയിരുന്നു.—7/1, പേജ് 21-2.
• എന്തുകൊണ്ടാണ് നാം എല്ലാ കാര്യങ്ങളും ‘പിറുപിറുപ്പു കൂടാതെ’ ചെയ്യേണ്ടത്? (ഫിലിപ്പിയർ 2:14)
പിറുപിറുപ്പ് ദൈവജനത്തിനിടയിൽ വലിയ കുഴപ്പങ്ങൾ വരുത്തിവെച്ചുവെന്ന് അനേകം തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ വെളിപ്പെടുത്തുന്നു. ഇക്കാലത്ത് അതിനുണ്ടായിരുന്നേക്കാവുന്ന വിനാശക സ്വാധീനത്തെക്കുറിച്ചു നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്. അപൂർണ മനുഷ്യർക്ക് പരാതിപ്പെടാനുള്ള പ്രവണതയുണ്ട്. ഇതിന്റെ ഏതൊരു ലാഞ്ചനയും സംബന്ധിച്ച് നാം ജാഗ്രത പുലർത്തുകയും അത് ഒഴിവാക്കുകയും ചെയ്യണം.—7/15, പേജ് 16-17.
• സദൃശവാക്യങ്ങൾ 8:22-31-ൽ വർണിച്ചിരിക്കുന്നത് അക്ഷരീയ ജ്ഞാനത്തെ അല്ലെന്ന് നമുക്കെങ്ങനെ അറിയാം?
യഹോവയുടെ വഴികളുടെ ആരംഭമായിട്ടാണ് ആ ജ്ഞാനം ‘ഉളവാക്കപ്പെട്ടത്’ അഥവാ സൃഷ്ടിക്കപ്പെട്ടത്. യഹോവ എല്ലായ്‌പോഴും നിലനിൽക്കുന്നവനും ജ്ഞാനിയുമാണ്; അവന്റെ ജ്ഞാനം സൃഷ്ടിക്കപ്പെട്ടതല്ല. സദൃശവാക്യങ്ങൾ 8:22-31-ലെ ജ്ഞാനം യഹോവയുടെ അടുക്കൽ ഒരു വിദഗ്‌ധ “ശില്‌പി” ആയിരുന്നു. സൃഷ്ടിപ്പിൽ യഹോവയോടൊപ്പം പ്രവർത്തിച്ച, പിന്നീട് യേശു ആയിത്തീർന്ന ആത്മജീവിക്ക് ഇതു ബാധകമാകുന്നു. (കൊലൊസ്സ്യർ 1:17; വെളിപ്പാടു 3:14)—8/1, പേജ് 31.