വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാരൂക്ക്‌ യിരെമ്യാവിന്റെ വിശ്വസ്‌തനായ സെക്രട്ടറി

ബാരൂക്ക്‌ യിരെമ്യാവിന്റെ വിശ്വസ്‌തനായ സെക്രട്ടറി

ബാരൂക്ക്‌ യിരെമ്യാവിന്റെ വിശ്വസ്‌തനായ സെക്രട്ടറി

നിങ്ങൾക്ക്‌ “നേര്യാവിന്റെ മകനായ ബാരൂക്കിനെ” പരിചയമുണ്ടോ? (യിരെമ്യാവു 36:4) ബൈബിളിൽ വെറും നാല്‌ അധ്യായങ്ങളിലേ അവനെക്കുറിച്ചുള്ള പരാമർശമുള്ളൂ. എന്നിരുന്നാലും ബൈബിളിന്റെ വായനക്കാർക്ക്‌ പ്രവാചകനായ യിരെമ്യാവിന്റെ സെക്രട്ടറിയും ഉറ്റ മിത്രവും എന്നനിലയിൽ അവനെ നന്നായി അറിയാം. യെഹൂദാ രാജ്യത്തിന്റെ അവസാനത്തെ പ്രക്ഷുബ്ധമായ 18 വർഷക്കാലത്തും പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 607-ൽ ബാബിലോണ്യർ യെരൂശലേമിനെ നശിപ്പിച്ചപ്പോഴും തുടർന്ന്‌ ഈജിപ്‌തിൽ പ്രവാസത്തിലായിരുന്ന സമയത്തും അവർ ഒരുമിച്ചായിരുന്നു.

അടുത്ത കാലത്ത്‌, “നേരീയാഹൂവിന്റെ [നേര്യാവിന്റെ എബ്രായ പേര്‌] മകനായ ബെരെക്ക്യാഹൂ [ബാരൂക്കിന്റെ എബ്രായ പേര്‌] പകർപ്പെഴുത്തുകാരന്റേത്‌” എന്ന ആലേഖനത്തോടു കൂടിയ രണ്ട്‌ കളിമൺമുദ്രകൾ (bulla) കണ്ടെടുക്കപ്പെട്ടു. * പൊ.യു.മു. 7-ാം നൂറ്റാണ്ടിൽനിന്നുള്ള ഇത്‌ ബാരൂക്ക്‌ എന്ന ബൈബിൾ കഥാപാത്രത്തിലുള്ള പണ്ഡിതന്മാരുടെ താത്‌പര്യം വർധിപ്പിച്ചിരിക്കുന്നു. ആരായിരുന്നു ഈ ബാരൂക്ക്‌? അവന്റെ കുടുംബപശ്ചാത്തലം, വിദ്യാഭ്യാസം, സമൂഹത്തിലെ സ്ഥാനം ഇവയെക്കുറിച്ച്‌ എന്തു പറയാം? യിരെമ്യാവിനോടൊപ്പം അവൻ ഉറച്ചുനിന്നു എന്നത്‌ അവനെക്കുറിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? അവനിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇന്നു ലഭ്യമായിട്ടുള്ള തിരുവെഴുത്തുപരവും ചരിത്രപരവുമായ വിവരണങ്ങളിൽനിന്നു നമുക്കു കണ്ടെത്താം.

കുടുംബപശ്ചാത്തലവും സമൂഹത്തിലെ സ്ഥാനവും

ബാരൂക്ക്‌ യെഹൂദയിൽ പകർപ്പെഴുത്തു ജോലിയിൽ പേരുകേട്ട ഒരു കുടുംബത്തിൽനിന്നുള്ള ആളായിരുന്നുവെന്ന്‌ പല പണ്ഡിതന്മാരും കരുതുന്നു. അതിന്‌ അവർ നിരവധി കാരണങ്ങളും ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്‌ ബൈബിൾ വിവരണങ്ങളിൽ ബാരൂക്കിന്‌ ചില പ്രത്യേക പദവിനാമങ്ങൾ നൽകിയിരിക്കുന്നു, ‘എഴുത്തുകാരൻ’ അഥവാ സെക്രട്ടറി, അല്ലെങ്കിൽ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ കാണുന്നതുപോലെ പകർപ്പെഴുത്തുകാരൻ എന്ന അർഥത്തിൽ ‘രായസക്കാരൻ’ എന്നൊക്കെ അവനെ വിളിച്ചിട്ടുണ്ട്‌. കൂടാതെ അവന്റെ സഹോദരനായ സേരായാവ്‌, സിദെക്കീയാ രാജാവിന്റെ കൊട്ടാരത്തിലെ ഒരു പ്രമുഖ ഉദ്യോഗസ്ഥനായിരുന്നുവെന്നും തിരുവെഴുത്തുകൾ പറയുന്നു.​—⁠യിരെമ്യാവു 36:32; 51:⁠59.

പുരാവസ്‌തുശാസ്‌ത്രജ്ഞനായ ഫിലിപ്‌ ജെ. കിങ്‌ യിരെമ്യാവിന്റെ നാളിലെ പകർപ്പെഴുത്തുകാരെക്കുറിച്ച്‌ ഇപ്രകാരം എഴുതുന്നു: “പകർപ്പെഴുത്ത്‌ ഒരു തൊഴിലായി സ്വീകരിച്ചിരുന്നവർക്ക്‌ പൊ.യു.മു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിലും ആറാം നൂറ്റാണ്ടിന്റെ പ്രാരംഭകാലത്തും യെഹൂദയിൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്നു. . . . അത്‌ ഉയർന്ന കൊട്ടാര ഉദ്യോഗസ്ഥന്മാരുടെ പദവിയായിരുന്നു.”

കൂടാതെ, പിന്നീടു നാം വിശദമായി പരിചിന്തിക്കുന്ന, യിരെമ്യാവു 36-ാം അധ്യായത്തിലെ വിവരണം സൂചിപ്പിക്കുന്നതുപോലെ ബാരൂക്കിന്‌ രാജാവിന്റെ ഉപദേഷ്ടാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൂടാതെ ഒരു പ്രഭു അല്ലെങ്കിൽ രായസക്കാരനായ ഗെമര്യാവിന്റെ മുറി അഥവാ അറ ഉപയോഗിക്കാനും അവനെ അനുവദിച്ചിരുന്നു. ബൈബിൾ പണ്ഡിതനായ മ്യൂലൻബെർഗിന്റെ വാദം, “ബാരൂക്കിന്‌ രായസക്കാരുടെ അറയിൽ പ്രവേശിക്കാൻ കഴിഞ്ഞത്‌ അവന്‌ അതിനുള്ള യോഗ്യതയുണ്ടായിരുന്നതിനാലും അവൻ ചുരുളുകളുടെ പരസ്യവായന നടക്കുന്ന നിർണായകവേളകളിൽ കൂടിവന്നിരുന്ന കൊട്ടാര ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നതിനാലുമാണ്‌” എന്നാണ്‌. “അവൻ അവിടുത്തെ ഉദ്യോഗസ്ഥവൃന്ദത്തിൽപ്പെട്ട ആളായിരുന്നു”വത്രേ.

പശ്ചിമ ശേമ്യ മുദ്രകൾ​—⁠സാഹിത്യസമാഹാരം (ഇംഗ്ലീഷ്‌) എന്ന പ്രസിദ്ധീകരണം ബാരൂക്കിന്റെ പദവിയെക്കുറിച്ചുള്ള മറ്റൊരു വാദം നിരത്തുന്നു: “ബെരെക്ക്യാഹൂവിന്റെ പേരിലുള്ള കളിമൺമുദ്ര മറ്റൊരു വലിയ ഗണം കൊട്ടാര ഉദ്യോഗസ്ഥരുടെ മുദ്രകളോടൊപ്പമാണു കണ്ടെത്തപ്പെട്ടത്‌. അതിനാൽത്തന്നെ മറ്റ്‌ ഉദ്യോഗസ്ഥന്മാർ പ്രവർത്തിച്ചിരുന്ന അതേ ഗണത്തിന്റെ ഭാഗമായിരുന്നു ബാരൂക്കും/ബെരെക്ക്യാഹൂവും എന്ന്‌ ന്യായമായും ഊഹിക്കാനാകും.” യെരൂശലേമിന്റെ നാശത്തിനു മുമ്പുള്ള സംഭവബഹുലമായ വർഷങ്ങളിൽ വിശ്വസ്‌ത പ്രവാചകനായ യിരെമ്യാവിനെ പിന്തുണച്ച ഉയർന്ന കൊട്ടാര ഉദ്യോഗസ്ഥരായിരുന്നു ബാരൂക്കും അവന്റെ സഹോദരനായ സെരായാവും എന്ന്‌ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നതായി തോന്നുന്നു.

യിരെമ്യാവിനു ലഭിച്ച പിന്തുണ

കാലഗണനാടിസ്ഥാനത്തിൽ പറഞ്ഞാൽ ബാരൂക്ക്‌ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്‌ യിരെമ്യാവിന്റെ പുസ്‌തകം 36-ാം അധ്യായത്തിൽ കാണുന്നതനുസരിച്ച്‌ “യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ” അതായത്‌ ഏകദേശം പൊ.യു.മു. 625-ലാണ്‌. അതിനോടകം യിരെമ്യാവ്‌ ഒരു പ്രവാചകനായി സേവിക്കാൻ തുടങ്ങിയിട്ട്‌ 23 വർഷം പിന്നിട്ടിരുന്നു.​—⁠യിരെമ്യാവു 25:1-3; 36:1, 4.

അപ്പോൾ യഹോവ യിരെമ്യാവിനോടു പറഞ്ഞു: “നീ ഒരു പുസ്‌തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിന്റെ കാലത്തു . . . മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയും കുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്‌ത വചനങ്ങളൊക്കെയും അതിൽ എഴുതുക.” വിവരണം തുടരുന്നു: “അങ്ങനെ യിരെമ്യാവു നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്‌ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്‌ . . . എഴുതി.”​—⁠യിരെമ്യാവു 36:2-4.

എന്തിനാണ്‌ ബാരൂക്കിനെ വിളിച്ചത്‌? യിരെമ്യാവ്‌ അവനോടു പറഞ്ഞു: “ഞാൻ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.” (യിരെമ്യാവു 36:5) സാധ്യതയനുസരിച്ച്‌ യഹോവയുടെ ദൂത്‌ വായിക്കേണ്ട ആലയ പ്രദേശത്ത്‌ പ്രവേശിക്കുന്നതിൽനിന്ന്‌ യിരെമ്യാവിനെ വിലക്കിയിരുന്നു, കാരണം അവൻ മുമ്പ്‌ അറിയിച്ച ദൂത്‌ അധികാരികളെ കോപിഷ്‌ഠരാക്കിയിരുന്നു. (യിരെമ്യാവു 26:1-9) ബാരൂക്ക്‌ തീർച്ചയായും യഹോവയുടെ ഒരു വിശ്വസ്‌ത ആരാധകനായിരുന്നു. അവൻ “യിരെമ്യാപ്രവാചകൻ തന്നോടു കല്‌പിച്ചതു പോലെയൊക്കെയും . . . ചെയ്‌തു.”​—⁠യിരെമ്യാവു 36:⁠8.

23-ലേറെ വർഷമായി മുഴക്കിക്കൊണ്ടിരുന്ന മുന്നറിയിപ്പിൻ ദൂതു മുഴുവൻ രേഖപ്പെടുത്തുക എന്നത്‌ ശ്രമകരമായ ഒരു ജോലിതന്നെയായിരുന്നു. ഒരുപക്ഷേ യിരെമ്യാവ്‌ അതിനുള്ള അനുയോജ്യ സമയത്തിനായി കാത്തിരിക്കുകയുമായിരുന്നു. എന്നാൽ പൊ.യു.മു. 624 നവംബറിലോ ഡിസംബറിലോ ബാരൂക്ക്‌ “യഹോവയുടെ ആലയത്തിൽ, . . . ഗെമര്യാരായസക്കാരന്റെ മുറിയിൽവെച്ചു ആ പുസ്‌തകത്തിൽനിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.”​—⁠യിരെമ്യാവു 36:8-10.

ഗെമര്യാവിന്റെ മകനായ മീഖായാവ്‌ സംഭവിച്ച കാര്യങ്ങൾ തന്റെ പിതാവിനെയും മറ്റു ചില പ്രഭുക്കന്മാരെയും അറിയിച്ചു. രണ്ടാംവട്ടം ചുരുൾ ഉച്ചത്തിൽ വായിക്കുന്നതിന്‌ അവർ ബാരൂക്കിനെ ക്ഷണിച്ചു. “ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു. . . . പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.”​—⁠യിരെമ്യാവു 36:11-19.

യിരെമ്യാവ്‌ പറഞ്ഞുകൊടുത്തപ്രകാരം ബാരൂക്ക്‌ എഴുതിയതു വായിച്ചു കേട്ടപ്പോൾ യെഹോയാക്കീം രാജാവിന്‌ കോപം ജ്വലിച്ചു, അവൻ ആ ചുരുൾ മുറിച്ച്‌ തീയിലിട്ടു. എന്നിട്ട്‌ യിരെമ്യാവിനെയും ബാരൂക്കിനെയും പിടിച്ചുകൊണ്ടുവരാൻ ഉത്തരവിട്ടു. ഒളിവിൽ കഴിയുകയായിരുന്ന ആ പുരുഷന്മാർ യഹോവ അരുളിച്ചെയ്‌തപ്രകാരം പ്രസ്‌തുത ചുരുളിന്റെ ഒരു പകർപ്പ്‌ എഴുതിയുണ്ടാക്കി.​—⁠യിരെമ്യാവു 36:21-32.

തന്റെ നിയമനം എത്ര അപകടം നിറഞ്ഞതാണെന്ന വസ്‌തുത തീർച്ചയായും ബാരൂക്കിന്‌ അറിയാമായിരുന്നു. ഏതാനും വർഷം മുമ്പ്‌ യിരെമ്യാവിന്‌ നേരിട്ട ഭീഷണികളെക്കുറിച്ച്‌ അവന്‌ അറിയാമായിരുന്നിരിക്കണം. കൂടാതെ “യിരെമ്യാവിന്റെ സകലവാക്കുകളെയുംപോലെ” പ്രവചിച്ച ഊരിയാവിനു സംഭവിച്ചതിനെക്കുറിച്ചും അവൻ കേട്ടിരുന്നിരിക്കണം. യെഹോയാക്കീം രാജാവ്‌ അവനെ കൊന്നുകളഞ്ഞിരുന്നു. എന്നിട്ടും ബാരൂക്ക്‌ തന്റെ തൊഴിൽ വൈദഗ്‌ധ്യവും കൊട്ടാര ഉദ്യോഗസ്ഥന്മാരുമായുള്ള ബന്ധവും യിരെമ്യാവിനെ അവന്റെ നിയമനത്തിൽ സഹായിക്കാൻ ഉപയോഗപ്പെടുത്തുന്നതിന്‌ തയ്യാറായിരുന്നു.​—⁠യിരെമ്യാവു 26:1-9, 20-24.

“വലിയ കാര്യങ്ങളെ” ആഗ്രഹിക്കരുത്‌

ആദ്യ ചുരുൾ എഴുതുന്ന സമയത്ത്‌ ബാരൂക്കിന്‌ വളരെയേറെ ക്ലേശങ്ങൾ സഹിക്കേണ്ടിവന്നു. “യഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല” എന്ന്‌ അവൻ വിലപിച്ചു പറഞ്ഞു. ഇങ്ങനെയൊരു അവസ്ഥയ്‌ക്കു കാരണം എന്തായിരുന്നു?​—⁠യിരെമ്യാവു 45:1-3.

അതിനുള്ള വ്യക്തമായ ഉത്തരം തിരുവെഴുത്തുകളിൽ ഇല്ല. എന്നാൽ ബാരൂക്കിന്റെ സാഹചര്യം ഒന്നു വിഭാവന ചെയ്യൂ. ഇസ്രായേലിലെയും യെഹൂദയിലെയും ആളുകൾക്കെതിരെ 23 വർഷക്കാലം മുഴക്കിയ മുന്നറിയിപ്പിൻ ദൂത്‌ രേഖപ്പെടുത്തിയപ്പോൾ അവരുടെ വിശ്വാസത്യാഗവും അവർ യഹോവയെ ഉപേക്ഷിച്ചതും മറ്റും ഏറെ വെളിവായിരിക്കണം. യെരൂശലേമിനെയും യെഹൂദയെയും നശിപ്പിക്കാനും ജനത്തെ ബാബിലോണിൽ 70 വർഷത്തെ പ്രവാസത്തിന്‌ അയയ്‌ക്കാനുമുള്ള തീരുമാനം യഹോവ വെളിപ്പെടുത്തിയത്‌ അതേ വർഷമാണ്‌. പ്രസ്‌തുത വിവരങ്ങൾ ചുരുളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണം. ഇതേക്കുറിച്ച്‌ അറിഞ്ഞത്‌ ബാരൂക്കിനെ അത്യന്തം വിഷമിപ്പിച്ചിരിക്കണം. (യിരെമ്യാവു 25:​1-11) കൂടാതെ ഈ നിർണായകസമയത്ത്‌ യിരെമ്യാവിന്‌ ഉറച്ച പിന്തുണ നൽകിയാൽ അവന്റെ സ്ഥാനവും തൊഴിലും മറ്റും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ടായിരുന്നു.

സംഗതി എന്തുതന്നെയായാലും വരാൻപോകുന്ന ന്യായവിധി മനസ്സിൽ അടുപ്പിച്ചുനിറുത്താൻ ബാരൂക്കിനെ സഹായിക്കുന്നതിന്‌ യഹോവതന്നെ നേരിട്ട്‌ ഇടപെട്ടു. അവൻ പറഞ്ഞു: “ഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ.” എന്നിട്ട്‌ അവൻ ബാരൂക്കിനെ ബുദ്ധിയുപദേശിച്ചു: “എന്നാൽ നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്‌.”​—⁠യിരെമ്യാവു 45:4, 5.

ഈ “വലിയകാര്യങ്ങ”ൾ എന്താണെന്ന്‌ യഹോവ പറഞ്ഞില്ല. എന്നാൽ അത്‌ സ്വാർഥതാത്‌പര്യങ്ങളോ സ്ഥാനമാനങ്ങളോ ഭൗതികസമ്പത്തോ ഏതാണെന്നുള്ളത്‌ ബാരൂക്കിന്‌ അറിയാമായിരുന്നിരിക്കണം. യാഥാർഥ്യബോധം ഉണ്ടായിരിക്കാനും ഭാവിയിൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചു ചിന്തിക്കാനും യഹോവ അവനെ ബുദ്ധിയുപദേശിച്ചു: “ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും . . . ; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ള പോലെതരും.” ബാരൂക്ക്‌ എവിടെപ്പോയാലും അവന്റെ ഏറ്റവും വലിയ സ്വത്ത്‌, അവന്റെ ജീവൻ, സംരക്ഷിക്കപ്പെടുമായിരുന്നു.​—⁠യിരെമ്യാവു 45:⁠5.

യിരെമ്യാവു 36, 45 അധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന ഈ സംഭവങ്ങൾ നടന്നത്‌ പൊ.യു.മു. 625-നും 624-നും ഇടയ്‌ക്കാണ്‌. തുടർന്ന്‌ പൊ.യു.മു. 607-ൽ ബാബിലോണ്യർ യെരൂശലേമും യെഹൂദയും നശിപ്പിക്കുന്നതിന്‌ ഏതാനും മാസം മുമ്പുവരെയുള്ള കാലഘട്ടത്തിൽ ബാരൂക്കിനെക്കുറിച്ചുള്ള യാതൊരു പരാമർശവും ബൈബിളിൽ കാണുന്നില്ല. പിന്നീട്‌ എന്തു സംഭവിച്ചു?

ബാരൂക്ക്‌ വീണ്ടും യിരെമ്യാവിനെ പിന്തുണയ്‌ക്കുന്നു

ബാബിലോണ്യർ യെരൂശലേമിനെ ഉപരോധിച്ച കാലത്ത്‌ ബാരൂക്ക്‌ ബൈബിൾ വിവരണങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു. യിരെമ്യാവ്‌ “അരമനയുടെ കാവല്‌പുരമുറ്റത്തു അടെക്കപ്പെട്ടി”രിക്കെ യഹോവ അവനോട്‌ പുനഃസ്ഥിതീകരണം ഉണ്ടാകും എന്നതിന്റെ അടയാളമായി അവന്റെ മച്ചുനന്റെ അനാഥോത്തിലെ നിലം വാങ്ങിക്കാൻ ആവശ്യപ്പെട്ടു. നിയമപരമായ കാര്യങ്ങളിൽ സഹായിക്കുന്നതിന്‌ ബാരൂക്കിനെ വിളിച്ചുവരുത്തി.​—⁠യിരെമ്യാവു 32:1, 2, 6, 7.

യിരെമ്യാവ്‌ വിശദീകരിച്ചു: ഞാൻ “ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ടു ഒപ്പിടുവിച്ച ശേഷം ഞാൻ പണം അവന്നു തുലാസിൽ തൂക്കിക്കൊടുത്തു. ഇങ്ങനെ . . . മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങൾ ഞാൻ വാങ്ങി, . . . ബാരൂക്കിന്റെ പക്കൽ കൊടുത്തു.” എന്നിട്ട്‌ ആ ആധാരങ്ങളെ മൺപാത്രങ്ങളിൽ ഭദ്രമായി അടച്ചു സൂക്ഷിക്കാൻ അവൻ ബാരൂക്കിനോടു കൽപ്പിച്ചു. താൻ ആധാരം “എഴുതി” എന്ന്‌ യിരെമ്യാവ്‌ പറഞ്ഞപ്പോൾ അവൻ അത്‌ വിദഗ്‌ധപകർപ്പെഴുത്തുകാരനായ ബാരൂക്കിനെക്കൊണ്ട്‌ എഴുതിക്കുകയായിരുന്നിരിക്കണം എന്ന്‌ ചില പണ്ഡിതന്മാർ കരുതുന്നു.​—⁠യിരെമ്യാവു 32:10-14; 36:4, 17, 18; 45:⁠1.

ബാരൂക്കും യിരെമ്യാവും അന്നു നിലവിലിരുന്ന നിയമപരമായ നടപടി പിൻപറ്റുകയായിരുന്നു. രണ്ട്‌ ആധാരങ്ങൾ എഴുതുന്നതായിരുന്നു അന്നത്തെ ഒരു പ്രത്യേകത. പശ്ചിമ ശേമ്യ മുദ്രകൾ​—⁠സാഹിത്യസമാഹാരം എന്ന പുസ്‌തകം ഇപ്രകാരം വിശദീകരിക്കുന്നു: “ആദ്യത്തെ ആധാരത്തെ ‘മുദ്രവെച്ച ആധാരം’ എന്നാണു വിളിച്ചിരുന്നത്‌, കാരണം ആ ചുരുൾ ചുരുട്ടി കെട്ടി കളിമണ്ണുകൊണ്ട്‌ മുദ്രവെച്ചിരുന്നു; എഴുതിയുണ്ടാക്കിയ ഉടമ്പടിയുടെ അസൽ ആയിരുന്നു അത്‌. . . . രണ്ടാമത്തേത്‌, ‘തുറന്ന ആധാരം’ ആയിരുന്നു. യാതൊരു മാറ്റവും വരുത്താനാവാത്തവിധം മുദ്രവെച്ചിരിക്കുന്ന പതിപ്പിന്റെ ഒരു പകർപ്പായ ഇത്‌ ആവശ്യം വരുമ്പോൾ പരിശോധിക്കുന്നതിനുള്ളതായിരുന്നു. അങ്ങനെ വെവ്വേറെ പപ്പൈറസ്‌ താളുകളിൽ എഴുതിയ രണ്ട്‌ രേഖകളുണ്ടായിരുന്നു, ഒന്ന്‌ അസലും മറ്റേത്‌ അതിന്റെ പകർപ്പും.” പ്രമാണങ്ങൾ കളിമൺപാത്രങ്ങളിൽ സൂക്ഷിക്കുന്ന രീതി ഉണ്ടായിരുന്നു എന്നതിന്‌ പുരാവസ്‌തു കണ്ടുപിടിത്തങ്ങൾ സാക്ഷ്യംവഹിക്കുന്നു.

അവസാനം ബാബിലോണ്യർ യെരൂശലേം പിടിച്ചടക്കി, അതിനു തീവെച്ചു, ഏതാനും ദരിദ്രർ ഒഴികെയുള്ള എല്ലാവരെയും പ്രവാസികളായി കൊണ്ടുപോയി. നെബൂഖദ്‌നേസർ ഗെദല്യാവിനെ അധിപതിയായി നിയമിച്ചു. എന്നാൽ രണ്ടു മാസം കഴിഞ്ഞപ്പോൾ യഹൂദന്മാർ അവനെ കൊന്നുകളഞ്ഞു. ശേഷിച്ച യഹൂദന്മാർ യിരെമ്യാവിന്റെ നിശ്വസ്‌ത ഉപദേശം അവഗണിച്ചുകൊണ്ട്‌ ഈജിപ്‌തിലേക്കു പോകാൻ തീരുമാനിച്ചു, ഈ സന്ദർഭത്തിലാണ്‌ ബാരൂക്കിന്റെ കാര്യം വീണ്ടും പരാമർശിച്ചിരിക്കുന്നത്‌.​—⁠യിരെമ്യാവു 39:2, 8; 40:5; 41:1, 2; 42:13-17.

യഹൂദ നേതാക്കന്മാർ യിരെമ്യാവിനോട്‌, “നീ ഭോഷ്‌കു പറയുന്നു; മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. കല്‌ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടു പോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യിൽ ഏല്‌പിപ്പാൻ നേര്യാവിന്റെ മകനായ ബാരൂക്‌ നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു” എന്നു പറഞ്ഞു. (യിരെമ്യാവു 43:2, 3) ബാരൂക്ക്‌ യിരെമ്യാവിന്റെമേൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു എന്നൊരു വിശ്വാസം യഹൂദ നേതാക്കന്മാരുടെ ഇടയിലുണ്ടായിരുന്നതായി ഈ ആരോപണം വെളിപ്പെടുത്തുന്നുവെന്നു തോന്നുന്നു. ബാരൂക്കിന്റെ സ്ഥാനമാനങ്ങളോ യിരെമ്യാവുമായി അവനുണ്ടായിരുന്ന ദീർഘകാലത്തെ സൗഹൃദമോ നിമിത്തം അവൻ മേലാൽ പ്രവാചകന്റെ വെറുമൊരു പകർപ്പെഴുത്തുകാരൻ എന്ന രീതിയിലല്ല പ്രവർത്തിക്കുന്നതെന്ന്‌ അവർ കരുതിയോ? ഒരുപക്ഷേ കരുതിയിരിക്കണം. ഇനി, യഹൂദ നേതാക്കന്മാർ എന്തു വിശ്വസിച്ചാലും ആ ദൂത്‌ യഹോവയിൽനിന്നുതന്നെ ഉള്ളതായിരുന്നു.

ദിവ്യമുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ശേഷിച്ച യഹൂദന്മാർ ഈജിപ്‌തിലേക്കു പോയി; കൂടെ അവർ “യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും” കൊണ്ടുപോയി. യിരെമ്യാവിന്റെ രേഖ ഇപ്രകാരം വായിക്കുന്നു: അവർ “യഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്‌പനേസ്‌വരെ എത്തി.” നൈൽ നദീതടത്തിൽ പൂർവഭാഗത്ത്‌ സീനായിയോട്‌ ചേർന്നുള്ള അതിർത്തി നഗരമാണ്‌ തഹ്‌പനേസ്‌. അതോടെ ബാരൂക്ക്‌ ബൈബിൾ വിവരണങ്ങളിൽനിന്ന്‌ അപ്രത്യക്ഷനാകുന്നു.​—⁠യിരെമ്യാവു 43:5-7.

ബാരൂക്കിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം?

ബാരൂക്കിൽനിന്നു നമുക്കു പഠിക്കാവുന്ന അമൂല്യമായ അനേകം പാഠങ്ങളുണ്ട്‌. ഭവിഷ്യത്തുകൾ ഗണ്യമാക്കാതെ തന്റെ കഴിവുകളും ബന്ധങ്ങളും യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുന്നതിനുള്ള അവന്റെ മനസ്സൊരുക്കമാണ്‌ സുപ്രധാനമായ ഒരു പാഠം. ഇന്ന്‌ യഹോവയുടെ സാക്ഷികളിൽ അനേകരും​—⁠സ്‌ത്രീകളും പുരുഷന്മാരും​—⁠അതേ മനോഭാവം പ്രകടമാക്കുന്നു. ബെഥേൽസേവനവും നിർമാണവേലയും പോലുള്ള കാര്യങ്ങൾക്കായി അവർ തങ്ങളുടെ പ്രാപ്‌തികൾ ഉപയോഗപ്പെടുത്തുന്നു. ബാരൂക്കിന്റേതിനു സമാനമായ മനോഭാവം നിങ്ങൾക്ക്‌ എങ്ങനെ പ്രകടമാക്കാം?

യെഹൂദയുടെ അവസാനനാളുകളിൽ വ്യക്തിപരമായ “വലിയകാര്യങ്ങ”ൾ അന്വേഷിക്കുന്നതിനുള്ള സമയമല്ല അത്‌ എന്ന്‌ ബാരൂക്കിനെ ഓർമപ്പെടുത്തിയപ്പോൾ അവൻ അതിനോട്‌ അനുസരണപൂർവം പ്രതികരിച്ചു എന്നതിനു സംശയമില്ല. അതുകൊണ്ടാണ്‌ അവനു തന്റെ ജീവൻ കൊള്ളയായി ലഭിച്ചത്‌. ഈ ബുദ്ധിയുപദേശം നമ്മുടെ കാര്യത്തിൽ പ്രാവർത്തികമാക്കുന്നത്‌ ഉചിതമാണ്‌, കാരണം നാമും ജീവിക്കുന്നത്‌ ഒരു വ്യവസ്ഥിതിയുടെ സമാപനനാളുകളിലാണ്‌. നമ്മോടുള്ള യഹോവയുടെ വാഗ്‌ദാനവും അതുതന്നെയാണ്‌, നമ്മുടെ ജീവന്റെ സംരക്ഷണം. അത്തരം ഓർമിപ്പിക്കലുകളോട്‌ ബാരൂക്കിനെപ്പോലെ നമുക്കും പ്രതികരിക്കാനാകുമോ?

ഇതിൽനിന്നു പഠിക്കാനാകുന്ന ഒരു പ്രായോഗിക പാഠവുമുണ്ട്‌. യിരെമ്യാവും അവന്റെ മച്ചുനനും തമ്മിലുള്ള ബിസിനസ്‌ ഇടപാടിൽ ആവശ്യമായ നിയമനടപടികൾ പിൻപറ്റാൻ ബാരൂക്ക്‌ അവരെ സഹായിച്ചു, അവർ ഇരുവരും ബന്ധുക്കളായിരുന്നിട്ടു കൂടി. ഇത്‌ തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി ബിസിനസ്‌ ഇടപാടുകളിൽ ഏർപ്പെടുന്ന ക്രിസ്‌ത്യാനികൾക്ക്‌ ഒരു തിരുവെഴുത്തു കീഴ്‌വഴക്കം പ്രദാനംചെയ്യുന്നു. ബിസിനസ്‌ ഇടപാടുകളുടെ രേഖയുണ്ടാക്കുന്ന ഈ മാതൃക പിൻപറ്റുന്നത്‌ തിരുവെഴുത്തുപരവും പ്രായോഗികവും സ്‌നേഹപൂർവകവുമായ ഒരു സംഗതിയാണ്‌.

ബാരൂക്കിനെക്കുറിച്ചുള്ള ബൈബിൾ രേഖ വളരെ ഹ്രസ്വമാണെങ്കിലും ഇന്നു ജീവിച്ചിരിക്കുന്ന എല്ലാ ക്രിസ്‌ത്യാനികളുടെയും ശ്രദ്ധ അർഹിക്കുന്ന വ്യക്തിയാണ്‌ അവൻ. യിരെമ്യാവിന്റെ ഈ വിശ്വസ്‌ത സെക്രട്ടറിയുടെ ഉത്തമ മാതൃക നിങ്ങൾ അനുകരിക്കുമോ?

[അടിക്കുറിപ്പ്‌]

^ ഖ. 3 സുപ്രധാന രേഖകൾ ഒരു ചരടുകൊണ്ടു കെട്ടി അതിൽ കളിമണ്ണുകൊണ്ടു മുദ്രവെക്കുന്ന രീതിയുണ്ടായിരുന്നു. ആ കളിമണ്ണിൽ രേഖയുടെ ഉടമസ്ഥനെയോ അത്‌ അയച്ച ആളിനെയോ തിരിച്ചറിയിക്കുന്ന മുദ്ര പതിപ്പിച്ചിരുന്നു. ഈ കളിമൺമുദ്രയാണ്‌ ബുളെ.

[16-ാം പേജിലെ ചിത്രം]

ബാരൂക്കിന്റെ കളിമൺമുദ്ര

[കടപ്പാട്‌]

കളിമൺമുദ്ര: Courtesy of Israel Museum, Jerusalem