വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആയിരം വർഷ വാഴ്‌ചയുടെ അവസാനത്തിലെ അന്തിമ പരിശോധനയ്‌ക്കുശേഷം മനുഷ്യർക്ക് പാപം ചെയ്യാനും മരിക്കാനും സാധിക്കുമോ?
വെളിപ്പാടു പുസ്‌തകത്തിൽനിന്നുള്ള പിൻവരുന്ന രണ്ടു തിരുവെഴുത്തു ഭാഗങ്ങൾ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കുന്നു: “മരണത്തെയും പാതാളത്തെയും തീപ്പൊയ്‌കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്‌ക രണ്ടാമത്തെ മരണം.” (വെളിപ്പാടു 20:14) “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:4, 5എ.
ഈ സംഗതികൾ എപ്പോഴാണു നടക്കുന്നതെന്നു ശ്രദ്ധിക്കുക. “മരണത്തെയും പാതാളത്തെയും” തീപ്പൊയ്‌കയിലേക്കു തള്ളിയിടുന്നത്, അർമഗെദോൻ അതിജീവകരും പുനരുത്ഥാനത്തിലേക്കു വരുന്നവരും അർമഗെദോൻ കഴിഞ്ഞ് ജനിക്കുന്നവരും ന്യായംവിധിക്കപ്പെട്ടതിനുശേഷമാണ്—“പുസ്‌തകങ്ങളിൽ എഴുതിയി”രിക്കുന്ന കാര്യങ്ങളുടെ അഥവാ ആയിരം വർഷക്കാലത്ത് മനുഷ്യർക്കായി യഹോവ വെക്കുന്ന വിശദമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഈ ന്യായവിധി നിർവഹിക്കപ്പെടുന്നത്. (വെളിപ്പാടു 20:12, 13) ക്രിസ്‌തുയേശുവിന്റെ സഹസ്രാബ്ദ വാഴ്‌ചയുടെ സമയത്തു നിവൃത്തിയേറുന്ന മറ്റൊരു ദർശനത്തെക്കുറിച്ച് അപ്പൊസ്‌തലനായ യോഹന്നാൻ രേഖപ്പെടുത്തുന്നു. വെളിപ്പാട് 21-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആ ദർശനം പൂർണമായി നിവൃത്തിയേറുന്നത് ആയിരം വർഷ ന്യായവിധി ദിവസം അവസാനിക്കുമ്പോഴാണ്. അപ്പോൾ യഹോവ മധ്യസ്ഥന്മാരൊന്നുമില്ലാതെ, സമ്പൂർണമായ അർഥത്തിൽ മനുഷ്യരാശിയോടുകൂടെ വസിക്കും, കാരണം അപ്പോഴേക്കും യേശു രാജ്യം തന്റെ പിതാവിനെ ഏൽപ്പിച്ചിട്ടുണ്ടാകും. ശാശ്വതവും നേരിട്ടുള്ളതുമായ ഒരു വിധത്തിൽ യഹോവ ആത്മീയമായി “അവന്റെ ജന”ത്തോടൊപ്പം വസിക്കും. ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം പൂർണമായും പ്രയോഗിക്കപ്പെടുന്നതിന്റെ ഫലമായി മനുഷ്യവർഗം പൂർണതയിലെത്തിച്ചേരുമ്പോൾ “ഇനി മരണം ഉണ്ടാകയില്ല” എന്ന വാഗ്‌ദാനത്തിന് സമ്പൂർണ നിവൃത്തിയുണ്ടാകും.—വെളിപ്പാടു 21:3-5എ.
അതുകൊണ്ട്, നേരത്തേ ഉദ്ധരിച്ച തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന മരണം, ക്രിസ്‌തുവിന്റെ മറുവിലയിലൂടെ റദ്ദാക്കപ്പെടാനിരിക്കുന്ന ആദാമ്യ മരണമാണ്. (റോമർ 5:12-21) ആദ്യ മനുഷ്യനിൽനിന്ന് മാനവരാശിക്കു കൈമാറിക്കിട്ടിയ മരണം ഇല്ലാതാകുമ്പോൾ, മനുഷ്യർ ആദാമിനെപ്പോലെ—അവൻ സൃഷ്ടിക്കപ്പെട്ടപ്പോൾ എങ്ങനെയായിരുന്നോ അതുപോലെതന്നെ—ആയിത്തീരും. ആദാം പൂർണനായിരുന്നു; എന്നാൽ അവന് മരിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് അത് അർഥമാക്കിയില്ല. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം” തിന്നരുതെന്നും “തിന്നുന്ന നാളിൽ നീ മരിക്കും” എന്നും യഹോവ ആദാമിനോടു പറഞ്ഞു. (ഉല്‌പത്തി 2:17) മനഃപൂർവ പാപത്തിന്റെ ഫലമായുള്ള മരണമായിരുന്നു അത്. ആയിരം വർഷ ഭരണത്തിന്റെ അവസാനത്തിലുള്ള അന്തിമ പരിശോധനയ്‌ക്കുശേഷവും മനുഷ്യർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. (വെളിപ്പാടു 20:7-10) തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിച്ചുകൊണ്ട്, യഹോവയെ സേവിക്കുന്നതിൽ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അവർക്ക് അപ്പോഴും കഴിയും. അതുകൊണ്ടുതന്നെ, അവരിൽ ആരും ആദാം ചെയ്‌തതുപോലെ ദൈവത്തെ തള്ളിക്കളയുകയില്ല എന്ന് ഉറപ്പിച്ചു പറയാനാകില്ല.
അന്തിമ പരിശോധനയ്‌ക്കുശേഷമുള്ള, മരണമോ പാതാളമോ ഇല്ലാത്ത കാലത്ത് ദൈവത്തോടു മത്സരിക്കുന്ന ഒരു വ്യക്തിക്ക് എന്തു സംഭവിക്കും? അപ്പോൾ ആദാമ്യ മരണം പൊയ്‌പോയിരിക്കും. പുനരുത്ഥാന പ്രത്യാശയുള്ള മനുഷ്യരുടെ പൊതുശവക്കുഴിയാകുന്ന പാതാളം അഥവാ ഹേഡീസും ഉണ്ടായിരിക്കുകയില്ല. എന്നുവരികിലും പുനരുത്ഥാനത്തിനുള്ള ഏതൊരു പ്രത്യാശയും നിഷേധിച്ചുകൊണ്ട്, തന്നോടു മത്സരിക്കുന്ന ആരെയും തീപ്പൊയ്‌കയിൽ നശിപ്പിക്കാൻ യഹോവയ്‌ക്കു കഴിയും. ആ മരണം ആദാമിനും ഹവ്വായ്‌ക്കും സംഭവിച്ചതുപോലുള്ള മരണമായിരിക്കും, ആദാമിൽനിന്ന് മനുഷ്യർക്ക് കൈമാറിക്കിട്ടിയ മരണമായിരിക്കില്ല.
എന്നുവരികിലും, ഇങ്ങനെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ നമുക്ക് ഒരു കാരണവും ഇല്ല. അന്തിമ പരിശോധനയെ അതിജീവിക്കുന്നവർ നിർണായകമായ ഒരു വിധത്തിൽ ആദാമിൽനിന്നു വ്യത്യസ്‌തരായിരിക്കും. അവർ പൂർണമായി പരിശോധിക്കപ്പെട്ടിരിക്കും. ആളുകളെ സമ്പൂർണമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് യഹോവയ്‌ക്ക് അറിയാമെന്നതിനാൽ അന്തിമ പരിശോധന സമഗ്രമായ ഒന്നായിരിക്കും എന്നതിൽ സംശയം വേണ്ട. തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്‌തേക്കാവുന്ന ഏതൊരാളും അന്തിമ പരിശോധനയിലൂടെ നീക്കം ചെയ്യപ്പെടും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അന്തിമ പരിശോധനയിൽ വിജയിക്കുന്നവർക്ക് ദൈവത്തിനെതിരെ മത്സരിക്കാനും അങ്ങനെ നശിപ്പിക്കപ്പെടാനും സാധിക്കുമെങ്കിലും അത്തരമൊരു സംഗതി സംഭവിക്കാനുള്ള സാധ്യത തീരെ കുറവാണ്.
[31-ാം പേജിലെ ചിത്രം]
അന്തിമ പരിശോധനയ്‌ക്കു ശേഷം, ഏതർഥത്തിലാണ് മാനവരാശി ആദാമിനെപ്പോലെ ആയിരിക്കുക?