‘നിങ്ങളുടെ അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക’
‘നിങ്ങളുടെ അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക’
“കൃതജ്ഞതാസ്‌തോത്രത്തോടെയുള്ള പ്രാർത്ഥനയും യാചനയുംവഴി നിങ്ങളുടെ നാനാവിധത്തിലുള്ള അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക.”—ഫിലിപ്പിയർ 4:6, ഓശാന ബൈബിൾ.
1. ആരുമായി ആശയവിനിമയം ചെയ്യാനുള്ള അനുപമമായ അവസരം നമുക്കുണ്ട്, അത് അത്യന്തം അതിശയകരമായിരിക്കുന്നത് എന്തുകൊണ്ട്?
രാജ്യത്തെ ഭരണാധിപനെ നേരിൽക്കണ്ടു സംസാരിക്കാൻ അനുവാദം തേടുന്നപക്ഷം നിങ്ങൾക്ക് എന്തു പ്രതികരണമായിരിക്കും ലഭിക്കുന്നത്? അദ്ദേഹത്തിന്റെ ഓഫീസിൽനിന്ന് ആദരപൂർവം ഒരു മറുപടി കിട്ടിയേക്കാമെങ്കിലും ഭരണാധിപനെ നേരിൽക്കാണാനുള്ള അവസരം ലഭിച്ചെന്നുവരില്ല. എന്നാൽ എല്ലാ ഭരണാധിപന്മാരെക്കാളും ഉന്നതനായ അഖിലാണ്ഡ പരമാധികാരിയായ യഹോവയാം ദൈവത്തോടുള്ള ബന്ധത്തിൽ കാര്യങ്ങൾ വ്യത്യസ്‌തമാണ്. നാം ഏതു സ്ഥലത്ത് ആയിരുന്നാലും ആഗ്രഹിക്കുന്ന ഏതു സമയത്തും അവനെ സമീപിക്കാൻ നമുക്കു കഴിയും. സ്വീകാര്യയോഗ്യമായ പ്രാർഥനകൾക്ക് അവൻ എല്ലായ്‌പോഴും ചെവികൊടുക്കുന്നു. (സദൃശവാക്യങ്ങൾ 15:29) അതെത്ര അതിശയകരമാണ്! “പ്രാർത്ഥന കേൾക്കുന്ന”വനെന്ന് ബൈബിൾ ഉചിതമായും വിശേഷിപ്പിക്കുന്ന ദൈവത്തോടു ക്രമമായി പ്രാർഥിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ?—സങ്കീർത്തനം 65:2.
2. പ്രാർഥനകൾ ദൈവത്തിനു സ്വീകാര്യമായിരിക്കാൻ എന്ത് അനിവാര്യമാണ്?
2 ‘എന്നാൽ എങ്ങനെയുള്ള പ്രാർഥനകളാണ് ദൈവത്തിനു സ്വീകാര്യമായിരിക്കുന്നത്’ എന്നു ചിലർ ചോദിച്ചേക്കാം? സ്വീകാര്യയോഗ്യമായ പ്രാർഥനകൾക്ക് അനിവാര്യമായ ഒരു സംഗതി വിശദീകരിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) മുൻ ലേഖനത്തിൽ വിശദീകരിച്ചപ്രകാരം, ദൈവത്തെ സമീപിക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണു വിശ്വാസം. തന്നെ സമീപിക്കുന്നവരുടെ പ്രാർഥനകൾ കൈക്കൊള്ളാൻ ദൈവം മനസ്സൊരുക്കമുള്ളവനാണ്. എന്നാൽ അവനു പ്രസാദകരമായ കാര്യങ്ങൾ ചെയ്‌തുകൊണ്ടും വിശ്വാസത്തോടും ആത്മാർഥതയോടും ശരിയായ ഹൃദയനിലയോടുംകൂടെവേണം അവനെ സമീപിക്കാൻ.
3. (എ) പുരാതന കാലത്തെ വിശ്വസ്‌ത മനുഷ്യരുടെ പ്രാർഥനകളിൽ കാണാൻ കഴിയുന്നതുപോലെ നമ്മുടെ പ്രാർഥനകളിൽ എങ്ങനെയുള്ള വാക്കുകളും പ്രയോഗങ്ങളും ഉൾപ്പെടുത്താനാകും? (ബി) പ്രാർഥനയുടെ വിവിധ രൂപങ്ങൾ ഏവ?
3 സമകാലീന ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിച്ചുകൊണ്ട് പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഒരു കാര്യത്തെക്കുറിച്ചും നിങ്ങൾ ആകുലരാകേണ്ട. കൃതജ്ഞതാസ്‌തോത്രത്തോടെയുള്ള പ്രാർത്ഥനയും യാചനയുംവഴി നിങ്ങളുടെ നാനാവിധത്തിലുള്ള അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക.” (ഫിലിപ്പിയർ 4:6, 7) തങ്ങളുടെ ആകുലതകളെക്കുറിച്ചു ദൈവത്തോടു പ്രാർഥിച്ച പലരുടെയും ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്. അവരിൽ ചിലരാണ് ഹന്നാ, ഏലീയാവ്, ഹിസ്‌കീയാവ്, ദാനീയേൽ എന്നിവർ. (1 ശമൂവേൽ 2:1-10; 1 രാജാക്കന്മാർ 18:36, 37; 2 രാജാക്കന്മാർ 19:15-19; ദാനീയേൽ 9:3-21) നാം അവരുടെ ദൃഷ്ടാന്തങ്ങൾ പിൻപറ്റണം. നമ്മുടെ പ്രാർഥനകൾ വിവിധ തരത്തിലുള്ളതായിരിക്കാൻ കഴിയുമെന്നും പൗലൊസിന്റെ വാക്കുകൾ പ്രകടമാക്കുന്നു. ദൈവം നമുക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾക്കായി വിലമതിപ്പ് പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രാർഥനയാണ് കൃതജ്ഞതാസ്‌തോത്രം; സ്‌തുതികളും അതോടൊപ്പം അർപ്പിക്കാവുന്നതാണ്. താഴ്‌മയോടെയുള്ള ആത്മാർഥമായ അഭ്യർഥനയാണ് യാചന. കൂടാതെ അപേക്ഷകളും—പ്രത്യേക കാര്യങ്ങൾക്കായുള്ള അർഥനകൾ—പ്രാർഥനയിൽ ഉൾപ്പെടുത്താനാകും. (ലൂക്കൊസ് 11:2, 3) ഇങ്ങനെയുള്ള ഏതെങ്കിലും വിധത്തിൽ പ്രാർഥിച്ചുകൊണ്ട് നാം നമ്മുടെ സ്വർഗീയ പിതാവിനെ സമീപിക്കുന്നത് അവനു പ്രസാദമാണ്.
4. നമ്മുടെ ആവശ്യങ്ങൾ യഹോവയ്‌ക്ക് അറിയാമെന്നിരിക്കേ പിന്നെയും നാം അവനോട് അപേക്ഷകൾ നടത്തുന്നത് എന്തുകൊണ്ട്?
4 ‘നമ്മുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് യഹോവയ്‌ക്ക് അറിവുള്ളതല്ലേ’ എന്നു ചിലർ ചോദിച്ചേക്കാം. തീർച്ചയായും അവന് അറിയാം. (മത്തായി 6:8, 32) അപ്പോൾപ്പിന്നെ അപേക്ഷകളുമായി അവനെ സമീപിക്കാൻ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? ഈ ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു കടയുടമ തന്റെ ഇടപാടുകാരിൽ ചിലർക്ക് ഒരു സമ്മാനം വാഗ്‌ദാനം ചെയ്‌തേക്കാം. എന്നാൽ അതു കൈപ്പറ്റുന്നതിന് ഇടപാടുകാർ കടയുടമയെ സമീപിച്ച് അതു ചോദിച്ചുവാങ്ങേണ്ടതുണ്ട്. അതിനുള്ള ശ്രമം ചെയ്യാൻ മനസ്സില്ലാത്തവർ തങ്ങൾ യഥാർഥത്തിൽ ആ സമ്മാനം വിലമതിക്കുന്നില്ലെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്. സമാനമായി, നമ്മുടെ അപേക്ഷകൾ പ്രാർഥനയിൽ യഹോവയെ അറിയിക്കാൻ നാം വൈമനസ്യം കാട്ടുന്നെങ്കിൽ അവൻ നൽകുന്ന കാര്യങ്ങളോടു വിലമതിപ്പില്ലെന്നു പ്രകടമാക്കുകയായിരിക്കും നാം ചെയ്യുന്നത്. “അപേക്ഷിപ്പിൻ; എന്നാൽ . . . നിങ്ങൾക്കു ലഭിക്കും,” യേശു പറഞ്ഞു. (യോഹന്നാൻ 16:24) അങ്ങനെ ചെയ്യുകവഴി ദൈവത്തിൽ ആശ്രയിക്കുന്നുവെന്നു നാം പ്രകടമാക്കുന്നു.
നാം ദൈവത്തെ സമീപിക്കേണ്ട വിധം
5. നാം യേശുവിന്റെ നാമത്തിൽ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
5 എങ്ങനെ പ്രാർഥിക്കണമെന്നതു സംബന്ധിച്ച് യഹോവ കർക്കശമായ അനേകം നിയമങ്ങൾ വെക്കുന്നില്ല. എന്നിരുന്നാലും ദൈവത്തെ സമീപിക്കേണ്ട ഉചിതമായ വിധം ബൈബിളിൽ വിശദീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് “നിങ്ങൾ പിതാവിനോടു അപേക്ഷിക്കുന്നതൊക്കെയും അവൻ എന്റെ നാമത്തിൽ നിങ്ങൾക്കു തരും” എന്ന് യേശു അനുഗാമികളെ പഠിപ്പിച്ചു. (യോഹന്നാൻ 16:23) അതുകൊണ്ട് ദൈവത്തിന്റെ അനുഗ്രഹം മനുഷ്യവർഗത്തിനു ലഭ്യമാകുന്നത് യേശുവിലൂടെ മാത്രമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് അവന്റെ നാമത്തിൽ നാം പ്രാർഥിക്കേണ്ടതുണ്ട്.
6. പ്രാർഥിക്കുമ്പോൾ നാം ഏതു ശാരീരിക നില സ്വീകരിക്കണം?
6 പ്രാർഥിക്കുമ്പോൾ നാം ഏതു ശാരീരിക നില സ്വീകരിക്കണം? പ്രാർഥനകൾ സ്വീകാര്യമായിരിക്കാൻ അങ്ങനെ എന്തെങ്കിലും നിബന്ധനയുള്ളതായി ബൈബിൾ പറയുന്നില്ല. (1 രാജാക്കന്മാർ 8:22; നെഹെമ്യാവു 8:6; മർക്കൊസ് 11:25; ലൂക്കൊസ് 22:41) ആത്മാർഥതയോടും ശരിയായ ഹൃദയനിലയോടുംകൂടി നാം ദൈവത്തോടു പ്രാർഥിക്കണം എന്നതാണു പ്രധാനം.—യോവേൽ 2:12, 13.
7. (എ) “ആമേൻ” എന്ന പദത്തിന്റെ അർഥമെന്ത്? (ബി) പ്രാർഥനയിൽ അത് ഉപയോഗിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
7 പ്രാർഥനയുടെ ഒടുവിൽ “ആമേൻ” എന്ന പദം ഉപയോഗിക്കുന്നതു സംബന്ധിച്ചെന്ത്? സാധാരണമായി, നമ്മുടെ പ്രാർഥനകളുടെ—വിശേഷാൽ പരസ്യപ്രാർഥനകളുടെ—ഒടുവിൽ “ആമേൻ” പറയുന്നത് സമുചിതമാണെന്ന് തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നു. (സങ്കീർത്തനം 72:19; 89:52) ആമേൻ എന്നതിനുള്ള എബ്രായ പദത്തിന്റെ [ʼa·menʹ] അടിസ്ഥാന അർഥം “അങ്ങനെ ആകട്ടെ” എന്നാണ്. “പ്രാർഥനയിൽ പറയുന്ന കാര്യങ്ങളുടെ സ്ഥിരീകരണവും അവയുടെ നിവൃത്തിക്കായുള്ള യാചനയും” എന്ന നിലയിലാണ് പ്രാർഥനകളുടെ ഒടുവിൽ “ആമേൻ” പറയുന്നത് എന്ന് മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) വിശദീകരിക്കുന്നു. “ആമേൻ” എന്ന് ആത്മാർഥമായി പറയുകവഴി ഒരു വ്യക്തി പ്രാർഥനയിൽ താൻ പറഞ്ഞ കാര്യങ്ങളിലുള്ള ഹൃദയംഗമമായ താത്‌പര്യം വെളിപ്പെടുത്തുന്നു. സഭയെ പ്രതിനിധീകരിച്ചു പ്രാർഥിക്കുന്ന വ്യക്തി “ആമേൻ” പറയുമ്പോൾ അദ്ദേഹം പ്രാർഥനയിൽ പറഞ്ഞ കാര്യങ്ങൾ പൂർണമായും അംഗീകരിക്കുന്നുവെന്നു പ്രകടിപ്പിക്കാൻ കൂടെയുള്ളവർക്കും മൗനമായിട്ടോ ഉച്ചത്തിലോ “ആമേൻ” പറയാവുന്നതാണ്.—1 കൊരിന്ത്യർ 14:16.
8. നമ്മുടെ ചില പ്രാർഥനകൾ യാക്കോബിന്റെയോ അബ്രാഹാമിന്റെയോപോലെ ആയിരുന്നേക്കാവുന്നത് എങ്ങനെ, അങ്ങനെ ചെയ്യുന്നതു നമ്മെ സംബന്ധിച്ച് എന്തു വെളിപ്പെടുത്തും?
8 പ്രാർഥിക്കുന്ന കാര്യങ്ങളിൽ നമുക്ക് എത്രമാത്രം ആത്മാർഥതയുണ്ടെന്നു പ്രകടമാക്കാൻ ദൈവം നമ്മെ അനുവദിക്കുന്ന സാഹചര്യങ്ങൾ ചിലപ്പോൾ ഉണ്ടായേക്കാം. അനുഗ്രഹം സമ്പാദിക്കാൻ രാത്രിമുഴുവൻ ഒരു ദൂതനുമായി മല്ലിട്ട ഗോത്രപിതാവായ യാക്കോബിന്റെ മനോഭാവത്തോടെ നാം പ്രാർഥിക്കേണ്ടതുണ്ടായിരുന്നേക്കാം. (ഉല്‌പത്തി 32:24-26) മറ്റു ചില സാഹചര്യങ്ങളിൽ നമുക്ക് അബ്രാഹാമിന്റെ ദൃഷ്ടാന്തം അനുകരിക്കാവുന്നതാണ്. ലോത്തിനെപ്രതിയും സൊദോമിൽ ഉണ്ടായിരിക്കാൻ സാധ്യതയുള്ളതായി അവൻ കരുതിയ മറ്റു നീതിമാന്മാരെപ്രതിയും അവൻ വീണ്ടുംവീണ്ടും യഹോവയോട് അഭ്യർഥിക്കുകയുണ്ടായി. (ഉല്‌പത്തി 18:22-33) സമാനമായി, ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെപ്രതി യഹോവയോട്, അവന്റെ നീതിയുടെയും സ്‌നേഹദയയുടെയും കരുണയുടെയും അടിസ്ഥാനത്തിൽ നമുക്കു യാചിക്കാവുന്നതാണ്.
നമുക്കു പ്രാർഥിക്കാൻ കഴിയുന്ന കാര്യങ്ങൾ
9. ഏതു കാര്യങ്ങളായിരിക്കണം നമ്മുടെ പ്രാർഥനയിൽ ഒന്നാമതു വരേണ്ടത്?
9 “നാനാവിധത്തിലുള്ള അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക” എന്ന് പൗലൊസ് എഴുതിയത് ഓർക്കുക. (ഫിലിപ്പിയർ 4:6) അതുകൊണ്ട് വ്യക്തിപരമായ പ്രാർഥനകളിൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളുംതന്നെ ഉൾപ്പെടുത്താവുന്നതാണ്. എന്നിരുന്നാലും യഹോവയ്‌ക്കു താത്‌പര്യമുള്ള കാര്യങ്ങളായിരിക്കണം ഒന്നാമതു വരേണ്ടത്. ഇക്കാര്യത്തിൽ ദാനീയേൽ നല്ലൊരു ദൃഷ്ടാന്തം വെച്ചു. പാപത്തിന്റെ ഫലമായി ഇസ്രായേല്യർ ശിക്ഷയനുഭവിച്ച സന്ദർഭത്തിൽ കരുണയ്‌ക്കായി അപേക്ഷിച്ചുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ.” (ദാനീയേൽ 9:15-19, പി.ഒ.സി. ബൈബിൾ) സമാനമായി, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും അവന്റെ ഇഷ്ടത്തിന്റെ നിവൃത്തിയുമാണ് നമ്മുടെ മുഖ്യ താത്‌പര്യമെന്ന് നമ്മുടെ പ്രാർഥനകൾ പ്രകടമാക്കുന്നുണ്ടോ?
10. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചു പ്രാർഥിക്കുന്നത് ഉചിതമാണെന്ന് നമുക്ക് എങ്ങനെ അറിയാം?
10 അതേസമയം വ്യക്തിപരമായ കാര്യങ്ങൾ സംബന്ധിച്ച് അപേക്ഷിക്കുന്നതും ഉചിതമാണ്. ഉദാഹരണത്തിന് സങ്കീർത്തനം 119:33, 34; കൊലൊസ്സ്യർ 1:9, 10) യേശു “തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു . . . അപേക്ഷയും അഭയയാചനയും” നടത്തി. (എബ്രായർ 5:7) അപകടങ്ങളോ പരിശോധനകളോ നേരിടുമ്പോൾ സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി അപേക്ഷിക്കുന്നത് എത്ര ഉചിതമാണെന്ന് അവൻ അതിലൂടെ വ്യക്തമാക്കി. തെറ്റുകൾ ക്ഷമിച്ചുകിട്ടുന്നതിനും അന്നന്നത്തെ ആഹാരത്തിനും വേണ്ടിയുള്ള അപേക്ഷകൾപോലുള്ള വ്യക്തിഗത കാര്യങ്ങൾ മാതൃകാപ്രാർഥനയിൽ അവൻ ഉൾപ്പെടുത്തി.
സങ്കീർത്തനക്കാരനെപ്പോലെ, ആഴമായ ആത്മീയ കാര്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള സഹായത്തിനായി നമുക്കു പ്രാർഥിക്കാൻ കഴിയും. “ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്‌കേണമേ,” അവൻ പ്രാർഥിച്ചു. (11. പ്രലോഭനങ്ങൾക്കു വഴിപ്പെടാതിരിക്കാൻ പ്രാർഥന നമ്മെ എങ്ങനെ സഹായിക്കും?
11 മാതൃകാപ്രാർഥനയിൽ ഈ അപേക്ഷയും യേശു ഉൾപ്പെടുത്തി: “പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ.” (മത്തായി 6:9-13) പിന്നീട് അവൻ ഇങ്ങനെ ഉപദേശിച്ചു: “പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ.” (മത്തായി 26:41) പ്രലോഭനങ്ങൾ നേരിടുമ്പോൾ നാം പ്രാർഥിക്കേണ്ടത് അനിവാര്യമാണ്. ജോലിസ്ഥലത്തും സ്‌കൂളിലുമൊക്കെ ബൈബിൾ തത്ത്വങ്ങൾ മറന്നുപ്രവർത്തിക്കാൻ നാം പ്രലോഭിപ്പിക്കപ്പെട്ടേക്കാം. ക്രിസ്‌ത്യാനികൾക്ക് അസ്വീകാര്യമായ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ സാക്ഷികളല്ലാത്തവർ നമ്മെ ക്ഷണിച്ചേക്കാം. നീതിനിഷ്‌ഠമായ തത്ത്വങ്ങൾക്കു വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ നമ്മോട് ആവശ്യപ്പെട്ടേക്കാം. അത്തരം സന്ദർഭങ്ങളിൽ യേശുവിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ, പ്രലോഭനങ്ങളിൽ വീണുപോകാതിരിക്കേണ്ടതിനുള്ള സഹായത്തിനായി പ്രലോഭനങ്ങൾക്കുമുമ്പും അവ നേരിടുന്ന സമയത്തും നാം പ്രാർഥിക്കണം.
12. ഉത്‌കണ്‌ഠയ്‌ക്കുള്ള ഏതു കാരണങ്ങൾ പ്രാർഥിക്കാൻ നമ്മെ പ്രചോദിപ്പിച്ചേക്കാം, അത്തരം സന്ദർഭങ്ങളിൽ യഹോവയിൽനിന്ന് നമുക്ക് എന്തു പ്രതീക്ഷിക്കാനാകും?
12 പലവിധ സമ്മർദങ്ങളും ഉത്‌കണ്‌ഠകളും നിറഞ്ഞതാണ് ഇന്നു ദൈവദാസരുടെ ജീവിതം. അനേകരുടെയും കാര്യത്തിൽ രോഗങ്ങളും വൈകാരിക ക്ലേശങ്ങളുമാണ് മുഖ്യമായും ഉത്‌കണ്‌ഠ ഉളവാക്കുന്നത്. അക്രമാസക്തമായ ചുറ്റുപാടുകൾ ജീവിതം സമ്മർദപൂരിതമാക്കുന്നു. സാമ്പത്തിക ക്ലേശങ്ങൾ നിമിത്തം സങ്കീർത്തനം 102:16 പ്രസ്‌താവിക്കുന്നു.
അഷ്ടിക്കു വകകണ്ടെത്തുന്നതുതന്നെ പലർക്കും ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്‌നങ്ങളുമായി പ്രാർഥനയിൽ തന്നെ സമീപിക്കുന്ന തന്റെ ദാസരെ യഹോവ ശ്രദ്ധിക്കുന്നുവെന്നറിയുന്നത് എത്ര ആശ്വാസദായകമാണ്! യഹോവ “അഗതികളുടെ പ്രാർത്ഥന കടാക്ഷിക്കയും അവരുടെ പ്രാർത്ഥന നിരസിക്കാതെയിരിക്കയും” ചെയ്യുന്നുവെന്ന്13. (എ) വ്യക്തിപരമായ ഏതു വിഷയങ്ങളെക്കുറിച്ചു പ്രാർഥിക്കുന്നത് ഉചിതമാണ്? (ബി) അത്തരം പ്രാർഥനയ്‌ക്ക് ഒരു ദൃഷ്ടാന്തം പറയുക.
13 യഥാർഥത്തിൽ, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെയോ ദൈവസേവനത്തെയോ ബാധിക്കുന്ന ഏതൊരു കാര്യത്തെക്കുറിച്ചും നമുക്കു പ്രാർഥിക്കാൻ കഴിയും. (1 യോഹന്നാൻ 5:14) വിവാഹമോ തൊഴിലോ ശുശ്രൂഷയിൽ കൂടുതലായി ഏർപ്പെടുന്നതോ സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെങ്കിൽ ദൈവത്തിന്റെ മാർഗനിർദേശം ആരാഞ്ഞുകൊണ്ട് പ്രാർഥനയിൽ അവനെ സമീപിക്കാൻ മടിക്കരുത്. ഉദാഹരണത്തിന് ഫിലിപ്പീൻസിലുള്ള ഒരു യുവ സഹോദരി മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ ആഗ്രഹിച്ചു. എന്നാൽ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ അവർക്ക് ഒരു തൊഴിൽ ഉണ്ടായിരുന്നില്ല. അവർ പറയുന്നു: “പയനിയറിങ്ങിനെക്കുറിച്ച് ഒരു ശനിയാഴ്‌ച ഞാൻ യഹോവയോടു പ്രത്യേകം പ്രാർഥിച്ചു. അതിനുശേഷം ആ ദിവസംതന്നെ വയൽസേവനത്തിൽ ആയിരിക്കേ ഒരു കൗമാരക്കാരിക്ക് ഞാൻ ഒരു പുസ്‌തകം സമർപ്പിച്ചു. അപ്രതീക്ഷിതമായി ആ പെൺകുട്ടി എന്നോട് ഇങ്ങനെ പറഞ്ഞു: ‘തിങ്കളാഴ്‌ച രാവിലെതന്നെ ചേച്ചി എന്റെ സ്‌കൂളിൽ ചെല്ലണം.’ ‘എന്തിന്?,’ ഞാൻ ചോദിച്ചു. എത്രയും പെട്ടെന്ന് നിയമനം നടത്തേണ്ടതായ ഒരു ജോലിയൊഴിവ് ഉണ്ടെന്ന് അവൾ എന്നോടു വിശദീകരിച്ചു. ഞാൻ പോയി, ജോലിയും കിട്ടി. എല്ലാം എത്ര പെട്ടെന്നായിരുന്നെന്നോ!” ലോകമെങ്ങുമുള്ള അനേകം സാക്ഷികൾക്കു സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ ഹൃദയംഗമമായ അപേക്ഷകൾ പ്രാർഥനയിൽ ദൈവമുമ്പാകെ കൊണ്ടുവരാൻ മടിക്കരുത്.
നാം പാപം ചെയ്‌തിട്ടുണ്ടെങ്കിൽ
14, 15. (എ) പാപം ചെയ്‌തിട്ടുണ്ടെങ്കിൽപ്പോലും ഒരു വ്യക്തി പ്രാർഥിക്കാതിരിക്കരുതാത്തത് എന്തുകൊണ്ട്? (ബി) ആത്മീയമായി സുഖംപ്രാപിക്കാൻ വ്യക്തിപരമായ പ്രാർഥനയ്‌ക്കുപുറമേ മറ്റെന്തുകൂടെ ഒരു വ്യക്തിയെ സഹായിക്കും?
14 ഒരു വ്യക്തി പാപം ചെയ്‌തിട്ടുണ്ടെങ്കിൽ പ്രാർഥന അദ്ദേഹത്തെ എങ്ങനെ സഹായിക്കും? പാപം ചെയ്‌തിട്ടുള്ള ചിലർ കുറ്റബോധം നിമിത്തം പ്രാർഥിക്കാതിരിക്കുന്നു. അതു ജ്ഞാനമല്ല. ഉദാഹരണത്തിന് വഴിതെറ്റിപ്പോയാൽ സഹായത്തിനായി ട്രാഫിക് കൺട്രോളറുമായി ബന്ധപ്പെടാൻ കഴിയുമെന്ന് വിമാനത്തിന്റെ പൈലറ്റുമാർക്ക് അറിയാം. എന്നാൽ വഴിതെറ്റിപ്പോയതിലുള്ള നാണക്കേടു നിമിത്തം ഒരു പൈലറ്റ് അങ്ങനെ ചെയ്യാതിരുന്നാലോ? അതു ദുരന്തത്തിനു വഴിവെച്ചേക്കാം! സമാനമായി പാപം ചെയ്‌തിട്ടുള്ള വ്യക്തി കുറ്റബോധം നിമിത്തം ദൈവത്തോടു പ്രാർഥിക്കാതിരിക്കുന്നെങ്കിൽ അദ്ദേഹത്തിനു കൂടുതലായ ദോഷം സംഭവിച്ചേക്കാം. പാപം ചെയ്‌തതിലുള്ള ലജ്ജ നിമിത്തം ഒരിക്കലും യഹോവയോടു സംസാരിക്കാതിരിക്കരുത്. യഥാർഥത്തിൽ, തന്നോടു പ്രാർഥിക്കാൻ ഗുരുതരമായ തെറ്റുകൾ ചെയ്‌തിട്ടുള്ള വ്യക്തികളെ അവൻ ക്ഷണിക്കുന്നു. യഹോവ “ധാരാളം ക്ഷമിക്കു”മെന്നുള്ളതിനാൽ അവനെ വിളിച്ചപേക്ഷിക്കാൻ പാപികളായ തന്റെ സമകാലീനരോട് യെശയ്യാ പ്രവാചകൻ അഭ്യർഥിച്ചു. (യെശയ്യാവു 55:6, 7) തീർച്ചയായും താഴ്‌മ പ്രകടമാക്കുകയും പാപത്തിന്റെ പാതയിൽനിന്നു തിരിഞ്ഞുവരുകയും ആത്മാർഥമായി അനുതപിക്കുകയും ചെയ്‌തുകൊണ്ട് ഒരുവൻ യഹോവയുടെ ‘കൃപെക്കായി യാചിക്കണം’.—സങ്കീർത്തനം 119:58; ദാനീയേൽ 9:13.
15 പാപം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രാർഥിക്കേണ്ടതു പ്രധാനമായിരിക്കുന്നതിനു മറ്റൊരു കാരണം കൂടെയുണ്ട്. ആത്മീയ സഹായം ആവശ്യമുള്ള ഒരു വ്യക്തിയെക്കുറിച്ച് ശിഷ്യനായ യാക്കോബ് ഇങ്ങനെ പറയുന്നു: “[അവൻ] സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ . . . അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ . . . കർത്താവു അവനെ എഴുന്നേല്‌പിക്കും.” (യാക്കോബ് 5:14, 15) യഹോവയോടുള്ള വ്യക്തിപരമായ പ്രാർഥനയിൽ പാപം ഏറ്റുപറയേണ്ടത് അനിവാര്യമാണെങ്കിലും തനിക്കുവേണ്ടി പ്രാർഥിക്കാൻ മൂപ്പന്മാരോട് ആവശ്യപ്പെടാനും ഒരു വ്യക്തിക്കു കഴിയും. ആത്മീയമായി സുഖംപ്രാപിക്കാൻ അത് അദ്ദേഹത്തെ സഹായിക്കും.
പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്ന വിധം
16, 17. (എ) എങ്ങനെയാണ് യഹോവ പ്രാർഥനകൾക്ക് ഉത്തരം നൽകുന്നത്? (ബി) പ്രാർഥനയും പ്രസംഗപ്രവർത്തനവും അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഏത് അനുഭവങ്ങൾ പ്രകടമാക്കുന്നു?
16 പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നത് എങ്ങനെയാണ്? ചിലപ്പോൾ അതു പെട്ടെന്നും പ്രകടമായ ഒരു വിധത്തിലും ആയിരുന്നേക്കാം. (2 രാജാക്കന്മാർ 20:1-6) എന്നാൽ മറ്റു ചിലപ്പോൾ കാലതാമസം നേരിട്ടേക്കാം, പ്രാർഥനയ്‌ക്കുള്ള ഉത്തരം അത്ര പ്രകടമായെന്നുംവരില്ല. ഒരു ന്യായാധിപനെ വീണ്ടുംവീണ്ടും ചെന്നുകണ്ട വിധവയെ സംബന്ധിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നതുപോലെ ഒരു കാര്യത്തിനായി നാം യഹോവയോട് ആവർത്തിച്ചു പ്രാർഥിക്കേണ്ടതുണ്ടായിരുന്നേക്കാം. (ലൂക്കൊസ് 18:1-8) ഏതായിരുന്നാലും ദിവ്യേഷ്ടത്തിനു ചേർച്ചയിൽ നാം പ്രാർഥിക്കുമ്പോൾ, “എന്നെ പ്രയാസപ്പെടുത്തരുത്” എന്ന് അവൻ ഒരിക്കലും പറയുകയില്ലെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.—ലൂക്കൊസ് 11:5-9.
17 പ്രാർഥനകൾക്ക് ഉത്തരം ലഭിച്ചതിന്റെ അനേകം അനുഭവങ്ങൾ യഹോവയുടെ ജനത്തിനു പറയാനാകും. പരസ്യ ശുശ്രൂഷയിൽ ഇതു മിക്കപ്പോഴും പ്രകടമായിരുന്നിട്ടുണ്ട്. ഉദാഹരണത്തിന് ഫിലിപ്പീൻസിലെ നമ്മുടെ രണ്ടു സഹോദരിമാർ അവിടെയുള്ള ഒറ്റപ്പെട്ട ഒരു സ്ഥലത്തെ ആളുകൾക്കു ബൈബിൾ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കുകയായിരുന്നു. ഒരു സ്‌ത്രീക്ക് ഒരു ലഘുലേഖ നൽകിയപ്പോൾ നിറകണ്ണുകളോടെ അവർ ഇങ്ങനെ പറഞ്ഞു: “ബൈബിളിലെ കാര്യങ്ങൾ എനിക്കു പറഞ്ഞുതരാൻ ആരെയെങ്കിലും അയയ്‌ക്കണമേയെന്നു കഴിഞ്ഞ രാത്രി ഞാൻ ദൈവത്തോട് അപേക്ഷിച്ചിരുന്നു. എന്റെ ആ പ്രാർഥനയ്‌ക്കുള്ള ഉത്തരമാണ് ഇതെന്നു ഞാൻ വിശ്വസിക്കുന്നു.” ഏറെത്താമസിയാതെ അവർ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി. തെക്കുകിഴക്കൻ ഏഷ്യയുടെ മറ്റൊരു ഭാഗത്ത്, കനത്ത സുരക്ഷാക്രമീകരണങ്ങളുള്ള ഒരു കെട്ടിട സമുച്ചയത്തിൽ താമസിക്കുന്നവരോടു സുവാർത്ത പ്രസംഗിക്കുന്നതിൽ പരിഭ്രമം തോന്നിയ ഒരു സഹോദരൻ അക്കാര്യം സംബന്ധിച്ച് യഹോവയോടു പ്രാർഥിച്ചു. എന്നിട്ട് ധൈര്യപൂർവം അവിടേക്കു ചെന്ന് ഒരു വീടിന്റെ കതകിൽ മുട്ടി. ഒരു ചെറുപ്പക്കാരിയായിരുന്നു വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. സന്ദർശനോദ്ദേശ്യം വിശദീകരിച്ചമാത്രയിൽ അവർ കരയാൻ തുടങ്ങി. യഹോവയുടെ സാക്ഷികളെ അന്വേഷിക്കുകയായിരുന്നെന്നും അവരെ കണ്ടെത്താനുള്ള സഹായത്തിനായി പ്രാർഥിച്ചിരുന്നെന്നും അവർ സഹോദരനോടു പറഞ്ഞു. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയുമായി ബന്ധപ്പെടാൻ സഹോദരൻ അവരെ സന്തോഷപൂർവം സഹായിച്ചു.
18. (എ) പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? (ബി) എല്ലാ അവസരത്തിലും പ്രാർഥിക്കുന്നെങ്കിൽ നമുക്ക് എന്ത് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
18 നിസ്സംശയമായും പ്രാർഥന മഹത്തായ ഒരു ക്രമീകരണമാണ്. നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കാനും ഉത്തരമരുളാനും യഹോവ ഒരുക്കമുള്ളവനാണ്. (യെശയ്യാവു 30:18, 19) എന്നാൽ പ്രാർഥനകൾക്ക് അവൻ ഉത്തരം നൽകുന്നത് എങ്ങനെയാണെന്നു ഗ്രഹിക്കാൻ നാം കാര്യങ്ങൾ ശ്രദ്ധാപൂർവം വിലയിരുത്തണം. നാം പ്രതീക്ഷിക്കുന്ന വിധത്തിലായിരിക്കില്ല എല്ലായ്‌പോഴും യഹോവ ഉത്തരമരുളുന്നത്. എങ്കിലും, അവൻ നമ്മെ വഴിനടത്തുന്നതായി തിരിച്ചറിയുമ്പോൾ അവനു നന്ദിപറയാനും സ്‌തുതികരേറ്റാനും നാം ഒരിക്കലും മറക്കരുത്. (1 തെസ്സലൊനീക്യർ 5:18) കൂടാതെ പൗലൊസ് അപ്പൊസ്‌തലന്റെ പിൻവരുന്ന ഉദ്‌ബോധനം നാം എന്നും ഓർക്കണം: “കൃതജ്ഞതാസ്‌തോത്രത്തോടെയുള്ള പ്രാർത്ഥനയും യാചനയുംവഴി നിങ്ങളുടെ നാനാവിധത്തിലുള്ള അപേക്ഷകൾ ദൈവത്തിനു സമർപ്പിക്കുക.” അതുകൊണ്ട് പ്രാർഥനയിൽ ദൈവത്തെ സമീപിക്കാൻ കഴിയുന്ന അവസരങ്ങൾ ഒന്നും നാം പാഴാക്കരുത്. അപ്പോൾ, പ്രാർഥനകൾക്ക് ഉത്തരം ലഭിക്കുന്നവരെ സംബന്ധിച്ചു പൗലൊസ് എഴുതിയ പിൻവരുന്ന വാക്കുകളുടെ സത്യത തുടർന്നും അനുഭവിച്ചറിയാൻ നിങ്ങൾക്കു കഴിയും: “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കും.”—ഫിലിപ്പിയർ 4:6, 7.
നിങ്ങൾക്ക് ഉത്തരം പറയാമോ?
• പ്രാർഥനയുടെ വിവിധ രൂപങ്ങൾ ഏവ?
• നാം എങ്ങനെ പ്രാർഥിക്കണം?
• പ്രാർഥനയിൽ നമുക്ക് ഏതു കാര്യങ്ങൾ ഉൾപ്പെടുത്താനാകും?
• ഒരു വ്യക്തി പാപം ചെയ്‌തിട്ടുണ്ടെങ്കിൽ പ്രാർഥന അദ്ദേഹത്തെ എങ്ങനെ സഹായിക്കും?
[അധ്യയന ചോദ്യങ്ങൾ]
[29-ാം പേജിലെ ചിത്രങ്ങൾ]
പ്രലോഭനങ്ങൾക്കു വഴിപ്പെടാതിരിക്കാൻ ഹൃദയംഗമമായ പ്രാർഥനകൾ നമ്മെ സഹായിക്കുന്നു
[31-ാം പേജിലെ ചിത്രങ്ങൾ]
പ്രാർഥനയിലൂടെ നാം ഉത്‌കണ്‌ഠകളും അപേക്ഷകളും ദൈവത്തോടുള്ള നന്ദിയും അറിയിക്കുന്നു