വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം

“പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം

“പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തെ സമീപിക്കേണ്ട വിധം

“പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.”—സങ്കീർത്തനം 65:2.

1. ഭൂമിയിലെ മറ്റു ജീവജാലങ്ങളിൽനിന്നു മനുഷ്യനെ വ്യത്യസ്‌തനാക്കുന്നത്‌ എന്ത്‌, അത്‌ എന്തിനുള്ള അവസരം തുറന്നുതരുന്നു?

ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലുംവെച്ച്‌ മനുഷ്യനുമാത്രമേ സ്രഷ്ടാവിനെ ആരാധിക്കാനുള്ള പ്രാപ്‌തിയുള്ളൂ. ദൈവത്തെ ആരാധിക്കേണ്ടതുണ്ടെന്നും ആ ആഗ്രഹം തൃപ്‌തിപ്പെടുത്തേണ്ടതുണ്ടെന്നും തിരിച്ചറിയുന്നത്‌ അവൻ മാത്രമാണ്‌. നമ്മുടെ സ്വർഗീയ പിതാവുമായി വ്യക്തിപരമായ ഒരു ബന്ധം ആസ്വദിക്കാനുള്ള മഹത്തായ അവസരം ഇതു നമുക്കു തുറന്നുതരുന്നു.

2. സ്രഷ്ടാവുമായുള്ള മനുഷ്യന്റെ ബന്ധത്തിൽ പാപം വിള്ളൽ വീഴ്‌ത്തിയത്‌ എങ്ങനെ?

2 സ്രഷ്ടാവുമായി ആശയവിനിമയം ചെയ്യാനുള്ള കഴിവോടെയാണു മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ടപ്പോൾ അവർക്കു പാപം ഇല്ലായിരുന്നു. അതിനാൽ ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെ സമീപിക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ അവർക്കു ദൈവത്തെ സമീപിക്കാൻ കഴിയുമായിരുന്നു. എന്നാൽ പാപം ചെയ്‌തതോടെ മഹത്തായ ആ പദവി കൈവിട്ടുപോയി. അനുസരണക്കേടു കാട്ടിയ അവർക്ക്‌ ദൈവവുമായുള്ള ഉറ്റബന്ധം നഷ്ടമായി. (ഉല്‌പത്തി 3:8-13, 17-24) ആദാമിന്റെ അപൂർണരായ സന്തതികൾക്ക്‌ മേലാൽ ദൈവവുമായി ആശയവിനിമയം ചെയ്യാനാകില്ല എന്നാണോ അതിന്റെ അർഥം? അല്ല, ചില നിബന്ധനകൾ പാലിക്കുന്നപക്ഷം തന്നെ സമീപിക്കാൻ ദൈവം ഇപ്പോഴും അവരെ അനുവദിക്കുന്നു. എന്തെല്ലാമാണ്‌ ആ നിബന്ധനകൾ?

ദൈവത്തെ സമീപിക്കുന്നതിനുള്ള നിബന്ധനകൾ

3. പാപികളായ മനുഷ്യർ ദൈവത്തെ സമീപിക്കേണ്ടത്‌ എങ്ങനെ, ഏതു സംഭവം ഇതിനു ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു?

3 ദൈവത്തെ സമീപിക്കാൻ ആഗ്രഹിക്കുന്ന ഒരു അപൂർണ മനുഷ്യനിൽനിന്ന്‌ അവൻ എന്താണു പ്രതീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ ആദാമിന്റെ പുത്രന്മാരായ കയീനും ഹാബേലും ഉൾപ്പെട്ട ഒരു സംഭവം നമ്മെ സഹായിക്കുന്നു. യാഗങ്ങൾ അർപ്പിച്ചുകൊണ്ട്‌ ദൈവത്തെ സമീപിക്കാൻ അവർ ഇരുവരും ശ്രമിച്ചെങ്കിലും ഹാബേലിന്റെ യാഗം മാത്രമാണു ദൈവം സ്വീകരിച്ചത്‌. (ഉല്‌പത്തി 4:3-5) എന്തായിരുന്നു കാരണം? എബ്രായർ 11:4 ഇങ്ങനെ പറയുന്നു: “വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു.” അതുകൊണ്ട്‌ വിശ്വാസം ഉണ്ടെങ്കിലേ സ്വീകാര്യമായ വിധത്തിൽ ഒരു വ്യക്തിക്കു ദൈവത്തെ സമീപിക്കാനാകു എന്നതു വ്യക്തമാണ്‌. കൂടുതലായ മറ്റൊരു നിബന്ധന കയീനോടുള്ള യഹോവയുടെ പിൻവരുന്ന വാക്കുകളിൽ കാണാൻ കഴിയും: “നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ?” കയീൻ നന്മ ചെയ്‌തിരുന്നുവെങ്കിൽ തന്നെ സമീപിക്കാനുള്ള അവന്റെ ഉദ്യമം ദൈവത്തിനു സ്വീകാര്യമായിരിക്കുമായിരുന്നു. എന്നാൽ ദിവ്യബുദ്ധിയുപദേശം തള്ളിക്കളയുകയും ഹാബേലിനെ കൊലപ്പെടുത്തുകയും ചെയ്‌ത അവൻ ഭൂമിയിൽ ഉഴന്നലയുന്നവൻ ആയിത്തീർന്നു. (ഉല്‌പത്തി 4:7-12) അങ്ങനെ വിശ്വാസത്തോടെയും സത്‌പ്രവൃത്തികൾ ചെയ്‌തുകൊണ്ടും ദൈവത്തെ സമീപിക്കേണ്ടതിന്റെ പ്രാധാന്യം മനുഷ്യചരിത്രത്തിന്റെ തുടക്കത്തിൽത്തന്നെ പ്രദീപ്‌തമാക്കപ്പെട്ടു.

4. ദൈവത്തെ സമീപിക്കാൻ കഴിയണമെങ്കിൽ നാം എന്തു തിരിച്ചറിയണം?

4 ദൈവത്തെ സമീപിക്കാൻ കഴിയണമെങ്കിൽ നാം നമ്മുടെ പാപാവസ്ഥ സംബന്ധിച്ചു ബോധമുള്ളവർ ആയിരിക്കണം. എല്ലാ മനുഷ്യരും പാപികളാണ്‌, ദൈവത്തെ സമീപിക്കുന്നതിൽ പാപം ഒരു പ്രതിബന്ധമായി നിലകൊള്ളുന്നു. ഇസ്രായേല്യരെക്കുറിച്ച്‌ യിരെമ്യാ പ്രവാചകൻ ഇങ്ങനെ എഴുതി: “ഞങ്ങൾ അതിക്രമം ചെയ്‌തു. . . . ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.” (വിലാപങ്ങൾ 3:42, 44) എന്നുവരികിലും തന്റെ കൽപ്പനകൾ അനുസരിക്കുകയും വിശ്വാസത്തോടും ശരിയായ ഹൃദയനിലയോടുംകൂടെ തന്നെ സമീപിക്കുകയും ചെയ്‌തവരുടെ പ്രാർഥനകൾ കേൾക്കാൻ മനുഷ്യചരിത്രത്തിലുടനീളം ദൈവം മനസ്സൊരുക്കം കാട്ടിയിട്ടുണ്ട്‌. (സങ്കീർത്തനം 119:145) അവരിൽ ചിലർ ആരെല്ലാമായിരുന്നു, അവരുടെ പ്രാർഥനകളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

5, 6. അബ്രാഹാം ദൈവത്തെ സമീപിച്ച വിധത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

5 അബ്രാഹാമായിരുന്നു അവരിൽ ഒരാൾ. ദൈവത്തെ സമീപിക്കാനുള്ള അവന്റെ ഉദ്യമം ഫലംകണ്ടു; ദൈവം അവനെ ‘എന്റെ സ്‌നേഹിതൻ’ എന്നു വിളിച്ചതിൽനിന്ന്‌ നമുക്ക്‌ അതു മനസ്സിലാക്കാൻ കഴിയും. (യെശയ്യാവു 41:8) അബ്രാഹാം ദൈവത്തെ സമീപിച്ച വിധത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും? ഒരു അവകാശിയെക്കുറിച്ച്‌ യഹോവയോടു ചോദിച്ചുകൊണ്ട്‌ വിശ്വസ്‌തനായ ആ ഗോത്രപിതാവ്‌ ആരാഞ്ഞു: “നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ.” (ഉല്‌പത്തി 15:2, 3; 17:18) മറ്റൊരു സന്ദർഭത്തിൽ, സൊദോമിലും ഗൊമോരയിലുമുള്ള ദുഷ്ടർക്കെതിരെ ദൈവം ന്യായവിധി നടപ്പാക്കുമ്പോൾ ആർ രക്ഷിക്കപ്പെടും എന്ന കാര്യത്തിൽ അവൻ ഉത്‌കണ്‌ഠ പ്രകടിപ്പിക്കുകയുണ്ടായി. (ഉല്‌പത്തി 18:23-33) മറ്റുള്ളവർക്കുവേണ്ടിയും അവൻ അപേക്ഷ നടത്തിയിട്ടുണ്ട്‌. (ഉല്‌പത്തി 20:7, 17) കൂടാതെ, ഹാബേൽ ചെയ്‌തതുപോലെ, യാഗം അർപ്പിച്ചുകൊണ്ടാണ്‌ ചിലപ്പോഴൊക്കെ അവൻ യഹോവയെ സമീപിച്ചത്‌.—ഉല്‌പത്തി 22:9-14.

6 ഈ സന്ദർഭങ്ങളിലെല്ലാം യഹോവയോടു സ്വാതന്ത്ര്യത്തോടെ സംസാരിക്കാൻ അബ്രാഹാമിനു കഴിഞ്ഞു. അപ്പോൾപ്പോലും സ്രഷ്ടാവിന്റെ മുമ്പാകെയുള്ള തന്റെ എളിയ നില അവൻ മറന്നുകളഞ്ഞില്ല. ഉല്‌പത്തി 18:27-ലെ അവന്റെ വാക്കുകൾ എത്ര ആദരവു നിറഞ്ഞതാണെന്നു നോക്കൂ: “പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ.” അനുകരിക്കാൻ പറ്റിയ എത്ര നല്ല മനോഭാവം!

7. ഗോത്രപിതാക്കന്മാർ പ്രാർഥനയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു?

7 ഗോത്രപിതാക്കന്മാർ വ്യത്യസ്‌ത കാര്യങ്ങളെപ്രതി പ്രാർഥിക്കുകയും യഹോവ അവരുടെ പ്രാർഥന കേൾക്കുകയും ചെയ്‌തു. ദൈവത്തിന്‌ ഒരു നേർച്ച നേർന്നുകൊണ്ട്‌ യാക്കോബ്‌ പ്രാർഥിക്കുകയുണ്ടായി. ദൈവത്തിന്റെ പിന്തുണയ്‌ക്കായി അഭ്യർഥിച്ചശേഷം അവൻ ഹൃദയപൂർവം ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും.” (ഉല്‌പത്തി 28:20-22) പിന്നീട്‌ സ്വന്തം സഹോദരനെ നേരിൽ കാണേണ്ടിവരുന്ന ഒരു സാഹചര്യത്തിൽ സംരക്ഷണത്തിനായി അവൻ യഹോവയോട്‌ ഇങ്ങനെ അപേക്ഷിച്ചു: “എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; . . . ഞാൻ ഭയപ്പെടുന്നു.” (ഉല്‌പത്തി 32:9-12) ഗോത്രപിതാവായ ഇയ്യോബ്‌ തന്റെ കുടുംബത്തിനുവേണ്ടി യാഗങ്ങൾ അർപ്പിച്ചുകൊണ്ട്‌ യഹോവയെ സമീപിച്ചു. കൂടാതെ അവന്റെ മൂന്നു സ്‌നേഹിതന്മാർ അധരമൊഴികളാൽ പാപം ചെയ്‌തപ്പോൾ അവൻ അവർക്കുവേണ്ടി പ്രാർഥിച്ചു. തത്‌ഫലമായി “യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു.” (ഇയ്യോബ്‌ 1:5; 42:7-9) പ്രാർഥനയിൽ യഹോവയോട്‌ എന്തെല്ലാം കാര്യങ്ങൾ പറയാൻ കഴിയുമെന്നു മനസ്സിലാക്കാൻ ഈ വിവരണങ്ങൾ നമ്മെ സഹായിക്കുന്നു. ശരിയായ വിധത്തിൽ തന്നെ സമീപിക്കുന്നവരുടെ പ്രാർഥനകൾ കൈക്കൊള്ളാൻ യഹോവ മനസ്സുള്ളവനാണെന്നും നമുക്കു കാണാൻ കഴിയുന്നു.

ന്യായപ്രമാണത്തിൻ കീഴിൽ

8. ന്യായപ്രമാണത്തിൻ കീഴിൽ ജനത്തിനുവേണ്ടി പ്രാർഥിക്കുന്നതിന്‌ എന്തു ക്രമീകരണം ഉണ്ടായിരുന്നു?

8 ഇസ്രായേൽ ജനതയെ ഈജിപ്‌തിൽനിന്നു വിടുവിച്ചശേഷം യഹോവ അവർക്കു ന്യായപ്രമാണം നൽകി. ഒരു നിയമിത പുരോഹിതവർഗത്തിലൂടെ ദൈവത്തെ സമീപിക്കാനുള്ള ക്രമീകരണം അതിൽ ഉണ്ടായിരുന്നു. ജനത്തിനുവേണ്ടി പുരോഹിതന്മാരായി സേവിക്കാൻ നിയമിക്കപ്പെട്ടിരുന്നത്‌ ലേവ്യരിൽ ചിലരായിരുന്നു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങൾ ഉയർന്നുവന്നപ്പോഴെല്ലാം ജനങ്ങളുടെ ഒരു പ്രതിനിധി—ചിലപ്പോൾ രാജാവ്‌ അല്ലെങ്കിൽ ഒരു പ്രവാചകൻ—പ്രശ്‌നം സംബന്ധിച്ചു ദൈവത്തോടു പ്രാർഥിച്ചിരുന്നു. (1 ശമൂവേൽ 8:21, 22; 14:36-41; യിരെമ്യാവു 42:1-3) ഉദാഹരണത്തിന്‌ ആലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ രാജാവ്‌ യഹോവയോടു ഹൃദയംഗമമായി പ്രാർഥിച്ചപ്പോൾ ആലയത്തെ തന്റെ തേജസ്സിനാൽ നിറച്ചുകൊണ്ട്‌ യഹോവ ആ പ്രാർഥന കൈക്കൊണ്ടതായി പ്രകടിപ്പിച്ചു. കൂടാതെ അവൻ ഇങ്ങനെ പറയുകയും ചെയ്‌തു: ‘ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ ചെവി ശ്രദ്ധിച്ചിരിക്കും.’—2 ദിനവൃത്താന്തം 6:12-7:3, 15.

9. വിശുദ്ധമന്ദിരത്തിൽ യഹോവയെ സമീപിക്കാൻ ഏതു നിബന്ധനകൾ പാലിക്കണമായിരുന്നു?

9 ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ യഹോവയെ വിശുദ്ധമന്ദിരത്തിൽ സമീപിക്കുന്നതിനുള്ള ഒരു നിബന്ധന ഉൾപ്പെടുത്തിയിരുന്നു. അത്‌ എന്തായിരുന്നു? മൃഗബലികൾക്കു പുറമേ ദിനംപ്രതി രാവിലെയും വൈകുന്നേരവും മഹാപുരോഹിതൻ യഹോവയുടെമുമ്പാകെ സുഗന്ധവർഗം കത്തിക്കണമായിരുന്നു. പിന്നീട്‌ ഉപപുരോഹിതന്മാരും പാപപരിഹാര ദിവസം ഒഴികെ മറ്റെല്ലാം ദിവസവും അപ്രകാരം ചെയ്യേണ്ടിയിരുന്നു. ആദരപൂർവകമായ ആ നടപടി അനുഷ്‌ഠിക്കാതിരുന്നാൽ യഹോവയ്‌ക്ക്‌ അവരുടെ ശുശ്രൂഷയിൽ പ്രസാദം ഉണ്ടാകുമായിരുന്നില്ല.—പുറപ്പാടു 30:7, 8; 2 ദിനവൃത്താന്തം 13:11.

10, 11. വ്യക്തികളുടെ നേരിട്ടുള്ള പ്രാർഥനകൾ യഹോവ സ്വീകരിച്ചിരുന്നുവെന്നതിന്‌ എന്തു തെളിവുണ്ട്‌?

10 നിയമിതരായ പ്രതിനിധികളിലൂടെ മാത്രമേ ഇസ്രായേല്യർക്കു ദൈവത്തെ സമീപിക്കാൻ കഴിയുമായിരുന്നുള്ളോ? അല്ല, വ്യക്തികൾ സ്വന്തമായി പ്രാർഥിച്ചപ്പോഴും അതു സ്വീകരിക്കാൻ യഹോവ സന്തോഷമുള്ളവനായിരുന്നുവെന്ന്‌ തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. “യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും . . . ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്‌താൽ, നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ട്‌” ഉത്തരമരുളണമേയെന്ന്‌ ആലയത്തിന്റെ സമർപ്പണവേളയിൽ നടത്തിയ പ്രാർഥനയിൽ ശലോമോൻ യഹോവയോട്‌ അപേക്ഷിച്ചു. (2 ദിനവൃത്താന്തം 6:29, 30) സ്‌നാപക യോഹന്നാന്റെ പിതാവായ സെഖര്യാവ്‌ മന്ദിരത്തിൽ ധൂപം കാട്ടിയ സന്ദർഭത്തിൽ യഹോവയുടെ ആരാധകരായ ജനസമൂഹം “പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു” എന്ന്‌ ലൂക്കൊസിന്റെ വിവരണം നമ്മോടു പറയുന്നു. പൊന്നുകൊണ്ടുള്ള ധൂപപീഠത്തിൽ യഹോവയ്‌ക്കു ധൂപം അർപ്പിക്കവേ മന്ദിരത്തിനു പുറത്തു കൂടിവന്നുകൊണ്ടു പ്രാർഥിക്കുകയെന്നത്‌ ആളുകളുടെ സമ്പ്രദായമായിത്തീർന്നിരുന്നുവെന്നതു വ്യക്തമാണ്‌.—ലൂക്കൊസ്‌ 1:8-10.

11 അതുകൊണ്ട്‌ ശരിയായ വിധത്തിൽ യഹോവയെ സമീപിച്ചപ്പോൾ ജനതയെ പ്രതിനിധാനം ചെയ്‌തവരുടെയും നേരിട്ട്‌ അവനെ സമീപിച്ച വ്യക്തികളുടെയും പ്രാർഥനകൾ കൈക്കൊള്ളാൻ അവൻ മനസ്സുള്ളവനായിരുന്നു. ഇന്നു നാം ന്യായപ്രമാണത്തിൻ കീഴിലല്ല. എന്നിരുന്നാലും പുരാതന കാലത്ത്‌ ഇസ്രായേല്യർ ദൈവത്തെ സമീപിച്ചിരുന്ന വിധങ്ങളിൽനിന്നു പ്രാർഥന സംബന്ധമായി ചില സുപ്രധാന പാഠങ്ങൾ നമുക്കു പഠിക്കാനാകും.

ക്രിസ്‌തീയ ക്രമീകരണത്തിൻ കീഴിൽ

12. ക്രിസ്‌ത്യാനികൾക്കു യഹോവയെ സമീപിക്കാൻ ഇന്ന്‌ എന്തു ക്രമീകരണമാണുള്ളത്‌?

12 നാം ഇന്നു ക്രിസ്‌തീയ ക്രമീകരണത്തിൻ കീഴിലാണ്‌. ദൈവജനത്തെ പ്രതിനിധാനം ചെയ്യുന്ന പുരോഹിതന്മാർ സേവിക്കുന്നതോ പ്രാർഥിക്കവേ നാം നോക്കേണ്ടതോ ആയ ഒരു ഭൗതിക ആലയം ഇന്നില്ല. എന്നിരുന്നാലും യഹോവയെ സമീപിക്കാൻ അവൻ ഇന്നും ഒരു ക്രമീകരണം ചെയ്‌തിട്ടുണ്ട്‌. എന്താണത്‌? പൊ.യു 29-ൽ ക്രിസ്‌തു അഭിഷേകം ചെയ്യപ്പെടുകയും മഹാപുരോഹിതനായി നിയമിക്കപ്പെടുകയും ചെയ്‌തപ്പോൾ ഒരു ആത്മീയ ആലയം നിലവിൽവന്നു. * അവന്റെ പ്രായശ്ചിത്ത യാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവയെ ആരാധനയിൽ സമീപിക്കുന്നതിനുള്ള പുതിയ ക്രമീകരണമായിരുന്നു ഈ ആത്മീയ ആലയം.—എബ്രായർ 9:11, 12.

13. പ്രാർഥനയോടുള്ള ബന്ധത്തിൽ യെരൂശലേമിലെ ആലയത്തിനും ആത്മീയ ആലയത്തിനും ഇടയിലുള്ള ഒരു സമാന്തരം ചൂണ്ടിക്കാട്ടുക.

13 യെരൂശലേമിലെ ആലയത്തിന്റെ പല സവിശേഷതകളും ആത്മീയ ആലയത്തിന്റെ സവിശേഷതകളുടെ—പ്രാർഥനയുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ളവയുടെ—ശ്രദ്ധാർഹമായ മുൻനിഴലായിരുന്നു. (എബ്രായർ 9:1-10) ഉദാഹരണത്തിന്‌, ആലയത്തിന്റെ വിശുദ്ധസ്ഥലത്തുള്ള ധൂപപീഠത്തിൽ രാവിലെയും വൈകുന്നേരവും അർപ്പിച്ചിരുന്ന ധൂപം എന്തിനെയാണു പ്രതിനിധാനം ചെയ്‌തത്‌? “വിശുദ്ധന്മാരുടെ പ്രാർത്ഥന”യെയാണ്‌ “ധൂപവർഗ്ഗം” അർഥമാക്കുന്നതെന്ന്‌ വെളിപ്പാടു പുസ്‌തകം പ്രകടമാക്കുന്നു. (വെളിപ്പാടു 5:8; 8:3, 4) “എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും . . . തീരട്ടെ” എന്ന്‌ എഴുതാൻ ദാവീദ്‌ നിശ്വസ്‌തനാക്കപ്പെട്ടു. (സങ്കീർത്തനം 141:2) അതുകൊണ്ട്‌ ക്രിസ്‌തീയ ക്രമീകരണത്തിൻകീഴിൽ സുഗന്ധധൂപം ഉചിതമായും പ്രതിനിധാനം ചെയ്യുന്നത്‌ യഹോവയ്‌ക്കു സ്വീകാര്യമായ പ്രാർഥനകളെയും സ്‌തുതികളെയുമാണ്‌.—1 തെസ്സലൊനീക്യർ 3:10.

14, 15. (എ) അഭിഷിക്ത ക്രിസ്‌ത്യാനികളും (ബി) ‘വേറെ ആടുകളും’ യഹോവയെ സമീപിക്കുന്ന വിധം സംബന്ധിച്ച്‌ എന്തു പറയാൻ കഴിയും?

14 ആർക്കാണ്‌ ഈ ആത്മീയ ആലയത്തിൽ ദൈവത്തെ സമീപിക്കാൻ കഴിയുന്നത്‌? ഭൗതിക ആലയത്തിന്റെ കാര്യത്തിൽ പുരോഹിതന്മാർക്കും ലേവ്യർക്കും അതിന്റെ അകത്തെ പ്രാകാരത്തിൽ ശുശ്രൂഷ നടത്താൻ കഴിഞ്ഞിരുന്നെങ്കിലും പുരോഹിതന്മാർക്കു മാത്രമേ വിശുദ്ധസ്ഥലത്തു പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾ അകത്തെ പ്രാകാരത്താലും വിശുദ്ധസ്ഥലത്താലും മുൻനിഴലാക്കപ്പെട്ട അനുപമമായ ഒരു ആത്മീയ അവസ്ഥ ആസ്വദിക്കുന്നു. ദൈവത്തിനു പ്രാർഥനകളും സ്‌തുതികളും അർപ്പിക്കാൻ അത്‌ അവരെ പ്രാപ്‌തരാക്കുന്നു.

15 ഭൗമിക പ്രത്യാശയുള്ള ‘വേറെ ആടുകളെ’ സംബന്ധിച്ചെന്ത്‌? (യോഹന്നാൻ 10:16) “അന്ത്യകാലത്ത്‌” അനേകം ജനതകളും യഹോവയെ ആരാധിക്കാൻ മുന്നോട്ടുവരുമെന്ന്‌ യെശയ്യാ പ്രവാചകൻ ചൂണ്ടിക്കാട്ടി. (യെശയ്യാവു 2:2, 3) “അന്യജാതി”ക്കാരും അതിൽ പങ്കുചേരുമെന്ന്‌ അവൻ എഴുതി. അവരുടെ പ്രാർഥനകൾ കൈക്കൊള്ളാനുള്ള മനസ്സൊരുക്കം പ്രകടമാക്കിക്കൊണ്ട്‌ ദൈവം ഇങ്ങനെ പറഞ്ഞു: “ഞാൻ . . . എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും.” (യെശയ്യാവു 56:6, 7) ആത്മീയ ആലയത്തിന്റെ പുറത്തെ പ്രാകാരത്തിൽ നിന്നുകൊണ്ട്‌ “രാപ്പകൽ” ദൈവത്തോടു പ്രാർഥിക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന, “സകല ജാതികളിലും”നിന്നുള്ള ഒരു “മഹാപുരുഷാര”ത്തെക്കുറിച്ചു പറഞ്ഞുകൊണ്ട്‌ വെളിപ്പാടു 7:9-15 കൂടുതലായ വിശദാംശം പ്രദാനം ചെയ്യുന്നു. ഇന്നുള്ള എല്ലാ ദൈവദാസർക്കും ദൈവം തങ്ങളുടെ പ്രാർഥനകൾ കേൾക്കുമെന്നുള്ള പൂർണ ബോധ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും അവനെ സമീപിക്കാൻ കഴിയുമെന്നുള്ളത്‌ എത്ര ആശ്വാസദായകമാണ്‌!

ദൈവത്തിനു സ്വീകാര്യമായ പ്രാർഥനകൾ

16. പ്രാർഥനയെക്കുറിച്ച്‌ ആദിമ ക്രിസ്‌ത്യാനികളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും?

16 ആദിമ ക്രിസ്‌ത്യാനികളുടെ ജീവിതത്തിൽ പ്രാർഥനയ്‌ക്ക്‌ ഒരു വലിയ സ്ഥാനമുണ്ടായിരുന്നു. ഏതു കാര്യങ്ങളെക്കുറിച്ചാണ്‌ അവർ പ്രാർഥിച്ചിരുന്നത്‌? സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പുരുഷന്മാരെ തിരഞ്ഞെടുത്ത സാഹചര്യങ്ങളിൽ ക്രിസ്‌തീയ മൂപ്പന്മാർ മാർഗനിർദേശത്തിനായി ദൈവത്തോട്‌ അപേക്ഷിച്ചിരുന്നു. (പ്രവൃത്തികൾ 1:24, 25; 6:5, 6) എപ്പഫ്രാസ്‌ സഹവിശ്വാസികൾക്കായി പ്രാർഥിച്ചു. (കൊലൊസ്സ്യർ 4:12) യെരൂശലേമിലെ സഭയിലുള്ളവർ തടവിലാക്കപ്പെട്ട പത്രൊസിനുവേണ്ടി പ്രാർഥിക്കുകയുണ്ടായി. (പ്രവൃത്തികൾ 12:5) ആദിമ ക്രിസ്‌ത്യാനികൾ എതിർപ്പു നേരിട്ടപ്പോൾ ധൈര്യത്തിനായി ദൈവത്തോട്‌ അപേക്ഷിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “കർത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ. . . . നിന്റെ വചനം പൂർണ്ണധൈര്യത്തോടുംകൂടെ പ്രസ്‌താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്‌കേണമേ.” (പ്രവൃത്തികൾ 4:23-30) പരിശോധനകൾ ഉണ്ടാകുമ്പോൾ ജ്ഞാനത്തിനായി ദൈവത്തോടു പ്രാർഥിക്കാൻ ശിഷ്യനായ യാക്കോബ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (യാക്കോബ്‌ 1:5) പ്രാർഥനകളിൽ നിങ്ങൾ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നുണ്ടോ?

17. ആരുടെ പ്രാർഥനകളാണ്‌ യഹോവയ്‌ക്കു സ്വീകാര്യമായിരിക്കുന്നത്‌?

17 എല്ലാ പ്രാർഥനകളും ദൈവത്തിനു സ്വീകാര്യമല്ല. അപ്പോൾപ്പിന്നെ നമ്മുടെ പ്രാർഥനകൾ അവൻ കേൾക്കുമെന്നുള്ള ഉറപ്പോടെ നമുക്ക്‌ എങ്ങനെ പ്രാർഥിക്കാൻ കഴിയും? ആത്മാർഥതയോടും ശരിയായ ഹൃദയനിലയോടുംകൂടി തന്നെ സമീപിച്ച വിശ്വസ്‌തരായവരുടെ പ്രാർഥനകൾക്കാണു മുൻകാലങ്ങളിൽ ദൈവം ചെവികൊടുത്തത്‌. അവർ വിശ്വാസം പ്രകടമാക്കുകയും സത്‌പ്രവൃത്തികളാൽ അതിനു തെളിവു നൽകുകയും ചെയ്‌തു. ഇന്ന്‌ ആ വിധത്തിൽ യഹോവയെ സമീപിക്കുന്നവരെ അവൻ ശ്രദ്ധിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

18. ദൈവം പ്രാർഥന കേൾക്കണമെങ്കിൽ ക്രിസ്‌ത്യാനികൾ ഇന്ന്‌ ഏതു നിബന്ധന പാലിക്കണം?

18 പ്രാർഥനയുടെ കാര്യത്തിൽ മറ്റൊരു നിബന്ധനയുമുണ്ട്‌. പൗലൊസ്‌ അത്‌ ഇങ്ങനെ വിശദീകരിക്കുന്നു: “അവൻ മുഖാന്തരം നമുക്കു . . . ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്‌.” “അവൻ മുഖാന്തരം” എന്ന്‌ എഴുതിയപ്പോൾ പൗലൊസ്‌ യേശുക്രിസ്‌തുവിനെയാണു പരാമർശിച്ചത്‌. (എഫെസ്യർ 2:13, 18) യേശുക്രിസ്‌തുവിലൂടെ മാത്രമേ പിതാവായ ദൈവത്തെ നമുക്കു സ്വതന്ത്രമായി സമീപിക്കാനാകു എന്നതു വ്യക്തം.—യോഹന്നാൻ 14:6; 15:16; 16:23, 24.

19. (എ) ഇസ്രായേല്യരുടെ ധൂപാർപ്പണം യഹോവയ്‌ക്ക്‌ അനിഷ്ടമായിത്തീർന്നത്‌ എപ്പോൾ? (ബി) നമ്മുടെ പ്രാർഥനകൾ യഹോവയ്‌ക്ക്‌ സുഗന്ധധൂപം ആയിരിക്കുമെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താൻ കഴിയും?

19 നാം കണ്ടുകഴിഞ്ഞതുപോലെ, ദൈവത്തിന്റെ വിശ്വസ്‌ത ദാസരുടെ സ്വീകാര്യയോഗ്യമായ പ്രാർഥനകളെയാണ്‌ ഇസ്രായേല്യ പുരോഹിതന്മാർ അർപ്പിച്ചിരുന്ന ധൂപം പ്രതിനിധാനം ചെയ്‌തത്‌. എന്നാൽ ആലയത്തിൽ ധൂപവർഗം കത്തിക്കുകയും അതേസമയം വിഗ്രഹങ്ങൾക്കുമുമ്പാകെ കുമ്പിടുകയും ചെയ്‌തപ്പോഴെല്ലാം ഇസ്രായേല്യരുടെ ധൂപാർപ്പണം യഹോവയ്‌ക്കു വെറുപ്പായിരുന്നു. (യെഹെസ്‌കേൽ 8:10, 11) സമാനമായി ഇന്ന്‌, യഹോവയെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുമ്പോൾത്തന്നെ അവന്റെ നിയമങ്ങൾക്കു വിരുദ്ധമായ നടപടികളിൽ ഏർപ്പെടുന്നവരുടെ പ്രാർഥനകൾ ദുർഗന്ധധൂപംപോലെയാണ്‌ അവന്‌ അനുഭവപ്പെടുന്നത്‌. (സദൃശവാക്യങ്ങൾ 15:8) അതുകൊണ്ട്‌ നമ്മുടെ പ്രാർഥനകൾ ദൈവത്തിന്‌ സുഗന്ധധൂപമായി അനുഭവപ്പെടേണ്ടതിന്‌ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നമുക്കു തുടർന്നും ശുദ്ധിയുള്ളവരായി നിലകൊള്ളാം. തന്റെ നീതിയുള്ള വഴികൾ പിൻപറ്റുന്നവരുടെ പ്രാർഥനകൾ യഹോവയ്‌ക്കു പ്രസാദമാണ്‌. (യോഹന്നാൻ 9:31) എന്നിരുന്നാലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു. നാം എങ്ങനെ പ്രാർഥിക്കണം? ഏതു കാര്യങ്ങൾക്കായി നമുക്കു പ്രാർഥിക്കാൻ കഴിയും? ദൈവം നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകുന്നത്‌ എങ്ങനെ? ഇവയും ബന്ധപ്പെട്ട മറ്റു ചോദ്യങ്ങളും അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.

[അടിക്കുറിപ്പുകൾ]

നിങ്ങൾക്കു വിശദീകരിക്കാമോ?

• സ്വീകാര്യമായ ഒരു വിധത്തിൽ ദൈവത്തെ സമീപിക്കാൻ അപൂർണ മനുഷ്യർക്ക്‌ എങ്ങനെ കഴിയും?

• പ്രാർഥനയുടെ കാര്യത്തിൽ നമുക്കു ഗോത്രപിതാക്കന്മാരെ എങ്ങനെ അനുകരിക്കാൻ കഴിയും?

• ആദിമ ക്രിസ്‌ത്യാനികളുടെ പ്രാർഥനകളിൽനിന്നു നാം എന്തു പഠിക്കുന്നു?

• എപ്പോഴാണ്‌ നമ്മുടെ പ്രാർഥനകൾ ദൈവത്തിനു സുഗന്ധധൂപംപോലെയായിരിക്കുന്നത്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

എന്തുകൊണ്ടാണ്‌ ദൈവം ഹാബേലിന്റെ യാഗം സ്വീകരിക്കുകയും കയീന്റേതു തള്ളിക്കളയുകയും ചെയ്‌തത്‌?

[24-ാം പേജിലെ ചിത്രം]

‘ഞാൻ പൊടിയും വെണ്ണീറുമാകുന്നു’

[25-ാം പേജിലെ ചിത്രം]

“സകലത്തിലും ഞാൻ നിനക്കു ദശാംശം തരും”

[26-ാം പേജിലെ ചിത്രം]

നിങ്ങളുടെ പ്രാർഥനകൾ യഹോവയ്‌ക്ക്‌ സുഗന്ധധൂപംപോലെയാണോ?