വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രിയപ്പെട്ടവരുടെ വിശ്വസ്‌തതയിൽനിന്ന്‌ പ്രയോജനം നേടുന്നു

പ്രിയപ്പെട്ടവരുടെ വിശ്വസ്‌തതയിൽനിന്ന്‌ പ്രയോജനം നേടുന്നു

ജീവിത കഥ

പ്രിയപ്പെട്ടവരുടെ വിശ്വസ്‌തതയിൽനിന്ന്‌ പ്രയോജനം നേടുന്നു

കാതലീൻ കുക്ക്‌ പറഞ്ഞ പ്രകാരം

ബന്ധുക്കളെ സന്ദർശിക്കാനായിരുന്നു എന്റെ വല്യമ്മച്ചി മേരി ഇലൻ തോംസൺ 1911-ൽ സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ പോയത്‌. അവിടെ ആയിരിക്കെ അവർ ചാൾസ്‌ റ്റെയ്‌സ്‌ റസ്സൽ നടത്തിയ ഒരു പ്രഭാഷണം കേൾക്കാനിടയായി. അദ്ദേഹം യഹോവയുടെ സാക്ഷികൾ എന്നു പിന്നീട്‌ അറിയപ്പെടാനിടയായ ബൈബിൾ വിദ്യാർഥികളിൽപ്പെട്ട ഒരു പ്രമുഖ അംഗമായിരുന്നു. കേട്ട കാര്യങ്ങൾ അവരെ പുളകംകൊള്ളിച്ചു. ദക്ഷിണാഫ്രിക്കയിൽ മടങ്ങിവന്ന അവർ സ്ഥലത്തെ ബൈബിൾ വിദ്യാർഥികളുമായി ബന്ധപ്പെട്ടു. 1914 ഏപ്രിലിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ ആദ്യത്തെ കൺവെൻഷനിൽ സ്‌നാപനമേറ്റ 16 പേരിൽ ഒരാളായിരുന്നു എന്റെ വല്യമ്മച്ചി. അന്ന്‌ അവരുടെ മകൾക്ക്‌​—⁠എന്റെ അമ്മ ഈഡിത്തിന്‌​—⁠ആറു വയസ്സായിരുന്നു.

1916-ൽ റസ്സൽ സഹോദരന്റെ മരണത്തെത്തുടർന്ന്‌ ലോകവ്യാപകമായി ബൈബിൾ വിദ്യാർഥികളുടെ ഇടയിൽ ഭിന്നത ഉടലെടുത്തു. ഡർബനിലുണ്ടായിരുന്ന വിശ്വസ്‌തരുടെ എണ്ണം 60-ൽ നിന്ന്‌ 12 ആയി കുറഞ്ഞു. എന്റെ പിതാവിന്റെ അമ്മയായ ഇങ്‌ബോർഗ്‌ മ്യൂർഡാലും ആയിടയ്‌ക്കു സ്‌നാപനമേറ്റ കൗമാരപ്രായക്കാരനായ മകൻ ഹെൻറിയും വിശ്വസ്‌തരോടൊപ്പം പറ്റിനിന്നു. 1924-ൽ ഹെൻറി ഒരു കോൽപോർട്ടറായി​—⁠യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അന്ന്‌ അങ്ങനെയാണു വിളിച്ചിരുന്നത്‌. അടുത്ത അഞ്ചു വർഷം അദ്ദേഹം ആഫ്രിക്കയുടെ തെക്കൻ ഭാഗങ്ങളിലുള്ള പല സ്ഥലങ്ങളിലും പ്രസംഗിച്ചു. 1930-ൽ ഹെൻറിയും ഈഡിത്തും വിവാഹിതരായി. മൂന്നു വർഷത്തിനുശേഷം ഞാൻ പിറന്നു.

ഒരു വലിയ കുടുംബം

കുറച്ചുകാലം മൊസാമ്പിക്കിൽ ആയിരുന്ന ഞങ്ങൾ, 1939-ൽ ജോഹാനസ്‌ബർഗിൽ തോംസൺ വല്യപ്പച്ചന്റെയും വല്യമ്മച്ചിയുടെയും വീട്ടിലേക്കു താമസം മാറ്റി. വല്യപ്പച്ചനു ബൈബിൾ സത്യത്തോടു യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. മാത്രമല്ല ചിലപ്പോഴൊക്കെ വല്യമ്മച്ചിയെ എതിർക്കുകയും ചെയ്‌തിരുന്നു. പക്ഷേ അദ്ദേഹം വലിയ സത്‌കാരപ്രിയനായിരുന്നു. 1940-ൽ എന്റെ കുഞ്ഞനുജത്തി തെൽമ പിറന്നു. പ്രായമായവരെ പരിചരിക്കാൻ ഞങ്ങൾ ഇരുവരും പഠിച്ചു. അത്താഴ വേളകളിൽ ഒന്നിച്ചിരുന്ന്‌ അന്നേ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചോ കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ചോ ദീർഘനേരം സംസാരിക്കുക ഞങ്ങളുടെ പതിവായിരുന്നു.

ഞങ്ങളെ സന്ദർശിച്ചിരുന്ന സാക്ഷികളുമായുള്ള, പ്രത്യേകിച്ചും മുഴുസമയ ശുശ്രൂഷകരുമായുള്ള സഹവാസം ഞങ്ങൾ നന്നായി ആസ്വദിച്ചിരുന്നു. അവരും അത്താഴവേളയിലെ സംഭാഷണത്തിൽ പങ്കുചേരുമായിരുന്നു. അത്തരം സംഭാഷണങ്ങൾ ആത്മീയ പൈതൃകത്തോടുള്ള ഞങ്ങളുടെ വിലമതിപ്പു വർധിപ്പിച്ചു. മാത്രമല്ല പയനിയർമാരാകാനുള്ള എന്റെയും തെൽമയുടെയും ആഗ്രഹത്തെ ഇതു ഒന്നുകൂടി ശക്തിപ്പെടുത്തുകയും ചെയ്‌തു.

ഇളംപ്രായത്തിലേതന്നെ മമ്മിയും ഡാഡിയും വല്യമ്മച്ചിയും ഞങ്ങളോടൊപ്പം ഇരുന്ന്‌ നല്ല കഥാപുസ്‌തകങ്ങളോ ബൈബിളോ വായിച്ചു കേൾപ്പിക്കുമായിരുന്നു. അങ്ങനെ ചെറുപ്പംമുതൽത്തന്നെ ഞങ്ങൾ വായന ആസ്വദിക്കാൻ തുടങ്ങി. ക്രിസ്‌തീയ യോഗങ്ങളും ശുശ്രൂഷയും ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായിരുന്നു. ഡാഡി ജോഹാനസ്‌ബർഗ്‌ സഭയിലെ കമ്പനി ദാസൻ (ഇപ്പോൾ അധ്യക്ഷ മേൽവിചാരകൻ എന്ന്‌ അറിയപ്പെടുന്നു) ആയിരുന്നു. അതിനാൽ ഞങ്ങൾ എല്ലാവരും യോഗങ്ങൾക്കു വളരെ നേരത്തേതന്നെ എത്തേണ്ടതുണ്ടായിരുന്നു. കൺവെൻഷൻ സമയത്ത്‌ ഡാഡി അതിന്റെ മേൽനോട്ടവുമായി ബന്ധപ്പെട്ട്‌ നല്ല തിരക്കിലായിരിക്കും. മമ്മിയാകട്ടെ പ്രതിനിധികൾക്കു താമസസൗകര്യം ക്രമീകരിക്കുന്ന തിരക്കിലും.

അവിസ്‌മരണീയമായ ഒരു കൺവെൻഷൻ

1948-ൽ ജോഹാനസ്‌ബർഗിൽ നടന്ന കൺവെൻഷൻ ഞങ്ങളെ സംബന്ധിച്ചിടത്തോളം അവിസ്‌മരണീയമായ ഒന്നായിരുന്നു. അന്ന്‌ ആദ്യമായി ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ആസ്ഥാനത്തുനിന്നുള്ളവരും അവിടെ സന്നിഹിതരായിരുന്നു. നേഥൻ നോറിന്റെയും മിൽട്ടൺ ഹെൻഷലിന്റെയും യാത്രയ്‌ക്കുവേണ്ടി ഉപയോഗിച്ചത്‌ ഞങ്ങളുടെ കാർ ആയിരുന്നു, ഡാഡി ഡ്രൈവറും. ആ കൺവെൻഷനിൽവെച്ചാണ്‌ ഞാൻ സ്‌നാപനമേറ്റത്‌.

അധികം വൈകാതെ എന്റെ ഡാഡിയോട്‌ അദ്ദേഹത്തിന്റെ പിതാവ്‌, റസ്സൽ സഹോദരന്റെ മരണത്തെത്തുടർന്ന്‌ ബൈബിൾ വിദ്യാർഥികളുമായുള്ള സഹവാസം ഉപേക്ഷിച്ചവരുടെ വലയിൽ അകപ്പെട്ടുപോയതിൽ തനിക്ക്‌ അതിയായ ദുഃഖമുണ്ടെന്നു പറഞ്ഞു. ഇത്‌ തികച്ചും അപ്രതീക്ഷിതമായിരുന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ്‌ വല്യപ്പച്ചൻ മരണമടഞ്ഞു. അതേസമയം മ്യൂർഡാൽ വല്യമ്മച്ചിയാകട്ടെ 1955-ൽ തന്റെ ഭൗമികഗതി പൂർത്തിയാക്കുംവരെ വിശ്വസ്‌തയായിരുന്നു.

എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ സംഭവങ്ങൾ

1949 ഫെബ്രുവരി 1-ന്‌ ഞാൻ സാധാരണ പയനിയറിങ്‌ ആരംഭിച്ചു. തൊട്ടടുത്ത വർഷം ന്യൂയോർക്ക്‌ നഗരത്തിൽ ഒരു അന്താരാഷ്‌ട്ര കൺവെൻഷൻ നടക്കാൻ പോകുന്നുവെന്ന അറിയിപ്പ്‌ ഞങ്ങളെ ആവേശംകൊള്ളിച്ചു. അവിടെ പോകാൻ ഞങ്ങൾക്കു വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ സാമ്പത്തികസ്ഥിതി അതിനു പറ്റിയതായിരുന്നില്ല. അങ്ങനെയിരിക്കെ 1950-ൽ തോംസൺ വല്യപ്പച്ചൻ മരിച്ചു. അതേത്തുടർന്ന്‌ വല്യമ്മച്ചിക്ക്‌ അവകാശമായി കുറച്ചു പണം കിട്ടി. അത്‌ ഞങ്ങളുടെ അഞ്ചുപേരുടെയും യാത്രയ്‌ക്കായി ഉപയോഗിച്ചു.

പുറപ്പെടുന്നതിന്‌ ഏതാനും ആഴ്‌ച മുമ്പ്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന്‌ ഒരു കത്തു വന്നു. അത്‌ ഗിലെയാദ്‌ മിഷനറി സ്‌കൂളിന്റെ 16-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ എനിക്കുള്ള ക്ഷണമായിരുന്നു. അത്‌ എന്നെ എത്രമാത്രം പുളകംകൊള്ളിച്ചെന്നോ! അന്നെനിക്ക്‌ 17 വയസ്സുപോലും തികഞ്ഞിട്ടില്ല. ക്ലാസ്‌ തുടങ്ങിയപ്പോൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള പത്തുപേരിൽ ഞാനും ഉണ്ടായിരുന്നു, എത്ര മഹത്തായ ഒരു പദവി!

1951 ഫെബ്രുവരിയിൽ ബിരുദദാനത്തെ തുടർന്ന്‌ ഞങ്ങളിൽ എട്ടുപേരെ മിഷനറിമാരായി ദക്ഷിണാഫ്രിക്കയിൽത്തന്നെ നിയമിച്ചു. അടുത്ത ഏതാനും വർഷങ്ങളിൽ ഞാനും എന്റെ കൂട്ടുകാരിയും ആഫ്രിക്കാൻസ്‌ സംസാരിക്കുന്ന ചെറു പട്ടണങ്ങളിലാണ്‌ ഏറെയും പ്രവർത്തിച്ചത്‌. ആദ്യകാലങ്ങളിൽ എനിക്ക്‌ ആ ഭാഷ നല്ല വശമില്ലായിരുന്നു. എനിക്കു ശുശ്രൂഷ മെച്ചമായി ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നാലോചിച്ച്‌ കരഞ്ഞുകൊണ്ട്‌ ഒരു ദിവസം സൈക്കിളിൽ വീട്ടിലേക്കു വരുന്നത്‌ ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നിരുന്നാലും കാലം കടന്നു പോകവേ എനിക്കു മെച്ചപ്പെടാനായി. യഹോവ എന്റെ ശ്രമങ്ങളെ അനുഗ്രഹിച്ചു.

വിവാഹവും സഞ്ചാരവേലയും

1955-ൽ ഞാൻ ജോൺ കുക്കുമായി പരിചയത്തിലായി. രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പും അതിനു ശേഷവും ഫ്രാൻസ്‌, പോർച്ചുഗൽ, സ്‌പെയിൻ എന്നിവിടങ്ങളിൽ പ്രസംഗവേലയ്‌ക്കു തുടക്കമിടാൻ സഹായിച്ചത്‌ അദ്ദേഹമായിരുന്നു. ഞങ്ങൾ കണ്ടുമുട്ടുമ്പോൾ അദ്ദേഹം ആഫ്രിക്കയിൽ മിഷനറി ആയിരുന്നു. അതിനുശേഷം അദ്ദേഹം ഇങ്ങനെ എഴുതി: “എന്നെ ആശ്ചര്യപ്പെടുത്തിയ മൂന്നു കാര്യങ്ങൾ ഉണ്ടായി, അതും ഒരാഴ്‌ചയ്‌ക്കുള്ളിൽത്തന്നെ . . . ഉദാരമതിയായ ഒരു സഹോദരൻ എനിക്ക്‌ ഒരു ചെറിയ കാർ സമ്മാനിച്ചു; എന്നെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ ദാസനായി നിയമിച്ചു; കൂടാതെ ഞാൻ പ്രണയത്തിലുമായി.” * അങ്ങനെ 1957 ഡിസംബറിൽ ഞങ്ങൾ വിവാഹിതരായി.

തന്നോടൊപ്പമുള്ള ജീവിതം ഒരിക്കലും വിരസമായിരിക്കില്ലെന്ന്‌ കോർട്ടിങ്ങിനിടെ അദ്ദേഹം എനിക്ക്‌ ഉറപ്പുതന്നു. അതു ശരിയുമായിരുന്നു. ദക്ഷിണാഫ്രിക്കയിൽ എങ്ങുമുള്ള സഭകൾ ഞങ്ങൾ സന്ദർശിച്ചു, ഏറെയും കറുത്ത വർഗക്കാർ താമസിച്ചിരുന്ന പ്രദേശങ്ങളിൽ. അത്തരം പ്രദേശങ്ങളിൽ കടന്നുചെല്ലുന്നതിനുള്ള അനുവാദം ആഴ്‌ചതോറും നേടുന്നതുതന്നെ ഒരു വെല്ലുവിളിയായിരുന്നു. അവിടെ രാത്രി കഴിച്ചുകൂട്ടുന്ന കാര്യമൊട്ടു പറയുകയും വേണ്ട. ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും വെള്ളക്കാർ താമസിക്കുന്ന പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന ഏതെങ്കിലും കടത്തിണ്ണയിൽ വഴിപോക്കരുടെ ദൃഷ്ടിയിൽപ്പെടാതെ ഞങ്ങൾക്കു കിടന്നുറങ്ങേണ്ടതായി വന്നിട്ടുണ്ട്‌. എന്നാൽ മിക്കപ്പോഴും ഏറ്റവും അടുത്തുള്ള വെള്ളക്കാരായ സാക്ഷികളോടൊപ്പം ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്‌, പക്ഷേ അതിന്‌ കിലോമീറ്ററുകൾ താണ്ടി പോകണമായിരുന്നെന്നു മാത്രം.

കുറ്റിക്കാട്ടിൽ സമ്മേളനത്തിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ വെല്ലുവിളിയും ഞങ്ങൾക്കു നേരിടേണ്ടിവന്നു. യഹോവയുടെ സാക്ഷികൾ നിർമിച്ച ഫിലിമുകൾ ഞങ്ങൾ അവരെ കാണിച്ചു. ഇത്‌ നമ്മുടെ ലോകവ്യാപക സഹോദര വർഗത്തോടുള്ള ആളുകളുടെ വിലമതിപ്പുണർത്താൻ സഹായിച്ചു. സാധാരണഗതിയിൽ അത്തരം പ്രദേശങ്ങളിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ പോകുമ്പോൾ ഞങ്ങൾക്ക്‌ ജനറേറ്ററും കൂടെ കരുതണമായിരുന്നു. ബ്രിട്ടീഷ്‌ മേൽക്കോയ്‌മയ്‌ക്കു കീഴിൽ ഞങ്ങൾക്കു പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. അവിടെ പിന്നീട്‌ നമ്മുടെ സാഹിത്യങ്ങൾ നിരോധിച്ചു. സുളു ഭാഷ പഠിക്കുന്നതും ഒരു വെല്ലുവിളി ആയിരുന്നു. എങ്കിലും നമ്മുടെ സഹോദരങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തോഷിച്ചു.

1961 ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിൽ നാലാഴ്‌ചത്തെ രാജ്യശുശ്രൂഷാസ്‌കൂൾ നടന്നു. സഭാമേൽവിചാരകന്മാരെ സഹായിക്കാനുള്ള ഉദ്ദേശ്യത്തിൽ നടത്തിയ ഈ സ്‌കൂളിന്റെ ആദ്യത്തെ അധ്യാപകൻ ജോൺ ആയിരുന്നു. കഴിവുറ്റ ഒരു അധ്യാപകൻ ആയിരുന്നു അദ്ദേഹം. ലളിതമായ യുക്തിയും വാങ്‌മയ ചിത്രങ്ങളും ഉപയോഗിച്ച്‌ അദ്ദേഹം വിദ്യാർഥികളുടെ ഹൃദയങ്ങളിൽ എത്തിച്ചേർന്നു. ഒന്നിനുപുറകേ ഒന്നായി ഇംഗ്ലീഷിൽ നടന്ന ക്ലാസ്സുകൾക്കായി അടുത്ത ഒന്നര വർഷത്തോളം ഞങ്ങൾ പലസ്ഥലങ്ങളിലേക്കു യാത്രചെയ്‌തു. ജോൺ പഠിപ്പിക്കുമ്പോൾ ഞാൻ സ്ഥലത്തെ സാക്ഷികളോടൊപ്പം വയൽശുശ്രൂഷയിൽ പങ്കെടുക്കുമായിരുന്നു. പിന്നീട്‌, 1964 ജൂലൈ 1 മുതൽ ജോഹാനസ്‌ബർഗിനടുത്തുള്ള ദക്ഷിണാഫ്രിക്ക ബ്രാഞ്ചിൽ സേവിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഒരു കത്തു കിട്ടിയപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി.

പക്ഷേ ഈ സമയമായപ്പോഴേക്കും ജോണിന്റെ ആരോഗ്യനില ഞങ്ങളെ കുഴപ്പിച്ചു. 1948-ൽ അദ്ദേഹത്തിനു ക്ഷയരോഗം പിടിപെട്ടു. അതേത്തുടർന്ന്‌ അദ്ദേഹത്തിന്‌ കൂടെക്കൂടെ ക്ഷീണം അനുഭവപ്പെട്ടിരുന്നു. പനിയുടേതുപോലുള്ള ലക്ഷണങ്ങൾ കാണിക്കുകയും ചിലപ്പോൾ ദിവസങ്ങളോളംപോലും കിടപ്പിലാകുകയും ചെയ്യുമായിരുന്നു. ആ സമയത്ത്‌ അദ്ദേഹം ഒന്നും ചെയ്യാനോ ആരെയും കാണാനോ കഴിയാത്ത സ്ഥിതിയിലായിരുന്നു. ബ്രാഞ്ചിലേക്കുള്ള ക്ഷണം ലഭിക്കുന്നതിനു മുമ്പ്‌ പരിശോധിച്ച ഡോക്ടർ അദ്ദേഹത്തിനു വിഷാദരോഗം ആണെന്നു കണ്ടുപിടിച്ചു.

ഡോക്ടർ നിർദേശിച്ചപ്രകാരം ജീവിതത്തിന്റെ ഗതിവേഗം കുറയ്‌ക്കുന്നതിനെപ്പറ്റി ഞങ്ങൾക്ക്‌ ആലോചിക്കാൻപോലും കഴിയില്ലായിരുന്നു. ബ്രാഞ്ചിൽ ജോണിനെ സേവന വിഭാഗത്തിലും എന്നെ പ്രൂഫ്‌ വായനയ്‌ക്കും നിയമിച്ചു. താമസിക്കാൻ സ്വന്തമായി ഒരു മുറി കിട്ടിയത്‌ എത്ര അനുഗ്രഹമായിരുന്നെന്നോ! വിവാഹത്തിനു മുമ്പ്‌ ജോൺ പോർച്ചുഗീസ്‌ പ്രദേശത്തായിരുന്നു സേവിച്ചിരുന്നത്‌. അതുകൊണ്ട്‌ 1967-ൽ അവിടെയുള്ള പോർച്ചുഗീസ്‌ സാക്ഷിക്കുടുംബത്തെ സഹായിക്കാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു. ജോഹാനസ്‌ബർഗിലും അതിനു ചുറ്റും ഉള്ള വലിയ പോർച്ചുഗീസ്‌ സമൂഹത്തോടു പ്രസംഗിക്കാൻ ആകെയുണ്ടായിരുന്നത്‌ ആ കുടുംബമായിരുന്നു. അങ്ങനെ എനിക്ക്‌ മറ്റൊരു ഭാഷയുംകൂടെ പഠിക്കേണ്ടിവന്നു.

പോർച്ചുഗീസ്‌ സമൂഹം വിസ്‌തൃതമായ പ്രദേശത്തു ചിതറിപ്പാർത്തിരുന്നതിനാൽ യോഗ്യരായവരുടെ അടുക്കൽ എത്തുന്നതിന്‌ ഞങ്ങൾക്കു ചിലപ്പോൾ 200 കിലോമീറ്റർവരെ യാത്രചെയ്യേണ്ടിവന്നിട്ടുണ്ട്‌. അക്കാലത്ത്‌ സമ്മേളനങ്ങൾ ഉള്ളപ്പോൾ മൊസാമ്പിക്കിൽ നിന്നുള്ള പോർച്ചുഗീസ്‌ സംസാരിക്കുന്ന സാക്ഷികൾ ഞങ്ങളെ സന്ദർശിച്ചിരുന്നു. പുതിയവർക്ക്‌ ഇതു വലിയൊരു സഹായം ആയിരുന്നു. ഞങ്ങൾ അവിടെ പ്രവർത്തിച്ച 11 വർഷ കാലയളവിൽ ഏകദേശം 30 പേർ മാത്രമുണ്ടായിരുന്ന ഞങ്ങളുടെ ചെറിയ കൂട്ടം നാലു സഭകളായി വർധിച്ചു.

വീട്ടിൽ ചില മാറ്റങ്ങൾ ഉണ്ടാകുന്നു

അതിനോടകം വീട്ടിലും കുറെ മാറ്റങ്ങൾ ഉണ്ടായി. 1960-ൽ എന്റെ അനുജത്തി തെൽമ ഐക്യനാടുകളിൽ നിന്നുള്ള ഒരു പയനിയറായ ജോൺ അർബനെ വിവാഹം കഴിച്ചു. 1965-ൽ 40-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ പങ്കെടുത്ത അവർ 25 വർഷം ബ്രസീലിൽ മിഷനറിമാരായി വിശ്വസ്‌തതയോടെ സേവിച്ചു. ജോണിന്റെ രോഗികളായ മാതാപിതാക്കളെ പരിചരിക്കുന്നതിനായി 1990-ൽ അവർ ഒഹായോയിലേക്കു മടങ്ങിപ്പോയി. ആ ഉത്തരവാദിത്വം സമ്മർദപൂരിതമാണെങ്കിലും നാളിതുവരെ അവർ മുഴുസമയ സേവനത്തിൽ തുടരുന്നു.

1965-ൽ തോംസൺ വല്യമ്മച്ചി 98-ാം വയസ്സിൽ തന്റെ വിശ്വസ്‌ത ഭൗമികഗതി പൂർത്തിയാക്കി. അതേവർഷംതന്നെ ഡാഡി ജോലിയിൽനിന്നു വിരമിച്ചു. പ്രാദേശിക പോർച്ചുഗീസ്‌ വയലിൽ സേവിക്കാൻ എന്നോടും ജോണിനോടും ആവശ്യപ്പെട്ടപ്പോൾ ഡാഡിയും മമ്മിയും സ്വന്ത ഇഷ്ടപ്രകാരം ഞങ്ങളോടൊപ്പം ചേർന്നു. അവർ ഞങ്ങളുടെ കൂട്ടത്തിനു ബലപ്പെടുത്തുന്ന ഒരു സ്വാധീനമായിരുന്നു. അങ്ങനെ ഏതാനും മാസം കഴിഞ്ഞ്‌ അവിടെ ആദ്യത്തെ സഭ സ്ഥാപിതമായി. എന്നാൽ അധികം താമസിയാതെ മമ്മിയിൽ കാൻസറിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഒടുവിൽ 1971-ൽ മമ്മി മരണമടഞ്ഞു. ഏഴു വർഷത്തിനുശേഷം ഡാഡിയും.

ജോണിന്റെ രോഗവുമായി പൊരുത്തപ്പെടുന്നു

ജോണിന്റെ ആരോഗ്യം മെച്ചപ്പെടുകയല്ലെന്ന്‌ 1970-കളായപ്പോഴേക്കും ഏതാണ്ടു വ്യക്തമായിത്തീർന്നു. ബ്രാഞ്ച്‌ കുടുംബത്തിന്റെ വാരംതോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിലും പ്രഭാത ബൈബിൾ ചർച്ചകളിലും അധ്യക്ഷത വഹിക്കുന്നത്‌ ഉൾപ്പെടെ അദ്ദേഹത്തിനു പ്രിയപ്പെട്ട പല സേവന പദവികളും ക്രമേണ ഒഴിയേണ്ടിവന്നു. അദ്ദേഹത്തിന്റെ ജോലി നിയമനം സേവന വിഭാഗത്തിൽനിന്ന്‌ തപാൽ ഉരുപ്പടികൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്കും പിന്നീട്‌ പൂന്തോട്ടത്തിലേക്കും മാറ്റി.

ജോണിന്റെ തീക്ഷ്‌ണത നിമിത്തം മാറ്റങ്ങൾ ഉൾക്കൊള്ളുക അദ്ദേഹത്തിനു ബുദ്ധിമുട്ടായിരുന്നു. തിരക്കൊക്കെ കുറെ ഒഴിവാക്കി അൽപ്പംകൂടി വിശ്രമമെടുക്കാൻ ഞാൻ എപ്പോഴും അദ്ദേഹത്തോടു പറയുമായിരുന്നു. അപ്പോഴൊക്കെ ‘നീയൊരു കൂച്ചുവിലങ്ങാണല്ലോ’ എന്നു പറഞ്ഞ്‌ അദ്ദേഹം എന്നെ കളിയാക്കിയിരുന്നു. മിക്കപ്പോഴും അതോടൊപ്പം സ്‌നേഹത്തോടെയുള്ള ഒരു ആലിംഗനവും ഉണ്ടാവും. ക്രമേണ, പോർച്ചുഗീസ്‌ വയൽവിട്ട്‌ ബ്രാഞ്ചിലെ രാജ്യഹാളിൽ കൂടിവന്നിരുന്ന സഭയോടൊപ്പം സേവിക്കുന്നതാണു നല്ലതെന്ന്‌ ഞങ്ങൾക്കു തോന്നിത്തുടങ്ങി.

ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴും ജോൺ യഹോവയോടുള്ള തന്റെ ഉറ്റ ബന്ധം നിലനിറുത്തുന്നതു കാണുന്നത്‌ ഹൃദയസ്‌പർശിയായിരുന്നു. അർധരാത്രിയിൽ കടുത്ത വിഷാദം അനുഭവപ്പെടുമ്പോൾ അദ്ദേഹം ഉണരുമായിരുന്നു. അപ്പോഴെല്ലാം, സഹായത്തിനായി യഹോവയോടു പ്രാർഥിക്കാനുള്ള മാനസികനില വീണ്ടെടുക്കുന്നതുവരെ ഞങ്ങളിരുവരും സംസാരിക്കും. ക്രമേണ അദ്ദേഹം ഫിലിപ്പിയർ 4:​6, 7-ലെ “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു. . .” എന്ന ഭാഗം പതിയെ ഉരുവിട്ടുകൊണ്ട്‌ ദുഷ്‌കരമായ അത്തരം സമയങ്ങളെ തനിയെ കൈകാര്യംചെയ്യാൻ പഠിച്ചു. അങ്ങനെ ചെയ്യുന്നത്‌ പ്രാർഥിക്കാൻ ആവശ്യമായ മനോനില വീണ്ടെടുക്കാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു. അത്തരം സന്ദർഭങ്ങളിൽ മിക്കപ്പോഴും ഞാനും ഉണർന്ന്‌ അദ്ദേഹം യഹോവയോടുള്ള ആത്മാർഥമായ യാചനയിൽ മുഴുകുമ്പോൾ അദ്ദേഹത്തിന്റെ ചുണ്ടുകൾ അനങ്ങുന്നതും നോക്കി മിണ്ടാതിരിക്കുമായിരുന്നു.

ഞങ്ങളുടെ ബ്രാഞ്ച്‌ സൗകര്യം പോരാതെ വന്നപ്പോൾ ജോഹാനസ്‌ബർഗിനു വെളിയിൽ പുതുതായി വലിയൊരു ബ്രാഞ്ച്‌ കെട്ടിടത്തിന്റെ പണി തുടങ്ങി. നഗരത്തിന്റെ ശബ്ദകോലാഹലവും മലിനീകരണവും ഒന്നും ഇല്ലാത്ത ശാന്തമായ ആ സ്ഥലം ഞാനും ജോണും കൂടെക്കൂടെ സന്ദർശിച്ചിരുന്നു. അങ്ങനെ ചെയ്‌തിരുന്നതിനാൽ പുതിയ ബ്രാഞ്ചിന്റെ പണി തീരുന്നതുവരെ അവിടെയുള്ള താത്‌കാലിക താമസസ്ഥലത്തേക്കു മാറാൻ ഞങ്ങളെ അനുവദിച്ചപ്പോൾ അതുമായി പൊരുത്തപ്പെടാൻ ജോണിന്‌ എളുപ്പമായിരുന്നു.

പുതിയ വെല്ലുവിളികൾ

ചിന്തിച്ച്‌ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്‌തി ക്ഷയിച്ചതോടെ അദ്ദേഹത്തിനു ജോലി നിയമനങ്ങൾ നിറവേറ്റുന്നതു കൂടുതൽ പ്രയാസമായിത്തീർന്നു. ജോണിന്റെ ശ്രമങ്ങളെ മറ്റുള്ളവർ പിന്തുണയ്‌ക്കുന്നതു കണ്ടത്‌ എന്നെ ആഴത്തിൽ സ്‌പർശിച്ചു. ഉദാഹരണത്തിന്‌ ഒരു സഹോദരൻ ഗവേഷണം നടത്താനായി പബ്ലിക്‌ ലൈബ്രറിയിൽ പോകുമ്പോൾ ജോണിനെയും ഒപ്പം കൂട്ടുമായിരുന്നു. അപ്പോൾ ജോണിന്റെ പോക്കറ്റു നിറയെ ലഘുലേഖകളും മാസികകളും ഉണ്ടായിരിക്കും. തനിക്ക്‌ ഇപ്പോഴും പലതും ചെയ്യാനാകുന്നുവെന്നും താൻ മൂല്യമുള്ളവനാണെന്നുമുള്ള ബോധ്യം നിലനിറുത്താൻ ഇത്‌ അദ്ദേഹത്തെ സഹായിച്ചു.

അൽസൈമേഴ്‌സ്‌ രോഗം ക്രമേണ അദ്ദേഹത്തിന്റെ വായനാപ്രാപ്‌തി നശിപ്പിച്ചു. ബൈബിൾ സാഹിത്യങ്ങളുടെയും രാജ്യഗീതങ്ങളുടെയും ഓഡിയോ ടേപ്പുകൾ ലഭ്യമായിരിക്കുന്നതിൽ ഞങ്ങൾ വളരെയധികം നന്ദിയുള്ളവരായിരുന്നു. ഞങ്ങൾ അതു പലവട്ടം കേൾക്കുമായിരുന്നു, മണിക്കൂറുകളോളം. ഞാൻ കൂടെ ഇരുന്നു കേട്ടില്ലെങ്കിൽ അദ്ദേഹം ക്ഷോഭിക്കുമായിരുന്നു. അതുകൊണ്ട്‌ ആ സമയംമുഴുവൻ ഞാൻ എന്തെങ്കിലും തുന്നൽപ്പണി ചെയ്‌തിരുന്നു. അങ്ങനെ എത്ര കമ്പിളിയുടുപ്പുകളും പുതപ്പുകളുമാണ്‌ ഞാൻ നെയ്‌തുകൂട്ടിയതെന്നോ!

ഒടുവിൽ ജോണിന്റെ അവസ്ഥ വഷളായി, അദ്ദേഹത്തിനു കൂടുതൽ പരിചരണം ആവശ്യമായിവന്നു. വായിക്കാനും പഠിക്കാനും കഴിയാത്തവിധം ഞാൻ എപ്പോഴും വല്ലാതെ ക്ഷീണിതയായിരുന്നെങ്കിലും അവസാനനിമിഷംവരെ അദ്ദേഹത്തെ ശുശ്രൂഷിക്കാൻ കഴിഞ്ഞത്‌ വലിയൊരു പദവിയായിരുന്നു. അങ്ങനെ 1998-ൽ എന്റെ കൈകളിൽക്കിടന്ന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു, 85-ാം വയസ്സിൽ. അവസാന നിമിഷംവരെ അദ്ദേഹം വിശ്വസ്‌തതയിൽനിന്ന്‌ കടുകിട വ്യതിചലിച്ചില്ല. നല്ല ആരോഗ്യത്തോടും ഓർമശക്തിയോടും കൂടെ അദ്ദേഹം പുനരുത്ഥാനത്തിൽ വരുമ്പോൾ അദ്ദേഹത്തെ കാണാനായി ഞാൻ എത്ര ആകാംക്ഷയോടെയാണു കാത്തിരിക്കുന്നതെന്നോ!

നവോന്മേഷം പ്രാപിക്കുന്നു

ജോണിന്റെ വേർപാടിനുശേഷം ഒറ്റയ്‌ക്കുള്ള ജീവിതം എനിക്കത്ര എളുപ്പമായിരുന്നില്ല. അതുകൊണ്ട്‌ 1999 മേയിൽ ഞാൻ ഐക്യനാടുകളിലുള്ള എന്റെ അനുജത്തി തെൽമയെയും ഭർത്താവിനെയും കാണാൻ പോയി. അവിടെവെച്ച്‌, വിശേഷിച്ചും യഹോവയുടെ സാക്ഷികളുടെ ന്യൂയോർക്കിലുള്ള ലോകാസ്ഥാനം സന്ദർശിച്ചപ്പോൾ വിശ്വസ്‌തരായ അനേകം പ്രിയസുഹൃത്തുക്കളെ കണ്ടുമുട്ടിയത്‌ എത്ര ആഹ്ലാദകരവും നവോന്മേഷദായകവും ആയിരുന്നുവെന്നോ! തീർച്ചയായും അത്തരമൊരു ആത്മീയ ഉത്തേജനമായിരുന്നു എനിക്കപ്പോൾ ആവശ്യമായിരുന്നതും.

വിശ്വസ്‌തരായ എന്റെ പ്രിയപ്പെട്ടവരുടെ ജീവിതത്തെക്കുറിച്ചു സ്‌മരിക്കുന്നത്‌ പ്രയോജനകരമായ പലതും ഓർമയിലേക്കു കൊണ്ടുവരാൻ എന്നെ സഹായിക്കുന്നു. അവരുടെ നിർദേശവും മാതൃകയും സഹായവും ആണ്‌ മറ്റു ദേശക്കാരോടും വർഗക്കാരോടുമുള്ള സ്‌നേഹം വിശാലമാക്കാൻ എന്നെ സഹായിച്ചത്‌. ഞാൻ ക്ഷമയും സഹിഷ്‌ണുതയും വഴക്കവും പഠിച്ചു. എല്ലാറ്റിലുമുപരി, പ്രാർഥന കേൾക്കുന്നവനായ യഹോവയുടെ ദയാപൂർവകമായ കരുതൽ ഞാൻ അനുഭവിച്ചറിഞ്ഞു. “നിന്റെ പ്രാകാരങ്ങളിൽ പാർക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; ഞങ്ങൾ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്‌തന്മാരാകും” എന്നെഴുതിയ സങ്കീർത്തനക്കാരന്റെ അതേ വികാരമാണ്‌ എനിക്കുമുള്ളത്‌.​—⁠സങ്കീർത്തനം 65:⁠4.

[അടിക്കുറിപ്പ്‌]

^ ഖ. 18 1959 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 468-72 പേജുകൾ കാണുക.

[8-ാം പേജിലെ ചിത്രം]

വല്യമ്മച്ചി പെൺമക്കളോടൊപ്പം

[9-ാം പേജിലെ ചിത്രം]

ഞാൻ സ്‌നാപനമേറ്റ 1948-ൽ മാതാപിതാക്കളോടൊപ്പം

[10-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ സ്‌കൂളിന്റെ രജിസ്‌ട്രാറായ ആൽബർട്ട്‌ ഷ്രോഡറിനോടും ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ശേഷം ഒമ്പതുപേരോടും ഒപ്പം

[10-ാം പേജിലെ ചിത്രം]

1984-ൽ ജോണിനോടൊപ്പം