പ്രിയപ്പെട്ട ഒരാൾ യഹോവയെ ഉപേക്ഷിച്ചു പോകുമ്പോൾ
പ്രിയപ്പെട്ട ഒരാൾ യഹോവയെ ഉപേക്ഷിച്ചു പോകുമ്പോൾ
മാർക്കും ലുവിസും യഹോവയുടെ സാക്ഷികളാണ്. * ബൈബിൾ ക്രിസ്‌തീയ മാതാപിതാക്കളോടു ചെയ്യാൻ നിർദേശിക്കുന്നതുപോലെ അവർ മക്കളെ സ്‌നേഹത്തോടും ശ്രദ്ധയോടും കൂടെ തിരുവെഴുത്തുകൾ പഠിപ്പിച്ചു. (സദൃശവാക്യങ്ങൾ 22:6; 2 തിമൊഥെയൊസ് 3:14) സങ്കടകരമെന്നു പറയട്ടെ, മുതിർന്നുവരവേ അവരുടെ മക്കളിൽ എല്ലാവരും യഹോവയെ സേവിക്കുന്നതിൽ തുടർന്നില്ല. “വഴിതെറ്റിപ്പോയ മക്കളെപ്രതി എന്റെ ഹൃദയം നീറുകയാണ്. അനുദിനം എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ദുഃഖം എത്രനാൾ എനിക്കു മറച്ചുവെക്കാനാകും? മറ്റുള്ളവർ അവരുടെ പുത്രന്മാരെക്കുറിച്ചു പറയുമ്പോൾ എന്റെ തൊണ്ടയിടറും. കണ്ണുനീരടക്കാൻ ഞാൻ നന്നേ പണിപ്പെടാറുണ്ട്,” ലുവിസ് പറയുന്നു.
അതേ, യഹോവയെയും തിരുവെഴുത്തുകളിൽ പ്രതിപാദിച്ചിരിക്കുന്ന ജീവിതരീതിയെയും ഉപേക്ഷിക്കുന്ന ഗതി ഒരുവൻ തിരഞ്ഞെടുക്കുമ്പോൾ അതു സ്വാഭാവികമായും വിശ്വസ്‌തരായ കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്‌ത്തും. ഐറിൻ പറയുന്നു: “ഞാൻ എന്റെ ചേച്ചിയെ അതിയായി സ്‌നേഹിക്കുന്നു. ചേച്ചി യഹോവയിങ്കലേക്കു മടങ്ങിവരുന്നതു കാണാനായി എന്തും ചെയ്യാൻ ഞാൻ ഒരുക്കമാണ്!” മാരിയയുടെ അനുജൻ അധാർമിക ജീവിതം നയിക്കാനായി യഹോവയെ ഉപേക്ഷിച്ചുപോയി. അവൾ ഇങ്ങനെ പറയുന്നു: “ഇത് എനിക്കു സഹിക്കാവുന്നതിലധികമാണ്. കാരണം മറ്റെല്ലാ അർഥത്തിലും അവൻ എനിക്ക് നല്ലൊരു അനുജനാണ്. വലിയ കുടുംബ കൂടിവരവുകളിൽ അവന്റെ അഭാവം എനിക്ക് പ്രത്യേകിച്ച് അനുഭവപ്പെടാറുണ്ട്.”
എന്തുകൊണ്ടാണ് അത് ഇത്ര ദുഷ്‌കരമായിരിക്കുന്നത്?
ഒരു കുട്ടിയോ പ്രിയപ്പെട്ട മറ്റാരെങ്കിലുമോ യഹോവയെ ഉപേക്ഷിച്ചുപോകുന്നത് ക്രിസ്‌ത്യാനികളായ ബന്ധുക്കൾക്ക് എന്തുകൊണ്ടാണ് ഇത്രയധികം മനോവേദനയ്‌ക്ക് ഇടയാക്കുന്നത്? കാരണം, യഹോവയോടുള്ള വിശ്വസ്‌തതയിൽ തുടരുന്നവർക്കാണു തിരുവെഴുത്തുകൾ പറുദീസാ ഭൂമിയിലെ നിത്യജീവൻ വാഗ്‌ദാനം ചെയ്യുന്നതെന്ന് അവർക്കറിയാം. (സങ്കീർത്തനം 37:29; 2 പത്രൊസ് 3:13; വെളിപ്പാടു 21:3-5) ഇണകളും കുട്ടികളും മാതാപിതാക്കളും കൂടപ്പിറപ്പുകളും കൊച്ചുമക്കളുമൊത്ത് ഈ അനുഗ്രഹങ്ങൾ പങ്കുവെക്കാനായി അവർ നോക്കിപ്പാർത്തിരിക്കുന്നു. യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞ അവരുടെ പ്രിയപ്പെട്ടവർ അതിൽ ഉൾപ്പെട്ടേക്കില്ലല്ലോ എന്നോർക്കുന്നത് എത്ര വേദനാജനകം ആയിരിക്കും! ഇപ്പോഴത്തെ ജീവിതത്തോടുള്ള ബന്ധത്തിൽപോലും യഹോവയുടെ നിയമങ്ങളും തത്ത്വങ്ങളും അവരുടെ പ്രയോജനത്തിന് ഉള്ളതാണെന്നു ക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവർ കയ്‌പേറിയ ഫലങ്ങൾ കൊയ്യാൻ ഇടയാകുംവിധം ഇപ്പോൾ വിതയ്‌ക്കുന്നത് കാണുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്.—യെശയ്യാവു 48:17, 18; ഗലാത്യർ 6:7, 8.
അത്തരമൊരു നഷ്ടം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ചിലർക്ക് അത് എത്ര ദാരുണമാണെന്നു മനസ്സിലാക്കുന്നതു ബുദ്ധിമുട്ടായിരിക്കാം. ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളെയും അതു ബാധിക്കുന്നു. ലുവിസ് ഇങ്ങനെ പറയുന്നു: “ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും മറ്റു മാതാപിതാക്കൾ മക്കളോടൊന്നിച്ചു ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതു കാണുന്നതും കൂടുതൽക്കൂടുതൽ ദുഷ്‌കരമായി തീർന്നിരിക്കുന്നു. വിട്ടുപോയവരെക്കുറിച്ചുള്ള ഓർമകൾ ഏതൊരു സന്തോഷവേളയിലും കരിനിഴൽ വീഴ്‌ത്തുന്നു.” ഭാര്യയുടെ മുൻവിവാഹത്തിലെ മകൾ നാലു വർഷത്തോളം തങ്ങളുമായുള്ള സഹവാസം ഉപേക്ഷിച്ചുപോയതിനെപ്പറ്റി ഒരു ക്രിസ്‌തീയ മൂപ്പൻ സ്‌മരിക്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു: “മിക്കപ്പോഴും ഉല്ലാസവേളകൾപോലും വേദന നിറഞ്ഞതായിരുന്നിട്ടുണ്ട്. ഒരു സമ്മാനം കൊടുക്കുകയോ വാരാന്തം ചെലവിടാൻ പുറത്തുപോകുകയോ ചെയ്യുമ്പോൾ, ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാൻ മകൾ ഇല്ലല്ലോ എന്നോർത്ത് എന്റെ ഭാര്യ കരയുമായിരുന്നു.”
അത്തരം ക്രിസ്‌ത്യാനികൾ അമിതമായി പ്രതികരിക്കുകയാണോ? അവശ്യം അങ്ങനെയാകണമെന്നില്ല. വാസ്‌തവത്തിൽ അവർ ഒരു പരിധിവരെ യഹോവയുടെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുകയായിരിക്കാം. അവന്റെ പ്രതിച്ഛായയിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത്. (ഉല്‌പത്തി 1:26, 27) ഇത് എന്തർഥമാക്കുന്നു? യഹോവയുടെ സ്വന്ത ജനമായ ഇസ്രായേൽ അവനെതിരെ മത്സരിച്ചപ്പോൾ അത് എങ്ങനെയാണ് അവനെ ബാധിച്ചത്? സങ്കീർത്തനം 78:38-41-ൽനിന്ന് നാം പഠിക്കുന്നതുപോലെ അത് അവനെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്‌തു. എന്നിരുന്നാലും അവൻ ക്ഷമയോടെ അവർക്കു മുന്നറിയിപ്പും ശിക്ഷണവും കൊടുക്കുകയും അവരുടെ അനുതാപ പ്രകടനത്തിനു ചേർച്ചയിൽ വീണ്ടുംവീണ്ടും പൊറുക്കുകയും ചെയ്‌തു. തീർച്ചയായും യഹോവയ്‌ക്ക് തന്റെ സൃഷ്ടികളോട് അതായത് തന്റെ “കൈവേലയോടു” വ്യക്തിപരമായ താത്‌പര്യം തോന്നുന്നു. അതുകൊണ്ട് അവൻ അവരെ അത്ര വേഗം ഉപേക്ഷിക്കുകയില്ല. (ഇയ്യോബ് 14:15; യോനാ 4:10, 11) സമാനമായ വിധത്തിൽ മറ്റുള്ളവരോട് ഒരു വിശ്വസ്‌ത ബന്ധം ആസ്വദിക്കാനുള്ള കഴിവ് അവൻ മനുഷ്യരിലും ഉൾനട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങൾക്കിടയിലുള്ള ബന്ധം വളരെ ശക്തമായിരുന്നേക്കാം. അതിനാൽ ഒരു വ്യക്തി സത്യം ഉപേക്ഷിച്ചു പോകുമ്പോൾ ഉറ്റബന്ധുക്കൾക്കു ദുഃഖം തോന്നുമെന്നതിൽ അത്ഭുതമില്ല.
പ്രിയപ്പെട്ടവരിൽ ഒരാൾ യഹോവയെ ഉപേക്ഷിച്ചു പോകുന്നത് തീർച്ചയായും സത്യാരാധകർ നേരിടേണ്ടിവരുന്ന ഏറ്റവും പ്രയാസകരമായ പരിശോധനകളിൽ ഒന്നാണ്. (പ്രവൃത്തികൾ 14:22) തന്റെ സന്ദേശം സ്വീകരിക്കുന്നത് ചില കുടുംബങ്ങളിൽ ഭിന്നത ഉളവാക്കിയേക്കാം എന്ന് യേശു പറഞ്ഞു. (മത്തായി 10:34-38) ബൈബിൾ സന്ദേശം അതിൽത്തന്നെ കുടുംബത്തിൽ ഭിന്നത ഉളവാക്കും എന്ന് അതിനർഥമില്ല. നേരെമറിച്ച് ക്രിസ്‌തീയ മാർഗം തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ എതിർക്കുകപോലുമോ ചെയ്‌തുകൊണ്ട് അവിശ്വാസികളോ അവിശ്വസ്‌തരോ ആയ കുടുംബാംഗങ്ങളാണ് ഭിന്നത ഉണ്ടാക്കുന്നത്. എന്നിരുന്നാലും തന്റെ വിശ്വസ്‌തരെ ഞെരുക്കുന്ന പരിശോധനകളെ നേരിടാനുള്ള മാർഗം പ്രദാനം ചെയ്യാതെ യഹോവ അവരെ കൈവിടുകയില്ലെന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. ഒരു ഉറ്റബന്ധു യഹോവയെ ഉപേക്ഷിച്ചുപോയതിന്റെ വേദനയിൽ കഴിയുന്ന ഒരാളാണു നിങ്ങളെങ്കിൽ ദുഃഖം സഹിക്കാനും ഒരളവുവരെ ആനന്ദവും സംതൃപ്‌തിയും കണ്ടെത്താനും ഏതു ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ സഹായിക്കാനാകും?
പൊരുത്തപ്പെടുക
“നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തി . . . , ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 20, 21) നിങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ, യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞ കുടുംബാംഗത്തെ സഹായിക്കാൻ ഒരുപക്ഷേ ഇപ്പോൾ നിങ്ങൾക്ക് ഒന്നുംചെയ്യാൻ കഴിയില്ലായിരിക്കാം. എന്നിരുന്നാലും നിങ്ങളെത്തന്നെയും വിശ്വസ്‌തതയിൽ തുടരുന്ന കുടുംബാംഗങ്ങൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെയും കെട്ടുപണിചെയ്യാൻ നിങ്ങൾക്കു കഴിയും. അങ്ങനെ ചെയ്യുകയും വേണം. വെറോനിക്കയുടെ ഉദാഹരണം നോക്കുക. അവരുടെ മൂന്ന് ആൺമക്കളിൽ രണ്ടുപേരും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു. അവർ ഇങ്ങനെ പറയുന്നു: “ഞങ്ങൾ ശക്തമായ ആത്മീയ അവസ്ഥയിൽ തുടർന്നാൽ മാത്രമേ മക്കൾ സുബോധം പ്രാപിച്ചു മടങ്ങിവരുമ്പോൾ അവരെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്കു കഴിയു എന്നുള്ള ദയാപുരസ്സരമായ ഓർമിപ്പിക്കൽ എനിക്കും ഭർത്താവിനും കിട്ടിയിരുന്നു. ധൂർത്തപുത്രന്റെ പിതാവ് അവനെ തിരികെ സ്വീകരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ലെങ്കിൽ അവൻ എവിടെ പോകുമായിരുന്നു?”
ശക്തരായി നിലകൊള്ളുന്നതിന് ആത്മീയ പ്രവർത്തനങ്ങളിൽ മുഴുകുക. ബൈബിൾ ആഴമായി പഠിക്കുന്നതിന് ഒരു പട്ടിക ഉണ്ടാക്കുന്നതും ക്രിസ്‌തീയ യോഗങ്ങൾക്കു ഹാജരാകുന്നതും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നതുപോലെ സഭയിലെ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങളെത്തന്നെ ലഭ്യമാക്കുക. ആദ്യമൊക്കെ അത്തരം പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാണെന്നു കണ്ടെത്തിയേക്കാം എന്നതു ശരിതന്നെ. വെറോനിക്ക അനുസ്‌മരിക്കുന്നു: “മുറിവേറ്റ ഒരു മൃഗം കണക്കെ സ്വയം ഒറ്റപ്പെടുത്തുക എന്നതായിരുന്നു ആദ്യത്തെ എന്റെ പ്രവണത. എന്നാൽ നല്ലൊരു ആത്മീയചര്യ നിലനിറുത്തുന്ന കാര്യത്തിൽ എന്റെ ഭർത്താവ് നിർബന്ധം പിടിച്ചിരുന്നു. ഞങ്ങൾ കൃത്യമായി യോഗങ്ങൾക്കു പോകുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. ഒരു കൺവെൻഷനു ഹാജരാകേണ്ട സമയമായപ്പോൾ അവിടെ പോകാനും ആളുകളെ അഭിമുഖീകരിക്കാനും എനിക്ക് വളരെയേറെ ധൈര്യം ആവശ്യമായിരുന്നു. ആ പരിപാടി ഞങ്ങളെ യഹോവയോടു കൂടുതൽ അടുപ്പിച്ചു. വിശ്വസ്‌തനായി നിലനിന്നിരുന്ന ഞങ്ങളുടെ മകൻ പ്രത്യേകിച്ച് ആ കൺവെൻഷനിൽനിന്നു പ്രയോജനം നേടി.”
വയൽശുശ്രൂഷയിൽ തിരക്കുള്ളവളായിരിക്കുന്നത് വിശേഷിച്ചും സഹായകമാണെന്നു മുമ്പു പരാമർശിച്ച മാരിയ കണ്ടെത്തുന്നു. ഇപ്പോൾ അവൾ നാലുപേരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നു. സമാനമായി, ലോറ ഇങ്ങനെ പറയുന്നു: “കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ ചില മാതാപിതാക്കൾ വിജയിച്ചിരിക്കുന്നതുപോലെ എനിക്കു കഴിഞ്ഞിട്ടില്ലല്ലോ എന്നോർത്ത് ഇപ്പോഴും ഞാൻ ദിവസവും കരയുമെങ്കിലും ഈ അന്ത്യനാളുകളിൽ കുടുംബങ്ങളെ സഹായിക്കാൻ കഴിയുന്ന ബൈബിളിന്റെ പിഴവറ്റ സന്ദേശം എനിക്കുള്ളതിൽ ഞാൻ യഹോവയോടു നന്ദിപറയുന്നു. പ്രായപൂർത്തിയായ മക്കൾ സത്യംവിട്ടു പോയെങ്കിലും കെന്നും എലനറും രാജ്യഘോഷകരുടെ കൂടുതലായ ആവശ്യമുള്ള പ്രദേശത്തേക്കു മാറിത്താമസിക്കുകയും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുകയും ചെയ്‌തു. കാര്യങ്ങൾ സംബന്ധിച്ച് ഉചിതമായ ഒരു കാഴ്‌ചപ്പാടുണ്ടായിരിക്കാനും ദുഃഖത്തിൽ ആണ്ടുപോകുന്നത് ഒഴിവാക്കാനും ഇത് അവരെ സഹായിച്ചു.
1 കൊരിന്ത്യർ 13:7) മുൻ ഖണ്ഡികയിൽ പരാമർശിച്ച കെൻ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ മക്കൾ സത്യമാർഗം ഉപേക്ഷിച്ചപ്പോൾ അത് അവരുടെ മരണത്തിനു സമാനമായാണ് ഞാൻ കരുതിയത്. എന്നാൽ എന്റെ സഹോദരിയുടെ മരണത്തെത്തുടർന്ന് എന്റെ വീക്ഷണത്തിനു മാറ്റംവന്നു. എന്റെ മക്കൾ ജീവിച്ചിരിക്കുന്നതിലും അവർക്കു തിരികെവരാനുള്ള മാർഗം യഹോവ സദാ തുറന്നിട്ടിരിക്കുന്നതിലും ഞാൻ നന്ദിയുള്ളവനാണ്.” വാസ്‌തവത്തിൽ സത്യം ഉപേക്ഷിച്ചുപോയ പലരും ക്രമേണ തിരികെ വരുന്നതായാണ് അനുഭവങ്ങൾ പ്രകടമാക്കുന്നത്.—ലൂക്കൊസ് 15:11-24.
പ്രത്യാശ കൈവിടാതിരിക്കുക. സ്‌നേഹം “എല്ലാം പ്രത്യാശിക്കുന്നു.” (സ്വയം പഴിക്കുന്നതിനുള്ള പ്രവണതയെ ചെറുക്കുക. മാതാപിതാക്കൾ വിശേഷിച്ചും കഴിഞ്ഞകാലത്തേക്കു തിരിഞ്ഞുനോക്കി, ചില പ്രത്യേക സാഹചര്യങ്ങളെ മെച്ചമായി കൈകാര്യം ചെയ്‌തില്ലല്ലോ എന്നോർത്ത് ഖേദിക്കാനുള്ള പ്രവണത കാണിച്ചേക്കാം. എന്നിരുന്നാലും പാപം ചെയ്യുന്നവനെയാണ് തന്റെ തെറ്റായ തിരഞ്ഞെടുപ്പിന് ഉത്തരവാദിയായി യഹോവ കണക്കാക്കുന്നതെന്നും അല്ലാതെ മാതാപിതാക്കളെയല്ല എന്നുമുള്ള പ്രധാന ആശയമാണ് യെഹെസ്‌കേൽ 18:20 നൽകുന്നത്. രസകരമെന്നു പറയട്ടെ, കുട്ടികളെ ശരിയായ പാതയിൽ വളർത്തിക്കൊണ്ടുവരുന്നതിനു മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്വത്തെക്കുറിച്ചു സദൃശവാക്യങ്ങളുടെ പുസ്‌തകത്തിൽ പലതവണ പറയുമ്പോൾത്തന്നെ, മാതാപിതാക്കളെ ശ്രദ്ധിക്കാനും അനുസരിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള ബുദ്ധിയുപദേശം നാലിരട്ടിയലധികം പ്രാവശ്യം അതിൽ അടങ്ങിയിരിക്കുന്നു. അതേ, മാതാപിതാക്കൾ അപൂർണരാണെങ്കിലും അവർ നൽകുന്ന ബൈബിളധിഷ്‌ഠിത പരിശീലനത്തോടു പ്രതികരിക്കാനുള്ള ഉത്തരവാദിത്വം കുട്ടികൾക്കുണ്ട്. സാധ്യതയനുസരിച്ച് കഴിയുന്നത്ര നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഓരോ സാഹചര്യത്തിലും നിങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളുടെ ഭാഗത്തുനിന്നു ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്നു നിങ്ങൾക്കു തോന്നുന്നുണ്ടാകാം. അതു സത്യവുമായിരുന്നേക്കാം. എന്നിരുന്നാലും നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തി സത്യം വിട്ടുപോകാൻ കാരണം അതാണെന്ന് അവശ്യം അർഥമില്ല. അതെന്തുതന്നെയായാലും, “ഞാൻ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ അല്ലെങ്കിൽ ചെയ്യാതിരുന്നിരുന്നെങ്കിൽ” എന്നൊക്കെ ചിന്തിച്ചിരിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. നിങ്ങളുടെ തെറ്റുകളിൽനിന്നു പഠിക്കുക, അവ ആവർത്തിക്കില്ലെന്നു തീരുമാനിക്കുക, കൂടാതെ യഹോവയുടെ ക്ഷമയ്‌ക്കായി പ്രാർഥിക്കുക. (സങ്കീർത്തനം 103:8-14; യെശയ്യാവു 55:7) എന്നിട്ട് ഭൂതകാലത്തേക്കല്ല ഭാവിയിലേക്കു നോക്കുക.
മറ്റുള്ളവരോടു ക്ഷമ കാണിക്കുക. ചിലർക്ക് നിങ്ങളെ എങ്ങനെ പ്രോത്സാഹിപ്പിക്കണമെന്നോ ആശ്വസിപ്പിക്കണമെന്നോ അറിയില്ലായിരിക്കാം, പ്രത്യേകിച്ചും സമാനമായ സാഹചര്യങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തവർക്ക്. തന്നെയുമല്ല, ഏതു കാര്യങ്ങളാണ് പ്രോത്സാഹനവും ആശ്വാസവും പ്രദാനം ചെയ്യുന്നത് എന്ന കാര്യത്തിൽ ആളുകൾക്കു വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്. അതുകൊണ്ട് നിങ്ങളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ആരെങ്കിലും പറയുന്നെങ്കിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം ബാധകമാക്കുക. കൊലൊസ്സ്യർ 3:13-ൽ പൗലൊസ് ഇങ്ങനെ പറയുന്നു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ.”
ശിക്ഷണത്തിനുള്ള യഹോവയുടെ ക്രമീകരണത്തോട് ആദരവു കാണിക്കുക. നിങ്ങളുടെ ബന്ധുക്കളിൽ ആർക്കെങ്കിലും സഭയിൽനിന്നു ശിക്ഷണം കിട്ടിയിട്ടുണ്ടെങ്കിൽ, അത് യഹോവയുടെ ക്രമീകരണത്തിന്റെ ഭാഗമാണെന്നും ദുഷ്‌പ്രവർത്തിക്കാരൻ ഉൾപ്പെടെയുള്ള എല്ലാവരുടെയും നന്മയ്‌ക്കുവേണ്ടിയാണെന്നും ഓർക്കുക. (എബ്രായർ 12:11) അതുകൊണ്ട് ഉൾപ്പെട്ടിരിക്കുന്ന മൂപ്പന്മാരിലോ അവരെടുത്ത തീരുമാനങ്ങളിലോ കുറ്റംകണ്ടുപിടിക്കാനുള്ള ഏതൊരു പ്രവണതയെയും ചെറുക്കുക. യഹോവയുടെ മാർഗത്തിൽ കാര്യങ്ങൾ ചെയ്യുന്നതാണ് ഏറ്റവും നല്ല ഫലത്തിൽ കലാശിക്കുന്നതെന്ന് ഓർക്കുക. നേരെമറിച്ച് അവന്റെ ക്രമീകരണങ്ങളെ എതിർക്കുന്നത് കൂടുതലായ വേദനയിലേക്കേ നയിക്കൂ.
ഈജിപ്‌തിൽനിന്നുള്ള ഇസ്രായേൽ ജനത്തിന്റെ വിമോചനത്തിനുശേഷം മോശെ തുടർച്ചയായി ന്യായാധിപൻ എന്നനിലയിൽ സേവിച്ചു. (പുറപ്പാടു 18:13-16) ഒരു വ്യക്തിക്ക് അനുകൂലമായ വിധി സാധ്യതയനുസരിച്ച് മറ്റേ വ്യക്തിക്ക് എതിരായിരിക്കുമായിരുന്നു. അതുകൊണ്ടുതന്നെ, മോശെയുടെ തീരുമാനങ്ങളിൽ ചിലർ നിരാശരായെന്നു ചിന്തിക്കാൻ വിഷമമില്ല. മോശെയുടെ വിധികളിൽ കുറ്റംകണ്ടുപിടിക്കാൻ ശ്രമിച്ചതാണ് ചില സാഹചര്യങ്ങളിൽ അവന്റെ നേതൃത്വത്തിനെതിരെ മത്സരിക്കുന്നതിലേക്കു ചിലരെ നയിച്ചത്. എന്നിരുന്നാലും യഹോവ തന്റെ ജനത്തെ വഴിനയിക്കാനായി മോശെയെ ആണ് ഉപയോഗിച്ചിരുന്നത്. അവൻ ശിക്ഷിച്ചത് മോശെയെയല്ല, മത്സരികളെയും അവരെ പിന്തുണച്ച കുടുംബാംഗങ്ങളെയുമാണ്. (സംഖ്യാപുസ്‌തകം 16:31-35) ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് നാം ഇന്ന് ദിവ്യാധിപത്യ അധികാരം ഉള്ളവരെ ആദരിക്കുകയും അവരെടുക്കുന്ന തീരുമാനങ്ങളുമായി സഹകരിക്കാൻ ശ്രമിക്കുകയും ചെയ്യണം.
മകൾക്കു സഭയിൽനിന്നു ശിക്ഷണം കിട്ടിയപ്പോൾ, സമനിലയോടെയുള്ള ഒരു വീക്ഷണം നിലനിറുത്താൻ തനിക്ക് എത്ര ബുദ്ധിമുട്ടായിരുന്നെന്ന് ഡെലോറെസ് സ്‌മരിക്കുന്നു. അവർ ഇങ്ങനെ പറയുന്നു: “യഹോവയുടെ ക്രമീകരണങ്ങളുടെ ന്യായയുക്തതയെക്കുറിച്ചു പ്രതിപാദിക്കുന്ന ലേഖനങ്ങൾ വീണ്ടുംവീണ്ടും വായിച്ചതാണ് എന്നെ സഹായിച്ചത്. പ്രസംഗങ്ങളിൽനിന്നും ലേഖനങ്ങളിൽനിന്നുമുള്ള, സഹിച്ചുനിൽക്കാനും ദൈവസേവനത്തിൽ തുടരാനും എന്നെ സഹായിക്കുമായിരുന്ന ആശയങ്ങൾ കുറിച്ചു വെക്കാനായി ഞാൻ ഒരു പ്രത്യേക നോട്ടുബുക്ക് തയ്യാറാക്കി. ഇത് പൊരുത്തപ്പെട്ടുപോകുന്നതിനുള്ള മറ്റൊരു പ്രധാന സഹായത്തിലേക്കു നയിക്കുന്നു.
നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക. നിങ്ങളെ മനസ്സിലാക്കുന്ന വിശ്വസ്‌തരായ ഒന്നോ രണ്ടോ സുഹൃത്തുക്കളോടു തുറന്നുസംസാരിക്കുന്നതു സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം. അങ്ങനെ ചെയ്യവേ, ക്രിയാത്മക മനോഭാവം നിലനിറുത്താൻ നിങ്ങളെ സഹായിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. തീർച്ചയായും, പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ ‘നിങ്ങളുടെ ഹൃദയം പകരുന്നത്’ ഏറ്റവും ഫലപ്രദമായിരിക്കും. * (സങ്കീർത്തനം 62:7, 8) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നിങ്ങളുടെ വികാരങ്ങളുടെ ആഴം അവൻ പൂർണമായി മനസ്സിലാക്കുന്നു. ഉദാഹരണത്തിന്, ഇത്തരം വൈകാരിക വേദന നിങ്ങൾ അനുഭവിക്കേണ്ടിവരുന്നത് അന്യായമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. കാരണം യഹോവയെ ഉപേക്ഷിച്ചു പോയത് നിങ്ങളല്ലല്ലോ. നിങ്ങളുടെ വികാരങ്ങൾ യഹോവയെ അറിയിക്കുകയും അധികം വേദന തോന്നാത്ത ഒരു വിധത്തിൽ സാഹചര്യത്തെ വീക്ഷിക്കാനുള്ള സഹായത്തിനായി അവനോട് അപേക്ഷിക്കുകയും ചെയ്യുക.—സങ്കീർത്തനം 37:5.
കാലം കടന്നുപോകവേ, വികാരങ്ങൾ കൂടുതൽ മെച്ചമായി നിയന്ത്രിക്കാൻ നിങ്ങൾക്കു സാധിച്ചേക്കും. എന്നാൽ അതിനിടയിൽ നിങ്ങളുടെ സ്വർഗീയ പിതാവായ യഹോവയെ പ്രീതിപ്പെടുത്താനുള്ള നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കരുത്. ഇവയെല്ലാം വൃഥാ ശ്രമങ്ങളാണെന്നും ഒരിക്കലും വിചാരിക്കരുത്. (ഗലാത്യർ 6:9) നാം യഹോവയെ ഉപേക്ഷിച്ചുപോയാൽ അപ്പോഴും നമുക്കു പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുമെന്ന് ഓർക്കുക. എന്നാൽ യഹോവയോടു വിശ്വസ്‌തരായി തുടരുന്നെങ്കിൽ നാം അഭിമുഖീകരിക്കുന്ന പരിശോധനകളിൽ നമുക്ക് അവന്റെ സഹായം ഉണ്ടായിരിക്കും. നിങ്ങളുടെ സാഹചര്യത്തിന്റെ ഗൗരവം യഹോവ മനസ്സിലാക്കുന്നുവെന്നും തുടർന്നും ഉചിതമായ സമയത്ത് ആവശ്യമായ ശക്തി നൽകുമെന്നും ഉറപ്പുണ്ടായിരിക്കുക.—2 കൊരിന്ത്യർ 4:7; ഫിലിപ്പിയർ 4:13; എബ്രായർ 4:16.
[അടിക്കുറിപ്പുകൾ]
^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
^ ഖ. 19 പുറത്താക്കപ്പെട്ട ബന്ധുവിനുവേണ്ടി പ്രാർഥിക്കുന്നതിനോടുള്ള ബന്ധത്തിൽ 2001 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 30-1 പേജുകൾ കാണുക.
[19-ാം പേജിലെ ചതുരം]
എങ്ങനെ പൊരുത്തപ്പെടാം
◆ “നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തി . . . ദൈവസ്‌നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ.”—യൂദാ 20, 21.
◆ പത്യാശ കൈവിടാതിരിക്കുക. —1 കൊരിന്ത്യർ 13:7.
◆ സ്വയം പഴിക്കുന്നതിനുള്ള പ്രവണതയെ ചെറുക്കുക. —യെഹെസ്‌കേൽ 18:20.
◆ മറ്റുള്ളവരോടു ക്ഷമ കാണിക്കുക. —കൊലൊസ്സ്യർ 3:13.
◆ ശിക്ഷണത്തിനുള്ള യഹോവയുടെ ക്രമീകരണത്തോട് ആദരവു കാണിക്കുക.—എബ്രായർ 12:11.
◆ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കുക.—സങ്കീർത്തനം 62:7, 8.
[21-ാം പേജിലെ ചതുരം/ചിത്രം]
നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു പോയിരിക്കുന്നുവോ?
കാരണം എന്തുതന്നെ ആയാലും, അങ്ങനെ ചെയ്‌തിരിക്കുന്നെങ്കിൽ യഹോവയുമായുള്ള നിങ്ങളുടെ ബന്ധവും ഭാവി പ്രത്യാശകളും അപകടത്തിലാണ്. ഒരുപക്ഷേ, യഹോവയിലേക്കു മടങ്ങിവരാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. അതിനുവേണ്ടി നിങ്ങൾ ഇപ്പോൾ അതിയായി യത്‌നിക്കുന്നുണ്ടോ? അതോ “ഉചിതമായ സമയം വരട്ടെ” എന്ന ചിന്താഗതിയോടെ അതു മാറ്റിവെച്ചുകൊണ്ടിരിക്കുകയാണോ? അർമഗെദോന്റെ കാർമേഘങ്ങൾ അതിവേഗം ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്നുവെന്ന് ഓർക്കുക. കൂടാതെ ഈ വ്യവസ്ഥിതിയിലെ ജീവിതം ഹ്രസ്വവും അനിശ്ചിതവും ആണ്. നാളെ നിങ്ങൾ ജീവിച്ചിരിക്കുമോ എന്നുപോലും നിങ്ങൾക്ക് അറിയില്ല. (സങ്കീർത്തനം 102:3; യാക്കോബ് 4:13, 14) മാരകരോഗം ബാധിച്ച ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “രോഗം പിടിപെട്ട സമയത്ത് ഞാൻ മുഴുസമയ സേവനത്തിലായിരുന്നു. അതുകൊണ്ടുതന്നെ അതെനിക്ക് ആശ്വാസകരമായി തോന്നി.” എന്നാൽ അദ്ദേഹം യഹോവയെ ഉപേക്ഷിച്ചു പോകുകയും “എന്നെങ്കിലും മടങ്ങിച്ചെല്ലാം!” എന്നു വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്‌തിരുന്ന ഒരു സമയത്താണ് രോഗം ബാധിച്ചിരുന്നതെങ്കിൽ അദ്ദേഹത്തിന് എന്തു തോന്നുമായിരുന്നു എന്നു ചിന്തിച്ചുനോക്കൂ. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു പോയിരിക്കുന്നെങ്കിൽ മടങ്ങിവരാൻ ഏറ്റവും പറ്റിയ സമയം ഇപ്പോഴാണ്.
[18-ാം പേജിലെ ചിത്രങ്ങൾ]
ആത്മീയ കാര്യങ്ങളിൽ മുഴുകുന്നത് ഉചിതമായ വീക്ഷണം നിലനിറുത്താൻ നിങ്ങളെ സഹായിക്കും