വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതങ്ങൾ അവ എന്തു പ്രയോജനമാണു ചെയ്യുന്നത്‌?

മതങ്ങൾ അവ എന്തു പ്രയോജനമാണു ചെയ്യുന്നത്‌?

മതങ്ങൾ അവ എന്തു പ്രയോജനമാണു ചെയ്യുന്നത്‌?

“മാന്യനായിരിക്കാൻ ഞാനൊരു മതഭക്തനായിരിക്കേണ്ടതില്ല!” അങ്ങനെയാണ്‌ അനേകരും പൊതുവേ ചിന്തിക്കുന്നത്‌. സത്യസന്ധരും അനുകമ്പയുള്ളവരും ആശ്രയയോഗ്യരുമായ പലരും മതത്തിൽ തത്‌പരരല്ല. ഉദാഹരണമായി, പശ്ചിമ യൂറോപ്പിലുള്ള ബഹുഭൂരിപക്ഷവും തങ്ങൾ ദൈവവിശ്വാസികളാണെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ്‌ ക്രമമായി പള്ളിശുശ്രൂഷകളിൽ സംബന്ധിക്കുന്നത്‌. * ലാറ്റിൻ അമേരിക്കയിൽപ്പോലും കത്തോലിക്കരിൽ 15 മുതൽ 20 വരെ ശതമാനം മാത്രമാണ്‌ പതിവായി പള്ളിയിൽ പോകുന്നത്‌.

ഒരു നല്ല ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിൽ മതത്തിനു കാര്യമായ പങ്കൊന്നുമില്ലെന്ന്‌ മറ്റനേകരെയുംപോലെ നിങ്ങൾക്കും തോന്നുന്നുണ്ടാകാം. ഏതാനും ദശാബ്ദങ്ങൾക്കുമുമ്പ്‌ നിങ്ങളുടെ വല്യമ്മവല്യപ്പന്മാരുടെ കാലത്ത്‌ ആളുകൾ ഇന്നുള്ളവരെ അപേക്ഷിച്ച്‌ ഏറെ മതഭക്തരായിരുന്നുവെന്നതും ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാമായിരിക്കും. മതത്തിന്‌ പരക്കെയുണ്ടായിരുന്ന നിലയ്‌ക്കും വിലയ്‌ക്കും കോട്ടംതട്ടിയത്‌ എങ്ങനെയാണ്‌? മതഭക്തനായിരിക്കാതെ ഒരുവന്‌ ഒരു നല്ല വ്യക്തിയായിരിക്കാൻ കഴിയുമോ? നിങ്ങൾക്കു പ്രയോജനം ചെയ്യാനാകുന്ന ഒരു മതം നിലവിലുണ്ടോ?

അനേകരും മതത്തിനുനേരെ പുറംതിരിയാനുള്ള കാരണ

നൂറ്റാണ്ടുകളോളം, ക്രൈസ്‌തവരിൽ അനേകരും ദൈവം മനുഷ്യരിൽനിന്ന്‌ അനുസരണം നിഷ്‌കർഷിക്കുന്നതായി വിശ്വസിച്ചിരുന്നു. പുരോഹിതൻ നടത്തുന്ന ശുശ്രൂഷകളിൽ പങ്കെടുത്തുകൊണ്ടോ ഒരു സുവിശേഷകൻ പറയുന്നപ്രകാരം പ്രവർത്തിച്ചുകൊണ്ടോ ദൈവപ്രീതി നേടാനായി അവർ പള്ളിയിൽ പോയിരുന്നു. സഭകളുടെ കാപട്യമൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ പലരും അങ്ങനെ ചെയ്‌തിരുന്നത്‌. യുദ്ധത്തിലുള്ള മതങ്ങളുടെ പങ്ക്‌ പരക്കെ അറിയാമായിരുന്നു, അതുപോലെതന്നെ ചില പുരോഹിതന്മാരുടെ അധാർമിക ജീവിതരീതിയും. എന്നിരുന്നാലും സഭകൾ അതിൽത്തന്നെ നല്ലതാണെന്ന്‌ മിക്കവരും കരുതിയിരുന്നു. മറ്റു ചിലരാകട്ടെ മതങ്ങളുടെ നിഗൂഢവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷം, പാരമ്പര്യങ്ങൾ, ഗീതങ്ങൾ എന്നിവയിൽ ആകൃഷ്ടരായി. വേറെ ചിലരാകട്ടെ നരാകാഗ്നിയിലെ നിത്യദണ്ഡനത്തിന്റെ ഭയം നിമിത്തം മതത്തിൽ താത്‌പര്യം കാണിച്ചു, അതൊരു തിരുവെഴുത്തുപദേശം അല്ലായിരുന്നിട്ടും. പിന്നീടുണ്ടായ പല സംഭവവികാസങ്ങളും മതത്തോടുള്ള അനേകരുടെയും മനോഭാവത്തിനു മാറ്റംവരുത്തി.

പരിണാമ സിദ്ധാന്തം ജനപ്രീതി നേടി. ജീവൻ യാദൃച്ഛികമായി ഉണ്ടായതാണെന്നും ദൈവത്തിന്‌ അതിൽ യാതൊരു പങ്കും ഇല്ലെന്നും അനേകരും വിശ്വസിക്കാൻ ഇടയായി. ജീവന്റെ ഉറവ്‌ ദൈവമാണെന്നതിനു ബോധ്യം വരുത്തുന്ന തെളിവു നൽകാൻ മിക്ക മതങ്ങളും പരാജയപ്പെട്ടു. (സങ്കീർത്തനം 36:9) അതിനുപുറമേ, സാങ്കേതികവിദ്യയുടെ വളർച്ചയോടെ, അതായത്‌ വൈദ്യശാസ്‌ത്രം, ഗതാഗതം, ആശയവിനിമയം എന്നീ മേഖലകളിൽ കൈവരിച്ച ദ്രുതഗതിയിലുള്ള പുരോഗതിയോടെ, ഏതൊരു പ്രശ്‌നവും ശാസ്‌ത്രത്തിലൂടെ പരിഹരിക്കാമെന്ന ധാരണ ജനഹൃദയങ്ങളിൽ വേരുപിടിച്ചു. കൂടാതെ സാമൂഹ്യശാസ്‌ത്രജ്ഞരുടെയും മനഃശാസ്‌ത്രജ്ഞരുടെയും മാർഗനിർദേശങ്ങൾ സഭകളുടേതിനെക്കാൾ ഏറെ മെച്ചമാണെന്നു തോന്നിത്തുടങ്ങി. അതേസമയം സഭകളാകട്ടെ ദൈവിക നിലവാരങ്ങൾക്കൊത്തു ജീവിക്കുന്നതാണ്‌ ഏറ്റവും മെച്ചമായ ജീവിതരീതിയെന്നു കാണിച്ചുകൊടുക്കുന്നതിൽ അമ്പേ പരാജയപ്പെടുകയും ചെയ്‌തു.​—⁠യാക്കോബ്‌ 1:25.

ഇക്കാരണങ്ങളാൽ അനേകം സഭകളും അവരുടെ പഠിപ്പിക്കലിനുതന്നെ മാറ്റംവരുത്തി. ദൈവം അനുസരണം നിഷ്‌കർഷിക്കുന്നുവെന്ന്‌ പുരോഹിതന്മാരും സുവിശേഷകരും മേലാൽ പഠിപ്പിക്കാതായി. പകരം, ശരിയും തെറ്റും ഒക്കെ ഓരോ വ്യക്തിയും സ്വയം തീരുമാനിക്കേണ്ടതാണെന്ന്‌ അനേകരും പഠിപ്പിച്ചുതുടങ്ങി. ജനപ്രീതി നേടാനായി ചില മതശുശ്രൂഷകർ, എങ്ങനെ ജീവിച്ചാലും ഒരുവനു ദൈവാംഗീകാരം നേടാനാകുമെന്ന്‌ അവകാശപ്പെട്ടു. അത്തരം പഠിപ്പിക്കലുകൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞ പിൻവരുന്ന സംഗതി നമ്മുടെ ഓർമയിലേക്കുകൊണ്ടുവരുന്നു: “അവർ പത്ഥ്യോപദേശം [“ആരോഗ്യാവഹമായ പഠിപ്പിക്കൽ,” NW] പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.”​—⁠2 തിമൊഥെയൊസ്‌ 4:​3, 4.

അത്തരം പഠിപ്പിക്കൽ ആളുകളെ ആകർഷിക്കുകയല്ല അകറ്റിക്കളയുകയാണു ചെയ്യുന്നത്‌. സ്വാഭാവികമായും അവർ ചിന്തിച്ചു: ‘സൃഷ്ടിക്കാനുള്ള ദൈവത്തിന്റെ ശക്തിയെയും നിയമങ്ങൾ നിർമിക്കാനുള്ള അവന്റെ ജ്ഞാനത്തെയും സഭകൾതന്നെ സംശയിക്കുമ്പോൾ പള്ളിയിൽ പോകുന്നതുകൊണ്ട്‌ എനിക്കെന്തു പ്രയോജനം കിട്ടാനാണ്‌? എന്റെ കുട്ടികളിൽ മതഭക്തി വളർത്താൻ ഞാനെന്തിനു മിനക്കെടണം?’ അങ്ങനെ ഒരു നല്ല ജീവിതം നയിക്കാൻ ശ്രമിച്ചിരുന്ന വ്യക്തികൾ മതത്തെ മൂല്യരഹിതമായി കാണാൻ തുടങ്ങി. അവർ സഭകൾ ഉപേക്ഷിച്ചു, മതത്തിനു മേലാൽ അവരുടെ ജീവിതത്തിൽ യാതൊരു പ്രാധാന്യവും ഇല്ലാതായി. മതത്തോടുള്ള ബന്ധത്തിൽ കാര്യങ്ങൾ കീഴ്‌മേൽ മറിയാൻ കാരണം എന്താണ്‌? ബൈബിൾ അതിനു തൃപ്‌തികരമായ വിശദീകരണം നൽകുന്നു.

സ്വാർഥ ലക്ഷ്യങ്ങൾക്കായി മതത്തെ ഉപയോഗിച്ചിരിക്കുന്നു

ചിലർ ക്രിസ്‌ത്യാനിത്വത്തെ സ്വാർഥ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ആദിമ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “ഞാൻ പോയ ശേഷം ആട്ടിൻകൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്‌ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്‌താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേല്‌ക്കും.” (പ്രവൃത്തികൾ 20:29, 30) “വിപരീതോപദേശം” പ്രസ്‌താവിച്ചവരിൽ ഒരാളായിരുന്നു റോമൻ കത്തോലിക്കാ ദൈവശാസ്‌ത്രജ്ഞനായിരുന്ന അഗസ്റ്റിൻ. തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്‌തുകൊണ്ട്‌ കാര്യങ്ങൾ ആളുകളെ ബോധ്യപ്പെടുത്താൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിരുന്നു. എന്നാൽ അഗസ്റ്റിൻ ലൂക്കൊസ്‌ 14:​23-ലെ “അകത്തു വരുവാൻ നിർബ്ബന്ധിക്ക” എന്ന യേശുവിന്റെ വാക്കുകൾ വളച്ചൊടിച്ചുകൊണ്ട്‌ നിർബന്ധിതമായി മതപരിവർത്തനം ചെയ്യിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നു സമർഥിച്ചു. (മത്തായി 28:19, 20; പ്രവൃത്തികൾ 28:23, 24) ആളുകളെ ചൊൽപ്പടിക്കു നിറുത്താൻ അഗസ്റ്റിൻ മതത്തെ കരുവാക്കി.

സാത്താൻ എന്ന മത്സരിയായ ഒരു ദൂതനാണ്‌ മതത്തെ ദുരുപയോഗപ്പെടുത്തുകയും അതിനെ ദുഷിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്‌. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭകളെ ദുഷിപ്പിക്കാൻ അവൻ മതഭക്തരായ ചില പുരുഷന്മാരെ ഇളക്കിവിട്ടു. അവരെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്‌തലന്മാർ, കപടവേലക്കാർ, ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല.”​—⁠2 കൊരിന്ത്യർ 11:13-15.

ദൈവികനിലവാരങ്ങൾക്കു ചേർച്ചയിലല്ല, മറിച്ച്‌ തന്റെ നിലവാരങ്ങൾക്കനുസൃതമായി ജീവിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിന്‌ സാത്താൻ ക്രിസ്‌തീയതയുടെയും ധാർമികതയുടെയും പ്രബുദ്ധതയുടെയും പരിവേഷമുള്ള സഭകളെ ഇന്നും ഉപയോഗിക്കുന്നുണ്ട്‌. (ലൂക്കൊസ്‌ 4:5-7) ഇന്നു പല പുരോഹിതന്മാരും ഉന്നത സ്ഥാനപ്പേരുകൾ സ്വീകരിച്ച്‌ തങ്ങളെത്തന്നെ ഉയർത്തുന്നതിനും ആടുകളിൽനിന്നു പണംപിഴിയുന്നതിനുമായി മതത്തെ ഉപയോഗിക്കുന്നതായി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. പൗരന്മാരെ യുദ്ധക്കളത്തിലേക്കു തള്ളിവിടുന്നതിന്‌ ഗവൺമെന്റുകളും മതത്തെ ഉപയോഗിച്ചിരിക്കുന്നു.

പലരും തിരിച്ചറിയുന്നതിനെക്കാൾ വ്യാപകമായി സാത്താൻ മതത്തെ ഉപയോഗപ്പെടുത്തുന്നു. ചുരുക്കം ചില മതതീവ്രവാദികളേ സാത്താന്റെ താത്‌പര്യങ്ങൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുന്നുള്ളൂ എന്നായിരിക്കാം ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത്‌. എന്നാൽ ബൈബിൾ പറയുന്നത്‌, ‘പിശാചായ സാത്താൻ ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്നു’ എന്നാണ്‌. അതു ഇങ്ങനെയും പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (വെളിപ്പാടു 12:9; 1 യോഹന്നാൻ 5:19) മത-രാഷ്ട്രീയ നേതാക്കന്മാർ സ്വന്തം മുതലെടുപ്പിനായി ഉപയോഗിക്കുന്ന മതങ്ങളെ ദൈവം എങ്ങനെയാണു വീക്ഷിക്കുന്നത്‌?

‘എനിക്കെന്തിന്‌?’

ചില ക്രൈസ്‌തവ സഭകളുടെ പ്രവർത്തനങ്ങൾ നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ? എങ്കിൽ ഇതു നിങ്ങൾ തിരിച്ചറിയുക: സർവശക്തനായ ദൈവത്തിന്‌ അവരിൽ ഒട്ടും പ്രസാദമില്ല. ക്രൈസ്‌തവ സഭകൾ ദൈവവുമായി ഒരു ഉടമ്പടി ചെയ്‌തിരിക്കുന്നതായി അവകാശപ്പെടുന്നു, പുരാതന ഇസ്രായേലും അതേ അവകാശവാദം നടത്തിയിരുന്നു. ഇരുകൂട്ടരും അവിശ്വസ്‌തരെന്നു തെളിഞ്ഞു. യഹോവയുടെ ന്യായവിധി ഇസ്രായേലിനെന്നപോലെതന്നെ ഇന്നത്തെ ക്രൈസ്‌തവലോകത്തിനും ബാധകമാണ്‌. യഹോവ ഇപ്രകാരം പറഞ്ഞു: “ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ടു . . . ശെബയിൽനിന്നു കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നതു എന്തിനു? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല.” (യിരെമ്യാവു 6:19, 20) കപടഭക്തരുടെ ആരാധനാക്രിയകൾ യഹോവ അംഗീകരിച്ചില്ല. അവരുടെ ആചാരാനുഷ്‌ഠാനങ്ങളിലും പ്രാർഥനകളിലും യഹോവയ്‌ക്കു താത്‌പര്യമില്ലായിരുന്നു. അവൻ ഇസ്രായേല്യരോട്‌ പറഞ്ഞു: “നിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. നിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.”​—⁠യെശയ്യാവു 1:14, 15.

ക്രിസ്‌തീയമെന്നപേരിൽ സഭകൾ നടത്തുന്നതും എന്നാൽ വ്യാജദൈവങ്ങളുടെ ബഹുമാനാർഥം ഉടലെടുത്തതുമായ ആഘോഷങ്ങളിൽ യഹോവ പ്രസാദിക്കുമോ? ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളെ കോട്ടിമാട്ടുന്ന പുരോഹിതന്മാരുടെ പ്രാർഥന യഹോവ കേൾക്കുമോ? തന്റെ നിയമങ്ങൾ തള്ളിക്കളയുന്ന ഏതെങ്കിലും മതത്തെ ദൈവം അംഗീകരിക്കുമോ? പുരാതന ഇസ്രായേല്യരുടെ യാഗങ്ങളെ സംബന്ധിച്ച്‌ അവ ‘എനിക്കെന്തിന്‌’ എന്നു യഹോവ ചോദിക്കുകയുണ്ടായി. അതേ വിധത്തിൽത്തന്നെ അവൻ ഇന്നത്തെ ക്രൈസ്‌തവ സഭകളുടെ ആചാരാനുഷ്‌ഠാനങ്ങളോടു പ്രതികരിക്കുമെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും.

എന്നിരുന്നാലും ആത്മാർഥഹൃദയരായ ആളുകൾ സത്യത്തിലധിഷ്‌ഠിതമായി ആരാധിക്കുമ്പോൾ യഹോവ ആഴമായ താത്‌പര്യം പ്രകടമാക്കുകതന്നെ ചെയ്യുന്നു. ദൈവത്തിൽനിന്നു ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ആളുകൾ നന്ദിപ്രകാശിപ്പിക്കുന്നത്‌ അവനു പ്രസാദമുള്ള കാര്യമാണ്‌. (മലാഖി 3:16, 17) ആ സ്ഥിതിക്ക്‌ ദൈവത്തെ ആരാധിക്കാതെ നിങ്ങൾക്കു നല്ല വ്യക്തിയായിരിക്കാൻ കഴിയുമോ? തന്റെ സ്‌നേഹനിധികളായ മാതാപിതാക്കൾക്കായി ഒന്നും ചെയ്യാത്ത ഒരുവൻ നല്ലവനാണെന്നു സ്വയം ചിന്തിക്കുന്നതിൽ യാതൊരു ന്യായവുമില്ല, ശരിയല്ലേ? ദൈവത്തിനുവേണ്ടി ഒന്നും ചെയ്യാത്ത ഒരു വ്യക്തിക്ക്‌ നല്ലവനായിരിക്കാനാകുമോ? അപ്പോൾ ന്യായമായും നമ്മുടെ ജീവന്റെ ദാതാവായ സത്യദൈവത്തിന്റെ ഇഷ്ടങ്ങൾക്കു ജീവിതത്തിൽ പരമപ്രാധാന്യം നൽകേണ്ടതുണ്ട്‌. സത്യാരാധന ദൈവത്തെ മഹത്വപ്പെടുത്തുന്നതെങ്ങനെയെന്നും അതു നമ്മുടെ പ്രയോജനത്തിൽ കലാശിക്കുന്നതെങ്ങനെയെന്നും മനസ്സിലാക്കാൻ തുടർന്നു വായിക്കുക.

[അടിക്കുറിപ്പ്‌]

^ ഖ. 2 “1960-കളിലാണ്‌ . . . അനേകരാജ്യങ്ങളിലും പൊതുവേ മതത്തോടുള്ള വിരക്തി കണ്ടു തുടങ്ങിയത്‌.”​—⁠പശ്ചിമ യൂറോപ്പിലെ ക്രൈസ്‌തവസഭകളുടെ അധോഗതി, 1750-2000 (ഇംഗ്ലീഷ്‌).

[4-ാം പേജിലെ ചിത്രം]

എല്ലാം സൃഷ്ടിച്ചതു ദൈവമാണ്‌ എന്നതിന്റെ തെളിവുകളെ സഭകൾ പിന്താങ്ങിയിട്ടുണ്ടോ?

[4, 5 പേജുകളിലെ ചിത്രം]

ഈ പശ്ചാത്തലം ദൈവത്തിന്റെ ഒരു പ്രതിപുരുഷനു യോജിച്ചതാണോ?

[5-ാം പേജിലെ ചിത്രം]

ഇത്തരം ആഘോഷങ്ങളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?

[കടപ്പാട്‌]

AP Photo/Georgy Abdaladze