വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

ധനികർ ഇങ്ങനെ പറഞ്ഞേക്കാം: “ഞങ്ങളുടെ പുത്രന്മാർ ആരോഗ്യമുള്ള മരങ്ങൾപോലെ. ഞങ്ങളുടെ പുത്രിമാർ കൊട്ടാരത്തിലെ മനോഹരമായ അലങ്കാരങ്ങൾപോലെയും. ഞങ്ങളുടെ പത്തായങ്ങൾ . . . നിറഞ്ഞിരിക്കുന്നു. ഞങ്ങളുടെ വയലുകളിൽ ആയിരക്കണക്കിനു കുഞ്ഞാടുകൾ.” മാത്രമല്ല, അവർ ഇങ്ങനെ കൂട്ടിച്ചേർത്തേക്കാം: “ഇത്തരം സന്ദർഭങ്ങളിൽ ജനം അതീവസന്തുഷ്ടരാണ്‌.” എന്നാൽ ഇതിനു വിപരീതമായി സങ്കീർത്തനക്കാരൻ പറയുന്നു: “യഹോവ തങ്ങളുടെ ദൈവമെങ്കിൽ മനുഷ്യർ അതീവസന്തുഷ്ടരാകുന്നു.” (സങ്കീർത്തനം 144:12-15, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) അതെങ്ങനെ സത്യമല്ലാതിരിക്കും? യഹോവ ധന്യനായ അഥവാ സന്തുഷ്ടനായ ദൈവമാണ്‌, അവനെ ആരാധിക്കുന്നവരും സന്തുഷ്ടരാണ്‌. (1 തിമൊഥെയൊസ്‌ 1:11) ഈ വസ്‌തുത സ്ഥിരീകരിക്കുന്നതാണ്‌ 107 മുതൽ 150 വരെയുള്ള സങ്കീർത്തനങ്ങൾ ഉൾപ്പെടുന്ന, ദിവ്യ നിശ്വസ്‌ത കീർത്തനങ്ങളുടെ അവസാനത്തെ സമാഹാരം.

സങ്കീർത്തനങ്ങളുടെ അഞ്ചാമത്തെ പുസ്‌തകം സ്‌നേഹദയ, വിശ്വസ്‌തത, നന്മ തുടങ്ങിയ യഹോവയുടെ അതിശ്രേഷ്‌ഠ ഗുണങ്ങളെയും വിശേഷവത്‌കരിക്കുന്നുണ്ട്‌. യഹോവയുടെ വ്യക്തിത്വത്തെക്കുറിച്ച്‌ നാം എത്രയധികം ഉൾക്കാഴ്‌ച നേടുന്നുവോ അത്രയധികം അവനെ സ്‌നേഹിക്കാനും ഭയപ്പെടാനും നാം പ്രേരിതരായിത്തീരും. അതാകട്ടെ, നമുക്കു സന്തുഷ്ടി കൈവരുത്തുകയും ചെയ്യും. എത്ര മൂല്യവത്തായ സന്ദേശമാണ്‌ സങ്കീർത്തനങ്ങളുടെ അഞ്ചാം പുസ്‌തകത്തിൽ നാം കാണുന്നത്‌!​—⁠എബ്രായർ 4:12.

യഹോവയുടെ സ്‌നേഹദയ നിമിത്തം സന്തുഷ്ടർ

(സങ്കീർത്തനം 107:1–119:176)

ബാബിലോണിന്റെ അടിമത്തത്തിൽനിന്ന്‌ മടങ്ങിപ്പോരുന്ന യഹൂദന്മാർ ഇപ്രകാരം പാടുന്നു: “അവർ യഹോവയെ അവന്റെ നന്മയെ [“സ്‌നേഹദയയെ,” NW] ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്‌ത അത്ഭുതങ്ങളെ ചൊല്ലിയും സ്‌തുതിക്കട്ടെ.” (സങ്കീർത്തനം 107:8, 15, 21, 31) യഹോവയെ സ്‌തുതിച്ചുകൊണ്ട്‌ ദാവീദ്‌ പാടുന്നു: “നിന്റെ വിശ്വസ്‌തത മേഘങ്ങളോളം എത്തുന്നു.” (സങ്കീർത്തനം 108:4) തുടർന്നുവരുന്ന കീർത്തനത്തിൽ അവൻ ഇങ്ങനെ പ്രാർഥിക്കുന്നു: “എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.” (സങ്കീർത്തനം 109:18, 19, 26) 110-ാം സങ്കീർത്തനം മിശിഹായുടെ ഭരണത്തെക്കുറിച്ചുള്ള പ്രവചനമാണ്‌. “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു” എന്ന്‌ സങ്കീർത്തനം 111:11 പ്രസ്‌താവിക്കുന്നു. “യഹോവയെ ഭയപ്പെ[ടുന്ന] . . . മനുഷ്യൻ ഭാഗ്യവാൻ” എന്ന്‌ തുടർന്നുവരുന്ന സങ്കീർത്തനം പറയുന്നു.​—⁠സങ്കീർത്തനം 112:⁠1.

113 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങളിൽ “ഹല്ലെലൂയ്യാ” അഥവാ “യഹോവയെ സ്‌തുതിപ്പിൻ” എന്ന പ്രയോഗം തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതിനാൽ ആ സങ്കീർത്തനങ്ങൾ ഹല്ലേൽ സങ്കീർത്തനങ്ങൾ എന്നാണ്‌ അറിയപ്പെടുന്നത്‌. മുൻകാലത്തെ അലിഖിത പാരമ്പര്യങ്ങൾ രേഖപ്പെടുത്തിവെച്ച മൂന്നാം നൂറ്റാണ്ടിലെ ഒരു കൃതിയായ മിഷ്‌നാ അനുസരിച്ച്‌ ഈ കീർത്തനങ്ങൾ പെസഹായുടെ സമയത്തും യഹൂദന്മാരുടെ മൂന്ന്‌ വാർഷിക പെരുന്നാളുകളുടെ സമയത്തും പാടിയിരുന്നു. സങ്കീർത്തനങ്ങളിലും ബൈബിളിലെ അധ്യായങ്ങളിലും വെച്ച്‌ ഏറ്റവും ദൈർഘ്യമുള്ള 119-ാം സങ്കീർത്തനം യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനത്തെ അഥവാ സന്ദേശത്തെ പ്രകീർത്തിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

109:23—⁠“ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു” എന്നു പറഞ്ഞപ്പോൾ ദാവീദ്‌ എന്താണ്‌ അർഥമാക്കിയത്‌? തന്റെ മരണം വളരെ ആസന്നമാണെന്ന്‌ തനിക്കു തോന്നുന്നുവെന്ന കാര്യം കാവ്യാത്മകമായി പറയുകയായിരുന്നു ദാവീദ്‌.​—⁠സങ്കീർത്തനം 102:11.

110:​1, 2—⁠ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഇരിക്കവേ “[ദാവീദിന്റെ] കർത്താ”വായ യേശുക്രിസ്‌തു എന്തു ചെയ്‌തു? പുനരുത്ഥാനശേഷം സ്വർഗാരോഹണംചെയ്‌ത യേശു രാജാവെന്ന നിലയിൽ ഭരണം തുടങ്ങുന്നതിനായി 1914 വരെ ദൈവത്തിന്റെ വലത്തുഭാഗത്തു കാത്തിരുന്നു. ആ സമയത്ത്‌, തന്റെ അഭിഷിക്ത അനുഗാമികളെ പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നയിക്കുകയും തന്റെ രാജ്യത്തിൽ സഹഭരണാധികാരികൾ ആയിരിക്കാൻ വേണ്ടി അവരെ ഒരുക്കുകയും ചെയ്‌തുകൊണ്ട്‌ യേശു അവരുടെമേൽ ഭരണം നടത്തി.​—⁠മത്തായി 24:14; 28:18-20; ലൂക്കൊസ്‌ 22:28-30.

110:4—⁠യഹോവ ‘അനുതപിക്കുകയില്ലാത്തവിധം ചെയ്‌ത സത്യം’ അഥവാ ശപഥം എന്താണ്‌? യേശുക്രിസ്‌തു രാജാവും മഹാപുരോഹിതനുമായി സേവിക്കുന്നതിനുവേണ്ടി യഹോവ അവനോടു ചെയ്‌ത ഉടമ്പടിയാണത്‌.​—⁠ലൂക്കൊസ്‌ 22:29.

113:3—⁠“സൂര്യന്റെ ഉദയംമുതൽ അസ്‌തമാനംവരെ” യഹോവയുടെ നാമം സ്‌തുതിക്കപ്പെടട്ടെ എന്നു പറയുമ്പോൾ എന്താണ്‌ അർഥമാക്കുന്നത്‌? ഒരു കൂട്ടം വ്യക്തികൾ യഹോവയെ അനുദിനം ആരാധിക്കുന്നതിലധികം ഇതിൽ ഉൾപ്പെടുന്നുണ്ട്‌. സൂര്യൻ കിഴക്ക്‌ ഉദിച്ച്‌ പടിഞ്ഞാറ്‌ അസ്‌തമിക്കുന്നതുവരെയുള്ള സമയത്ത്‌ സൂര്യരശ്‌മികൾ ഗോളത്തെ മുഴുവൻ പ്രകാശമാനമാക്കുന്നു. സമാനമായി, മുഴുഭൂമിയിലും യഹോവയുടെ നാമം സ്‌തുതിക്കപ്പെടണം. സംഘടിതമായ ഒരു ശ്രമത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ. യഹോവയുടെ സാക്ഷികളെന്ന നിലയിൽ, നമുക്ക്‌ യഹോവയെ സ്‌തുതിക്കുന്നതിനും രാജ്യഘോഷണവേലയിൽ തീക്ഷ്‌ണതയോടെ പങ്കെടുക്കുന്നതിനുമുള്ള അമൂല്യ പദവിയുണ്ട്‌.

116:15—⁠“തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു” എത്ര ‘വിലയേറിയതാണ്‌?’ ഒരു കൂട്ടമെന്ന നിലയിലുള്ള തന്റെ ആരാധകരുടെ മരണം ഒരുപ്രകാരത്തിലും അനുവദിച്ചുകൊടുക്കാനാകാത്ത ഒന്നായി യഹോവ കരുതുന്നു, അവർ അവന്‌ അത്രയ്‌ക്കു വിലപ്പെട്ടവരാണ്‌. അങ്ങനെ സംഭവിക്കാൻ അനുവദിച്ചാൽ അവന്റെ ശത്രുക്കൾ അവനെക്കാൾ ശക്തരാണെന്നു വരും. കൂടാതെ, പുതിയലോകത്തിന്‌ ഒരു അടിസ്ഥാനമെന്ന നിലയിൽ ആരും ഈ ഭൂമിയിൽ അവശേഷിക്കുകയുമില്ല.

119:​71—⁠കഷ്ടം സഹിക്കുന്നത്‌ ഗുണകരമായിരിക്കുന്നത്‌ ഏതു വിധത്തിലാണ്‌? യഹോവയിൽ കൂടുതലായി ആശ്രയിക്കാനും കൂടുതൽ ആത്മാർഥമായി അവനോടു പ്രാർഥിക്കാനും ക്ലേശങ്ങൾക്ക്‌ നമ്മെ പഠിപ്പിക്കാനാകും. മാത്രമല്ല, ബൈബിൾ പഠിക്കുന്നതിലും അതിൽ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിലും കൂടുതൽ ശുഷ്‌കാന്തി ഉള്ളവരായിരിക്കാനും അവ നമ്മെ പഠിപ്പിക്കും. കൂടാതെ, ക്ലേശങ്ങളോടു നാം പ്രതികരിക്കുന്ന വിധം, തിരുത്താനാകുന്ന നമ്മുടെ അപൂർണതകളെ വെളിച്ചത്തു കൊണ്ടുവന്നേക്കാം. നമ്മെ സ്‌ഫുടംചെയ്യാൻ നാം കഷ്ടങ്ങളെ അനുവദിക്കുന്നെങ്കിൽ ക്ലേശം അനുഭവിക്കുമ്പോൾ നാം നീരസമുള്ളവരായിത്തീരില്ല.

119:​96—⁠“സകലസമ്പൂർത്തിക്കും . . . അവസാനം” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? മനുഷ്യ കാഴ്‌ചപ്പാടിൽനിന്നുള്ള സമ്പൂർത്തി അഥവാ പൂർണതയെക്കുറിച്ചാണ്‌ സങ്കീർത്തനക്കാരൻ ഇവിടെ പറയുന്നത്‌. പൂർണതയെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ പരിമിതമാണ്‌ എന്ന സംഗതിയായിരിക്കാം സാധ്യതയനുസരിച്ച്‌ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌. ഇതിനു വിപരീതമായി, ദൈവത്തിന്റെ കൽപ്പനയ്‌ക്ക്‌ അത്തരത്തിലുള്ള യാതൊരു പരിമിതിയുമില്ല. അതിന്റെ വഴിനടത്തിപ്പ്‌ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്‌പർശിക്കുന്നു. പി.ഒ.സി. ബൈബിൾ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “എല്ലാ പൂർണ്ണതയ്‌ക്കും അതിർത്തി ഞാൻ കണ്ടിട്ടുണ്ട്‌; എന്നാൽ, അങ്ങയുടെ കല്‌പനകൾ നിസ്സീമമാണ്‌.”

119:​164—⁠“ദിവസം ഏഴു പ്രാവശ്യം” ദൈവത്തെ സ്‌തുതിക്കുന്നത്‌ എന്താണ്‌ അർഥമാക്കുന്നത്‌? ഏഴ്‌ എന്ന സംഖ്യ മിക്കപ്പോഴും പൂർണതയെ കുറിക്കുന്നു. അതുകൊണ്ട്‌ യഹോവ സകല സ്‌തുതിയും അർഹിക്കുന്നു എന്നാണ്‌ സങ്കീർത്തനക്കാരൻ ഇവിടെ അർഥമാക്കുന്നത്‌.

നമുക്കുള്ള പാഠങ്ങൾ:

107:27-31. അർമഗെദോൻ ആഞ്ഞടിക്കുമ്പോൾ ലോകത്തിലെ ജ്ഞാനികൾ ‘എന്തുചെയ്യണമെന്ന്‌ അറിയാത്ത’ (പി.ഒ.സി.) അവസ്ഥയിലായിരിക്കും. (വെളിപ്പാടു 16:14, 16) അവരുടെ ജ്ഞാനത്തിന്‌ ആരെയും നാശത്തിൽനിന്നു രക്ഷിക്കാൻ കഴിയില്ല. രക്ഷയ്‌ക്കായി യഹോവയിലേക്കു നോക്കുന്നവർ മാത്രം അവനെ “അവന്റെ നന്മയെ [“സ്‌നേഹദയയെ,” NW] ചൊല്ലി . . . സ്‌തുതി”ക്കാനായി ജീവിച്ചിരിക്കും.

109:30, 31; 110:⁠5. സാധാരണഗതിയിൽ ഒരു പടയാളിയുടെ, വാളേന്തുന്ന വലതുകൈക്ക്‌ ഇടതുകൈയിൽ പിടിച്ചിരിക്കുന്ന പരിചയുടെ സംരക്ഷണം ലഭിക്കാറില്ല. ആലങ്കാരികമായ ഒരർഥത്തിൽ, തന്റെ ദാസർക്കുവേണ്ടി പോരാടുന്നതിനായി യഹോവ അവരുടെ “വലത്തുഭാഗത്തു നില്‌ക്കുന്നു.” അങ്ങനെ അവൻ അവർക്ക്‌ സംരക്ഷണവും സഹായവും നൽകുന്നു​—⁠അവനെ “അത്യന്തം സ്‌തുതി”ക്കാനുള്ള എത്ര നല്ല കാരണം!

113:4-9. ‘ആകാശത്തിലുള്ളവ’പോലും കുനിഞ്ഞുനോക്കേണ്ടിവരും വിധം അത്ര ഉന്നതനാണ്‌ യഹോവ. എന്നിട്ടും, അവൻ എളിയവനോടും ദരിദ്രനോടും മക്കളില്ലാത്ത സ്‌ത്രീകളോടും മനസ്സലിവുള്ളവനാണ്‌. പരമാധികാരിയാം കർത്താവായ യഹോവ താഴ്‌മയുള്ളവനാണ്‌, തന്റെ ആരാധകരും അങ്ങനെ ആയിരിക്കാൻ അവൻ ആഗ്രഹിക്കുന്നു.​—⁠യാക്കോബ്‌ 4:⁠6.

114:3-7. ചെങ്കടലിലും യോർദ്ദാൻ നദിയിലും സീനായി പർവതത്തിലും വെച്ച്‌ യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്‌ത അത്ഭുത പ്രവൃത്തികളെക്കുറിച്ചുള്ള അറിവ്‌ നമ്മെ ആഴമായി സ്വാധീനിക്കണം. “ഭൂമി”യാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന മനുഷ്യവർഗത്തിന്‌ യഹോവയുടെ പ്രവൃത്തികൾ നിമിത്തം ഭക്ത്യാദരവ്‌ തോന്നണം, ആലങ്കാരികമായി പറഞ്ഞാൽ അവർ “വിറെക്ക”ണം.

119:97-101. ദൈവവചനത്തിൽനിന്നുള്ള ജ്ഞാനവും ഉൾക്കാഴ്‌ചയും വിവേകവും നേടുന്നത്‌ ആത്മീയമായ ഹാനിയിൽനിന്നു നമ്മെ സംരക്ഷിക്കുന്നു.

119:105. ഇന്നത്തെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ദൈവവചനത്തിന്‌ നമ്മെ സഹായിക്കാനാകും എന്ന അർഥത്തിൽ അത്‌ നമ്മുടെ കാലിനു ദീപമാണ്‌. ഭാവിയെ സംബന്ധിച്ച ദൈവോദ്ദേശ്യം മുൻകൂട്ടിപ്പറയുന്നതിനാൽ ആലങ്കാരികമായി അതു നമ്മുടെ പാതയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.

പ്രയാസങ്ങൾക്കു മധ്യേയും സന്തുഷ്ടർ

(സങ്കീർത്തനം 120:1-145:21)

നമുക്ക്‌ എങ്ങനെ ക്ലേശപൂർണമായ സാഹചര്യങ്ങളെ നേരിടാനും പ്രയാസങ്ങളെ അതിജീവിക്കാനും കഴിയും? 120 മുതൽ 134 വരെയുള്ള സങ്കീർത്തനങ്ങൾ ഈ ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകുന്നു. സഹായത്തിനായി യഹോവയിലേക്കു നോക്കിക്കൊണ്ട്‌ നാം പ്രയാസങ്ങളെ അതിജീവിക്കുകയും സന്തോഷം നിലനിറുത്തുകയും ചെയ്യുന്നു. ആരോഹണഗീതങ്ങൾ എന്നറിയപ്പെടുന്ന ഈ സങ്കീർത്തനങ്ങൾ, വാർഷിക പെരുന്നാളുകൾ ആചരിക്കാനായി മലകളിൽ സ്ഥിതിചെയ്‌തിരുന്ന യെരൂശലേമിലേക്ക്‌ യാത്രചെയ്യവേ ഇസ്രായേല്യർ ആലപിച്ചിരുന്നതായിരിക്കണം.

135-ഉം 136-ഉം സങ്കീർത്തനങ്ങൾ, നിസ്സഹായരായ വിഗ്രഹങ്ങളിൽനിന്നു തികച്ചും വ്യത്യസ്‌തമായി തനിക്ക്‌ പ്രസാദകരമായതെന്തും ചെയ്യുന്നവനായി യഹോവയെ ചിത്രീകരിക്കുന്നു. 136-ാം സങ്കീർത്തനം ഗാനപ്രതിഗാന ശൈലിയിൽ ആലപിക്കുന്നതിനായി രചിച്ചതായിരുന്നു, അതായത്‌ ഓരോ വാക്യത്തിന്റെയും അവസാന ഭാഗം ആദ്യ ഭാഗത്തോടുള്ള പ്രതികരണമെന്ന നിലയിൽ പാടാനുള്ളതായിരുന്നു. സീയോനിൽ യഹോവയെ ആരാധിക്കാൻ ആഗ്രഹിച്ച, ബാബിലോണിലെ യഹൂദന്മാരുടെ ഹൃദയംതകർന്ന അവസ്ഥയെ വർണിക്കുന്നതാണ്‌ തുടർന്നുവരുന്ന സങ്കീർത്തനം. 138 മുതൽ 145 വരെയുള്ള സങ്കീർത്തനങ്ങൾ ദാവീദ്‌ രചിച്ചതാണ്‌. ‘പൂർണ്ണഹൃദയത്തോടെ യഹോവയ്‌ക്കു സ്‌തോത്രം ചെയ്യാൻ’ അവൻ ആഗ്രഹിക്കുന്നു. എന്താണ്‌ കാരണം? അവൻ പറയുന്നു: ‘ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കുന്നു.’ (സങ്കീർത്തനം 138:1; 139:14) ദുഷ്ടമനുഷ്യരിൽനിന്നുള്ള സംരക്ഷണത്തിനും നീതിനിഷ്‌ഠമായ ശാസനകൾക്കും പീഡിപ്പിക്കുന്നവരിൽനിന്നുള്ള വിടുതലിനും നേരായ രീതിയിൽ ജീവിക്കുന്നതിന്‌ ആവശ്യമായ മാർഗനിർദേശത്തിനുമായുള്ള ദാവീദിന്റെ പ്രാർഥനകൾ 140 മുതൽ 144 വരെയുള്ള സങ്കീർത്തനങ്ങളിൽ നാം കാണുന്നു. യഹോവയുടെ ജനത്തിന്റെ സന്തോഷത്തെക്കുറിച്ച്‌ അവൻ എടുത്തുപറയുന്നു. (സങ്കീർത്തനം 144:15) യഹോവയുടെ മഹിമയെയും നന്മയെയും കുറിച്ച്‌ അവലോകനം ചെയ്‌തശേഷം ദാവീദ്‌ ഇങ്ങനെ പറയുന്നു: “എന്റെ വായ്‌ യഹോവയുടെ സ്‌തുതിയെ പ്രസ്‌താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്‌ത്തട്ടെ.”​—⁠സങ്കീർത്തനം 145:⁠21.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

122:3—⁠യെരൂശലേം “തമ്മിൽ ഇണക്കിയ” നഗരമായിരുന്നത്‌ ഏതു വിധത്തിലാണ്‌? പുരാതന കാലത്തെ മിക്ക നഗരങ്ങളുടെയും കാര്യത്തിലെന്നപോലെ യെരൂശലേമിലും അടുത്തടുത്താണ്‌ വീടുകൾ പണിതിരുന്നത്‌. അതുകൊണ്ടുതന്നെ നഗരം സംരക്ഷിക്കുക എളുപ്പമായിരുന്നു. മാത്രമല്ല, വീടുകൾ അടുത്തടുത്ത്‌ സ്ഥിതിചെയ്‌തിരുന്നതിനാൽ നഗരവാസികൾക്ക്‌ പരസ്‌പരം സഹായിക്കാനും സംരക്ഷിക്കാനും കഴിയുമായിരുന്നു. ആരാധനയ്‌ക്കായി കൂടിവന്നപ്പോൾ ഇസ്രായേലിലെ 12 ഗോത്രങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആത്മീയ ഐക്യത്തെ ഇതു സൂചിപ്പിക്കുന്നു.

123:​2—⁠ദാസരുടെ കണ്ണിനെ കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ ആശയമെന്താണ്‌? ദാസന്മാരും ദാസികളും യജമാനന്റെ അല്ലെങ്കിൽ യജമാനത്തിയുടെ കൈയിലേക്കു നോക്കുന്നതിന്‌ രണ്ടു കാരണങ്ങളുണ്ട്‌: യജമാനന്റെ അല്ലെങ്കിൽ യജമാനത്തിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്നതിനുവേണ്ടി; സംരക്ഷണത്തിനും ജീവിതാവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനുംവേണ്ടി. സമാനമായി, യഹോവയുടെ ഇഷ്ടം തിരിച്ചറിയുന്നതിനും അവന്റെ കൃപ നേടുന്നതിനുമായി നാം യഹോവയിലേക്കു നോക്കുന്നു.

131:1-3—⁠“തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ” ദാവീദ്‌ തന്റെ “പ്രാണനെ താലോലിച്ചു മിണ്ടാതാക്കി”യത്‌ എങ്ങനെ? മുലകുടി മാറിയ ഒരു കുട്ടി തന്റെ അമ്മയുടെ കരങ്ങളിൽ സാന്ത്വനവും സംതൃപ്‌തിയും കണ്ടെത്താൻ പഠിക്കുന്നു. സമാനമായി, “തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ” ദാവീദ്‌ തന്റെ പ്രാണനെ ആശ്വസിപ്പിക്കാനും സാന്ത്വനപ്പെടുത്താനും പഠിച്ചു. എങ്ങനെ? ഹൃദയംകൊണ്ട്‌ ഗർവിക്കാതെയും നിഗളിച്ചുനടക്കാതെയും തന്റെ എത്തുപാടിന്‌ അതീതമായ വൻകാര്യങ്ങളിൽ ഇടപെടാതെയും ഇരുന്നുകൊണ്ട്‌. പ്രാമുഖ്യത തേടുന്നതിനു പകരം ദാവീദ്‌ മിക്കപ്പോഴും തന്റെ പരിമിതികൾ തിരിച്ചറിയുകയും താഴ്‌മ പ്രകടമാക്കുകയും ചെയ്‌തു. നാം ആ മനോഭാവം അനുകരിക്കുന്നതു ബുദ്ധിയാണ്‌, വിശേഷിച്ച്‌ സഭയിൽ പദവികളിൽ എത്തിച്ചേരാൻ ശ്രമിക്കുമ്പോൾ.

നമുക്കുള്ള പാഠങ്ങൾ:

120:1, 2, 6, 7അപകീർത്തിപ്പെടുത്തുന്നതും വ്രണപ്പെടുത്തുന്നതുമായ സംസാരം മറ്റുള്ളവർക്ക്‌ താങ്ങാനാകാത്ത മനോവിഷമം വരുത്തിവെച്ചേക്കാം. നമ്മുടെ നാവിനു കടിഞ്ഞാണിടുന്നത്‌ നാം “സമാധാനപ്രിയ”രാണ്‌ എന്നു കാണിക്കുന്നതിനുള്ള ഒരു മാർഗമാണ്‌.

120:3, 4‘വഞ്ചനയുള്ള നാവുള്ള’ ആരെയെങ്കിലും സഹിക്കേണ്ടിവരുന്നെങ്കിൽ, യഹോവ തന്റെ തക്കസമയത്ത്‌ കാര്യങ്ങൾ നേരെയാക്കും എന്ന അറിവിൽനിന്ന്‌ നമുക്ക്‌ ആശ്വാസം കണ്ടെത്താനാകും. ഏഷണിക്കാർ “വീരന്റെ” കയ്യാലുള്ള അനർഥത്തിന്‌ ഇരയാകും. അവർ ‘പൂവത്തിൻ കനലിനാൽ’ പ്രതീകവത്‌കരിക്കപ്പെടുന്ന, യഹോവയുടെ ഉഗ്ര ന്യായവിധിക്കു വിധേയരാകുകതന്നെ ചെയ്യും.

127:1, 2നമ്മുടെ എല്ലാ സംരംഭങ്ങളിലും നാം വഴിനടത്തിപ്പിനായി യഹോവയിലേക്കു നോക്കണം.

133:1-3. യഹോവയുടെ ജനത്തിനിടയിലെ ഐക്യം സാന്ത്വനദായകവും പരിപുഷ്ടിപ്പെടുത്തുന്നതും നവോന്മേഷപ്രദവുമാണ്‌. കുറ്റം കണ്ടുപിടിക്കുകയോ വഴക്കുണ്ടാക്കുകയോ പരാതിപ്പെടുകയോ ചെയ്‌തുകൊണ്ട്‌ നാം അത്‌ തകർക്കരുത്‌.

137:1, 5, 6പ്രവാസത്തിലായിരുന്ന, യഹോവയുടെ ആരാധകർക്ക്‌ ദൈവത്തിന്റെ സംഘടനയുടെ അന്നത്തെ ഭൗമിക ഭാഗമായ സീയോനോട്‌ വളരെ അടുപ്പം തോന്നി. നമ്മെ സംബന്ധിച്ചെന്ത്‌? ഇന്ന്‌ യഹോവ ഉപയോഗിക്കുന്ന സംഘടനയോട്‌ നാം വിശ്വസ്‌തമായി പറ്റിനിൽക്കുന്നുവോ?

138:⁠2. യഹോവ തന്റെ ‘നാമത്തിന്നു മീതെ ഒക്കെയും തന്റെ വാഗ്‌ദാനം മഹിമപ്പെടുത്തുന്നത്‌,’ അവൻ തന്റെ നാമത്തിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന സകല കാര്യങ്ങളുടെയും നിവൃത്തി നമ്മുടെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടുന്നതായിരിക്കും എന്ന അർഥത്തിലാണ്‌. അതേ, മഹത്തായ പ്രതീക്ഷകളാണ്‌ നമ്മെ കാത്തിരിക്കുന്നത്‌.

139:1-6, 15, 16. യഹോവ നമ്മുടെ പ്രവർത്തനങ്ങളും നിരൂപണങ്ങളും അറിയുന്നു, നാം പറയാൻ പോകുന്നതെന്താണെന്ന്‌ നാം സംസാരിക്കുംമുമ്പേ അവന്‌ അറിയാം. നാം ഭ്രൂണമായി രൂപംകൊണ്ടപ്പോൾ മുതൽ, ശരീരാവയവങ്ങൾ ഓരോന്നും പ്രത്യക്ഷമാകുന്നതിനു മുമ്പുതന്നെ, യഹോവയ്‌ക്കു നമ്മെ അറിയാം. വ്യക്തികളെന്ന നിലയിൽ ദൈവത്തിന്‌ നമ്മെക്കുറിച്ചുള്ള അറിവ്‌ നമുക്ക്‌ ഗ്രഹിക്കാനാകാത്തവിധം “അത്യത്ഭുതമാകുന്നു.” നാം ഒരു പ്രയാസകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോൾ ദൈവം അതു കാണുന്നുവെന്നു മാത്രമല്ല, അത്‌ നമ്മെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം അവൻ മനസ്സിലാക്കുകയും ചെയ്യുന്നു എന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസപ്രദമാണ്‌!

139:7-12. നാം എവിടെ പോയാലും ദൈവത്തിന്‌ ശക്തിപ്പെടുത്താനാകാത്തത്ര വിദൂരത്തിലായിരിക്കില്ല നാം.

139:17, 18. യഹോവയെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ആസ്വാദനം കണ്ടെത്താൻ നാം പഠിച്ചിരിക്കുന്നുവോ? (സദൃശവാക്യങ്ങൾ 2:10) അങ്ങനെയെങ്കിൽ ആനന്ദത്തിന്റെ ഒരു വറ്റാത്ത ഉറവ്‌ നാം കണ്ടെത്തിക്കഴിഞ്ഞു. യഹോവയുടെ വിചാരങ്ങൾ “മണലിനെക്കാൾ അധിക”മാകുന്നു. അവനെക്കുറിച്ച്‌ എത്ര പഠിച്ചാലും തീരില്ല.

139:23, 24. “വ്യസനത്തിന്നുള്ള മാർഗ്ഗം”​—⁠തെറ്റായ ചിന്തകൾ, ആഗ്രഹങ്ങൾ, ചായ്‌വുകൾ​—⁠നമ്മിൽ ഉണ്ടോയെന്ന്‌ അറിയാനായി യഹോവ നമ്മുടെ അന്തരംഗങ്ങളെ പരിശോധിക്കാനും, അവ പിഴുതെറിയാൻ നമ്മെ സഹായിക്കാനും നാം ആഗ്രഹിക്കണം.

143:4-7. അങ്ങേയറ്റം ക്ലേശകരമായ സാഹചര്യങ്ങളിൽപ്പോലും നമുക്ക്‌ എങ്ങനെ സഹിച്ചുനിൽക്കാനാകും? അതിനുള്ള ഉത്തമ മാർഗം സങ്കീർത്തനക്കാരൻ കാണിച്ചുതരുന്നു: യഹോവയുടെ പ്രവൃത്തികളെക്കുറിച്ചു ധ്യാനിക്കുക, അവയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുക, സഹായത്തിനായി അവനോടു പ്രാർഥിക്കുക.

“യഹോവയെ സ്‌തുതിപ്പിൻ”

സങ്കീർത്തനങ്ങളുടെ ആദ്യത്തെ നാലു സമാഹാരങ്ങളും ഉപസംഹരിക്കുന്നത്‌ യഹോവയെ സ്‌തുതിക്കുന്ന വാക്കുകളോടെയാണ്‌. (സങ്കീർത്തനം 41:13; 72:19, 20; 89:52; 106:48) അവസാനത്തെ സമാഹാരത്തിന്റെ കാര്യത്തിലും അതുതന്നെ സത്യമാണ്‌. സങ്കീർത്തനം 150:6 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ജീവനുള്ളതൊക്കെയും യഹോവയെ സ്‌തുതിക്കട്ടെ; യഹോവയെ സ്‌തുതിപ്പിൻ.” ദൈവത്തിന്റെ പുതിയ ലോകത്തിൽ അതൊരു യാഥാർഥ്യമായിത്തീരുകതന്നെ ചെയ്യും.

ആ അനുഗൃഹീത കാലത്തിനായി കാത്തിരിക്കവേ സത്യദൈവത്തെ മഹത്ത്വപ്പെടുത്തുന്നതിനും അവന്റെ നാമത്തെ സ്‌തുതിക്കുന്നതിനും നമുക്ക്‌ ധാരാളം കാരണങ്ങളുണ്ട്‌. യഹോവയെ അറിയുകയും അവനുമായി ഒരു നല്ല ബന്ധം ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ നമുക്കു ലഭിക്കുന്ന സന്തോഷത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നന്ദിനിറഞ്ഞ ഹൃദയത്തോടെ അവനെ സ്‌തുതിക്കാൻ നാം പ്രേരിതരാകുന്നില്ലേ?

[15-ാം പേജിലെ ചിത്രം]

യഹോവയുടെ അത്ഭുത പ്രവൃത്തികൾ ഭയാദരവ്‌ ഉണർത്തുന്നവയാണ്‌

[16-ാം പേജിലെ ചിത്രം]

യഹോവയുടെ വിചാരങ്ങൾ “മണലിനെക്കാൾ അധിക”മാകുന്നു