വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദ്ദേഹം യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു

അദ്ദേഹം യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു

അദ്ദേഹം യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു

യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗമായിരുന്ന ആൽബർട്ട്‌ ഡി. ഷ്രോഡർ 2006 മാർച്ച്‌ 8 ബുധനാഴ്‌ച തന്റെ ഭൗമിക ജീവിതഗതി പൂർത്തിയാക്കി. 73-ലധികം വർഷങ്ങൾ മുഴുസമയ സേവനത്തിൽ ചെലവഴിച്ച അദ്ദേഹത്തിന്‌ മരിക്കുമ്പോൾ 94 വയസ്സുണ്ടായിരുന്നു.

1911-ൽ യു.എ⁠സ്‌.എ.-യിലെ മിഷിഗണിലുള്ള സാഗിനോയിലാണ്‌ ഷ്രോഡർ സഹോദരൻ ജനിച്ചത്‌. * കുട്ടിക്കാലത്ത്‌ തന്റെ അമ്മയുടെ അമ്മയിൽനിന്ന്‌ അദ്ദേഹം ബൈബിളിനെക്കുറിച്ച്‌ വളരെയധികം കാര്യങ്ങൾ മനസ്സിലാക്കി. അവർ ആ കുരുന്നു മനസ്സിൽ യഹോവയുടെ വചനം വായിക്കുന്നതിലുള്ള താത്‌പര്യം അങ്കുരിപ്പിക്കുകയും ചെയ്‌തു. മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം ലാറ്റിൻ, ജർമൻ എന്നീ ഭാഷകളും ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ്ങും പഠിച്ചു. എന്നാൽ തിരുവെഴുത്തുകളോടുള്ള വിലമതിപ്പ്‌ വർധിച്ചതോടെ അദ്ദേഹം ലൗകിക വിദ്യാഭ്യാസം വിട്ട്‌ മുഴുസമയ രാജ്യഘോഷണ വേല ഏറ്റെടുത്തു. 1932-ൽ അദ്ദേഹം ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ബെഥേൽ കുടുംബത്തിലെ ഒരു അംഗമായിത്തീർന്നു.

1937-ൽ, 26 വയസ്സുള്ളപ്പോൾ ബ്രിട്ടനിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാനുള്ള നിയമനം ഷ്രോഡർ സഹോദരനു ലഭിച്ചു. പ്രസംഗവേലയിലുള്ള അദ്ദേഹത്തിന്റെ തീക്ഷ്‌ണത മുഴുസമയ സേവനം ഏറ്റെടുക്കുന്നതിന്‌ അവിടെയുള്ള പലർക്കും പ്രോത്സാഹനമായി. ലണ്ടൻ ബെഥേലിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരു യുവവ്യക്തിയായിരുന്നു ജോൺ ഇ. ബാർ. പിന്നീട്‌ വർഷങ്ങളോളം അവർ ഒരുമിച്ച്‌ ഭരണസംഘത്തിൽ സേവിക്കുകയുണ്ടായി.

യുദ്ധകാലഘട്ടത്തിൽ, യഹോവയുടെ സാക്ഷികൾക്കായി അദ്ദേഹം ചെയ്‌ത കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയില്ല. 1942 ആഗസ്റ്റിൽ ബ്രിട്ടനിൽനിന്ന്‌ അദ്ദേഹത്തെ നാടുകടത്തി. അറ്റ്‌ലാന്റിക്‌ സമുദ്രത്തിലൂടെയുള്ള ഭീതിദമായ ഒരു യുദ്ധകാല യാത്രയ്‌ക്കു ശേഷം സെപ്‌റ്റംബറിൽ അദ്ദേഹം ബ്രുക്ലിനിൽ തിരിച്ചെത്തി.

ആ സമയമായപ്പോഴേക്കും യഹോവയുടെ ജനം, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രവർത്തനം വിപുലമാക്കേണ്ടിവരുമെന്ന്‌ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. തന്റെ അടുത്ത നിയമനം ഷ്രോഡർ സഹോദരനെ ആശ്ചര്യഭരിതനാക്കി. വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിനു വേണ്ടിയുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിൽ സഹായിക്കുക എന്ന ആ നിയമനം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. തുടർന്നുവന്ന ഏതാനും വർഷങ്ങളിൽ മിഷനറിമാരെ പരിശീലിപ്പിക്കുന്നതിൽ സഹായിച്ചുകൊണ്ട്‌ അദ്ദേഹം ഈ സ്‌കൂളിൽ അധ്യാപകനായി സേവിച്ചു. ഗിലെയാദ്‌ സ്‌കൂളിലും പിന്നീട്‌ രാജ്യശുശ്രൂഷാസ്‌കൂളിലും അദ്ദേഹം പഠിപ്പിച്ച വിദ്യാർഥികൾക്ക്‌ അദ്ദേഹത്തിന്റെ ക്ലാസ്സുകളെക്കുറിച്ച്‌ ഇപ്പോഴും മധുരിക്കുന്ന ഓർമകളുണ്ട്‌. തന്റെ വിദ്യാർഥികളിൽ ദൈവത്തിന്റെ നിയമങ്ങളോടുള്ള സ്‌നേഹം അങ്കുരിപ്പിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തുകയും യഹോവയെ അടുത്തറിയേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും ചെയ്‌തു.

1956-ൽ ഷ്രോഡർ സഹോദരൻ ഷാർലറ്റ്‌ ബോവിനെ വിവാഹം കഴിച്ചു. 1958-ൽ അവർക്കൊരു മകൻ ജനിച്ചു, ജൂഡ ബെൻ. നല്ലൊരു ക്രിസ്‌തീയ ഭർത്താവും പിതാവുമായിരുന്നു ഷ്രോഡർ സഹോദരൻ. 1974-ൽ അദ്ദേഹം ഭരണസംഘത്തിൽ സേവിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ച ഭരണസംഘം അങ്ങേയറ്റം വിലമതിച്ചിരുന്നു. ദയയും താഴ്‌മയും പ്രകടമാക്കിയ അദ്ദേഹം എല്ലാറ്റിനും ഉപരിയായി, ദൈവത്തിന്റെ മഹനീയനാമം മഹത്ത്വപ്പെടുത്താൻ ആഗ്രഹിച്ചു. “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച” ഒരു അഭിഷിക്ത ക്രിസ്‌ത്യാനിയെന്ന നിലയിൽ ഷ്രോഡർ സഹോദരന്‌ തന്റെ സ്വർഗീയ പ്രതിഫലം ലഭിച്ചു എന്നതിൽ നമുക്ക്‌ ഉറപ്പുണ്ട്‌.​—⁠സങ്കീർത്തനം 1:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 3 ഷ്രോഡർ സഹോദരന്റെ ജീവിതകഥ 1988 മാർച്ച്‌ 1 ലക്കം ഇംഗ്ലീഷ്‌ വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.