വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”

“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”

“നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം”

സങ്കീർത്തനക്കാരനു ദൈവനിശ്വസ്‌ത സന്ദേശത്തോടുള്ള അല്ലെങ്കിൽ വചനത്തോടുള്ള വിലമതിപ്പ്‌ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്‌ 119-ാം സങ്കീർത്തനം. അവൻ എഴുതുന്നു: “[ഞാൻ] നിന്റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.” “ഞാൻ നിന്റെ ചട്ടങ്ങളിൽ രസിക്കും.” “നിന്റെ വിധികൾക്കായുള്ള നിത്യവാഞ്‌ഛകൊണ്ടു എന്റെ മനസ്സു തകർന്നിരിക്കുന്നു.” “നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദ”മാകുന്നു. “ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്‌ഛിക്കുന്നു.” “ഞാൻ നിന്റെ കല്‌പനകളിൽ പ്രമോദിക്കുന്നു.” “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.”​—⁠സങ്കീർത്തനം 119:11, 16, 20, 24, 40, 47, 48, 97.

എത്ര ഹൃദയംഗമമായ വിലമതിപ്പാണ്‌ സങ്കീർത്തനക്കാരന്‌ ദൈവവചനത്തോട്‌ ഉണ്ടായിരുന്നത്‌! ദൈവവചനമായ ബൈബിളിലെ സന്ദേശത്തോട്‌ നിങ്ങൾക്കും അതേ വിലമതിപ്പുണ്ടോ? സമാനമായൊരു പ്രിയം വളർത്തിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ ഒന്നാമതായി ചെയ്യേണ്ടത്‌, ക്രമമായി, സാധിക്കുമെങ്കിൽ ദിവസേന, ബൈബിൾ വായിക്കുന്ന ഒരു ശീലം വളർത്തിയെടുക്കുക എന്നതാണ്‌. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു യേശുക്രിസ്‌തു പറഞ്ഞു. (മത്തായി 4:4) രണ്ടാമതായി, വായിക്കുന്ന ഭാഗത്തെക്കുറിച്ച്‌ ധ്യാനിക്കണം. ദൈവത്തെയും അവന്റെ സ്വഭാവഗുണങ്ങൾ, ഹിതം, ഉദ്ദേശ്യം എന്നിവയെയും കുറിച്ചു ധ്യാനിക്കുന്നത്‌ ബൈബിളിനോടുള്ള നിങ്ങളുടെ വിലമതിപ്പ്‌ വർധിപ്പിക്കും. (സങ്കീർത്തനം 143:5) ഏറ്റവും പ്രധാനമായി, അതിലെ ആരോഗ്യാവഹമായ ഉപദേശങ്ങൾ ദൈനംദിന ജീവിതത്തിൽ ബാധകമാക്കുക.​—⁠ലൂക്കൊസ്‌ 11:28; യോഹന്നാൻ 13:17.

ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങളോട്‌ പ്രിയം വളർത്തിയെടുക്കുന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ ഗുണം ചെയ്യും? സങ്കീർത്തനം 119:2 ഇങ്ങനെ പറയുന്നു: ‘അവന്റെ സാക്ഷ്യങ്ങളെ [“ഓർമിപ്പിക്കലുകൾ,” NW] പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ.’ ജീവിത പ്രശ്‌നങ്ങൾ വിജയകരമായി തരണം ചെയ്യാൻ ബൈബിളിൽ കാണുന്ന ഓർമിപ്പിക്കലുകൾ നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 1:1-3) ‘സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുവാൻ’ സഹായകമായ ജ്ഞാനം, ഉൾക്കാഴ്‌ച, ഗ്രാഹ്യം എന്നിവയും നിങ്ങൾക്കു നേടാനാകും. (സങ്കീർത്തനം 119:98-101) ദൈവത്തെയും ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സത്യം അറിയുന്നത്‌ നിങ്ങളുടെ ജീവിതം കൂടുതൽ അർഥ സമ്പുഷ്ടമാക്കുകയും ഭാവിയെക്കുറിച്ചുള്ള പ്രത്യാശ ശോഭനമാക്കുകയും ചെയ്യും.​—⁠യെശയ്യാവു 45:18; യോഹന്നാൻ 17:3; വെളിപ്പാടു 21:​3-5.

ബൈബിൾ കൃത്യമായി മനസ്സിലാക്കുവാനും അതിലെ സന്ദേശത്തോട്‌ പ്രിയം വളർത്തുവാനും ആളുകളെ സഹായിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ എന്നും തത്‌പരരാണ്‌. നിങ്ങളെ സന്ദർശിക്കുവാനുള്ള പിൻവരുന്ന വാഗ്‌ദാനം സ്വീകരിക്കുന്നതിനു ഞങ്ങൾ നിങ്ങളെ ആത്മാർഥമായി പ്രോത്സാഹിപ്പിക്കുന്നു.