“യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക”
“യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക”
“നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതു . . . എന്ത്?”—സദൃശവാക്യങ്ങൾ 5:18, 20.
1, 2. ഭാര്യാഭർത്താക്കന്മാർക്കിടയിലുള്ള അനുരാഗം അനുഗൃഹീതമാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
സദൃശവാക്യങ്ങൾ 5:18, 19 ഇങ്ങനെ പറയുന്നു: “നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; [കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുമായ] നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. . . . അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.” വ്യക്തമായും, ലൈംഗികബന്ധങ്ങളുടെ കാര്യത്തിൽ ബൈബിൾ മൗനംദീക്ഷിക്കുന്നില്ല.
2 ഇവിടെ “ഉറവ്” എന്ന് ഉപയോഗിച്ചിരിക്കുന്ന പദം ലൈംഗിക സംതൃപ്തിയെയാണു പരാമർശിക്കുന്നത്. ദമ്പതികൾക്കിടയിലുള്ള അനുരാഗവും അവർ അനുഭവിക്കുന്ന നിർവൃതിയും ദൈവത്തിൽനിന്നുള്ള ദാനമായിരിക്കുന്നതിനാൽ അത് അനുഗൃഹീതമാണ്. ഈ ഉറ്റബന്ധം പക്ഷേ, ദാമ്പത്യക്രമീകരണത്തിനുള്ളിൽമാത്രം ആസ്വദിക്കാനുള്ളതാണ്. അതുകൊണ്ടാണ് സദൃശവാക്യങ്ങളുടെ എഴുത്തുകാരിൽ ഒരുവനായ ഇസ്രായേൽ രാജാവായ ശലോമോൻ ഇങ്ങനെ ചോദിക്കുന്നത്: “മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?”—സദൃശവാക്യങ്ങൾ 5:20.
3. (എ) അനേകം ദാമ്പത്യങ്ങളും സങ്കടകരമായ ഏത് അവസ്ഥയിലാണ്? (ബി) വ്യഭിചാരത്തെ ദൈവം എങ്ങനെ വീക്ഷിക്കുന്നു?
3 പരസ്പരം സ്നേഹിക്കുകയും വിശ്വസ്തരായിരിക്കുകയും ചെയ്യുമെന്ന് വിവാഹദിവസം പുരുഷനും സ്ത്രീയും പ്രതിജ്ഞ ചെയ്യുന്നു. എന്നിരുന്നാലും വ്യഭിചാരത്തിൽ ഏർപ്പെട്ടുകൊണ്ട് അനേകരും തങ്ങളുടെ ദാമ്പത്യജീവിതം നശിപ്പിക്കുന്നു. “ഭാര്യമാരിൽ 25-ഉം ഭർത്താക്കന്മാരിൽ 44-ഉം ശതമാനം വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളതായി” രണ്ടു ഡസനിലധികം പഠനങ്ങൾ വിലയിരുത്തിയ ഒരു ഗവേഷക അഭിപ്രായപ്പെട്ടു. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) നിസ്സംശയമായും വ്യഭിചാരം ദൈവദൃഷ്ടിയിൽ ഗുരുതരമായ പാപമാണ്; ഇണയോട് അവിശ്വസ്തത കാണിക്കാതിരിക്കാൻ സത്യാരാധകർ ജാഗ്രത പാലിക്കണം. “വിവാഹം . . . മാന്യവും കിടക്ക നിർമ്മലവും ആയി” സൂക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?—എബ്രായർ 13:4.
കപടമായ ഒരു ഹൃദയത്തെ സൂക്ഷിക്കുക
4. വിവാഹം കഴിഞ്ഞ ഒരു ക്രിസ്ത്യാനി വിവാഹേതര പ്രണയബന്ധങ്ങളിൽ ഉൾപ്പെട്ടുപോയേക്കാവുന്നത് എങ്ങനെ?
4 ധാർമികമായി അധഃപതിച്ച ഈ ലോകത്തിലുള്ള അനേകരും “വ്യഭിചാരാസക്തി നിറഞ്ഞ കണ്ണുകളോടെ, പാപം ചെയ്തു മതിവരാത്തവരാണ്.” (2 പത്രൊസ് 2:14, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കാൻ അവർ ഒരുമ്പെട്ടിറങ്ങുന്നു. ചില ദേശങ്ങളിൽ കൂടുതൽക്കൂടുതൽ സ്ത്രീകൾ തൊഴിൽ രംഗത്തേക്കു കടന്നുവന്നിരിക്കുന്നതിനാൽ സ്ത്രീപുരുഷന്മാർ ഒന്നിച്ചു ജോലി ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ‘ഓഫീസ് പ്രണയങ്ങൾ’ തഴച്ചുവളരുന്നതിന് അതു കളമൊരുക്കിയിരിക്കുന്നു. കൂടാതെ, അന്തർമുഖരായ വ്യക്തികൾക്കുപോലും ഇന്റർനെറ്റിലൂടെ അനായാസം ഉറ്റ സുഹൃദ്ബന്ധങ്ങൾക്കു തുടക്കമിടാൻ ചാറ്റ്റൂമുകൾ അവസരമൊരുക്കുന്നു. തങ്ങൾക്കു സംഭവിക്കുന്നത് എന്താണെന്നു തിരിച്ചറിയാതെ വിവാഹിതരായ അനേകർ അത്തരം കെണികളിൽ ചെന്നുവീഴുന്നു.
5, 6. ഒരു സഹോദരി അപകടകരമായ സാഹചര്യത്തിൽ അകപ്പെട്ടുപോയത് എങ്ങനെ, ഇതിൽനിന്നു നാം എന്തു പഠിക്കുന്നു?
5 ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടുപോയതിന്റെ ഫലമായി ലൈംഗിക അധാർമികതയുടെ വക്കോളം എത്തിച്ചേർന്ന ഒരു സഹോദരിയുടെ കാര്യം പരിചിന്തിക്കുക. നമുക്കവരെ മേരി എന്നു വിളിക്കാം. അവരുടെ ഭർത്താവ് യഹോവയുടെ സാക്ഷികളിൽപ്പെട്ട വ്യക്തിയായിരുന്നില്ല, കുടുംബാംഗങ്ങളോട് അദ്ദേഹത്തിനു കാര്യമായ പ്രിയവും ഉണ്ടായിരുന്നില്ല. ഏതാനും വർഷങ്ങൾക്കുമുമ്പ് ഭർത്താവിന്റെ സഹപ്രവർത്തകരിൽ ഒരാളെ കണ്ടുമുട്ടിയ സന്ദർഭം മേരി ഓർക്കുന്നു. നല്ല മര്യാദയുള്ള പെരുമാറ്റം, ഒരവസരത്തിൽ അദ്ദേഹം മേരിയുടെ മതവിശ്വാസങ്ങളിൽ താത്പര്യം പ്രകടിപ്പിക്കുകപോലുമുണ്ടായി. “എത്ര നല്ല മനുഷ്യനായിരുന്നു അദ്ദേഹം; ഭർത്താവിൽനിന്നു തികച്ചും വ്യത്യസ്തൻ,” മേരി പറയുന്നു. താമസിയാതെ മേരി അദ്ദേഹവുമായി പ്രണയത്തിലായി. “ഇതു വ്യഭിചാരമൊന്നും അല്ലല്ലോ, തന്നെയുമല്ല അദ്ദേഹത്തിനു ബൈബിളിൽ താത്പര്യവുമുണ്ട്. ഒരുപക്ഷേ എനിക്ക് അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞേക്കും,” ഇങ്ങനെയായിരുന്നു മേരി ചിന്തിച്ചത്.
6 പ്രണയബന്ധം വ്യഭിചാരത്തിൽ കലാശിക്കുന്നതിനുമുമ്പായി മേരി അപകടം തിരിച്ചറിഞ്ഞു. (ഗലാത്യർ 5:19-21; എഫെസ്യർ 4:19) ഉണർന്നുപ്രവർത്തിച്ച മനഃസാക്ഷി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവരെ സഹായിച്ചു. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ള”താണെന്ന് മേരിയുടെ അനുഭവം എടുത്തുകാട്ടുന്നു. (യിരെമ്യാവു 17:9) “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക” എന്ന് ബൈബിൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 4:23) നമുക്ക് അതിന് എങ്ങനെ കഴിയും?
‘വിവേകി അനർത്ഥം കണ്ട് ഒളിക്കുന്നു’
7. ദാമ്പത്യപ്രശ്നം നേരിടുന്ന ആരെയെങ്കിലും സഹായിക്കുമ്പോൾ ഏതു തിരുവെഴുത്തു ബുദ്ധിയുപദേശം പിൻപറ്റുന്നതു സംരക്ഷണമായിരിക്കും?
7 “നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ,” പൗലൊസ് അപ്പൊസ്തലൻ എഴുതി. (1 കൊരിന്ത്യർ 10:12) “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു” എന്ന് സദൃശവാക്യങ്ങൾ 22:3-ഉം പറയുന്നു. അമിതമായ ആത്മവിശ്വാസത്തോടെ, ‘എനിക്ക് ഒന്നും സംഭവിക്കില്ല’ എന്നു ചിന്തിക്കുന്നതിനു പകരം ചില സാഹചര്യങ്ങൾ കുഴപ്പങ്ങളിലേക്കു നയിച്ചേക്കാമെന്നു നിങ്ങൾ തിരിച്ചറിയുന്നതു ജ്ഞാനമാണ്. ഉദാഹരണത്തിന് ഗുരുതരമായ ദാമ്പത്യപ്രശ്നങ്ങൾ നേരിടുന്ന, എതിർലിംഗവർഗത്തിൽപ്പെട്ട ഒരു വ്യക്തിയുടെ ഏക ആശ്രയമെന്ന നിലയിൽ പ്രവർത്തിക്കുന്നത് ഒഴിവാക്കുക. (സദൃശവാക്യങ്ങൾ 11:14) പ്രശ്നങ്ങൾ ഇണയോടുതന്നെയോ ദാമ്പത്യജീവിതം വിജയിച്ചുകാണാൻ ആഗ്രഹിക്കുന്ന, ഒരേ ലിംഗവർഗത്തിൽപ്പെട്ട പക്വതയുള്ള ഒരു ക്രിസ്ത്യാനിയോടോ, മൂപ്പന്മാരോടോ ചർച്ചചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് ആ വ്യക്തിയോടു പറയുക. (തീത്തൊസ് 2:3-5) കുഴപ്പങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ യഹോവയുടെ സാക്ഷികളുടെ സഭകളിലെ മൂപ്പന്മാർ നല്ല മാതൃക വെക്കുന്നു. ഒരു ക്രിസ്തീയ സഹോദരിയോട് ഒരു മൂപ്പനു സ്വകാര്യമായി സംസാരിക്കേണ്ടതുള്ളപ്പോൾ മറ്റുള്ളവരൊക്കെ ചുറ്റുവട്ടത്തുള്ള ഒരു പശ്ചാത്തലത്തിൽ—ഉദാഹരണത്തിന്, രാജ്യഹാളിൽവെച്ച്—അങ്ങനെ ചെയ്യുന്നു.
8. ജോലിസ്ഥലത്ത് എന്തു ജാഗ്രത പാലിക്കണം?
8 ജോലിസ്ഥലത്തും മറ്റിടങ്ങളിലും എതിർലിംഗവർഗത്തിൽപ്പെട്ടവരുമായി അടുത്ത ബന്ധം വികാസംപ്രാപിക്കാവുന്ന സാഹചര്യങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുക. ഉദാഹരണത്തിന് വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാളോടൊപ്പം ഓവർടൈം ജോലിചെയ്യുന്നത് പ്രലോഭനത്തിനു കാരണമായേക്കാം. വിവാഹം കഴിഞ്ഞ ഒരു പുരുഷൻ അല്ലെങ്കിൽ സ്ത്രീ എന്ന നിലയിൽ വിവാഹേതര ബന്ധങ്ങൾക്കൊന്നും നിങ്ങളെ കിട്ടുകയില്ലെന്ന് വാക്കിനാലും പെരുമാറ്റത്താലും വ്യക്തമാക്കുക. ദൈവഭക്തിയോടെ ജീവിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ, ശൃംഗാരത്തിലൂടെയോ മോശമായ വസ്ത്രധാരണത്തിലൂടെയോ ചമയത്തിലൂടെയോ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കില്ല. (1 തിമൊഥെയൊസ് 4:8; 6:11; 1 പത്രൊസ് 3:3, 4) ഇണയുടെയും മക്കളുടെയും ഫോട്ടോകൾ ജോലിസ്ഥലത്തു വെക്കുന്നത് നിങ്ങളുടെ കുടുംബം നിങ്ങൾക്കു സർവപ്രധാനമാണെന്ന് നിങ്ങളെത്തന്നെയും മറ്റുള്ളവരെയും ഓർമിപ്പിക്കാൻ ഉതകും. മറ്റുള്ളവരുടെ പ്രണയാത്മക മുന്നേറ്റങ്ങൾക്കു വളംവെച്ചുകൊടുക്കാതിരിക്കാൻ—അത് അനുവദിക്കാതിരിക്കാൻപോലും—ദൃഢനിശ്ചയമുള്ളവരായിരിക്കുക.—ഇയ്യോബ് 31:1.
‘നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ ആയുഷ്കാലമെല്ലാം സുഖമായി ജീവിക്കുക’
9. ഏതു സംഭവപരമ്പര ആകർഷകമായ ഒരു പുത്തൻ പ്രണയബന്ധത്തിലേക്ക് ഒരു വ്യക്തിയെ നയിച്ചേക്കാം?
9 ഹൃദയത്തെ കാത്തുകൊള്ളുന്നതിൽ അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലും അധികം ഉൾപ്പെട്ടിരിക്കുന്നു. ഭാര്യയ്ക്കോ ഭർത്താവിനോ ഒരു അന്യവ്യക്തിയോടു പ്രേമം തോന്നുന്നതിന്റെ ഒരു കാരണം അവർ അന്യോന്യം തങ്ങളുടെ ആവശ്യങ്ങൾക്കു ശ്രദ്ധ നൽകുന്നില്ലെന്നതായിരുന്നേക്കാം. അല്ലെങ്കിൽ ഭാര്യ തുടർച്ചയായി അവഗണിക്കപ്പെടുകയോ ഭർത്താവ് നിരന്തരം വിമർശിക്കപ്പെടുകയോ ചെയ്യുന്നുണ്ടായിരുന്നേക്കാം. അപ്പോഴാണ് ജോലിസ്ഥലത്തോ ക്രിസ്തീയ സഭയിൽപോലുമോ ഉള്ള മറ്റൊരു വ്യക്തി ശ്രദ്ധയിൽപ്പെടുന്നത്. സ്വന്തം ഇണയ്ക്കില്ലാത്ത ഗുണങ്ങളെല്ലാം ആ വ്യക്തിക്കുള്ളതായി കാണപ്പെടുന്നു. പെട്ടെന്നുതന്നെ ശക്തമായ ഒരു അടുപ്പം—ചെറുത്തുനിൽക്കുക പ്രയാസമായിരിക്കുന്ന, മാസ്മരികമായ ഒരു അടുപ്പം—ഉടലെടുക്കുന്നു. കുടിലമായ ഈ സംഭവപരമ്പര ബൈബിളിന്റെ പിൻവരുന്ന പ്രസ്താവനയുടെ സത്യതയ്ക്ക് അടിവരയിടുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.”—യാക്കോബ് 1:14.
10. ഭാര്യാഭർത്താക്കന്മാർക്ക് ദാമ്പത്യബന്ധം എങ്ങനെ അരക്കിട്ടുറപ്പിക്കാൻ കഴിയും?
10 വാത്സല്യം, സഖിത്വം, പ്രതിസന്ധിഘട്ടത്തിൽ പിടിച്ചുനിൽക്കാൻ ആവശ്യമായ പിൻബലം തുടങ്ങിയ കാര്യങ്ങൾക്കായുള്ള ആഗ്രഹം തൃപ്തിപ്പെടുത്താൻ ഒരു അന്യവ്യക്തിയെ അന്വേഷിക്കുന്നതിനു പകരം ഭാര്യാഭർത്താക്കന്മാർ തങ്ങളുടെ സ്നേഹബന്ധം അരക്കിട്ടുറപ്പിക്കാൻ ശ്രമിക്കണം. ഒരുമിച്ചു സമയം ചെലവഴിക്കാനും അടുപ്പം ആഴമുള്ളതാക്കിത്തീർക്കാനും നിരന്തരം ശ്രമിക്കുക. പരസ്പരം ഇഷ്ടം തോന്നാനിടയാക്കിയത് എന്തെല്ലാമാണെന്നു ചിന്തിക്കുക. നിങ്ങളുടെ ജീവിതസഖിയായിത്തീർന്ന വ്യക്തിയുടെ സാമീപ്യം മുമ്പു നിങ്ങളിൽ ഉണർത്തിയിരുന്ന അനുഭൂതികൾ ഒരിക്കൽക്കൂടെ അനുഭവിച്ചറിയാൻ ശ്രമിക്കുക. ഒരുമിച്ച് ആസ്വദിച്ച സന്തോഷകരമായ നിമിഷങ്ങളിലേക്കു മനസ്സു തിരിക്കുക. പ്രശ്നം സംബന്ധിച്ചു ദൈവത്തോടു പ്രാർഥിക്കുക. സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ അപേക്ഷിച്ചു: “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.” (സങ്കീർത്തനം 51:10) ‘സൂര്യനുകീഴെ ദൈവം നൽകിയിരിക്കുന്ന ആയുഷ്കാലത്തൊക്കെയും നിങ്ങൾ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ സുഖമായി ജീവിക്കുമെന്ന്’ ദൃഢനിശ്ചയം ചെയ്യുക.—സഭാപ്രസംഗി 9:9.
11. ദാമ്പത്യബന്ധം ശക്തിപ്പെടുത്തുന്നതിൽ പരിജ്ഞാനവും ജ്ഞാനവും വിവേകവും എന്തു പങ്കുവഹിക്കുന്നു?
11 ദാമ്പത്യബന്ധം ശക്തിപ്പെടുത്തുന്നതിൽ പരിജ്ഞാനത്തിനും ജ്ഞാനത്തിനും വിവേകത്തിനുമുള്ള മൂല്യം അവഗണിക്കാനാവില്ല. സദൃശവാക്യങ്ങൾ 24:3, 4 ഇങ്ങനെ പറയുന്നു: “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു. പരിജ്ഞാനംകൊണ്ടു അതിന്റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു.” സന്തുഷ്ടമായ ഒരു കുടുംബത്തെ സമ്പന്നമാക്കുന്ന വിലയേറിയ ഗുണങ്ങളിൽപ്പെട്ടതാണ് സ്നേഹം, വിശ്വസ്തത, ദൈവഭയം, വിശ്വാസം എന്നിവ. ഇവ ആർജിച്ചെടുക്കാൻ ദൈവപരിജ്ഞാനം ആവശ്യമാണ്. അതുകൊണ്ട് ഭാര്യാഭർത്താക്കന്മാർ ശുഷ്കാന്തിയോടെ ബൈബിൾ പഠിക്കേണ്ടതുണ്ട്. ഇനി, ജ്ഞാനവും വിവേകവും എത്ര പ്രധാനമാണ്? ദൈനംദിന പ്രശ്നങ്ങൾ വിജയകരമായി തരണം ചെയ്യാൻ ജ്ഞാനം—തിരുവെഴുത്തു പരിജ്ഞാനം ജീവിതത്തിൽ ബാധകമാക്കാനുള്ള പ്രാപ്തി—ആവശ്യമാണ്. വിവേകമുള്ള ഒരു വ്യക്തിക്ക് ഇണയുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാൻ കഴിയും. (സദൃശവാക്യങ്ങൾ 20:5) ശലോമോനിലൂടെ യഹോവ ഇങ്ങനെ പറയുന്നു: “മകനേ, . . . ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു [“വിവേകത്തിനു,” NW] ചെവി ചായിക്ക.”—സദൃശവാക്യങ്ങൾ 5:2.
ദാമ്പത്യജീവിതത്തിൽ “കഷ്ടത”യുള്ളപ്പോൾ
12. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉയർന്നുവരുന്നത് അതിശയമല്ലാത്തത് എന്തുകൊണ്ട്?
12 ആരുടെയും ദാമ്പത്യജീവിതം പൂർണതയുള്ളതല്ല. ഭാര്യയ്ക്കും ഭർത്താവിനും “ജഡത്തിൽ കഷ്ടത ഉണ്ടാകും” എന്നുപോലും ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:28) ഉത്കണ്ഠ, രോഗം, പീഡനം എന്നിങ്ങനെ പല സംഗതികളും ദാമ്പത്യജീവിതത്തെ സമ്മർദപൂരിതമാക്കിയേക്കാം. എന്നാൽ പ്രശ്നങ്ങൾ തലപൊക്കുമ്പോൾ യഹോവയ്ക്കു പ്രസാദകരമായ ഒരു വിധത്തിൽ പരിഹാരം കണ്ടെത്താൻ വിശ്വസ്ത ഇണകളെന്ന നിലയിൽ നിങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കണം.
13. ഭാര്യാഭർത്താക്കന്മാർക്ക് ഏതു മണ്ഡലങ്ങളിൽ ആത്മപരിശോധന നടത്താൻ കഴിയും?
13 പരസ്പരമുള്ള മോശമായ പെരുമാറ്റത്തിന്റെ ഫലമായി ദമ്പതികൾ സമ്മർദം അനുഭവിക്കുന്നുവെങ്കിലോ? പരിഹാരം കണ്ടെത്താൻ ശ്രമം ആവശ്യമാണ്. ഒരുപക്ഷേ ദയാരഹിതമായി സംസാരിക്കുന്ന രീതി ദാമ്പത്യജീവിതത്തിൽ കടന്നുകൂടുകയും കൂടുകെട്ടുകയും ചെയ്തിട്ടുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 12:18) മുൻ ലേഖനം ചൂണ്ടിക്കാട്ടിയതുപോലെ അതിന്റെ ഫലം വിനാശകമായിരുന്നേക്കാം. ഒരു ബൈബിൾ പഴമൊഴി ഇങ്ങനെ പറയുന്നു: “ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാർക്കുന്നതിലും നിർജ്ജനപ്രദേശത്തു പോയി പാർക്കുന്നതു നല്ലത്.” (സദൃശവാക്യങ്ങൾ 21:19) അത്തരമൊരു ദാമ്പത്യജീവിതം നയിക്കുന്ന ഭാര്യമാർക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: “എന്നോടൊപ്പമായിരിക്കുന്നതു ഭർത്താവിനു ബുദ്ധിമുട്ടാക്കിത്തീർക്കുന്ന തരത്തിലുള്ളതാണോ എന്റെ സ്വഭാവം?” ഭർത്താക്കന്മാരോടായി ബൈബിൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുത്.” (കൊലൊസ്സ്യർ 3:19) നിങ്ങളൊരു ഭർത്താവാണെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക: “ആശ്വാസത്തിനായി ഭാര്യ മറ്റെവിടേക്കെങ്കിലും തിരിയാൻ ഇടയാകുംവിധം തണുപ്പൻമട്ടിലുള്ള ഒരു ഇടപെടലാണോ എന്റേത്?” എന്തുതന്നെയായിരുന്നാലും ലൈംഗിക അധാർമികതയ്ക്ക് അതൊന്നും ഒരു ഒഴികഴിവല്ല. എന്നിരുന്നാലും അങ്ങനെയൊരു അനർഥം സംഭവിച്ചേക്കാമെന്നുള്ളതിനാൽ പ്രശ്നങ്ങൾ തുറന്നു സംസാരിക്കേണ്ടത് അനിവാര്യമാണ്.
14, 15. ദാമ്പത്യത്തിനു വെളിയിലേക്കു തിരിയുന്നത് ദാമ്പത്യപ്രശ്നങ്ങൾക്കു പരിഹാരമല്ലാത്തത് എന്തുകൊണ്ട്?
14 ഒരു അന്യവ്യക്തിയുമായുള്ള പ്രേമബന്ധത്തിലൂടെ സാന്ത്വനം തേടുന്നത് ദാമ്പത്യപ്രശ്നങ്ങൾക്കു പരിഹാരമല്ല. അത്തരമൊരു ബന്ധം എന്തിലേക്കു നയിക്കും? ‘ശോഭനമായ ഒരു പുതിയ ദാമ്പത്യത്തിലേക്ക്’ എന്നു ചിലർ ചിന്തിച്ചേക്കാം. ‘ഇണയ്ക്ക് ഉണ്ടായിരിക്കാൻ ഞാൻ പ്രതീക്ഷിക്കുന്ന ഗുണങ്ങളെല്ലാം ഈ വ്യക്തിക്കുണ്ട്,’ അവർ ചൂണ്ടിക്കാട്ടിയേക്കാം. എന്നാൽ ആ ന്യായവാദം അബദ്ധമാണ്; സ്വന്തം ഇണയെ ഉപേക്ഷിക്കുന്ന—അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന—ഒരു വ്യക്തി വിവാഹത്തിന്റെ പവിത്രതയോടു ഗുരുതരമായ അനാദരവ് കാണിക്കുകയാണു ചെയ്യുന്നത്. പുതിയ ബന്ധം ശോഭനമായ ഒരു ദാമ്പത്യത്തിൽ കലാശിക്കുമെന്നു പ്രതീക്ഷിക്കുന്നതു യുക്തിഹീനമാണ്.
15 മുമ്പു പരാമർശിച്ച മേരി, തന്റെ പ്രേമബന്ധത്തിന്റെ പരിണതഫലങ്ങളെക്കുറിച്ച്—തനിക്കുതന്നെയോ മറ്റൊരു വ്യക്തിക്കോ ദൈവപ്രീതി നഷ്ടമാകാൻ താൻ ഇടയാക്കിയേക്കാമെന്ന വസ്തുത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച്—ഗൗരവമായി ചിന്തിച്ചു. (ഗലാത്യർ 6:7) അവർ ഇങ്ങനെ പറയുന്നു: “ഭർത്താവിന്റെ സഹപ്രവർത്തകനോടു തോന്നിയ അടുപ്പത്തെക്കുറിച്ചു ചിന്തിക്കവേ ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു: ഈ വ്യക്തി എന്നെങ്കിലും സത്യത്തിന്റെ പരിജ്ഞാനം സമ്പാദിക്കാൻ സാധ്യതയുണ്ടെങ്കിൽ ഞാനായിട്ട് അതു മുടക്കുകയായിരിക്കും ചെയ്യുന്നത്. ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ദുഷ്പ്രവൃത്തി ഹാനിവരുത്തുന്നു, അതു മറ്റുള്ളവരെ ഇടറിക്കുകയും ചെയ്യുന്നു!”—2 കൊരിന്ത്യർ 6:3.
ഏറ്റവും ശക്തമായ പ്രേരക ഘടകം
16. ധാർമിക അശുദ്ധിയുടെ ചില പരിണതഫലങ്ങൾ ഏവ?
16 ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.” (സദൃശവാക്യങ്ങൾ 5:3, 4) ധാർമിക അശുദ്ധിയുടെ പരിണതഫലങ്ങൾ വേദനാകരമാണ്, ചിലപ്പോൾ മാരകവും. മനഃസാക്ഷിക്കുത്ത്, ലൈംഗികമായി പകരുന്ന രോഗങ്ങൾ, വിശ്വാസവഞ്ചനയ്ക്ക് ഇരയാകുന്ന ഇണയ്ക്കുണ്ടാകുന്ന വൈകാരികത്തകർച്ച എന്നിവയെല്ലാം അത്തരം ഭവിഷ്യത്തുകൾക്ക് ഉദാഹരണങ്ങളാണ്. ദാമ്പത്യ അവിശ്വസ്തതയുടെ പാതയിൽ യാത്ര തുടങ്ങാതിരിക്കാൻ ഇതു മതിയായ കാരണമാണ്.
17. ദാമ്പത്യ വിശ്വസ്തത കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പ്രേരക ഘടകം എന്താണ്?
17 ദാമ്പത്യ അവിശ്വസ്തത തെറ്റായിരിക്കുന്നതിന്റെ അടിസ്ഥാന കാരണം, വിവാഹക്രമീകരണത്തിനു തുടക്കമിട്ടവനും മനുഷ്യനു ലൈംഗിക പ്രാപ്തി നൽകിയവനുമായ യഹോവയാം ദൈവം അതിനെ കുറ്റംവിധിക്കുന്നുവെന്നതാണ്. മലാഖി പ്രവാചകനിലൂടെ അവൻ ഇങ്ങനെ പറയുന്നു: “ഞാൻ ന്യായവിധിക്കായി നിങ്ങളോടു അടുത്തുവരും; ഞാൻ . . . വ്യഭിചാരികൾക്കു . . . വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും.” (മലാഖി 3:5) യഹോവ നിരീക്ഷിക്കുന്നതായ ഒരു കാര്യത്തെക്കുറിച്ച് സദൃശവാക്യങ്ങൾ 5:21 ഇപ്രകാരം പ്രസ്താവിക്കുന്നു: “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.” തീർച്ചയായും “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.” (എബ്രായർ 4:13) അതുകൊണ്ട് ഒരു അവിശ്വസ്ത ബന്ധം എത്ര രഹസ്യമായിരുന്നാലും ശാരീരികവും സാമൂഹികവുമായ അതിന്റെ പരിണതഫലങ്ങൾ എത്ര നിസ്സാരമായി കാണപ്പെട്ടാലും, ലൈംഗികമായി അശുദ്ധമായ ഏതൊരു പ്രവൃത്തിയും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അപകടത്തിലാക്കുമെന്ന തിരിച്ചറിവാണ് ദാമ്പത്യ വിശ്വസ്തത കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പ്രേരകഘടകം.
18, 19. പോത്തീഫറിന്റെ ഭാര്യയും യോസേഫും ഉൾപ്പെട്ട സംഭവത്തിൽനിന്നു നാം എന്തു പഠിക്കുന്നു?
18 ദൈവവുമായി ഒരു സമാധാനബന്ധം ആസ്വദിക്കാനുള്ള ആഗ്രഹം ഇക്കാര്യത്തിൽ ശക്തമായ ഒരു പ്രചോദനമാണെന്ന് യാക്കോബിന്റെ പുത്രനായ യോസേഫിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. ഫറവോന്റെ കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്ന പോത്തീഫർ, തന്റെ പ്രീതിക്കു പാത്രമായ യോസേഫിനെ തന്റെ ഗൃഹവിചാരകനായി നിയമിച്ചു. “കോമളനും മനോഹരരൂപിയും ആയിരുന്ന” യോസേഫിനെ പോത്തീഫറിന്റെ ഭാര്യ ശ്രദ്ധിക്കാതിരുന്നില്ല. അവനെ വശീകരിക്കാൻ അവൾ ദിവസേന ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. അവളുടെ ശ്രമങ്ങൾ ചെറുത്തുനിൽക്കാൻ യോസേഫിനെ സഹായിച്ചത് എന്തായിരുന്നു? ബൈബിൾ ഇങ്ങനെ പറയുന്നു: ‘അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: നീ യജമാനന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.’—ഉല്പത്തി 39:1-12.
19 മറ്റൊരാളുടെ ഭാര്യയുമായി അധാർമിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചുകൊണ്ട് അവിവാഹിതനായിരുന്ന യോസേഫ് ധാർമികശുദ്ധി പാലിച്ചു. വിവാഹിതരായ പുരുഷന്മാരോട് “സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക” എന്ന് സദൃശവാക്യങ്ങൾ 5:15 പറയുന്നു. അറിയാതെപോലും അവിഹിത പ്രണയബന്ധങ്ങളിൽ അകപ്പെടാതിരിക്കാൻ ജാഗ്രത പാലിക്കുക. ഇണയോടുള്ള സ്നേഹബന്ധം സുദൃഢമാക്കാനും ദാമ്പത്യജീവിതത്തിൽ ഉയർന്നുവന്നേക്കാവുന്ന ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താനും കഠിനമായി യത്നിക്കുക. “നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക” എന്ന വാക്കുകൾ മറക്കാതിരിക്കുക.—സദൃശവാക്യങ്ങൾ 5:18.
നിങ്ങൾ എന്തു പഠിച്ചു?
• ഒരു ക്രിസ്ത്യാനി വിവാഹേതര പ്രണയബന്ധങ്ങളിൽ ഉൾപ്പെട്ടുപോയേക്കാവുന്നത് എങ്ങനെ?
• വിവാഹേതര പ്രണയബന്ധങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഏതു മുൻകരുതലുകൾ ഒരു വ്യക്തിയെ സഹായിക്കും?
• പ്രശ്നങ്ങളുണ്ടാകുമ്പോൾ ഭാര്യാഭർത്താക്കന്മാർ എന്തു ചെയ്യണം?
• വൈവാഹിക വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതിനുള്ള ഏറ്റവും ശക്തമായ പ്രേരക ഘടകം എന്ത്?
[അധ്യയന ചോദ്യങ്ങൾ]
[26-ാം പേജിലെ ചിത്രം]
സങ്കടകരമെന്നു പറയട്ടെ, ‘ഓഫീസ് പ്രണയങ്ങൾ’ തഴച്ചുവളരാൻ പലപ്പോഴും ജോലിസ്ഥലം കളമൊരുക്കുന്നു
[28-ാം പേജിലെ ചിത്രം]
‘പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളിൽ മനോഹരമായ സമ്പത്തു നിറഞ്ഞുവരുന്നു’