വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയിലുള്ള പ്രത്യാശ ധൈര്യം പകരുന്നു

യഹോവയിലുള്ള പ്രത്യാശ ധൈര്യം പകരുന്നു

യഹോവയിലുള്ള പ്രത്യാശ ധൈര്യം പകരുന്നു

“യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.”​—⁠സങ്കീർത്തനം 27:14.

1. പ്രത്യാശ എത്ര പ്രധാനമാണ്‌; ഏത്‌ അർഥത്തിലാണ്‌ പ്രത്യാശ, ആശ എന്നീ പദങ്ങൾ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്‌?

ഉജ്ജ്വലമായ പ്രകാശം പോലെയാണ്‌ യഥാർഥ പ്രത്യാശ. ഇപ്പോഴുള്ള പരിശോധനകൾക്കുമപ്പുറത്തേക്കു നോക്കാനും ധൈര്യത്തോടും സന്തോഷത്തോടുംകൂടെ ഭാവിയെ നേരിടാനും അതു നമ്മെ സഹായിക്കുന്നു. സുനിശ്ചിതമായ ഒരു പ്രത്യാശ നമുക്കു നൽകാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ, തന്റെ നിശ്വസ്‌ത വചനമായ ബൈബിളിലൂടെ അവൻ അതു നൽകുകയും ചെയ്‌തിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:​16, 17) യഥാർഥത്തിൽ “പ്രത്യാശ,” “ആശ” എന്നിങ്ങനെയുള്ള പദങ്ങൾ ബൈബിളിൽ അനേകം തവണ പ്രത്യക്ഷപ്പെടുന്നു. ശുഭകരമായ എന്തിനെങ്കിലുമായുള്ള ആകാംക്ഷയോടെയും ഉറപ്പോടെയുമുള്ള പ്രതീക്ഷയെയും ലഭിക്കാൻ പ്രതീക്ഷിക്കുന്നതെന്തോ അതിനെയുമാണ്‌ ഈ പദങ്ങൾ സൂചിപ്പിക്കുന്നത്‌. * അടിസ്ഥാനരഹിതമോ നിറവേറാൻ സാധ്യതയില്ലാത്തതോ ആയിരുന്നേക്കാവുന്ന കേവലമൊരു അഭിലാഷത്തെക്കാൾ കവിഞ്ഞതാണ്‌ അത്തരം പ്രത്യാശ.

2. യേശുവിന്റെ ജീവിതത്തിൽ പ്രത്യാശ എന്തു പങ്കുവഹിച്ചു?

2 പരിശോധനകളും ക്ലേശങ്ങളും നേരിട്ടപ്പോൾ യേശു ഭാവിയിലേക്കു നോക്കുകയും യഹോവയിൽ പ്രത്യാശ വെക്കുകയും ചെയ്‌തു. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.” (എബ്രായർ 12:2) യഹോവയുടെ പരമാധികാരം സംസ്ഥാപിക്കുകയും അവന്റെ നാമം വിശുദ്ധീകരിക്കുകയും ചെയ്യുന്നതിൽ ദൃഷ്ടി പതിപ്പിച്ചിരുന്നതിനാൽ ദൈവത്തോടുള്ള അനുസരണത്തിൽനിന്ന്‌ അവൻ അണുവിട വ്യതിചലിച്ചില്ല. അതിനായി എന്തും സഹിക്കാൻ അവൻ തയ്യാറായിരുന്നു.

3. ദൈവദാസരുടെ ജീവിതത്തിൽ പ്രത്യാശ എന്തു പങ്കുവഹിക്കുന്നു?

3 പ്രത്യാശയും ധൈര്യവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ദാവീദ്‌ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “യഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.” (സങ്കീർത്തനം 27:14) ‘ഹൃദയം ഉറച്ചിരിക്കാൻ’ നാം ആഗ്രഹിക്കുന്നപക്ഷം, നമ്മുടെ പ്രത്യാശ മങ്ങിപ്പോകാൻ നാം ഒരിക്കലും അനുവദിക്കരുത്‌, പകരം അതു നമ്മുടെ മനസ്സിൽ വ്യക്തമായി നിലകൊള്ളണം, ഒരു നിധിപോലെ നാം അതു ഹൃദയത്തിൽ സൂക്ഷിക്കുകയും വേണം. യേശു തന്റെ ശിഷ്യന്മാർക്കു നിയമിച്ചുകൊടുത്ത വേലയിൽ ഏർപ്പെടവേ യേശുവിനെപ്പോലെ ധൈര്യവും തീക്ഷ്‌ണതയും പ്രകടമാക്കാൻ അതു നമ്മെ സഹായിക്കും. (മത്തായി 24:14; 28:19, 20) ദൈവദാസരുടെ ജീവിതത്തെ ഭരിക്കുന്ന സുപ്രധാനവും സുസ്ഥിരവുമായ ഒരു ഗുണമെന്ന നിലയിൽ ദൈവവചനം പ്രത്യാശയെ വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം പരാമർശിക്കുന്നുവെന്നതു ശ്രദ്ധാർഹമാണ്‌.​—⁠1 കൊരിന്ത്യർ 13:13.

“പ്രത്യാശയിൽ സമൃദ്ധിയുള്ളവരാ”യിരിപ്പിൻ

4. അഭിഷിക്ത ക്രിസ്‌ത്യാനികളും ‘വേറെ ആടുകളിൽപ്പെട്ട’ അവരുടെ സഹചാരികളും എന്തിനുവേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു?

4 ദൈവജനത്തിനു ശോഭനമായ ഒരു ഭാവിയുണ്ട്‌. ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ സേവിക്കാൻ അഭിഷിക്ത ക്രിസ്‌ത്യാനികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതേസമയം “വേറെ ആടുകൾ,” “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും . . . [ദൈവത്തിന്റെ ഭൗമിക മക്കളുടെ] തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപി”ക്കാൻ പ്രത്യാശിക്കുന്നു. (യോഹന്നാൻ 10:16; റോമർ 8:19-21; ഫിലിപ്പിയർ 3:20) മഹത്തായ ആ ‘സ്വാതന്ത്ര്യത്തിൽ’ പാപത്തിൽനിന്നും ദാരുണമായ അതിന്റെ പരിണതഫലങ്ങളിൽനിന്നുമുള്ള വിമോചനം ഉൾപ്പെട്ടിരിക്കുന്നു. വ്യക്തമായും, “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” തന്നരുളുന്നവനായ യഹോവയാം ദൈവം അത്യുത്തമമായ ദാനങ്ങൾമാത്രമേ തന്റെ വിശ്വസ്‌തർക്കു നൽകുകയുള്ളൂ.​—⁠യാക്കോബ്‌ 1:17; യെശയ്യാവു 25:⁠8.

5. എങ്ങനെയാണു നാം “പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി”ത്തീരുന്നത്‌?

5 ക്രിസ്‌തീയ പ്രത്യാശ നമ്മുടെ ജീവിതത്തിൽ എത്ര നിർണായകമായ പങ്കുവഹിക്കണം? “പ്രത്യാശ നല്‌കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ” എന്ന്‌ റോമർ 15:13 പറയുന്നു. ഇരുളിൽ മങ്ങിക്കത്തുന്ന മെഴുകുതിരിനാളംപോലെയല്ല പ്രത്യാശ. പിന്നെയോ, പ്രഭാതസൂര്യന്റെ ശോഭയേറിയ കിരണങ്ങൾക്കു തുല്യമാണ്‌ അത്‌. ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്‌ക്കുന്നതിനുപുറമേ അതു നമുക്കു ധൈര്യം പകരുകയും ജീവിതം ഉദ്ദേശ്യപൂർണമാക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ലിഖിത വചനം നാം വിശ്വസിക്കുകയും അവന്റെ പരിശുദ്ധാത്മാവു നമുക്കു ലഭിക്കുകയും ചെയ്യുമ്പോൾ നാം “പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി”ത്തീരുന്നുവെന്നതു ശ്രദ്ധിക്കുക. “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു” എന്ന്‌ റോമർ 15:4 പ്രസ്‌താവിക്കുന്നു. അതുകൊണ്ട്‌, ‘ദിവസേന ബൈബിൾ വായിച്ചും നന്നായി പഠിച്ചുംകൊണ്ട്‌ ഞാൻ എന്റെ പ്രത്യാശ സജീവമായി നിലനിറുത്തുന്നുണ്ടോ’ എന്നും ‘ദൈവത്തിന്റെ ആത്മാവിനുവേണ്ടി ഞാൻ ക്രമമായി പ്രാർഥിക്കുന്നുണ്ടോ’ എന്നും നിങ്ങളോടുതന്നെ ചോദിക്കുക.​—⁠ലൂക്കൊസ്‌ 11:13.

6. പ്രത്യാശ ശോഭനമായി നിലനിറുത്താൻ എന്തിനെതിരെ നാം ജാഗ്രത പാലിക്കണം?

6 നമ്മുടെ മാതൃകാപുരുഷനായ യേശു ദൈവവചനത്തിൽനിന്നു ശക്തിയാർജിച്ചു. അവന്റെ ദൃഷ്ടാന്തം മനസ്സിൽ അടുപ്പിച്ചുനിറുത്തുന്നത്‌ “ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ” നമ്മെ സഹായിക്കും. (എബ്രായർ 12:3) മനസ്സിലും ഹൃദയത്തിലും നിറഞ്ഞുനിൽക്കുന്ന നമ്മുടെ ദൈവദത്ത പ്രത്യാശ മങ്ങിപ്പോകുകയോ ഭൗതിക വസ്‌തുവകകളോ ലൗകിക ലാക്കുകളോ പോലുള്ള മറ്റെന്തിലേക്കെങ്കിലും നമ്മുടെ ശ്രദ്ധ തിരിയുകയോ ചെയ്യുന്നപക്ഷം നിസ്സംശയമായും ആത്മീയ കാര്യങ്ങളിൽ നാം പെട്ടെന്നുതന്നെ മാന്ദ്യമുള്ളവരായിത്തീരുകയും ധാർമിക തത്ത്വങ്ങൾക്കനുസരിച്ചു ജീവിക്കാനുള്ള നമ്മുടെ ധൈര്യവും നിശ്ചയദാർഢ്യവും ക്രമേണ നഷ്ടമാകുകയും ചെയ്യും. അങ്ങനെ സംഭവിച്ചാൽ നമ്മുടെ “വിശ്വാസക്കപ്പൽ തകർന്നു”പോകുകപോലും ചെയ്‌തേക്കാം. (1 തിമൊഥെയൊസ്‌ 1:19) നേരേമറിച്ച്‌ യഥാർഥ പ്രത്യാശ നമ്മുടെ വിശ്വാസം ശക്തമാക്കിത്തീർക്കുന്നു.

പ്രത്യാശ വിശ്വാസത്തിന്‌ അനിവാര്യം

7. പ്രത്യാശ വിശ്വാസവുമായി ഏതു രീതിയിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു?

7 “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 11:1) അതുകൊണ്ട്‌ പ്രത്യാശ എന്നത്‌ വിശ്വാസത്തിന്റെ കേവലമൊരു അനുബന്ധഗുണമല്ല, പിന്നെയോ അതിന്റെ അവിഭാജ്യ ഘടകമാണ്‌. അബ്രാഹാമിന്റെ ദൃഷ്ടാന്തം പരിചിന്തിക്കുക. യഹോവ ഒരു അവകാശിയെ വാഗ്‌ദാനം ചെയ്‌തപ്പോൾ അബ്രാഹാമിനും സാറായ്‌ക്കും മക്കളുണ്ടാകാനുള്ള പ്രായമെല്ലാം കഴിഞ്ഞിരുന്നു. (ഉല്‌പത്തി 17:15-17) ആ വാഗ്‌ദാനം ലഭിച്ചപ്പോൾ അബ്രാഹാമിന്റെ പ്രതികരണം എന്തായിരുന്നു? “താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.” (റോമർ 4:18) അബ്രാഹാമിന്റെ ദൈവദത്ത പ്രത്യാശ, തനിക്ക്‌ ഒരു സന്തതിയുണ്ടാകുമെന്ന അവന്റെ വിശ്വാസത്തിനു ശക്തമായ അടിസ്ഥാനം പ്രദാനം ചെയ്‌തു. ആ വിശ്വാസമാകട്ടെ, അവന്റെ പ്രത്യാശയെ ശോഭനമാക്കുകയും ഉറപ്പുള്ളതാക്കുകയും ചെയ്‌തു. എന്തിന്‌, നാടും വീടും വിട്ട്‌ ഒരു അന്യദേശത്ത്‌ ജീവിതത്തിന്റെ ശിഷ്ടകാലം കൂടാരങ്ങളിൽ പാർക്കാൻപോലും അവർ ധൈര്യം കാണിച്ചു!

8. സഹിഷ്‌ണുത പ്രത്യാശയെ ഉറപ്പുള്ളതാക്കുന്നത്‌ എങ്ങനെ?

8 യഹോവയെ അനുസരിക്കുന്നതു പ്രയാസമായിരുന്ന സാഹചര്യങ്ങളിൽപ്പോലും അവനോടു തികഞ്ഞ അനുസരണം പ്രകടമാക്കിക്കൊണ്ട്‌ അബ്രാഹാം തന്റെ പ്രത്യാശ സജീവമായി നിലനിറുത്തി. (ഉല്‌പത്തി 22:2, 12) സമാനമായി, അനുസരണം പ്രകടമാക്കുകയും ഏതു സാഹചര്യത്തിലും യഹോവയുടെ സേവനത്തിൽ തുടരുകയും ചെയ്യുമ്പോൾ പ്രതിഫലം ലഭിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. “സഹിഷ്‌ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു” എന്നും “പ്രത്യാശെക്കോ ഭംഗം വരുന്നില്ല” എന്നും പൗലൊസ്‌ എഴുതി. (റോമർ 5:​3, 5) അതുകൊണ്ടാണ്‌ അവൻ ഇങ്ങനെയും എഴുതിയത്‌: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രായർ 6:11) യഹോവയുമായുള്ള ഉറ്റബന്ധത്തിൽ അധിഷ്‌ഠിതമായ, ക്രിയാത്മകമായ അത്തരമൊരു വീക്ഷണത്തിന്‌ ഏതൊരു ക്ലേശവും ധൈര്യത്തോടെയും സന്തോഷത്തോടെയുംപോലും നേരിടാൻ നമ്മെ സഹായിക്കാനാകും.

പ്രത്യാശയിൽ സന്തോഷിക്കുക

9. പതിവായി എന്തു ചെയ്യുന്നത്‌ “ആശയിൽ സന്തോഷി”ക്കാൻ നമ്മെ സഹായിക്കും?

9 ലോകത്തിനു നൽകാൻ കഴിയുന്ന എന്തിനെക്കാളും ശ്രേഷ്‌ഠമാണ്‌ നമ്മുടെ ദൈവദത്ത പ്രത്യാശ. “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും” എന്ന്‌ സങ്കീർത്തനം 37:34 പറയുന്നു. “ആശയിൽ സന്തോഷി”ക്കാൻ നമുക്കു സകല കാരണങ്ങളുമുണ്ട്‌. (റോമർ 12:12) എന്നാൽ അതിനായി നാം നമ്മുടെ പ്രത്യാശ മനസ്സിൽ എന്നും സജീവമായി നിലനിറുത്തണം. ദൈവം നൽകിയിട്ടുള്ള പ്രത്യാശയെക്കുറിച്ചു നിങ്ങൾ പതിവായി ധ്യാനിക്കുന്നുണ്ടോ? തികഞ്ഞ ആരോഗ്യത്തോടെ, ഉത്‌കണ്‌ഠകളേതുമില്ലാതെ, പ്രിയപ്പെട്ടവരോടൊപ്പം പറുദീസയിൽ ആയിരിക്കുന്നതും സംതൃപ്‌തിദായകമായ വേലയിൽ ഏർപ്പെടുന്നതുമൊക്കെ നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ കാണുന്ന പറുദീസയുടെ ചിത്രങ്ങളെക്കുറിച്ചു നിങ്ങൾ വിചിന്തനം ചെയ്യാറുണ്ടോ? ഇത്തരത്തിലുള്ള ക്രമമായ ധ്യാനത്തെ, വെളിയിലുള്ള ഒരു സുന്ദരദൃശ്യം കാണാൻ കഴിയുമാറ്‌ ജനാലയുടെ ചില്ല്‌ വൃത്തിയാക്കുന്നതിനോടു താരതമ്യപ്പെടുത്താവുന്നതാണ്‌. ചില്ലു വൃത്തിയാക്കാതിരുന്നാൽ അതിന്മേൽ പറ്റിപ്പിടിക്കുന്ന പൊടിയും അഴുക്കും നിമിത്തം പുറത്തെ ദൃശ്യം വ്യക്തമായി കാണാൻ കഴിയാതെവരും. അപ്പോൾ നമ്മുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്കു തിരിഞ്ഞേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക്‌ എപ്പോഴും ശ്രദ്ധിക്കാം.

10. പ്രതിഫലത്തിനായുള്ള പ്രതീക്ഷ യഹോവയുമായി നമുക്കു നല്ല ബന്ധമുണ്ടെന്നു പ്രകടമാക്കുന്നത്‌ എന്തുകൊണ്ട്‌?

10 നാം യഹോവയെ സേവിക്കുന്നതിന്റെ പ്രധാന കാരണം അവനോടുള്ള നമ്മുടെ സ്‌നേഹമാണ്‌ എന്നതിനു സംശയമില്ല. (മർക്കൊസ്‌ 12:30) എങ്കിലും നമുക്കുള്ള പ്രതിഫലത്തിനായും നാം ആകാംക്ഷയുള്ളവരായിരിക്കണം. നാം അങ്ങനെയായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുവെന്നതാണു സത്യം! “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ” എന്ന്‌ എബ്രായർ 11:6 പറയുന്നു. നാം യഹോവയെ പ്രതിഫലദായകനെന്ന നിലയിൽ വീക്ഷിക്കാൻ അവൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്യുമ്പോൾ, നാം നമ്മുടെ സ്വർഗീയ പിതാവിനെ അടുത്തറിയുന്നുവെന്ന്‌ നാം പ്രകടമാക്കുകയാണു ചെയ്യുന്നത്‌. അവൻ ഉദാരമതിയും തന്റെ മക്കളെ സ്‌നേഹിക്കുന്നവനുമാണ്‌. നമുക്കു പ്രത്യാശയും ഒരു “ശുഭഭാവി”യും ഉണ്ടായിരുന്നില്ലെങ്കിൽ നാം എത്ര അസന്തുഷ്ടരും നിരുത്സാഹിതരും ആയിരിക്കുമായിരുന്നെന്നു ചിന്തിച്ചുനോക്കൂ.​—⁠യിരെമ്യാവു 29:11.

11. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാൻ ദൈവദത്ത പ്രത്യാശ മോശെയെ സഹായിച്ചത്‌ എങ്ങനെ?

11 ദൈവദത്ത പ്രത്യാശയിൽ ദൃഷ്ടി പതിപ്പിച്ചിരുന്നവരിൽ ശ്രദ്ധേയമായ ഒരു ദൃഷ്ടാന്തമായിരുന്നു മോശെ. “ഫറവോന്റെ പുത്രിയുടെ മകൻ” എന്ന നിലയിൽ അവന്‌ അധികാരവും അന്തസ്സും ഉണ്ടായിരുന്നു. ഈജിപ്‌തിലെ മുഴു സമ്പത്തും അവന്റെ നിയന്ത്രണത്തിൽ ആയിരുന്നു. അവൻ അത്തരം കാര്യങ്ങളിൽ മുഴുകിപ്പോകുമായിരുന്നോ, അതോ യഹോവയെ സേവിക്കുമായിരുന്നോ? യഹോവയെ സേവിക്കാൻ അവൻ സധൈര്യം തീരുമാനിച്ചു. “തനിക്കു ലഭിക്കാനിരുന്ന പ്രതിഫലത്തിലാണ്‌ അവൻ ദൃഷ്ടി പതിപ്പിച്ചത്‌” എന്നതായിരുന്നു അതിനു കാരണം. (എബ്രായർ 11:24-26, പി.ഒ.സി. ബൈബിൾ) വ്യക്തമായും യഹോവ തന്റെ മുമ്പാകെ വെച്ചിരുന്ന പ്രത്യാശയെ മോശെ അപ്രധാനമായി വീക്ഷിച്ചില്ല.

12. ക്രിസ്‌തീയ പ്രത്യാശ ഒരു പടത്തൊപ്പി പോലെ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 പൗലൊസ്‌ അപ്പൊസ്‌തലൻ പ്രത്യാശയെ ഒരു ശിരസ്‌ത്രത്തോട്‌ അഥവാ പടത്തൊപ്പിയോട്‌ ഉപമിച്ചു. ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കാനും പ്രധാനപ്പെട്ട കാര്യങ്ങൾക്കു ജീവിതത്തിൽ മുൻതൂക്കം കൊടുക്കാനും നിർമലത പാലിക്കാനും സഹായിച്ചുകൊണ്ട്‌ ഈ ആലങ്കാരിക പടത്തൊപ്പി നമ്മുടെ മാനസിക പ്രാപ്‌തികളെ സംരക്ഷിക്കുന്നു. (1 തെസ്സലൊനീക്യർ 5:8) എപ്പോഴും നിങ്ങൾ ഈ ആലങ്കാരിക പടത്തൊപ്പി ധരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ മോശെയെയും പൗലൊസിനെയും പോലെ, “നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ” നിങ്ങൾ പ്രത്യാശ വെക്കും. സ്വാർഥ ലക്ഷ്യങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്‌ ‘ഒഴുക്കിനെതിരെ നീന്താൻ’ ധൈര്യം വേണമെന്നതു സത്യം തന്നെ. എന്നാൽ അതിന്റെ പ്രയോജനം നിസ്സാരമല്ല! യഹോവയിൽ പ്രത്യാശിക്കുകയും അവനെ സ്‌നേഹിക്കുകയും ചെയ്യുന്നവർക്കു ലഭിക്കാനിരിക്കുന്നത്‌ ‘സാക്ഷാലുള്ള ജീവനാണ്‌;’ അതിലും കുറഞ്ഞ എന്തെങ്കിലുംകൊണ്ട്‌ നാം തൃപ്‌തിപ്പെടണമോ?​—⁠1 തിമൊഥെയൊസ്‌ 6:​17-19.

“ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല”

13. യഹോവ തന്റെ വിശ്വസ്‌ത ദാസർക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു?

13 ലോകത്തിന്‌ അനുഭവപ്പെടുന്ന ‘ഈറ്റുനോവ്‌’ അനുദിനം മൂർച്ഛിച്ചുകൊണ്ടിരിക്കേ, പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുന്ന അശുഭകരമായ കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഈ വ്യവസ്ഥിതിയിൽ പ്രത്യാശ അർപ്പിക്കുന്നവരെ ഭീതിയിലാഴ്‌ത്തുന്നു. (മത്തായി 24:8) എന്നാൽ യഹോവയിൽ പ്രത്യാശിക്കുന്നവർക്ക്‌ അത്തരം ഭയമില്ല. അവർ “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.” (സദൃശവാക്യങ്ങൾ 1:33) അവർ പ്രത്യാശ അർപ്പിക്കുന്നത്‌ ഈ വ്യവസ്ഥിതിയിലല്ല. അതുകൊണ്ടുതന്നെ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിന്‌ അവർ സസന്തോഷം ചെവികൊടുക്കുന്നു: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, [“ഒരു കാരണവശാലും,” NW] ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്‌തിരിക്കുന്നുവല്ലോ.’​—⁠എബ്രായർ 13:⁠5.

14. ഭൗതികാവശ്യങ്ങൾ നിറവേറ്റുന്നതിനെക്കുറിച്ച്‌ ക്രിസ്‌ത്യാനികൾ അമിതമായി ഉത്‌കണ്‌ഠപ്പെടേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

14 “ഒരുനാളും” എന്നും “ഒരു കാരണവശാലും” എന്നുമുള്ള അസന്ദിഗ്‌ധമായ ഈ പ്രയോഗങ്ങൾ, ദൈവം നമുക്കുവേണ്ടി നിശ്ചയമായും കരുതുമെന്നു വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ കരുതലിനെക്കുറിച്ച്‌ യേശുവും നമുക്ക്‌ ഉറപ്പുതന്നിരിക്കുന്നു. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ജീവിതത്തിലെ ഭൗതികാവശ്യങ്ങൾ] നിങ്ങൾക്കു കിട്ടും. അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ,” അവൻ പറഞ്ഞു. (മത്തായി 6:33, 34) ദൈവരാജ്യത്തിനായി തീക്ഷ്‌ണതയോടെ പ്രവർത്തിക്കാനും അതേസമയംതന്നെ നമ്മുടെ ഭൗതികാവശ്യങ്ങൾ നിവർത്തിക്കാനുള്ള ഉത്തരവാദിത്വത്തിന്റെ മുഴുവൻ ഭാരവും വഹിക്കാനും നമുക്കു പ്രയാസമാണെന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ നമ്മുടെ ആവശ്യങ്ങൾക്കായി കരുതാൻ ദൈവത്തിനു പ്രാപ്‌തിയും ആഗ്രഹവുമുണ്ടെന്ന കാര്യത്തിൽ നമുക്കു പൂർണ വിശ്വാസം അർപ്പിക്കാം.​—⁠മത്തായി 6:25-32; 11:28-30.

15. ക്രിസ്‌ത്യാനികൾ എങ്ങനെയാണ്‌ “കണ്ണു ചൊവ്വുള്ള”തായി സൂക്ഷിക്കുന്നത്‌?

15 “കണ്ണു ചൊവ്വുള്ള”തായി സൂക്ഷിച്ചുകൊണ്ട്‌ നാം യഹോവയിൽ ആശ്രയിക്കുന്നുവെന്നു നമുക്കു പ്രകടമാക്കാൻ കഴിയും. (മത്തായി 6:22, 23) ചൊവ്വുള്ള കണ്ണ്‌ നിർമലവും ഉദ്ദേശ്യശുദ്ധിയുള്ളതുമാണ്‌, അതിനു ദുരാഗ്രഹമോ സ്വാർഥാഭിലാഷങ്ങളോ ഇല്ല. ചൊവ്വുള്ള കണ്ണുണ്ടായിരിക്കുക എന്നതിന്റെ അർഥം കടുത്ത ദാരിദ്ര്യത്തിൽ ജീവിക്കുകയെന്നോ ക്രിസ്‌തീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അനാസ്ഥ കാണിക്കുകയെന്നോ അല്ല. മറിച്ച്‌, യഹോവയുടെ സേവനം ജീവിതത്തിൽ ഒന്നാമതു വെക്കുമ്പോൾത്തന്നെ, “സുബോധ”മുള്ളവരായിരിക്കുക എന്നാണ്‌ അത്‌ അർഥമാക്കുന്നത്‌.​—⁠2 തിമൊഥെയൊസ്‌ 1:⁠7.

16. കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കാൻ വിശ്വാസവും ധൈര്യവും ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കാൻ വിശ്വാസവും ധൈര്യവും ആവശ്യമാണ്‌. ഉദാഹരണത്തിന്‌ ക്രിസ്‌തീയ യോഗങ്ങൾക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന സമയങ്ങളിലെല്ലാം ജോലി ചെയ്യാൻ തൊഴിലുടമ നിർബന്ധിക്കുന്നപക്ഷം നിങ്ങൾ സധൈര്യം ആത്മീയ കാര്യങ്ങൾക്കു മുൻതൂക്കം കൊടുക്കുമോ? തന്റെ ദാസർക്കായി കരുതുമെന്ന യഹോവയുടെ വാഗ്‌ദാനത്തിൽ ഒരു വ്യക്തിക്കു സംശയമുണ്ടെങ്കിൽ അതോടൊപ്പം അൽപ്പം സമ്മർദവുംകൂടെ ചെലുത്തിക്കൊണ്ട്‌ സാത്താന്‌ അദ്ദേഹത്തെ കുടുക്കാനാകും​—⁠അദ്ദേഹം മേലാൽ യോഗങ്ങൾക്കു ഹാജരാകാതിരുന്നേക്കാം. അതുകൊണ്ട്‌ നമുക്കു വിശ്വാസം കുറവാണെങ്കിൽ സാത്താൻ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. പിന്നീട്‌ യഹോവയ്‌ക്കു പകരം അവനായിരിക്കും നമ്മുടെ ജീവിതത്തിൽ മുൻഗണനകൾ വെക്കുന്നത്‌. അതെത്ര വിനാശകമായിരിക്കും!​—⁠2 കൊരിന്ത്യർ 13:⁠5.

‘യഹോവയിൽ പ്രത്യാശിക്കുക’

17. യഹോവയിൽ പ്രത്യാശിക്കുന്നവർ ഇപ്പോൾപ്പോലും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

17 യഹോവയിൽ പ്രത്യാശിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവർ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടുകയില്ലെന്ന്‌ തിരുവെഴുത്തുകൾ ആവർത്തിച്ചു പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 3:5, 6; യിരെമ്യാവു 17:7) ചിലപ്പോഴൊക്കെ, പരിമിതമായ വസ്‌തുവകകൾകൊണ്ട്‌ അവർ തൃപ്‌തരാകേണ്ടിവന്നേക്കാം എന്നതു സത്യമാണ്‌. എന്നാൽ, തങ്ങൾക്കായി കരുതിവെച്ചിട്ടുള്ള അനുഗ്രഹങ്ങളോടുള്ള താരതമ്യത്തിൽ അതെല്ലാം നിസ്സാരമായ ഒരു ത്യാഗമായിട്ടാണ്‌ അവർ വീക്ഷിക്കുന്നത്‌. അങ്ങനെ തങ്ങൾ “യഹോവെക്കായി പ്രത്യാശി”ക്കുന്നുവെന്ന്‌ അവർ പ്രകടമാക്കുന്നു; യഹോവ തന്റെ വിശ്വസ്‌തരുടെ നീതിനിഷ്‌ഠമായ ഹൃദയാഭിലാഷങ്ങളെല്ലാം ഒടുവിൽ സാധിച്ചുകൊടുക്കുമെന്ന്‌ അവർക്ക്‌ ഉറച്ച ബോധ്യമുണ്ട്‌. (സങ്കീർത്തനം 37:4, 34) അതുകൊണ്ട്‌ ഇപ്പോൾപ്പോലും അവർ യഥാർഥത്തിൽ സന്തുഷ്ടരാണ്‌. “നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.”​—⁠സദൃശവാക്യങ്ങൾ 10:28.

18, 19. (എ) യഹോവ സ്‌നേഹപൂർവം നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു? (ബി) എങ്ങനെയാണ്‌ നാം യഹോവയെ നമ്മുടെ “വലത്തുഭാഗത്തു” നിറുത്തുന്നത്‌?

18 ഒരു കൊച്ചുകുട്ടി തന്റെ പിതാവിന്റെ കൈപിടിച്ചു നടക്കുമ്പോൾ അവനു സുരക്ഷിതത്വവും ധൈര്യവും തോന്നുന്നു. നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നടക്കുമ്പോൾ നമുക്കും അങ്ങനെതന്നെയാണു തോന്നുന്നത്‌. യഹോവ ഇസ്രായേൽ ജനതയോട്‌ ഇങ്ങനെ പറഞ്ഞു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്‌; . . . ഞാൻ നിന്നെ സഹായിക്കും; . . . നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.”​—⁠യെശയ്യാവു 41:10, 13.

19 യഹോവ ഒരു വ്യക്തിയെ കൈപിടിച്ചു നടത്തുന്നു!​—⁠എത്ര ഹൃദയസ്‌പർശിയായ ഒരു വർണനയാണ്‌ അത്‌! “ഞാൻ യഹോവയെ എപ്പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു; അവൻ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാൻ കുലുങ്ങിപ്പോകയില്ല,” ദാവീദ്‌ എഴുതി. (സങ്കീർത്തനം 16:8) എങ്ങനെയാണ്‌ നാം യഹോവയെ നമ്മുടെ “വലത്തുഭാഗത്തു” നിറുത്തുന്നത്‌? കുറഞ്ഞത്‌ രണ്ടു വിധത്തിലെങ്കിലും നാം അങ്ങനെ ചെയ്യുന്നു. ഒന്നാമതായി, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നമ്മെ വഴിനടത്താൻ നാം അവന്റെ വചനത്തെ അനുവദിക്കുന്നു. രണ്ടാമതായി, അവൻ നമുക്കു മുമ്പാകെ വെച്ചിരിക്കുന്ന അതിമഹത്തായ പ്രതിഫലത്തിലേക്കു നാം ഉറ്റുനോക്കുന്നു. സങ്കീർത്തനക്കാരനായ ആസാഫ്‌ ഇങ്ങനെ എഴുതി: “ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.” (സങ്കീർത്തനം 73:23, 24) അത്തരം ഉറപ്പുള്ളതിനാൽ ഭാവിയെ ശുഭാപ്‌തിവിശ്വാസത്തോടെ നേരിടാൻ നിശ്ചയമായും നമുക്കു കഴിയും.

‘നിങ്ങളുടെ വീണ്ടെടുപ്പ്‌ അടുത്തുവരുന്നു’

20, 21. യഹോവയിൽ പ്രത്യാശിക്കുന്നവർക്ക്‌ എന്തു ഭാവിപ്രത്യാശയുണ്ട്‌?

20 ഓരോ ദിവസവും കടന്നുപോകവേ, നാം യഹോവയെ നമ്മുടെ വലത്തുഭാഗത്തു നിറുത്തേണ്ടതു പൂർവാധികം അടിയന്തിരമായിത്തീരുന്നു. പെട്ടെന്നുതന്നെ സംഭവിക്കാനിരിക്കുന്ന വ്യാജമതത്തിന്റെ നാശത്തോടെ, ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതായ ഒരു കഷ്ടത്തിലേക്കു സാത്താന്റെ ലോകം കൂപ്പുകുത്തും. (മത്തായി 24:21) ഭക്തികെട്ട മനുഷ്യവർഗം കൊടുംഭീതിയിലാണ്ടുപോകും. പ്രക്ഷുബ്ധമായ ആ സമയത്ത്‌ പക്ഷേ, യഹോവയുടെ ധീരരായ ദാസർ പ്രത്യാശയിൽ സന്തോഷിച്ചാനന്ദിക്കും. “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിർന്നു തല പൊക്കുവിൻ,” യേശു പറഞ്ഞു.​—⁠ലൂക്കൊസ്‌ 21:28.

21 അതുകൊണ്ട്‌ ദൈവദത്തമായ നമ്മുടെ പ്രത്യാശയിൽ നമുക്കു സന്തോഷിക്കാം. സാത്താന്റെ തന്ത്രങ്ങളാൽ വഞ്ചിക്കപ്പെടുകയോ പ്രലോഭിപ്പിക്കപ്പെടുകയോ ചെയ്യാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം. അതേസമയം വിശ്വാസവും സ്‌നേഹവും ദൈവഭയവും നട്ടുവളർത്താൻ നമുക്കു കഠിനശ്രമം ചെയ്യാം. അതുവഴി, ഏതു സാഹചര്യത്തിലും യഹോവയെ അനുസരിക്കാനും പിശാചിനെ എതിർത്തുനിൽക്കാനുമുള്ള ധൈര്യം നമുക്കു ലഭിക്കും. (യാക്കോബ്‌ 4:7, 8) “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.”​—⁠സങ്കീർത്തനം 31:24.

[അടിക്കുറിപ്പുകൾ]

^ ഖ. 1 ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “പ്രത്യാശ” എന്ന പദം അഭിഷിക്ത ക്രിസ്‌ത്യാനികൾക്കുള്ള സ്വർഗീയ പ്രതിഫലത്തെ കുറിക്കാനാണു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതെങ്കിലും പൊതുവായ അർഥത്തിലുള്ള പ്രത്യാശയെക്കുറിച്ചാണ്‌ ഈ ലേഖനം ചർച്ചചെയ്യുന്നത്‌.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• യേശുവിന്റെ പ്രത്യാശ അവനു ധൈര്യം പകർന്നത്‌ എങ്ങനെ?

• വിശ്വാസവും പ്രത്യാശയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

• ജീവിതത്തിൽ ശരിയായ മുൻഗണനകൾ വെക്കാൻ വിശ്വാസവും പ്രത്യാശയും ഒരു ക്രിസ്‌ത്യാനിക്കു ധൈര്യം പകരുന്നത്‌ എങ്ങനെ?

• “യഹോവയിൽ പ്രത്യാശയുള്ള”വർക്കു ശുഭാപ്‌തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

ഏതു പ്രായത്തിലുള്ള വരായിരുന്നാലും, പറുദീസയിൽ ആയിരിക്കുന്ന രംഗം വിഭാവന ചെയ്യാൻ നിങ്ങൾക്കു കഴിയുമോ?