വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പല ഭാഷാന്തരങ്ങളും ആവർത്തനപുസ്‌തകം31:2-ൽ മോശെക്ക് ഇസ്രായേലിന്റെ നായകനായി “പോകുവാനും വരുവാനും കഴിവില്ല” എന്ന് എഴുതിയിരിക്കുമ്പോൾ എന്തുകൊണ്ടാണ് പുതിയലോക ഭാഷാന്തരം “പോകുവാനും വരുവാനും അനുവാദമില്ല” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്?
കഴിവില്ല, അനുവാദമില്ല എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല എബ്രായപദം ഈ രണ്ടർഥത്തിലും ഉപയോഗിക്കാമെങ്കിലും, ജീവിതത്തിന്റെ അവസാന കാലമായപ്പോഴേക്കും മോശെ ശക്തി ക്ഷയിച്ച് നേതൃത്വമെടുക്കാനാവാത്ത വിധം ബലഹീനനായിത്തീർന്നു എന്ന ആശയമാണ് പല പരിഭാഷകളും ധ്വനിപ്പിക്കുന്നത്. ഉദാഹരണത്തിന് പി.ഒ.സി. ബൈബിളിൽ മോശെ പറയുന്ന ആ ഭാഗം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്: “എനിക്കിപ്പോൾ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാൻ എനിക്കു ശക്തിയില്ലാതായി.” അതുപോലെ ഓശാന ബൈബിളിൽ കാണുന്നത് “ഇച്ഛാനുസരണം പോകാനും വരാനും ഇപ്പോൾ എനിക്കു കെല്‌പില്ല”എന്നാണ്.
എന്നാൽ മോശെക്ക് പ്രായമേറെ ചെന്നിരുന്നെങ്കിലും അവന്റെ ശാരീരികബലം ക്ഷയിച്ചിരുന്നില്ല എന്നാണ് ആവർത്തനപുസ്‌തകം 34:7 ൽ കാണാൻ സാധിക്കുന്നത്. അവിടെ പറയുന്നു: “മോശെ മരിക്കുമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നു; അവന്റെ കണ്ണു മങ്ങാതെയും അവന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.” അതു കാണിക്കുന്നത് ശാരീരികക്ഷമതയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ മോശെ ഇസ്രായേൽ ജനതയെ നയിക്കാൻ പ്രാപ്‌തനായിരുന്നു എന്നാണ്. എന്നാൽ അവൻ ആ നിലയിൽ തുടരുന്നത് യഹോവയുടെ ഇഷ്ടമല്ലായിരുന്നുവെന്ന് മോശെയുടെ വാക്കുകളിൽനിന്നുതന്നെ വ്യക്തമാണ്. അവൻ പറയുന്നു: ‘യഹോവ എന്നോടു: ഈ യോർദ്ദാൻ നീ കടക്കുകയില്ല എന്നു കല്‌പിച്ചിട്ടുണ്ട്.’ മെരീബായിലെ വെള്ളത്തോടുള്ള ബന്ധത്തിൽ പറഞ്ഞ കാര്യങ്ങൾ യഹോവ ഇവിടെ ആവർത്തിക്കുക മാത്രമായിരുന്നു എന്നതു വ്യക്തമാണ്.—സംഖ്യാപുസ്‌തകം 20:9-12.
സുദീർഘവും ശ്രദ്ധേയവുമായ ഒരു ജീവിതമായിരുന്നു മോശെയുടേത്. അതിനെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. 40 വർഷത്തോളം അവൻ ഈജിപ്‌തിൽ ജീവിച്ചു. അവിടെ അവൻ “മിസ്രയീമ്യരുടെ സകല ജഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.” (പ്രവൃത്തികൾ 7:20-22) അടുത്ത 40 വർഷം അവൻ മിദ്യാനിലായിരുന്നു ചെലവഴിച്ചത്. അവിടെവെച്ച് യഹോവയുടെ ജനത്തെ നയിക്കാൻ ആവശ്യമായ ആത്മീയ ഗുണങ്ങൾ അവൻ വളർത്തിയെടുത്തു. അവസാനത്തെ 40 വർഷം മോശെ ഇസ്രായേല്യരുടെ വഴികാട്ടിയും നായകനുമായി സേവിച്ചു. എന്നാലിപ്പോൾ തന്റെ ജനത്തെ യോർദ്ദാൻ നദിക്കപ്പുറമുള്ള വാഗ്‌ദത്ത ദേശത്തേക്കു നയിക്കുന്നതിന് മോശെക്കു പകരം യഹോവ യോശുവയെ തിരഞ്ഞെടുത്തു.—ആവർത്തനപുസ്‌തകം 31:3.
തന്മൂലം പുതിയലോക ഭാഷാന്തരം ആവർത്തനപുസ്‌തകം 31:2 അതിന്റെ ശരിയായ അർഥത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് മോശെക്ക് ഇസ്രായേലിന്റെ നായകനായി തുടരാൻ കഴിയാതിരുന്നത്, ശാരീരിക ബലഹീനത നിമിത്തം ആയിരുന്നില്ല, മറിച്ച് യഹോവ അനുവദിക്കാതിരുന്നതുകൊണ്ടാണ്.