വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വെല്ലുവിളികളിൻ മധ്യേയും യഹോവ എന്നെ താങ്ങി

വെല്ലുവിളികളിൻ മധ്യേയും യഹോവ എന്നെ താങ്ങി

ജീവിത കഥ

വെല്ലുവിളികളിൻ മധ്യേയും യഹോവ എന്നെ താങ്ങി

ഡേൽ ഇർവിൻ പറഞ്ഞപ്രകാരം

“കുട്ടികൾ എട്ടു മതി! ‘നാൽവർസംഘം’ പ്രാരബ്ധം ഇരട്ടിപ്പിച്ചു.” ഒരു പ്രാദേശിക വർത്തമാനപ്പത്രത്തിലെ വാർത്താശീർഷകമായിരുന്നു അത്‌. നാലു പെൺകുട്ടികൾ അടങ്ങുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക്‌ ഒറ്റയടിക്ക്‌ നാലുപേർകൂടി കടന്നുവന്നതായിരുന്നു സംഭവം. ചെറുപ്പകാലത്ത്‌, വിവാഹം കഴിക്കണമെന്ന ആഗ്രഹംപോലും എനിക്കില്ലായിരുന്നു, കുട്ടികളെ വളർത്തുന്ന കാര്യമൊട്ടു പറയുകയുംവേണ്ട. എങ്കിലും ഞാനിതാ ഇപ്പോൾ എട്ടു മക്കളുടെ പിതാവായി!

ഓസ്‌ട്രേലിയയിലെ മെരീബാ പട്ടണത്തിൽ ആയിരുന്നു എന്റെ ജനനം, 1934-ൽ. മൂന്നു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ഞാൻ. ഞങ്ങളുടെ കുടുംബം പിന്നീട്‌ ബ്രിസ്‌ബനിലേക്കു താമസം മാറ്റി. എന്റെ അമ്മ അവിടത്തെ മെഥഡിസ്റ്റ്‌ പള്ളിയിൽ വേദപാഠ അധ്യാപിക ആയിരുന്നു.

1938-ന്റെ പ്രാരംഭത്തിൽ, യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്തുനിന്നുള്ള ജോസഫ്‌ എഫ്‌. റഥർഫോർഡിന്‌ ഓസ്‌ട്രേലിയയിൽ കാലുകുത്താനുള്ള അനുമതി നിഷേധിക്കപ്പെട്ടേക്കാമെന്ന്‌ പ്രാദേശിക ദിനപത്രങ്ങൾ റിപ്പോർട്ടു ചെയ്‌തു. “എന്തുകൊണ്ടാണ്‌ അവർ അദ്ദേഹത്തോട്‌ അങ്ങനെ ചെയ്യുന്നത്‌” എന്ന്‌ പിന്നീടു ഞങ്ങളുടെ വീട്ടിൽവന്ന ഒരു സാക്ഷിയോട്‌ അമ്മ ചോദിച്ചു. “യേശു പറഞ്ഞില്ലായിരുന്നോ തന്റെ അനുഗാമികൾ പീഡിപ്പിക്കപ്പെടുമെന്ന്‌”എന്നായിരുന്നു ആ സഹോദരിയുടെ മറുപടി. തുടർന്ന്‌ അമ്മ അവരിൽനിന്ന്‌ പരിഹാരം (ഇംഗ്ലീഷ്‌) എന്ന ചെറുപുസ്‌തകം സ്വീകരിച്ചു. * സത്യമതവും വ്യാജമതവും തമ്മിലുള്ള നിരവധി വ്യത്യാസങ്ങൾ എടുത്തുകാണിക്കുന്ന ഒന്നായിരുന്നു അത്‌. അതിലെ ആശയങ്ങൾ ഇഷ്ടപ്പെട്ട അമ്മ അടുത്ത ഞായറാഴ്‌ച കുട്ടികളായ ഞങ്ങളെയും കൂട്ടി യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിനു പോയി. ആദ്യമൊക്കെ ഡാഡിക്ക്‌ വലിയ എതിർപ്പായിരുന്നെങ്കിലും, ഒരു സഹോദരനു കൊടുക്കാനായി ഇടയ്‌ക്കിടെ അദ്ദേഹം ബൈബിൾ ചോദ്യങ്ങൾ എഴുതി അമ്മയുടെ കയ്യിൽ കൊടുത്തുവിടുമായിരുന്നു. ആ സഹോദരനാകട്ടെ തിരിച്ച്‌ അതിനുള്ള ഉത്തരങ്ങൾ എഴുതി ഡാഡിക്കും കൊടുത്തയച്ചിരുന്നു.

ഒരു ഞായറാഴ്‌ച ഡാഡി ഞങ്ങളുടെകൂടെ യോഗത്തിനു വന്നു, യഹോവയുടെ സാക്ഷികളോടുള്ള അതൃപ്‌തി പ്രകടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ. എങ്കിലും, അത്‌ സന്ദർശനവാരമായിരുന്നതിനാൽ ഡാഡിക്ക്‌ സർക്കിട്ട്‌ മേൽവിചാരകനുമായി സംസാരിക്കുന്നതിനു കഴിഞ്ഞു. അതോടെ ഡാഡിയുടെ മനോഭാവത്തിനു മാറ്റംവന്നു, പ്രതിവാര ബൈബിളധ്യയനത്തിനായി ഞങ്ങളുടെ വീട്‌ വിട്ടുകൊടുക്കാൻപോലും അദ്ദേഹം സന്നദ്ധനായി. ഞങ്ങളുടെ വീട്ടിലെ അധ്യയനത്തിൽ ആ പ്രദേശത്തെ താത്‌പര്യക്കാരും സംബന്ധിച്ചിരുന്നു.

1938 സെപ്‌റ്റംബറിൽ എന്റെ മാതാപിതാക്കൾ സ്‌നാപനമേറ്റു. ന്യൂസൗത്ത്‌ വെയ്‌ൽസിലെ സിഡ്‌നിയിലുള്ള ഹാർഗ്രേവ്‌ പാർക്കിൽ 1941 ഡിസംബറിൽ നടന്ന ഒരു അന്താരാഷ്ട്ര കൺവെൻഷനിലാണ്‌ ഞങ്ങൾ മക്കൾ മൂന്നുപേരും സ്‌നാപനമേറ്റത്‌. എനിക്കന്ന്‌ വെറും ഏഴു വയസ്സ്‌. അതിനുശേഷം ഞാൻ മാതാപിതാക്കളോടൊപ്പം ക്രമമായി വയൽസേവനത്തിനു പോയിത്തുടങ്ങി. അക്കാലത്ത്‌ സാക്ഷികൾ ഫോണോഗ്രാഫുകൾ ഓരോ വീട്ടിലും കൊണ്ടുപോയി അതിൽനിന്ന്‌ ബൈബിൾ പ്രസംഗങ്ങൾ വീട്ടുകാരെ കേൾപ്പിക്കുന്ന പതിവുണ്ടായിരുന്നു.

ഞാൻ ഇപ്പോഴും വളരെ വ്യക്തമായി ഓർമിക്കുന്ന ഒരു സാക്ഷി ബെർട്ട്‌ ഹോർട്ടൻ ആണ്‌. ഉച്ചഭാഷിണി ഘടിപ്പിച്ച ഒരു കാർ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം വേല ചെയ്യുന്നത്‌ വളരെ രസകരവും ആവേശജനകവുമായിരുന്നു, പ്രത്യേകിച്ച്‌ എന്നെപ്പോലുള്ള ഒരു കുട്ടിക്ക്‌. ഉദാഹരണത്തിന്‌, ഒരു കുന്നിന്റെ മുകളിൽനിന്ന്‌ ഒരു ബൈബിൾ പ്രസംഗം കേൾപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഒരു പോലീസ്‌ വാഹനത്തിന്റെ വരവ്‌. അതു കണ്ടാലുടൻ ബെർട്ട്‌ ഉച്ചഭാഷിണി ഓഫ്‌ ചെയ്‌തിട്ട്‌ ഏതാനും കിലോമീറ്റർ അകലെയുള്ള മറ്റൊരു കുന്നിലേക്കു പോകും, എന്നിട്ട്‌ അവിടെ വേറൊരു പ്രസംഗം കേൾപ്പിക്കുമായിരുന്നു. യഹോവയിലുള്ള ആശ്രയവും ധീരതയും സംബന്ധിച്ച്‌ നിരവധി കാര്യങ്ങൾ അദ്ദേഹത്തിൽനിന്നും വിശ്വസ്‌തരും ധീരരുമായ മറ്റുള്ളവരിൽനിന്നും ഞാൻ പഠിച്ചു.​—⁠മത്തായി 10:16.

12 വയസ്സായതോടെ, ഞാൻ ക്രമമായി ഒറ്റയ്‌ക്ക്‌ സാക്ഷീകരണവേലയിൽ ഏർപ്പെടാൻ തുടങ്ങി, സ്‌കൂൾവിട്ടശേഷമായിരുന്നു ഞാൻ അതു ചെയ്‌തിരുന്നത്‌. ഒരിക്കൽ ഞാൻ അഡ്‌സ്‌ഹെഡ്‌ കുടുംബത്തെ കണ്ടുമുട്ടി. കാലക്രമത്തിൽ ആ കുടുംബത്തിലെ മാതാപിതാക്കളും അവരുടെ എട്ടു മക്കളും നിരവധി കൊച്ചുമക്കളും സത്യം പഠിച്ചു. ഇത്ര നല്ലൊരു കുടുംബത്തിന്‌ സത്യം എത്തിച്ചുകൊടുക്കാൻ വെറുമൊരു കുട്ടിയായ എന്നെ അനുവദിച്ചതിൽ ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്‌.​—⁠മത്തായി 21:16.

ആദ്യകാല സേവനപദവികൾ

18-ാം വയസ്സിൽ മുഴുസമയ പയനിയർ ശുശ്രൂഷകനായിത്തീർന്ന എന്നെ ന്യൂസൗത്ത്‌ വെയ്‌ൽസിലെ മെയ്‌റ്റ്‌ലണ്ടിലേക്ക്‌ നിയമിച്ചു. 1956-ൽ സിഡ്‌നിയിലുള്ള ഓസ്‌ട്രേലിയ ബ്രാഞ്ച്‌ ഓഫീസിൽ സേവിക്കാനായി എനിക്കു ക്ഷണം ലഭിച്ചു. അവിടെയുണ്ടായിരുന്ന 20 പേരിൽ ഏതാണ്ട്‌ മൂന്നിലൊരു ഭാഗവും, ക്രിസ്‌തുവിനോടുകൂടെ സ്വർഗരാജ്യത്തിൽ ഭരിക്കാൻ പ്രത്യാശയുള്ള അഭിഷിക്തരായിരുന്നു. അവരോടൊത്തു സേവിക്കാനായത്‌ എത്ര മഹത്തായ ഒരു പദവിയായിരുന്നു!​—⁠ലൂക്കൊസ്‌ 12:32; വെളിപ്പാടു 1:6; 5:10.

കൺവെൻഷനോടു ബന്ധപ്പെട്ട വലിയൊരു ഉത്തരവാദിത്വമാണ്‌ അവിടെ എന്നെ ഏൽപ്പിച്ചത്‌. അതിൽ എന്നെ സഹായിക്കാൻ താത്‌കാലികമായി ബെഥേലിൽ സേവിക്കാൻ വന്ന ജൂഡി ഹെൽബെർഗ്‌ എന്ന സുന്ദരിയായ ഒരു പയനിയർ സഹോദരിയെ നിയമിച്ചു. അതോടെ വിവാഹം കഴിക്കുന്നില്ല എന്ന എന്റെ തീരുമാനമെല്ലാം കാറ്റിൽപ്പറന്നു. ഞങ്ങൾ പ്രണയബദ്ധരായി, രണ്ടു വർഷത്തിനുശേഷം ഞങ്ങൾ വിവാഹത്തിൽ ഒരുമിച്ചു. അതിനുശേഷം, ഞങ്ങൾ സർക്കിട്ട്‌ വേല ആരംഭിച്ചു. ആഴ്‌ചതോറും യഹോവയുടെ സാക്ഷികളുടെ ഓരോ സഭ സന്ദർശിച്ച്‌ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്‌ അതിൽ ഉൾപ്പെട്ടിരുന്നത്‌.

1960-ൽ ജൂഡി ഒരു പെൺകുഞ്ഞിന്‌ ജന്മം നൽകി. ഞങ്ങൾ അവൾക്ക്‌ കിം എന്നു പേരിട്ടു. ഇന്നാണെങ്കിൽ ഒരു കുട്ടിയുണ്ടായാൽ സർക്കിട്ട്‌ വേലയിൽനിന്നു വിരമിച്ച്‌ എവിടെയെങ്കിലും സ്ഥിരതാമസമാക്കേണ്ടിവരും. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്‌തമായിരുന്നു, സർക്കിട്ട്‌ വേലയിൽ തുടരാനുള്ള ക്ഷണം ഞങ്ങൾക്കു ലഭിച്ചു. പ്രാർഥനാപൂർവം കാര്യങ്ങൾ വിലയിരുത്തിയശേഷം ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. അടുത്ത ഏഴു മാസംകൊണ്ട്‌ ക്വീൻസ്‌ലൻഡിലും വടക്കൻ പ്രദേശങ്ങളിലുമായി കിം ഞങ്ങളോടൊപ്പം 13,000 കിലോമീറ്റർ സഞ്ചരിച്ചു. അന്നു ഞങ്ങൾക്ക്‌ കാർ ഇല്ലായിരുന്നു, അതുകൊണ്ട്‌ ബസ്സിലും വിമാനത്തിലും ട്രെയിനിലുമൊക്കെയായിരുന്നു ഞങ്ങളുടെ യാത്ര.

ഞങ്ങൾ എപ്പോഴും സഹോദരങ്ങളോടൊപ്പമാണു താമസിച്ചിരുന്നത്‌. ഉഷ്‌ണമേഖലാ കാലാവസ്ഥ നിമിത്തം അക്കാലത്ത്‌ വീടുകളുടെ കിടപ്പുമുറികൾക്ക്‌ കതകുകൾ പിടിപ്പിക്കുന്നതിനു പകരം കർട്ടൻ ഇടുന്ന രീതിയാണ്‌ ഉണ്ടായിരുന്നത്‌. അതുകൊണ്ട്‌ കിം രാത്രികാലങ്ങളിൽ കരയുമ്പോൾ ഞങ്ങൾക്ക്‌ വല്ലായ്‌മ തോന്നിയിരുന്നു. നിയമിതവേലയും കുട്ടിയെ നോട്ടവും ക്രമേണ ഏറെ ബുദ്ധിമുട്ടായിത്തീർന്നു. അതുകൊണ്ട്‌ ഞങ്ങൾ ബ്രിസ്‌ബനിൽ താമസമാക്കുകയും ഞാൻ ബോർഡ്‌ എഴുതുന്ന പണി തുടങ്ങുകയും ചെയ്‌തു. കിം ജനിച്ച്‌ രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക്‌ മറ്റൊരു പെൺകുഞ്ഞുകൂടി പിറന്നു, പെറ്റീന.

ദുരന്തവുമായി പൊരുത്തപ്പെടുന്നു

1972-ൽ പെൺകുട്ടികൾക്ക്‌ 12-ഉം 10-ഉം വയസ്സായപ്പോൾ ഹോഡ്‌ജ്‌കിൻസ്‌ രോഗം പിടിപെട്ട്‌ ജൂഡി മരണമടഞ്ഞു. ഒരുതരം ലസികാ ട്യൂമറാണ്‌ ഇത്‌. ഞങ്ങളുടെ കുടുംബം ഏതാണ്ട്‌ തകർന്നപോലെ ആയി. എന്നിരുന്നാലും, യഹോവ ഒരിക്കലും ഞങ്ങളെ കൈവിട്ടില്ല. ജൂഡിയുടെ രോഗാവസ്ഥയിലും മരണശേഷവും സഹോദരങ്ങളിലൂടെയും തന്റെ വചനത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും അവൻ ഞങ്ങൾക്ക്‌ ആശ്വാസം പകർന്നു. ജൂഡിയുടെ മരണശേഷം തൊട്ടടുത്തു ലഭിച്ച വീക്ഷാഗോപുരം മാസികയും ഞങ്ങൾക്കു ശക്തി പകരുന്നതായിരുന്നു. ആ മാസികയിൽ പ്രിയപ്പെട്ട ഒരാളുടെ മരണം ഉൾപ്പെടെ വ്യക്തിപരമായ പരിശോധനകളെ എങ്ങനെ നേരിടാമെന്നും അവ സഹിഷ്‌ണുത, വിശ്വാസം, നിർമലത എന്നിങ്ങനെയുള്ള ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെയെന്നും വിശദീകരിച്ചുകൊണ്ടുള്ള ഒരു ലേഖനമുണ്ടായിരുന്നു. *​—⁠യാക്കോബ്‌ 1:2-4.

ജൂഡിയുടെ മരണശേഷം പെൺമക്കളും ഞാനും തമ്മിലുള്ള ബന്ധം ഏറെ ശക്തമായിത്തീർന്നു. എന്നാൽ ഒരേസമയം മാതാവിന്റെയും പിതാവിന്റെയും ധർമം നിർവഹിക്കുക എന്നത്‌ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും മിടുക്കികളായ എന്റെ രണ്ടു പുത്രിമാർ നന്നായി സഹകരിച്ചുകൊണ്ട്‌ അത്‌ എളുപ്പമാക്കിത്തീർത്തു.

പുനർവിവാഹം, വലിയൊരു കുടുംബം

കുറെനാൾ കഴിഞ്ഞ്‌ ഞാൻ പുനർവിവാഹം ചെയ്‌തു. എന്റെ പുതിയ ഭാര്യയായ മേരിയുടെയും എന്റെയും ജീവിതത്തിൽ പല സമാനതകളും ഉണ്ടായിരുന്നു. മേരിക്കും തന്റെ വിവാഹിത പങ്കാളിയെ നഷ്ടമായത്‌ ഹോഡ്‌ജ്‌കിൻസ്‌ രോഗം പിടിപെട്ടാണ്‌. മേരിക്കും ഉണ്ടായിരുന്നു രണ്ടു പെൺകുട്ടികൾ​—⁠കൊളീനും ജെന്നിഫറും. കൊളീൻ പെറ്റീനയെക്കാൾ ഏതാണ്ട്‌ മൂന്നു വയസ്സിന്‌ ഇളപ്പമായിരുന്നു. അങ്ങനെ 14-ഉം 12-ഉം 9-ഉം 7-ഉം വയസ്സുള്ള നാലു പെൺകുട്ടികൾ അടങ്ങുന്ന ഒരു കുടുംബമായിത്തീർന്നു ഞങ്ങളുടേത്‌.

തന്റെ വളർത്തു മാതാവിൽനിന്നോ പിതാവിൽനിന്നോ ഉള്ള മാർഗനിർദേശം സ്വീകരിക്കാനുള്ള ഒരു മാനസികനിലയിൽ ഓരോ കുട്ടിയും എത്തുന്നതുവരെ ഞാനും മേരിയും സ്വന്തം കുട്ടികൾക്കു മാത്രം ശിക്ഷണം നൽകാൻ തീരുമാനിച്ചു. ഭാര്യയും ഭർത്താവും എന്ന നിലയിലുള്ള ഞങ്ങളുടെതന്നെ ബന്ധത്തിൽ ഞങ്ങൾക്ക്‌ രണ്ടു സുപ്രധാന നിയമങ്ങളുണ്ടായിരുന്നു. ഒന്ന്‌: കുട്ടികളുടെ മുന്നിൽവെച്ച്‌ ഒരിക്കലും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കാതിരിക്കുക. രണ്ട്‌: എഫെസ്യർ 4:​26-ലെ തത്ത്വത്തിനു ചേർച്ചയിൽ പ്രശ്‌നങ്ങൾ സംസാരിച്ചുതീർക്കുക, അതിനു മണിക്കൂറുകൾതന്നെ വേണ്ടിവന്നാൽപ്പോലും!

രണ്ടാനപ്പനും രണ്ടാനമ്മയും ഉള്ള ആ പ്രത്യേക ജീവിതസാഹചര്യത്തോട്‌ എല്ലാവരും നന്നായി സഹകരിച്ചു. എങ്കിലും ഞങ്ങൾക്ക്‌ ഓരോരുത്തർക്കും നേരിട്ട നഷ്ടം അത്ര പെട്ടെന്നൊന്നും മനസ്സിൽനിന്നു മായുന്നതായിരുന്നില്ല. ഉദാഹരണത്തിന്‌, തിങ്കളാഴ്‌ച രാത്രി മേരിയുടെ കാര്യത്തിൽ ഒരു “വിലാപ രാത്രി” ആയി മാറിയിരുന്നു. കുടുംബാധ്യയനത്തെ തുടർന്ന്‌ കുട്ടികളൊക്കെ ഉറങ്ങിക്കഴിയുമ്പോൾ മിക്കപ്പോഴും മേരിയുടെ വികാരങ്ങൾ അണപൊട്ടിയൊഴുകുമായിരുന്നു.

അങ്ങനെയിരിക്കെ, മേരിക്ക്‌ ഒരാഗ്രഹം ഞങ്ങളുടേതായ ഒരു കുഞ്ഞു വേണമെന്ന്‌. സങ്കടകരമെന്നു പറയട്ടെ, ആദ്യ ഗർഭം അലസിപ്പോയി. മേരി രണ്ടാമതും ഗർഭിണിയായി, അതു വലിയൊരു സംഭവം ആയിത്തീരുമായിരുന്നു. അൾട്രാസൗണ്ട്‌ പരിശോധന നടത്തിയപ്പോഴല്ലേ അറിയുന്നത്‌ മേരിയുടെ ഉദരത്തിൽ വളരുന്നത്‌ ഒന്നല്ല നാലു കുഞ്ഞുങ്ങൾ ആണെന്ന്‌! ഞാൻ അന്തംവിട്ടുപോയി. 47-കാരനായ ഞാൻ ഇതാ എട്ടു കുട്ടികളുടെ പിതാവാകാൻ പോകുന്നു! 32 ആഴ്‌ചയ്‌ക്കു ശേഷം, 1982 ഫെബ്രുവരി 14-ന്‌ ആ നാലു കുഞ്ഞുങ്ങളെയും ശസ്‌ത്രക്രിയയിലൂടെ ഒന്നൊന്നായി പുറത്തെടുത്തു. ജനനക്രമത്തിലുള്ള അവരുടെ പേരുവിവരമാണ്‌ താഴെ: ക്ലിന്റ്‌, 1.6 കിലോഗ്രാം; സിൻഡി 1.9 കിലോഗ്രാം; ജെറെമി, 1.4 കിലോഗ്രാം; ഡാനെറ്റ്‌, 1.7 കിലോഗ്രാം. എല്ലാവരും കാഴ്‌ചയ്‌ക്ക്‌ വ്യത്യസ്‌തരായിരുന്നു.

കുട്ടികൾ പിറന്ന ഉടനെ മേരിയുടെ ഡോക്ടർ എന്നെ കാണാനെത്തി, എന്റെ അടുത്തുവന്നിരുന്നു.

എന്നിട്ട്‌ അദ്ദേഹം ചോദിച്ചു: “കുട്ടികളെ എങ്ങനെ പരിപാലിക്കുമെന്ന്‌ ഓർത്ത്‌ താങ്കൾക്ക്‌ ഉത്‌കണ്‌ഠയുണ്ടോ?”

“ങ്‌ഹാ, ജീവിതത്തിലെ ആദ്യത്തെ അനുഭവമല്ലേ,” ഞാൻ മറുപടി പറഞ്ഞു.

അദ്ദേഹം തുടർന്നു പറഞ്ഞ കാര്യം അതിശയകരവും ഒപ്പം പ്രോത്സാഹജനകവും ആയിരുന്നു.

അദ്ദേഹം പറഞ്ഞു: “നിങ്ങളുടെ സഹവിശ്വാസികൾ നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങൾ ഒന്നു തുമ്മിയാൽ മതി സഹായിക്കാൻ അവർ പാഞ്ഞെത്തും!”

ആശുപത്രിയിൽ ലഭിച്ച വിദഗ്‌ധ സേവനത്തിന്റെ ഫലമായി സാമാന്യം ആരോഗ്യത്തോടെ നാലു കുഞ്ഞുങ്ങൾക്കും രണ്ടു മാസത്തിനുള്ളിൽത്തന്നെ വീട്ടിലേക്കു പോകാനായി.

നവജാതരെ വളർത്തുന്നതിന്റെ വെല്ലുവിളി

കാര്യങ്ങളെല്ലാം ഉചിതവും ക്രമവുമായി നടക്കാൻവേണ്ടി ഞങ്ങൾ ഇരുവരും ഒരു 24-മണിക്കൂർ പട്ടിക ഉണ്ടാക്കി. കുട്ടികളെ നോക്കുന്നതിൽ ഞങ്ങളുടെ നാലു പെൺകുട്ടികളും വലിയ സഹായമായിരുന്നു. മാത്രവുമല്ല, അന്ന്‌ ഡോക്ടർ പറഞ്ഞതും സത്യമായി ഭവിച്ചു, ഒന്നു “തുമ്മി”യാൽത്തന്നെ സഹായിക്കാൻ തയ്യാറായി സഹോദരങ്ങൾ എത്തിയിരുന്നു. അതിനു നല്ലൊരു ഉദാഹരണമാണ്‌ ഞങ്ങളുടെ ഒരു ദീർഘകാല സുഹൃത്തായ ജോൺ മാക്‌-ആർതർ. അദ്ദേഹം സാക്ഷികളിൽപ്പെട്ട, നിർമാണവേലയിൽ പരിചയമുള്ള സഹോദരങ്ങളെ ഉപയോഗിച്ച്‌ ഞങ്ങളുടെ വീടു നീട്ടിപ്പണിയുന്നതിനുള്ള ക്രമീകരണങ്ങൾ നേരത്തേതന്നെ ചെയ്‌തിരുന്നു. കുട്ടികൾ വീട്ടിലെത്തിയശേഷം അവരുടെ കാര്യം നോക്കുന്നതിൽ സഹായിക്കാനായി കുറെ സഹോദരിമാർ മുന്നോട്ടുവന്നു. ക്രിസ്‌തീയ സ്‌നേഹത്തിന്റെ പ്രകടനമായിരുന്നു ആ ദയാപ്രവൃത്തികളെല്ലാം.​—⁠1 യോഹന്നാൻ 3:18.

ഒരർഥത്തിൽ ആ നാൽവർ “സഭയുടെ കുഞ്ഞുങ്ങൾ” ആയിരുന്നു. ഇപ്പോൾപ്പോലും, ഞങ്ങളെ സഹായിച്ച പല സഹോദരീസഹോദരന്മാരെയും കുട്ടികൾ സ്വന്തം കുടുംബാംഗങ്ങളായാണ്‌ കാണുന്നത്‌. മേരി നല്ലൊരു ഭാര്യയും കുട്ടികൾക്കുവേണ്ടി എന്തിനും തയ്യാറായ ഒരു അമ്മയും ആയിരുന്നു. ദൈവവചനത്തിൽനിന്നും സംഘടനയിൽനിന്നും പഠിക്കുന്ന കാര്യങ്ങളൊക്കെ മേരി അങ്ങനെതന്നെ ബാധകമാക്കുമായിരുന്നു. ഇതിലും മെച്ചമായ ബുദ്ധിയുപദേശം എവിടെ കിട്ടാനാണ്‌!​—⁠സങ്കീർത്തനം 1:2, 3; മത്തായി 24:45.

ക്രിസ്‌തീയ യോഗങ്ങളും പ്രസംഗവേലയും ഞങ്ങളുടെ പ്രതിവാര പട്ടികയുടെ ഒരു സുപ്രധാന ഭാഗമായിരുന്നു, നാലു കുഞ്ഞുങ്ങളെയുംകൊണ്ട്‌ അതു ചെയ്യുകയെന്നത്‌ അത്ര എളുപ്പമല്ലായിരുന്നെങ്കിലും. ഞങ്ങൾ ബൈബിൾ പഠിപ്പിച്ചിരുന്ന രണ്ടു ദമ്പതികൾ അധ്യയനത്തിനായി ഞങ്ങളുടെ വീട്ടിൽവന്നിരുന്നത്‌ ആ സമയത്ത്‌ വലിയൊരു അനുഗ്രഹമായിരുന്നു. ഇതു വളരെ സൗകര്യപ്രദമായിരുന്നെങ്കിലും, ചിലപ്പോഴൊക്കെ മേരി ക്ഷീണം കാരണം അധ്യയന സമയത്ത്‌ ഉറക്കംതൂങ്ങുമായിരുന്നു, ഉറങ്ങുന്ന കുഞ്ഞുങ്ങളിൽ ഒരാളും അപ്പോൾ കയ്യിലുണ്ടാകും. ആ രണ്ടു ദമ്പതികളും അവസാനം ഞങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരായിത്തീർന്നു.

കുഞ്ഞുന്നാൾമുതലേ ആത്മീയ പരിശീലനം

കുഞ്ഞുങ്ങൾ പിച്ചവെക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ മേരിയും മൂത്ത പെൺകുട്ടികളും ഞാനും അവരെയുംകൊണ്ടാണ്‌ വയൽ ശുശ്രൂഷയ്‌ക്കു പോയിരുന്നത്‌. അവർ നടക്കാറായപ്പോൾ ഞാനും മേരിയും രണ്ടു പേരെവീതം കൂടെ കൊണ്ടുപോയിരുന്നു, അത്‌ ഒരു ഭാരമായി ഞങ്ങൾക്കു തോന്നിയിരുന്നതേയില്ല. മിക്കപ്പോഴും സൗഹൃദമനസ്‌കരായ വീട്ടുകാരുമായി സംഭാഷണം തുടങ്ങാനുള്ള നല്ലൊരു ഉപാധിയായിരുന്നു അവർ. ഒരിക്കൽ ഞാൻ കണ്ടുമുട്ടിയ ഒരു മനുഷ്യൻ, ജ്യോതിഷപ്രകാരം ഒരു വ്യക്തിയുടെ ജനനം ഏതു ദിവസത്തിലെ ഏതു നക്ഷത്രത്തിൽ ആണ്‌ എന്നതിനെ ആശ്രയിച്ചായിരിക്കും അയാളുടെ വ്യക്തിത്വഗുണങ്ങൾ എന്ന്‌ അവകാശപ്പെട്ടു. അതിനു ഞാൻ അപ്പോൾ മറുപടിയൊന്നും പറഞ്ഞില്ല, എന്നാൽ ഉച്ചയ്‌ക്കു മുമ്പ്‌ മടങ്ങിവരട്ടെ എന്നുമാത്രം ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. ഞാൻ ഞങ്ങളുടെ നാൽവർസംഘത്തെയുമായി മടങ്ങിച്ചെന്നു. അദ്ദേഹം അന്തംവിട്ടു നോക്കി നിൽക്കെ ഞാൻ കുട്ടികളെ അവർ ജനിച്ച ക്രമപ്രകാരം നിരത്തിനിറുത്തി. എന്നിട്ട്‌ ഞങ്ങൾ സംഭാഷണം തുടങ്ങി, വളരെ സൗഹൃദപരമായ ഒന്ന്‌. കുട്ടികളിൽ പ്രകടമായിരുന്ന ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചു മാത്രമല്ല, അവരുടെ വ്യക്തിത്വത്തിലുള്ള വലിയ അന്തരത്തെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. അത്‌ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിനേറ്റ കനത്ത ഒരു പ്രഹരമായിരുന്നു. “താങ്കളുടെ അടുത്തുതന്നെ ഞാനിതു പറഞ്ഞല്ലോ. എനിക്കു തോന്നുന്നത്‌ ഞാൻ ഇതേക്കുറിച്ച്‌ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ്‌, ശരിയല്ലേ?” അദ്ദേഹം പറഞ്ഞു.

കുഞ്ഞുങ്ങളായിരിക്കെ അവർ കുരുത്തക്കേടു കാണിക്കുമ്പോൾ, എല്ലാവർക്കുംകൂടെ ശിക്ഷണം നൽകുന്നത്‌ അവർക്ക്‌ ഇഷ്ടമല്ലായിരുന്നു, അതുകൊണ്ട്‌ ഞങ്ങൾ ഓരോരുത്തർക്കുമായാണ്‌ തിരുത്തൽ നൽകിയിരുന്നത്‌. എങ്കിലും, നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന്‌ അവർ തിരിച്ചറിഞ്ഞിരുന്നു. സ്‌കൂളിൽവെച്ച്‌ മനസ്സാക്ഷി ഉൾപ്പെടുന്ന പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ അവർ ബൈബിൾ തത്ത്വങ്ങൾക്കുവേണ്ടി ഉറച്ചുനിൽക്കുകയും പരസ്‌പരം പിന്തുണയ്‌ക്കുകയും ചെയ്‌തു, സിൻഡി ആയിരുന്നു എല്ലാവർക്കുംവേണ്ടി സംസാരിച്ചിരുന്നത്‌. ഈ നാൽവർസംഘം ഒരു വൻശക്തിതന്നെയാണെന്ന്‌ ആളുകൾ പെട്ടെന്നു തിരിച്ചറിഞ്ഞു!

യഹോവയോടു വിശ്വസ്‌തരായി നിൽക്കാൻ കൗമാരപ്രായക്കാരെ സഹായിക്കുന്നതിന്റെ വെല്ലുവിളികൾ എല്ലാവരെയുംപോലെ ഞങ്ങൾക്കും നേരിട്ടു. സ്‌നേഹനിർഭരരായ സഹോദരങ്ങളുടെ പിന്തുണയും യഹോവയുടെ ദൃശ്യസംഘടനയിൽനിന്നു ലഭിക്കുന്ന സമൃദ്ധമായ ആത്മീയ ആഹാരവും ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ ആ ഭാഗധേയം നിർവഹിക്കുന്നത്‌ തീർച്ചയായും ഇതിലേറെ ബുദ്ധിമുട്ടായിരിക്കുമായിരുന്നു. ക്രമമായി കുടുംബ ബൈബിളധ്യയനം നടത്തുന്നതിനും എല്ലായ്‌പോഴും തുറന്ന ആശയവിനിമയം നിലനിറുത്തുന്നതിനും ഞങ്ങൾ ശ്രമിച്ചിരുന്നു, പലപ്പോഴും അതത്ര എളുപ്പമല്ലായിരുന്നെങ്കിലും. ഏതായാലും ഞങ്ങളുടെ ആ ശ്രമം തക്ക മൂല്യമുള്ളതായിരുന്നു. കാരണം, ഞങ്ങളുടെ എട്ടു മക്കളും യഹോവയുടെ ആരാധകരാണ്‌.

പ്രായാധിക്യവുമായി പൊരുത്തപ്പെടുന്നു

ഈ കാലമത്രയും എനിക്ക്‌ നിരവധി ആത്മീയ പദവികൾ ആസ്വദിക്കാനായിട്ടുണ്ട്‌, സഭാ മൂപ്പൻ, നഗരമേൽവിചാരകൻ, പകര സർക്കിട്ട്‌ മേൽവിചാരകൻ അങ്ങനെ പലതും. ഇതിനു പുറമേ ഞാൻ പ്രാദേശിക ആശുപത്രി ഏകോപന സമിതി അംഗമായും സേവിച്ചിട്ടുണ്ട്‌. രക്തം സംബന്ധിച്ച പ്രശ്‌നം ഉയർന്നുവരുമ്പോൾ യഹോവയുടെ സാക്ഷികളായ രോഗികളുടെ അവകാശങ്ങൾ മാനിക്കാൻ ഡോക്ടർമാരെ സഹായിക്കുക എന്നതാണ്‌ പ്രസ്‌തുത സമിതിയുടെ ധർമം. കഴിഞ്ഞ 34 വർഷമായി ഞാൻ ഒരു വിവാഹരജിസ്‌ട്രാറുമാണ്‌. ഇതിനോടകം ഞാൻ 350 വിവാഹങ്ങൾ നടത്തിക്കൊടുത്തിട്ടുണ്ട്‌, എന്റെ ആറു പെൺമക്കളുടേത്‌ ഉൾപ്പെടെ.

ഇത്രയും കാലത്തിനിടയ്‌ക്ക്‌ എന്റെ ആദ്യ ഭാര്യ ജൂഡിയിൽനിന്നും രണ്ടാം ഭാര്യ മേരിയിൽനിന്നും ലഭിച്ച വിശ്വസ്‌തമായ പിന്തുണയെപ്രതി ഞാൻ യഹോവയ്‌ക്ക്‌ എല്ലായ്‌പോഴും നന്ദി പറയാറുണ്ട്‌. (സദൃശവാക്യങ്ങൾ 31:10, 30) ഒരു മൂപ്പനെന്ന നിലയിലുള്ള എന്റെ വേലയെ പിന്തുണച്ചതോടൊപ്പം അവർ ശുശ്രൂഷയിൽ നല്ലൊരു മാതൃക വെക്കുകയും കുട്ടികളുടെ ഹൃദയത്തിൽ ആത്മീയ ഗുണങ്ങൾ ഉൾനടാൻ സഹായിക്കുകയും ചെയ്‌തു.

1996-ൽ എന്റെ തലച്ചോറിന്‌ തകരാറുള്ളതായി കണ്ടുപിടിച്ചു. അതു നിമിത്തം എന്റെ കൈ വിറയ്‌ക്കുകയും ശരീരം വേച്ചുപോകുകയും ചെയ്യുന്നു. അതുകൊണ്ട്‌ ഇനി എനിക്ക്‌ ബോർഡ്‌ എഴുതുന്ന പണി ചെയ്യാനാവില്ല. എന്നുവരികിലും, ഞാൻ യഹോവയുടെ സേവനത്തിൽ ഏറെ സന്തുഷ്ടനാണ്‌, മുൻകാലത്തെപ്പോലെയൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും. എന്നാൽ ഇതിൽനിന്നൊക്കെ ഉണ്ടായിട്ടുള്ള ഒരു നേട്ടം പ്രായാധിക്യമുള്ളവരോട്‌ കൂടുതൽ സമാനുഭാവം പ്രകടിപ്പിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു എന്നതാണ്‌.

ജീവിതത്തിലേക്ക്‌ ഒന്നു പിന്തിരിഞ്ഞുനോക്കുമ്പോൾ, ഉണ്ടായിട്ടുള്ള വെല്ലുവിളികളെയെല്ലാം സന്തോഷത്തോടെ നേരിടാൻ എന്നെയും കുടുംബത്തെയും സഹായിച്ചതിന്‌ ഞാൻ എല്ലായ്‌പോഴും യഹോവയോടു കൃതജ്ഞതയുള്ളവനാണ്‌. (യെശയ്യാവു 41:10) വളരെയധികം സ്‌നേഹവും പിന്തുണയും നൽകിയ സഹോദരീസഹോദരന്മാരുടെ ആത്മീയ കുടുംബത്തോട്‌ എത്ര നന്ദിപറഞ്ഞാലും മതിയാകില്ല എന്നതിൽ മേരിയും ഞാനും എട്ടു മക്കളും ഏകാഭിപ്രായക്കാരാണ്‌, കാരണം അത്രയധികമാണ്‌ അവരെല്ലാം പ്രകടമാക്കിയ ആ സ്‌നേഹം.​—⁠യോഹന്നാൻ 13:34, 35.

[അടിക്കുറിപ്പുകൾ]

^ ഖ. 6 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌, ഇപ്പോൾ അച്ചടിക്കുന്നില്ല.

^ ഖ. 17 1972 മാർച്ച്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 174-80 പേജുകൾ കാണുക.

[12-ാം പേജിലെ ചിത്രം]

ഞാനും അമ്മയും ജ്യേഷ്‌ഠൻ ഗാർത്തും ചേച്ചി ഡോണും 1941-ലെ സിഡ്‌നി കൺവെൻഷനു പുറപ്പെടുംമുമ്പ്‌

[13-ാം പേജിലെ ചിത്രം]

ക്വീൻസ്‌ലൻഡിൽ സർക്കിട്ട്‌ വേലയിൽ ആയിരിക്കെ, ജൂഡി, ശിശുവായ കിം എന്നിവരോടൊപ്പം

[15-ാം പേജിലെ ചിത്രം]

നാൽവർക്കു തുണയായി മൂത്ത നാലു സഹോദരിമാരും സഭയും ഉണ്ടായിരുന്നു