ഗിനിയിലെ ആത്മീയ വജ്രങ്ങൾ
ഗിനിയിലെ ആത്മീയ വജ്രങ്ങൾ
നിധി കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, ജീവൻ പണയപ്പെടുത്തിക്കൊണ്ടുപോലും പര്യവേക്ഷകർ അതിനായി തിരച്ചിൽ നടത്തിയിരിക്കുന്നു. ധീരരായ പര്യവേക്ഷകർ പശ്ചിമാഫ്രിക്കയിലെ ഗിനിയിൽ രണ്ടു തരത്തിലുള്ള നിക്ഷേപങ്ങൾ കണ്ടെത്തി—ഭൗതികവും ആത്മീയവും. വജ്രങ്ങൾ, സ്വർണം, ഇരുമ്പയിര്, മേന്മയേറിയ ബോക്‌സൈറ്റ് (ഇതിൽനിന്നാണ് അലൂമിനിയം വേർതിരിച്ചെടുക്കുന്നത്) എന്നിവയുടെ കലവറയാണ് ഈ രാജ്യം. ജനസംഖ്യ 90 ലക്ഷത്തിലധികം വരും.
ക്രൈസ്‌തവ മതങ്ങൾ ആധിപത്യം പുലർത്തുന്ന ഒരിടമല്ല ഇത്. എങ്കിലും ആരാധനയ്‌ക്കു വലിയ പ്രാധാന്യമുണ്ട് ഇവിടെ; അനേകരും ആത്മീയ നിക്ഷേപങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. ഈ ആത്മീയ നിക്ഷേപങ്ങൾ എന്താണെന്നല്ലേ? ഹഗ്ഗായി 2:7-ൽ “സകല ജാതികളുടെയും മനോഹരവസ്‌തു” എന്നു വർണിച്ചിരിക്കുന്ന യഹോവയുടെ വിശ്വസ്‌ത ദാസന്മാരാണത്.
ആത്മീയ വജ്രങ്ങൾ
ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്നതിന് നല്ല ശ്രമം ആവശ്യമാണ്. അതുപോലെ, ക്രിസ്‌തീയ ശുശ്രൂഷയിൽ ആത്മീയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനും ആത്മാർഥമായ ശ്രമം കൂടിയേ തീരൂ. 1950-കളുടെ തുടക്കത്തിൽ ഗിനിയുടെ ഹൃദയഭാഗത്തു തുടങ്ങിയ രാജ്യ പ്രസംഗവേല 1960-കളുടെ തുടക്കത്തിൽ മാത്രമാണ് അതിന്റെ തലസ്ഥാന നഗരിയായ കോനക്രിയിൽ എത്തിയത്. ഇന്ന് ഗിനിയിലെമ്പാടും 21 സഭകളിലും കൂട്ടങ്ങളിലുമായി 900-ത്തോളം യഹോവയുടെ സാക്ഷികളുണ്ട്.
1987-ലാണ് ഗിനിയിൽ മിഷനറിമാർ എത്തിച്ചേർന്നത്. കോനക്രിയിലെ ഒരേയൊരു സഭയോടൊപ്പമായിരുന്നു അവരുടെ പ്രവർത്തനം. ഇന്ന് തലസ്ഥാനത്തും ഉൾപ്രദേശങ്ങളിലുമായി 20-ലധികം മിഷനറിമാരുണ്ട്. അവർ സഭകളെ ശക്തിപ്പെടുത്തുകയും സ്ഥലത്തെ പ്രസാധകരോടൊപ്പം പ്രസംഗവേലയിൽ പങ്കെടുക്കുകയും ചെയ്‌തുകൊണ്ട് തീക്ഷ്‌ണതയോടെ സേവിക്കുന്നു.
ആൽബെർ എന്ന ചെറുപ്പക്കാരനായ ഒരു ഡോക്ടറെ ബൈബിൾ പഠിക്കാൻ സഹായിച്ചതിൽ കോനക്രിയിൽ താമസിക്കുന്ന ല്യൂക്കിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. സത്യം തേടി പല സഭകളിലും അലഞ്ഞ വ്യക്തിയാണ് ആൽബെർ. ആത്മവിദ്യയും അദ്ദേഹം പരീക്ഷിച്ചുനോക്കി. അദ്ദേഹത്തിന് ഭാഗ്യം വരുത്തും എന്നു പറഞ്ഞുകൊണ്ട് ഒരു ആത്മമധ്യവർത്തി കൊടുത്ത മോതിരം അദ്ദേഹം വിരലിൽ ഇട്ടിരുന്നു. സത്യമതത്തിനായുള്ള അന്വേഷണം എങ്ങുമെത്താതെ വന്നപ്പോൾ നിരാശിതനായി അദ്ദേഹം ആ മോതിരം എറിഞ്ഞുകളഞ്ഞു. എന്നിട്ട് ഇങ്ങനെ പ്രാർഥിച്ചു: “ദൈവമേ, നീയുണ്ടെങ്കിൽ, നിന്നെ അറിയാനും നിന്നെ സേവിക്കാനും എന്നെ സഹായിക്കേണമേ. അല്ലെങ്കിൽ, എന്റെ ഇഷ്ടംപോലെ ഞാൻ ജീവിക്കും.” അധികം താമസിയാതെ, ചേച്ചിയുടെ വീട്ടിൽപ്പോയ ആൽബെർ തന്റെ അനന്തരവളെ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു സ്‌ത്രീ ബൈബിൾ പഠിപ്പിക്കുന്നതു കേൾക്കാനിടയായി. ഉടൻതന്നെ, ആൽബെറിനെ ബൈബിൾ പഠിപ്പിക്കുന്നതിനുള്ള ക്രമീകരണം ചെയ്‌തു, ല്യൂക്കിനെയാണ് അതിനായി നിയോഗിച്ചത്.
ആഴ്‌ചതോറും, അധ്യയനം നടത്തുന്നതിനുവേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമായി ല്യൂക്കിന് ഏകദേശം 10 കിലോമീറ്റർ നടക്കണമായിരുന്നു; എന്നാൽ അക്കാര്യത്തിൽ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. യൂണിവേഴ്‌സിറ്റി ബിരുദധാരിയായിരുന്നു ആൽബെർ. ല്യൂക്കിനാണെങ്കിൽ വിദ്യാഭ്യാസം തീരെ കുറവും. എന്നാൽ, തിരുവെഴുത്തുകളിൽ ശക്തമായ വിശ്വാസമുണ്ടായിരുന്നു ല്യൂക്കിന്; പാഠഭാഗത്തിന്റെ പ്രായോഗിക മൂല്യം അദ്ദേഹം നന്നായി വിശദീകരിക്കുകയും ചെയ്‌തു. ഇതൊക്കെ ആൽബെറിൽ വലിയ മതിപ്പുളവാക്കി. മനുഷ്യൻ കഷ്ടപ്പെടുന്നത് ദൈവത്തിന്റെ കുഴപ്പംകൊണ്ടല്ലെന്നും എല്ലാ കഷ്ടപ്പാടുകളും അവസാനിപ്പിച്ച് ഭൂമി ഒരു പറുദീസയാക്കി മാറ്റാനാണ് ദൈവം ഉദ്ദേശിക്കുന്നതെന്നും മനസ്സിലാക്കിയപ്പോൾ ആൽബെറിന് എത്ര സന്തോഷം തോന്നിയെന്നോ! (സങ്കീർത്തനം 37:9-11) ബൈബിൾ സത്യങ്ങളും സഭയിലെ അംഗങ്ങളുടെ നല്ല പെരുമാറ്റവും ആൽബെറിന്റെ ഹൃദയത്തെ സ്‌പർശിച്ചു.
ഒരു വജ്രം കണ്ണഞ്ചിക്കുന്ന ശോഭയുള്ള ഒന്നാക്കി മാറ്റുന്നതിന് വിദഗ്‌ധനായ ഒരു ശിൽപ്പി അത് ശ്രദ്ധാപൂർവം ചെത്തിമിനുക്കി എടുക്കേണ്ടതുണ്ട്. സമാനമായി, ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങളുമായി ചേർന്നുപോകാൻ തക്കവണ്ണം ആൽബെറിനും ജീവിതത്തിൽ ചില ‘ചെത്തിമിനുക്കലുകൾ’ നടത്തേണ്ടിവന്നു. ആത്മമധ്യവർത്തികളുമായി ആലോചന നടത്തുന്നത് അദ്ദേഹം നിറുത്തി, മദ്യപാനവും ചൂതാട്ടവും ഉപേക്ഷിച്ചു. പക്ഷേ, പുകവലി നിറുത്തുന്നത് അത്ര എളുപ്പമായിരുന്നില്ല. അവസാനം സഹായത്തിനായി അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, ആത്മാർഥമായ ആ പ്രാർഥനയുടെ ഫലമായി പുകവലി ഉപേക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആറു മാസത്തിനുശേഷം, വിവാഹം നിയമാനുസൃതമാക്കാനുള്ള ക്രമീകരണങ്ങൾ അദ്ദേഹം ചെയ്‌തു. അദ്ദേഹത്തിന്റെ ഭാര്യയും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇന്ന് ഇരുവരും, സ്‌നാപനമേറ്റ
ക്രിസ്‌ത്യാനികളെന്ന നിലയിൽ യഹോവയെ സേവിക്കുന്നു.മറ്റൊരു ആത്മീയ വജ്രമാണ് മാർട്ടൻ. ഗെക്കേഡൂ എന്ന പട്ടണത്തിൽവെച്ചാണ് അവൻ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. അന്ന് അവന് 15 വയസ്സായിരുന്നു. കത്തോലിക്കരായ അവന്റെ മാതാപിതാക്കൾ അവൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു പോകുന്നതിനെ എതിർത്തു. മാർട്ടന്റെ ബൈബിൾ പ്രസിദ്ധീകരണങ്ങൾ നശിപ്പിച്ചു കളഞ്ഞ അവർ, അവനെ അടിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്‌തു. എതിർപ്പുകളുടെ ഫലമായി, ബൈബിൾ സത്യത്തോടുള്ള മാർട്ടന്റെ സ്‌നേഹം ഉറപ്പുള്ളതായിത്തീർന്നു—കാർബൺ കടുത്ത മർദത്തിനു വിധേയമാകുമ്പോൾ വജ്രം രൂപംകൊള്ളുന്നതുപോലെ. ക്രമേണ അവന്റെ മാതാപിതാക്കളുടെ മനോഭാവം മയപ്പെട്ടു, അവൻ വീട്ടിൽ തിരിച്ചെത്തി. എന്തായിരുന്നു അവരുടെ മനംമാറ്റത്തിനു കാരണം? മാർട്ടന്റെ സ്വഭാവം അവന്റെ അനുജത്തിയുടെയും അനുജന്മാരുടെയും സ്വഭാവത്തിൽനിന്നു വളരെ വ്യത്യസ്‌തമാണെന്ന കാര്യം അവർ ശ്രദ്ധിച്ചു. മത്സരിക്കുന്ന പ്രകൃതക്കാരായിരുന്നു മാർട്ടന്റെ സഹോദരങ്ങൾ; ലൈംഗിക അധാർമികതയിൽ ഉൾപ്പെടുകയും ചെയ്‌തു. എന്നാൽ മാർട്ടൻ അങ്ങനെയല്ലായിരുന്നു. മാർട്ടന്റെ പുതിയ വിശ്വാസം അവന് പ്രയോജനകരമാണെന്നു ബോധ്യമായപ്പോൾ, അവന്റെ പിതാവ് സഭയിലെ അംഗങ്ങളുടെ സന്ദർശനത്തെ സ്വാഗതം ചെയ്യാൻ തുടങ്ങി. സഹോദരങ്ങൾ മാർട്ടനുവേണ്ടി ചെയ്‌ത എല്ലാ സഹായങ്ങൾക്കും അവന്റെ അമ്മ പലവട്ടം അവർക്കു നന്ദിപറഞ്ഞു. 18-ാം വയസ്സിൽ അവൻ സ്‌നാപനമേറ്റു. ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുത്ത മാർട്ടൻ ഇപ്പോൾ ഒരു പ്രത്യേക പയനിയർ ശുശ്രൂഷകനായി സേവിക്കുന്നു.
വിദേശത്തുനിന്നെത്തിയ ആത്മീയ വജ്രങ്ങൾ
ഗിനി അവളുടെ ധാരാളം പ്രകൃതിവിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്‌ക്കുന്നുണ്ട്. എന്നാൽ, ഇവിടത്തെ ചില ആത്മീയ വജ്രങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന് ‘ഇറക്കുമതി’ ചെയ്യപ്പെട്ടവയാണ്. സാമ്പത്തിക കാരണങ്ങൾ നിമിത്തം മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് അനേകർ ഇവിടേക്കു കുടിയേറിപ്പാർത്തിരിക്കുന്നു. മറ്റു ചിലരാകട്ടെ ക്രൂരമായ യുദ്ധങ്ങൾ പേടിച്ച് ഓടിപ്പോന്നവരാണ്.
കാമറൂണിൽനിന്നുള്ള അർണസ്റ്റിൻ 12 വർഷം മുമ്പാണ് ഗിനിയിലെത്തിയത്. അവർ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിച്ചു. വർഷങ്ങളോളം യോഗങ്ങളിൽ സംബന്ധിച്ചിരുന്നെങ്കിലും അവർ സ്‌നാപനമേറ്റിരുന്നില്ല. 2003-ൽ യഹോവയുടെ സാക്ഷികളുടെ ഒരു സർക്കിട്ട് സമ്മേളനത്തിൽവെച്ച് ആളുകൾ സ്‌നാപനമേൽക്കുന്നതു കണ്ടപ്പോൾ അർണസ്റ്റിന്റെ കണ്ണുനിറഞ്ഞു. കുറ്റബോധത്താൽ നീറുന്ന മനസ്സോടെ അവർ യഹോവയോടു പ്രാർഥിച്ചു: “എനിക്ക് 51 വയസ്സായി, ഞാൻ ഇതുവരെയും നിനക്കുവേണ്ടി നല്ലതൊന്നും
ചെയ്‌തിട്ടില്ല. ഇനിയെങ്കിലും, എനിക്കു നിന്നെ സേവിക്കണം.” തുടർന്ന് അർണസ്റ്റിൻ തന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. നിയമപരമായി വിവാഹിതരായാൽ മാത്രമേ ഇനി ഒരുമിച്ചു താമസിക്കാനാകൂ എന്ന് കൂടെ കഴിഞ്ഞിരുന്ന വ്യക്തിയോട് അവർ പറഞ്ഞു. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്‌തു. അവസാനം 2004 നവംബറിൽ അർണസ്റ്റിൻ സ്‌നാപനമേറ്റു. അന്നും അവരുടെ കവിൾത്തടങ്ങളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി, പക്ഷേ അത് കുറ്റബോധത്തിന്റെ കണ്ണുനീർ ആയിരുന്നില്ല, സന്തോഷത്തിന്റേതായിരുന്നു.1990-കളുടെ ആരംഭം മുതൽ ലൈബീരിയയിൽനിന്നും സിയെറ ലിയോണിൽനിന്നുമുള്ള ആയിരക്കണക്കിന് അഭയാർഥികൾക്ക് ഗിനി അഭയം നൽകിയിട്ടുണ്ട്. യഹോവയുടെ സാക്ഷികളിൽപ്പെട്ട നൂറുകണക്കിനു പേരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഒരു ക്യാമ്പിൽ എത്തിയാൽ ഉടൻതന്നെ സഹോദരങ്ങൾ, യോഗങ്ങൾ പതിവായി നടത്തുന്നതിനുള്ള ക്രമീകരണം ചെയ്യുകയും പ്രസംഗവേല സംഘടിപ്പിക്കുകയും രാജ്യഹാൾ നിർമിക്കുകയും ചെയ്യുന്നു. അഭയാർഥി ക്യാമ്പുകളിൽവെച്ച് ചില ആളുകൾ യഹോവയുടെ ദാസന്മാരായിത്തീർന്നിട്ടുണ്ട്. അങ്ങനെയുള്ള ഒരു വ്യക്തിയാണ് ഐസക്. സ്‌നാപനമേറ്റതിനുശേഷം, താൻ മുമ്പു ജോലി ചെയ്‌തിരുന്ന വലിയ ലൈബീരിയൻ കമ്പനിയിൽ വീണ്ടും ജോലിക്കു കയറാൻ ഐസക്കിന് അവസരമുണ്ടായി. എന്നാൽ ലെനേ എന്ന ആ അഭയാർഥി ക്യാമ്പിൽ സാധാരണ പയനിയറായി സേവിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹം പറയുന്നു: “ഇപ്പോൾ, യോഗങ്ങൾക്കോ സമ്മേളനത്തിനോ പോകണമെങ്കിൽ എനിക്ക് ആരോടും അനുവാദം ചോദിക്കേണ്ടതില്ല, യഹോവയെ സേവിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്.” 30,000 അഭയാർഥികളുള്ള, ദൂരെ സ്ഥിതിചെയ്യുന്ന ഈ ക്യാമ്പിലെ 150 സാക്ഷികൾക്കുവേണ്ടി 2003 ഡിസംബറിൽ ഒരു ഡിസ്‌ട്രിക്‌റ്റ് കൺവെൻഷൻ നടത്തുകയുണ്ടായി. സന്തോഷകരമെന്നു പറയട്ടെ, ബധിരരായ 9 പേർ ഉൾപ്പെടെ 591 പേർ ഹാജരായി. ബധിരർക്കുവേണ്ടി ആംഗ്യഭാഷയിൽ പരിപാടികൾ ക്രമീകരിച്ചിരുന്നു. 12 പേർ സ്‌നാപനമേറ്റു. തങ്ങൾക്ക് ആ ആത്മീയ സദ്യ ഒരുക്കിത്തരാനായി നടത്തിയ ശ്രമങ്ങളെ സഹോദരങ്ങൾ അങ്ങേയറ്റം വിലമതിച്ചു.
“മനോഹരവസ്‌തു”ക്കൾ ആവശ്യമായ മാറ്റം വരുത്തുന്നു
സ്വർണത്തിനും വജ്രത്തിനുമായി തിരച്ചിൽ നടത്തുന്നവർ എത്ര വലിയ പ്രതിബന്ധങ്ങളെയും മറികടക്കുന്നതായി കാണുന്നു. യഹോവയെ സേവിക്കുന്നതിനുവേണ്ടി പുതിയവർ, ഏതൊരു തടസ്സവും തരണംചെയ്യാൻ ശ്രമിക്കുന്നതു കാണുന്നത് ഹൃദയോഷ്‌മളമാണ്. സായിനാബിന്റെ കാര്യംതന്നെ എടുക്കുക.
വെറും 13 വയസ്സുള്ളപ്പോൾ, മറ്റൊരു പശ്ചിമാഫ്രിക്കൻ രാജ്യത്തുള്ള വീട്ടിൽനിന്ന് ഗിനിയിലേക്ക് അവളെ അടിമയായി കൊണ്ടുവന്നു. 20-ാമത്തെ വയസ്സിൽ അവൾ ബൈബിൾ സന്ദേശം അറിയാനിടയായി. താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അവളുടെ ഹൃദയം വെമ്പൽകൊണ്ടു.
ക്രിസ്‌തീയ ആരാധനായോഗങ്ങളിൽ സംബന്ധിക്കുന്നത് അവൾക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ യോഗങ്ങളോടു വളരെയധികം വിലമതിപ്പു തോന്നിയ അവൾ അവ മുടക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്‌തു. (എബ്രായർ 10:24, 25) പുസ്‌തകങ്ങൾ വീടിനു പുറത്തൊരിടത്ത് ഒളിച്ചുവെച്ചിട്ട് യോഗങ്ങൾക്കു പോകുന്നവഴി എടുത്തുകൊണ്ടു പോകുകയായിരുന്നു പതിവ്. പലപ്പോഴും ക്രിസ്‌തീയ യോഗങ്ങൾക്കു പോയതിന്റെ പേരിൽ അവൾക്ക് ‘യജമാനന്മാരുടെ’ കയ്യിൽനിന്ന് കടുത്ത പ്രഹരമേറ്റിട്ടുണ്ട്.
ക്രമേണ, സാഹചര്യങ്ങൾ മാറി. സായിനാബ് മോചിതയായി. പെട്ടെന്നുതന്നെ അവൾ എല്ലാ യോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങി. അത് ആത്മീയമായി പെട്ടെന്നു പുരോഗമിക്കാൻ അവളെ സഹായിച്ചു. യോഗങ്ങൾക്കു ഹാജരാകുന്നതിന് തടസ്സമാകും എന്നതിനാൽ നല്ല ശമ്പളം കിട്ടുമായിരുന്ന ഒരു ജോലി അവൾ വേണ്ടെന്നുവെച്ചു. അവൾ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ ചേരുകയും സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു രാജ്യ പ്രസാധകയായിത്തീരുകയും ചെയ്‌തു; പിന്നീട് യഹോവയ്‌ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി ജലസ്‌നാപനമേറ്റു. സ്‌നാപനത്തിനുശേഷം ഉടനെതന്നെ അവൾ സഹായ പയനിയറിങ് ചെയ്യാൻ തുടങ്ങി. ആറു മാസം കഴിഞ്ഞ് അവൾ സാധാരണ പയനിയറിങ് ചെയ്യാനുള്ള തീരുമാനമെടുത്തു.
താത്‌പര്യക്കാരനായ ഒരു വ്യക്തി ഏതാനും യോഗങ്ങളിൽ സംബന്ധിച്ചതിനുശേഷം ഇപ്രകാരം പറഞ്ഞു: “ഇവിടെ വരുമ്പോൾ ഞാനൊരു പാവപ്പെട്ടവനാണെന്നു തോന്നുന്നേയില്ല.” പലരും ഗിനിയുടെ ഭൗതിക സമ്പത്തിൽ മാത്രം താത്‌പര്യം കാണിക്കുമ്പോൾ യഹോവയെ സ്‌നേഹിക്കുന്നവർ ആത്മീയ വജ്രങ്ങൾക്കുവേണ്ടിയുള്ള തീവ്രമായ അന്വേഷണത്തിലാണ്. അതേ, “സകല ജാതികളുടെയും മനോഹരവസ്‌തു”ക്കൾ ഇന്ന് യഹോവയുടെ നിർമലമായ ആരാധനയിലേക്കു തിരിയുകയാണ്!
[8-ാം പേജിലെ ചതുരം]
ഗിനി - 2005
സാക്ഷികളുടെ എണ്ണത്തിലെ അത്യുച്ചം: 883
ബൈബിളധ്യയനങ്ങൾ: 1,710
സ്‌മാരക ഹാജർ: 3,255
[8-ാം പേജിലെ ഭൂപടങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഗിനി
കോനക്രി
സിയെറ ലിയോൺ
ലൈബീരിയ
[9-ാം പേജിലെ ചിത്രം]
ആൽബെറും ല്യൂക്കും
[9-ാം പേജിലെ ചിത്രം]
കോനക്രിയിലെ രാജ്യഹാൾ
[10-ാം പേജിലെ ചിത്രം]
അർണസ്റ്റിൻ
[10-ാം പേജിലെ ചിത്രം]
മാർട്ടൻ
[10-ാം പേജിലെ ചിത്രം]
സായിനാബ്
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
USAID