വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാനാകുമോ?

നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാനാകുമോ?

നമുക്കു ദൈവത്തെ യഥാർഥത്തിൽ അറിയാനാകുമോ?

‘ഏകസത്യദൈവത്തെ അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.’​—⁠യോഹന്നാൻ 17:⁠3.

അപ്പൊസ്‌തലനായ പൗലൊസ്‌ അത്ഭുതത്തോടെ ഇങ്ങനെ പറഞ്ഞു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.” (റോമർ 11:33) ദൈവത്തിന്റെ ജ്ഞാനവും അറിവും കണ്ടെത്തുക എന്നതു മനുഷ്യപ്രാപ്‌തിക്ക്‌ അതീതമാണെന്നും, തന്മൂലം അവനെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു മനസ്സിലാക്കുക അസാധ്യമാണെന്നും ഈ വാക്കുകളിൽനിന്ന്‌ നാം അനുമാനിക്കണോ?

ദൈവം ഒരു മർമമാണെന്ന്‌ അതായത്‌, അവനെക്കുറിച്ചു മനസ്സിലാക്കുക അസാധ്യമാണെന്നാണ്‌ ചില മതചിന്തകന്മാർ വിശ്വസിക്കുന്നത്‌. ഇത്തരം ചിന്താഗതിയെ കുറിച്ച്‌ ദി എൻസൈക്ലോപീഡിയ ഓഫ്‌ റിലിജൻ പ്രസ്‌താവിക്കുന്നത്‌ ഇങ്ങനെയാണ്‌: “ദൈവം, അവനെക്കുറിച്ച്‌ അറിയാൻ സാധിക്കുന്ന എല്ലാ കാര്യങ്ങൾക്കും അതീതനാണ്‌. . . . ദൈവത്തിന്‌ ഒരു പേരിടാനോ അവനെ നിർവചിക്കാനോ സാധ്യമല്ല. ഒരു പേരോ നിർവചനമോ അവന്റെമേൽ പരിമിതികൾ ആരോപിക്കും, എന്നാൽ ദൈവം അവയ്‌ക്കെല്ലാം അതീതനാണ്‌. . . . അവനെ അറിയാൻ സാധിക്കാത്തതുകൊണ്ട്‌ അവൻ അറിയപ്പെടേണ്ടവനല്ല.”

ന്യൂസ്‌വീക്ക്‌ മാസിക പറയുന്നതനുസരിച്ച്‌, മതേതര സമൂഹങ്ങളിലെ അനേകരും “ഒരുതരം പുതിയ ‘കീഴ്‌വഴക്കം’” വെച്ചുപുലർത്താൻ ചായ്‌വു കാണിക്കുന്നു. അതിന്റെ അന്തഃസത്ത ഇതാണ്‌: “സത്യം ഒന്നേയുള്ളൂ, സത്യം എന്നൊന്നില്ല എന്ന സത്യം.”

എങ്കിലും, ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലരുടെയും മനസ്സിൽ ഇന്നും ചോദ്യങ്ങളായിത്തന്നെ അവശേഷിക്കുന്നു. ദാരിദ്ര്യം, രോഗം, അക്രമം എന്നിങ്ങനെ ഹൃദയഭേദകമായ സംഗതികൾ അവർ തങ്ങൾക്കു ചുറ്റും കാണുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വം അവരെ അങ്ങേയറ്റം അസ്വസ്ഥരാക്കുന്നുണ്ടാകാം. ഉത്തരങ്ങൾക്കായി അവർ അതിയായി ആഗ്രഹിക്കുന്നുണ്ട്‌, എന്നാലത്‌ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ അങ്ങനെയൊന്ന്‌ ഇല്ലെന്നുതന്നെ അവർ അനുമാനിച്ചേക്കാം. തത്‌ഫലമായി ഇവരിൽ പലരും സംഘടിത മതത്തിൽനിന്നു പുറത്തുപോയി അവരവരുടെ സ്വന്തം വഴിക്ക്‌ ദൈവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നു​—⁠അതും, ദൈവം ഉണ്ടെന്ന്‌ ഇപ്പോഴും അവർ വിശ്വസിക്കുന്നുണ്ടെങ്കിൽ.

ബൈബിളിന്റെ വീക്ഷണം

ബൈബിൾ അംഗീകരിക്കുന്നവരും യേശുക്രിസ്‌തുവിനെ ദൈവത്തിന്റെ വക്താവായി സ്വീകരിക്കാൻ ചായ്‌വുള്ളവരും, ബൈബിളിന്റെ വീക്ഷണം എന്താണെന്നറിയാൻ താത്‌പര്യം കാണിക്കേണ്ടതാണ്‌. യേശു ഒരിക്കൽ രണ്ടു വഴികളെക്കുറിച്ചു പറഞ്ഞത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും. ഒന്ന്‌ ‘നാശത്തിലേക്കു പോകുന്ന വീതിയുള്ളതും വിശാലവും ആയ വഴി,’ മറ്റൊന്ന്‌ ‘ജീവങ്കലേക്കു പോകുന്ന ഞെരുക്കമുള്ള വഴി.’ ഈ വഴികളിലുടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയുന്നത്‌ എങ്ങനെയെന്നും അവൻ വിശദീകരിച്ചു, അവൻ പറഞ്ഞു: “അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” ഏതുതരം ഫലങ്ങളാൽ? അവരുടെ വാക്കുകളാലല്ല, അവരുടെ പ്രവൃത്തികളാൽ. യേശു അതിങ്ങനെ വ്യക്തമാക്കി: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്‌.” അതുകൊണ്ട്‌ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന്‌ അവകാശപ്പെടുന്നതുകൊണ്ടു മാത്രമായില്ല, ദൈവത്തിന്റെ ഇഷ്ടം ചെയ്യുകയും വേണം. അതു ചെയ്യണമെങ്കിലോ? ആദ്യംതന്നെ, നാം ദൈവേഷ്ടം സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനം നേടേണ്ടതുണ്ട്‌.​—⁠മത്തായി 7:13-23.

മനുഷ്യർക്ക്‌ ദൈവത്തെക്കുറിച്ചുള്ള അറിവു സമ്പാദിക്കാൻ സാധിക്കുമെന്ന്‌ യേശു വളരെ വ്യക്തമായി കാണിച്ചു തന്നു. അവൻ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ദൈവം വെളിപ്പെടുത്തുന്ന ജ്ഞാനവും അറിവും സമ്പാദിക്കാൻ നമുക്കു സാധിക്കും​—⁠നാം അതിനായി പ്രയത്‌നിക്കുന്നെങ്കിൽ. അങ്ങനെ ചെയ്യുന്നവർക്കുള്ള ദൈവത്തിന്റെ സമ്മാനം നിത്യജീവനാണ്‌. അതുകൊണ്ട്‌ ആ അന്വേഷണം തീർച്ചയായും മൂല്യവത്താണ്‌.

[4-ാം പേജിലെ ചിത്രം]

ഞെരുക്കമുള്ള വഴി ജീവനിലേക്കു നയിക്കുന്നുവെന്ന്‌ യേശു പറഞ്ഞു