വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹൂദ മതാചാര സ്‌നാനം സ്‌നാപനത്തിന്റെ ഒരു മുന്നോടിയോ?

യഹൂദ മതാചാര സ്‌നാനം സ്‌നാപനത്തിന്റെ ഒരു മുന്നോടിയോ?

യഹൂദ മതാചാര സ്‌നാനം സ്‌നാപനത്തിന്റെ ഒരു മുന്നോടിയോ?

യോഹന്നാൻ സ്‌നാപകൻ “മാനസാന്തര സ്‌നാനം” പ്രസംഗിച്ചു. യേശുവും തന്റെ അനുഗാമികളോട്‌ ശിഷ്യരാക്കാനും സ്‌നാനം കഴിപ്പിക്കാനും കൽപ്പിക്കുകയുണ്ടായി.​—⁠മർക്കൊസ്‌ 1:4; മത്തായി 28:​19, 20.

ക്രിസ്‌തീയ സ്‌നാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌ പൂർണമായ ജലനിമജ്ജനം ആണെന്നു ബൈബിൾ സൂചിപ്പിക്കുന്നു. യേശുവും അവന്റെ ലോകവും (ഇംഗ്ലീഷ്‌) എന്ന ഗ്രന്ഥം ഇപ്രകാരം പ്രസ്‌താവിക്കുന്നു: “സമാനമായ ആചാരങ്ങൾ പണ്ടുകാലത്തും ഇക്കാലത്തും ഉണ്ടായിരുന്നിട്ടുള്ള പല മതങ്ങളിലും നമുക്കു കാണാനാകുന്നു, ദേശീയമോ സംസ്‌കാരികമോ ആയ വ്യത്യാസങ്ങളില്ലാതെതന്നെ.” “ക്രിസ്‌തീയ സ്‌നാപനത്തിന്റെ ഉത്ഭവം . . . യഹൂദമതത്തിലാണ്‌” എന്ന്‌ പ്രസ്‌തുത ഗ്രന്ഥം തറപ്പിച്ചുപറയുന്നു. ഇതിൽ എത്രമാത്രം കഴമ്പുണ്ട്‌?

യഹൂദ മതാചാര സ്‌നാനത്തിനുള്ള കുളങ്ങൾ

പുരാവസ്‌തുഗവേഷകർ യെരൂശലേമിലെ ആലയം സ്ഥിതിചെയ്‌തിരുന്ന മലമ്പ്രദേശത്തു കുഴിച്ചപ്പോൾ ആചാരപരമായ കുളിക്കുള്ള 100-ഓളം കുളങ്ങൾ കണ്ടെത്തുകയുണ്ടായി. പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) ഒന്നാം നൂറ്റാണ്ടിലും പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിലും മറ്റും ഉണ്ടായിരുന്നവയാണ്‌ അവ. “സന്ദർശകരുടെ ആവശ്യത്തിലേക്കായി” ഉണ്ടായിരുന്ന അത്തരം സ്‌നാനകുളങ്ങളെക്കുറിച്ച്‌ രണ്ടാം നൂറ്റാണ്ടിലെയോ മൂന്നാം നൂറ്റാണ്ടിലെയോ ഒരു സിനഗോഗ്‌ ആലേഖനം പരാമർശിക്കുന്നുണ്ട്‌. മറ്റു കുളങ്ങൾ യെരൂശലേമിൽ സമ്പന്നരുടെയും പുരോഹിതന്മാരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നിടത്താണു കണ്ടെത്തിയത്‌, അവിടെ മിക്കവാറും എല്ലാ വീടുകളിലുംതന്നെ മതാചാര സ്‌നാനത്തിനുള്ള കുളങ്ങൾ ഉണ്ടായിരുന്നു.

ഇത്തരം കുളങ്ങൾക്ക്‌ ദീർഘചതുരാകൃതി ആയിരുന്നു. അവ പാറ വെട്ടിയോ നിലത്ത്‌ കുഴിയെടുത്തിട്ട്‌ ഇഷ്ടികയോ കല്ലോ കെട്ടിയോ ആണ്‌ ഉണ്ടാക്കിയിരുന്നത്‌. ചോർച്ച തടയുന്നതിനായി അവ തേച്ചിരുന്നു. അവയിൽ മിക്കവയ്‌ക്കും ഒമ്പത്‌ അടി നീളവും ആറ്‌ അടി വീതിയും ആണ്‌ ഉണ്ടായിരുന്നത്‌. പാത്തികളിലൂടെ മഴവെള്ളം കുളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. കുറഞ്ഞത്‌ നാല്‌ അടി വെള്ളം ഉണ്ടായിരുന്നതിനാൽ പൂർണമായി മുങ്ങാൻ കഴിയുമായിരുന്നു. വെള്ളത്തിലേക്ക്‌ ഇറങ്ങാനുള്ള പടികൾ പലപ്പോഴും പൊക്കം കുറഞ്ഞ മതിലുകൊണ്ട്‌ രണ്ടായി തിരിച്ചിരുന്നു. പടികളുടെ ഒരു വശത്തുകൂടി കുളത്തിലേക്ക്‌ ഇറങ്ങുന്നതിനും ശുദ്ധീകരണസ്‌നാനത്തിനു ശേഷം മറുവശത്തുകൂടി യാതൊരു അശുദ്ധിയും തീണ്ടാതെ കയറിവരുന്നതിനും വേണ്ടിയായിരുന്നു അതെന്ന്‌ കരുതപ്പെടുന്നു.

അത്തരം സ്‌നാനകേന്ദ്രങ്ങൾ യഹൂദന്മാരുടെ ആചാരപരമായ ശുദ്ധീകരണത്തോടുള്ള ബന്ധത്തിലാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌?

സ്‌നാനം​—⁠നിയമവും പാരമ്പര്യവും

ദൈവജനം ആത്മീയമായും ശാരീരികമായും ശുദ്ധിയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യത്തിനു മോശൈക ന്യായപ്രമാണം ഊന്നൽനൽകി. ന്യായപ്രമാണം അനുസരിച്ച്‌ അശുദ്ധിക്ക്‌ ഇടയാക്കുന്ന പല കാര്യങ്ങളുണ്ടായിരുന്നു. അവയിൽനിന്നുള്ള ശുദ്ധീകരണത്തിനായി അവർ കുളിക്കുകയും അലക്കുകയും ചെയ്യേണ്ടിയിരുന്നു.​—⁠ലേവ്യപുസ്‌തകം 11:28; 14:1-9; 15:1-31; ആവർത്തനപുസ്‌തകം 23:10, 11.

പവിത്രതയുടെയും വിശുദ്ധിയുടെയും പര്യായമാണ്‌ യഹോവ. അതുകൊണ്ട്‌ പുരോഹിതന്മാരും ലേവ്യരും യാഗപീഠത്തിങ്കൽ വരുന്നതിനുമുമ്പ്‌ കയ്യും കാലും കഴുകണമെന്ന്‌ അവൻ നിഷ്‌കർഷിച്ചിരുന്നു, അല്ലാത്തപക്ഷം വധശിക്ഷയായിരുന്നു ഫലം.​—⁠പുറപ്പാടു 30:17-21.

പൊ.യു. ഒന്നാം നൂറ്റാണ്ടോടുകൂടി, പുരോഹിതന്മാർക്കായി ഉണ്ടായിരുന്ന ശുദ്ധീകരണവ്യവസ്ഥകൾ ലേവ്യരല്ലാത്തവരും പിൻപറ്റണമെന്ന്‌ യഹൂദ മതവ്യവസ്ഥിതി നിഷ്‌കർഷിച്ചിരുന്നതായി പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഇസിനുകളും പരീശന്മാരും കൂടെക്കൂടെയുള്ള ആചാരപരമായ കഴുകലിനു തങ്ങളെത്തന്നെ വിധേയരാക്കിയിരുന്നു. യേശുവിന്റെ നാളിനെക്കുറിച്ച്‌ ഒരു ഉറവിടം ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ആചാരപരമായ ശുദ്ധീകരണത്തിനു വിധേയനായ ശേഷം മാത്രമേ ഒരു യഹൂദന്‌ ആലയപ്രദേശത്തു പ്രവേശിക്കുന്നതിനും യാഗം അർപ്പിക്കുന്നതിനും ഒരു പുരോഹിതൻ അർപ്പിക്കുന്ന യാഗത്തിന്റെ പ്രയോജനം അനുഭവിക്കുന്നതിനും മറ്റും കഴിയുമായിരുന്നുള്ളൂ.” സ്‌നാനമേൽക്കുന്നവർ തങ്ങളെത്തന്നെ പൂർണമായി ജലത്തിൽ നിമജ്ജനം ചെയ്യാൻ പ്രതീക്ഷിച്ചിരുന്നതായി തൽമൂദ്‌ പറയുന്നു.

പരീശന്മാർ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ച്‌ കടുംപിടുത്തം കാണിക്കുന്നതിനെ യേശു അപലപിക്കുകയുണ്ടായി. അവർക്ക്‌ “പാനപാത്രം, ഭരണി, ചെമ്പു” എന്നിവയുടേത്‌ ഉൾപ്പെടെ “വിവിധ സ്‌നാനങ്ങൾ” ഉണ്ടായിരുന്നു. പരീശന്മാർ തങ്ങളുടെ പാരമ്പര്യങ്ങൾ ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനായി ദൈവകൽപ്പന മറികടന്നുവെന്ന്‌ യേശു പറയുകയുണ്ടായി. (മർക്കൊസ്‌ 7:1-9; എബ്രായർ 9:10; ലേവ്യപുസ്‌തകം 11:32, 33; ലൂക്കൊസ്‌ 11:38-42) എന്നാൽ മോശൈക ന്യായപ്രമാണത്തിൽ ഒരിടത്തും പൂർണമായ ശാരീരിക നിമജ്ജനം ആവശ്യപ്പെട്ടിരുന്നില്ല.

ക്രിസ്‌തീയ സ്‌നാപനം യഹൂദർ നടത്തിയിരുന്ന ആചാരപരമായ സ്‌നാനത്തിൽ നിന്നാണോ ആവിർഭവിച്ചത്‌? ഒരിക്കലുമല്ല!

യഹൂദ മതാചാര സ്‌നാനവും ക്രിസ്‌തീയ സ്‌നാപനവും

യഹൂദന്മാർക്ക്‌ തങ്ങളുടേതായ ശുദ്ധീകരണ ചടങ്ങുകൾ ഉണ്ടായിരുന്നു. എന്നാൽ യഹൂദന്മാർ അനുഷ്‌ഠിച്ചിരുന്ന ആചാരപരമായ സ്‌നാനം അല്ലായിരുന്നു യോഹന്നാൻ നടത്തിയ സ്‌നാപനം. സ്‌നാപകൻ എന്ന്‌ അവൻ അറിയപ്പെടാനിടയായി എന്നതുതന്നെ സൂചിപ്പിക്കുന്നത്‌ അവൻ നിർവഹിച്ചിരുന്ന ജലനിമജ്ജനം വ്യത്യസ്‌തമായ ഒന്നായിരുന്നുവെന്നാണ്‌. യഹൂദ മതനേതാക്കന്മാർ ഒരു പ്രതിനിധിസംഘത്തെ അയച്ച്‌ “നീ സ്‌നാനം കഴിപ്പിക്കുന്നതു എന്തു?” എന്ന്‌ ചോദിക്കുകപോലും ചെയ്‌തു.​—⁠യോഹന്നാൻ 1:25.

മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്ന ശുദ്ധീകരണം, ഒരു ആരാധകൻ അശുദ്ധനായിത്തീരുമ്പോഴെല്ലാം ആവർത്തിക്കേണ്ടിയിരുന്നു. യോഹന്നാൻ നടത്തിയിരുന്നതോ പിന്നീട്‌ ക്രിസ്‌ത്യാനികൾ പിൻപറ്റിപ്പോന്നിരുന്നതോ ആയ സ്‌നാപനത്തിന്റെ കാര്യത്തിൽ സ്ഥിതി അതായിരുന്നില്ല. യോഹന്നാന്റെ സ്‌നാപനം മാനസാന്തരപ്പെടുന്നതിനെയും ഒരു മുൻജീവിതഗതി ഉപേക്ഷിക്കുന്നതിനെയും സൂചിപ്പിച്ചു. ക്രിസ്‌തീയ സ്‌നാപനം ഒരു വ്യക്തി തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രതീകമായിരുന്നു. അത്‌ കൂടെക്കൂടെ ചെയ്യുന്ന ഒന്നല്ലായിരുന്നു, മറിച്ച്‌ ഒരിക്കൽ മാത്രം ചെയ്യുന്നതായിരുന്നു.

യഹൂദ പുരോഹിത ഭവനങ്ങളിലും ആലയപ്രദേശത്തോടു ചേർന്നുള്ള പൊതു സ്‌നാനകുളങ്ങളിലും നിർവഹിച്ചിരുന്ന ആചാരപരമായ സ്‌നാനങ്ങൾക്ക്‌ ക്രിസ്‌തീയ സ്‌നാപനത്തോട്‌ കേവലം ഉപരിപ്ലവമായ ഒരു സമാനത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേൽപ്പറഞ്ഞ രണ്ടു നിമജ്ജനങ്ങൾക്കും തികച്ചും വ്യത്യസ്‌തമായ അർഥമാണുണ്ടായിരുന്നത്‌. യഹൂദമതത്തിൽ “അന്നു നിലവിലിരുന്ന ഏതെങ്കിലും ഒരു പ്രത്യേക സ്‌നാനം യോഹന്നാൻ [സ്‌നാപകൻ] കടമെടുക്കുകയോ അനുരൂപപ്പെടുത്തിയെടുക്കുകയോ ആയിരുന്നില്ല എന്നാണ്‌ പണ്ഡിതന്മാരുടെ ഒന്നടങ്കമുള്ള അഭിപ്രായം” എന്ന്‌ ദി ആങ്കർ ബൈബിൾ ഡിക്‌ഷണറി പ്രസ്‌താവിക്കുന്നു. ക്രിസ്‌തീയ സഭയിൽ അനുവർത്തിച്ചിരുന്ന സ്‌നാപനത്തിന്റെ കാര്യത്തിലും ഇതുതന്നെ പറയാവുന്നതാണ്‌.

ക്രിസ്‌തീയ സ്‌നാപനം “ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷ”യെ ആണ്‌ അർഥമാക്കുന്നത്‌. (1 പത്രൊസ്‌ 3:21) അത്‌ ഒരു വ്യക്തി ക്രിസ്‌തുശിഷ്യനെന്ന നിലയിൽ യഹോവയെ സേവിക്കാൻ തന്നെത്തന്നെ പൂർണമായി അവനു സമർപ്പിക്കുന്നതിനെ അർഥമാക്കുന്നു. ജലത്തിൽ പൂർണ നിമജ്ജനം ചെയ്യുന്നത്‌ അത്തരം സമർപ്പണത്തിന്റെ ഉചിതമായ ഒരു പ്രതീകമാണ്‌. ഒരുവൻ വെള്ളത്തിനടിയിലേക്കു പോകുന്നത്‌ തന്റെ മുൻകാല ജീവിതഗതി സംബന്ധിച്ച്‌ മരിക്കുന്നതിനെ ചിത്രീകരിക്കുന്നു. എന്നാൽ വെള്ളത്തിൽനിന്നു പൊങ്ങിവരുന്നതാകട്ടെ ദൈവേഷ്ടം ചെയ്യാനായി ജീവിപ്പിക്കപ്പെടുന്നതിനെയും.

അത്തരത്തിൽ സമർപ്പിച്ച്‌ സ്‌നാനമേൽക്കുന്നവർക്ക്‌ യഹോവയാം ദൈവം ഒരു നല്ല മനസ്സാക്ഷി നൽകുന്നു. അതുകൊണ്ടാണ്‌ അപ്പൊസ്‌തലനായ പത്രൊസിന്‌ ദിവ്യനിശ്വസ്‌തതയിൽ സഹവിശ്വാസികളോട്‌ ഇപ്രകാരം പറയാൻ കഴിഞ്ഞത്‌: ‘[സ്‌നാനം] നമ്മെ രക്ഷിക്കുകയും ചെയ്യുന്നു.’ യഹൂദന്മാരുടെ മതാചാരപ്രകാരം എത്രവട്ടം സ്‌നാനം ചെയ്‌താലും അതു നേടിയെടുക്കാനാവില്ലായിരുന്നു.