വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക

വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക

വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക

“ജീവിതത്തിലെ ഏറ്റവും സ്‌മരണീയവും സന്തോഷപ്രദവുമായ ദിവസങ്ങളിൽ ഒന്നായിരുന്നു എന്റെ വിവാഹദിനം” എന്ന്‌ 60 വർഷത്തോളമായി ദാമ്പത്യജീവിതം നയിക്കുന്ന ഗോർഡൻ പറയുന്നു. സത്യക്രിസ്‌ത്യാനികളുടെ ജീവിതത്തിൽ വിവാഹദിനം ഇത്ര വിശിഷ്ടമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ആഴമായി സ്‌നേഹിക്കുന്ന രണ്ടു വ്യക്തികളോട്‌​—⁠ഇണയോടും യഹോവയാം ദൈവത്തോടും​—⁠പവിത്രമായ ഒരു പ്രതിജ്ഞ ചെയ്യുന്ന ദിവസമാണ്‌ അത്‌. (മത്തായി 22:37; എഫെസ്യർ 5:22-29) തീർച്ചയായും വിവാഹദിനം സന്തോഷപ്രദമാക്കാൻ മാത്രമല്ല, വിവാഹക്രമീകരണം ഏർപ്പെടുത്തിയ ദൈവത്തെ ബഹുമാനിക്കാനും പ്രതിശ്രുത വധൂവരന്മാർ ആഗ്രഹിക്കുന്നു.​—⁠ഉല്‌പത്തി 2:18-24; മത്തായി 19:5, 6.

സന്തോഷകരമായ ഈ അവസരത്തിന്റെ അന്തസ്സ്‌ ഉയർത്തിപ്പിടിക്കാൻ വരന്‌ എങ്ങനെ കഴിയും? ഭർത്താവിനോടും യഹോവയോടും ബഹുമാനം പ്രകടിപ്പിക്കാൻ വധുവിന്‌ എന്തു ചെയ്യാനാകും? പങ്കെടുക്കുന്ന എല്ലാവർക്കും വിവാഹദിനത്തിന്റെ സന്തോഷം വർധിപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെ? ചില ബൈബിൾ തത്ത്വങ്ങൾ പരിചിന്തിക്കുന്നത്‌ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ സഹായിക്കും, പ്രസ്‌തുത തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ ഈ വിശിഷ്ട സന്ദർഭത്തിനു കളങ്കം ചാർത്തിയേക്കാവുന്ന പ്രശ്‌നങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്യും.

പ്രാഥമിക ഉത്തരവാദിത്വം ആർക്കാണ്‌?

പലയിടങ്ങളിലും യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു ശുശ്രൂഷകൻതന്നെയായിരിക്കാം വിവാഹം നിയമപരമായി നടത്തിക്കൊടുക്കുന്നത്‌. എന്നാൽ ഒരു ഗവണ്മെന്റ്‌ അധികാരി അപ്രകാരം ചെയ്യുന്ന സ്ഥലങ്ങളിൽപ്പോലും വിവാഹത്തോടുള്ള ബന്ധത്തിൽ ഒരു ബൈബിളധിഷ്‌ഠിത പ്രസംഗം ഉൾപ്പെടുത്താൻ ദമ്പതികൾ ആഗ്രഹിച്ചേക്കാം. പ്രസ്‌തുത പ്രസംഗം, കുടുംബത്തിന്റെ ശിരസ്സെന്ന നിലയിലുള്ള തന്റെ ദൈവദത്ത ഉത്തരവാദിത്വത്തെക്കുറിച്ചു ചിന്തിക്കാൻ വരന്‌ അവസരം നൽകുന്നു. (1 കൊരിന്ത്യർ 11:3) വിവാഹത്തോടനുബന്ധിച്ചു നടക്കുന്ന എല്ലാ കാര്യങ്ങൾക്കുമുള്ള പ്രധാന ഉത്തരവാദിത്വം അദ്ദേഹത്തിന്റേതായിരിക്കും. സാധാരണഗതിയിൽ വിവാഹച്ചടങ്ങും അതേത്തുടർന്നുള്ള കൂടിവരവുമെല്ലാം നേരത്തെതന്നെ ക്രമീകരിക്കപ്പെടുന്നു. എന്നാൽ ഇതു വെല്ലുവിളി നിറഞ്ഞതായിരുന്നേക്കാം. എന്തുകൊണ്ട്‌?

വിവാഹത്തിനുള്ള ആസൂത്രണങ്ങൾക്കു ചുക്കാൻപിടിക്കാൻ വരന്റെയോ വധുവിന്റെയോ ബന്ധുക്കൾ ശ്രമിച്ചേക്കാം എന്നതാണ്‌ ഒരു കാരണം? അനേകം വിവാഹങ്ങൾ നടത്തിക്കൊടുത്തിട്ടുള്ള റൊഡോൾഫോ ഇങ്ങനെ പറയുന്നു: “ചിലപ്പോഴെല്ലാം വരന്റെ ബന്ധുക്കൾ അദ്ദേഹത്തിന്റെമേൽ കടുത്ത സമ്മർദം ചെലുത്തുന്നു, പ്രത്യേകിച്ച്‌ വിരുന്നിനുള്ള ചെലവുകൾ വഹിക്കുന്നത്‌ അവരാണെങ്കിൽ. വിവാഹച്ചടങ്ങും വിരുന്നുമെല്ലാം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ അവർക്കു ശക്തമായ അഭിപ്രായം ഉണ്ടായിരുന്നേക്കാം. കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാനുള്ള തിരുവെഴുത്തുപരമായ തന്റെ കടപ്പാടു നിറവേറ്റാൻ വരന്‌ അതു തടസ്സമായേക്കാം.”

35-ലധികം വർഷമായി വിവാഹങ്ങൾ നടത്തിവരുന്ന മാക്‌സ്‌ ഇങ്ങനെ പറയുന്നു: “വരന്റെ അഭിപ്രായം ആരായുന്നതിനു പകരം വിവാഹവും വിരുന്നും നടത്തേണ്ടത്‌ എങ്ങനെയെന്നു തീരുമാനിക്കുന്നതിൽ വധു നേതൃത്വമെടുക്കുന്ന ഒരു പ്രവണത എനിക്കു കാണാൻ കഴിഞ്ഞിട്ടുണ്ട്‌.” അനേകം വിവാഹങ്ങൾക്കു കാർമികത്വം വഹിച്ചിട്ടുള്ള ഡേവിഡിന്റെ വാക്കുകളും ശ്രദ്ധിക്കുക: “കാര്യങ്ങൾക്കു നേതൃത്വം വഹിക്കുന്ന രീതിയൊന്നും വരന്മാർക്ക്‌ ഉണ്ടായിരിക്കില്ല, സാധാരണഗതിയിൽ വിവാഹത്തിനുള്ള ആസൂത്രണങ്ങളിലും അവർ കാര്യമായി ഉൾപ്പെടാറില്ല.” തന്റെ ഉത്തരവാദിത്വം കാര്യക്ഷമമായി നിറവേറ്റാൻ വരന്‌ എങ്ങനെ കഴിയും?

ആശയവിനിമയം സന്തോഷം വർധിപ്പിക്കുന്നു

വിവാഹത്തോടു ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്യുന്നതിലുള്ള തന്റെ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ, ബന്ധപ്പെട്ട എല്ലാവരുമായി വരൻ നന്നായി ആശയവിനിമയം ചെയ്യേണ്ടതുണ്ട്‌. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു”വെന്ന്‌ ബൈബിൾ എടുത്തുപറയുന്നു. (സദൃശവാക്യങ്ങൾ 15:22) വിവാഹ ക്രമീകരണങ്ങളെക്കുറിച്ചു വരൻ ആദ്യംതന്നെ വധുവിനോടും കുടുംബാംഗങ്ങളോടും ബൈബിളധിഷ്‌ഠിതമായ ആലോചന പറഞ്ഞുതരാൻ പ്രാപ്‌തരായ മറ്റുള്ളവരോടും ചർച്ച ചെയ്യുന്നത്‌ പല ഇച്ഛാഭംഗങ്ങളും ഒഴിവാക്കാൻ സഹായിക്കും.

വിവാഹത്തോടുള്ള ബന്ധത്തിൽ എന്തെല്ലാം ചെയ്യണമെന്ന്‌ അല്ലെങ്കിൽ ചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച്‌ ആദ്യംതന്നെ ദമ്പതികൾ പരസ്‌പരം സംസാരിക്കുന്നതു സുപ്രധാനമാണ്‌. എന്തുകൊണ്ട്‌? വ്യത്യസ്‌ത സംസ്‌കാരങ്ങളിൽ ജനിച്ചുവളർന്നവരെങ്കിലും വർഷങ്ങളോളം സന്തുഷ്ട ദാമ്പത്യജീവിതം നയിച്ചിരിക്കുന്ന ഐവൻ-ഡെൽവിൻ ദമ്പതികൾ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കുക. വിവാഹത്തോടുള്ള ബന്ധത്തിൽ തങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകൾ അനുസ്‌മരിച്ചുകൊണ്ട്‌ ഐവൻ പറയുന്നു: “വിരുന്നിന്‌ സ്‌നേഹിതരെയെല്ലാം വിളിക്കണം, കേക്കു മുറിക്കണം, വധു തൂവെള്ള വസ്‌ത്രം ധരിക്കണം . . . എന്നിങ്ങനെ വിവാഹം എങ്ങനെ നടത്തണമെന്ന കാര്യത്തിൽ എനിക്കു വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. ഡെൽവിനാകട്ടെ, എല്ലാം വളരെ ലളിതമായിരിക്കണമെന്നായിരുന്നു ആഗ്രഹം. കേക്കുപോലും വേണ്ടെന്നായിരുന്നു കക്ഷിയുടെ അഭിപ്രായം. പകിട്ടേറിയ വിവാഹവസ്‌ത്രത്തിനു പകരം ഒരു സാധാരണ വസ്‌ത്രം ധരിക്കാനും ഡെൽവിൻ ഉദ്ദേശിച്ചിരുന്നു.”

എങ്ങനെയാണ്‌ ഈ ദമ്പതികൾ തങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസം കൈകാര്യം ചെയ്‌തത്‌? ഇരുവരും ദയാപുരസ്സരം കാര്യങ്ങൾ തുറന്നു സംസാരിച്ചു. (സദൃശവാക്യങ്ങൾ 12:18) ഐവൻ കൂട്ടിച്ചേർക്കുന്നു: “1985 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുപോലുള്ള, വിവാഹവുമായി ബന്ധപ്പെട്ട ബൈബിളധിഷ്‌ഠിത ലേഖനങ്ങൾ ഞങ്ങൾ പഠിച്ചു. * വിവാഹവേളയെക്കുറിച്ച്‌ ഒരു ആത്മീയ വീക്ഷണം ഉണ്ടായിരിക്കാൻ അതു ഞങ്ങളെ സഹായിച്ചു. വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്നുള്ളവർ ആയിരുന്നതിനാൽ വ്യക്തിപരമായ അഭിരുചികളുടെ കാര്യത്തിൽ ഞങ്ങൾക്കിരുവർക്കും പല വിട്ടുവീഴ്‌ചകളും ചെയ്യേണ്ടതായിവന്നു. അങ്ങനെ, ഇരുവർക്കും തൃപ്‌തികരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഞങ്ങൾക്കു കഴിഞ്ഞു.”

സമാനമായ ഒരു വിധത്തിലായിരുന്നു ആരെറ്റ്‌-പെനി ദമ്പതികൾ പ്രവർത്തിച്ചത്‌. വിവാഹദിനത്തെക്കുറിച്ച്‌ ആരെറ്റ്‌ പറയുന്നു: “വിവാഹത്തോടു ബന്ധപ്പെട്ടുള്ള വ്യത്യസ്‌തങ്ങളായ അഭിലാഷങ്ങളെക്കുറിച്ച്‌ പെനിയും ഞാനും ചർച്ച ചെയ്യുകയും ഇരുവർക്കും സ്വീകാര്യമായ ഒരു വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുകയും ചെയ്‌തു. വിവാഹദിവസത്തെ പരിപാടികളെ അനുഗ്രഹിക്കണമേയെന്നു ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. ഞങ്ങളുടെ മാതാപിതാക്കളോടും സഭയിലെ പക്വതയുള്ള ചില ദമ്പതികളോടും ഞാൻ ആലോചന കഴിച്ചു. അവരുടെ നിർദേശങ്ങൾ വളരെ സഹായകമായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം ഏറെ സന്തോഷകരമായ ഒരു അവസരമായിത്തീർന്നു.”

വസ്‌ത്രധാരണത്തിലും ചമയത്തിലും മാന്യത കാക്കുക

സ്വാഭാവികമായും വിവാഹനാളിൽ മോടിയായി വസ്‌ത്രം ധരിക്കാൻ വധൂവരന്മാർ ആഗ്രഹിക്കും. (സങ്കീർത്തനം 45:8-15) ഇണങ്ങുന്ന വസ്‌ത്രങ്ങൾ സംഘടിപ്പിക്കാൻ സമയവും പ്രയത്‌നവും പണവും അവർ ചെലവിട്ടേക്കാം. മാന്യവും ആകർഷകവുമായ വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഏതു ബൈബിൾ തത്ത്വങ്ങൾ അവരെ സഹായിക്കും?

വധുവിന്റെ വിവാഹ വസ്‌ത്രത്തെക്കുറിച്ചു ചിന്തിക്കുക. ഓരോ രാജ്യത്തും അതുപോലെതന്നെ ഓരോ വ്യക്തിക്കും ഇക്കാര്യത്തിൽ വ്യത്യസ്‌തമായ അഭിരുചികൾ ഉണ്ടായിരുന്നേക്കാമെങ്കിലും ബൈബിളിന്റെ ഉദ്‌ബോധനം എല്ലായിടങ്ങളിലുമുള്ളവർക്ക്‌ ഒരുപോലെ ബാധകമാണ്‌. സ്‌ത്രീകൾ “യോഗ്യമായ വസ്‌ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.” ആ ബുദ്ധിയുപദേശം ക്രിസ്‌തീയ സ്‌ത്രീകൾക്ക്‌ എല്ലായ്‌പോഴും ബാധകമാണ്‌, നിസ്സംശയമായും വിവാഹനാളും അതിൽ ഉൾപ്പെടുന്നു. വിവാഹം സന്തോഷപ്രദമായിരിക്കാൻ “വിലയേറിയ വസ്‌ത്രം” ആവശ്യമില്ല എന്നതാണു യാഥാർഥ്യം. (1 തിമൊഥെയൊസ്‌ 2:​9, 10; 1 പത്രൊസ്‌ 3:3, 4) ഈ ബുദ്ധിയുപദേശം ബാധകമാക്കുന്നത്‌ എത്ര ആശ്വാസദായകമാണ്‌!

മുമ്പു പരാമർശിച്ച ഡേവിഡ്‌ പറയുന്നു: “മിക്ക ദമ്പതികളും ബൈബിൾ തത്ത്വങ്ങൾ പിൻപറ്റാൻ ശ്രമിക്കുന്നുവെന്നത്‌ അഭിനന്ദനാർഹമാണ്‌. എങ്കിലും ചില വിവാഹങ്ങളിൽ വധുവും തോഴിമാരും, ഇറക്കിവെട്ടിയ കഴുത്തോടു കൂടിയതോ സുതാര്യമോ ആയ മാന്യമല്ലാത്ത ഉടുപ്പുകൾ ധരിക്കുകയുണ്ടായിട്ടുണ്ട്‌.” പക്വതയുള്ള ഒരു മൂപ്പൻ വധൂവരന്മാരുമായി വിവാഹത്തിനുമുമ്പു നടത്തുന്ന ചർച്ചയിൽ, ആത്മീയ കാഴ്‌ചപ്പാടു നിലനിറുത്താൻ അവരെ സഹായിക്കുന്നു. എങ്ങനെ? വിവാഹത്തിനിടാൻ ഉദ്ദേശിക്കുന്ന വസ്‌ത്രം ക്രിസ്‌തീയ യോഗങ്ങൾക്കും ധരിക്കാൻ യോജിച്ചതാണോ എന്നു ചോദിച്ചുകൊണ്ട്‌. അത്‌ യോഗങ്ങൾക്കു സാധാരണ ധരിക്കാറുള്ള വസ്‌ത്രങ്ങളിൽനിന്നു വ്യത്യസ്‌തമായ സ്റ്റൈലിലുള്ളതോ പരമ്പരാഗത രീതിയിലുള്ളതോ ആയിരുന്നേക്കാം എന്നതു ശരിതന്നെ. എന്നാൽ ക്രിസ്‌തീയ നിലവാരങ്ങൾക്കു ചേരുംവിധം അതു മാന്യമായിരിക്കണം. ധാർമികതയുടെ കാര്യത്തിലുള്ള ബൈബിൾ നിബന്ധനകൾ കർക്കശമാണെന്നു ചിലർക്കു തോന്നിയേക്കാമെങ്കിലും ലോകത്തിന്റെ മൂശയിലേക്കു തങ്ങളെ തള്ളിക്കയറ്റാനുള്ള അതിന്റെ ശ്രമങ്ങൾ ചെറുത്തുനിൽക്കാൻ സത്യക്രിസ്‌ത്യാനികൾ ദൃഢചിത്തരാണ്‌.​—⁠റോമർ 12:2; 1 പത്രൊസ്‌ 4:⁠4.

പെനി പറയുന്നു: “വിവാഹവസ്‌ത്രത്തിനോ വിരുന്നിനോ അധികം പ്രാധാന്യം കൊടുക്കുന്നതിനു പകരം ചടങ്ങിന്റെ ആത്മീയ വശത്താണ്‌ ഞാനും ആരെറ്റും ശ്രദ്ധകേന്ദ്രീകരിച്ചത്‌. അതായിരുന്നു ആ ദിവസത്തെ ശ്രദ്ധാർഹമാക്കിയത്‌. ഞാൻ എന്തു ധരിച്ചു എന്തു ഭക്ഷിച്ചു എന്നതൊന്നുമല്ല, ഞാൻ സ്‌നേഹിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നതിൽ അനുഭവപ്പെട്ട സന്തോഷവും എല്ലാവരുമൊത്തുള്ള സഹവാസവുമാണ്‌ എന്റെ ഓർമയിൽ വിശേഷാൽ തങ്ങിനിൽക്കുന്നത്‌.” വിവാഹത്തിന്‌ ആസൂത്രണം ചെയ്യവേ പ്രതിശ്രുത വധൂവരന്മാർ ഇത്തരം കാര്യങ്ങൾ മനസ്സിൽപിടിക്കണം.

രാജ്യഹാൾ വിവാഹത്തിന്‌ അനുയോജ്യമായ ഒരു വേദി

രാജ്യഹാൾ ലഭ്യമാണെങ്കിൽ അവിടെവെച്ച്‌ തങ്ങളുടെ വിവാഹച്ചടങ്ങ്‌ നടത്താൻ അനേകം ക്രിസ്‌തീയ ദമ്പതികളും ആഗ്രഹിക്കുന്നു. എന്തുകൊണ്ട്‌? അതു സംബന്ധിച്ച്‌ ഒരു ദമ്പതികൾ ഇങ്ങനെ പറഞ്ഞു: “വിവാഹം യഹോവയുടെ പവിത്രമായ ഒരു ക്രമീകരണമാണെന്നു ഞങ്ങൾക്കറിയാമായിരുന്നു. നമ്മുടെ ആരാധനാസ്ഥലമായ രാജ്യഹാളിൽവെച്ചു വിവാഹിതരായത്‌, യഹോവയ്‌ക്കു ഞങ്ങളുടെ ദാമ്പത്യജീവിതത്തിൽ പങ്കുണ്ടായിരിക്കണമെന്ന കാര്യം തുടക്കംമുതലേ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ ഞങ്ങളെ സഹായിച്ചു. യഹോവയെ ആരാധിക്കുന്നത്‌ ഞങ്ങൾക്ക്‌ എത്ര പ്രധാനമാണെന്ന്‌ സന്നിഹിതരായിരുന്ന അവിശ്വാസികളായ ബന്ധുക്കൾക്കു കാണാൻ കഴിഞ്ഞുവെന്നതും വിവാഹച്ചടങ്ങ്‌ മറ്റെവിടെയെങ്കിലും നടത്തുന്നതിനു പകരം രാജ്യഹാളിൽ നടത്തിയതിന്റെ പ്രയോജനമായിരുന്നു.”

രാജ്യഹാളിൽ വിവാഹം നടത്താൻ മൂപ്പന്മാർ അനുവദിക്കുന്നപക്ഷം വിവാഹത്തോടുള്ള ബന്ധത്തിൽ ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച്‌ ദമ്പതികൾ അവരെ മുൻകൂട്ടി അറിയിക്കണം. നിശ്ചിത സമയത്ത്‌ രാജ്യഹാളിൽ എത്തിച്ചേരാൻ വധൂവരന്മാർ ദൃഢനിശ്ചയമുള്ളവരായിരിക്കണം. വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളവരോട്‌ ആദരവു പ്രകടമാക്കാൻ കഴിയുന്ന ഒരു വിധമാണ്‌ അത്‌. എല്ലാ കാര്യങ്ങളും മാന്യമായി നടക്കുന്നുവെന്ന്‌ അവർ നിശ്ചയമായും ഉറപ്പുവരുത്തണം. * (1 കൊരിന്ത്യർ 14:40) ലോകക്കാർക്കിടയിലെ വിവാഹങ്ങളോടുള്ള ബന്ധത്തിൽ സാധാരണമായി കാണുന്ന ആർഭാടം ഒഴിവാക്കാൻ അത്‌ അവരെ സഹായിക്കും.​—⁠1 യോഹന്നാൻ 2:15, 16.

വിവാഹം സംബന്ധിച്ചു തങ്ങൾക്കു യഹോവയുടെ വീക്ഷണമാണുള്ളതെന്ന്‌ സന്നിഹിതരാകുന്നവർക്കും പ്രകടിപ്പിക്കാനാകും. ഉദാഹരണത്തിന്‌ ഒരു ക്രിസ്‌തീയ വിവാഹം മറ്റു വിവാഹങ്ങളെയെല്ലാം കടത്തിവെട്ടണമെന്ന്‌ അവർ പ്രതീക്ഷിക്കരുത്‌. അങ്ങനെ ചെയ്യുന്നത്‌, ആരുടെ വിവാഹമാണ്‌ കെങ്കേമം എന്നു തെളിയിക്കാൻ ഒരു മത്സരം നിലവിലുണ്ടെന്ന ഒരു പ്രതീതി ജനിപ്പിച്ചേക്കാം. ബൈബിളധിഷ്‌ഠിത പ്രസംഗം ശ്രദ്ധിക്കാൻ രാജ്യഹാളിൽ സന്നിഹിതരാകുന്നതാണ്‌ തുടർന്നു നടന്നേക്കാവുന്ന വിരുന്നിലോ കൂടിവരവിലോ സംബന്ധിക്കുന്നതിലും പ്രധാനവും പ്രയോജനപ്രദവും എന്ന കാര്യവും പക്വതയുള്ള ക്രിസ്‌ത്യാനികൾക്ക്‌ അറിയാം. ഇവയിലൊന്നിൽ മാത്രം പങ്കെടുക്കാനേ സമയവും സാഹചര്യവും അനുവദിക്കുന്നുള്ളുവെങ്കിൽ രാജ്യഹാളിൽ ചെല്ലുന്നതായിരിക്കും എന്തുകൊണ്ടും അഭികാമ്യം. വില്യം എന്നു പേരുള്ള ഒരു മൂപ്പൻ പറയുന്നു: “അതിഥികൾ പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ രാജ്യഹാളിൽ വരാതിരിക്കുകയും വിരുന്നിൽ മാത്രം പങ്കെടുക്കുകയും ചെയ്യുന്നത്‌ വിവാഹവേളയുടെ പവിത്രതയോട്‌ അവർക്കു വിലമതിപ്പില്ലെന്നുള്ളതിന്റെ പ്രകടനമായിരിക്കും. വിരുന്നിനു ക്ഷണിക്കപ്പെട്ടിട്ടില്ലെങ്കിൽപ്പോലും വിവാഹം നടക്കുമ്പോൾ രാജ്യഹാളിൽ സന്നിഹിതരായിരുന്നുകൊണ്ട്‌ വധൂവരന്മാർക്കു പ്രോത്സാഹനം പകരാനും സന്നിഹിതരായിട്ടുള്ള അവിശ്വാസികളായ ബന്ധുക്കൾക്കു നല്ലൊരു സാക്ഷ്യം നൽകാനും നമുക്കു കഴിയും.”

വിവാഹദിനത്തിനപ്പുറത്തേക്കും നീളുന്ന സന്തോഷം

വിവാഹത്തോടു ബന്ധപ്പെട്ട ആഘോഷങ്ങൾ ഇന്നൊരു വൻവ്യവസായമാണ്‌. അടുത്തകാലത്തെ ഒരു റിപ്പോർട്ടനുസരിച്ച്‌ ഐക്യനാടുകളിലെ ഒരു ശരാശരി വിവാഹത്തിന്‌ “അവിടത്തെ ഒരു കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ പകുതി​—⁠22,000 ഡോളർ​—⁠ചെലവാകുന്നു.” വ്യാപാരലോകത്തിന്റെ പ്രചാരണങ്ങളാൽ സ്വാധീനിക്കപ്പെട്ട്‌ അനേകം നവദമ്പതികളും​—⁠അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾ​—⁠ആ ഒറ്റ ദിവസത്തിനുവേണ്ടി ഭീമമായ ഒരു തുക കടം വരുത്തിവെക്കുന്നു, വർഷങ്ങളോളം അവർ അതിന്റെ ഭാരം പേറുകയും ചെയ്യുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിൽ ദാമ്പത്യജീവിതത്തിനു തുടക്കംകുറിക്കുന്നതു ജ്ഞാനമാണോ? ബൈബിൾ തത്ത്വങ്ങൾ അറിയില്ലാത്തവരും അല്ലെങ്കിൽ അവ ബാധകമാക്കാൻ താത്‌പര്യമില്ലാത്തവരും ഇത്തരം ആർഭാടം ഇഷ്ടപ്പെട്ടേക്കാം. എന്നാൽ സത്യക്രിസ്‌ത്യാനികളുടെ കാര്യം എത്ര വ്യത്യസ്‌തമാണ്‌!

ചെലവുകൾ താങ്ങാൻ കഴിയുംവിധം, വിവാഹത്തിനു ക്ഷണിക്കേണ്ടവരുടെ എണ്ണം ഉചിതമായി പരിമിതപ്പെടുത്തിക്കൊണ്ടും ആത്മീയ വശത്തു ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടും ദൈവത്തോടുള്ള തങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ സമയവും ആസ്‌തികളും ഉപയോഗിക്കാൻ അനേകം ക്രിസ്‌തീയ ദമ്പതികൾക്കും കഴിഞ്ഞിട്ടുണ്ട്‌. (മത്തായി 6:33) വിവാഹം കഴിച്ചതുമുതൽ 17 വർഷമായി മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ലോയിഡ്‌-അലിക്‌സാൺഡ്ര ദമ്പതികളുടെ ദൃഷ്ടാന്തം നോക്കുക. ലോയിഡ്‌ പറയുന്നു: “ഞങ്ങളുടെ വിവാഹം വളരെ ലളിതമായിപ്പോയിയെന്നു ചിലർ കരുതിയിട്ടുണ്ടാകാം. എന്നിരുന്നാലും അലിക്‌സാൺഡ്രയും ഞാനും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു. താങ്ങാനാവാത്ത സാമ്പത്തികഭാരം സൃഷ്ടിക്കുന്ന ഒന്നായിരിക്കുന്നതിനു പകരം രണ്ടു വ്യക്തികൾക്ക്‌ അത്യന്തം സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ആഘോഷമാണ്‌ വിവാഹം എന്ന യഹോവയുടെ ക്രമീകരണം.”

അലിക്‌സാൺഡ്ര കൂട്ടിച്ചേർക്കുന്നു: “വിവാഹത്തിനുമുമ്പ്‌ ഞാൻ ഒരു പയനിയറായിരുന്നു, വിവാഹം കെങ്കേമമായി നടത്താൻവേണ്ടി ആ പദവി കൈവിട്ടുകളയാൻ ഞാൻ ആഗ്രഹിച്ചില്ല. വിവാഹദിനം വിശിഷ്ടമായ ഒരു സന്ദർഭംതന്നെയായിരുന്നെങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള ജീവിതത്തിന്റെ ആദ്യ ദിവസം മാത്രമായിരുന്നു അത്‌. വിവാഹദിനത്തിന്‌ അതിരുകവിഞ്ഞ ശ്രദ്ധകൊടുക്കുന്നത്‌ ഒഴിവാക്കാനുള്ള ബുദ്ധിയുപദേശം ഞങ്ങൾ ബാധകമാക്കുകയും വിവാഹം നിലനിറുത്തുന്നതിൽ യഹോവയുടെ മാർഗനിർദേശം തേടുകയും ചെയ്‌തിരിക്കുന്നു. തത്‌ഫലമായി യഹോവ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.” *

നിങ്ങളുടെ വിവാഹദിനം വിശിഷ്ടമായ ഒന്നാണെന്നതിനു സംശയമില്ല. ആ ദിവസം നിങ്ങൾ പ്രകടമാക്കുന്ന മനോഭാവങ്ങളും നിങ്ങളുടെ പ്രവർത്തനങ്ങളും വിവാഹജീവിതത്തിലുടനീളം പ്രഭാവം ചെലുത്തും. അതുകൊണ്ട്‌ വഴിനടത്തിപ്പിനായി യഹോവയിൽ ആശ്രയിക്കുക. (സദൃശവാക്യങ്ങൾ 3:5, 6) വിവാഹദിനത്തിന്റെ ആത്മീയ വശത്തിന്‌ ഊന്നൽ കൊടുക്കുക. ദൈവനിയമിത ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ പരസ്‌പരം സഹായിക്കുക. അങ്ങനെ വിവാഹത്തിനു ശക്തമായ ഒരു അടിസ്ഥാനമിടാൻ നിങ്ങൾക്കു കഴിയും. യഹോവയുടെ അനുഗ്രഹത്താൽ നിങ്ങളുടെ സന്തോഷം വിവാഹദിനത്തിനുശേഷവും ദീർഘകാലം നീണ്ടുനിൽക്കും.​—⁠സദൃശവാക്യങ്ങൾ 18:22.

[അടിക്കുറിപ്പുകൾ]

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക! മാസികയുടെ 2002 ഫെബ്രുവരി 8 ലക്കത്തിൽ കൂടുതലായ വിവരങ്ങൾ കാണാവുന്നതാണ്‌.

^ ഖ. 20 രാജ്യഹാളിൽ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ഫോട്ടോ എടുക്കാനോ റെക്കോർഡിങ്ങ്‌ നടത്താനോ ദമ്പതികൾ ആരെയെങ്കിലും ഏർപ്പാടാക്കുന്നപക്ഷം വിവാഹത്തിന്റെ മാന്യതയ്‌ക്കു കോട്ടംവരുത്തുന്ന രീതിയിൽ യാതൊന്നും അവർ ചെയ്യുന്നില്ലെന്ന്‌ ഉറപ്പുവരുത്തണം.

^ ഖ. 25 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്‌തകത്തിന്റെ 26-ാം പേജു കാണുക.

[29-ാം പേജിലെ ചിത്രം]

വിവാഹ ക്രമീകരണങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിശ്രുത വധൂവരന്മാർ ആദരവോടെ കാര്യങ്ങൾ തുറന്നു സംസാരിക്കണം

[31-ാം പേജിലെ ചിത്രം]

വിവാഹദിനത്തിന്റെ ആത്മീയ വശത്തിന്‌ ഊന്നൽ കൊടുക്കുക