വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസം ജീവിതത്താൽ തെളിയിക്കുക

വിശ്വാസം ജീവിതത്താൽ തെളിയിക്കുക

വിശ്വാസം ജീവിതത്താൽ തെളിയിക്കുക

“വിശ്വാസവും പ്രവൃത്തികളില്ലാത്തതായാൽ സ്വതവെ നിർജ്ജീവമാകുന്നു.”​—⁠യാക്കോബ്‌ 2:17.

1. ആദിമ ക്രിസ്‌ത്യാനികൾ വിശ്വാസത്തിനും പ്രവൃത്തിക്കും ശ്രദ്ധകൊടുത്തത്‌ എന്തുകൊണ്ട്‌?

ആദിമ ക്രിസ്‌ത്യാനികളിൽ ഭൂരിപക്ഷവും തങ്ങളുടെ വിശ്വാസം നിത്യജീവിതത്തിൽ പ്രകടിപ്പിച്ചു കാണിച്ചു. ക്രിസ്‌തുശിഷ്യനായ യാക്കോബ്‌ എല്ലാ ക്രിസ്‌ത്യാനികളെയും ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: ‘വചനം കേൾക്ക മാത്രം ചെയ്യാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.’ തുടർന്ന്‌ അവൻ ഇങ്ങനെ പറഞ്ഞു: “ആത്മാവില്ലാത്ത ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു.” (യാക്കോബ്‌ 1:22; 2:26) അവൻ അത്‌ എഴുതിയിട്ട്‌ ഏകദേശം 35 വർഷം കഴിഞ്ഞപ്പോഴും, അനേകം ക്രിസ്‌ത്യാനികളും ശരിയായ പ്രവൃത്തികളാൽ തങ്ങളുടെ വിശ്വാസത്തിനു തെളിവു നൽകിക്കൊണ്ടിരുന്നു. എന്നാൽ ചിലർ അങ്ങനെ ചെയ്‌തില്ലെന്നതു സങ്കടകരമാണ്‌. യേശു സ്‌മുർന്നയിലെ സഭയെ അഭിനന്ദിച്ചെങ്കിലും സർദ്ദിസിലെ സഭയിലുള്ള പലരോടുമായി അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു.”​—⁠വെളിപ്പാടു 2:8-11; 3:⁠1.

2. ക്രിസ്‌ത്യാനികൾ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ ഏതു ചോദ്യങ്ങൾ ചോദിക്കണം?

2 അതുകൊണ്ട്‌ സത്യത്തോടുള്ള ആദ്യസ്‌നേഹം തെളിയിക്കാനും ആത്മീയമായി ഉണർന്നിരിക്കാനും സർദ്ദിസിലുള്ളവരെ​—⁠അതോടൊപ്പം, അവൻ പറഞ്ഞ കാര്യങ്ങൾ പിന്നീടു വായിക്കാനിടയാകുന്ന എല്ലാവരെയും​—⁠യേശു പ്രോത്സാഹിപ്പിച്ചു. (വെളിപ്പാടു 3:2, 3) നമുക്കോരോരുത്തർക്കും ഇങ്ങനെ ചോദിക്കാവുന്നതാണ്‌: ‘എന്റെ പ്രവൃത്തികൾ എങ്ങനെയുള്ളതാണ്‌? പ്രസംഗ പ്രവർത്തനത്തോടും സഭായോഗങ്ങളോടും നേരിട്ടു ബന്ധപ്പെട്ടുള്ളതല്ലാത്ത മണ്ഡലങ്ങളിൽപ്പോലും ചെയ്യുന്ന സകല കാര്യങ്ങളാലും വിശ്വാസത്തിനു തെളിവു നൽകാൻ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ടോ?’ (ലൂക്കൊസ്‌ 16:10) ഇതിനോടുള്ള ബന്ധത്തിൽ ജീവിതത്തിന്റെ പല മണ്ഡലങ്ങളും പരിചിന്തിക്കാനാകുമെങ്കിലും ഒരു കാര്യത്തെക്കുറിച്ചുമാത്രം​—⁠ക്രിസ്‌തീയ വിവാഹങ്ങളെത്തുടർന്നു മിക്കപ്പോഴും നടത്തുന്ന വിരുന്നുകൾ ഉൾപ്പെടെയുള്ള സാമൂഹിക കൂടിവരവുകളെക്കുറിച്ച്‌​—⁠നമുക്കിപ്പോൾ ചിന്തിക്കാം.

ചെറിയ സാമൂഹിക കൂടിവരവുകൾ

3. സാമൂഹിക കൂടിവരവുകളിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള ബൈബിളിന്റെ നിലപാട്‌ എന്ത്‌?

3 സഹക്രിസ്‌ത്യാനികളോടൊപ്പം സന്തോഷകരമായ ഒരു സാമൂഹിക കൂടിവരവിൽ സംബന്ധിക്കാൻ ക്ഷണം ലഭിക്കുന്നത്‌ നമ്മിൽ മിക്കവരും വിലമതിക്കും. യഹോവ “ധന്യനായ” അഥവാ സന്തുഷ്ടനായ ദൈവമാണ്‌. (1 തിമൊഥെയൊസ്‌ 1:11) അവന്റെ ദാസരും അങ്ങനെയായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. പിൻവരുന്ന യാഥാർഥ്യം ബൈബിളിൽ രേഖപ്പെടുത്താൻ അവൻ ശലോമോനെ നിശ്വസ്‌തനാക്കി: “ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; . . . [അവന്റെ] ആയുഷ്‌കാലത്തു അവന്റെ പ്രയത്‌നത്തിൽ അവനോടുകൂടെ നിലനില്‌ക്കുന്നതു ഇതുമാത്രമേയുള്ളൂ.” (സഭാപ്രസംഗി 3:1, 4, 13; 8:15) കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ഭക്ഷണവേളയോ സത്യാരാധകരുടെ മറ്റേതെങ്കിലും ചെറിയ ഒരു സാമൂഹിക കൂടിവരവോ ആയിരിക്കാം ഈ വിധത്തിൽ സന്തോഷിക്കാൻ നമുക്ക്‌ അവസരം നൽകുന്നത്‌.​—⁠ഇയ്യോബ്‌ 1:4, 5, 18; ലൂക്കൊസ്‌ 10:38-42; 14:12-14.

4. സാമൂഹിക കൂടിവരവിനു ക്രമീകരണം ചെയ്യുന്ന ഒരു വ്യക്തി ഏതു കാര്യത്തിനു ശ്രദ്ധകൊടുക്കണം?

4 നിങ്ങൾ അത്തരമൊരു പാർട്ടി നടത്താൻ ആസൂത്രണം ചെയ്യുകയും അതിന്റെ ഉത്തരവാദിത്വം വഹിക്കുകയും ചെയ്യുന്നെങ്കിൽ അതിനോട്‌ അനുബന്ധിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ചു ഗൗരവമായി ചിന്തിക്കണം. ഒരു നേരത്തെ ഭക്ഷണത്തിനും സൗഹൃദ സംഭാഷണത്തിനും വേണ്ടി ഏതാനും ചില സഹവിശ്വാസികളെ മാത്രമേ ക്ഷണിക്കുന്നുള്ളൂവെങ്കിലും അങ്ങനെ ചെയ്യേണ്ടതുണ്ട്‌. (റോമർ 12:13) “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിനു ചേർച്ചയിൽ ‘സകലവും ഉചിതമായി’ നടന്നുകാണാൻ നിങ്ങൾ ആഗ്രഹിക്കും. (1 കൊരിന്ത്യർ 14:40; യാക്കോബ്‌ 3:17) “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ” എന്നും ആർക്കും ഇടർച്ചയ്‌ക്കു ഹേതുവാകരുതെന്നും പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (1 കൊരിന്ത്യർ 10:31, 32) നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ്‌? അതെല്ലാം കാലേകൂട്ടി ആലോചിക്കുന്നത്‌ നിങ്ങളും അതിഥികളും ചെയ്യുന്ന കാര്യങ്ങൾ, നിങ്ങളുടെ വിശ്വാസത്തിനു തെളിവു നൽകുന്ന വിധത്തിലുള്ളതാണെന്ന്‌ ഉറപ്പുവരുത്താൻ സഹായിക്കും.​—⁠റോമർ 12:⁠2.

പാർട്ടി നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

5. മദ്യം വിളമ്പുകയോ സംഗീത പരിപാടികൾ ഉൾപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിന്‌ ആതിഥേയൻ സൂക്ഷ്‌മശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 മദ്യം വിളമ്പണമോ എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നത്‌ പല ആതിഥേയർക്കും ഒരു പ്രശ്‌നമായിരുന്നിട്ടുണ്ട്‌. പാർട്ടി ആസ്വാദ്യമാക്കാൻ മദ്യത്തിന്റെ ആവശ്യമില്ല. തന്റെ അടുക്കലെത്തിയ വലിയ ഒരു പുരുഷാരത്തിനു യേശു ഭക്ഷണം നൽകിയ സന്ദർഭം ഓർക്കുക​—⁠അവൻ അപ്പവും മീനും വർധിപ്പിക്കുക മാത്രമാണു ചെയ്‌തത്‌. അത്ഭുതകരമായി വീഞ്ഞു പ്രദാനം ചെയ്യാൻ അവനു കഴിയുമായിരുന്നെങ്കിലും അവൻ അങ്ങനെ ചെയ്‌തതായി വിവരണം പറയുന്നില്ല. (മത്തായി 14:14-21) മദ്യം വിളമ്പാൻ തീരുമാനിക്കുന്നപക്ഷം ആവശ്യക്കാർക്കു മിതമായ അളവിൽമാത്രം അതു നൽകുകയും ശേഷമുള്ളവർക്കായി മദ്യത്തിനു പകരം മറ്റെന്തെങ്കിലും പാനീയങ്ങൾ ഉണ്ടെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യുക. (1 തിമൊഥെയൊസ്‌ 3:2, 3, 8; 5:23; 1 പത്രൊസ്‌ 4:3) “സർപ്പംപോലെ കടിക്കു”ന്നതെന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന മദ്യം കുടിക്കാൻ ആരെയും നിർബന്ധിക്കാതിരിക്കുക. (സദൃശവാക്യങ്ങൾ 23:29-32) ഇനി, പാർട്ടിയിൽ സംഗീതവും പാട്ടുമൊക്കെ ഉണ്ടെങ്കിൽ, അതിന്റെ താളവും വരികളും പരിശോധിച്ചുകൊണ്ട്‌ ശ്രദ്ധാപൂർവം തിരഞ്ഞെടുപ്പു നടത്താൻ നിങ്ങൾ നിശ്ചയമായും ആഗ്രഹിക്കും. (കൊലൊസ്സ്യർ 3:8; യാക്കോബ്‌ 1:21) രാജ്യഗീതങ്ങൾ കേൾപ്പിക്കുന്നതോ അവ ഒരുമിച്ചു പാടുന്നതുപോലുമോ വലിയ സന്തോഷം പകരുന്നുവെന്ന്‌ അനേകം ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞിരിക്കുന്നു. (എഫെസ്യർ 5:19, 20) സന്തോഷപ്രദമായ സംഭാഷണങ്ങൾക്കു തടസ്സമോ അയൽക്കാർക്കു ശല്യമോ ആയിത്തീരുംവിധം സംഗീത പരിപാടി അധികം ശബ്ദത്തിലാകാതിരിക്കാൻ സദാ ശ്രദ്ധിക്കുകയും വേണം.​—⁠മത്തായി 7:12.

6. ആതിഥേയന്റെ വിശ്വാസം സജീവമാണെന്ന കാര്യം കൂടിവരുന്നവർക്കിടയിലെ സംഭാഷണങ്ങളിലും മറ്റു പ്രവർത്തനങ്ങളിലും നിഴലിക്കാൻ അദ്ദേഹത്തിന്‌ എന്തു ചെയ്യാൻ കഴിയും?

6 ക്രിസ്‌ത്യാനികളുടെ സാമൂഹിക കൂടിവരവുകളിൽ അവർ വിവിധ വിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയോ ചില വിവരങ്ങൾ ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കുകയോ രസകരമായ അനുഭവങ്ങൾ പങ്കുവെക്കുകയോ ഒക്കെ ചെയ്‌തേക്കാം. എന്നാൽ സംഭാഷണം ക്രിസ്‌തീയ നിലവാരങ്ങളിൽനിന്നു വ്യതിചലിക്കുന്നുവെങ്കിൽ നയപൂർവം അവയെ ശരിയായ ദിശയിൽ തിരിച്ചുവിടാൻ ആതിഥേയനു കഴിയും. സംഭാഷണത്തിൽ ആരും ആധിപത്യം പുലർത്താതിരിക്കാനും അദ്ദേഹം ശ്രദ്ധയുള്ളവനായിരിക്കണം. ആരെങ്കിലും അങ്ങനെ ചെയ്യുന്നതായി കാണുന്നപക്ഷം, സംഭാഷണത്തിൽ പങ്കെടുക്കാൻ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടോ ആർക്കും അഭിപ്രായം പറയാൻ കഴിയുന്ന വിധത്തിലുള്ള ഒരു വിഷയം അവതരിപ്പിച്ചുകൊണ്ടോ വിവേചനാപൂർവം മറ്റുള്ളവരെയും സംഭാഷണത്തിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിയും. അങ്ങനെയാകുമ്പോൾ പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെ പരിപാടികൾ ആസ്വദിക്കാനാകും. സംഘാടകൻ എന്ന നിലയിൽ ജ്ഞാനത്തോടെയും നയത്തോടെയും നിങ്ങൾ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുമ്പോൾ സന്നിഹിതരായിരിക്കുന്നവരെല്ലാം നിങ്ങളുടെ ന്യായബോധത്തെക്കുറിച്ച്‌ അറിയാനിടവരും. (ഫിലിപ്പിയർ 4:5) ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുന്ന, സജീവമായ ഒരു വിശ്വാസമാണു നിങ്ങളുടേത്‌ എന്ന്‌ അവർ തിരിച്ചറിയും.

വിവാഹവും വിവാഹവിരുന്നും

7. വിവാഹവും ബന്ധപ്പെട്ട കൂടിവരവുകളും ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

7 സന്തോഷകരമായ കൂടിവരവിനുള്ള ഒരു വിശിഷ്ടാവസരമാണ്‌ വിവാഹം. ദൈവത്തിന്റെ പുരാതനകാല ദാസരും അതുപോലെതന്നെ യേശുവും ശിഷ്യന്മാരും ആനന്ദകരമായ അത്തരം ചില വിവാഹങ്ങളിലും അവയോടു ബന്ധപ്പെട്ട വിരുന്നുകളിലും സന്തോഷത്തോടെ പങ്കെടുക്കുകയുണ്ടായി. (ഉല്‌പത്തി 29:21, 22; യോഹന്നാൻ 2:1, 2) എന്നിരുന്നാലും, വിവാഹത്തെത്തുടർന്നുള്ള സാമൂഹിക കൂടിവരവുകളിൽ നല്ല ന്യായബോധവും ക്രിസ്‌തീയ സമനിലയും പ്രകടമായിരിക്കണമെങ്കിൽ അവ വളരെ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന്‌ അടുത്ത കാലത്തെ അനുഭവങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായ അത്തരം ചടങ്ങുകൾപോലും ഒരു ക്രിസ്‌ത്യാനിക്ക്‌ തന്റെ വിശ്വാസം പ്രകടമാക്കാൻ അവസരം പ്രദാനം ചെയ്യുന്നു.

8, 9. അനേകം വിവാഹങ്ങളിലും 1 യോഹന്നാൻ 2:16, 17-ലെ വാക്കുകൾ പ്രതിഫലിച്ചുകാണുന്നത്‌ എങ്ങനെ?

8 ദൈവിക തത്ത്വങ്ങളെക്കുറിച്ച്‌ അറിവില്ലാത്തവരോ അവയെ അവഗണിക്കുന്നവരോ ആയ അനേകരും വിവാഹവേളയെ ആർഭാടം കാണിക്കുന്നതിനുള്ള അല്ലെങ്കിൽ അതിന്‌ ഒഴികഴിവു കണ്ടെത്താൻ കഴിയുന്ന ഒരു അവസരമായി വീക്ഷിക്കുന്നു. ഘോഷയാത്രയോടുകൂടിയ തന്റെ “രാജകീയ” വിവാഹത്തെക്കുറിച്ച്‌ ഒരു നവവധു ഒരു യൂറോപ്യൻ മാസികയിൽ ഇങ്ങനെ പറയുകയുണ്ടായി: ‘നാലു കുതിരകളെ കെട്ടിയ ഒരു രഥത്തിലായിരുന്നു ഞങ്ങൾ സഞ്ചരിച്ചത്‌. പിന്നാലെ 12 കുതിരവണ്ടികളും ഗായകസംഘത്തിന്റെ മറ്റൊരു കുതിരവണ്ടിയും. തുടർന്ന്‌ ഗംഭീരമായ സദ്യയും ശ്രുതിമധുരമായ സംഗീതവും. എല്ലാം കെങ്കേമമായിരുന്നു. എന്റെ മോഹങ്ങൾ പൂവണിഞ്ഞ ആ ദിവസം ഞാൻ ശരിക്കും ഒരു രാജ്ഞിയായിരുന്നു.’

9 ഓരോ ദേശത്തെയും സമ്പ്രദായങ്ങൾ വ്യത്യസ്‌തമാണെങ്കിലും ആ നവവധുവിന്റെ മനോവികാരം, യോഹന്നാൻ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകളുടെ പ്രതിഫലനമാണ്‌: “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.” സാങ്കൽപ്പിക കഥകളിലെപ്പോലെ ആർഭാടമായ ഒരു “രാജകീയ” വിവാഹം നടത്താൻ പക്വമതികളായ ക്രിസ്‌തീയ ദമ്പതികൾ ആഗ്രഹിക്കുന്നതിനെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാനാകുമോ? “ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന വസ്‌തുത കണക്കിലെടുത്തുകൊണ്ടുള്ള ഒരു വീക്ഷണമാണ്‌ യഥാർഥത്തിൽ അവർക്കുണ്ടായിരിക്കേണ്ടത്‌.​—⁠1 യോഹന്നാൻ 2:16, 17.

10. (എ) സാധാരണ നിലയിലുള്ള ഒരു വിവാഹം നടത്താൻ ആസൂത്രണം അത്യാവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ആരെയൊക്കെ ക്ഷണിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്‌ എങ്ങനെ?

10 യാഥാർഥ്യബോധവും ന്യായബോധവും ഉള്ളവരായിരിക്കാൻ ക്രിസ്‌തീയ ദമ്പതികൾ ആഗ്രഹിക്കുന്നു, ബൈബിൾ അവരെ അതിനു സഹായിക്കുകയും ചെയ്യുന്നു. വിവാഹദിനം സുപ്രധാനമാണെങ്കിലും അനന്തകാലം ജീവിക്കാൻ പ്രത്യാശിക്കുന്ന രണ്ടു ക്രിസ്‌ത്യാനികളുടെ ദാമ്പത്യജീവിതത്തിലെ ആദ്യനാൾ മാത്രമാണ്‌ അതെന്ന്‌ അവർക്കറിയാം. വിപുലമായ ഒരു വിവാഹവിരുന്ന്‌ നടത്താൻ അവർക്കു യാതൊരുവിധ കടപ്പാടുമില്ല. എന്നാൽ ഒരു വിരുന്നിനു ക്രമീകരണം ചെയ്യാൻ തീരുമാനിക്കുന്നപക്ഷം, അതിനു വേണ്ടിവരുന്ന ചെലവും അതിന്റെ രീതിയും അവർ പ്രത്യേകം കണക്കിലെടുക്കേണ്ടതുണ്ട്‌. (ലൂക്കൊസ്‌ 14:28) തിരുവെഴുത്തു പ്രകാരം, വിവാഹത്തെത്തുടർന്നുള്ള ജീവിതത്തിൽ ഭർത്താവാണ്‌ കുടുംബത്തിന്റെ ശിരസ്സ്‌. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:22, 23) അതുകൊണ്ട്‌ വിവാഹവിരുന്നിന്റെ പ്രാഥമിക ഉത്തരവാദിത്വം വരനാണ്‌. തീർച്ചയായും, വിരുന്നിന്‌ ആരെയൊക്കെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു അല്ലെങ്കിൽ ആരെയൊക്കെ ക്ഷണിക്കാൻ കഴിയും എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച്‌ അദ്ദേഹം സ്‌നേഹപൂർവം പ്രതിശ്രുത വധുവുമൊത്തു കൂടിയാലോചിക്കും. എല്ലാ സ്‌നേഹിതരെയും ബന്ധുക്കളെയും വിളിക്കുന്നതു സാധ്യമോ പ്രായോഗികമോ അല്ലായിരിക്കാം എന്നതിനാൽ തങ്ങളുടെ പരിമിതികൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ ഇക്കാര്യത്തിൽ ചില തീരുമാനങ്ങൾ എടുക്കേണ്ടതായി വന്നേക്കാം. സഹക്രിസ്‌ത്യാനികളിൽ ചിലരെ ക്ഷണിക്കാതിരുന്നാൽ അവർ അതു മനസ്സിലാക്കുമെന്നും അതിൽ പരിഭവം വിചാരിക്കില്ലെന്നുമുള്ള വിശ്വാസം ദമ്പതികൾക്ക്‌ ഉണ്ടായിരിക്കണം.​—⁠സഭാപ്രസംഗി 7:⁠9.

“വിരുന്നുവാഴി”

11. വിവാഹാഘോഷത്തിൽ “വിരുന്നുവാഴി” എന്തു പങ്കുവഹിക്കുന്നു?

11 വിവാഹത്തിന്റെ സന്തോഷം പങ്കിടുന്നതിന്‌ ഒരു സദ്യ നടത്താൻ ദമ്പതികൾ തീരുമാനിക്കുന്നപക്ഷം, പ്രസ്‌തുത സന്ദർഭത്തിന്റെ അന്തസ്സ്‌ ഉയർത്തിപ്പിടിക്കാൻ അവർക്ക്‌ എങ്ങനെ കഴിയും? യേശു സംബന്ധിച്ച കാനായിലെ വിരുന്നിനുണ്ടായിരുന്ന ഒരു സവിശേഷത ഇന്നത്തെ വിവാഹങ്ങളിൽ ഉൾപ്പെടുത്തുന്നതു ജ്ഞാനമാണെന്ന്‌ ഏതാനും ദശകങ്ങളായി യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ആ വിരുന്നിൽ ഒരു “വിരുന്നുവാഴി” ഉണ്ടായിരുന്നു. നിശ്ചയമായും, കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നടത്തിയിരുന്ന ഒരു സഹവിശ്വാസിയായിരുന്നു അദ്ദേഹം. (യോഹന്നാൻ 2:9, 10) സമാനമായി ജ്ഞാനിയായ ഒരു വരൻ, ആത്മീയ പക്വതയുള്ള ഒരു സഹോദരനെ ആ സുപ്രധാന സ്ഥാനത്തു നിയമിക്കും. അങ്ങനെയാകുമ്പോൾ, വരന്റെ അഭിലാഷങ്ങളും അഭിരുചികളും അറിഞ്ഞശേഷം കൂടിവരവിനുമുമ്പും അതിന്റെ സമയത്തും എല്ലാം മുറയ്‌ക്കു ചെയ്യാൻ വിരുന്നുവാഴിക്കു കഴിയും.

12. മദ്യത്തിന്റെ ഉപയോഗത്തോടുള്ള ബന്ധത്തിൽ വരൻ എന്തു ശ്രദ്ധിക്കണം?

12 അഞ്ചാം ഖണ്ഡികയിൽ ചർച്ചചെയ്‌ത വിവരത്തിനു ചേർച്ചയിൽ, മദ്യത്തിന്റെ ദുരുപയോഗം വിവാഹത്തിന്റെ അന്തസ്സും ആനന്ദവും കെടുത്തിക്കളയാതിരിക്കാൻ വിവാഹ വിരുന്നിൽ മദ്യം ഒഴിവാക്കാൻ ചില ദമ്പതികൾ തീരുമാനിക്കുന്നു. (റോമർ 13:13; 1 കൊരിന്ത്യർ 5:11) എന്നാൽ മദ്യം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നപക്ഷം മിതമായ അളവിൽ അതു വിളമ്പാൻ അല്ലെങ്കിൽ ലഭ്യമാക്കാൻ വരൻ പ്രത്യേകം ശ്രദ്ധിക്കണം. യേശു കാനായിൽ സംബന്ധിച്ച വിവാഹവിരുന്നിൽ വീഞ്ഞുണ്ടായിരുന്നു. അവൻ മേൽത്തരം വീഞ്ഞു പ്രദാനം ചെയ്യുകയുമുണ്ടായി. പ്രസ്‌തുത സന്ദർഭത്തിൽ വിരുന്നുവാഴി ഇങ്ങനെ പറഞ്ഞു: “എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ.” (യോഹന്നാൻ 2:10) യേശു മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു എന്നല്ല അതിന്റെ അർഥം, അത്തരം കാര്യങ്ങളെ അവൻ കുറ്റംവിധിച്ചിരുന്നു. (ലൂക്കൊസ്‌ 12:45, 46) വീഞ്ഞിന്റെ ഗുണമേന്മയിൽ അത്ഭുതം കൂറിയ വിരുന്നുവാഴി, വിവാഹത്തിനു ക്ഷണിക്കപ്പെട്ടവരിൽ ചിലരെല്ലാം മദ്യപിച്ചു ലഹരിപിടിച്ച സന്ദർഭങ്ങൾ താൻ കണ്ടിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കുകയാണു ചെയ്‌തത്‌. (പ്രവൃത്തികൾ 2:15; 1 തെസ്സലൊനീക്യർ 5:7) അതുകൊണ്ട്‌ “വീഞ്ഞു കുടിച്ചു മത്തരാകരുതു; അതിനാൽ ദുർന്നടപ്പു ഉണ്ടാകുമല്ലോ” എന്ന വ്യക്തമായ മാർഗനിർദേശം, സന്നിഹിതരാകുന്ന എല്ലാവരും പിൻപറ്റുന്നുവെന്ന്‌ വരനും വിരുന്നുവാഴിയായി അദ്ദേഹം നിയമിക്കുന്ന ആശ്രയയോഗ്യനായ ക്രിസ്‌ത്യാനിയും ഉറപ്പുവരുത്തണം.​—⁠എഫെസ്യർ 5:18; സദൃശവാക്യങ്ങൾ 20:1; ഹോശേയ 4:11.

13. വിവാഹാഘോഷത്തിൽ സംഗീത പരിപാടി ഉൾപ്പെടുത്താൻ ക്രമീകരണം ചെയ്യുന്നപക്ഷം ദമ്പതികൾ ഏതു കാര്യം കണക്കിലെടുക്കണം, എന്തുകൊണ്ട്‌?

13 സംഗീതം ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ, മറ്റു കൂടിവരവുകളുടെ കാര്യത്തിലെന്നപോലെ ആളുകൾക്കു സുഗമമായി സംഭാഷണം നടത്താൻ കഴിയുമാറ്‌ അതിന്റെ ശബ്ദം അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഒരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “ആളുകൾ സജീവമായി സംഭാഷണത്തിൽ ഏർപ്പെടുകയോ ഡാൻസ്‌ ചെയ്‌തു തുടങ്ങുകയോ ചെയ്യുന്നതോടെ ചിലപ്പോഴൊക്കെ സംഗീതത്തിന്റെ ശബ്ദവും ഉയരുന്നു. പശ്ചാത്തലസംഗീതം എന്ന സ്ഥിതിയിൽനിന്നു മാറി അതു വലിയ ഉച്ചത്തിലാകുകയും സംഭാഷണത്തിനു തടസ്സംസൃഷ്ടിക്കുകയും ചെയ്‌തേക്കാം. ആസ്വാദ്യമായ സഹവാസത്തിനുള്ള നല്ല സന്ദർഭമാണ്‌ വിവാഹവിരുന്ന്‌. ഉച്ചത്തിലുള്ള സംഗീതം ആ അവസരം അലങ്കോലമാക്കുന്നെങ്കിൽ അതെത്ര സങ്കടകരമായിരിക്കും!” പ്രൊഫഷണൽ ഗായകസംഘമായിരുന്നാലും അല്ലെങ്കിലും, എങ്ങനെയുള്ള സംഗീതം വേണമെന്നും അതെത്ര ശബ്ദത്തിലായിരിക്കണമെന്നുമെല്ലാം നിശ്ചയിക്കാനുള്ള അധികാരം അവർക്കു വിട്ടുകൊടുക്കുന്നതിനു പകരം വരനും വിരുന്നുവാഴിയും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. “വാക്കിനാലോ ക്രിയയാലോ എന്തു ചെയ്‌താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ” ചെയ്യാൻ പൗലൊസ്‌ എഴുതി. (കൊലൊസ്സ്യർ 3:17) വിവാഹാഘോഷത്തിനുശേഷം വീട്ടിൽ തിരിച്ചെത്തുന്ന അതിഥികൾ, അവർ ശ്രദ്ധിച്ച സംഗീതത്തെക്കുറിച്ച്‌ ഓർക്കുമ്പോൾ നവദമ്പതികൾ സകലവും യേശുവിന്റെ നാമത്തിനു മഹത്വം കരേറ്റുന്ന രീതിയിൽ ചെയ്‌തുവെന്നു ചിന്തിക്കുമോ? അവർക്ക്‌ അതിനു കഴിയണം.

14. ഒരു വിവാഹത്തിന്റെ സ്‌മരണകൾ അയവിറക്കുമ്പോൾ ഏതു കാര്യങ്ങളായിരിക്കണം ക്രിസ്‌ത്യാനികളുടെ മനസ്സിൽ ഓടിയെത്തേണ്ടത്‌?

14 സുസംഘടിതമായി നടത്തുന്ന ഒരു വിവാഹത്തിന്റെ മധുരസ്‌മരണകൾ എന്നും മനസ്സിൽ പച്ചപിടിച്ചുനിൽക്കും. ദാമ്പത്യജീവിതത്തിൽ 30 വർഷം പിന്നിട്ടിരിക്കുന്ന ആദമും എഡിറ്റായും ഒരു വിവാഹാഘോഷത്തെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “മൊത്തത്തിൽ ഒരു ക്രിസ്‌തീയ അന്തരീക്ഷമായിരുന്നു. യഹോവയെ സ്‌തുതിച്ചുകൊണ്ടുള്ള പാട്ടുകളും മികച്ച മറ്റു ചില വിനോദ പരിപാടികളും ഉണ്ടായിരുന്നു. ഡാൻസിനും സംഗീതത്തിനും അധികം പ്രാധാന്യം കൊടുത്തിരുന്നില്ല. പരിപാടികൾ രസകരവും പരിപുഷ്ടിപ്പെടുത്തുന്നതും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലുള്ളവയുമായിരുന്നു.” വ്യക്തമായും, വിവാഹത്തോടുള്ള ബന്ധത്തിൽ വധൂവരന്മാർക്ക്‌ പ്രവൃത്തിയാൽ തങ്ങളുടെ വിശ്വാസം തെളിയിക്കാനുള്ള പല അവസരങ്ങളുമുണ്ട്‌.

വിവാഹ സമ്മാനം

15. വിവാഹ സമ്മാനത്തിന്റെ കാര്യത്തിൽ ഏതു ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കാൻ കഴിയും?

15 സുഹൃത്തുക്കളും ബന്ധുക്കളും നവദമ്പതികൾക്കു സമ്മാനം കൊടുക്കുന്ന രീതി പല നാടുകളിലും സാധാരണമാണ്‌. അങ്ങനെയൊരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നപക്ഷം “ജീവനത്തിന്റെ പ്രതാപ”പ്രകടനത്തെക്കുറിച്ച്‌ യോഹന്നാൻ അപ്പൊസ്‌തലൻ പറഞ്ഞ കാര്യം ഓർക്കുന്നതു നല്ലതായിരിക്കും. വിശ്വാസം പ്രവൃത്തിയാൽ പ്രകടമാക്കുന്ന ക്രിസ്‌ത്യാനികളുമായിട്ടല്ല, ‘ഒഴിഞ്ഞുപോകുന്ന ഈ ലോക’വുമായിട്ടാണ്‌ അത്തരം പ്രകടനങ്ങളെ അവൻ ബന്ധിപ്പിച്ചത്‌. (1 യോഹന്നാൻ 2:16, 17) യോഹന്നാന്റെ നിശ്വസ്‌തമായ വിലയിരുത്തലിന്റെ വീക്ഷണത്തിൽ, തങ്ങൾക്ക്‌ ആരൊക്കെയാണു സമ്മാനം നൽകിയതെന്ന്‌ നവദമ്പതികൾ പരസ്യപ്പെടുത്തുന്നതു ശരിയാണോ? മക്കെദോന്യയിലെയും അഖായയിലെയും ക്രിസ്‌ത്യാനികൾ യെരൂശലേമിലുള്ള സഹോദരങ്ങൾക്കു സംഭാവനകൾ നൽകിയെങ്കിലും അവരുടെ പേരുകൾ പരസ്യപ്പെടുത്തിയതായി ഒരു സൂചനയുമില്ല. (റോമർ 15:26) വിവാഹ സമ്മാനം നൽകുന്ന അനേകം ക്രിസ്‌ത്യാനികളും തങ്ങളുടെ പേർ പരസ്യപ്പെടുത്താനോ അനാവശ്യമായി മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമായിത്തീരാനോ ആഗ്രഹിക്കുകയില്ല. ഇതിനോടുള്ള ബന്ധത്തിൽ മത്തായി 6:1-4-ലെ യേശുവിന്റെ ബുദ്ധിയുപദേശം പരിചിന്തിക്കുക.

16. വിവാഹ സമ്മാനത്തോടുള്ള ബന്ധത്തിൽ മറ്റുള്ളവരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്നത്‌ ഒഴിവാക്കാൻ നവദമ്പതികൾക്ക്‌ എങ്ങനെ കഴിയും?

16 സമ്മാനദാതാക്കളുടെ പേരു പരസ്യപ്പെടുത്തുന്നത്‌ ഏതു സമ്മാനമാണു മികച്ചത്‌ അല്ലെങ്കിൽ വിലകൂടിയത്‌ എന്നു താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ഒരു മത്സരത്തിലേക്കു നയിച്ചേക്കാം. അതുകൊണ്ട്‌ ജ്ഞാനമുള്ള ക്രിസ്‌തീയ ദമ്പതികൾ സമ്മാനദാതാക്കളുടെ പേര്‌ പരസ്യപ്പെടുത്തുകയില്ല. അങ്ങനെ ചെയ്യുന്നത്‌ ഒരുപക്ഷേ സമ്മാനം നൽകാൻ വകയില്ലാത്തവരെ ലജ്ജിപ്പിച്ചേക്കാം. (ഗലാത്യർ 5:26; 6:10) ഒരു പ്രത്യേക സമ്മാനം നൽകിയിരിക്കുന്നത്‌ ആരാണെന്ന്‌ വധൂവരന്മാർ അറിയുന്നതിൽ തെറ്റൊന്നുമില്ലെന്നതു ശരിതന്നെ. സമ്മാനത്തോടൊപ്പം വെക്കുന്ന ഒരു കാർഡിൽനിന്ന്‌ അവർക്ക്‌ അത്‌ അറിയാനാകും. എന്നാൽ അവർ അതു മറ്റുള്ളവർക്കു വെളിപ്പെടുത്തേണ്ടതില്ല. വിവാഹ സമ്മാനം വാങ്ങുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും പോലുള്ള സ്വകാര്യമായ ഒരു കാര്യത്തിൽപ്പോലും വിശ്വാസം നമ്മുടെ പ്രവൃത്തിയെ സ്വാധീനിക്കുന്നുവെന്നു തെളിയിക്കാൻ നമുക്കെല്ലാം അവസരമുണ്ട്‌. *

17. വിശ്വാസത്തോടും പ്രവൃത്തിയോടുമുള്ള ബന്ധത്തിൽ ക്രിസ്‌ത്യാനികൾക്ക്‌ ഏതു ലക്ഷ്യം ഉണ്ടായിരിക്കണം?

17 തീർച്ചയായും നമ്മുടെ വിശ്വാസം തെളിയിക്കുന്നതിൽ, ധാർമികശുദ്ധിയുള്ള ജീവിതം നയിക്കുന്നതും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതും പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെടുന്നതും മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. ചെയ്യുന്ന സകല കാര്യങ്ങളിലും പ്രഭാവം ചെലുത്തുന്ന സജീവമായ ഒരു വിശ്വാസം നമുക്കോരോരുത്തർക്കും ഉണ്ടായിരിക്കുമാറാകട്ടെ. ഇതുവരെ പരാമർശിച്ച മണ്ഡലങ്ങളിലെ പ്രവൃത്തികൾ ഉൾപ്പെടെ “പൂർണ്ണമായും നിർവ്വഹിക്കപ്പെട്ട” പ്രവൃത്തികളാൽ നമുക്കു നമ്മുടെ വിശ്വാസം പ്രകടമാക്കാം.​—⁠വെളിപ്പാടു 3:​2, പി.ഒ.സി. ബൈബിൾ.

18. ക്രിസ്‌തീയ വിവാഹങ്ങളോടും പാർട്ടികളോടുമുള്ള ബന്ധത്തിൽ യോഹന്നാൻ 13:​17-ലെ വാക്കുകൾ എങ്ങനെ സത്യമെന്നു തെളിഞ്ഞേക്കാം?

18 താഴ്‌മയോടെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട്‌ അവർക്ക്‌ നല്ല ഒരു മാതൃക വെച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്‌താൽ ഭാഗ്യവാന്മാർ.” (യോഹന്നാൻ 13:4-17) നാം ഇന്നു ജീവിക്കുന്ന പ്രദേശത്ത്‌, വീട്ടിലേക്കു വരുന്ന ഒരു അതിഥിയുടെയോ മറ്റാരുടെയെങ്കിലുമോ പാദങ്ങൾ കഴുകുന്ന സമ്പ്രദായം​—⁠അല്ലെങ്കിൽ അതിന്റെ ആവശ്യംതന്നെ​—⁠ഇല്ലായിരിക്കാം. എന്നിരുന്നാലും ഈ ലേഖനത്തിൽ നാം പരിചിന്തിച്ചതുപോലെ സാമൂഹിക കൂടിവരവുകളും ക്രിസ്‌തീയ വിവാഹങ്ങളും ഉൾപ്പെടെയുള്ള ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിൽ, സ്‌നേഹവും പരിഗണനയുമുള്ള പ്രവൃത്തികളാൽ നമ്മുടെ വിശ്വാസം പ്രകടമാക്കാൻ നമുക്കു കഴിയും. സ്വന്തം വിവാഹമായിരുന്നാലും പ്രവൃത്തിയാൽ വിശ്വാസം തെളിയിക്കാൻ ആഗ്രഹിക്കുന്ന മറ്റു ക്രിസ്‌ത്യാനികളുടെ വിവാഹത്തിലോ അതേത്തുടർന്നുള്ള പാർട്ടിയിലോ നാം പങ്കെടുക്കുകയാണെങ്കിലും നമുക്ക്‌ അപ്രകാരം ചെയ്യാനാകും.

[അടിക്കുറിപ്പുകൾ]

^ ഖ. 16 വിവാഹവും വിവാഹവിരുന്നും സംബന്ധിച്ചുള്ള കൂടുതലായ വിവരം “വിവാഹദിനം അന്തസ്സുറ്റതും ഏറെ സന്തോഷപ്രദവുമാക്കുക” എന്ന തുടർന്നുവരുന്ന ലേഖനത്തിൽ കാണാൻ കഴിയും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

പിൻവരുന്ന കാര്യങ്ങളിൽ നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക്‌ എങ്ങനെ തെളിയിക്കാൻ കഴിയും:

• ഒരു സാമൂഹിക കൂടിവരവ്‌ ക്രമീകരിക്കുമ്പോൾ?

• വിവാഹാഘോഷമോ വിരുന്നോ സംഘടിപ്പിക്കുമ്പോൾ?

• വിവാഹ സമ്മാനം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ?

[അധ്യയന ചോദ്യങ്ങൾ]

[24-ാം പേജിലെ ചിത്രം]

ഏതാനും ചിലരെ മാത്രമാണു ക്ഷണിക്കുന്നതെങ്കിൽപ്പോലും “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്തിനു ചേർച്ചയിൽ പ്രവർത്തിക്കുക