ഡാനിയെലും അവന്റെ കൺവെൻഷൻ ബാഡ്‌ജും
ഡാനിയെലും അവന്റെ കൺവെൻഷൻ ബാഡ്‌ജും
പരസ്യമായി ദൈവത്തെ പുകഴ്‌ത്തുന്ന ബാലന്മാരെ കണ്ടപ്പോൾ സ്വയനീതിക്കാരായ മതനേതാക്കന്മാർ നീരസപ്പെട്ടു. അതിനവരെ ശാസിച്ചുകൊണ്ട് യേശു ഒരു യുക്തമായ ചോദ്യം അവരോടു ചോദിച്ചു: ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?’—മത്തായി 21:15, 16.
ഇന്നും കുട്ടികൾ യഹോവയെ സ്‌തുതിക്കുന്നുണ്ട്, അതിനു തെളിവാണ് ജർമനിയിലെ റഷ്യൻ ഭാഷയിലുള്ള സഭയോടൊത്തു സഹവസിക്കുന്ന ആറു വയസ്സുകാരനായ ഡാനിയെൽ. ഡൂയിസ്‌ബർഗിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷന് അമ്മയോടും ചേച്ചിയോടുമൊപ്പം അവനും പോയിരുന്നു. ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു വലിയ കൺവെൻഷനിൽ അവർ പങ്കെടുക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഹോട്ടലിലെ താമസം, വലിയ സദസ്, മൂന്നു ദിവസത്തെ പരിപാടികൾ, സ്‌നാപനം, നാടകം എന്നുവേണ്ട എല്ലാം പുതുമയുള്ള അനുഭവങ്ങളായിരുന്നു. ഡാനിയെലിന്റെ പെരുമാറ്റം മാതൃകായോഗ്യമായിരുന്നു.
കൺവെൻഷൻ കഴിഞ്ഞ് അവർ വീട്ടിൽ തിരിച്ചെത്തി. കിന്റർഗാർട്ടനിലേക്കു പോകാൻ വേണ്ടി തിങ്കളാഴ്‌ച രാവിലെ നേരത്തേതന്നെ ഡാനിയെൽ എഴുന്നേറ്റു. എന്നാൽ കൺവെൻഷനിൽ പങ്കെടുത്തപ്പോൾ ധരിച്ചിരുന്ന ബാഡ്‌ജ് അപ്പോഴും അവന്റെ ജാക്കറ്റിൽ ഉണ്ടായിരുന്നു. “കൺവെൻഷനൊക്കെ കഴിഞ്ഞു, ഇനി ആ ബാഡ്‌ജ് മാറ്റിക്കോ,” അവന്റെ അമ്മ പറഞ്ഞു. എന്നാൽ ഡാനിയെലിന്റെ മറുപടി ഇതായിരുന്നു: “അതവിടെ ഇരുന്നോട്ടെ, ഞാൻ എവിടെ ആയിരുന്നെന്നും എന്തു പഠിച്ചെന്നും എല്ലാവരും അറിയുമല്ലോ.” അന്നു മുഴുവനും അഭിമാനത്തോടെ അവൻ ആ ബാഡ്‌ജ് ധരിച്ചു നടന്നു. ടീച്ചർ അതിനെപ്പറ്റി ചോദിച്ചപ്പോൾ അവൻ കൺവെൻഷൻ പരിപാടികളെക്കുറിച്ച് അവരോടു വിശദീകരിച്ചു.
അങ്ങനെ ചെയ്‌തതുവഴി, നൂറ്റാണ്ടുകളിലുടനീളം യഹോവയെ പരസ്യമായി പുകഴ്‌ത്തിയിട്ടുള്ള ആയിരക്കണക്കിനു കുട്ടികളുടെ ദൃഷ്ടാന്തം പിൻപറ്റുകയായിരുന്നു ഡാനിയെൽ.