ദിവ്യമഹിമയ്‌ക്കായുള്ള ഏകീകൃത നിർമാണപ്രവർത്തനം
ദിവ്യമഹിമയ്‌ക്കായുള്ള ഏകീകൃത നിർമാണപ്രവർത്തനം
സോളമൻ ദ്വീപുകളിൽ ഒന്നിൽ യഹോവയുടെ സാക്ഷികൾ നിർമിച്ച ഒരു പുതിയ രാജ്യഹാൾ അവിടെയുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റി. യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തിയോട് ഒരു സ്‌ത്രീ പറഞ്ഞു: “പള്ളിപണിക്ക് ആവശ്യമായ പണമുണ്ടാക്കുന്നതിനായുള്ള പല പരിപാടികളും ഞങ്ങൾക്കുണ്ട്. കൂടാതെ, പണം നൽകാൻ ഞങ്ങൾ പള്ളിയംഗങ്ങളെ ഓർമിപ്പിക്കാറുമുണ്ട്, പക്ഷേ, ഒരു പുതിയ പള്ളി പണിയുന്നതിനുള്ള പണം ഇപ്പോഴും ഞങ്ങളുടെ കൈവശം ഇല്ല. നിങ്ങൾക്ക് എവിടെനിന്നാണ് പണം ലഭിക്കുന്നത്?” ആ സാക്ഷിയുടെ മറുപടി ഇതായിരുന്നു: “ഒരു ലോകവ്യാപക കുടുംബമെന്ന നിലയിലാണ് ഞങ്ങൾ യഹോവയെ ആരാധിക്കുന്നത്. ഈ പുതിയ രാജ്യഹാളിന് ആവശ്യമായതെല്ലാം ഞങ്ങളുടെ സഭയിലുള്ളവരും ലോകത്തിനു ചുറ്റുമുള്ള ഞങ്ങളുടെ സഹോദരങ്ങളും സംഭാവനചെയ്‌തതാണ്. എല്ലാ കാര്യങ്ങളിലും ഏകീകൃതരായിരിക്കാൻ യഹോവ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു.”
ആയിരക്കണക്കിനു രാജ്യഹാളുകൾ പണിയുന്നതുൾപ്പെടെയുള്ള യഹോവയുടെ സാക്ഷികളുടെ എല്ലാ പ്രവർത്തനങ്ങളിലും അവരുടെ ഐക്യം നിങ്ങൾക്കു കാണാനാകും. ഈ നിർമാണ വേലയിലെ ഐക്യം ഒരു പുതുമയല്ല. സഹസ്രാബ്ദങ്ങളായി ദൈവജനത്തിനിടയിൽ കണ്ടുവരുന്ന ഒന്നാണിത്. എന്തുകൊണ്ടാണ് അങ്ങനെ പറയാനാകുക?
തിരുനിവാസത്തിന്റെയും ആലയത്തിന്റെയും നിർമാണം
യിസ്രായേൽ ജനതയെ മനസ്സിൽപ്പിടിച്ചുകൊണ്ട് 3,500-ലധികം വർഷം മുമ്പ് യഹോവ മോശെയോടു പറഞ്ഞു: “അവർ എനിക്കു ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.” (പുറപ്പാടു 25:8) അതിന്റെ രൂപകൽപ്പനയെക്കുറിച്ച് യഹോവ ഇപ്രകാരം പറഞ്ഞു: “തിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ നിന്നെ [അതായത്, മോശെയെ] കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ നിങ്ങൾ [അതായത്, മുഴു യിസ്രായേൽ ജനതയും] ഉണ്ടാക്കേണം.” (പുറപ്പാടു 25:9, NW) തുടർന്ന് അതിന്റെ ഘടന, അലങ്കാരം, ആവശ്യമായ സാധനസാമഗ്രികൾ എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ യഹോവ നൽകി. (പുറപ്പാടു 25:10-27:19) എല്ലാ യിസ്രായേല്യരുടെയും ആരാധനയുടെ കേന്ദ്രമായിരിക്കേണ്ടിയിരുന്നു ഈ ‘തിരുനിവാസം’ അഥവാ കൂടാരം.
എത്രപേർ അതിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് നമുക്ക് അറിയില്ല, എന്നാൽ അതിന്റെ പണിയെ പിന്തുണയ്‌ക്കാൻ എല്ലാ യിസ്രായേല്യരെയും ആഹ്വാനം ചെയ്‌തിരുന്നു. മോശെ അവരോടു പറഞ്ഞു: “നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.” (പുറപ്പാടു 35:4-9) യിസ്രായേല്യർ എങ്ങനെയാണു പ്രതികരിച്ചത്? പുറപ്പാടു 36:3 പറയുന്നു: “വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‌വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.”
പെട്ടെന്നുതന്നെ, സംഭാവനയായി ലഭിച്ച സാധനങ്ങൾ കുന്നുകൂടാൻ തുടങ്ങി, എങ്കിലും ജനം തുടർന്നും കൊണ്ടുവന്നുകൊണ്ടിരുന്നു. നിർമാണവേലയിൽ ഏർപ്പെട്ടിരുന്ന ശിൽപ്പികൾ അവസാനം മോശെയോടു പറഞ്ഞു: “യഹോവ ചെയ്‌വാൻ കല്‌പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു.” അപ്പോൾ മോശെ ജനത്തോട്, “പുരുഷന്മാരാകട്ടെ സ്‌ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ പുറപ്പാടു 36:4-7.
വഴിപാടുവകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്‌പിച്ചു.” അവരുടെ ഉദാരമനസ്‌കതയുടെ ഫലമെന്തായിരുന്നു? “കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‌വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.”—യിസ്രായേൽ ജനത്തിന്റെ ഉദാരമനസ്‌കതനിമിത്തം ഒരു വർഷത്തിനുള്ളിൽ തിരുനിവാസത്തിന്റെ പണി പൂർത്തിയായി. (പുറപ്പാടു 19:1; 40:1, 2) ദൈവജനം സത്യാരാധനയെ പിന്തുണച്ചുകൊണ്ട് യഹോവയെ ബഹുമാനിച്ചു. (സദൃശവാക്യങ്ങൾ 3:9) പിന്നീട്, അവർ ഇതിനെക്കാൾ വളരെയേറെ ബൃഹത്തായ ഒരു നിർമാണപ്രവർത്തനം ഏറ്റെടുക്കുമായിരുന്നു. ഇതിലും, ആഗ്രഹിക്കുന്ന എല്ലാവർക്കും—അവർക്ക് നിർമാണ വൈദഗ്‌ധ്യങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും—ഒരു പങ്കുണ്ടായിരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു.
തിരുനിവാസം നിർമിച്ച് ഏകദേശം അഞ്ച് നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ യിസ്രായേല്യർ യെരൂശലേമിൽ ആലയം പണി ആരംഭിച്ചു. (1 രാജാക്കന്മാർ 6:1) കല്ലും മരവും ഉപയോഗിച്ചു പണിയുന്ന പ്രൗഢഗംഭീരമായ ഒരു കെട്ടിടമായിരുന്നു അത്. ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു മാറ്റാൻ കഴിയുമായിരുന്ന തിരുനിവാസത്തിൽനിന്നു വ്യത്യസ്‌തമായി, സ്ഥിരമായ ഒരു നിർമിതിയായിരുന്നു അത്. (1 രാജാക്കന്മാർ 5:17, 18) യഹോവ പരിശുദ്ധാത്മാവു മുഖേന ഈ ആലയത്തിന്റെ രൂപമാതൃക ദാവീദിനു നൽകി. (1 ദിനവൃത്താന്തം 28:11-19) എന്നാൽ അതിന്റെ പണിക്കു നേതൃത്വം വഹിക്കാൻ ദാവീദിന്റെ പുത്രനായ ശലോമോനെയാണ് അവൻ തിരഞ്ഞെടുത്തത്. (1 ദിനവൃത്താന്തം 22:6-10) ദാവീദ് ആലയത്തിന്റെ പണിക്കു പൂർണ പിന്തുണ നൽകി. കല്ലുകളും ഉത്തരങ്ങളും മറ്റു സാധനങ്ങളും സ്വരുക്കൂട്ടിയതുകൂടാതെ സ്വന്തം കൈയിൽനിന്ന് സ്വർണവും വെള്ളിയും ധാരാളമായി നൽകുകയും ചെയ്‌തു. ഉദാരമതികളായിരിക്കാൻ അവൻ സഹ യിസ്രായേല്യരെയും പ്രോത്സാഹിപ്പിച്ചു, അവൻ അവരോട് ഇപ്രകാരം ചോദിച്ചു: “കർത്താവിനു കൈതുറന്നു കാഴ്‌ചസമർപ്പിക്കാൻ . . . ആരുണ്ട്?” ഈ ആഹ്വാനത്തോട് ജനം എങ്ങനെയാണു പ്രതികരിച്ചത്?—1 ദിനവൃത്താന്തം 29:1-5, പി.ഒ.സി. ബൈബിൾ.
ശലോമോൻ യഹോവയുടെ ആലയം പണി ആരംഭിച്ചപ്പോഴേക്കും ആയിരക്കണക്കിനു ടൺ സ്വർണവും വെള്ളിയും അവന്റെ പക്കൽ ഉണ്ടായിരുന്നു. ഇരിമ്പും താമ്രവും ആണെങ്കിൽ, തൂക്കിനോക്കാൻ പറ്റാത്തത്രയുമായിരുന്നു. (1 ദിനവൃത്താന്തം 22:14-16) യഹോവയുടെ സഹായത്താലും മുഴു യിസ്രായേലിന്റെയും പിന്തുണയാലും വെറും ഏഴര വർഷംകൊണ്ട് ആലയത്തിന്റെ പണി പൂർത്തിയായി.—1 രാജാക്കന്മാർ 6:1, 37, 38.
“ദൈവത്തിന്റെ ആലയം”
തിരുനിവാസവും ആലയവും “ദൈവത്തിന്റെ ആലയം” എന്നാണു വിളിക്കപ്പെട്ടിരുന്നത്. (ന്യായാധിപന്മാർ 18:31; 2 ദിനവൃത്താന്തം 24:7) എന്നാൽ, യഹോവയ്‌ക്കു വസിക്കാൻ ഒരിക്കലും ഒരു ആലയത്തിന്റെ ആവശ്യമില്ല. (യെശയ്യാവു 66:1) മനുഷ്യരുടെ പ്രയോജനത്തിനാണ് അവൻ തിരുനിവാസവും യെരൂശലേമിലെ ആലയവും പണിയാൻ കൽപ്പിച്ചത്. ആലയത്തിന്റെ സമർപ്പണസമയത്ത് ശലോമോൻ ഇപ്രകാരം ചോദിച്ചുവെന്നത് ശ്രദ്ധേയമാണ്: “ദൈവം യഥാർത്ഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?”—1 രാജാക്കന്മാർ 8:27.
യഹോവ തന്റെ പ്രവാചകനായ യെശയ്യാവ് മുഖേന പറഞ്ഞു: “എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും.” (യെശയ്യാവു 56:7) ദൈവഭക്തരായ യഹൂദർക്കും യഹൂദേതരർക്കും സത്യദൈവത്തിലേക്ക് അടുത്തുചെല്ലുന്നതിനുള്ള ഒരു മാർഗമായിരുന്നു ആ ആലയത്തിൽ നടത്തപ്പെട്ടിരുന്ന യാഗങ്ങളും പ്രാർഥനകളും ആചാരാനുഷ്‌ഠാനങ്ങളും. അവന്റെ ആലയത്തിൽ ആരാധിച്ചുകൊണ്ട് അവർ യഹോവയുടെ സഖിത്വം സമ്പാദിച്ചു, അവന്റെ സംരക്ഷണം ആസ്വദിച്ചു. ആലയ സമർപ്പണ സമയത്തെ ശലോമോന്റെ പ്രാർഥന ഈ വസ്‌തുതയ്‌ക്ക് അടിവരയിടുന്നു. യഹോവയോടുള്ള അവന്റെ ഹൃദയസ്‌പർശിയായ വാക്കുകൾ 1 രാജാക്കന്മാർ 8:22-53-ലും 2 ദിനവൃത്താന്തം 6:12-42-ലും നിങ്ങൾക്കു കാണാൻ കഴിയും.
സത്യദൈവത്തിന്റെ ആ ആലയം കാലയവനികയ്‌ക്കുള്ളിൽ മറഞ്ഞിട്ട് ദീർഘകാലമായി. എന്നുവരികിലും, അതിനെക്കാൾ വളരെയേറെ ശ്രേഷ്‌ഠമായ ഒരു ആത്മീയ ആലയത്തിൽ സകല ജാതികളിൽനിന്നുമുള്ള ആളുകൾ യഹോവയെ ആരാധിക്കാൻ കൂടിവരുന്ന സമയത്തിലേക്കു ദൈവവചനം വിരൽചൂണ്ടിയിരുന്നു. (യെശയ്യാവു 2:2) പുരാതന ആലയത്തിൽ അർപ്പിച്ചിരുന്ന മൃഗബലികൾ ദൈവത്തിന്റെ ഏകജാതപുത്രന്റെ പൂർണതയുള്ള ഏകയാഗത്തെ മുൻനിഴലാക്കി. യഹോവയെ സമീപിക്കുന്നതിനുള്ള മാർഗം ഈ പൂർണതയുള്ള യാഗമായിരിക്കുമായിരുന്നു. (യോഹന്നാൻ 14:6; എബ്രായർ 7:27; 9:12) ശ്രേഷ്‌ഠമായ ഈ രീതിയിൽ യഹോവയുടെ സാക്ഷികൾ ഇപ്പോൾ ദൈവത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നു, അങ്ങനെ ചെയ്യാൻ മറ്റനേകരെ അവർ സഹായിക്കുകയും ചെയ്യുന്നു.
ആധുനികകാല നിർമാണ പ്രവർത്തനങ്ങൾ
ലോകത്തുടനീളം, യഹോവയുടെ സാക്ഷികൾ സത്യദൈവത്തെ ആരാധിക്കുന്നു. അനുദിനം അംഗസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു “മഹാജാതി”യാണ് അവർ. (യെശയ്യാവു 60:22) യഹോവയുടെ സാക്ഷികൾ പ്രധാനമായും കൂടിവരുന്നത് രാജ്യഹാളിലാണ്. * ഇത്തരത്തിലുള്ള ആയിരക്കണക്കിനു ഹാളുകൾ കൂടിവരവിനായി ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്, ഇനിയും ആയിരക്കണക്കിനു ഹാളുകൾകൂടെ ആവശ്യമുണ്ട്.
യഹോവയുടെ സാക്ഷികൾ രാജ്യഹാളുകൾ പണിയുന്നതിനായി “സ്വമേധാദാനമായി” തങ്ങളെത്തന്നെ അർപ്പിക്കുന്നു. (സങ്കീർത്തനം 110:3) എന്നുവരികിലും, എല്ലായിടത്തുമുള്ള സാക്ഷികൾക്ക് നിർമാണവേലയ്‌ക്കാവശ്യമായ വൈദഗ്‌ധ്യങ്ങൾ കണ്ടെന്നുവരില്ല; രാജ്യപ്രസാധകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുന്ന ചില പ്രദേശങ്ങൾ കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിലുമാണ്. ഈ തടസ്സങ്ങളെ തരണംചെയ്യുന്നതിനായി 1999-ൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘം രാജ്യഹാൾ നിർമാണ പരിപാടി ആവിഷ്‌കരിച്ചു. ഈ പരിപാടിയുടെ ഭാഗമായി, നിർമാണവേലയിൽ വൈദഗ്‌ധ്യമുള്ള സാക്ഷികൾ മറ്റു സ്ഥലങ്ങളിലേക്കു സഞ്ചരിച്ച് അവിടെയുള്ള സഹോദരീസഹോദരന്മാർക്ക് രാജ്യഹാൾ നിർമാണ വേലയ്‌ക്കാവശ്യമായ പരിശീലനം നൽകുന്നു. അങ്ങനെ പരിശീലനം ലഭിക്കുന്നവർ ആ പ്രദേശങ്ങളിലെ നിർമാണവേല തുടർന്നു നിർവഹിക്കുന്നു. ഇതിന്റെ ഫലമെന്താണ്?
2006 ഫെബ്രുവരിയോടെ, പരിമിതമായ ആസ്‌തികളുള്ള ദേശങ്ങളിലെ യഹോവയുടെ സാക്ഷികൾ, 13,000-ലധികം പുതിയ രാജ്യഹാളുകൾ പൂർത്തിയാകുന്നതിനു സാക്ഷ്യം വഹിച്ചു. ഈ പുതിയ രാജ്യഹാളുകളിൽ കൂടിവരുന്ന ചിലരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക:
“സഭയുടെ ശരാശരി യോഗഹാജർ 160 ആയിരുന്നു. എന്നാൽ, പുതിയ രാജ്യഹാൾ പണിതതിനുശേഷമുള്ള ആദ്യയോഗത്തിൽ ഹാജർ 200 ആയി ഉയർന്നു. ആറു മാസങ്ങൾക്കു ശേഷം ഇപ്പോൾ അവിടത്തെ ഹാജർ 230 ആണ്. ലളിതമായ എന്നാൽ തികച്ചും ഉപയോഗപ്രദമായ ഈ ഹാളുകളുടെ പണിയിൽ യഹോവയുടെ അനുഗ്രഹം പ്രകടമാണ്.”—ഇക്വഡോറിലുള്ള ഒരു സർക്കിട്ട് മേൽവിചാരകൻ.
“‘നിങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ കാണുന്നതുപോലുള്ള ഒരു രാജ്യഹാൾ നിങ്ങൾക്കെന്നാണ് ഉണ്ടാകുക?’ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യഹോവയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ഇപ്പോൾ മനോഹരമായ ഒരു ആരാധനാസ്ഥലമുണ്ട്. ഒരു സഹോദരന്റെ കടയിലായിരുന്നു മുമ്പ് ഞങ്ങൾ യോഗങ്ങൾ നടത്തിക്കൊണ്ടിരുന്നത്. അപ്പോൾ ശരാശരി ഹാജർ 30 ആയിരുന്നു. എന്നാൽ പുതിയ
രാജ്യഹാളിൽവെച്ചു നടത്തിയ ആദ്യ യോഗത്തിൽ 110 പേർ ഹാജരായി.”—ഉഗാണ്ടയിലുള്ള ഒരു സഭ.“രാജ്യഹാൾ പണിതതിനുശേഷം വയൽസേവനം കൂടുതൽ രസകരമാണെന്ന് സാധാരണ പയനിയർമാരായ രണ്ടു സഹോദരിമാർ റിപ്പോർട്ടു ചെയ്യുന്നു. ഇപ്പോൾ വീടുതോറുമുള്ള സാക്ഷീകരണത്തിലും അതുപോലെ അനൗപചാരികമായി സാക്ഷീകരിക്കുമ്പോഴും ആളുകൾ ശ്രദ്ധിക്കാൻ കൂടുതൽ മനസ്സൊരുക്കമുള്ളവരാണ്. ഈ സഹോദരിമാർ ഇപ്പോൾ 17 ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്, അവരിൽ പലരും യോഗങ്ങൾക്കും ഹാജരാകുന്നു.”—സോളമൻ ദ്വീപുകളിലെ ബ്രാഞ്ച് ഓഫീസ്.
“പുതിയ രാജ്യഹാൾ ആ പ്രദേശത്തിന്റെ തന്നെ പുരോഗതിയുടെ ഒരു പ്രതീകമാണെന്നും അവിടെയുള്ള ആളുകൾ അതിൽ അഭിമാനം കൊള്ളുന്നുവെന്നും സമീപത്തു താമസിക്കുന്ന ഒരു പാസ്റ്റർ പറയുന്നു. അതുവഴി കടന്നുപോകുന്ന പലരും ആ ഹാളിന്റെ മനോഹാരിതയെക്കുറിച്ച് അഭിപ്രായപ്പെടാറുണ്ട്. സാക്ഷ്യം നൽകുന്നതിനുള്ള നല്ല അവസരങ്ങൾ ഇതു പ്രദാനം ചെയ്യുന്നു. നമ്മുടെ ലോകവ്യാപക സാഹോദര്യത്തെക്കുറിച്ച് അറിയാൻ താത്‌പര്യം കാണിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. വർഷങ്ങളായി യോഗങ്ങൾക്കു വരാതിരുന്ന അനേകരും സാക്ഷികളോടൊത്തു വീണ്ടും സഹവസിക്കാൻ പ്രചോദിതരായിത്തീർന്നിരിക്കുന്നു.”—മ്യാൻമാർ ബ്രാഞ്ച് ഓഫീസ്.
“ഒരു താത്‌പര്യക്കാരനെ അടുത്തുള്ള രാജ്യഹാൾ നിർമാണ സ്ഥലത്തേക്ക് ഒരു സഹോദരി ക്ഷണിക്കുകയുണ്ടായി. ഈ വ്യക്തി പിന്നീടു പറഞ്ഞു: ‘പണിക്കാർ എന്നെ അവിടേക്കു കടത്തിവിടില്ലെന്നാണു ഞാൻ കരുതിയത്. എന്നാൽ ആ സാക്ഷികൾ എന്നെ സ്‌നേഹപൂർവം അഭിവാദനം ചെയ്‌തത് എന്നെ അത്ഭുതപ്പെടുത്തി. സ്‌ത്രീകളും പുരുഷന്മാരും സമയം ഒട്ടും പാഴാക്കാതെ അധ്വാനിക്കുന്നതും സന്തോഷത്തോടും ഐക്യത്തോടുംകൂടെ പ്രവർത്തിക്കുന്നതും എനിക്കവിടെ കാണാൻ കഴിഞ്ഞു.’ ഈ വ്യക്തി ഒരു ബൈബിളധ്യയനത്തിനു സമ്മതിക്കുകയും യോഗങ്ങൾക്കു വരാൻ തുടങ്ങുകയും ചെയ്‌തു. അദ്ദേഹം പിന്നീടു പറഞ്ഞു: ‘എന്റെ ചിന്താഗതിക്കു മാറ്റം വന്നിരിക്കുന്നു. ഞാൻ ഇപ്പോൾ
ദൈവത്തെ കണ്ടെത്തിയ സ്ഥിതിക്ക് ഇനി അവനെ ഉപേക്ഷിക്കുകയില്ല.’”—കൊളംബിയ ബ്രാഞ്ച് ഓഫീസ്.നമ്മുടെ പിന്തുണ പ്രാധാന്യമർഹിക്കുന്നു
രാജ്യഹാൾ നിർമാണം നമ്മുടെ വിശുദ്ധസേവനത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. സാമ്പത്തികമായും മറ്റുവിധേനയും യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ഈ വേലയെ പിന്തുണച്ചിരിക്കുന്ന വിധം അഭിനന്ദനാർഹം തന്നെയാണ്. എന്നാൽ വിശുദ്ധസേവനത്തിന്റെ മറ്റു വശങ്ങളും പ്രധാനമാണെന്നു നാം മനസ്സിൽപ്പിടിക്കേണ്ടിയിരിക്കുന്നു. ചിലപ്പോഴൊക്കെ ക്രിസ്‌ത്യാനികൾ പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകാറുണ്ട്, അവർക്കു നമ്മുടെ സഹായം ആവശ്യമാണ്. ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളുടെ ഉത്‌പാദനം വിശുദ്ധസേവനത്തെ പിന്തുണയ്‌ക്കുന്നതിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നു. ശരിയായ ഹൃദയനിലയുള്ള ഒരു വ്യക്തിക്കു നമ്മുടെ മാസികയോ പുസ്‌തകമോ ലഭിച്ചാൽ അത് ആ വ്യക്തിയിലുളവാക്കുന്ന ഫലം നേരിൽ കാണാൻ കഴിഞ്ഞിട്ടുള്ളവരാണു നമ്മിൽ മിക്കവരും. മാത്രമല്ല, മിഷനറിമാർ ഉൾപ്പെടെ പ്രത്യേക മുഴുസമയ സേവനത്തിലുള്ളവരെ പിന്തുണയ്‌ക്കുന്നതും വളരെ പ്രധാനമാണ്. ആത്മത്യാഗ മനോഭാവമുള്ള അത്തരം ക്രിസ്‌ത്യാനികൾ ഈ അന്ത്യകാലത്ത് പ്രസംഗവേലയുടെ പുരോഗതിയിൽ നിർണായകമായ പങ്കു വഹിക്കുന്നു.
ആലയനിർമാണ വേലയ്‌ക്കായി സംഭാവനചെയ്‌തത് യിസ്രായേല്യർക്ക് വലിയ സന്തോഷം കൈവരുത്തി. (1 ദിനവൃത്താന്തം 29:9) സമാനമായി, ഇന്നു നാം സംഭാവനകൾ നൽകിക്കൊണ്ട് സത്യാരാധനയെ പിന്തുണയ്‌ക്കുമ്പോൾ അതു നമുക്കു സന്തോഷം നൽകുന്നു. (പ്രവൃത്തികൾ 20:35) രാജ്യഹാൾ ഫണ്ടിനായുള്ള പെട്ടിയിൽ നാം സംഭാവന ഇടുമ്പോഴും രാജ്യസുവാർത്താ പ്രസംഗവുമായി ബന്ധപ്പെട്ട മറ്റു പരിപാടികളെ പിന്തുണയ്‌ക്കുന്നതിനായി ലോകവ്യാപക വേലയ്‌ക്കു നാം സംഭാവന നൽകുമ്പോഴും ആ സന്തോഷം നാം അനുഭവിച്ചറിയുന്നു. വിസ്‌മയാവഹമായ വിധത്തിൽ ഇന്നു യഹോവയുടെ സാക്ഷികൾ സത്യാരാധനയിൽ ഏകീകൃതരാണ്. ഈ ആരാധനയെ പിന്തുണയ്‌ക്കുന്നതു മുഖേനയുള്ള സന്തോഷത്താൽ നമ്മുടെയെല്ലാം ഹൃദയം നിറഞ്ഞുകവിയട്ടെ!
[അടിക്കുറിപ്പ്]
^ ഖ. 16 “രാജ്യഹാൾ” എന്ന വാക്ക് എങ്ങനെ ഉത്ഭവിച്ചുവെന്ന് അറിയുന്നതിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 319-ാം പേജ് കാണുക.
[20, 21 പേജുകളിലെ ചതുരം/ചിത്രം]
ചിലർ സംഭാവന നൽകുന്ന വിധങ്ങൾ
ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ
“ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.
ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നു. സ്വമേധയാ സംഭാവനകൾ ഈ ഓഫീസുകളിലേക്ക് നേരിട്ടും അയയ്‌ക്കാവുന്നതാണ്. ബ്രാഞ്ച് ഓഫീസുകളുടെ മേൽവിലാസം ഈ മാസികയുടെ 2-ാം പേജിലുണ്ട്. ചെക്കുകൾ “Watch Tower”-ന് മാറിയെടുക്കാവുന്നത് ആയിരിക്കണം. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.
ആസൂത്രിത കൊടുക്കൽ
നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവന ചെയ്യുന്നതിന് വേറെയും മാർഗങ്ങൾ ഉണ്ട്. പിൻവരുന്നവ അതിൽപ്പെടുന്നു:
ഇൻഷ്വറൻസ്: ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെന്റ്/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച് ടവറിന്റെ പേര് വെക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവറിൽ ട്രസ്റ്റ് ആയി അല്ലെങ്കിൽ മരണത്തിങ്കൽ വാച്ച് ടവറിനു ലഭിക്കാവുന്നത് ആയി ഏൽപ്പിക്കാവുന്നതാണ്.
സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച് ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്.
സ്ഥാവര വസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന് ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്. ഏതെങ്കിലും സ്ഥാവര വസ്‌തു ആധാരം ചെയ്യുന്നതിനു മുമ്പ് നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
ഗിഫ്‌റ്റ് അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ ഒരു വാച്ച്‌ടവർ കോർപ്പറേഷനു നൽകുന്ന ക്രമീകരണമാണ് ഗിഫ്‌റ്റ് അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷംതോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ് അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന് വരുമാന നികുതിയിൽ ഇളവ് ലഭിക്കും.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ വാച്ച് ടവർ സൊസൈറ്റിക്ക് അവകാശമായി നൽകാവുന്നതാണ്. അല്ലെങ്കിൽ, ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി വാച്ച് ടവർ സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്. ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവ് ഒരു മതസംഘടന ആയിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ നികുതിയിളവുകൾ ലഭിച്ചേക്കാം; എന്നാൽ ഇന്ത്യയിൽ അതു ലഭ്യമല്ല.
“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്ന് കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനീഷിലുമായി തയ്യാറാക്കിയിട്ടുണ്ട്. * ഇപ്പോൾത്തന്നെ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേന ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ് ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ച നടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്കു കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്, താഴെ കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.
Jehovah’s Witnesses,
Post Box 6440,
Yelahanka,
Bangalore 560 064,
Karnataka.
Telephone: (080) 28468072
[അടിക്കുറിപ്പ്]
^ ഖ. 42 ഇന്ത്യയിൽ ലഭ്യമല്ല
[18-ാം പേജിലെ ചിത്രം]
നമ്മുടെ ഏകീകൃത ശ്രമം ലോകവ്യാപകമായി മനോഹരമായ രാജ്യഹാളുകൾ പണിയുന്നത് സാധ്യമാക്കിത്തീർക്കുന്നു
[18-ാം പേജിലെ ചിത്രം]
ഘാനയിലെ പുതിയ രാജ്യഹാൾ