വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ യഹോവയുടെ വീക്ഷണമുണ്ടോ?

വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ യഹോവയുടെ വീക്ഷണമുണ്ടോ?

വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച്‌ നിങ്ങൾക്ക്‌ യഹോവയുടെ വീക്ഷണമുണ്ടോ?

“ആരും ദുർന്നടപ്പുകാരനോ . . . വിശുദ്ധ കാര്യങ്ങളെ വിലമതിക്കാത്തവനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.”​—⁠എബ്രായർ 12:​16, NW.

1. ഇന്നു പ്രബലമായിരിക്കുന്ന ഏതു മനോഭാവം യഹോവയുടെ ദാസന്മാർ തള്ളിക്കളയുന്നു?

പൊതുവേ ഇന്നു ലോകം വിശുദ്ധ കാര്യങ്ങൾക്ക്‌ അധികം പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. ഫ്രഞ്ച്‌ സാമൂഹികവിദഗ്‌ധനായ എഡ്‌ഗർ മോറിൻ ഇങ്ങനെ പറഞ്ഞു: “ധാർമികതയുടെ ചിരകാല അടിസ്ഥാനങ്ങൾക്ക്‌​—⁠ദൈവം, പ്രകൃതി, ജന്മനാട്‌, ചരിത്രം, സദാചാരം എന്നിവയ്‌ക്ക്‌​—⁠ഉണ്ടായിരുന്ന അസന്ദിഗ്‌ധമായ സ്വാധീനം പൊയ്‌പോയിരിക്കുന്നു. . . . മൂല്യങ്ങൾ ഇന്ന്‌ ഓരോരുത്തരും ഇഷ്ടാനുസരണം തിരഞ്ഞെടുക്കുന്നു.” ഈ സ്ഥിതിവിശേഷം “ലോകത്തിന്റെ ആത്മാവിനെ” അഥവാ “അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവി”നെയാണു പ്രതിഫലിപ്പിക്കുന്നത്‌. (1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2) യഹോവയ്‌ക്കു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നവരും അവന്റെ പരമാധികാരത്തിനു മനസ്സോടെ കീഴ്‌പെടുന്നവരുമായ വ്യക്തികൾ പക്ഷേ, ആ ഭക്തികെട്ട ആത്മാവിനെ അഥവാ മനോഭാവത്തെ നിരാകരിക്കുന്നു. (റോമർ 12:1, 2) യഹോവയുടെ ആരാധനയിൽ വിശുദ്ധിക്ക്‌ അല്ലെങ്കിൽ പവിത്രതയ്‌ക്കു നിർണായകമായ ഒരു സ്ഥാനമുണ്ടെന്ന്‌ അവർ തിരിച്ചറിയുന്നു. നമ്മുടെ ജീവിതത്തിൽ ഏതെല്ലാം കാര്യങ്ങളാണു വിശുദ്ധമായിരിക്കേണ്ടത്‌? എല്ലാ ദൈവദാസരും വിശുദ്ധമായി വീക്ഷിക്കേണ്ട അഞ്ചു കാര്യങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും. അടുത്ത ലേഖനം ക്രിസ്‌തീയ യോഗങ്ങൾ എത്ര വിശുദ്ധമാണെന്ന കാര്യം പ്രദീപ്‌തമാക്കും. എന്നാൽ “വിശുദ്ധി” എന്ന പദം എന്താണ്‌ അർഥമാക്കുന്നത്‌?

2, 3. (എ) യഹോവയുടെ വിശുദ്ധിയെ തിരുവെഴുത്തുകൾ പ്രദീപ്‌തമാക്കുന്നത്‌ എങ്ങനെ? (ബി) യഹോവയുടെ നാമത്തെ വിശുദ്ധമായി കാണുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

2 ബൈബിൾ എഴുതപ്പെട്ട എബ്രായയിൽ “വിശുദ്ധി” എന്ന പദം വേർപെട്ടിരിക്കുക എന്ന ആശയമാണു നൽകുന്നത്‌. ആരാധനയോടുള്ള ബന്ധത്തിൽ, പൊതു ഉപയോഗത്തിൽനിന്നു വേർതിരിക്കപ്പെട്ട അല്ലെങ്കിൽ പരിപാവനമായി കരുതപ്പെടുന്ന കാര്യങ്ങൾക്കാണ്‌ അതു ബാധകമാകുന്നത്‌. യഹോവ വിശുദ്ധിയുടെ മൂർത്തിമദ്‌ഭാവമാണ്‌. അവൻ ‘പരിശുദ്ധൻ’ എന്നു വിളിക്കപ്പെട്ടിരിക്കുന്നു. (സദൃശവാക്യങ്ങൾ 9:10; 30:3) പുരാതന കാലത്ത്‌ ഇസ്രായേലിലെ മഹാപുരോഹിതൻ തന്റെ തലപ്പാവിൽ, “വിശുദ്ധി യഹോവയ്‌ക്കുള്ളതാകുന്നു” (NW) എന്ന്‌ ആലേഖനം ചെയ്‌ത ഒരു സ്വർണഫലകം ധരിച്ചിരുന്നു. (പുറപ്പാടു 28:36, 37) യഹോവയുടെ സിംഹാസനത്തിനു ചുറ്റും നിലകൊള്ളുന്ന കെരൂബുകളും സാറാഫുകളും, “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്നു പ്രഖ്യാപിക്കുന്നതായി തിരുവെഴുത്തുകളിൽ വർണിച്ചിരിക്കുന്നു. (യെശയ്യാവു 6:2, 3; വെളിപ്പാടു 4:6-8) ഏറ്റവും തികഞ്ഞ അളവിലുള്ള വിശുദ്ധിയും ശുദ്ധിയും നൈർമല്യവും ഉള്ളവനാണു യഹോവ എന്നാണ്‌ “പരിശുദ്ധൻ” എന്ന പദം ആവർത്തിക്കുന്നതിലൂടെ അവർ ഊന്നിപ്പറയുന്നത്‌. വാസ്‌തവത്തിൽ അവൻ വിശുദ്ധിയുടെ ഉറവിടമാണ്‌.

3 യഹോവയുടെ നാമം വിശുദ്ധമാണ്‌. സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.” (സങ്കീർത്തനം 111:9) യേശു നമ്മെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിച്ചു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) യേശുവിന്റെ അമ്മയായ മറിയ ഇങ്ങനെ പാടി: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു . . . ശക്തനായവൻ എനിക്കു വലിയവ ചെയ്‌തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.” (ലൂക്കൊസ്‌ 1:46, 49) യഹോവയുടെ ദാസരെന്ന നിലയിൽ നാം അവന്റെ നാമത്തെ വിശുദ്ധമായി കാണുകയും ആ പരിശുദ്ധ നാമത്തിനു നിന്ദ വരുത്തിയേക്കാവുന്ന യാതൊന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നു. കൂടാതെ വിശുദ്ധമെന്ന്‌ യഹോവ കണക്കാക്കുന്ന കാര്യങ്ങളെ അതേവിധത്തിൽ കണ്ടുകൊണ്ട്‌ നാം വിശുദ്ധി സംബന്ധിച്ച അവന്റെ വീക്ഷണം പുലർത്തുന്നു.​—⁠ആമോസ്‌ 5:14, 15.

നമുക്ക്‌ യേശുവിനോട്‌ ആഴമായ ആദരവ്‌ ഉള്ളതിന്റെ കാരണം

4. യേശുവിനെ ബൈബിൾ “പരിശുദ്ധൻ” എന്നു വിശേഷിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?

4 പരിശുദ്ധ ദൈവമായ യഹോവയുടെ “ഏകജാത”പുത്രനെന്ന നിലയിൽ വിശുദ്ധനായ ഒരു വ്യക്തിയായിട്ടാണ്‌ യേശു സൃഷ്ടിക്കപ്പെട്ടത്‌. (യോഹന്നാൻ 1:14; കൊലൊസ്സ്യർ 1:15; എബ്രായർ 1:1-3) അതുകൊണ്ടുതന്നെ അവൻ “ദൈവത്തിന്റെ പരിശുദ്ധൻ” എന്നു വിളിക്കപ്പെടുന്നു. (യോഹന്നാൻ 6:69) അവന്റെ ജീവൻ സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു മാറ്റപ്പെട്ടപ്പോഴും അവന്റെ വിശുദ്ധിക്കു യാതൊരു കോട്ടവും തട്ടിയില്ല, കാരണം പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ്‌ മറിയ ഗർഭംധരിക്കുകയും യേശുവിനെ പ്രസവിക്കുകയും ചെയ്‌തത്‌. ഒരു ദൂതൻ അവളോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; . . . ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊസ്‌ 1:35) യഹോവയോടു പ്രാർഥിക്കവേ യെരൂശലേമിലെ ക്രിസ്‌ത്യാനികൾ ദൈവപുത്രനെ രണ്ടു പ്രാവശ്യം “നിന്റെ പരിശുദ്ധദാസനായ യേശു” എന്നു പരാമർശിക്കുകയുണ്ടായി.​—⁠പ്രവൃത്തികൾ 4:27, 30.

5. വിശുദ്ധമായ ഏതു ദൗത്യമാണ്‌ യേശു ഭൂമിയിൽ നിറവേറ്റിയത്‌, അവന്റെ രക്തം വിലയേറിയത്‌ ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 ഭൂമിയിൽ യേശുവിനു വിശുദ്ധമായ ഒരു ദൗത്യം നിറവേറ്റാനുണ്ടായിരുന്നു. പൊ.യു. 29-ൽ സ്‌നാപനമേറ്റ സന്ദർഭത്തിൽ അവൻ യഹോവയുടെ വലിയ ആത്മീയ ആലയത്തിലെ മഹാപുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. (ലൂക്കൊസ്‌ 3:21, 22; എബ്രായർ 7:26; 8:1, 2) കൂടാതെ അവൻ തന്റെ ജീവൻ ബലി നൽകേണ്ടതുമുണ്ടായിരുന്നു. അവന്റെ ചൊരിയപ്പെട്ട രക്തം, പാപികളായ മനുഷ്യർക്കു രക്ഷപ്രാപിക്കാൻ ആവശ്യമായ മറുവില പ്രദാനം ചെയ്യുമായിരുന്നു. (മത്തായി 20:28; എബ്രായർ 9:14) അതുകൊണ്ട്‌ നാം യേശുവിന്റെ രക്തത്തെ വിശുദ്ധവും “വിലയേറിയ”തുമായി വീക്ഷിക്കുന്നു.​—⁠1 പത്രൊസ്‌ 1:19.

6. ക്രിസ്‌തുയേശുവിനോട്‌ നാം എന്തു മനോഭാവം പുലർത്തുന്നു, എന്തുകൊണ്ട്‌?

6 രാജാവും മഹാപുരോഹിതനുമായ യേശുക്രിസ്‌തുവിനോട്‌ നമുക്കുള്ള ആഴമായ ആദരവ്‌ പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകളിൽ പ്രതിഫലിക്കുന്നു: ‘ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്‌കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്‌തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.’ (ഫിലിപ്പിയർ 2:9-11) നായകനും വാഴ്‌ച നടത്തുന്ന രാജാവും ക്രിസ്‌തീയ സഭയുടെ ശിരസ്സുമായ ക്രിസ്‌തുയേശുവിനു സന്തോഷപൂർവം കീഴ്‌പെട്ടുകൊണ്ട്‌ വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം നമുക്കുണ്ടെന്ന്‌ നാം പ്രകടമാക്കുന്നു.​—⁠മത്തായി 23:10; കൊലൊസ്സ്യർ 1:18.

7. നാം ക്രിസ്‌തുവിനോടുള്ള കീഴ്‌പെടൽ പ്രകടമാക്കുന്നത്‌ എങ്ങനെ?

7 ക്രിസ്‌തു നേതൃത്വം നൽകുന്ന വേലയിൽ ഉത്തരവാദിത്വം വഹിക്കാനായി അവൻ ഉപയോഗിക്കുന്ന പുരുഷന്മാരോട്‌ ആദരവു പ്രകടമാക്കുന്നതും അവനോടുള്ള കീഴ്‌പെടലിൽ ഉൾപ്പെട്ടിരിക്കുന്നു. ഭരണസംഘത്തിൽപ്പെട്ട ആത്മാഭിഷിക്തരുടെയും ബ്രാഞ്ചുകൾ, ഡിസ്‌ട്രിക്‌റ്റുകൾ, സർക്കിട്ടുകൾ, സഭകൾ എന്നിവിടങ്ങളിൽ അവർ നിയമിക്കുന്ന മേൽവിചാരകന്മാരുടെയും പദവികളെ നാം വിശുദ്ധമായി വീക്ഷിക്കേണ്ടതുണ്ട്‌. ഈ ക്രമീകരണത്തോടു നാം ആഴമായ ആദരവും കീഴ്‌പെടലും പ്രകടമാക്കണം.​—⁠എബ്രായർ 13:7, 17.

ഒരു വിശുദ്ധ ജനം

8, 9. (എ) ഏതു വിധത്തിലാണ്‌ ഇസ്രായേല്യർ ഒരു വിശുദ്ധ ജനമായിരുന്നത്‌? (ബി) വിശുദ്ധി സംബന്ധിച്ച തത്ത്വം യഹോവ ഇസ്രായേല്യരുടെ മനസ്സിൽ ഉൾനട്ടത്‌ എങ്ങനെ?

8 യഹോവ ഇസ്രായേൽ ജനതയുമായി ഒരു ഉടമ്പടി ചെയ്‌തു. അതോടെ ആ പുതിയ ജനതയ്‌ക്ക്‌ ഒരു പ്രത്യേക സ്ഥാനം കൈവന്നു. അവർ വിശുദ്ധീകരിക്കപ്പെട്ടവർ അഥവാ വേർതിരിക്കപ്പെട്ടവർ ആയിത്തീർന്നു. യഹോവതന്നെ അവരോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയായ ഞാൻ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങൾ എനിക്കുള്ളവരായിരിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ജാതികളിൽനിന്നു വേറുതിരിച്ചിരിക്കുന്നു.”​—⁠ലേവ്യപുസ്‌തകം 19:2; 20:26.

9 ഇസ്രായേൽ ജനത നിലവിൽവന്നപ്പോൾത്തന്നെ വിശുദ്ധി സംബന്ധിച്ച തത്ത്വം യഹോവ അവരുടെ മനസ്സിൽ ഉൾനട്ടു. പത്തു കൽപ്പനകൾ നൽകപ്പെട്ട സീനായ്‌ പർവതത്തെ സ്‌പർശിക്കുകപോലും ചെയ്‌താൽ അവർ മരിച്ചുപോകുമായിരുന്നു. ഒരർഥത്തിൽ ആ പർവതം അന്നു വിശുദ്ധമായി വീക്ഷിക്കപ്പെട്ടിരുന്നു. (പുറപ്പാടു 19:12, 23) പൗരോഹിത്യവും സമാഗമന കൂടാരവും അതിനുള്ളിലെ സാമഗ്രികളും വിശുദ്ധമായി കണക്കാക്കപ്പെട്ടിരുന്നു. (പുറപ്പാടു 30:26-30) ക്രിസ്‌തീയ സഭയുടെ കാര്യത്തിൽ എന്തു പറയാൻ കഴിയും?

10, 11. അഭിഷിക്തർ അംഗങ്ങളായിട്ടുള്ള ക്രിസ്‌തീയ സഭ വിശുദ്ധമാണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌, ‘വേറെ ആടുകളുടെമേൽ’ ഇതിന്‌ എന്തു ഫലമാണുള്ളത്‌?

10 അഭിഷിക്ത ക്രിസ്‌ത്യാനികളുടെ സഭ യഹോവയുടെ ദൃഷ്ടിയിൽ വിശുദ്ധമാണ്‌. (1 കൊരിന്ത്യർ 1:2) ഏതൊരു സമയത്തുമുള്ള, ഭൂമിയിലെ അഭിഷിക്തരുടെ മുഴുകൂട്ടവും ഒരു വിശുദ്ധ ആലയത്തോടാണ്‌ ഉപമിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ പക്ഷേ, യഹോവയുടെ വലിയ ആത്മീയ ആലയമല്ല. ആദ്യം പറഞ്ഞ ആലയത്തിൽ യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെ വാസംചെയ്യുന്നു. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “[യേശുക്രിസ്‌തുവിൽ] കെട്ടിടം മുഴുവനും യുക്തമായി ചേർന്നു യഹോവയ്‌ക്ക്‌ ഒരു വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും, ദൈവത്തിന്‌ ആത്മാവിൽ നിവസിക്കാനുള്ള ഒരു സ്ഥലമായി ഒന്നിച്ചു പണിതുവരുന്നു.”​—⁠എഫെസ്യർ 2:21, 22, NW; 1 പത്രൊസ്‌ 2:5, 9.

11 അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ കൂടുതലായി ഇങ്ങനെ എഴുതി: “നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ്‌ നിങ്ങളിൽ വസിക്കുന്നുവെന്നും നിങ്ങൾ അറിയുന്നില്ലേ? . . . ദൈവത്തിന്റെ അലയം പരിശുദ്ധമാണ്‌. ആ ആലയം നിങ്ങൾതന്നെ.” (1 കൊരിന്ത്യർ 3:16, 17, പി.ഒ.സി. ബൈബിൾ) തന്റെ ആത്മാവിലൂടെ യഹോവ അഭിഷിക്തരുടെ ഇടയിൽ “വസിക്കയും” “അവരുടെ ഇടയിൽ നടക്കയും” ചെയ്യുന്നു. (2 കൊരിന്ത്യർ 6:16) തുടർച്ചയായി അവൻ തന്റെ വിശ്വസ്‌ത അടിമയെ വഴിനടത്തുന്നു. (മത്തായി 24:45-47) “ആലയ”വർഗത്തോടു സഹവസിക്കാനുള്ള അവസരത്തെ “വേറെ ആടുകൾ” ഒരു പദവിയായി വീക്ഷിക്കുന്നു.​—⁠യോഹന്നാൻ 10:16; മത്തായി 25:37-40.

ക്രിസ്‌ത്യാനികളുടെ ജീവിതത്തിൽ വിശുദ്ധമായ കാര്യങ്ങൾ

12. നമ്മുടെ ജീവിതത്തിൽ ഏതെല്ലാം കാര്യങ്ങൾ വിശുദ്ധമാണ്‌, എന്തുകൊണ്ട്‌?

12 അഭിഷിക്തരുടെയും അവരുടെ സഹകാരികളുടെയും ജീവിതത്തോടു ബന്ധപ്പെട്ട പല കാര്യങ്ങളും വിശുദ്ധമായി വീക്ഷിക്കപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല. യഹോവയുമായുള്ള നമ്മുടെ ബന്ധം വിശുദ്ധമായ ഒന്നാണ്‌. (1 ദിനവൃത്താന്തം 28:9; സങ്കീർത്തനം 36:7) ആ ബന്ധം നമുക്ക്‌ അങ്ങേയറ്റം വിലയേറിയതായതിനാൽ അതു ദുർബലമാക്കാൻ നാം ആരെയും അല്ലെങ്കിൽ ഒന്നിനെയും അനുവദിക്കുകയില്ല. (2 ദിനവൃത്താന്തം 15:2; യാക്കോബ്‌ 4:7, 8) യഹോവയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ പ്രാർഥന അതിപ്രധാനമായ പങ്കുവഹിക്കുന്നു. ദാനീയേൽ പ്രവാചകനെ സംബന്ധിച്ചിടത്തോളം പ്രാർഥന അതിവിശുദ്ധമായ ഒന്നായിരുന്നു​—⁠ജീവൻ അപകടത്തിലായിരുന്ന സാഹചര്യത്തിൽപ്പോലും യഹോവയോടു പതിവായി പ്രാർഥിക്കുന്ന രീതി അവൻ വിശ്വസ്‌തമായി പിന്തുടർന്നു. (ദാനീയേൽ 6:7-11) അഭിഷിക്ത ക്രിസ്‌ത്യാനികളാകുന്ന “വിശുദ്ധന്മാരുടെ” പ്രാർഥന ആരാധനയോടുള്ള ബന്ധത്തിൽ ആലയത്തിൽ ഉപയോഗിച്ചിരുന്ന ധൂപവർഗത്തോട്‌ ഉപമിക്കപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 5:8; 8:3, 4; ലേവ്യപുസ്‌തകം 16:12, 13) ഈ ആലങ്കാരിക പ്രയോഗം പ്രാർഥനയുടെ വിശുദ്ധിക്ക്‌ അടിവരയിടുന്നു. അഖിലാണ്ഡ പരമാധികാരിയോട്‌ ആശയവിനിമയം ചെയ്യാനാകുന്നത്‌ എന്തൊരു പദവിയാണ്‌! അതുകൊണ്ടുതന്നെ, നാം പ്രാർഥനയെ വിശുദ്ധമായി കണക്കാക്കുന്നു.

13. വിശുദ്ധമായിരിക്കുന്ന ശക്തി ഏത്‌, അതു നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നാം എന്തു ചെയ്യണം?

13 അഭിഷിക്ത ക്രിസ്‌ത്യാനികളും അവരുടെ സഹകാരികളും തങ്ങളുടെ ജീവിതത്തിൽ വിശുദ്ധമായി കണക്കാക്കുന്ന ശക്തിയാണ്‌ പരിശുദ്ധാത്മാവ്‌. ദൈവത്തിന്റെ കർമനിരതമായ ശക്തിയാണ്‌ ആ ആത്മാവ്‌. എല്ലായ്‌പോഴും പരിശുദ്ധ ദൈവത്തിന്റെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനാൽ അതിനെ ഉചിതമായും “പരിശുദ്ധാത്മാവ്‌” അഥവാ “വിശുദ്ധിയുടെ ആത്മാവ്‌” എന്നു വിളിക്കുന്നു. (യോഹന്നാൻ 14:26; റോമർ 1:5) പരിശുദ്ധാത്മാവിലൂടെ യഹോവ തന്റെ ദാസർക്കു സുവാർത്ത പ്രസംഗിക്കാനുള്ള ശക്തി പ്രദാനം ചെയ്യുന്നു. (പ്രവൃത്തികൾ 1:8; 4:31) “തന്നെ [ഭരണാധികാരിയായി] അനുസരിക്കു”കയും ജഡത്തിന്റെ മോഹങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനു പകരം “ആത്മാവിനെ അനുസരിച്ചു” നടക്കുകയും ചെയ്യുന്നവർക്ക്‌ യഹോവ തന്റെ ആത്മാവിനെ കൊടുക്കുന്നു. (പ്രവൃത്തികൾ 5:32; ഗലാത്യർ 5:16, 25; റോമർ 8:5-8) പ്രബലമായ ഈ ശക്തി “ആത്മാവിന്റെ ഫല”മായ ഉത്‌കൃഷ്ട ഗുണങ്ങൾ പ്രകടമാക്കാനും “വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ” ആയിരിക്കാനും ക്രിസ്‌ത്യാനികളെ സഹായിക്കുന്നു. (ഗലാത്യർ 5:22, 23; 2 പത്രൊസ്‌ 3:12) പരിശുദ്ധാത്മാവിനെ നാം വിശുദ്ധമായി കണക്കാക്കുന്നുവെങ്കിൽ ആ ആത്മാവിനെ ദുഃഖിപ്പിച്ചേക്കാവുന്ന അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ അതിന്റെ പ്രവർത്തനത്തിനു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ഏതൊരു കാര്യവും നാം ഒഴിവാക്കും.​—⁠എഫെസ്യർ 4:30.

14. ഏതു പദവിയാണ്‌ അഭിഷിക്തർ വിശുദ്ധമായി കണക്കാക്കുന്നത്‌, വേറെ ആടുകൾ അതിൽ എന്തു പങ്കുവഹിക്കുന്നു?

14 നാം വിശുദ്ധമായി കരുതുന്ന മറ്റൊരു കാര്യമാണ്‌, പരിശുദ്ധ ദൈവമായ യഹോവയുടെ നാമം വഹിക്കനും അവന്റെ സാക്ഷികളായിരിക്കാനുമുള്ള പദവി. (യെശയ്യാവു 43:10-12, 15) ഒരു “പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ” യഹോവ യോഗ്യത കൽപ്പിച്ചിട്ടുള്ളവരാണ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾ. (2 കൊരിന്ത്യർ 3:5, 6) ആ നിലയ്‌ക്ക്‌ “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിക്കാനും സകല ജനതകളിലുംപെട്ടവരെ ശിഷ്യരാക്കാനും അവർ നിയമിക്കപ്പെട്ടിരിക്കുന്നു. (മത്തായി 24:14; 28:19, 20) അവർ വിശ്വസ്‌തമായി ആ നിയമനം നിർവഹിക്കുന്നു, ചെമ്മരിയാടു തുല്യരായ ദശലക്ഷക്കണക്കിന്‌ ആളുകൾ അതിനോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നു. ആലങ്കാരികമായി അവർ അഭിഷിക്തരോട്‌ ഇങ്ങനെ പറയുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (സെഖര്യാവു 8:23) സൗമ്യതയുള്ള അത്തരം വ്യക്തികൾ ഒരു ആത്മീയ അർഥത്തിൽ, “നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകന്മാർ” ആയ അഭിഷിക്തരുടെ “ഉഴവുകാരും മുന്തിരിത്തോട്ടക്കാരും” ആയി സന്തോഷപൂർവം സേവിക്കുന്നു. ആ വിധത്തിൽ, ആഗോളതലത്തിലുള്ള ശുശ്രൂഷ നിർവഹിക്കാൻ അഭിഷിക്തരെ വേറെ ആടുകൾ വലിയ അളവിൽ സഹായിക്കുന്നു.​—⁠യെശയ്യാവു 61:5, 6.

15. പൗലൊസ്‌ ഏതു പ്രവർത്തനത്തെ വിശുദ്ധമായി വീക്ഷിച്ചു, നമുക്ക്‌ അതേ വീക്ഷണം ഉള്ളത്‌ എന്തുകൊണ്ട്‌?

15 പരസ്യ ശുശ്രൂഷയെ വിശുദ്ധമായി വീക്ഷിച്ച ഒരുവനായിരുന്നു പൗലൊസ്‌ അപ്പൊസ്‌തലൻ. “ദൈവത്തിന്റെ [വിശുദ്ധമായ] സുവിശേഷഘോഷണ”ത്തിൽ ഏർപ്പെട്ടിരിക്കുന്ന താൻ “ജാതികളിൽ ക്രിസ്‌തുയേശുവിന്റെ [ഒരു] ശുശ്രൂഷകനാ”ണെന്ന്‌ അവൻ പറയുകയുണ്ടായി. (റോമർ 15:15) കൊരിന്തിലെ ക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ അവൻ തന്റെ ശുശ്രൂഷയെ ഒരു “നിക്ഷേപം” എന്നാണു വിളിച്ചത്‌. (2 കൊരിന്ത്യർ 4:1, 7) പരസ്യശുശ്രൂഷയിലൂടെ നാം ഇന്നു “ദൈവത്തിന്റെ അരുളപ്പാടു പ്രസ്‌താവിക്കുന്നു.” (1 പത്രൊസ്‌ 4:11) അതുകൊണ്ട്‌ അഭിഷിക്തരോ വേറെ ആടുകളോ ആയിരുന്നാലും നാമെല്ലാവരും സാക്ഷീകരണ വേലയിൽ ഏർപ്പെടുന്നതിനെ ഒരു വിശുദ്ധ പദവിയായി വീക്ഷിക്കുന്നു.

“ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക”

16. ‘വിശുദ്ധ കാര്യങ്ങളെ വിലമതിക്കാത്തവർ’ ആയിത്തീരുന്നത്‌ ഒഴിവാക്കാൻ എന്തു നമ്മെ സഹായിക്കും?

16 ‘വിശുദ്ധ കാര്യങ്ങളെ വിലമതിക്കാത്തവർ’ ആയിത്തീരരുതെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികളെ ഓർമിപ്പിച്ചു. മറിച്ച്‌ ‘ശുദ്ധീകരണം പ്രാപിക്കാനും’ “വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിന”പ്പെടാതിരിക്കാൻ കരുതിക്കൊള്ളാനും അവൻ അവരെ ബുദ്ധിയുപദേശിച്ചു. (എബ്രായർ 12:14-16) ‘കൈപ്പുള്ള വേര്‌’ എന്ന പ്രയോഗം സഭയിൽ കാര്യങ്ങൾ ചെയ്യപ്പെടുന്ന വിധത്തിൽ കുറ്റം കണ്ടുപിടിക്കുന്ന ചുരുക്കം ചില ക്രിസ്‌ത്യാനികളെയാണ്‌ അർഥമാക്കുന്നത്‌. ഉദാഹരണത്തിന്‌ വിവാഹത്തിന്റെ പവിത്രതയോ ധാർമിക ശുദ്ധി കാക്കേണ്ടതിന്റെ ആവശ്യമോ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണത്തോട്‌ അവർ വിയോജിപ്പു പ്രകടിപ്പിച്ചേക്കാം. (1 തെസ്സലൊനീക്യർ 4:3-7; എബ്രായർ 13:4) അല്ലെങ്കിൽ, “സത്യം വിട്ടു തെറ്റി” പോയിട്ടുള്ള വിശ്വാസത്യാഗികൾ പ്രചരിപ്പിക്കുന്ന “ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ” അവർ പിന്തുണച്ചേക്കാം.​—⁠2 തിമൊഥെയൊസ്‌ 2:16-18.

17. വിശുദ്ധി സംബന്ധിച്ച യഹോവയുടെ വീക്ഷണം തങ്ങൾക്കുണ്ടെന്നു പ്രകടിപ്പിക്കാൻ അഭിഷിക്ത ക്രിസ്‌ത്യാനികൾ നിരന്തരം ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 തന്റെ അഭിഷിക്ത സഹോദരങ്ങൾക്ക്‌ പൗലൊസ്‌ ഇങ്ങനെ എഴുതി: “പ്രിയമുള്ളവരേ, . . . നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) വിശുദ്ധി സംബന്ധിച്ച യഹോവയുടെ വീക്ഷണം ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രതിഫലിപ്പിക്കാൻ “സ്വർഗ്ഗീയവിളിക്കു ഓഹരിക്കാരാ”യിട്ടുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾ നിരന്തരം ശ്രമിക്കണമെന്ന്‌ ഈ പ്രസ്‌താവന പ്രകടമാക്കുന്നു. (എബ്രായർ 3:1) സമാനമായി തന്റെ ആത്മജാത സഹോദരന്മാർക്കു പത്രൊസ്‌ ഈ ഉദ്‌ബോധനം നൽകി: “പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.”​—⁠1 പത്രൊസ്‌ 1:14, 15.

18, 19. (എ) വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം തങ്ങൾക്കുണ്ടെന്ന്‌ “മഹാപുരുഷാര”ത്തിൽപ്പെട്ടവർ പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) ക്രിസ്‌ത്യാനികളുടെ ജീവിതത്തിലെ വിശുദ്ധമായ ഏതു സവിശേഷത അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും?

18 ‘മഹാകഷ്ടത്തെ’ അതിജീവിക്കുന്ന “മഹാപുരുഷാര”ത്തിൽപ്പെട്ടവരെ സംബന്ധിച്ചെന്ത്‌? വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം തങ്ങൾക്കുണ്ടെന്ന്‌ അവരും തെളിയിക്കേണ്ടതുണ്ട്‌. യഹോവയുടെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ അവർ അവനു “വിശുദ്ധ സേവനം” [NW] അനുഷ്‌ഠിക്കുന്നതായി വെളിപ്പാടു പുസ്‌തകം വർണിക്കുന്നു. അവർ ക്രിസ്‌തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു. ആലങ്കാരികമായി പറഞ്ഞാൽ, “കുഞ്ഞാടിന്റെ രക്തത്തിൽ [അവർ] തങ്ങളുടെ അങ്കി അലക്കി വെളുപ്പി”ച്ചിരിക്കുന്നു. (വെളിപ്പാടു 7:9, 14, 15) അത്‌ അവർക്കു യഹോവയുടെ മുമ്പാകെ ശുദ്ധമായ ഒരു നില നേടിക്കൊടുക്കുകയും “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി . . . [തങ്ങളെത്തന്നെ] വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചു”കൊള്ളാനുള്ള ഒരു കടപ്പാടിൻ കീഴിലാക്കുകയും ചെയ്യുന്നു.

19 യഹോവയെ ആരാധിക്കാനും അവന്റെ വചനം പഠിക്കാനും ക്രമമായി കൂടിവരുകയെന്നത്‌ അഭിഷിക്ത ക്രിസ്‌ത്യാനികളുടെയും അവരുടെ സഹകാരികളുടെയും ജീവിതത്തിന്റെ ഒരു സുപ്രധാന സവിശേഷതയാണ്‌. തന്റെ ജനത്തിന്റെ കൂടിവരവുകളെ യഹോവ വിശുദ്ധമായി കരുതുന്നു. ഈ സുപ്രധാന മേഖലയിൽ, വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം ഉള്ളവരായിരിക്കേണ്ടത്‌ എങ്ങനെ, എന്തുകൊണ്ട്‌ എന്ന്‌ അടുത്ത ലേഖനത്തിൽ നമുക്കു പരിചിന്തിക്കാം.

പുനരവലോകനം

• യഹോവയുടെ സാക്ഷികൾ ഏതു ലൗകിക വീക്ഷണം നിരാകരിക്കുന്നു?

• യഹോവ വിശുദ്ധമായ സകലതിന്റെയും ഉറവിടമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ക്രിസ്‌തുവിന്റെ വിശുദ്ധിയെ ആദരിക്കുന്നുവെന്ന്‌ നാം എങ്ങനെയാണു പ്രകടമാക്കുന്നത്‌?

• ജീവിതത്തിൽ ഏതെല്ലാം കാര്യങ്ങളെ നാം വിശുദ്ധമായി വീക്ഷിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

പുരാതന ഇസ്രായേലിൽ, പൗരോഹിത്യവും സമാഗമന കൂടാരവും അതിനുള്ളിലെ സാമഗ്രികളും വിശുദ്ധമായി വീക്ഷിക്കപ്പെട്ടിരുന്നു

[24-ാം പേജിലെ ചിത്രം]

ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾ ഒരു വിശുദ്ധ ആലയത്തോട്‌ ഉപമിക്കപ്പെട്ടിരിക്കുന്നു

[25-ാം പേജിലെ ചിത്രങ്ങൾ]

പ്രാർഥനയും പരസ്യശുശ്രൂഷയും വിശുദ്ധ പദവികളാണ്‌