വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്റ്റോഫ്‌ പ്ലാന്റൻ—ബൈബിൾ അച്ചടിരംഗത്തെ ഒരു അതികായൻ

ക്രിസ്റ്റോഫ്‌ പ്ലാന്റൻ—ബൈബിൾ അച്ചടിരംഗത്തെ ഒരു അതികായൻ

ക്രിസ്റ്റോഫ്‌ പ്ലാന്റൻ—ബൈബിൾ അച്ചടിരംഗത്തെ ഒരു അതികായൻ

ആവശ്യാനുസരണം പെറുക്കിവെക്കാവുന്ന അച്ചുകൾ ഉപയോഗിച്ച്‌ ആദ്യമായി ബൈബിൾ നിർമിച്ചു പ്രശസ്‌തനായ വ്യക്തിയാണു യോഹാനസ്‌ ഗുട്ടൻബർഗ്‌ (ഏകദേശം 1397-1468). എന്നാൽ ക്രിസ്റ്റോഫ്‌ പ്ലാന്റനെക്കുറിച്ച്‌ അധികമാരും കേട്ടിട്ടേയില്ല. അച്ചടിരംഗത്തെ ഒരു മാർഗദർശിയായിരുന്നു അദ്ദേഹം. 1,500-കളിൽ പുസ്‌തകങ്ങളും ബൈബിളുകളും ലോകവ്യാപകമായി ആളുകൾക്കു ലഭ്യമാക്കുന്നതിൽ അദ്ദേഹം ഒരു മുഖ്യ പങ്കുവഹിച്ചു.

ഫ്രാൻസിലെ സെൻ ആവെർട്ടെനിൽ 1520-നോട്‌ അടുത്താണ്‌ ക്രിസ്റ്റോഫ്‌ പ്ലാന്റൻ ജനിച്ചത്‌. എന്നാൽ തന്റെ ഇരുപതുകളുടെ ഒടുവിൽ, ഫ്രാൻസിനെ അപേക്ഷിച്ച്‌ മതസഹിഷ്‌ണതയുള്ളതും സാമ്പത്തിക പുരോഗതിക്ക്‌ അനുയോജ്യവുമായ ലോ കൺട്രീസിലെ ആന്റ്‌വെർപ്പ്‌ എന്ന സ്ഥലത്തേക്ക്‌ പ്ലാന്റൻ താമസം മാറ്റി. *

ഒരു ബുക്ക്‌ ബൈൻഡറും തുകൽ സാധനങ്ങളുടെ നിർമാതാവുമായിട്ടാണ്‌ പ്ലാന്റൻ തന്റെ തൊഴിൽജീവിതം ആരംഭിക്കുന്നത്‌. അദ്ദേഹത്തിന്റെ അലങ്കാരങ്ങൾ നിറഞ്ഞ തുകലുത്‌പന്നങ്ങൾ സമ്പന്നർക്ക്‌ പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ 1555-ൽ ഉണ്ടായ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ലോ കൺട്രീസിന്റെ ഭരണാധികാരിയായിരുന്ന സ്‌പെയിനിലെ ഫിലിപ്പ്‌ രണ്ടാമൻ രാജാവിനുവേണ്ടി ഉണ്ടാക്കിയ ഒരു തുകൽ പെട്ടി കൊടുക്കാൻ പോകുമ്പോൾ ആന്റ്‌വെർപ്പിലെ ഒരു തെരുവിൽ വെച്ച്‌ അദ്ദേഹം ആക്രമിക്കപ്പെട്ടു. കുറെ മദ്യപന്മാർ വാളുകൊണ്ട്‌ അദ്ദേഹത്തിന്റെ തോളിൽ ഗുരുതരമായി പരുക്കേൽപ്പിക്കുകയായിരുന്നു. ആ പരുക്കിൽനിന്ന്‌ സുഖംപ്രാപിച്ചെങ്കിലും അദ്ദേഹത്തിന്‌ കായികാധ്വാനം ബുദ്ധിമുട്ടായിത്തീർന്നു. തന്മൂലം തൊഴിൽ ഉപേക്ഷിക്കേണ്ടിയും വന്നു. തുടർന്ന്‌ ഒരു അനബാപ്‌റ്റിസ്റ്റ്‌ (ജ്ഞാനസ്‌നാന ഭേദഗതിവാദികൾ) ഗ്രൂപ്പിന്റെ നേതാവായിരുന്ന ഹെൻഡ്രിക്ക്‌ നിക്ക്‌ലാസിന്റെ സാമ്പത്തിക പിന്തുണയോടുകൂടി പ്ലാന്റൻ അച്ചടി രംഗത്തേക്കു കടന്നു.

“പരിശ്രമവും സ്ഥിരോത്സാഹവും”

പ്ലാന്റൻ തന്റെ അച്ചടിശാലയ്‌ക്ക്‌ ദ ഖുൽദൻ പാസർ (ദ ഗോൾഡൻ കോമ്പസ്‌) എന്നാണു പേരിട്ടത്‌. ഒരു ജോഡി സ്വർണ കോമ്പസുകളും “പരിശ്രമവും സ്ഥിരോത്സാഹവും” എന്നർഥം വരുന്ന “ലാബോറെ എറ്റ്‌ കോൺസ്റ്റാൻറ്റിയാ” എന്ന ആലേഖനവും ചേർന്നതായിരുന്നു അദ്ദേഹത്തിന്റെ ട്രേഡ്‌മാർക്ക്‌. കഠിനാധ്വാനിയായ ഈ മനുഷ്യനു നന്നായി ഇണങ്ങുന്ന ട്രേഡ്‌മാർക്കായിരുന്നു അത്‌.

യൂറോപ്പിലെ മതപരവും രാഷ്‌ട്രീയവുമായ ഒരു പ്രക്ഷുബ്ധകാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്ലാന്റൻ കുഴപ്പങ്ങളിലൊന്നും ചെന്നുപെടാതിരിക്കാൻ ശ്രദ്ധിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അച്ചടിജോലിയായിരുന്നു മറ്റെന്തിനെക്കാളും മുഖ്യം. പ്രൊട്ടസ്റ്റന്റ്‌ മതനവീകരണത്തോട്‌ അദ്ദേഹം അനുഭാവം പുലർത്തിയിരുന്നെങ്കിലും “മതപരമായ കാര്യങ്ങളിൽ വ്യക്തമായ ഒരു നിലപാട്‌ എടുത്തിരുന്നില്ല” എന്നാണ്‌ എഴുത്തുകാരനായ മൗറിറ്റ്‌സ്‌ സാബ പറയുന്നത്‌. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‌ മതവിരുദ്ധ പുസ്‌തകങ്ങൾ അച്ചടിക്കുന്നു എന്ന അപഖ്യാതി കേൾക്കേണ്ടിവന്നു. ഒടുവിൽ 1562-ൽ പാരീസിലേക്ക്‌ ഓടിപ്പോകാൻ അദ്ദേഹം നിർബന്ധിതനായി, ഒരു വർഷത്തിലേറെ അവിടെ താമസിക്കേണ്ടിയുംവന്നു.

1563-ൽ ആന്റ്‌വെർപ്പിൽ മടങ്ങിയെത്തിയ പ്ലാന്റൻ ധനികരായ കച്ചവടക്കാരുമായി പങ്കുചേർന്ന്‌ അച്ചടി പുനരാരംഭിച്ചു​—⁠ഇവരിൽ പലരും കാൽവിനിസം പിന്തുടരുന്നവരായിരുന്നു. ഈ പങ്കാളിത്തം അഞ്ചുവർഷം നീണ്ടുനിന്നു. ഈ കാലയളവുകൊണ്ട്‌ പ്ലാന്റന്റെ അച്ചടിശാലയിൽനിന്ന്‌ 260 കൃതികൾ പുറത്തുവന്നു. എബ്രായ, ഗ്രീക്ക്‌, ലാറ്റിൻ ഭാഷകളിലുള്ള ബൈബിളുകൾ, മനോഹരമായ വർണാലങ്കാരങ്ങളുള്ള ഡച്ച്‌ കാത്തലിക്ക്‌ ലുവാൻ ബൈബിൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

‘അച്ചടിരംഗത്തെ ഏറ്റവും മഹത്തായ നേട്ടം’

ലോ കൺട്രീസിൽ സ്‌പാനിഷ്‌ ഭരണത്തിനെതിരെയുള്ള എതിർപ്പ്‌ വർധിച്ചുവന്നപ്പോൾ, 1567-ൽ സ്‌പെയിനിലെ ഫിലിപ്പ്‌ രണ്ടാമൻ രാജാവ്‌ ആൽബയിലെ പ്രഭുവിനെ ഗവർണറായി അവിടെ നിയമിച്ചു. രാജാവിൽനിന്നു ലഭിച്ച സമ്പൂർണ അധികാരം ഉപയോഗിച്ച്‌ പ്രൊട്ടസ്റ്റന്റുകാരുടെ വളർന്നുവരുന്ന പ്രതിഷേധം അടിച്ചമർത്താൻ പ്രഭു യത്‌നിച്ചു. സാഹചര്യം പന്തിയല്ലെന്നു മനസ്സിലാക്കിയ പ്ലാന്റൻ, താൻ ഒരു മതനിഷേധിയാണെന്ന ആളുകളുടെ സംശയം തുടച്ചുനീക്കാനായി ഒരു ബൃഹത്‌പദ്ധതിക്കു തുടക്കമിട്ടു. പണ്ഡിതോചിതമായ ഒരു ബൈബിൾപ്പതിപ്പ്‌ അതിന്റെ മൂലഭാഷകളിൽ അച്ചടിക്കാൻ അദ്ദേഹം അത്യധികം ആഗ്രഹിച്ചു. ഈ പുതിയ പതിപ്പിന്‌ ഫിലിപ്പ്‌ രണ്ടാമൻ രാജാവിന്റെ പിന്തുണ നേടുന്നതിൽ പ്ലാന്റൻ വിജയിച്ചു. രാജാവ്‌ ഈ പദ്ധതിക്ക്‌ സാമ്പത്തിക സഹായം വാഗ്‌ദാനം ചെയ്‌തു. പ്രശസ്‌ത മാനവികതാവാദിയായ ആര്യാസ്‌ മോൺറ്റാനോയെ ഈ പദ്ധതിയുടെ ഒരു മേൽനോട്ടക്കാരനായി അയയ്‌ക്കുകയും ചെയ്‌തു.

ഭാഷാപ്രവീണനായിരുന്ന മോൺറ്റാനോ, ദിവസവും 11 മണിക്കൂർ ജോലി ചെയ്‌തു. സ്‌പാനിഷ്‌, ബെൽജിയൻ, ഫ്രഞ്ച്‌ ഭാഷാപണ്ഡിതന്മാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരുന്നു. വിഖ്യാതമായ കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ടിന്റെ ഒരു പുതിയ വേർഷൻ ഇറക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. * ലാറ്റിൻ വൾഗേറ്റ്‌, ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌, മൂല എബ്രായ പാഠം എന്നിവയോടൊപ്പം അക്ഷരാർഥത്തിലുള്ള ലാറ്റിൻ പരിഭാഷയോടെ അരമായ റ്റാർഗുമും സുറിയാനി പ്‌ശീത്തായും പ്ലാന്റന്റെ പുതിയ പോളിഗ്ലൊട്ട്‌ ബൈബിളിൽ ഉൾപ്പെടുത്തിയിരുന്നു.

1568-ൽ അച്ചടി ആരംഭിച്ചു. 1573-ലാണ്‌ ആ ബൃഹത്‌സംരംഭം പൂർത്തിയായത്‌. അന്നാളിലെ കണക്കുവെച്ചു നോക്കിയാൽ വളരെ വേഗത്തിൽത്തീർന്ന ഒരു ജോലിയാണത്‌. “റോമിൽ ഒരു വർഷംകൊണ്ടു ചെയ്യുന്നതിനെക്കാൾ കൂടുതൽ ഇവിടെ ഒരു മാസംകൊണ്ടു ചെയ്യുന്നുണ്ട്‌” എന്നാണ്‌ ഫിലിപ്പ്‌ രണ്ടാമൻ രാജാവിനുള്ള കത്തിൽ മോൺറ്റാനോ ഒരിക്കൽ എഴുതിയത്‌. പുതിയ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ 1213 പ്രതികൾ​—⁠എട്ട്‌ വലിയ വാല്യങ്ങളുടെ ഒരു സെറ്റാണ്‌ ഒരു പ്രതി​—⁠പ്ലാന്റൻ അച്ചടിച്ചു. അതിന്റെ ശീർഷക പേജിൽ യെശയ്യാവു 65:​25-നെ അടിസ്ഥാനമാക്കി, സിംഹവും കാളയും ചെന്നായും ആട്ടിൻകുട്ടിയും ഒരു പാത്രത്തിൽനിന്ന്‌ സമാധാനത്തോടെ ആഹാരം കഴിക്കുന്നതു ചിത്രീകരിച്ചിരുന്നു. 70 ഗിൽഡറായിരുന്നു ബയൻഡു ചെയ്യാത്ത ഒരു സെറ്റിന്റെ വില. ഇതൊരു വലിയ തുകയാണ്‌, കാരണം ഒരു ശരാശരി കുടുംബത്തിന്റെ അന്നത്തെ വാർഷിക വരുമാനം ഏകദേശം 50 ഗിൽഡറായിരുന്നു. പിന്നീട്‌ ഇത്‌ ആന്റ്‌വെർപ്പ്‌ പോളിഗ്ലൊട്ട്‌ എന്നറിയപ്പെട്ടു. സാമ്പത്തിക പിന്തുണയും മറ്റും നൽകിയത്‌ ഫിലിപ്പ്‌ രണ്ടാമൻ രാജാവ്‌ ആയതിനാൽ ഇത്‌ ബിബ്ലിയാ റേഗിയാ (റോയൽ ബൈബിൾ) എന്ന പേരിലും അറിയപ്പെട്ടു.

ഈ ബൈബിളിന്‌ ഗ്രിഗറി പതിമൂന്നാമൻ പാപ്പായുടെ അംഗീകാരം ഉണ്ടായിരുന്നെങ്കിലും, ആര്യാസ്‌ മോൺറ്റാനോ രൂക്ഷവിമർശനത്തിനു വിധേയനായി. അതിനൊരു കാരണം, മൂല എബ്രായപാഠത്തെ ലാറ്റിൻ വൾഗേറ്റിനെക്കാളും ശ്രേഷ്‌ഠതയുള്ളതായി മോൺറ്റാനോ പരിഗണിച്ചു എന്നതാണ്‌. ലാറ്റിൻ വൾഗേറ്റായിരിക്കണം ആത്യന്തിക പ്രമാണമെന്നു വിശ്വസിച്ചിരുന്ന ലേയോൺ ദേ കാസ്‌ട്രോ എന്ന സ്‌പാനിഷ്‌ ദൈവശാസ്‌ത്രജ്ഞനായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ എതിരാളി. ത്രിത്വവിരുദ്ധ തത്ത്വശാസ്‌ത്രംകൊണ്ട്‌ പാഠം ദുഷിപ്പിച്ചുവെന്ന്‌ ദേ കാസ്‌ട്രോ മോൺറ്റാനോയെ കുറ്റപ്പെടുത്തി. ഉദാഹരണത്തിന്‌, സുറിയാനി പ്‌ശീത്താ, 1 യോഹന്നാൻ 5:​7-ൽനിന്ന്‌ “സ്വർഗത്തിൽ മൂന്നുപേരുണ്ട്‌: പിതാവ്‌, വചനം, പരിശുദ്ധാത്മാവ്‌. ഈ മൂവരും ഒന്നുതന്നെ” (കിങ്‌ ജയിംസ്‌ വേർഷൻ) എന്ന വ്യാജ കൂട്ടിച്ചേർക്കൽ ഒഴിവാക്കിയതായി ദേ കാസ്‌ട്രോ പ്രത്യേകം ചൂണ്ടിക്കാണിച്ചു. എന്നാൽ സ്‌പാനിഷ്‌ മതവിചാരണക്കോടതി അദ്ദേഹത്തെ എല്ലാ മതനിഷേധ കുറ്റാരോപണങ്ങളിൽനിന്നും വിമുക്തനാക്കി. “16-ാം നൂറ്റാണ്ടിൽ, അച്ചടിരംഗത്ത്‌ ഒരാൾ ഒറ്റയ്‌ക്കു കൈവരിച്ച ഏറ്റവും മഹത്തായ നേട്ട”മാണ്‌ ആന്റ്‌വെർപ്പ്‌ പോളിഗ്ലൊട്ട്‌ എന്നു ചിലർ കരുതുന്നു.

ഈടുറ്റ സംഭാവന

അന്നത്തെ മിക്ക അച്ചടിശാലക്കാർക്കും രണ്ടോ മൂന്നോ അച്ചടിയന്ത്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഉത്‌പാദനത്തിന്റെ ഉച്ചസ്ഥായിയിൽ പ്ലാന്റന്‌ ചുരുങ്ങിയത്‌ 22 അച്ചടിയന്ത്രങ്ങളും 160 ജോലിക്കാരും ഉണ്ടായിരുന്നിരിക്കണം. സ്‌പാനിഷ്‌ സംസാരിക്കുന്ന ദേശങ്ങളിലൊക്കെ അദ്ദേഹം പ്രശസ്‌തനായി.

എന്നാൽ ലോ കൺട്രീസിൽ സ്‌പാനിഷ്‌ ഭരണത്തിനെതിരെയുള്ള എതിർപ്പ്‌ കൂടിവരികയായിരുന്നു. ആന്റ്‌വെർപ്പും പ്രശ്‌നങ്ങൾക്കു മധ്യേയായി. 1576-ൽ, ശമ്പളം ലഭിക്കാതിരുന്ന സ്‌പാനിഷ്‌ കൂലിപ്പട്ടാളം കലാപമുയർത്തുകയും നഗരം കൊള്ളയടിക്കുകയും ചെയ്‌തു. 600-ലധികം വീടുകൾക്കു തീവെച്ചു, ആയിരങ്ങൾ കൊല്ലപ്പെട്ടു. വ്യാപാരികൾ ആന്റ്‌വെർപ്പ്‌ നഗരത്തിൽനിന്നു പലായനം ചെയ്‌തു. ഇത്‌ പ്ലാന്റന്‌ വലിയ സാമ്പത്തിക നഷ്ടം വരുത്തിവെച്ചു. ഇതിനെല്ലാം ഉപരിയായി കൂലിപ്പട്ടാളത്തിന്‌ ആന്റ്‌വെർപ്പിലെ മറ്റു നിവാസികൾ കൊടുക്കേണ്ടിയിരുന്ന കപ്പത്തിന്റെ ഏതാണ്ട്‌ ഒമ്പതു മടങ്ങ്‌ പണം കൊടുക്കാൻ പ്ലാന്റൻ നിർബന്ധിതനായിത്തീർന്നു.

1583-ൽ, ആന്റ്‌വെർപ്പിൽനിന്നു ഏകദേശം 100 കിലോമീറ്റർ വടക്കുള്ള ലൈഡൻ നഗരത്തിലേക്ക്‌ പ്ലാന്റൻ താമസം മാറ്റി. അവിടെ അദ്ദേഹം ഒരു അച്ചടിശാല നിർമിച്ച്‌, കാൽവിനിസ്റ്റ്‌ പ്രൊട്ടസ്റ്റന്റുകാർ സ്ഥാപിച്ച ലൈഡൻ സർവകലാശാലയുടെ അച്ചടിജോലികൾ ഏറ്റെടുത്തു നടത്തി. അദ്ദേഹം മതനിഷേധിയാണ്‌, അതായത്‌ കത്തോലിക്കാ സഭയോട്‌ അവിശ്വസ്‌തനാണ്‌ എന്ന ആ പഴയ ആരോപണം വീണ്ടും തലപൊക്കി. അതുകൊണ്ട്‌ 1585-ന്റെ ഒടുവിൽ, ആന്റ്‌വെർപ്പ്‌ സ്‌പാനിഷ്‌ ഭരണത്തിൻകീഴിലേക്ക്‌ മടങ്ങിവന്ന്‌ അധികം താമസിയാതെ, പ്ലാന്റൻ അവിടെ തിരിച്ചെത്തി. തന്റെ 60-കളിലായിരുന്ന പ്ലാന്റൻ തിരിച്ചെത്തിയപ്പോഴേക്കും ദ ഗോൾഡൻ കോമ്പസ്‌ എന്ന അച്ചടിശാല പഴയ പ്രതാപമെല്ലാം നഷ്ടപ്പെട്ട്‌ ഒരു അച്ചടിയന്ത്രവും നാലു ജോലിക്കാരും എന്ന നിലയിലെത്തിയിരുന്നു. അതിന്റെ പോയകാല പ്രതാപം തിരിച്ചെടുക്കാൻ പ്ലാന്റൻ ശ്രമം ആരംഭിച്ചു. എന്നാൽ അതൊരിക്കലും അതിന്റെ പൂർവാവസ്ഥയിൽ എത്തിയില്ല, 1589 ജൂലൈ 1-നു പ്ലാന്റൻ മരിക്കുകയും ചെയ്‌തു.

34-വർഷ കാലയളവിൽ ക്രിസ്റ്റോഫ്‌ പ്ലാന്റൻ 1,863 വ്യത്യസ്‌ത പുസ്‌തക പതിപ്പുകൾ അച്ചടിച്ചു, അതായത്‌ ഓരോ വർഷവും ശരാശരി 55-ഓളം പുസ്‌തകങ്ങൾ. ഇന്നുപോലും, ഒറ്റയൊരു അച്ചടിക്കാരൻ ഇത്രയും പുസ്‌തകങ്ങൾ അച്ചടിക്കുകയെന്നു വെച്ചാൽ അതൊരു വലിയ നേട്ടമാണ്‌. പ്ലാന്റൻ മതപരമായ കാര്യങ്ങളിൽ വ്യക്തമായ ഒരു നിലപാട്‌ എടുത്തിട്ടില്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രവർത്തനം അച്ചടിമേഖലയെ ഉന്നമിപ്പിക്കുക മാത്രമല്ല നിശ്വസ്‌ത തിരുവെഴുത്തുകളുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. (2 തിമൊഥെയൊസ്‌ 3:16) തീർച്ചയായും, പ്ലാന്റനും അദ്ദേഹത്തിന്റെ സമകാലിക അച്ചടിക്കാരും ബൈബിൾ സാധാരണക്കാരുടെ കരങ്ങളിൽ എത്തിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഇന്നത്തെ ബെൽജിയം, നെതർലൻഡ്‌സ്‌, ലക്‌സംബർഗ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട, ജർമനിക്കും ഫ്രാൻസിനുമിടയിലുള്ള തീരപ്രദേശത്തെയാണ്‌ “ലോ കൺട്രീസ്‌” എന്നു വിളിക്കുന്നത്‌.

^ ഖ. 11 എബ്രായ, ഗ്രീക്ക്‌, ലത്തീൻ ഭാഷകളിൽ പാഠങ്ങളുള്ള ഈ ബഹുഭാഷാ ബൈബിൾ 1517-ലാണു പ്രസിദ്ധീകരിച്ചത്‌. ചില ഭാഗങ്ങൾ അരമായ ഭാഷയിലും എഴുതിയിട്ടുണ്ട്‌. 2004 ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരത്തിലെ 28 മുതൽ 31 വരെ പേജുകളിലെ “കോംപ്ലൂട്ടെൻസിയാൻ പോളിഗ്ലൊട്ട്‌​—⁠ഒരു ചരിത്രപ്രധാന ഭാഷാന്തര സഹായി” എന്ന ലേഖനം കാണുക.

[15-ാം പേജിലെ ചതുരം/ചിത്രം]

പ്ലാന്റൻ-മോറേറ്റുസ്‌ മ്യൂസിയം

പ്ലാന്റനും അദ്ദേഹത്തിന്റെ പിൻഗാമികളും താമസിച്ചു ജോലിചെയ്‌തിരുന്ന ആന്റ്‌വെർപ്പ്‌ നഗരത്തിലെ കെട്ടിടം, 1877-ൽ ഒരു മ്യൂസിയമാക്കി പൊതുജനത്തിനു തുറന്നു കൊടുത്തു. ആ കാലഘട്ടത്തിൽനിന്നുള്ള, കേടുപാടുകളൊന്നുമില്ലാത്ത, ഒരേയൊരു അച്ചടിശാലയാണ്‌ അത്‌. 17-ഉം 18-ഉം നൂറ്റാണ്ടുകളിലെ അഞ്ച്‌ അച്ചടിയന്ത്രങ്ങൾ പ്രദർശനത്തിനു വച്ചിട്ടുണ്ട്‌. ലോകത്തിലെതന്നെ ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്നതാണ്‌ മറ്റു രണ്ടെണ്ണം​—⁠ഏകദേശം, പ്ലാന്റന്റെ കാലത്തുനിന്നുള്ളത്‌. അക്ഷരം വാർക്കുന്നതിനുള്ള ഏതാണ്ട്‌ 15,000 ലോഹത്തകിടുകൾ, 15,000 തടിക്കട്ടകൾ, ചിത്രങ്ങളും മറ്റും കൊത്തിയ 3,000 ചെമ്പു തകിടുകൾ എന്നിവയെല്ലാം മ്യൂസിയത്തിലുണ്ട്‌. മ്യൂസിയം ലൈബ്രറിയിൽ, 9-ാം നൂറ്റാണ്ടു മുതൽ 16-ാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ ഉത്‌പാദിപ്പിക്കപ്പെട്ട 638 കൈയെഴുത്തുപ്രതികളും, 1501-നു മുമ്പ്‌ അച്ചടിച്ച 154 പുസ്‌തകങ്ങളുമുണ്ട്‌. ഇവിടെ 1461-നു മുമ്പുള്ള, ഗുട്ടൻബർഗ്‌ ബൈബിളിന്റെ അസ്സലും, പ്ലാന്റന്റെ വിഖ്യാതമായ ആന്റ്‌വെർപ്പ്‌ പോളിഗ്ലൊട്ട്‌ ബൈബിളിന്റെ ഒരു കോപ്പിയും ഉണ്ട്‌.

[15-ാം പേജിലെ ചിത്രം]

ആര്യാസ്‌ മോൺറ്റാനോ

[16-ാം പേജിലെ ചിത്രം]

ആന്റ്‌വെർപ്പ്‌ പോളിഗ്ലൊട്ടിൽ, എബ്രായ പാഠം, ലാറ്റിൻ “വൾഗേറ്റ്‌”, ഗ്രീക്ക്‌ “സെപ്‌റ്റുവജിന്റ്‌” എന്നിവയോടൊപ്പം അക്ഷരാർഥത്തിലുള്ള ലാറ്റിൻ പരിഭാഷയോടെ അരമായ റ്റാർഗുമും സുറിയാനി “പ്‌ശീത്താ”യും ഉൾപ്പെടുത്തിയിരിക്കുന്നു

[കടപ്പാട്‌]

By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen

[15-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

രണ്ടു ചിത്രങ്ങളും: By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen