വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ധൈര്യ”ത്തോടെ സമഗ്രസാക്ഷ്യം നൽകുന്നു

“ധൈര്യ”ത്തോടെ സമഗ്രസാക്ഷ്യം നൽകുന്നു

“മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു”

“ധൈര്യ”ത്തോടെ സമഗ്രസാക്ഷ്യം നൽകുന്നു

അനുസരണമുള്ള ഒരു ദൈവദാസനെ വകവരുത്താൻ വിറപൂണ്ടു നിൽക്കുന്ന ജനക്കൂട്ടം. ആ നിർണായകസമയത്ത്‌ അവിടെയെത്തുന്ന റോമൻ പടയാളികൾ അയാളെ അക്രമികളിൽനിന്ന്‌ തട്ടിയെടുത്ത്‌ ബന്ധിയാക്കുന്നു. ഇത്‌ അടുത്ത അഞ്ചു വർഷം നീളുന്ന ഒരു സംഭവപരമ്പരയ്‌ക്കു തുടക്കം കുറിക്കുന്നു. റോമാക്കാരായ നിരവധി ഉന്നത ഉദ്യോഗസ്ഥന്മാർക്ക്‌ യേശുക്രിസ്‌തുവിനെക്കുറിച്ചു കേൾക്കാനുള്ള അവസരം ഇതു പ്രദാനം ചെയ്യുന്നു.

അപ്പൊസ്‌തലനായ പൗലൊസാണ്‌ പീഡനം നേരിടുന്ന ആ വ്യക്തി. പൗലൊസ്‌ (ശൗൽ) “രാജാക്കന്മാ”രുടെ മുമ്പാകെ തന്റെ നാമം വഹിക്കുമെന്ന്‌ ഏകദേശം പൊ.യു. (പൊതുയുഗം) 34-ൽ യേശു വെളിപ്പെടുത്തിയിരുന്നു. (പ്രവൃത്തികൾ 9:15) പൊ.യു. 56 വരെ അത്‌ സംഭവിച്ചിരുന്നില്ല. എന്നാൽ അപ്പൊസ്‌തലൻ തന്റെ മൂന്നാം മിഷനറി പര്യടനത്തിന്റെ അവസാനത്തോട്‌ അടുക്കുമ്പോൾ കാറ്റ്‌ മാറിവീശാൻ തുടങ്ങുന്നു.

ആക്രമിക്കപ്പെട്ടെങ്കിലും അടിപതറാതെ

പൗലൊസ്‌ യെരൂശലേമിലേക്കുള്ള തന്റെ യാത്ര തുടരവേ, അവന്‌ അവിടെ കൊടിയ പീഡനം നേരിടേണ്ടിവരുമെന്ന്‌ ചില ക്രിസ്‌ത്യാനികൾ “ആത്മാവിനാൽ” മുന്നറിയിപ്പു നൽകുന്നു. ധൈര്യസമേതം പൗലൊസ്‌ അവരോടു പറയുന്നു: “കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു.” (പ്രവൃത്തികൾ 21:4-14) പൗലൊസ്‌ യെരൂശലേമിലെ ആലയത്തിൽ എത്തുമ്പോൾ, ഏഷ്യയിൽവെച്ച്‌ സുവിശേഷവേലയിൽ അവന്‌ ഉണ്ടായ വിജയത്തെക്കുറിച്ച്‌ അറിയാവുന്ന, അവിടെനിന്നുള്ള യഹൂദന്മാർ അവനെ കൊല്ലാനായി ജനക്കൂട്ടത്തെ ഇളക്കിവിടുന്നു. ഉടൻതന്നെ റോമൻ പടയാളികൾ അവന്റെ രക്ഷയ്‌ക്ക്‌ എത്തുന്നു. (പ്രവൃത്തികൾ 21:27-32) തന്മൂലം, ക്രിസ്‌തുവിനെക്കുറിച്ചുള്ള സത്യം അറിയിക്കാനുള്ള അനുപമമായ അവസരങ്ങൾ​—⁠കോപാക്രാന്തരായ ഒരുകൂട്ടം ആളുകളോടും ഉന്നത ഉദ്യോഗസ്ഥന്മാരോടും​—⁠പൗലൊസിന്‌ ലഭിക്കുന്നു.

ഉന്നതരോടു സാക്ഷീകരിക്കാനുള്ള അനുപമ അവസരം

പടയാളികൾ ജനക്കൂട്ടത്തിന്റെ കൈകളിൽനിന്ന്‌ പൗലൊസിനെ രക്ഷിച്ച്‌ ആന്റോണിയാ ഗോപുരം എന്നറിയപ്പെടുന്ന കോട്ടയിലേക്കു കൊണ്ടുപോകുന്നു. * ആ കോട്ടയുടെ പടിക്കെട്ടിൽനിന്നുകൊണ്ട്‌ അപ്പൊസ്‌തലൻ മതതീക്ഷ്‌ണരായ ജനക്കൂട്ടത്തിന്‌ ശക്തമായ സാക്ഷ്യം നൽകുന്നു. (പ്രവൃത്തികൾ 21:33–22:21) എന്നാൽ വിജാതീയരോട്‌ പ്രസംഗിക്കാനുള്ള നിയോഗത്തെക്കുറിച്ച്‌ അവൻ പരാമർശിക്കുന്ന ഉടനെ ജനം വീണ്ടും അക്രമാസക്തരാകുന്നു. യഹൂദന്മാർ പൗലൊസിന്റെമേൽ കുറ്റം ആരോപിക്കുന്നതിന്റെ കാരണം പറയിപ്പിക്കാനായി അവനെ ചാട്ടവാറുകൊണ്ട്‌ അടിക്കാൻ സൈനിക ഉദ്യോഗസ്ഥനായ ലുസിയാസ്‌ ഉത്തരവിടുന്നു. എന്നാൽ, പൗലൊസ്‌ തന്റെ റോമാപൗരത്വം വെളിപ്പെടുത്തുന്നതോടെ ചാട്ടവാറടി വേണ്ടെന്നുവെക്കുന്നു. പിറ്റേന്ന്‌, യഹൂദന്മാർ അവനെതിരെ കുറ്റാരോപണം നടത്തുന്നതിന്റെ കാരണം കണ്ടുപിടിക്കാനായി ലുസിയാസ്‌ അവനെ ന്യായാധിപസംഘത്തിന്റെ മുമ്പാകെ ഹാജരാക്കുന്നു.​—⁠പ്രവൃത്തികൾ 22:22-30.

ഇപ്പോൾ ഈ പരമോന്നത നീതിപീഠത്തിൻ മുമ്പാകെ നിൽക്കുന്ന പൗലൊസിന്‌ സഹയഹൂദന്മാരോടു സാക്ഷീകരിക്കാനുള്ള മറ്റൊരു അവസരംകൂടി ലഭിക്കുന്നു. നിർഭയനായ ഈ സുവിശേഷകൻ പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം തുറന്നു പ്രഖ്യാപിക്കുന്നു. (പ്രവൃത്തികൾ 23:1-8) എങ്കിലും യഹൂദന്മാരുടെ ഹിംസാത്മകവിദ്വേഷത്തിന്‌ യാതൊരു മാറ്റവുമില്ലാത്തിനാൽ, പൗലൊസിനെ പടയാളികളുടെ കോട്ടയിലേക്കു കൊണ്ടുപോകുന്നു. പിറ്റേന്നു രാത്രി കർത്താവ്‌ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ പൗലൊസിനെ ബലപ്പെടുത്തുന്നു: “ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു.”​—⁠പ്രവൃത്തികൾ 23:9-11.

യെഹൂദ്യയുടെ റോമൻ ഭരണസിരാകേന്ദ്രമായ കൈസര്യയിലേക്ക്‌ രഹസ്യമായി പൗലൊസിനെ കടത്തുന്നതോടെ അവനെ കൊല്ലാനുള്ള യഹൂദന്മാരുടെ പദ്ധതി പൊളിയുന്നു. (പ്രവൃത്തികൾ 23:12-24) കൈസര്യയിൽവെച്ച്‌ അവനു വീണ്ടും സാക്ഷ്യം നൽകാനുള്ള സുവർണാവസരം ലഭിക്കുന്നു; യേശു പറഞ്ഞപ്രകാരം അവൻ “രാജാക്കന്മാ”രോട്‌ സാക്ഷീകരിക്കുന്നു. ആദ്യംതന്നെ, പൗലൊസ്‌ തനിക്കെതിരായ ആരോപണങ്ങൾക്ക്‌ തെളിവില്ലെന്നു ഗവർണർ ഫെലിക്‌സിന്റെ മുമ്പാകെ വ്യക്തമാക്കുന്നു. തുടർന്ന്‌ അവൻ യേശുവിനെയും ആത്മനിയന്ത്രണത്തെയും നീതിയെയും വരാനിരിക്കുന്ന ന്യായവിധിയെയുംകുറിച്ച്‌ അവനോടും ഭാര്യയായ ദ്രുസില്ലയോടും സംസാരിക്കുന്നു. എങ്കിലും, പൗലൊസിൽനിന്ന്‌ കൈക്കൂലിയായി എന്തെങ്കിലും കിട്ടുമെന്നു വിചാരിച്ച്‌ ഫെലിക്‌സ്‌ അവനെ രണ്ടു വർഷത്തേക്ക്‌ തടവിൽ ഇടുന്നു. എന്നാൽ ആ മോഹം വൃഥാവാകുന്നു.​—⁠പ്രവൃത്തികൾ 23:33–24:27.

ഫെലിക്‌സിനുശേഷം ഫെസ്‌തൊസ്‌ അധികാരത്തിൽ വന്നപ്പോൾ, പൗലൊസിന്റെമേൽ കുറ്റംചുമത്തി വധിക്കാൻ യഹൂദന്മാർ വീണ്ടും ശ്രമിക്കുന്നു. അങ്ങനെ കൈസര്യയിൽവെച്ച്‌ ഈ കേസ്‌ ഒരിക്കൽക്കൂടി വിചാരണയ്‌ക്കെടുക്കുന്നു. വിചാരണ യെരൂശലേമിലേക്ക്‌ മാറ്റാതിരിക്കാനായി പൗലൊസ്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഞാൻ സീസറിന്റെ ന്യായാസനത്തിങ്കലാണു നിൽക്കുന്നത്‌. . . . ഞാൻ സീസറിന്റെ അടുത്ത്‌ ഉപരിവിചാരണ ആവശ്യപ്പെടുന്നു.” (പ്രവൃത്തികൾ 25:1-11, പി.ഒ.സി. ബൈബിൾ, 20, 21) ഏതാനും ദിവസം കഴിഞ്ഞ്‌, ഹെരോദ്‌ അഗ്രിപ്പാ രണ്ടാമൻ രാജാവിന്റെ മുമ്പാകെ അപ്പൊസ്‌തലൻ തന്റെ കേസ്‌ അവതരിപ്പിക്കുമ്പോൾ രാജാവ്‌ ഇപ്രകാരം പറയുന്നു: “ഞാൻ ക്രിസ്‌ത്യാനിയായിത്തീരുവാൻ നീ എന്നെ അല്‌പംകൊണ്ടു സമ്മതിപ്പിക്കുന്നു.” (പ്രവൃത്തികൾ 26:1-28) ഏകദേശം പൊ.യു. 58-ൽ പൗലൊസിനെ റോമിലേക്ക്‌ അയയ്‌ക്കുന്നു. അങ്ങനെ അടുത്ത രണ്ടു വർഷംകൂടി ഒരു തടവുകാരനായി കഴിയുന്ന ഈ അപ്പൊസ്‌തലൻ, കിട്ടിയ അവസരം പാഴാക്കാതെ ക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിക്കുന്നു. (പ്രവൃത്തികൾ 28:16-31) ഒടുവിൽ നീറോ ചക്രവർത്തിയുടെ മുമ്പാകെ ഹാജരാക്കപ്പെട്ട പൗലൊസിനെ അവൻ നിരപരാധിയായി പ്രഖ്യാപിച്ചെന്നും അങ്ങനെ സ്വതന്ത്രമായി തന്റെ മിഷനറി പ്രവർത്തനം തുടരാൻ അവനു കഴിഞ്ഞുവെന്നുമാണ്‌ കരുതപ്പെടുന്നത്‌. പ്രമുഖരായ ഇത്രയുമധികം ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള അവസരം മറ്റേതെങ്കിലും അപ്പൊസ്‌തലന്മാർക്ക്‌ ഉണ്ടായിരുന്നിട്ടുള്ളതായി യാതൊരു രേഖയുമില്ല.

ഈ വിവരണത്തിൽനിന്നു കാണാൻ കഴിയുന്നതുപോലെ, അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ സഹക്രിസ്‌ത്യാനികൾ യഹൂദ കോടതിയുടെ മുമ്പാകെ ബോധിപ്പിച്ച ശ്രദ്ധേയമായ ഒരു തത്ത്വത്തിനു ചേർച്ചയിലാണു ജീവിച്ചിരുന്നത്‌: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.” (പ്രവൃത്തികൾ 5:29) എത്ര നല്ല മാതൃക! സഹമനുഷ്യരിൽനിന്ന്‌ കൂടെക്കൂടെ പ്രതിബന്ധങ്ങൾ നേരിട്ടെങ്കിലും സമഗ്രസാക്ഷ്യം നൽകാനുള്ള കൽപ്പനയോട്‌ അപ്പൊസ്‌തലൻ പൂർണ അനുസരണം പ്രകടമാക്കി. ആ വിധത്തിൽ ദൈവത്തോട്‌ അചഞ്ചലമായ അനുസരണം പ്രകടമാക്കിയതിനാൽ യേശുവിന്റെ നാമം “ജാതികൾക്കും രാജാക്കന്മാർക്കും യിസ്രായേൽമക്കൾക്കും മുമ്പിൽ” വഹിപ്പാൻ “തിരഞ്ഞെടുത്തിരിക്കുന്നോരു പാത്രം” എന്ന നിലയിലുള്ള തന്റെ നിയമനം നിറവേറ്റാൻ പൗലൊസിനു കഴിഞ്ഞു.​—⁠പ്രവൃത്തികൾ 9:15.

[അടിക്കുറിപ്പ്‌]

^ ഖ. 8 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2006, നവംബർ/ഡിസംബർ കാണുക.

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

പൗലൊസ്‌ കേവലം സ്വയരക്ഷയ്‌ക്കായി വാദിക്കുകയായിരുന്നോ?

ഈ ചോദ്യത്തെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞുകൊണ്ട്‌ ഗ്രന്ഥകാരനായ ബെൻ വിതറിങ്‌ടൻ മൂന്നാമൻ ഇങ്ങനെ എഴുതുന്നു: “പൗലൊസിന്റെ . . . വീക്ഷണത്തിൽ നിന്നു നോക്കിയാൽ, സ്വയരക്ഷയ്‌ക്കായി വാദിക്കുന്നതിനെക്കാളുപരി സുവിശേഷം സംബന്ധിച്ച്‌ യഹൂദന്മാരും വിജാതീയരുമായ അധികാരികൾക്കു മുമ്പാകെ സാക്ഷ്യം വഹിക്കുക എന്നതായിരുന്നു പൗലൊസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ സംഗതി. . . . വാസ്‌തവത്തിൽ, സുവിശേഷമാണ്‌ വിചാരണയിലായിരുന്നത്‌.”