വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയിൽനിന്നുള്ള ശിക്ഷണം എല്ലായ്‌പോഴും സ്വീകരിക്കുക

യഹോവയിൽനിന്നുള്ള ശിക്ഷണം എല്ലായ്‌പോഴും സ്വീകരിക്കുക

യഹോവയിൽനിന്നുള്ള ശിക്ഷണം എല്ലായ്‌പോഴും സ്വീകരിക്കുക

“യഹോവയുടെ ശിക്ഷയെ [“ശിക്ഷണത്തെ,” പി.ഒ.സി. ബൈബിൾ] നിരസിക്കരുത്‌.”​—⁠സദൃശവാക്യങ്ങൾ 3:11.

1. ദൈവിക ശിക്ഷണം നാം സ്വീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാമോരോരുത്തരും ദൈവത്തിൽനിന്നുള്ള ശിക്ഷണം സ്വീകരിക്കേണ്ടതിന്റെ ഒരു നല്ല കാരണം വ്യക്തമാക്കിക്കൊണ്ട്‌ പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ഇങ്ങനെ പറഞ്ഞു: “മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 3:11, 12) അതേ, നിങ്ങളുടെ സ്വർഗീയ പിതാവ്‌ നിങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ ശിക്ഷണം നൽകുന്നത്‌.

2. “ശിക്ഷണം” എന്ന പദം എന്തർഥമാക്കുന്നു, ഏതു വിധങ്ങളിൽ ഒരു വ്യക്തിക്കു ശിക്ഷണം ലഭിച്ചേക്കാം?

2 “ശിക്ഷണം” എന്ന പദത്തിന്‌ ശിക്ഷ, തിരുത്തൽ, പ്രബോധനം, വിദ്യാഭ്യാസം എന്നൊക്കെയാണ്‌ അർഥം. പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ഏതു ശിക്ഷയും തല്‌ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.” (എബ്രായർ 12:11) ദൈവിക ശിക്ഷണം കൈക്കൊള്ളുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത്‌ നീതിനിഷ്‌ഠമായ ജീവിതം നയിക്കാനും അങ്ങനെ പരിശുദ്ധ ദൈവമായ യഹോവയോട്‌ അടുത്തു ചെല്ലാനും നിങ്ങളെ സഹായിക്കും. (സങ്കീർത്തനം 99:5) സഹവിശ്വാസികൾ, ക്രിസ്‌തീയ യോഗങ്ങളിൽ പഠിക്കുന്ന കാര്യങ്ങൾ, ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം, വിശ്വസ്‌ത “ഗൃഹവിചാരകൻ” പ്രദാനംചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ എന്നിവയിലൂടെയെല്ലാം നമുക്കു തിരുത്തൽ ലഭിച്ചേക്കാം. (ലൂക്കൊസ്‌ 12:42-44) മാറ്റംവരുത്തേണ്ടതായ ഒരു കാര്യം അങ്ങനെ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുമ്പോൾ നിങ്ങൾക്ക്‌ എത്ര നന്ദിയുള്ളവർ ആയിരിക്കാൻ കഴിയും! എന്നാൽ ഗുരുതരമായ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ ഏതു ശിക്ഷണനടപടി ആവശ്യമായി വന്നേക്കാം?

ചിലർ പുറത്താക്കപ്പെടുന്നതിന്റെ കാരണം

3. എപ്പോഴാണ്‌ ഒരു വ്യക്തിയെ സഭയിൽനിന്നു പുറത്താക്കുന്നത്‌?

3 ദൈവദാസർ ബൈബിളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും ഉത്സാഹപൂർവം പഠിക്കുന്നു. അവരുടെ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും യഹോവയുടെ നിലവാരങ്ങളെക്കുറിച്ചു വിശദമായി ചർച്ചചെയ്യുന്നു. അതുകൊണ്ട്‌ യഹോവ തങ്ങളിൽനിന്ന്‌ എന്താണ്‌ ആവശ്യപ്പെടുന്നതെന്നു ക്രിസ്‌ത്യാനികൾക്കു നന്നായി അറിയാം. ഗുരുതരമായ പാപം ചെയ്യുകയും അനുതപിക്കാതിരിക്കുകയും ചെയ്‌താൽ മാത്രമേ അവരിലൊരാൾ സഭയിൽനിന്നു പുറത്താക്കപ്പെടുകയുള്ളൂ.

4, 5. പുറത്താക്കൽ നടപടി സംബന്ധിച്ചുള്ള ഏതു തിരുവെഴുത്തു ദൃഷ്ടാന്തമാണ്‌ ഇവിടെ പരാമർശിച്ചിരിക്കുന്നത്‌, പുറത്താക്കപ്പെട്ട വ്യക്തിയെ പുനഃസ്ഥിതീകരിക്കാൻ പൗലൊസ്‌ സഭയെ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ട്‌?

4 പുറത്താക്കൽ നടപടി സംബന്ധിച്ചുള്ള ഒരു തിരുവെഴുത്തു ദൃഷ്ടാന്തം നോക്കുക. കൊരിന്ത്‌ സഭ വെച്ചുപൊറുപ്പിച്ചിരുന്ന ഒരു ദുഷ്‌പ്രവൃത്തിയെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.” ആ ദുഷ്‌പ്രവൃത്തിക്കാരനെ, “ആത്മാവു . . . രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്‌പിക്കേണം” എന്ന്‌ അവൻ സഭയെ ഉദ്‌ബോധിപ്പിച്ചു. (1 കൊരിന്ത്യർ 5:1-5) പുറത്താക്കപ്പെടുകയും അങ്ങനെ സാത്താന്‌ ഏൽപ്പിക്കപ്പെടുകയും ചെയ്‌തപ്പോൾ അയാൾ വീണ്ടും പിശാചിന്റെ ലോകത്തിന്റെ ഭാഗമായിത്തീർന്നു. (1 യോഹന്നാൻ 5:19) ദുഷിച്ച ഒരു ജഡിക സ്വാധീനം സഭയിൽനിന്നു നീക്കംചെയ്യാനും സഭയുടെ ആത്മീയത കാത്തുപരിപാലിക്കാനും ആ നടപടി ഉപകരിച്ചു.​—⁠2 തിമൊഥെയൊസ്‌ 4:22; 1 കൊരിന്ത്യർ 5:11-13.

5 ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽ പുനഃസ്ഥിതീകരിക്കാൻ, ഏറെക്കാലം കഴിയുംമുമ്പു കൊരിന്തിലെ ക്രിസ്‌ത്യാനികളെ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു. എന്തുകൊണ്ട്‌? ‘സാത്താൻ അവരെ തോൽപ്പിച്ചുകളയാതിരിക്കാൻ’ അത്‌ ആവശ്യമായിരുന്നു. വ്യക്തമായും, പാപം ചെയ്‌ത വ്യക്തി അനുതപിക്കുകയും ശുദ്ധമായ ജീവിതം നയിക്കാൻ തുടങ്ങുകയും ചെയ്‌തിരുന്നു. (2 കൊരിന്ത്യർ 2:8-11) അനുതാപം പ്രകടമാക്കിയ അദ്ദേഹത്തെ പുനഃസ്ഥിതീകരിക്കാൻ കൊരിന്ത്യർ വിസമ്മതിച്ചാൽ, പിശാചിന്റെ താത്‌പര്യംപോലെ അവർ കഠിനഹൃദയരും ക്ഷമിക്കാൻ മനസ്സില്ലാത്തവരും ആകുകയും അങ്ങനെ അവൻ അവരെ തോൽപ്പിച്ചുകളയുകയും ചെയ്യുമായിരുന്നു. സാധ്യതയനുസരിച്ച്‌ അവർ പെട്ടെന്നുതന്നെ, പശ്ചാത്താപം പ്രകടമാക്കിയ “അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും” ചെയ്‌തു.​—⁠2 കൊരിന്ത്യർ 2:5-7.

6. പുറത്താക്കൽ നടപടിക്ക്‌ എന്തു പ്രയോജനമാണുള്ളത്‌?

6 പുറത്താക്കൽ നടപടിക്ക്‌ എന്തു പ്രയോജനമാണുള്ളത്‌? യഹോവയുടെ പരിശുദ്ധ നാമത്തിനു നിന്ദയും അവന്റെ ജനത്തിന്റെ സത്‌പേരിനു കളങ്കവും വരാതിരിക്കാൻ അതു സഹായിക്കുന്നു. (1 പത്രൊസ്‌ 1:14-16) അനുതാപമില്ലാത്ത ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്നു പുറത്താക്കുന്നത്‌ ദൈവത്തിന്റെ നിലവാരങ്ങളോടുള്ള ആദരവു നിലനിറുത്താനും സഭയുടെ ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കാനും സഹായിക്കും. ആ വ്യക്തി തെറ്റിന്റെ ഗൗരവം തിരിച്ചറിയാൻ അത്‌ ഇടയാക്കുകയും ചെയ്‌തേക്കാം.

അനുതാപം പ്രധാനം

7. ദാവീദ്‌ ലംഘനം മൂടിവെച്ചതിന്റെ ഫലം എന്തായിരുന്നു?

7 ഗുരുതരമായി പാപം ചെയ്യുന്ന അനേകരും ആത്മാർഥമായി അനുതപിക്കുന്നതിനാൽ സഭയിൽനിന്നു പുറത്താക്കപ്പെടുന്നില്ല. തീർച്ചയായും, അത്തരം അനുതാപം പ്രകടമാക്കുന്നത്‌ അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. 32-ാം സങ്കീർത്തനം രചിച്ച ഇസ്രായേൽ രാജാവായ ദാവീദിന്റെ കാര്യമെടുക്കുക. ഗുരുതരമായ പാപങ്ങൾ​—⁠സാധ്യതയനുസരിച്ച്‌ ബത്ത്‌-ശേബയോടുള്ള ബന്ധത്തിൽ ചെയ്‌ത പാപങ്ങൾ​—⁠കുറേക്കാലത്തേക്ക്‌ അവൻ മൂടിവെച്ചുവെന്ന്‌ ആ സങ്കീർത്തനം വ്യക്തമാക്കുന്നു. തത്‌ഫലമായി പാപം ചെയ്‌തതിലുള്ള തീവ്രവേദന, വേനൽച്ചൂടിൽ ഒരു വൃക്ഷം വാടിപ്പോകുന്നതുപോലെ അവനെ തളർത്തിക്കളഞ്ഞു. ശാരീരികമായും മാനസികമായും അവൻ കഷ്ടത്തിലായി. എന്നാൽ ‘ലംഘനങ്ങൾ ഏറ്റുപറഞ്ഞപ്പോൾ യഹോവ അവനോടു ക്ഷമിച്ചു.’ (സങ്കീർത്തനം 32:3-5) അപ്പോൾ അവൻ ഇങ്ങനെ ഉദ്‌ഘോഷിച്ചു: “യഹോവ അകൃത്യം കണക്കിടാതെ . . . ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.” (സങ്കീർത്തനം 32:1, 2) ദൈവത്തിന്റെ കരുണ അനുഭവിച്ചറിയാൻ കഴിഞ്ഞത്‌ എന്തൊരു അനുഗ്രഹമായിരുന്നു!

8, 9. അനുതാപം പ്രകടമാകുന്നത്‌ ഏതു വിധങ്ങളിലാണ്‌, പുറത്താക്കപ്പെട്ട ഒരു വ്യക്തിയുടെ പുനഃസ്ഥിതീകരണത്തോടുള്ള ബന്ധത്തിൽ ഇത്‌ എത്ര പ്രധാനമാണ്‌?

8 അതുകൊണ്ട്‌ കരുണ ലഭിക്കണമെങ്കിൽ പാപം ചെയ്‌ത വ്യക്തി അനുതപിക്കേണ്ടത്‌ അനിവാര്യമാണ്‌. എന്നാൽ പാപം ചെയ്‌തതിലുള്ള ലജ്ജയോ മറ്റുള്ളവർ അറിയുമെന്നുള്ള ഭയമോ അല്ല അനുതാപം. “അനുതപിക്കുക” എന്നതിന്റെ അർഥം വ്യസനം നിമിത്തം ദുഷ്‌പ്രവൃത്തിയോടുള്ള ബന്ധത്തിൽ “മനസ്സിനു മാറ്റംവരുത്തുക” എന്നാണ്‌. അനുതാപമുള്ള ഒരു വ്യക്തിയുടെ ഹൃദയം “തകർന്നും നുറുങ്ങിയുമിരിക്കുന്ന” അവസ്ഥയിലായിരിക്കും. കഴിയുമെങ്കിൽ ‘തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ’ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യും.​—⁠സങ്കീർത്തനം 51:17; 2 കൊരിന്ത്യർ 7:​11, NW.

9 ക്രിസ്‌തീയ സഭയിലെ പുനഃസ്ഥിതീകരണത്തോടു ബന്ധപ്പെട്ടുള്ള അതിപ്രധാനമായ ഒരു ഘടകമാണ്‌ അനുതാപം. ഒരു നിശ്ചിത കാലം പിന്നിട്ടതുകൊണ്ടുമാത്രം ഒരു വ്യക്തി സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുന്നില്ല. അദ്ദേഹത്തിന്റെ ഹൃദയാവസ്ഥയ്‌ക്കു നല്ല മാറ്റം വന്നിട്ടുണ്ടെങ്കിൽ മാത്രമേ അങ്ങനെ ചെയ്യൂ. തന്റെ പാപത്തിന്റെ ഗൗരവവും യഹോവയ്‌ക്കും സഭയ്‌ക്കും താൻ എത്രമാത്രം നിന്ദ വരുത്തിവെച്ചുവെന്നും അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്‌. അനുതപിക്കുകയും പാപം ക്ഷമിച്ചുകിട്ടാനായി ഉള്ളുരുകി പ്രാർഥിക്കുകയും ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിബന്ധനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. പുനഃസ്ഥിതീകരണത്തിനായി അഭ്യർഥിക്കുമ്പോൾ, അനുതാപത്തിനും അതിനു “യോഗ്യമായ പ്രവൃത്തികൾ” ചെയ്യുന്നുവെന്നതിനും തെളിവു നൽകാൻ അദ്ദേഹത്തിനു കഴിയണം.​—⁠പ്രവൃത്തികൾ 26:20.

ദുഷ്‌പ്രവൃത്തി ഏറ്റുപറയേണ്ടതിന്റെ കാരണം

10, 11. നാം പാപം മൂടിവെക്കരുതാത്തത്‌ എന്തുകൊണ്ട്‌?

10 പാപം ചെയ്‌തിട്ടുള്ള ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞാൻ ചെയ്‌തതിനെക്കുറിച്ച്‌ ആരോടെങ്കിലും പറഞ്ഞാൽപ്പിന്നെ പല ചോദ്യങ്ങൾക്കു മുമ്പിലും തലകുനിക്കേണ്ടിവരും. തന്നെയുമല്ല സഭയിൽനിന്നു പുറത്താക്കപ്പെടുകയും ചെയ്‌തേക്കാം. എന്നാൽ മിണ്ടാതെ ഇരുന്നേക്കുകയാണെങ്കിൽ അതൊന്നും ഉണ്ടാവില്ല, സഭയിൽ ആരുമൊട്ട്‌ അറിയുകയുമില്ല.’ അങ്ങനെ ചിന്തിക്കുന്നവർ പക്ഷേ, ചില സുപ്രധാന ഘടകങ്ങൾ അവഗണിക്കുകയാണു ചെയ്യുന്നത്‌. അവ എന്താണ്‌?

11 “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ” എന്ന്‌ പുറപ്പാടു 34:6, 7 പറയുന്നു. എന്നിരുന്നാലും തന്റെ ജനത്തെ അവൻ “ന്യായമായ തോതിൽ ശിക്ഷിക്കു”കയും ചെയ്യുന്നു. (യിരെമ്യാവു 30:​11, ഓശാന ബൈബിൾ) ഗുരുതരമായ പാപം ചെയ്‌തശേഷം അതു മറച്ചുവെച്ചാൽ നിങ്ങൾക്ക്‌ എങ്ങനെ ദൈവത്തിന്റെ കരുണ ലഭിക്കും? യഹോവ എല്ലാം കാണുന്നുണ്ട്‌, ദുഷ്‌പ്രവൃത്തിക്കുനേരെ അവൻ കണ്ണടച്ചുകളയുകയില്ല.​—⁠സദൃശവാക്യങ്ങൾ 15:3; ഹബക്കൂക്‌ 1:13.

12, 13. ദുഷ്‌പ്രവൃത്തി മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ എന്തു സംഭവിച്ചേക്കാം?

12 ഗുരുതരമായ പാപം ചെയ്‌താൽ അത്‌ ഏറ്റുപറയുന്നതു നല്ലൊരു മനസ്സാക്ഷി വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. (1 തിമൊഥെയൊസ്‌ 1:18-20) എന്നാൽ അങ്ങനെ ചെയ്യാതിരിക്കുന്നത്‌ നിങ്ങളുടെ മനസ്സാക്ഷി മലിനമായിത്തീരാനും കൂടുതൽ ഗുരുതരമായ പാപങ്ങൾ ചെയ്യാനും ഇടയാക്കിയേക്കാം. മറ്റൊരു മനുഷ്യനോ സഭയ്‌ക്കോ എതിരായിട്ടു മാത്രമല്ല ദൈവത്തോടുതന്നെയാണു നിങ്ങൾ പാപം ചെയ്യുന്നത്‌ എന്നോർക്കുക. സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു. യഹോവ നീതിമാനെ[യും ദുഷ്ടനെയും] ശോധന ചെയ്യുന്നു.”​—⁠സങ്കീർത്തനം 11:4, 5.

13 ഗുരുതരമായ പാപം മറച്ചുവെച്ചുകൊണ്ട്‌ ശുദ്ധിയുള്ള ക്രിസ്‌തീയ സഭയിൽ തുടരാൻ ശ്രമിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയില്ല. (യാക്കോബ്‌ 4:6) അതുകൊണ്ട്‌, പാപത്തിൽ വീണുപോയെങ്കിലും ശരിയായതു ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പാപം സത്യസന്ധമായി ഏറ്റുപറയാൻ മടിക്കരുത്‌. അല്ലാഞ്ഞാൽ മനസ്സാക്ഷി നിങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും, പ്രത്യേകിച്ച്‌ ഗുരുതരമായ അത്തരം കാര്യങ്ങളെക്കുറിച്ചു നിങ്ങൾ വായിക്കുകയോ ബുദ്ധിയുപദേശം കേൾക്കുകയോ ചെയ്യുമ്പോൾ. ശൗൽ രാജാവിന്റെ കാര്യത്തിലെന്നപോലെ, യഹോവ തന്റെ ആത്മാവിനെ നിങ്ങളിൽനിന്നു പിൻവലിച്ചാൽ എന്തായിരിക്കും സംഭവിക്കുക? (1 ശമൂവേൽ 16:14) നിങ്ങൾ കൂടുതൽ ഗുരുതരമായ പാപങ്ങൾ ചെയ്യാൻ അത്‌ ഇടയാക്കിയേക്കാം.

വിശ്വസ്‌തരായ നിങ്ങളുടെ സഹോദരന്മാരെ വിശ്വസിക്കുക

14. ദുഷ്‌പ്രവൃത്തിക്കാരൻ യാക്കോബ്‌ 5:14, 15-ലെ ബുദ്ധിയുപദേശം പിൻപറ്റേണ്ടത്‌ എന്തുകൊണ്ട്‌?

14 ആ സ്ഥിതിക്ക്‌ അനുതാപമുള്ള ഒരു ദുഷ്‌പ്രവൃത്തിക്കാരൻ എന്താണു ചെയ്യേണ്ടത്‌? അവൻ “സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്‌പിക്കും.” (യാക്കോബ്‌ 5:14, 15) മൂപ്പന്മാരെ സമീപിക്കുകയെന്നതാണ്‌ “മാനസാന്തരത്തിന്നു യോഗ്യമായ ഫലം” ഉത്‌പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു വിധം. (മത്തായി 3:8) വിശ്വസ്‌തരും സഹൃദയരുമായ ഈ പുരുഷന്മാർ അദ്ദേഹത്തിനുവേണ്ടി ‘പ്രാർഥിക്കുകയും യഹോവയുടെ നാമത്തിൽ അവന്റെമേൽ എണ്ണ പൂശുകയും ചെയ്യും.’ അവർ നൽകുന്ന ബൈബിൾ ബുദ്ധിയുപദേശം ആത്മാർഥമായി അനുതപിക്കുന്ന ഏതൊരാൾക്കും വേദന ശമിപ്പിക്കുന്ന ഒരു തൈലംപോലെ ആശ്വാസം കൈവരുത്തും.​—⁠യിരെമ്യാവു 8:22.

15, 16. ക്രിസ്‌തീയ മൂപ്പന്മാർ യെഹെസ്‌കേൽ 34:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്ന, ദൈവത്തിന്റെ മാതൃക അനുകരിക്കുന്നത്‌ എങ്ങനെ?

15 പൊ.യു.മു. 537-ൽ യഹൂദരെ ബാബിലോണിന്റെ അടിമത്തത്തിൽനിന്നു സ്വതന്ത്രരാക്കിയപ്പോഴും പൊ.യു. 1919-ൽ ആത്മീയ ഇസ്രായേലിനെ ‘മഹാബാബിലോണിന്റെ’ സ്വാധീനത്തിൽനിന്നു വിടുവിച്ചപ്പോഴും നമ്മുടെ ഇടയനും സ്‌നേഹവാനുമായ യഹോവ എത്ര നല്ല ദൃഷ്ടാന്തമാണു പ്രദാനം ചെയ്‌തത്‌! (വെളിപ്പാടു 17:3-5; ഗലാത്യർ 6:16) “ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും . . .. കാണാതെപോയതിനെ ഞാൻ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും” എന്ന വാഗ്‌ദാനം അവൻ അങ്ങനെ നിറവേറ്റി.​—⁠യെഹെസ്‌കേൽ 34:15, 16.

16 യഹോവ തന്റെ ആലങ്കാരിക ആടുകളെ മേയിക്കുകയും സുരക്ഷിതമായ ഇടങ്ങളിൽ കിടത്തുകയും കാണാതെപോയതിനെ അന്വേഷിക്കുകയും ചെയ്‌തു. സമാനമായി ഇന്നു ദൈവത്തിന്റെ ആട്ടിൻകൂട്ടം സുരക്ഷിതരാണെന്നും ആത്മീയമായി നല്ലവണ്ണം പോഷിപ്പിക്കപ്പെടുന്നുവെന്നും ക്രിസ്‌തീയ ഇടയന്മാർ ഉറപ്പുവരുത്തുന്നു. സഭയിൽനിന്ന്‌ ഒറ്റതിരിഞ്ഞുപോകുന്ന ആടുകളെ മൂപ്പന്മാർ തേടിച്ചെല്ലുന്നു. ‘ഒടിഞ്ഞതിനെ ദൈവം മുറികെട്ടിയതുപോലെ,’ മറ്റാരുടെയെങ്കിലും വാക്കുകളാലോ സ്വന്തം പ്രവൃത്തികളാലോ മുറിവേറ്റ ആടുകളെ ആ മേൽവിചാരകന്മാർ ശുശ്രൂഷിക്കുന്നു. ‘ദീനം പിടിച്ചതിനെ അവൻ ശക്തീകരിച്ചതുപോലെ,’ സാധ്യതയനുസരിച്ചു സ്വന്തം ദുഷ്‌പ്രവൃത്തിയാൽ ആത്മീയ രോഗികളായിത്തീർന്നവർക്കു മൂപ്പന്മാർ സഹായഹസ്‌തം നീട്ടിക്കൊടുക്കുന്നു.

ഇടയന്മാർ സഹായിക്കുന്ന വിധം

17. മൂപ്പന്മാരിൽനിന്ന്‌ ആത്മീയ സഹായം തേടാൻ നാം മടിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

17 “ഭയത്തോടെ കരുണകാണിപ്പിൻ” എന്ന ബുദ്ധിയുപദേശം സന്തോഷപൂർവം പിൻപറ്റുന്നവരാണു മൂപ്പന്മാർ. (യൂദാ 23) ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടുകൊണ്ട്‌ ചില ക്രിസ്‌ത്യാനികൾ ഗുരുതരമായി പാപം ചെയ്‌തിരിക്കുന്നു. എന്നാൽ അതു സംബന്ധിച്ച്‌ യഥാർഥ അനുതാപമുണ്ടെങ്കിൽ ആത്മീയമായി അവരെ സഹായിക്കാൻ മൂപ്പന്മാർ ആകാംക്ഷയുള്ളവർ ആയിരിക്കുമെന്നും കരുണയോടും സ്‌നേഹത്തോടുംകൂടെ അവരോട്‌ ഇടപെടുമെന്നും അവർക്കു പ്രതീക്ഷിക്കാൻ കഴിയും. താൻ ഉൾപ്പെടെയുള്ള അത്തരം മൂപ്പന്മാരെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ വിശ്വാസത്തിന്മേൽ ഞങ്ങൾ കർത്തൃത്വം ഉള്ളവർ എന്നല്ല, നിങ്ങളുടെ സന്തോഷത്തിന്നു ഞങ്ങൾ സഹായികൾ അത്രേ.” (2 കൊരിന്ത്യർ 1:24) അതുകൊണ്ട്‌ അവരുടെ സഹായം തേടാൻ ഒരിക്കലും മടിക്കരുത്‌.

18. തെറ്റു ചെയ്യുന്ന സഹവിശ്വാസികളോടു മൂപ്പന്മാർ എങ്ങനെ ഇടപെടുന്നു?

18 ഗുരുതരമായ പാപം ചെയ്‌തുപോയാൽ നിങ്ങൾക്കു മൂപ്പന്മാരിൽ ആശ്രയിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ടാണ്‌? അവർ മുഖ്യമായും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ ഇടയന്മാർ ആണ്‌ എന്നതാണ്‌ അതിനു കാരണം. (1 പത്രൊസ്‌ 5:1-4) അപകടത്തിൽപ്പെട്ടു ദയനീയമായി നിലവിളിക്കുന്ന ആടിനെ സ്‌നേഹമുള്ള ഒരു ഇടയനും ശിക്ഷിക്കുകയില്ല. സമാനമായി, തെറ്റു ചെയ്‌ത സഹവിശ്വാസികളുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ, കുറ്റത്തിനു എന്തു ശിക്ഷ നൽകണം എന്നതിനല്ല മറിച്ച്‌ അവർ ചെയ്‌ത തെറ്റിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനും സാധ്യമെങ്കിൽ അവരെ ആത്മീയമായി പുനഃസ്ഥിതീകരിക്കുന്നതിനുമാണു മൂപ്പന്മാർ ശ്രമിക്കുന്നത്‌. (യാക്കോബ്‌ 5:13-20) അവർ നീതിയോടെ ന്യായംവിധിക്കുകയും ആട്ടിൻകൂട്ടത്തോട്‌ ആർദ്രതയോടെ ഇടപെടുകയും ചെയ്യണം. (പ്രവൃത്തികൾ 20:29, 30; യെശയ്യാവു 32:1, 2) മറ്റെല്ലാ ക്രിസ്‌ത്യാനികളെയുംപോലെ മൂപ്പന്മാരും ‘ന്യായം പ്രവർത്തിക്കുകയും ദയാതത്‌പരരായിരിക്കുകയും ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ നടക്കുകയും’ ചെയ്യേണ്ടതുണ്ട്‌. (മീഖാ 6:⁠8) ‘യഹോവ മേയിക്കുന്ന ആടുകളുടെ’ ജീവനും വിശുദ്ധ സേവനവും ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അത്തരം ഗുണങ്ങൾ ഉണ്ടായിരിക്കേണ്ടത്‌ അതിപ്രധാനമാണ്‌.​—⁠സങ്കീർത്തനം 100:⁠3.

19. ഏതു മനോഭാവത്തോടെയാണു മൂപ്പന്മാർ ഒരു വ്യക്തിയെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നത്‌?

19 ക്രിസ്‌തീയ ഇടയന്മാർ നിയമിക്കപ്പെടുന്നതു പരിശുദ്ധാത്മാവിനാലാണ്‌, അതിന്റെ വഴിനടത്തിപ്പിന്‌ അവർ കീഴ്‌പെടുകയും ചെയ്യുന്നു. അബദ്ധത്തിൽ “ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടു”പോയാൽ “അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തു”വാൻ ആത്മീയ യോഗ്യതയുള്ള പുരുഷന്മാർ ശ്രമിക്കുന്നു. (ഗലാത്യർ 6:1; പ്രവൃത്തികൾ 20:28) സൗമ്യതയോടെ, എന്നാൽ ദൈവിക നിലവാരങ്ങളോടു പറ്റിനിന്നുകൊണ്ട്‌ അദ്ദേഹത്തിന്റെ ചിന്താഗതി ‘യഥാസ്ഥാനപ്പെടുത്താൻ’ മൂപ്പന്മാർ ശ്രമിക്കുന്നു. ഒരു ഡോക്ടർ ഒടിഞ്ഞ കയ്യോ കാലോ യഥാസ്ഥാനത്താക്കുന്നതുപോലെയാണ്‌ അത്‌. ചികിത്സ നടത്തുമ്പോൾത്തന്നെ, അനാവശ്യമായി വേദനിപ്പിക്കാതിരിക്കാൻ അദ്ദേഹം അതിയായി ശ്രദ്ധിക്കുന്നു. (കൊലൊസ്സ്യർ 3:12) കരുണ കാണിക്കാൻ അവസരമുണ്ടോയെന്നു തീരുമാനിക്കുന്നതു പ്രാർഥനയുടെയും തിരുവെഴുത്തുകളുടെയും അടിസ്ഥാനത്തിലായതിനാൽ മൂപ്പന്മാരുടെ തീരുമാനം ദൈവത്തിന്റെ വീക്ഷണത്തിന്റെ പ്രതിഫലനമായിരിക്കും.​—⁠മത്തായി 18:18.

20. ഒരു വ്യക്തിക്കു ശാസന നൽകിയിട്ടുണ്ടെങ്കിൽ അതു സഭയിൽ അറിയിക്കേണ്ടത്‌ ആവശ്യമായിരുന്നേക്കാവുന്നത്‌ എപ്പോൾ?

20 ഒരു വ്യക്തി ചെയ്‌ത പാപം സമൂഹത്തിൽ പരസ്യമായെങ്കിൽ അല്ലെങ്കിൽ അതിനുള്ള എല്ലാ സാധ്യതയുമുണ്ടെങ്കിൽ സഭയുടെ സത്‌പേര്‌ കാത്തുസൂക്ഷിക്കാൻ സഭയിൽ ഒരു അറിയിപ്പു നടത്തുന്നത്‌ ഉചിതമായിരിക്കും. അല്ലാത്ത സാഹചര്യങ്ങളിലും സഭയെ അറിയിക്കേണ്ടതുണ്ടെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്‌. നീതിന്യായക്കമ്മിറ്റിയുടെ ശാസന ലഭിച്ചശേഷം ആത്മീയമായി സുഖംപ്രാപിച്ചുവരുന്ന ഒരു വ്യക്തിയെ, പരുക്കേറ്റശേഷം സുഖപ്പെട്ടുവരുന്ന ഒരുവനോട്‌ ഉപമിക്കാൻ കഴിയും. സുഖംപ്രാപിക്കുന്നതുവരെ അദ്ദേഹത്തിനു കാര്യമായിട്ടൊന്നുംതന്നെ ചെയ്യാനാവില്ല. ശാസന ലഭിച്ചിരിക്കുന്ന അനുതാപമുള്ള വ്യക്തി കുറെക്കാലത്തേക്കു യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിനു പകരം കേട്ടിരിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്‌. വീണ്ടും ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവൻ’ ആയിത്തീരാൻ തക്കവണ്ണം ദുർബലമായ വശങ്ങളിൽ അദ്ദേഹത്തെ ശക്തിപ്പെടുത്താൻ ആരെങ്കിലും അദ്ദേഹത്തിനു ബൈബിളധ്യയനം നടത്താൻ മൂപ്പന്മാർ ക്രമീകരണം ചെയ്‌തേക്കാം. (തീത്തൊസ്‌ 2:2) ദുഷ്‌പ്രവൃത്തിക്കാരനെ ശിക്ഷിക്കാൻ ഉദ്ദേശിച്ചല്ല, മറിച്ച്‌ സ്‌നേഹം നിമിത്തമാണ്‌ ഇതെല്ലാം ചെയ്യുന്നത്‌.

21. ദുഷ്‌പ്രവൃത്തിയുമായി ബന്ധപ്പെട്ട ചില കേസുകൾ എങ്ങനെ കൈകാര്യം ചെയ്യാം?

21 ആത്മീയ സഹായം നൽകാൻ മൂപ്പന്മാർക്കു പല വിധങ്ങളിൽ കഴിയും. ഉദാഹരണത്തിന്‌ മുമ്പു മദ്യപാനിയായിരുന്ന ഒരു സഹോദരൻ, വീട്ടിൽ ഒറ്റയ്‌ക്കായിരിക്കേ ഒന്നോ രണ്ടോ പ്രാവശ്യം അമിതമായി മദ്യപിച്ചെന്നു കരുതുക. അല്ലെങ്കിൽ വർഷങ്ങൾക്കുമുമ്പു പുകവലിശീലം ഉപേക്ഷിച്ച ഒരു സഹോദരൻ ഒരു ബലഹീന നിമിഷത്തിൽ രഹസ്യമായി ഒന്നോ രണ്ടോ തവണ പുകവലിച്ചെന്നു വിചാരിക്കുക. അദ്ദേഹം അതു സംബന്ധിച്ച്‌ ദൈവത്തോടു പ്രാർഥിക്കുകയും ദൈവം തന്നോടു ക്ഷമിച്ചുവെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാൽപ്പോലും, അത്തരമൊരു പാപം ഒരു ശീലമായി മാറാതിരിക്കാൻ അദ്ദേഹം ഒരു മൂപ്പന്റെ സഹായം തേടേണ്ടതുണ്ട്‌. ഒന്നോ രണ്ടോ മൂപ്പന്മാർ പ്രസ്‌തുത സാഹചര്യം കൈകാര്യം ചെയ്‌തേക്കാം. എന്നാൽ മറ്റു കാര്യങ്ങൾ ഉൾപ്പെട്ടിരുന്നേക്കാമെന്നതിനാൽ മൂപ്പൻ/ന്മാർ അക്കാര്യം അധ്യക്ഷ മേൽവിചാരകനെ അറിയിക്കുന്നതായിരിക്കും.

ദൈവിക ശിക്ഷണം സ്വീകരിക്കുന്നതിൽ തുടരുക

22, 23. നിങ്ങൾ ദൈവിക ശിക്ഷണം കൈക്കൊള്ളുന്നതിൽ തുടരേണ്ടത്‌ എന്തുകൊണ്ട്‌?

22 യഹോവയാം ദൈവത്തിന്റെ അംഗീകാരം നേടാൻ ഓരോ ക്രിസ്‌ത്യാനിയും അവന്റെ ശിക്ഷണത്തിനു ശ്രദ്ധകൊടുക്കേണ്ടതുണ്ട്‌. (1 തിമൊഥെയൊസ്‌ 5:20) അതുകൊണ്ട്‌ തിരുവെഴുത്തുകളും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും പഠിക്കുമ്പോൾ ലഭിക്കുന്ന തിരുത്തലുകളും യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും പ്രദാനം ചെയ്യപ്പെടുന്ന ബുദ്ധിയുപദേശങ്ങളും ഹൃദയാ കൈക്കൊള്ളുക. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ കാര്യങ്ങൾ ചെയ്യാൻ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കുക. അങ്ങനെ, പാപത്തെ ചെറുക്കുന്ന ശക്തമായ ആത്മീയ പ്രതിരോധം കെട്ടിപ്പടുക്കാൻ ദൈവിക ശിക്ഷണം നിങ്ങളെ സഹായിക്കും.

23 ദൈവിക ശിക്ഷണം കൈക്കൊള്ളുന്നത്‌ അവന്റെ സ്‌നേഹത്തിൽ നിലനിൽക്കാൻ നിങ്ങളെ സഹായിക്കും. ചിലർ ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടിട്ടുണ്ട്‌ എന്നതു സത്യംതന്നെ. എന്നാൽ “ഹൃദയത്തെ കാത്തു”കൊള്ളുകയും ‘ജ്ഞാനികളെപ്പോലെ നടക്കുകയും’ ചെയ്യുന്നപക്ഷം നിങ്ങൾക്ക്‌ അങ്ങനെ സംഭവിക്കണമെന്നില്ല. (സദൃശവാക്യങ്ങൾ 4:23; എഫെസ്യർ 5:15) എന്നാൽ നിങ്ങൾ പുറത്താക്കപ്പെട്ട ഒരു വ്യക്തിയാണെങ്കിൽ പുനഃസ്ഥിതീകരണത്തിനുള്ള പടികൾ ഇപ്പോൾ സ്വീകരിക്കരുതോ? ദൈവത്തിനു സമർപ്പണം നടത്തിയിട്ടുള്ള എല്ലാവരും അവനെ വിശ്വസ്‌തതയോടും “ഹൃദയസന്തോഷത്തോടുംകൂടെ” ആരാധിക്കാൻ അവൻ ആഗ്രഹിക്കുന്നു. (ആവർത്തനപുസ്‌തകം 28:47) എല്ലായ്‌പോഴും യഹോവയുടെ ശിക്ഷണം കൈക്കൊള്ളുന്നുവെങ്കിൽ എന്നുമെന്നേക്കും നിങ്ങൾക്ക്‌ അതിനു കഴിയും.​—⁠സങ്കീർത്തനം 100:⁠2.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ചിലർ ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌?

• യഥാർഥ അനുതാപത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• ഗുരുതരമായ പാപങ്ങൾ ഏറ്റുപറയേണ്ടത്‌ എന്തുകൊണ്ട്‌?

• അനുതാപമുള്ള ദുഷ്‌പ്രവൃത്തിക്കാരെ ക്രിസ്‌തീയ മൂപ്പന്മാർ ഏതു വിധങ്ങളിൽ സഹായിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

പൗലൊസ്‌ അപ്പൊസ്‌തലൻ പുറത്താക്കൽ സംബന്ധിച്ച നിർദേശങ്ങൾ കൊരിന്ത്യർക്ക്‌ അയച്ചുകൊടുത്തത്‌ എന്തുകൊണ്ട്‌?

[29-ാം പേജിലെ ചിത്രം]

പുരാതനകാലത്തെ ഇടയന്മാരെപ്പോലെ, ക്രിസ്‌തീയ മൂപ്പന്മാർ പരുക്കേൽക്കുന്ന ‘ആടുകളെ മുറികെട്ടുന്നു’