വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ പ്രയോജനം ചെയ്യുന്ന ഒരു സ്‌കൂൾ

ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ പ്രയോജനം ചെയ്യുന്ന ഒരു സ്‌കൂൾ

ലോകമെമ്പാടുമുള്ള ആളുകൾക്ക്‌ പ്രയോജനം ചെയ്യുന്ന ഒരു സ്‌കൂൾ

ഇരുന്നൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന യഹോവയുടെ സാക്ഷികളുടെ 98,000-ത്തിലധികം സഭകളിൽ ജീവിതത്തിന്റെ സമസ്‌ത മണ്ഡലങ്ങളിലുമുള്ളവർ ദൈവത്താൽ പഠിപ്പിക്കപ്പെടുന്നു. ബൈബിളാണ്‌ പ്രധാന പാഠപുസ്‌തകം. ദൈവേഷ്ടം എന്താണെന്നും അതിനനുസരിച്ച്‌ എങ്ങനെ ജീവിക്കാമെന്നും ആളുകളെ പഠിപ്പിക്കുകയും അങ്ങനെ ആത്മീയമായി പുരോഗമിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്‌ ഈ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഈ വിദ്യാഭ്യാസം കൈക്കൊള്ളുന്നവർക്ക്‌ അത്‌ വളരെയധികം പ്രയോജനം ചെയ്യുന്നു. കൂടാതെ അവർ, ശിഷ്യരെ ഉളവാക്കാനുള്ള യേശുക്രിസ്‌തുവിന്റെ നിർദേശത്തിനു ചേർച്ചയിൽ, പഠിക്കുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നു.​—⁠മത്തായി 28:19, 20.

യഹോവയുടെ സാക്ഷികൾ, അവരുടെ സഭകളിൽ തുടർന്നു പോരുന്ന ഇത്തരം പാഠ്യപരിപാടികൾക്കു പുറമേ പ്രത്യേക സ്‌കൂളുകളും രൂപവത്‌കരിച്ചിട്ടുണ്ട്‌. അതിൽ ഒന്നാണ്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ. യു.എ⁠സ്‌.എ.-യിലെ പെൻസിൽവേനിയ സംസ്ഥാനത്തെ പിറ്റ്‌സ്‌ബർഗിൽ, 1987 ഒക്ടോബറിൽ ഈ സ്‌കൂളിനു തുടക്കമിട്ടു. ഇംഗ്ലീഷ്‌ സംസാരിക്കുന്ന 24 വിദ്യാർഥികളാണ്‌ ആദ്യ ക്ലാസ്സിൽ ഉണ്ടായിരുന്നത്‌. തുടർന്നിങ്ങോട്ട്‌ 43 ദേശങ്ങളിലായി 21 ഭാഷകളിൽ ഈ കോഴ്‌സ്‌ നടത്തിയിട്ടുണ്ട്‌. ഇതുവരെ 90-ലധികം രാജ്യങ്ങളിൽനിന്നുള്ള അവിവാഹിതരായ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഈ സ്‌കൂളിൽ സംബന്ധിച്ചിട്ടുണ്ട്‌. എട്ട്‌ ആഴ്‌ചത്തെ കോഴ്‌സിന്റെ ഒടുവിൽ ബിരുദധാരികൾക്ക്‌ അവരുടെ നിയമനം ലഭിക്കുന്നു. സഹായം ആവശ്യമുള്ള സ്ഥലത്തേക്കായിരിക്കും അവരെ നിയമിക്കുക, അതു സ്വദേശത്താകാം അല്ലെങ്കിൽ വിദേശത്താകാം. 2005 അവസാനിച്ചപ്പോഴേക്കും 22,000-ത്തിലേറെ ക്രിസ്‌തീയ ശുശ്രൂഷകന്മാർ ഈ സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയിരുന്നു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള, എളിമയോടുകൂടിയ അവരുടെ പരിശ്രമങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 10:22; 1 പത്രൊസ്‌ 5:⁠5.

സ്‌കൂളിൽ ചേരാനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നു

ശുശ്രൂഷാ പരിശീലന സ്‌കൂളിൽ പങ്കെടുക്കുന്നതിനു വേണ്ടി മിക്ക വിദ്യാർഥികൾക്കും അവരുടെ ജോലിയിൽനിന്ന്‌ അവധി എടുക്കേണ്ടതുണ്ട്‌. ചിലപ്പോൾ ഇത്‌ ഒരു പ്രശ്‌നമായേക്കാം. ഹവായിയിൽ, ഈ കോഴ്‌സിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച രണ്ടു പേർക്ക്‌ സ്‌കൂൾ അധ്യാപകർ എന്ന അവരുടെ ലൗകിക ജോലിയിൽനിന്ന്‌ അവധിക്ക്‌ അപേക്ഷിക്കേണ്ടിയിരുന്നു. യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ അവർ അവധിക്കുള്ള അപേക്ഷ സമർപ്പിച്ചു. ഈ കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നത്‌ എന്തുകൊണ്ടാണെന്നും അതിന്റെ പ്രയോജനം എന്താണെന്നും അതിൽ അവർ വിശദീകരിച്ചിരുന്നു. രണ്ടു പേരുടെയും അപേക്ഷകൾ അംഗീകരിച്ചു.

എന്നാൽ മറ്റനേകം സന്ദർഭങ്ങളിൽ, ഈ കോഴ്‌സിൽ പങ്കെടുക്കാൻ വേണ്ടി അവധി അപേക്ഷിച്ചവർക്ക്‌ കിട്ടിയ മറുപടി, ‘തിരിച്ചുവരുമ്പോൾ ജോലി കാണില്ല’ എന്നാണ്‌. ജോലി നഷ്ടപ്പെടുമായിരുന്നെങ്കിലും യഹോവയുടെ സംഘടന നൽകുന്ന പരിശീലനം സ്വീകരിക്കാൻ ആയിരുന്നു അവരുടെ തീരുമാനം. പിന്നീട്‌ ഇവരിൽ ചിലർക്ക്‌, സ്‌കൂൾ പൂർത്തിയാക്കിയതിനു ശേഷം തിരിച്ച്‌ ജോലിയിൽ പ്രവേശിക്കാനുള്ള ക്ഷണം ലഭിച്ചു. ഇത്തരത്തിലുള്ള നിശ്ചയദാർഢ്യത്തെ ഇങ്ങനെ സംഗ്രഹിക്കാനായേക്കും: അവധിക്ക്‌ അപേക്ഷിക്കുക, സഹായത്തിനായി യഹോവയോടു പ്രാർഥിക്കുക, ബാക്കി അവൻ നോക്കട്ടെ.​—⁠സങ്കീർത്തനം 37:5

‘യഹോവയാൽ ഉപദേശിക്കപ്പെടുന്നവർ’

ബൈബിളിന്റെ ആഴമായ ഒരു പഠനമാണ്‌ എട്ട്‌ ആഴ്‌ച നീളുന്ന ഈ കോഴ്‌സിന്റെ സവിശേഷത. ദൈവേഷ്ടം ചെയ്യാൻ യഹോവയുടെ ജനം എങ്ങനെയാണ്‌ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന്‌ വിദ്യാർഥികൾ പഠിക്കുന്നു. മാത്രമല്ല വയൽശുശ്രൂഷയിലും സഭായോഗങ്ങളിലും സമ്മേളനങ്ങളിലും, ബൈബിൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും അവർക്കു പരിശീലനം ലഭിക്കുന്നു.

കൃതജ്ഞതാനിർഭരമായ ഹൃദയത്തോടെ ഒരു ബിരുദധാരി, ഈ കോഴ്‌സിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാർഥിക്ക്‌ ഇങ്ങനെ എഴുതി: “നാളിതുവരെ നിനക്കു ലഭിച്ചിട്ടില്ലാത്ത ഒരു പരിശീലനമാണ്‌ നിന്നെ കാത്തിരിക്കുന്നത്‌. ‘യഹോവയാൽ ഉപദേശിക്കപ്പെടുന്നതിനെ’ കുറിച്ചുള്ള തിരുവെഴുത്ത്‌ ശരിക്കും അർഥ സമ്പുഷ്ടമാകുന്നു ഇവിടെ. മുഴു പരിശീലനവും, നമ്മുടെ ഹൃദയത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തുകയും സ്‌ഫുടംചെയ്യുകയും ചെയ്യും. അങ്ങനെ ക്രിസ്‌തുയേശുവിന്റെ മാതൃകയോട്‌ കൂടുതൽ അനുരൂപപ്പെടാൻ അതു നമ്മെ സഹായിക്കും. ജീവിതത്തിലൊരിക്കലും നീ മറക്കാത്ത ഒരനുഭവമായിരിക്കും അത്‌.”​—⁠യെശയ്യാവു 54:13.

സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടാക്കന്മാർ

ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയവർ ഇന്നു 117 രാജ്യങ്ങളിൽ സേവിക്കുന്നുണ്ട്‌. ഇതിൽ അറ്റ്‌ലാന്റിക്‌, കരീബിയൻ, പസിഫിക്ക്‌ പ്രദേശങ്ങളിലെ ദ്വീപുകളും അതുപോലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസ്‌ ഉള്ള മിക്ക രാജ്യങ്ങളും ഉൾപ്പെടുന്നു. ഈ വിദ്യാർഥികൾക്കു ലഭിച്ച നല്ല പരിശീലനം അവരുടെ സുവിശേഷവേലയിലും ഇടയവേലയിലും പഠിപ്പിക്കലിലുമെല്ലാം പ്രകടമാണെന്നു ബ്രാഞ്ചുകൾ റിപ്പോർട്ടു ചെയ്യുന്നു. വയൽസേവനത്തിൽ ബൈബിൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ ഈ സ്‌കൂളിലെ പരിശീലനം വിദ്യാർഥികളെ സഹായിക്കുന്നു. (2 തിമൊഥെയൊസ്‌ 2:15) വീട്ടുകാരന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുമ്പോൾ അവർ തിരുവെഴുത്തുകളിൽ നിന്ന്‌ ന്യായവാദം ചെയ്യൽ * എന്ന പുസ്‌തകം കൂടെക്കൂടെ ഉപയോഗിക്കുന്നു, മാത്രമല്ല അങ്ങനെ ചെയ്യാൻ മറ്റു രാജ്യഘോഷകരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെ സത്‌പ്രവൃത്തികൾ സഭയെ ശക്തിപ്പെടുത്തുന്നതോടൊപ്പം ഇവരുടെ തീക്ഷ്‌ണത മറ്റു സഭാംഗങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു.

മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിൽ പങ്കു വഹിച്ചുകൊണ്ട്‌ ‘ആട്ടിൻകൂട്ടത്തെ മേയിക്കാൻ’ ഉള്ള പദവി സഭയിലെ മൂപ്പന്മാർക്കുണ്ട്‌. (1 പത്രൊസ്‌ 5:2, 3) “ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുന്ന ചുമതലയിൽ ഞങ്ങളെ സഹായിക്കാനായി നന്നായി പരിശീലനം സിദ്ധിച്ച സഹോദരന്മാരെ ബ്രാഞ്ച്‌ ഓഫീസ്‌ അയയ്‌ക്കുന്നതിൽ ഞങ്ങൾ കൃതാർഥരാണ്‌” എന്നാണ്‌ ഒരു മൂപ്പൻ അഭിപ്രായപ്പെട്ടത്‌. വിദൂരപൗരസ്‌ത്യ ദേശത്തുള്ള ഒരു ബ്രാഞ്ചിന്റെ അഭിപ്രായം ഇതാണ്‌: “ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയവർ വളരെ സഹാനുഭൂതിയുള്ളവരും കഠിനാധ്വാനികളും ആണ്‌. അവർ സഭയുടെ ആദരവു നേടുന്നു. ഇവരുടെ താഴ്‌മ, ഊഷ്‌മളത, ഉത്സുകത എന്നിവ പ്രസിദ്ധമാണ്‌, സഭാംഗങ്ങൾ ഇവയെ വളരെയധികം വിലമതിക്കുകയും ചെയ്യുന്നു. ത്യാഗസന്നദ്ധരായ ഇവർ ഇടയന്മാരെ ആവശ്യമുള്ള സഭകളിലേക്ക്‌ സന്തോഷത്തോടെ മാറുകയും ചെയ്യുന്നു.” (ഫിലിപ്പിയർ 2:4) ഇതുപോലുള്ള പുരുഷന്മാർ സഹവിശ്വാസികൾക്ക്‌ നവോന്മേഷം പകരുകയും നമ്മുടെയൊക്കെ അഭിനന്ദനം അർഹിക്കുകയും ചെയ്യുന്നു.​—⁠1 കൊരിന്ത്യർ 16:18.

മറ്റു കാര്യങ്ങൾക്കൊപ്പം, പരസ്യപ്രസംഗകരെന്ന നിലയിലുള്ള വിദ്യാർഥികളുടെ പ്രാപ്‌തി വർധിപ്പിക്കാൻ ശുശ്രൂഷാ പരിശീലന സ്‌കൂൾ അധ്യാപകർ അവരെ സഹായിക്കുന്നു. ലഭിക്കുന്ന നിർദേശങ്ങളും ഉപദേശങ്ങളും പ്രാവർത്തികമാക്കിക്കൊണ്ട്‌ ബിരുദധാരികളിൽ പലരും പെട്ടെന്നുതന്നെ സർക്കിട്ട്‌ സമ്മേളനങ്ങളിലും ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനുകളിലും പരിപാടികൾ നടത്താൻ പ്രാപ്‌തരാകുന്നു. ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ അഭിപ്രായത്തിൽ ഇവർ “മികച്ച ന്യായവാദങ്ങളിലൂടെ വിവരങ്ങളുടെ പ്രായോഗികമൂല്യം അവതരിപ്പിച്ചുകൊണ്ട്‌ വളരെ നല്ല പ്രസംഗങ്ങൾ നടത്തുന്നു.”​—⁠1 തിമൊഥെയൊസ്‌ 4:13.

ഒരു ആഫ്രിക്കൻ രാജ്യത്ത്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ നടത്തി ബിരുദധാരികളെ വ്യത്യസ്‌ത സഭകളിൽ നിയമിച്ചത്‌ സഭായോഗങ്ങളിലെ പഠിപ്പിക്കലിന്റെ ഗുണമേന്മ വളരെയധികം മെച്ചപ്പെടുത്തി. സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മൂപ്പന്മാർ സുവിശേഷവേലയിലും ഇടയവേലയിലും പഠിപ്പിക്കലിലും സഹായഹസ്‌തം നീട്ടിക്കൊണ്ട്‌ സഭകളെ ആത്മീയമായി സ്ഥിരപ്പെടുത്തുന്നു.​—⁠എഫെസ്യർ 4:8, 11-13.

സഭകളിലെ മെച്ചപ്പെട്ട മേൽനോട്ടം

അനേക സ്ഥലങ്ങളിൽ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും കൂടുതലായി ആവശ്യമുണ്ട്‌. ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികളിൽ ആരെങ്കിലും ചെന്നില്ലായിരുന്നുവെങ്കിൽ ചില സഭകളിൽ മൂപ്പന്മാരേ ഉണ്ടാവില്ലായിരുന്നു. അതുകൊണ്ടുതന്നെ പലരെയും പരിശീലനത്തിനുശേഷം ഇതുപോലെ ആവശ്യങ്ങളുള്ള സഭകളിലേക്കാണ്‌ അയയ്‌ക്കുന്നത്‌.

ഇവർക്ക്‌ “സംഘടനാപരമായ ക്രമീകരണങ്ങളെക്കുറിച്ച്‌ ആഴമായ അറിവുണ്ട്‌.” അവർ “ഉത്തരവാദിത്വങ്ങൾ ഗൗരവമായി എടുക്കുന്നു,” “യഹോവയുടെ സംഘടനയെ മനസ്സിലാക്കാനും വിലമതിക്കാനും മറ്റുള്ളവരെ സഹായിക്കുന്നു.” ഇതിനെല്ലാം പുറമേ അവർ, “സഭയുടെ ഊഷ്‌മളമായ അന്തരീക്ഷത്തിനും ആത്മീയ പുരോഗതിക്കും വിലപ്പെട്ട സംഭാവനകൾ നൽകുന്നു,” ബ്രാഞ്ചുകളിൽനിന്നുള്ള റിപ്പോർട്ടുകളാണിവ. സ്വന്തം വിവേകത്തിൽ ഊന്നുകയോ സ്വയം ജ്ഞാനിയായി കണക്കാക്കുകയോ ചെയ്യുന്നതിനു പകരം ദൈവവചനത്തിന്റെ മാർഗനിർദേശങ്ങൾ പിന്തുടരുന്നതുകൊണ്ടാണ്‌ അവർക്കിതു സാധിക്കുന്നത്‌. (സദൃശവാക്യങ്ങൾ 3:5-7) ഈ പുരുഷന്മാർ അവർ ചെല്ലുന്ന സഭകളിൽ ആത്മീയ അനുഗ്രഹങ്ങളായി മാറുന്നു.

ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സേവിക്കുന്നു

പ്രത്യേക പയനിയർമാരായി നിയമനം ലഭിക്കുന്ന ഇവരിൽ ചിലർ അവരുടെ പ്രദേശങ്ങളിലുള്ള ഒറ്റപ്പെട്ട കൂട്ടങ്ങളെ സഭകളാക്കിമാറ്റാൻ യത്‌നിക്കുന്നു. ഇത്തരം സഹായത്തെ വിലമതിച്ചുകൊണ്ട്‌ ഗ്വാട്ടിമാലയിലെ ഒരു ഉൾപ്രദേശത്തുനിന്നുള്ള ഒരു മൂപ്പൻ പറഞ്ഞു: “ഈ വലിയ പ്രദേശം മുഴുവനും എങ്ങനെ പ്രവർത്തിക്കുമെന്ന്‌ 20 വർഷത്തോളം ഞാൻ ആശങ്കപ്പെടുകയും, മിക്കപ്പോഴും ഇക്കാര്യത്തെക്കുറിച്ച്‌ പ്രാർഥിക്കുകയും ചെയ്‌തിരുന്നു. ഇപ്പോൾ, പ്രസംഗപ്രവർത്തനത്തിലും സംഘടനാപരമായ കാര്യങ്ങളിലും . . . മികച്ച പരിശീലനം സിദ്ധിച്ച സഹോദരന്മാർ മുഖേന ഈ പ്രദേശത്തിന്‌ നല്ല ശ്രദ്ധ ലഭിച്ചുകാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്‌.”

ചിതറിക്കിടക്കുന്ന കൊച്ചു ഗ്രാമങ്ങളിൽ എത്തിച്ചേരുന്നതിനായി മലമ്പ്രദേശങ്ങളിലൂടെ വളരെ ദൂരം സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ പോലും ബിരുദധാരികൾ, അവരുടെ കാര്യക്ഷമത തെളിയിച്ചിരിക്കുന്നു. മറ്റുള്ളവർക്ക്‌ ഒന്നും ചെയ്യാനാവാത്ത ഇത്തരം ചില പ്രദേശങ്ങളിൽ ഇവർ പെട്ടെന്നുതന്നെ ഒറ്റപ്പെട്ട കൂട്ടങ്ങളെ സംഘടിപ്പിക്കുന്നതിൽ വിജയിക്കുന്നു. ദൃഷ്ടാന്തത്തിന്‌, നൈജറിലെ ഒരു മൂപ്പൻ തന്റെ പ്രദേശത്ത്‌ നല്ല പ്രവർത്തനം നടത്താൻ ബിരുദധാരികൾക്ക്‌ സാധിക്കുമെന്ന്‌ ഉറപ്പുണ്ടായിരുന്നതിനാൽ അതിനുവേണ്ടി അവരുടെ സഹായം തേടി. പ്രത്യേക പയനിയർമാരായോ സർക്കിട്ട്‌ മേൽവിചാരകന്മാരായോ സേവിക്കുന്നതിന്‌ അവിവാഹിതരായ പുരുഷന്മാർക്ക്‌ താരതമ്യേന എളുപ്പമായിരിക്കാം, വിശേഷിച്ചും ഒറ്റപ്പെട്ട വിദൂരസ്ഥലങ്ങളിൽ. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ, ഇവരും ‘നദികളിലെ ആപത്ത്‌, കള്ളന്മാരാലുള്ള ആപത്ത്‌, കാട്ടിലെ ആപത്ത്‌,’ വ്യക്തിപരമായ അസൗകര്യങ്ങൾ എന്നിവയൊക്കെ തരണം ചെയ്യണം, കൂടാതെ സഭകളെക്കുറിച്ചുള്ള ഉത്‌കണ്‌ഠകളും അവരെ അലട്ടുന്നുണ്ടാവും.​—⁠2 കൊരിന്ത്യർ 11:26-28

യുവാക്കൾക്ക്‌ പ്രയോജനം

തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കാൻ തിരുവെഴുത്തുകൾ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. (സഭാപ്രസംഗി 12:1) ഉത്സുകരായ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികൾ ക്രിസ്‌തീയ യുവജനങ്ങൾക്ക്‌ ഒരു ഉത്തമ മാതൃകയാണ്‌. ഐക്യനാടുകളിലെ ഒരു സഭയിൽ, രണ്ടു ബിരുദധാരികൾ വന്നത്‌ സഭയ്‌ക്ക്‌ വലിയ പ്രയോജനം ചെയ്‌തു. സഹോദരങ്ങൾ ശുശ്രൂഷയിൽ ചെലവഴിക്കുന്ന മൊത്തം സമയം ഇരട്ടിയായി. സാധാരണ പയനിയർമാരുടെ അഥവാ മുഴുസമയ രാജ്യഘോഷകരുടെ എണ്ണം 2-ൽ നിന്ന്‌ 11 ആയി ഉയർന്നു. ഇതുപോലുള്ള നല്ല അനുഭവങ്ങളായിരിക്കും മറ്റു സഭകൾക്കും പറയാനുണ്ടാവുക.

ശുശ്രൂഷാ പരിശീലന സ്‌കൂളിൽ ചേരുന്ന കാര്യം ചിന്തിക്കാൻ ഇവർ യുവാക്കന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതു ചിലരെ ശുശ്രൂഷാദാസന്മാരെന്ന പദവി എത്തിപ്പിടിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു. “ജീവിതം എങ്ങനെ വിനിയോഗിക്കണം എന്നു ചിന്തിക്കുന്ന യുവാക്കന്മാർക്കുള്ള ജീവിക്കുന്ന മാതൃകകൾ” എന്നാണ്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികളെ നെതർലൻഡ്‌സ്‌ ബ്രാഞ്ച്‌ വിശേഷിപ്പിക്കുന്നത്‌.

അന്യഭാഷാ സഭകളിൽ സേവിക്കുന്നു

പല രാജ്യങ്ങളിലും, ആളുകളോട്‌ അവരുടെ മാതൃഭാഷയിൽ സുവാർത്ത പറയാനുള്ള ശ്രമങ്ങൾ ഊർജിതമാകുന്നുണ്ട്‌. ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികൾ മിക്കപ്പോഴും മറ്റു ഭാഷകൾ പഠിക്കുകയും വലിയ കുടിയേറ്റ സമൂഹങ്ങളുള്ള പ്രദേശങ്ങളിൽ സേവനമനുഷ്‌ഠിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ ബെൽജിയത്തിൽ, അൽബേനിയൻ, പേർഷ്യൻ, റഷ്യൻ എന്നീ ഭാഷകളിൽ കൂടുതൽ രാജ്യപ്രസംഗകരെ ആവശ്യമുണ്ട്‌.

ഇറ്റലി, ഐക്യനാടുകൾ, ജർമനി, ബ്രിട്ടൻ, മെക്‌സിക്കോ എന്നിവിടങ്ങളിലെയും മറ്റു പല രാജ്യങ്ങളിലെയും അന്യഭാഷാ സഭകളും കൂട്ടങ്ങളും ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികളായ സഞ്ചാര മേൽവിചാരകന്മാരുടെയും മൂപ്പന്മാരുടെയും ശുശ്രൂഷാദാസന്മാരുടെയും സേവനത്തിൽനിന്ന്‌ ഇപ്പോൾത്തന്നെ വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്‌. “അന്യഭാഷാ സഭകളെയും കൂട്ടങ്ങളെയും സഹായിക്കുന്നതിൽ 200-ലധികം ബിരുദധാരികൾ ഒരു പ്രധാനപങ്കു വഹിക്കുന്നു”വെന്ന്‌ കൊറിയ ബ്രാഞ്ച്‌ റിപ്പോർട്ട്‌ ചെയ്യുന്നു.

താഴ്‌മയോടെ മറ്റു പദവികളിൽ സേവിക്കുന്നു

അന്യഭാഷാ കൂട്ടങ്ങളെയും സഭകളെയും സേവിക്കുന്നതിനു പുറമേ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികൾ ശുശ്രൂഷാദാസന്മാരായും മൂപ്പന്മാരായും സഞ്ചാരമേൽവിചാരകന്മാരായും സേവിക്കുന്നു. ചിലർ മറ്റു രാജ്യങ്ങളിൽ നിയമനം സ്വീകരിക്കുന്നു. അതൊരുപക്ഷേ ഒരു ബ്രാഞ്ച്‌ ഓഫീസിലെ സേവന ഡിപ്പാർട്ടുമെന്റിൽ അടിയന്തിര ആവശ്യം നിറവേറ്റുന്നതിനു വേണ്ടിയായിരിക്കാം. നിർമാണ പ്രവർത്തനങ്ങളിൽ കഴിവുള്ളവർ രാജ്യഹാൾ നിർമാണ പരിപാടിയിൽ പങ്കുപറ്റിയേക്കാം.

സഭകളുടെയും സർക്കിട്ടുകളുടെയും ലോകമെമ്പാടുമുള്ള വർധന കൂടുതൽ സഞ്ചാരമേൽവിചാരകന്മാരെ ആവശ്യമാക്കിത്തീർക്കുന്നു. നിരന്തരമുള്ള ഈ ആവശ്യം നേരിടുന്നതിന്‌ ശുശ്രൂഷാ പരിശീലന സ്‌കൂൾ ബിരുദധാരികളിൽ ചിലരെ തിരഞ്ഞെടുത്ത്‌ അവർക്ക്‌ സഞ്ചാരവേലയ്‌ക്കായി പത്ത്‌ ആഴ്‌ചത്തെ പരിശീലനം നൽകുന്നു. തുടർന്നവർ സർക്കിട്ട്‌ മേൽവിചാരകന്മാരായോ അവരുടെ പകരക്കാരായോ സേവിക്കുന്നു. 97 രാജ്യങ്ങളിലായി ഏതാണ്ട്‌ 1,300 ബിരുദധാരികൾ ഇപ്പോൾ സഞ്ചാരമേൽവിചാരകന്മാരായി സേവിക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്ത്‌, സഞ്ചാരമേൽവിചാരകന്മാരിൽ 55 ശതമാനവും ശുശ്രൂഷാ പരിശീലന സ്‌കൂളിൽനിന്നു പരിശീലനം പൂർത്തിയാക്കിയവരാണ്‌. മറ്റൊരു ആഫ്രിക്കൻ രാജ്യത്ത്‌ ഈ കണക്ക്‌ 70 ശതമാനമാണ്‌.

ഐക്യനാടുകൾ, ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്‌, വിദൂര പൗരസ്‌ത്യ ദേശങ്ങൾ, ഇവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന്‌ ബിരുദധാരികളെ വിദേശരാജ്യങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കുവേണ്ടി അയച്ചിട്ടുണ്ട്‌. സ്‌കൂളിൽനിന്നുള്ള പ്രയോജനം അങ്ങനെ ലോകമെമ്പാടും എത്തുന്നു.

രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി ഈ അന്ത്യകാലത്ത്‌ തന്റെ പുത്രനായ യേശുക്രിസ്‌തു മുഖാന്തരം യഹോവയാം ദൈവം സുവിശേഷകരെയും ഇടയന്മാരെയും ഉപദേഷ്ടാക്കന്മാരെയും മറ്റും നിയോഗിച്ചിരിക്കുന്നു. ദൈവജനത്തിന്റെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടോ? തീർച്ചയായും! അതുകൊണ്ട്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ എത്തിപ്പിടിക്കുന്നതിനായി അർപ്പണബോധമുള്ള പുരുഷന്മാരെ ഇനിയും ആവശ്യമുണ്ട്‌, അവരുടെ ആവശ്യം സദാ വർധിച്ചുവരികയുമാണ്‌. (യെശയ്യാവു 60:22; 1 തിമൊഥെയൊസ്‌ 3:1, 13) തങ്ങൾക്കുതന്നെയും ലോകവ്യാപക വയലിൽ ഉള്ളവർക്കും വളരെ പ്രയോജനം കൈവരുത്തുന്ന രീതിയിൽ ശുശ്രൂഷ വികസിപ്പിക്കാൻ ശുശ്രൂഷാ പരിശീലന സ്‌കൂൾ മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും സജ്ജരാക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 11 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[10-ാം പേജിലെ ചിത്രങ്ങൾ]

ശുശ്രൂഷാ പരിശീലന സ്‌കൂൾ ലോകമെങ്ങും രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നു

[13-ാം പേജിലെ ചിത്രങ്ങൾ]

ശുശ്രൂഷാ പരിശീലന സ്‌കൂളിൽ ചേരാനും മറ്റുള്ളവരെ സഹായിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവോ?