വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അയൽക്കാരനെ സ്‌നേഹിക്കുക എന്നതിന്റെ അർഥം

അയൽക്കാരനെ സ്‌നേഹിക്കുക എന്നതിന്റെ അർഥം

അയൽക്കാരനെ സ്‌നേഹിക്കുക എന്നതിന്റെ അർഥം

“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.”​—⁠മത്തായി 22:​39, പി.ഒ.സി. ബൈബിൾ.

1. ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു നാം പ്രകടമാക്കുന്നത്‌ എങ്ങനെ?

യഹോവ തന്റെ ആരാധനകരിൽനിന്ന്‌ എന്താണ്‌ ആവശ്യപ്പെടുന്നത്‌? ലളിതവും അർഥപൂർണവുമായ ഏതാനും വാക്കുകളിൽ യേശു അതിനുള്ള ഉത്തരം നൽകി. പൂർണഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ യഹോവയെ സ്‌നേഹിക്കണം എന്നതാണ്‌ ഏറ്റവും വലിയ കൽപ്പന എന്ന്‌ യേശു പറയുകയുണ്ടായി. (മത്തായി 22:37; മർക്കൊസ്‌ 12:30) യഹോവയെ സ്‌നേഹിക്കുന്നതിൽ അവൻ പ്രകടമാക്കിയിരിക്കുന്ന സ്‌നേഹത്തോടുള്ള പ്രതികരണമായി അവനെ അനുസരിക്കുന്നതും അവന്റെ കൽപ്പനകൾ പാലിക്കുന്നതുമാണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ മുൻലേഖനത്തിൽ നാം കണ്ടുകഴിഞ്ഞു. ദൈവത്തെ സ്‌നേഹിക്കുന്നവർക്ക്‌ അവന്റെ ഇഷ്ടം ചെയ്യുക എന്നത്‌ സന്തോഷദായകമായ ഒരനുഭവമാണ്‌, ഒരിക്കലും ഒരു ഭാരമല്ല.​—⁠സങ്കീർത്തനം 40:8; 1 യോഹന്നാൻ 5:2, 3.

2, 3. അയൽക്കാരനെ സ്‌നേഹിക്കാനുള്ള കൽപ്പനയ്‌ക്കു നാം ശ്രദ്ധ നൽകേണ്ടത്‌ എന്തുകൊണ്ട്‌, ഇതിനോടുള്ള ബന്ധത്തിൽ ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവരുന്നു?

2 പ്രധാനപ്പെട്ട രണ്ടാമത്തെ കൽപ്പന എന്ന നിലയിൽ യേശു പറഞ്ഞത്‌ ആദ്യകൽപ്പനയുമായി ബന്ധപ്പെട്ടിരിക്കുന്നു: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” (മത്തായി 22:​39) ഈ കൽപ്പനയ്‌ക്കാണ്‌ നാം ഇപ്പോൾ ശ്രദ്ധ നൽകാൻ പോകുന്നത്‌, അതിന്‌ തക്ക കാരണവുമുണ്ട്‌. സ്വാർഥതയുടെയും വക്രതയുടെയും മൂടുപടമണിഞ്ഞ സ്‌നേഹം മുഖമുദ്രയായുള്ള ഒരു കാലത്താണു നാം ജീവിക്കുന്നത്‌. “അന്ത്യകാല”ത്തെക്കുറിച്ചുള്ള തന്റെ നിശ്വസ്‌ത വിവരണത്തിൽ, ആളുകൾ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനു പകരം തങ്ങളെത്തന്നെയും പണത്തെയും ഉല്ലാസത്തെയും സ്‌നേഹിക്കുന്നവരായിരിക്കുമെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. അനേകരും ‘വാത്സല്യമില്ലാത്തവർ’ ആയിരിക്കും. അല്ലെങ്കിൽ മറ്റൊരു ബൈബിൾ ഭാഷാന്തരം പറയുന്നതുപോലെ ‘കുടുംബാംഗങ്ങളോട്‌ സ്വാഭാവിക പ്രിയം ഇല്ലാത്തവർ’ ആയിരിക്കും. (2 തിമൊഥെയൊസ്‌ 3:1-4) യേശുക്രിസ്‌തു ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “പലരും . . . അന്യോന്യം ഏല്‌പിച്ചുകൊടുക്കയും അന്യോന്യം പകെക്കയും ചെയ്യും. . . . അനേകരുടെ സ്‌നേഹം തണുത്തുപോകും.”​—⁠മത്തായി 24:10, 12.

3 എന്നിരുന്നാലും എല്ലാവരുടെയും സ്‌നേഹം തണുത്തുപോകും എന്ന്‌ യേശു പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക. യഹോവ ആവശ്യപ്പെടുന്നതും അർഹിക്കുന്നതുമായ തരം സ്‌നേഹം പ്രകടമാക്കുന്ന ആളുകൾ എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്‌, എന്നും ഉണ്ടായിരിക്കുകയും ചെയ്യും. യഹോവയെ യഥാർഥമായി സ്‌നേഹിക്കുന്നവർ മറ്റുള്ളവരെ അവൻ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ ശ്രമിക്കും. എന്നാൽ നാം സ്‌നേഹിക്കേണ്ട അയൽക്കാരൻ ആരാണ്‌? നമ്മുടെ അയൽക്കാരനോട്‌ നാം എങ്ങനെയാണു സ്‌നേഹം പ്രകടമാക്കേണ്ടത്‌? ഈ സുപ്രധാന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കും.

എന്റെ അയൽക്കാരൻ ആരാണ്‌?

4. ലേവ്യപുസ്‌തകം 19-ാം അധ്യായം അനുസരിച്ച്‌ യഹൂദന്മാർ ആരെയാണ്‌ സ്‌നേഹിക്കേണ്ടിയിരുന്നത്‌?

4 അയൽക്കാരനെ തന്നെപ്പോലെതന്നെ സ്‌നേഹിക്കണം എന്നതാണ്‌ പ്രധാനപ്പെട്ട രണ്ടാമത്തെ കൽപ്പനയെന്ന്‌ യേശു പരീശനോടു പറഞ്ഞപ്പോൾ, ഇസ്രായേല്യർക്കു നൽകിയ ഒരു പ്രത്യേക നിയമത്തെ അവൻ പരാമർശിക്കുകയായിരുന്നു. ലേവ്യപുസ്‌തകം 19:​18-ൽ അതു കാണാം. യഹൂദന്മാർ സഹയിസ്രായേല്യർക്കു പുറമേ മറ്റുള്ളവരെയും തങ്ങളുടെ അയൽക്കാരായി വീക്ഷിക്കണമെന്ന കൽപ്പനയും അതേ അധ്യായത്തിൽത്തന്നെയുണ്ട്‌. 34-ാം വാക്യം പറയുന്നു: “നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.” അതുകൊണ്ട്‌, യഹൂദർ അല്ലാത്തവരോട്‌, പ്രത്യേകിച്ച്‌ യഹൂദമതപരിവർത്തിതരോട്‌ സ്‌നേഹത്തോടെ വേണമായിരുന്നു അവർ ഇടപെടാൻ.

5. അയൽക്കാരനെ സ്‌നേഹിക്കുക എന്നതിനെ യഹൂദന്മാർ മനസ്സിലാക്കിയത്‌ എങ്ങനെ?

5 എങ്കിലും, യേശുവിന്റെ നാളിലെ യഹൂദ നേതാക്കന്മാർക്ക്‌ ഇക്കാര്യത്തിൽ വ്യത്യസ്‌തമായ ഒരു നിലപാടാണ്‌ ഉണ്ടായിരുന്നത്‌. “കൂട്ടുകാരൻ,” “അയൽക്കാരൻ” എന്നീ പദങ്ങൾകൊണ്ട്‌ യഹൂദന്മാരെ മാത്രമാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നാണ്‌ അവരിൽ ചിലർ പഠിപ്പിച്ചിരുന്നത്‌. യഹൂദർ അല്ലാത്തവരെ വെറുക്കേണ്ടിയിരുന്നു. യഹോവയെ ആരാധിക്കുന്നവർ അങ്ങനെ ചെയ്യാത്തവരെ വെറുപ്പോടെ വീക്ഷിക്കണമെന്നും ആ ഉപദേഷ്ടാക്കൾ വാദിച്ചു. “വിദ്വേഷത്തെ ഊട്ടിവളർത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയ അത്തരമൊരു അന്തരീക്ഷത്തിൽ അതു തഴച്ചുവളർന്നില്ലെങ്കിലേ അതിശയമുള്ളൂ” എന്ന്‌ ഒരു പരാമർശകൃതി അഭിപ്രായപ്പെടുന്നു.

6. അയൽക്കാരെ സ്‌നേഹിക്കുന്നതു സംബന്ധിച്ചു പറയവേ യേശു ഏതു രണ്ടു കാര്യങ്ങൾ വ്യക്തമാക്കി?

6 ഗിരിപ്രഭാഷണത്തിൽ യേശു ഇതേക്കുറിച്ചു പരാമർശിച്ചു. ആരെയാണു സ്‌നേഹിക്കേണ്ടതെന്ന്‌ അവിടെ അവൻ വ്യക്തമാക്കുകയുണ്ടായി. അവൻ പറഞ്ഞു: “കൂട്ടുകാരനെ [“അയൽക്കാരനെ,” പി.ഒ.സി.] സ്‌നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രൻമാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:43-45) രണ്ടു കാര്യങ്ങളാണ്‌ യേശു ഇവിടെ പറയുന്നത്‌. നല്ലവരോടും ദുഷ്ടന്മാരോടും യഹോവ ഔദാര്യവും ദയയും കാണിക്കുന്നുവെന്നതാണ്‌ ഒന്നാമത്തേത്‌. രണ്ടാമത്തേതാകട്ടെ, നാം അവന്റെ മാതൃക പിൻപറ്റണമെന്നതും.

7. നല്ല അയൽക്കാരനെക്കുറിച്ചുള്ള ഉപമ നമ്മെ എന്തു പഠിപ്പിക്കുന്നു?

7 മറ്റൊരു സന്ദർഭത്തിൽ ന്യായപ്രമാണം സംബന്ധിച്ച്‌ പാണ്ഡിത്യമുള്ള ഒരു യഹൂദൻ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: “ആരാണ്‌ എന്റെ അയൽക്കാരൻ?” (പി.ഒ.സി.) കൊള്ളക്കാരുടെ ആക്രമണത്തിന്‌ ഇരയായി കൈവശമുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട്‌ വഴിയിൽ കിടക്കുന്ന ഒരു യഹൂദനെ കണ്ട ശമര്യക്കാരനെക്കുറിച്ചുള്ള ഒരു ഉപമ പറഞ്ഞുകൊണ്ടാണ്‌ യേശു അതിന്‌ ഉത്തരം കൊടുത്തത്‌. പൊതുവേ യഹൂദന്മാർക്ക്‌ ശമര്യക്കാരോട്‌ വെറുപ്പായിരുന്നെങ്കിലും പ്രസ്‌തുത ശമര്യക്കാരൻ ആ മനുഷ്യന്റെ മുറിവ്‌ വെച്ചുകെട്ടുകയും സുഖംപ്രാപിക്കാനായി അയാളെ ഒരു സത്രത്തിൽ കൊണ്ടുചെന്നാക്കുകയും ചെയ്‌തു. എന്തു പാഠമാണ്‌ അതു പഠിപ്പിക്കുന്നത്‌? അയൽക്കാരോടുള്ള സ്‌നേഹം സ്വന്തം വർഗത്തിലും രാഷ്‌ട്രത്തിലും മതത്തിലും പെട്ട ആളുകളിൽ മാത്രമായി ഒതുക്കിനിറുത്തരുത്‌ എന്ന്‌.​—⁠ലൂക്കൊസ്‌ 10:25, 29, 30, 33-37.

അയൽക്കാരനെ സ്‌നേഹിക്കുക എന്നതിന്റെ അർഥം

8. സ്‌നേഹം പ്രകടമാക്കേണ്ട വിധം സംബന്ധിച്ച്‌ ലേവ്യപുസ്‌തകം 19-ാം അധ്യായം എന്തു പറയുന്നു?

8 ദൈവത്തോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിലെന്നതുപോലെതന്നെ, അയൽക്കാരനോടുള്ള സ്‌നേഹവും കേവലം ഒരു വികാരമല്ല, അതിൽ പ്രവൃത്തി ഉൾപ്പെട്ടിരിക്കുന്നു. ലേവ്യപുസ്‌തകം 19-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, അയൽക്കാരനെ തങ്ങളെപ്പോലെതന്നെ സ്‌നേഹിക്കുക എന്ന കൽപ്പനയുടെ സന്ദർഭം വിശദമായി പരിശോധിക്കുന്നത്‌ ഇതേക്കുറിച്ചു മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും. വിളവെടുക്കുമ്പോൾ ഇസ്രായേല്യർ ദരിദ്രരെയും പരദേശികളെയും ഉൾപ്പെടുത്തേണ്ടിയിരുന്നതായി അവിടെ നമുക്കു കാണാം. ആ സ്ഥിതിക്ക്‌, മോഷണം, ചതി, വഞ്ചന ഇവയ്‌ക്കൊന്നും ഉള്ള യാതൊരു സാഹചര്യവും അവിടെ ഇല്ലായിരുന്നു. നീതിന്യായപരമായ കാര്യങ്ങളിൽ ഇസ്രായേല്യർ പക്ഷപാതം കാണിക്കരുതായിരുന്നു. ആവശ്യമായിവരുമ്പോൾ ശാസന നൽകേണ്ടിയിരുന്നെങ്കിലും അവരോടു വ്യക്തമായി ഇങ്ങനെ കൽപ്പിച്ചിരുന്നു: “സഹോദരനെ നിന്റെ ഹൃദയത്തിൽ ദ്വേഷിക്കരുത്‌.” ഇവയും മറ്റു നിരവധി കൽപ്പനകളും പിൻവരുന്ന വാക്കുകളിൽ അടങ്ങിയിരിക്കുന്നു: “നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” (പി.ഒ.സി.)​—⁠ലേവ്യപുസ്‌തകം 19:9-11, 15, 17, 18.

9. മറ്റു ജനതകളിൽനിന്നു വിട്ടുനിൽക്കാൻ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചത്‌ എന്തുകൊണ്ട്‌?

9 ഇസ്രായേല്യർ മറ്റുള്ളവരെ സ്‌നേഹിക്കേണ്ടിയിരുന്നെങ്കിലും, വ്യാജാരാധകരിൽനിന്ന്‌ അവർ അകന്നു നിൽക്കണമായിരുന്നു. മോശമായ സഹവാസത്തിന്റെ തിക്തഫലങ്ങളെക്കുറിച്ച്‌ യഹോവ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു. ഉദാഹരണത്തിന്‌, ഇസ്രായേല്യർ നീക്കിക്കളയേണ്ടിയിരുന്ന ജനതകളോടുള്ള ബന്ധത്തിൽ യഹോവ ഇങ്ങനെ കൽപ്പിച്ചു: “അവരുമായി വിവാഹസംബന്ധം ചെയ്യരുതു; നിന്റെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു എടുക്കയോ ചെയ്യരുതു. അന്യദൈവങ്ങളെ സേവിപ്പാൻ തക്കവണ്ണം അവർ നിന്റെ പുത്രന്മാരെ എന്നോടു അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങൾക്കു വിരോധമായി ജ്വലി”ക്കും.​—⁠ആവർത്തനപുസ്‌തകം 7:3, 4.

10. എന്തിനെതിരെ നാം ജാഗ്രത പാലിക്കണം?

10 സമാനമായി, തങ്ങളുടെ വിശ്വാസത്തിനു ഭീഷണി ആയിത്തീർന്നേക്കാവുന്നവരുമായി അടുത്ത സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കാതിരിക്കാൻ ക്രിസ്‌ത്യാനികൾ ജാഗ്രതയുള്ളവരാണ്‌. (1 കൊരിന്ത്യർ 15:33) “നിങ്ങൾ അവിശ്വാസി”കളുമായി, അതായത്‌ ക്രിസ്‌തീയ സഭയുടെ ഭാഗമല്ലാത്തവരുമായി “ഇണയല്ലാപ്പിണ കൂടരുത്‌” എന്ന്‌ തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (2 കൊരിന്ത്യർ 6:14) ക്രിസ്‌ത്യാനികൾ “കർത്താവിൽ . . . മാത്രമേ” വിവാഹം ചെയ്യാവൂ എന്നും അതു നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 7:39) എങ്കിലും യഹോവയെ ആരാധിക്കാത്തവരെ നാം ഒരിക്കലും അവജ്ഞയോടെ വീക്ഷിക്കരുത്‌. ക്രിസ്‌തു പാപികൾക്കുവേണ്ടിയാണ്‌ മരിച്ചത്‌. മോശമായ കാര്യങ്ങൾ ചെയ്‌തിരുന്ന പലരും മാറ്റങ്ങൾവരുത്തി ദൈവവുമായി ഒരു നല്ല ബന്ധത്തിൽ വന്നിരിക്കുന്നു.​—⁠റോമർ 5:8; 1 കൊരിന്ത്യർ 6:9-11.

11. യഹോവയെ സേവിക്കാത്തവരോടു സ്‌നേഹം പ്രകടമാക്കാനുള്ള ഏറ്റവും നല്ല മാർഗം ഏത്‌, എന്തുകൊണ്ട്‌?

11 ദൈവത്തെ സേവിക്കാത്തവരോടു സ്‌നേഹം കാണിക്കാനുള്ള ഏറ്റവും നല്ല മാർഗം യഹോവയെ അനുകരിക്കുക എന്നതാണ്‌. അവൻ ദുഷ്ടത ഇഷ്ടപ്പെടുന്നില്ലെങ്കിലും, തങ്ങളുടെ മോശമായ വഴികൾ വിട്ടുതിരിഞ്ഞ്‌ നിത്യജീവൻ നേടാനുള്ള അവസരം നൽകിക്കൊണ്ട്‌ അവൻ എല്ലാവരോടും സ്‌നേഹദയ പ്രകടമാക്കുന്നു. (യെഹെസ്‌കേൽ 18:23) “എല്ലാവരും മാനസാന്തരപ്പെ”ടാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (2 പത്രൊസ്‌ 3:9) “സകലമനുഷ്യരും രക്ഷപ്രാപി”ക്കുകയും “സത്യത്തിന്റെ പരിജ്ഞാനത്തിൽ” എത്തുകയും ചെയ്യുക എന്നതാണ്‌ ദൈവേഷ്ടം. (1 തിമൊഥെയൊസ്‌ 2:4) അതുകൊണ്ടാണ്‌, പ്രസംഗിക്കാനും പഠിപ്പിക്കാനും “സകലജാതികളെയും ശിഷ്യ”രാക്കാനും ഉള്ള നിയോഗം യേശു തന്റെ അനുഗാമികൾക്കു നൽകിയത്‌. (മത്തായി 28:19, 20) ഈ വേലയിൽ പങ്കെടുക്കുകവഴി ദൈവത്തോടും അയൽക്കാരനോടും എന്തിന്‌, ശത്രുക്കളോടുപോലും നാം സ്‌നേഹം പ്രകടമാക്കുന്നു!

ക്രിസ്‌തീയ സഹോദരങ്ങളോടുള്ള സ്‌നേഹം

12. സഹോദരനെ സ്‌നേഹിക്കുന്നതു സംബന്ധിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ എന്തെഴുതി?

12 അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.” (ഗലാത്യർ 6:10) ക്രിസ്‌ത്യാനികളെന്ന നിലയിൽ സഹവിശ്വാസികളോട്‌, അതായത്‌ നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരോടു സ്‌നേഹം കാണിക്കാനുള്ള കടപ്പാടു നമുക്കുണ്ട്‌. ഈ സ്‌നേഹം എത്ര പ്രധാനമാണ്‌? അതു വ്യക്തമാക്കിക്കൊണ്ട്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “സഹോദരനെ പകെക്കുന്നവൻ എല്ലാം കുലപാതകൻ ആകുന്നു. . . . ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിപ്പാൻ കഴിയുന്നതല്ല.” (1 യോഹന്നാൻ 3:15; 4:20) എത്ര ശക്തമായ വാക്കുകൾ! ‘കൊലപാതകൻ,’ ‘ഭോഷ്‌കു പറയുന്നവൻ’ എന്നീ പദങ്ങൾ യേശുക്രിസ്‌തു പിശാചായ സാത്താനു ബാധകമാക്കുകയുണ്ടായി. (യോഹന്നാൻ 8:​44) നമ്മെ ആരും അങ്ങനെ വിളിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.

13. സഹവിശ്വാസികളോടു നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ സ്‌നേഹം പ്രകടമാക്കാം?

13 “അന്യോന്യം സ്‌നേഹിപ്പാൻ” സത്യക്രിസ്‌ത്യാനികൾ “ദൈവത്താൽ ഉപദേശം പ്രാപി”ച്ചുകൊണ്ടിരിക്കുകയാണ്‌. (1 തെസ്സലൊനീക്യർ 4:9) “വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും” ആണ്‌ നാം സ്‌നേഹിക്കേണ്ടത്‌. (1 യോഹന്നാൻ 3:18) നമ്മുടെ സ്‌നേഹം “നിർവ്യാജം” ആയിരിക്കണം. (റോമർ 12:9) അസൂയ, അഹങ്കാരം, ധിക്കാരം, സ്വാർഥത എന്നിവയ്‌ക്കു പകരം ദയയും അനുകമ്പയും ക്ഷമയും ദീർഘക്ഷമയും പ്രകടമാക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (1 കൊരിന്ത്യർ 13:4, 5; എഫെസ്യർ 4:32) “അന്യോന്യം സേവി”ക്കാൻ അതു നമ്മെ പ്രചോദിപ്പിക്കുന്നു. (ഗലാത്യർ 5:13) യേശു തന്റെ ശിഷ്യന്മാരോട്‌, താൻ അവരെ സ്‌നേഹിച്ചതുപോലെ അവരും തമ്മിൽ തമ്മിൽ സ്‌നേഹിക്കണമെന്നു പറയുകയുണ്ടായി. (യോഹന്നാൻ 13:34) അതുകൊണ്ട്‌ സഹവിശ്വാസികൾക്കുവേണ്ടി ആവശ്യമെങ്കിൽ തന്റെ ജീവൻപോലും നൽകാൻ ഒരു ക്രിസ്‌ത്യാനി സന്നദ്ധനായിരിക്കണം.

14. കുടുംബത്തിൽ നമുക്ക്‌ എങ്ങനെ സ്‌നേഹം പ്രകടമാക്കാം?

14 ക്രിസ്‌തീയ കുടുംബത്തിൽ, പ്രത്യേകിച്ച്‌ ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്‌നേഹം പ്രകടമാക്കേണ്ടതാണ്‌. വിവാഹിതർക്കിടയിലേത്‌ എത്ര ഉറ്റബന്ധമാണെന്ന്‌ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ വ്യക്തമാക്കുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു.” തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഭാര്യയെ സ്‌നേഹിക്കുന്നവൻ തന്നെത്താൻ സ്‌നേഹിക്കുന്നു.” (എഫെസ്യർ 5:28) 32-ാം വാക്യത്തിൽ പൗലൊസ്‌ ഈ ഉദ്‌ബോധനം ആവർത്തിക്കുന്നതായി കാണാം. ഭാര്യയെ സ്‌നേഹിക്കുന്ന ഭർത്താവ്‌, മലാഖിയുടെ നാളിൽ തങ്ങളുടെ ഇണകളോടു വഞ്ചന കാണിച്ച ഇസ്രായേല്യരെ അനുകരിക്കുകയില്ല. (മലാഖി 2:14) അയാൾ ഭാര്യയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യും. ക്രിസ്‌തു സഭയെ സ്‌നേഹിച്ചതുപോലെ ആയിരിക്കും അയാൾ ഭാര്യയെ സ്‌നേഹിക്കുക. അതുപോലെ ഭർത്താവിനെ ബഹുമാനിക്കാൻ സ്‌നേഹം ഭാര്യയെയും പ്രേരിപ്പിക്കും.​—⁠എഫെസ്യർ 5:​25, 29-32.

15. സഹോദരസ്‌നേഹം പ്രവൃത്തിപഥത്തിൽവരുന്നതു കണ്ട ചിലർ എന്തു പറയാനും പ്രവർത്തിക്കാനും പ്രേരിതരായി?

15 ഇത്തരം സ്‌നേഹം സത്യക്രിസ്‌ത്യാനികളുടെ മുഖമുദ്രയാണ്‌. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) നമുക്കിടയിലെ സ്‌നേഹം, നാം സ്‌നേഹിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന ദൈവത്തിലേക്ക്‌ ആളുകളെ ആകർഷിക്കുന്നു. മൊസാമ്പിക്കിലെ ഒരു സാക്ഷിക്കുടുംബത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ടു ശ്രദ്ധിക്കുക. “ജീവിതത്തിൽ ആദ്യമായാണ്‌ ഞങ്ങൾ ഇങ്ങനെയൊന്നു കാണുന്നത്‌. ഒരു ദിവസം ഉച്ചകഴിഞ്ഞ്‌ ശക്തമായ കാറ്റടിക്കാൻ തുടങ്ങി. തുടർന്ന്‌ കനത്ത മഴയും ആലിപ്പഴവർഷവും. ഈറ്റകൊണ്ടു നിർമിച്ച ഞങ്ങളുടെ വീടു തകർന്നു, വീടു മേഞ്ഞിരുന്ന തകരംകൊണ്ടുള്ള ഷീറ്റുകൾ പറന്നുപോയി. അയൽ സഭകളിൽനിന്നുള്ള സഹോദരങ്ങൾവന്ന്‌ വീട്‌ പുനർനിർമിക്കാൻ സഹായിക്കുന്നതുകണ്ട്‌ അന്തംവിട്ടുപോയ അയൽക്കാർ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ മതം കൊള്ളാമല്ലോ. ഞങ്ങളുടെ പള്ളയിൽനിന്ന്‌ ഒരിക്കലും ഇങ്ങനെയൊരു സഹായം ലഭിച്ചിട്ടില്ല.’ ബൈബിളിൽനിന്ന്‌ ഞങ്ങൾ യോഹന്നാൻ 13:34, 35 അവരെ കാണിച്ചു. അയൽക്കാരിൽ പലരും ഇപ്പോൾ ബൈബിൾ പഠിച്ചുകൊണ്ടിരിക്കുകയാണ്‌.”

വ്യക്തികളോടുള്ള സ്‌നേഹം

16. ഒരു കൂട്ടത്തെ സ്‌നേഹിക്കുന്നതും വ്യക്തിതലത്തിലേക്ക്‌ ഇറങ്ങിച്ചെന്നു സ്‌നേഹിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്ത്‌?

16 അയൽക്കാരെ ഒന്നടങ്കം, ഒരു കൂട്ടമെന്ന നിലയിൽ സ്‌നേഹിക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വ്യക്തിതലത്തിലേക്ക്‌ ഇറങ്ങിച്ചെന്നു സ്‌നേഹിക്കുക എന്നത്‌ ഒരു വെല്ലുവിളിയായിത്തീർന്നേക്കാം. ഉദാഹരണത്തിന്‌, ഏതെങ്കിലും ധർമസംഘടനകൾക്ക്‌ ഒരു തുക സംഭാവന ചെയ്‌തുകൊണ്ടാണ്‌ ചിലർ തങ്ങളുടെ അയൽസ്‌നേഹം പ്രകടമാക്കുന്നത്‌. നമ്മോട്‌ യാതൊരു പരിഗണനയും കാണിക്കുന്നില്ലെന്നു തോന്നുന്ന ഒരു സഹജോലിക്കാരനോടോ തൊട്ടടുത്തു താമസിക്കുന്ന പ്രശ്‌നക്കാരനായ ഒരാളോടോ നമ്മെ നിരാശപ്പെടുത്തുന്ന ഒരു സുഹൃത്തിനോടോ സ്‌നേഹം പ്രകടിപ്പിക്കുന്നതിനെക്കാൾ വളരെ എളുപ്പമാണ്‌ അയൽക്കാരനെ സ്‌നേഹിക്കുന്നുവെന്ന്‌ വായ്‌കൊണ്ടു പറയാൻ.

17, 18. യേശു വ്യക്തിപരമായ തലത്തിൽ സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ, എന്ത്‌ ഉദ്ദേശ്യത്തിൽ?

17 വ്യക്തികളോടു സ്‌നേഹം പ്രകടമാക്കുന്നതിൽ, ദൈവത്തിന്റെ ഗുണങ്ങൾ പൂർണമായി പ്രതിഫലിപ്പിച്ച യേശുവിൽനിന്ന്‌ നമുക്കു പഠിക്കാവുന്നതാണ്‌. ലോകത്തിന്റെ പാപം നീക്കാനാണ്‌ യേശു ഭൂമിയിലേക്കു വന്നതെങ്കിലും അവൻ ആളുകളോടു വ്യക്തിഗതമായി സ്‌നേഹം പ്രകടമാക്കി. രോഗം ബാധിച്ച ഒരു സ്‌ത്രീയോടും ഒരു കുഷ്‌ഠരോഗിയോടും ഒരു കുട്ടിയോടും ഉള്ള ബന്ധത്തിൽ അവൻ ചെയ്‌തത്‌ അതിന്‌ ഉദാഹരണമാണ്‌. (മത്തായി 9:20-22; മർക്കൊസ്‌ 1:40-42; 7:26, 29, 30; യോഹന്നാൻ 1:29) സമാനമായി, ദൈനംദിനം നമുക്ക്‌ ഇടപെടേണ്ടിവരുന്ന വ്യക്തികളോടു പെരുമാറുന്ന വിധത്തിലൂടെ നാം അയൽക്കാരോടു സ്‌നേഹം പ്രകടമാക്കുന്നു.

18 അയൽക്കാരോടുള്ള സ്‌നേഹം ദൈവത്തോടുള്ള സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്‌തുത നാം ഒരിക്കലും മറന്നുകളയരുത്‌. യേശു ദരിദ്രരെ സഹായിക്കുകയും രോഗികളെ സൗഖ്യമാക്കുകയും വിശന്നുവലഞ്ഞവരുടെ വിശപ്പടക്കുകയും ചെയ്‌തെങ്കിലും അതിന്റെയും അതുപോലെതന്നെ ജനക്കൂട്ടത്തെ പഠിപ്പിച്ചതിന്റെയും ഉദ്ദേശ്യം യഹോവയുമായി നിരപ്പിൽവരാൻ അവരെ സഹായിക്കുക എന്നതായിരുന്നു. (2 കൊരിന്ത്യർ 5:19) ദൈവമഹത്ത്വത്തിനായാണ്‌ യേശു ഇതെല്ലാം ചെയ്‌തത്‌, താൻ സ്‌നേഹിക്കുന്ന ദൈവത്തെയാണ്‌ താൻ പ്രതിനിധീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നത്‌ എന്ന വസ്‌തുത സദാ മനസ്സിൽപ്പിടിച്ചുകൊണ്ടുതന്നെ. (1 കൊരിന്ത്യർ 10:31) യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ നമുക്കും അയൽക്കാരോട്‌ നിസ്വാർഥ സ്‌നേഹം പ്രകടമാക്കാനും അതേസമയം ദുഷ്ട മനുഷ്യവർഗലോകത്തിന്റെ ഭാഗമല്ലാതിരിക്കാനും സാധിക്കും.

അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്‌നേഹിക്കുന്നത്‌ എങ്ങനെ?

19, 20. അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്‌നേഹിക്കുക എന്നതിന്റെ അർഥമെന്ത്‌?

19 യേശു ഇങ്ങനെ പറഞ്ഞു: “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക.” (പി.ഒ.സി.) തങ്ങൾക്കായിത്തന്നെ കരുതുന്നതും ഒരളവുവരെയുള്ള ആത്മാഭിമാനം ഉണ്ടായിരിക്കുന്നതും സ്വാഭാവികമാണ്‌. അതില്ലാത്തപക്ഷം മേൽപ്പറഞ്ഞ കൽപ്പനയ്‌ക്ക്‌ വലിയ അർഥമൊന്നും കാണുകയില്ല. എന്നാൽ ഒരു വ്യക്തിക്കു തന്നോടുതന്നെ തോന്നുന്ന ഉചിതമായ ഈ സ്‌നേഹവും 2 തിമൊഥെയൊസ്‌ 3:​2-ൽ പൗലൊസ്‌ പരാമർശിച്ച സ്വാർഥമായ സ്വസ്‌നേഹവും രണ്ടും രണ്ടാണ്‌. വാസ്‌തവത്തിൽ യേശു ഉദ്ദേശിച്ചത്‌ ഒരുവനു ന്യായമായും തന്നെക്കുറിച്ചുതന്നെ തോന്നാവുന്ന മതിപ്പിനെയാണ്‌. ഒരു ബൈബിൾ പണ്ഡിതൻ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌ ഇങ്ങനെയാണ്‌: “താൻ ‘അങ്ങേയറ്റം ശ്രേഷ്‌ഠനാണ്‌’ എന്നോ ‘തീർത്തും വിലയില്ലാത്തവനാണ്‌’ എന്നോ ചിന്തിക്കാത്ത വിധമുള്ള സന്തുലിതമായ സ്വസ്‌നേഹം.”

20 മറ്റുള്ളവരെ നമ്മെപ്പോലെതന്നെ സ്‌നേഹിക്കുന്നതിന്റെ അർഥം മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിക്കാൻ നാം ആഗ്രഹിക്കുന്നുവോ അതുപോലെ നാം അവരെ വീക്ഷിക്കുകയും മറ്റുള്ളവർ നമ്മോട്‌ എങ്ങനെ പെരുമാറാൻ നാം ഇഷ്ടപ്പെടുന്നുവോ അതുപോലെ അവരോട്‌ പെരുമാറുകയും ചെയ്യുക എന്നാണ്‌. യേശു പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:12) മറ്റുള്ളവർ നമ്മോടു കഴിഞ്ഞ കാലത്ത്‌ ചെയ്‌തതൊക്കെ മനസ്സിൽവെച്ച്‌ അതേനാണയത്തിൽ തിരിച്ചടിക്കാൻ യേശു പറഞ്ഞില്ല എന്നതു ശ്രദ്ധിക്കുക. മറിച്ച്‌, മറ്റുള്ളവർ നമ്മോട്‌ എങ്ങനെ പെരുമാറാനാണ്‌ നാം ഇഷ്ടപ്പെടുന്നത്‌ എന്നു ചിന്തിച്ച്‌ ആ വിധത്തിൽ പ്രവർത്തിക്കുക എന്നാണ്‌ അവൻ പറഞ്ഞത്‌. അത്‌ സുഹൃത്തുക്കളോടും സഹോദരവർഗത്തോടും ഇടപെടുന്ന കാര്യത്തിൽ മാത്രമായി അവൻ പരിമിതപ്പെടുത്തിയില്ല എന്നതും മനസ്സിൽപ്പിടിക്കുക. യേശു ഇവിടെ “മനുഷ്യർ” എന്ന പദമാണ്‌ ഉപയോഗിച്ചത്‌. എല്ലാവരോടും, കണ്ടുമുട്ടുന്ന സകലരോടും നാം ഈ വിധത്തിൽ പെരുമാറണമെന്നാകാം അവൻ അതിലൂടെ സൂചിപ്പിച്ചത്‌.

21. മറ്റുള്ളവരെ സ്‌നേഹിക്കുന്നതിലൂടെ നാം എന്താണു പ്രകടമാക്കുന്നത്‌?

21 അയൽസ്‌നേഹം മോശമായ കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന്‌ നമ്മെ സംരക്ഷിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “വ്യഭിചാരം ചെയ്യരുത്‌, കൊല്ലരുത്‌, മോഷ്ടിക്കരുത്‌, മോഹിക്കരുത്‌ എന്നിവയും മറ്റേതു കൽപനയും, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നു. സ്‌നേഹം അയൽക്കാരന്‌ ഒരു ദ്രോഹവും ചെയ്യുന്നില്ല.” (റോമർ 13:9, 10, പി.ഒ.സി.) മറ്റുള്ളവർക്കു പ്രയോജനകരമായ കാര്യങ്ങൾ ചെയ്യാനുള്ള വഴികൾ തേടാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കും. സഹമനുഷ്യരെ സ്‌നേഹിക്കുന്നതിലൂടെ, മനുഷ്യനെ തന്റെ പ്രതിച്ഛായയിൽ സൃഷ്ടിച്ച യഹോവയാം ദൈവത്തോടും നാം സ്‌നേഹം പ്രകടമാക്കുകയാണ്‌.​—⁠ഉല്‌പത്തി 1:26.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• നാം ആരെ സ്‌നേഹിക്കണം, എന്തുകൊണ്ട്‌?

• യഹോവയെ സേവിക്കാത്തവരോടു നമുക്ക്‌ എങ്ങനെ സ്‌നേഹം കാണിക്കാം?

• സഹോദരങ്ങളോടു നമുക്കുണ്ടായിരിക്കേണ്ട സ്‌നേഹത്തെ ബൈബിൾ വർണിക്കുന്നതെങ്ങനെ?

• അയൽക്കാരനെ നമ്മെപ്പോലെതന്നെ സ്‌നേഹിക്കുന്നതിന്റെ അർഥമെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

“ആരാണ്‌ എന്റെ അയൽക്കാരൻ?”

[29-ാം പേജിലെ ചിത്രം]

വ്യക്തിതലത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുന്ന തരം സ്‌നേഹമാണ്‌ യേശുവിന്റേത്‌