വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയബലം നിലനിറുത്താനുള്ള പോരാട്ടം

ആത്മീയബലം നിലനിറുത്താനുള്ള പോരാട്ടം

ജീവിത കഥ

ആത്മീയബലം നിലനിറുത്താനുള്ള പോരാട്ടം

റോൾഫ്‌ ബ്രൂഗ്ഗെമെയിർ പറഞ്ഞപ്രകാരം

ജയിലിലായിരിക്കെ എനിക്ക്‌ ആദ്യം ലഭിച്ച കത്ത്‌ ഒരു സുഹൃത്തിൽനിന്നാണ്‌. എന്റെ അമ്മയും അനുജന്മാരും​—⁠പീറ്റർ, യോഖൻ, മാൻഫ്രെറ്റ്‌​—⁠അറസ്റ്റിലായതായി അതിൽ പറഞ്ഞിരുന്നു. അതോടെ എന്റെ ഇളയ രണ്ടു സഹോദരിമാർ തനിച്ചായി, മാതാപിതാക്കളോ ആങ്ങളമാരോ ഇല്ലാതെ. എന്തിനാണ്‌ പൂർവ ജർമൻ അധികാരികൾ ഞങ്ങളുടെ കുടുംബത്തോട്‌ ഇത്ര ക്രൂരത കാട്ടിയത്‌? ആത്മീയ കരുത്തു നിലനിറുത്താൻ ഞങ്ങളെ സഹായിച്ചത്‌ എന്താണ്‌?

രണ്ടാം ലോകമഹായുദ്ധം ഞങ്ങളുടെ ബാല്യകാലത്തിന്റെ എല്ലാ സന്തോഷങ്ങളും കശക്കിയെറിഞ്ഞു; യുദ്ധത്തിന്റെ ക്രൂരമുഖം ഞങ്ങൾ നേർക്കുനേരെ കാണുകയുണ്ടായി. ജർമൻ സൈന്യത്തിൽ സേവിച്ചിരുന്ന ഞങ്ങളുടെ പിതാവ്‌ അവസാനം ഒരു യുദ്ധത്തടവുകാരനായാണ്‌ മരണമടഞ്ഞത്‌. അങ്ങനെ ഞങ്ങളുടെ അമ്മ വലിയൊരു ഉത്തരവാദിത്വം ഒറ്റയ്‌ക്കു തോളിലേറ്റേണ്ടിവന്നു​—⁠ഒന്നിനും 16-നും ഇടയ്‌ക്കു പ്രായമുള്ള ആറു കുട്ടികളുടെ പരിപാലനം. ബെർറ്റ എന്നായിരുന്നു അമ്മയുടെ പേര്‌.

തന്റെ സഭയുടെ പഠിപ്പിക്കലിൽ അമ്മ തീർത്തും നിരാശിതയായി, ദൈവത്തെക്കുറിച്ചു കേൾക്കുന്നതുതന്നെ അരോചകമായിരിക്കുന്ന അളവോളംപോലും. അങ്ങനെയിരിക്കെ, 1949-ലാണ്‌ അത്‌, ഇൽസ്‌ ഫ്യൂക്‌സ്‌ എന്നൊരു സ്‌ത്രീ ഞങ്ങളുടെ വീട്ടിൽ വന്നു. അവർ ദൈവരാജ്യത്തെക്കുറിച്ച്‌ സംസാരിച്ചു. അവരുടെ ചോദ്യങ്ങളും ന്യായവാദങ്ങളും അമ്മയുടെ ജിജ്ഞാസ ഉണർത്തി. ബൈബിൾ പഠനം ആരംഭിച്ചു, അമ്മയിൽ പ്രത്യാശയുടെ കിരണങ്ങൾ കണ്ടുതുടങ്ങി.

എന്നാൽ ഞങ്ങൾ ആൺകുട്ടികൾക്ക്‌ ആദ്യമൊന്നും അതിലത്ര വിശ്വാസം തോന്നിയില്ല. നാസികളും കമ്മ്യൂണിസ്റ്റുകാരും വലിയവലിയ വാഗ്‌ദാനങ്ങൾ ചെയ്‌തിരുന്നു, പക്ഷേ നിരാശയായിരുന്നു ഫലം. അതുകൊണ്ട്‌ ഏതൊരു പുതിയ വാഗ്‌ദാനത്തെയും ഞങ്ങൾ സംശയദൃഷ്ടിയോടെയാണു കണ്ടിരുന്നത്‌. എന്നിരുന്നാലും യുദ്ധത്തെ പിന്തുണയ്‌ക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ തടങ്കൽപ്പാളയങ്ങളിൽ കഴിയേണ്ടിവന്ന ചില സാക്ഷികളെക്കുറിച്ച്‌ അറിഞ്ഞത്‌ ഞങ്ങളിൽ ഏറെ മതിപ്പുളവാക്കി. പിറ്റേ വർഷം അമ്മയും പീറ്ററും ഞാനും സ്‌നാപനമേറ്റു.

ഞങ്ങളുടെ അനുജൻ മാൻഫ്രെറ്റും സ്‌നാപനമേറ്റതായിരുന്നു, പക്ഷേ ബൈബിൾ സത്യം അവന്റെ ഹൃദയത്തിൽ ആഴത്തിൽ വേരോടിയിരുന്നില്ല എന്നു വേണം കരുതാൻ. കാരണം, 1950-ൽ കമ്മ്യൂണിസ്റ്റുകാർ സാക്ഷികളുടെ വേല നിരോധിച്ചപ്പോൾ രഹസ്യപ്പോലീസിന്റെ​—⁠കുപ്രസിദ്ധ ഷ്‌റ്റാസി​—⁠സമ്മർദത്തിനു വഴങ്ങി അവൻ ഞങ്ങളുടെ യോഗസ്ഥലം അവർക്കു വെളിപ്പെടുത്തിക്കൊടുത്തു. അങ്ങനെയാണ്‌ എന്റെ അമ്മയും മറ്റ്‌ അനുജന്മാരും അറസ്റ്റുചെയ്യപ്പെട്ടത്‌.

നിരോധനത്തിൻകീഴിൽ

നിരോധനം നിലവിലിരുന്നതിനാൽ പൂർവ ജർമനിയിലേക്ക്‌ ബൈബിൾ സാഹിത്യങ്ങൾ ഒളിച്ചു മാത്രമേ കടത്താനാകുമായിരുന്നുള്ളൂ. അങ്ങനെ ചെയ്‌തിരുന്ന ഒരാളായിരുന്നു ഞാൻ. ബെർലിന്റെ പശ്ചിമഭാഗത്ത്‌ നമ്മുടെ സാഹിത്യങ്ങൾ നിരോധിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട്‌ അവിടെനിന്ന്‌ ഞാൻ സാഹിത്യങ്ങൾ ശേഖരിച്ച്‌ അതിർത്തി കടത്തിയിരുന്നു. പലവട്ടം ഞാൻ പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടു. പക്ഷേ അവസാനം 1950 നവംബറിൽ ഞാൻ പിടിയിലായി.

ജനാലകളൊന്നും ഇല്ലാത്ത ഒരു നിലയറയിലാണ്‌ ഷ്‌റ്റാസി എന്നെ ഇട്ടത്‌. പകൽ ഉറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല; രാത്രിയിലാകട്ടെ ചോദ്യംചെയ്യലും, ചിലപ്പോൾ അടിയും. 1951 മാർച്ചിൽ എന്റെ വിചാരണയ്‌ക്കായി അമ്മയും പീറ്ററും യോഖനും എത്തുന്നതുവരെ വീട്ടുകാരുമായി എനിക്ക്‌ യാതൊരുവിധ സമ്പർക്കവുമില്ലായിരുന്നു. എന്നെ ആറു വർഷത്തെ തടവിനു വിധിച്ചു.

എന്റെ വിചാരണ നടന്ന്‌ ആറു ദിവസം കഴിഞ്ഞപ്പോൾ പീറ്ററും യോഖനും അമ്മയും അറസ്റ്റിലായി. തുടർന്ന്‌ എന്റെ പെങ്ങൾ ഹെന്നെലോറയെ​—⁠അവൾക്കന്ന്‌ 11 വയസ്സ്‌​—⁠ഒരു ക്രിസ്‌തീയ സഹോദരി പരിപാലിച്ചു. 7 വയസ്സുകാരി സെബീനയാകട്ടെ എന്റെ ആന്റിയോടൊപ്പവും പോയി. ജയിലിലെ ഷ്‌റ്റാസി കാവൽക്കാർ, അമ്മയോടും എന്റെ അനുജന്മാരോടും അപകടകാരികളായ കുറ്റവാളികളോട്‌ എന്നപോലെയാണു പെരുമാറിയത്‌, അവരുടെ ഷൂ ലേസ്‌ പോലും അഴിച്ചെടുത്തു. ചോദ്യംചെയ്യലിന്റെ സമയമത്രയും അവർ നിൽക്കണമായിരുന്നു. ഒടുവിൽ അവർക്കും ശിക്ഷ വിധിച്ചു, ആറു വർഷം വീതം.

1953-ൽ, യുദ്ധവിമാനങ്ങൾക്ക്‌ ഇറങ്ങാനും പറന്നുയരാനുമായി ഒരു സ്ഥലം പണിയാൻ എന്നോടും തടവുകാരായ മറ്റു ചില സാക്ഷികളോടും ആവശ്യപ്പെട്ടു. എന്നാൽ ഞങ്ങൾ അതിനു തയ്യാറായില്ല. അതിന്റെ പേരിൽ ഞങ്ങളെ 21 ദിവസത്തേക്കു മാറ്റിപ്പാർപ്പിച്ചു. ആ കാലയളവിൽ ജോലി ചെയ്യാനോ കത്തുകൾ സ്വീകരിക്കാനോ സാധിക്കില്ലായിരുന്നു, ഭക്ഷണമാണെങ്കിൽ വളരെക്കുറച്ചും. ചില ക്രിസ്‌തീയ സഹോദരിമാർ അവർക്കു ലഭിക്കുന്ന അൽപ്പം ഭക്ഷണത്തിൽനിന്ന്‌ കുറച്ചു മാറ്റിവെച്ചിട്ട്‌ ആരും കാണാതെ അതു ഞങ്ങൾക്ക്‌ എത്തിച്ചുതന്നിരുന്നു. അങ്ങനെ അവരിൽ ഒരാളായ ആനിയെ ഞാൻ പരിചയപ്പെടാൻ ഇടയായി, പിന്നീട്‌ ഞാൻ അവളെ വിവാഹം കഴിച്ചു. ആനി 1956-ലും ഞാൻ 1957-ലും ജയിലിൽനിന്നു പുറത്തുവന്നു. അതിനുശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. തുടർന്ന്‌ ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ രൂത്ത്‌ ജനിച്ചു. ഏതാണ്ട്‌ ആ സമയത്തുതന്നെയായിരുന്നു പീറ്റർ, യോഖൻ, ഹെന്നെലോറ എന്നിവരുടെയും വിവാഹം.

മോചിതനായി ഏതാണ്ട്‌ മൂന്നു വർഷത്തിനു ശേഷം ഞാൻ വീണ്ടും അറസ്റ്റിലായി. ഒരു ചാരനായി വർത്തിക്കാൻ ഷ്‌റ്റാസി ഓഫീസർ എന്റെമേൽ വളരെയേറെ സമ്മർദം ചെലുത്തി. അദ്ദേഹം പറഞ്ഞു: “ബ്രൂഗ്ഗെമെയിർ, താങ്കൾ കുറച്ചു ന്യായബോധം കാണിക്കൂ. ജയിലിലെ അനുഭവം താങ്കൾക്കു നന്നായി അറിയാവുന്നതല്ലേ. താങ്കളെപ്പോലുള്ള ഒരാൾ വീണ്ടും അതൊക്കെ അനുഭവിക്കുന്നതു കാണാൻ ഞങ്ങൾക്കു തീരെ ആഗ്രഹമില്ല. താങ്കൾക്ക്‌ ഒരു സാക്ഷിയായി ജീവിക്കാം, താങ്കളുടെ പഠനവും മറ്റും തുടരാം, ഇഷ്ടാനുസരണം ബൈബിളിനെക്കുറിച്ചു സംസാരിക്കാം. സാക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്കു ചോർത്തി തരുക, അതു മാത്രംമതി. താങ്കളുടെ ഭാര്യയെയും കുഞ്ഞിനെയും ഓർത്തെങ്കിലും അതു ചെയ്യരുതോ.” ആ അവസാന വാചകം എനിക്കു വളരെ മനോവിഷമം ഉളവാക്കി. എന്നിരുന്നാലും എനിക്ക്‌ ഒരു കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു, ഞാൻ ജയിലിൽ ആയിരിക്കുമ്പോഴും യഹോവ എന്റെ കുടുംബത്തെ പരിപാലിക്കുമെന്ന്‌, അതും എനിക്കു സാധിക്കുന്നതിലും മെച്ചമായി. അതുതന്നെയാണു സംഭവിച്ചതും!

രൂത്തിന്റെ പരിപാലനം മറ്റുള്ളവരെ ഏൽപ്പിച്ചിട്ട്‌ പകൽ മുഴുവൻ ജോലി ചെയ്യാൻ അധികാരികൾ ആനിയെ നിർബന്ധിച്ചു. എന്നാൽ ആനി അതിനു കൂട്ടാക്കിയില്ല. പകരം, അവൾ രാത്രിയിൽ ജോലി ചെയ്‌തു, അങ്ങനെയാകുമ്പോൾ പകൽസമയം രൂത്തിനോടൊപ്പം ആയിരിക്കാനാകുമല്ലോ. ഞങ്ങളുടെ ആത്മീയ സഹോദരങ്ങൾ അങ്ങേയറ്റം കരുതലുള്ളവരായിരുന്നു, അവർ ആനിക്ക്‌ വളരെയേറെ സാധനങ്ങൾ നൽകി, ആവശ്യത്തിലും ഏറെ, മറ്റുള്ളവരുമായി പങ്കുവെക്കാനാകുന്ന അളവോളംപോലും. അതിനിടെ ഞാൻ ഏതാണ്ട്‌ ആറു വർഷംകൂടി ജയിലിൽ ചെലവഴിച്ചു.

തടവറയിലും വിശ്വാസത്തിൽ ഉറപ്പോടെ

ഞാൻ ജയിലിൽ തിരിച്ചെത്തിയപ്പോൾ സാക്ഷികളായ സഹതടവുകാർക്ക്‌ ആദ്യം അറിയേണ്ടിയിരുന്നത്‌ അടുത്തകാലത്തു പുതുതായി എന്തൊക്കെ പ്രസിദ്ധീകരിച്ചു എന്നായിരുന്നു. ഞാൻ വീക്ഷാഗോപുരം മാസിക ശ്രദ്ധാപൂർവം പഠിക്കുകയും യോഗങ്ങൾക്കു ക്രമമായി ഹാജരാകുകയും ചെയ്‌തിരുന്നതിൽ എനിക്കു വളരെ സന്തോഷം തോന്നി. കാരണം അതിനാലാണ്‌ എനിക്ക്‌ ആത്മീയ പ്രോത്സാഹനത്തിന്റെ ഒരു ഉറവെന്നപോലെ വർത്തിക്കാനായത്‌!

ഒരു കാവൽക്കാരനോട്‌ ഞങ്ങളൊരു ബൈബിൾ ആവശ്യപ്പെട്ടപ്പോൾ അയാൾ പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്ക്‌ ബൈബിൾ നൽകുന്നതും തടവിൽ കഴിയുന്ന ഒരു കവർച്ചക്കാരന്‌ ജയിൽചാടാൻ സഹായകമായ ആയുധം നൽകുന്നതും ഒരുപോലെയാണ്‌.” നേതൃത്വം എടുക്കുന്ന സഹോദരന്മാർ, ഒത്തൊരുമിച്ചു പരിചിന്തിക്കുന്നതിനായി ദിവസവും ഓരോ തിരുവെഴുത്തു തിരഞ്ഞെടുക്കുക പതിവായിരുന്നു. നിത്യേന അരമണിക്കൂർ മുറ്റത്തു നടക്കാൻ അനുവദിച്ചിരുന്ന സമയത്ത്‌ വ്യായാമം ചെയ്യുന്നതിനെക്കാളും ശുദ്ധവായു ശ്വസിക്കുന്നതിനെക്കാളും, അന്നത്തെ തിരുവെഴുത്തിൽനിന്നു പ്രയോജനം നേടുന്നതിലായിരുന്നു ഞങ്ങൾക്കു താത്‌പര്യം. നടക്കുമ്പോൾ ഞങ്ങൾ തമ്മിൽ അഞ്ചു മീറ്റർ അകലം പാലിക്കണമെന്നും പരസ്‌പരം സംസാരിക്കരുതെന്നും നിയമം ഉണ്ടായിരുന്നെങ്കിലും തിരുവെഴുത്തുകൾ അടുത്തയാളോടു പറയാൻ ഞങ്ങൾ എങ്ങനെയെങ്കിലും മാർഗം കണ്ടെത്തി. തിരിച്ച്‌ ജയിലറയിൽ എത്തുമ്പോൾ ഓരോരുത്തർക്കും കേൾക്കാനായത്‌ അവർ പങ്കുവെക്കുമായിരുന്നു, അതേത്തുടർന്ന്‌ ഞങ്ങളുടെ ദൈനംദിന ബൈബിൾ ചർച്ചയും.

അവസാനം ഒരാൾ ഞങ്ങളെ ഒറ്റിക്കൊടുത്തു. അങ്ങനെ എന്നെ ഏകാന്തതടവിലാക്കി. ആ സമയമായപ്പോഴേക്കും ഞാൻ നൂറുകണക്കിനു തിരുവെഴുത്തുകൾ മനപ്പാഠമാക്കിയിരുന്നു! അതിൽ എനിക്കു വളരെ സന്തോഷം തോന്നി. കാരണം ഒറ്റയ്‌ക്കായിരുന്ന ആ ദിവസങ്ങൾ വ്യത്യസ്‌ത ബൈബിൾ വിഷയങ്ങളെക്കുറിച്ചു ധ്യാനിച്ചുകൊണ്ടു കഴിച്ചുകൂട്ടാൻ എനിക്കായി. പിന്നീട്‌ എന്നെ മറ്റൊരു ജയിലിലേക്കു മാറ്റി. അവിടെ കാവൽക്കാരൻ മറ്റു രണ്ടു സാക്ഷികളോടൊപ്പമാണ്‌ എന്നെ ആക്കിയത്‌. എന്നാൽ ഏറ്റവും സന്തോഷകരമായ സംഗതി അയാൾ ഞങ്ങൾക്ക്‌ ഒരു ബൈബിൾ നൽകി എന്നതായിരുന്നു. ആറു മാസത്തെ ഏകാന്തതടവിനു ശേഷം സഹവിശ്വാസികളോടൊപ്പം വീണ്ടും ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ സാധിച്ചത്‌ ഞാൻ അത്യന്തം വിലമതിച്ചു.

മറ്റൊരു ജയിലിലായിരുന്നു എന്റെ സഹോദരൻ പീറ്റർ. സഹിച്ചു നിൽക്കാൻ തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ അവൻ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: “പുതിയ ലോകത്തിലെ ജീവിതം ഞാൻ ഭാവനയിൽ കാണുകയും നിരന്തരം തിരുവെഴുത്തു ചിന്തകളിൽ മുഴുകുകയും ചെയ്‌തിരുന്നു. സാക്ഷികളായ ഞങ്ങൾ ബൈബിൾ ചോദ്യങ്ങൾ ചോദിക്കുകയോ തിരുവെഴുത്തുകളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷകൾ നടത്തുകയോ ചെയ്‌തുകൊണ്ട്‌ പരസ്‌പരം ശക്തീകരിച്ചു. ജീവിതം കഷ്ടപൂർണമായിരുന്നു. ചിലപ്പോൾ വെറും 130 ചതുരശ്ര അടി വിസ്‌തീർണത്തിലാണ്‌ ഞങ്ങൾ 11 പേർ കഴിഞ്ഞിരുന്നത്‌. അത്രയും ഇടത്തിൽ എല്ലാം ചെയ്യണമായിരുന്നു​—⁠തിന്നുക, ഉറങ്ങുക, കുളിക്കുക, വിസർജിക്കുക പോലും. ഞങ്ങൾ ആകെ ക്ഷീണിച്ച്‌ ശോഷിച്ച അവസ്ഥയിലായി.”

എന്റെ മറ്റൊരു സഹോദരനായ യോഖൻ തന്റെ ജയിൽ അനുഭവങ്ങൾ വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: “നമ്മുടെ പാട്ടുപുസ്‌തകത്തിൽനിന്ന്‌ ഓർമിക്കാനായ പാട്ടുകളത്രയും ഞാൻ പാടുമായിരുന്നു. കൂടാതെ ഓർമയിലുള്ള ഏതെങ്കിലും ഒരു തിരുവെഴുത്തിനെക്കുറിച്ച്‌ ദിവസവും ധ്യാനിക്കുകയും ചെയ്‌തിരുന്നു. മോചിതനായ ശേഷവും ആത്മീയ പ്രബോധനത്തിന്റെ നല്ലൊരു ചര്യ പിൻപറ്റുന്നതിൽ ഞാൻ തുടർന്നു. നിത്യേന ഞാൻ കുടുംബത്തോടൊപ്പം ദിനവാക്യം പരിചിന്തിക്കുകയും അതുപോലെ എല്ലാ യോഗങ്ങൾക്കും ഞങ്ങൾ ഒത്തൊരുമിച്ചു തയ്യാറാകുകയും ചെയ്‌തിരുന്നു.”

അമ്മ ജയിൽ മോചിതയാകുന്നു

രണ്ടു വർഷവും ഏതാനും മാസവും ജയിലിൽ കഴിഞ്ഞശേഷം അമ്മ മോചിതയായി. തനിക്കു ലഭിച്ച ആ സ്വാതന്ത്ര്യം ഹെന്നെലോറയോടും സെബീനയോടും ഒപ്പം ബൈബിൾ പഠിക്കുന്നതിന്‌ അമ്മ വിനിയോഗിച്ചു. അങ്ങനെ അവരുടെ വിശ്വാസത്തിന്‌ നല്ലൊരു അടിസ്ഥാനം ഇടാൻ അമ്മയ്‌ക്കായി. തങ്ങളുടെ ദൈവവിശ്വാസത്തിന്റെ പേരിൽ സ്‌കൂളിൽ നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനും അമ്മ അവരെ പഠിപ്പിച്ചു. ഹെന്നെലോറ പറയുന്നു: “അനന്തരഫലം എന്തായിരിക്കും എന്നത്‌ ഞങ്ങൾക്കൊരു വിഷയമേ അല്ലായിരുന്നു. കാരണം വീട്ടിൽ ഞങ്ങൾ അന്യോന്യം പ്രോത്സാഹിപ്പിച്ചു. ഉണ്ടായ ഏതൊരു പ്രശ്‌നത്തെയും മറികടക്കാൻ പോന്നതായിരുന്നു ഞങ്ങളുടെ ഉറച്ച കുടുംബബന്ധം.”

ഹെന്നെലോറ തുടരുന്നു: “ജയിലിലുള്ള സഹോദരന്മാർക്ക്‌ ഞങ്ങൾ ആത്മീയാഹാരം എത്തിച്ചുകൊടുക്കുകയും ചെയ്‌തിരുന്നു. വീക്ഷാഗോപുരം മാസിക മുഴുവനായി ഞങ്ങൾ മെഴുകുപുരട്ടിയ കടലാസിൽ ചെറുതായി പകർത്തിയെഴുതി. എന്നിട്ട്‌ അത്‌ കുതിർന്നു പോകാത്ത കടലാസിൽ പൊതിഞ്ഞ്‌ ഉണക്കിയ പഴങ്ങളുടെ ഇടയ്‌ക്കുവെച്ച്‌ അയച്ചിരുന്നു, മാസന്തോറും ഇത്തരമൊരു പൊതിക്കെട്ടു കൊടുക്കുക പതിവായിരുന്നു. പഴങ്ങൾക്ക്‌ ‘നല്ല രുചിയുണ്ടായിരുന്നു’ എന്ന മറുപടി കിട്ടുമ്പോൾ എന്തൊരു സന്തോഷമായിരുന്നുവെന്നോ! ഞങ്ങൾ ഈ ജോലിയിൽ അങ്ങേയറ്റം മുഴുകിയിരുന്നതുകൊണ്ട്‌ ശരിക്കും ആസ്വാദ്യകരമായ സമയമായിരുന്നു അത്‌.”

നിരോധനത്തിൻകീഴിലെ ജീവിതം

പൂർവ ജർമനിയിൽ ദശകങ്ങളോളം നിരോധനത്തിൻകീഴിൽ കഴിയുക എന്നത്‌ എങ്ങനെയുള്ള അനുഭവമായിരുന്നുവെന്ന്‌ പീറ്റർ വിവരിക്കുന്നു: “ചെറിയ കൂട്ടങ്ങളായി സ്വകാര്യ ഭവനങ്ങളിലാണ്‌ ഞങ്ങൾ കൂടി വന്നിരുന്നത്‌. വരുന്നതും പോകുന്നതുമൊക്കെ വ്യത്യസ്‌ത സമയങ്ങളിലും. ഓരോ യോഗത്തിനും ശേഷം അടുത്തതിനുള്ള ഏർപ്പാടുകൾ ചെയ്‌തിരുന്നു. അടയാളങ്ങളിലൂടെയും കുറിപ്പുകൾ ഉപയോഗിച്ചും മറ്റുമാണ്‌ ഇതു ചെയ്‌തിരുന്നത്‌. കാരണം ഷ്‌റ്റാസി മറഞ്ഞിരുന്ന്‌ എല്ലാം കേൾക്കുമോ എന്ന ഭയം എപ്പോഴും ഉണ്ടായിരുന്നു.”

ഹെന്നെലോറ വിവരിക്കുന്നു: “ചിലപ്പോൾ സമ്മേളന പരിപാടികൾ റെക്കോർഡു ചെയ്‌ത ടേപ്പ്‌ ഞങ്ങൾക്കു കിട്ടിയിരുന്നു. വളരെ സന്തോഷം പ്രദാനം ചെയ്യുന്ന യോഗങ്ങളായിരുന്നു അവ. മണിക്കൂറുകൾ നീണ്ട ബൈബിൾ പ്രബോധനം ശ്രദ്ധിക്കുന്നതിനായി ഞങ്ങളുടെ ചെറിയ കൂട്ടം ഒരുമിച്ചു കൂടിയിരുന്നു. പ്രസംഗകനെ കാണാനായില്ലെങ്കിലും ഞങ്ങളെല്ലാവരും പരിപാടിക്ക്‌ അടുത്ത ശ്രദ്ധ നൽകുകയും കുറിപ്പുകൾ എടുക്കുകയും ചെയ്‌തിരുന്നു.”

പീറ്റർ ഇപ്രകാരം പറയുന്നു: “മറ്റു രാജ്യങ്ങളിലുള്ള ക്രിസ്‌തീയ സഹോദരങ്ങൾ ഞങ്ങൾക്ക്‌ ബൈബിൾ സാഹിത്യങ്ങൾ എത്തിച്ചു തരുന്നതിന്‌ സഹിച്ച ബുദ്ധിമുട്ടുകൾക്ക്‌ കണക്കില്ല. 1989-ൽ ബെർലിൻ മതിൽ നിലംപൊത്തുന്നതിനു തൊട്ടുമുമ്പുള്ള ദശാബ്ദത്തിൽ അവർ ഞങ്ങൾക്കായി പ്രത്യേക ചെറിയ-പതിപ്പ്‌ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി. പലരും തങ്ങളുടെ കാറും പണവും സ്വാതന്ത്ര്യംപോലും അപകടപ്പെടുത്തിയാണ്‌ ആത്മീയാഹാരം പൂർവ ജർമനിയിൽ എത്തിച്ചത്‌. ഒരു രാത്രിയിൽ സാക്ഷികളായ ഒരു ദമ്പതികൾക്കായി ഞങ്ങൾ കാത്തിരുന്നെങ്കിലും അവർ വന്നില്ല. പോലീസ്‌ സാഹിത്യം കണ്ടുപിടിക്കുകയും കാർ പിടിച്ചെടുക്കുകയും ചെയ്‌തതായിരുന്നു കാരണം. ഇത്രയെല്ലാം അപകടം ഉൾപ്പെട്ടിരുന്നെങ്കിലും, സമാധാനപൂർണമായ ജീവിതം നയിക്കാൻ വേണ്ടി വേല നിറുത്തിയേക്കാം എന്നൊരു ചിന്തപോലും ഞങ്ങളുടെ മനസ്സിലെങ്ങും വന്നിരുന്നില്ല.”

1950-ൽ ഞങ്ങളെ ഒറ്റിക്കൊടുത്ത എന്റെ അനുജൻ മാൻഫ്രെറ്റ്‌, പിന്നീട്‌ തിരിഞ്ഞു വരികയും വിശ്വാസത്തിൽ നിലനിൽക്കുകയും ചെയ്‌തു. അതിനു തന്നെ സഹായിച്ചത്‌ എന്താണെന്ന്‌ അവൻ വിവരിക്കുന്നു: “ഏതാനും മാസം ഞാൻ ജയിലിലായിരുന്നു. അതിനുശേഷം ഞാൻ പശ്ചിമ ജർമനിയിലേക്കു പോയി, സത്യം ഉപേക്ഷിച്ചു. 1954-ൽ ഞാൻ തിരിച്ച്‌ പൂർവ ജർമനിയിലേക്കു വരികയും പിറ്റേ വർഷം വിവാഹിതനാകുകയും ചെയ്‌തു. ഏറെ താമസിയാതെ എന്റെ ഭാര്യ സത്യം സ്വീകരിച്ചു, 1957-ൽ സ്‌നാപനമേറ്റു. അതിനിടെ എന്റെ മനസ്സാക്ഷി എന്നെ കുറ്റം വിധിക്കാൻ തുടങ്ങി. ഭാര്യയുടെ സഹായത്താൽ ഞാൻ തിരികെ സഭയിലേക്കു വന്നു.

“ഞാൻ സത്യം ഉപേക്ഷിക്കുന്നതിനു മുമ്പ്‌ എന്നെ അറിയാമായിരുന്ന ക്രിസ്‌തീയ സഹോദരങ്ങൾ സ്‌നേഹപൂർവം എന്നെ തിരികെ സ്വീകരിച്ചു, യാതൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ. ഊഷ്‌മളമായ ഒരു പുഞ്ചിരിയോടെയും ആലിംഗനത്തോടെയും അഭിവാദ്യം ചെയ്യപ്പെടുന്നതിന്റെ ആ സുഖം ഒന്നു വേറെതന്നെയാണ്‌. യഹോവയോടും എന്റെ സഹോദരങ്ങളോടും വീണ്ടും നിരന്നുകൊള്ളാൻ കഴിഞ്ഞതിൽ എനിക്ക്‌ അതിയായ സന്തോഷമുണ്ട്‌.”

ആത്മീയ പോരാട്ടം തുടരുന്നു

ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തർക്കും വിശ്വാസത്തിനുവേണ്ടി കഠിനപോരാട്ടത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്‌. “ഇന്ന്‌ മുമ്പെങ്ങും ഇല്ലാത്തവിധം നാമെല്ലാം പലപല ശ്രദ്ധാശൈഥില്യങ്ങളുടെയും ഭൗതികത്വത്തിന്റെ വശീകരണങ്ങളുടെയും നടുവിലാണ്‌” എന്ന്‌ എന്റെ സഹോദരൻ പീറ്റർ ചൂണ്ടിക്കാട്ടുന്നു. “നിരോധനത്തിൻകീഴിൽ ആയിരുന്നപ്പോൾ, ഉള്ളതുകൊണ്ട്‌ എല്ലാവരും തൃപ്‌തിയടഞ്ഞിരുന്നു. ഉദാഹരണത്തിന്‌, വ്യക്തിപരമായ കാരണങ്ങളുടെപേരിൽ മറ്റൊരു അധ്യയന കൂട്ടത്തിൽ ആയിരിക്കാൻ ഒരാൾപോലും ആഗ്രഹിച്ചില്ല. യോഗം നടക്കുന്നത്‌ വളരെ ദൂരെയാണെന്നോ വളരെ വൈകിയാണെന്നോ ആരും പരാതിപ്പെട്ടില്ല. ഒരുമിച്ചു കൂടിവരാൻ സാധിക്കുന്നതിൽ എല്ലാവരും സന്തോഷം കണ്ടെത്തി, യോഗസ്ഥലത്തുനിന്നു പോകുന്നതിനുള്ള തങ്ങളുടെ ഊഴം രാത്രി 11 മണിക്ക്‌ ആയിരുന്നെങ്കിൽപ്പോലും.”

1959-ൽ സെബീനയോടൊപ്പം പശ്ചിമ ജർമനിയിലേക്കു പോകാൻ അമ്മ തീരുമാനിച്ചു, സെബീനയ്‌ക്കന്ന്‌ 16 വയസ്സ്‌. രാജ്യ പ്രസാധകരുടെ ആവശ്യം ഏറെയുള്ള സ്ഥലത്തു സേവിക്കാൻ ആഗ്രഹിച്ചതിനാൽ അവരോട്‌ ബാഡൻ-വേർട്ടംബർഗിലുള്ള എൽവാങ്കൻ പട്ടണത്തിലേക്കു പോകാൻ ബ്രാഞ്ചോഫീസ്‌ നിർദേശിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നെങ്കിൽപ്പോലും അമ്മ പ്രകടമാക്കിയ തീക്ഷ്‌ണത, 18-ാം വയസ്സിൽ പയനിയറിങ്‌ തുടങ്ങാൻ സെബീനയെ പ്രേരിപ്പിച്ചു. സെബീന വിവാഹിതയായപ്പോൾ അമ്മ 58-ാം വയസ്സിൽ ഡ്രൈവിങ്‌ പഠിച്ചു, പ്രസംഗവേലയിലെ തന്റെ പങ്കു വർധിപ്പിക്കുന്നതിന്‌ ആയിരുന്നു അത്‌. 1974-ൽ മരണംവരെ അമ്മ ഈ സേവനത്തിൽ വിലമതിപ്പോടെ തുടർന്നു.

എന്റെ കാര്യമാണെങ്കിൽ, രണ്ടാം വട്ടം ഏകദേശം ആറു വർഷം തടവിൽ കഴിഞ്ഞശേഷം 1965-ൽ എന്റെ കുടുംബത്തെപ്പോലും അറിയിക്കാതെ, പശ്ചിമ ജർമനിയിലേക്ക്‌ എന്നെ നാടുകടത്തി. എന്നിരുന്നാലും എന്റെ ഭാര്യ ആനിയും മകൾ രൂത്തും പിന്നീട്‌ അവിടെയെത്തി. ആവശ്യം അധികമുള്ള ഏതെങ്കിലും സ്ഥലത്തു സേവിക്കുന്നതിന്‌ ഞാൻ ബ്രാഞ്ചോഫീസിനോട്‌ അനുവാദം ചോദിച്ചു, ബവേറിയയിലുള്ള നോർട്‌ലിങ്കനിലേക്കു പോകാനായിരുന്നു നിർദേശം. അവിടെയാണ്‌ രൂത്തും അവളുടെ ഇളയ സഹോദരൻ യോഹാൻസും വളർന്നത്‌. ആനി പയനിയറിങ്‌ തുടങ്ങി. ആ നല്ല മാതൃക, സ്‌കൂൾ പഠനത്തിനുശേഷം ഉടനെ പയനിയറിങ്‌ ആരംഭിക്കാൻ രൂത്തിനും പ്രേരണയായി. ഞങ്ങളുടെ മക്കൾ ഇരുവരും പയനിയർമാരെയാണു വിവാഹം കഴിച്ചത്‌. ഇപ്പോൾ അവർക്കും കുടുംബമായി, അങ്ങനെ ഞങ്ങൾക്കിപ്പോൾ മിടുക്കരായ ആറു കൊച്ചുമക്കളുണ്ട്‌.

1987-ൽ ഞാൻ നേരത്തേതന്നെ ജോലിയിൽനിന്നു വിരമിച്ചു, എന്നിട്ട്‌ ആനിയോടൊപ്പം പയനിയറിങ്‌ ചെയ്യാൻ തുടങ്ങി. മൂന്നു വർഷത്തിനു ശേഷം സെൽറ്റേഴ്‌സിലുള്ള ബ്രാഞ്ചോഫീസ്‌ സൗകര്യം വികസിപ്പിക്കുന്നതിൽ സഹായിക്കുന്നതിനായി എനിക്കു ക്ഷണം ലഭിക്കുകയുണ്ടായി. അതേത്തുടർന്ന്‌ മുമ്പ്‌ പൂർവ ജർമനിയുടെ ഭാഗമായിരുന്ന ഗ്ലോക്കോയിൽ യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ സമ്മേളനഹാൾ പണിയുന്നതിൽ ഞങ്ങൾക്കു സഹായിക്കാനായി. അവിടെ പിന്നീട്‌ ഞങ്ങൾ കാവൽക്കാരായി ഉണ്ടായിരുന്നു. ആരോഗ്യകാരണങ്ങളാൽ, മകളോടൊപ്പം നോർട്‌ലിങ്കൻ സഭയിൽ ആയിരിക്കുന്നതിന്‌ ഞങ്ങൾ തിരികെ അങ്ങോട്ടു പോയി. അവിടെ ഞങ്ങൾ ഇപ്പോൾ പയനിയർമാരായി പ്രവർത്തിക്കുകയാണ്‌.

എന്റെ സഹോദരങ്ങൾ എല്ലാവരും, കൂടാതെ കുടുംബാംഗങ്ങളിൽ മിക്കവരും മഹാദൈവമായ യഹോവയെ സേവിക്കുന്നതിൽ തുടരുന്നു എന്നത്‌ എനിക്ക്‌ അത്യന്തം സന്തോഷം പകരുന്നു. വർഷങ്ങളിലെ അനുഭവത്തിലൂടെ ഞങ്ങളെല്ലാവരും പഠിച്ച ഒരു കാര്യമുണ്ട്‌, നാം ആത്മീയമായി ശക്തരായി തുടരുന്നിടത്തോളം സങ്കീർത്തനം 126:​3-ന്റെ സത്യത നമുക്ക്‌ അനുഭവിക്കാനാകും: “യഹോവ ഞങ്ങളിൽ വങ്കാര്യങ്ങളെ ചെയ്‌തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.”

[13-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹനാളിൽ, 1957

[13-ാം പേജിലെ ചിത്രം]

1948-ൽ കുടുംബാംഗങ്ങളോടൊപ്പം: (മുമ്പിൽ, ഇടത്തുനിന്ന്‌ വലത്തോട്ട്‌) മാൻഫ്രെറ്റ്‌, ബെർറ്റ, സെബീന, ഹെന്നെലോറ, പീറ്റർ; (പുറകിൽ, ഇടത്തുനിന്ന്‌ വലത്തോട്ട്‌) ഞാനും യോഖനും

[15-ാം പേജിലെ ചിത്രങ്ങൾ]

നിരോധനകാലത്ത്‌ ഉപയോഗിച്ചിരുന്ന ഒരു ചെറിയ-പതിപ്പു പുസ്‌തകവും “ഷ്‌റ്റാസി”കളുടെ രഹസ്യംചോർത്തൽ ഉപകരണവും

[കടപ്പാട്‌]

Forschungs- und Gedenkstätte NORMANNENSTRASSE

[16-ാം പേജിലെ ചിത്രം]

എന്റെ സഹോദരങ്ങളോടൊപ്പം: (മുമ്പിൽ, ഇടത്തുനിന്ന്‌ വലത്തോട്ട്‌) ഹെന്നെലോറ, സെബീന; (പുറകിൽ, ഇടത്തുനിന്ന്‌ വലത്തോട്ട്‌) ഞാൻ, യോഖൻ, പീറ്റർ, മാൻഫ്രെറ്റ്‌