വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എതിർക്രിസ്‌തുവിനെ വെളിച്ചത്തുകൊണ്ടുവരുന്നു

എതിർക്രിസ്‌തുവിനെ വെളിച്ചത്തുകൊണ്ടുവരുന്നു

എതിർക്രിസ്‌തുവിനെ വെളിച്ചത്തുകൊണ്ടുവരുന്നു

നിങ്ങളുടെ പ്രദേശത്ത്‌ ഒരു മാരകവ്യാധി പടർന്നു പിടിച്ചിരിക്കുന്നുവെന്നിരിക്കട്ടെ. നിങ്ങൾ എന്തു ചെയ്യും? സ്വാഭാവികമായും നിങ്ങൾ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ചെയ്യും. ആത്മീയമായും നാം അതുതന്നെയാണ്‌ ചെയ്യേണ്ടത്‌. എതിർക്രിസ്‌തു “ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ടു” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (1 യോഹന്നാൻ 4:3) “രോഗബാധ” തടയാൻ നാം “രോഗാണു വാഹികളെ” തിരിച്ചറിയുകയും അവയെ ഒഴിവാക്കുകയും വേണം. സന്തോഷകരമെന്നുപറയട്ടെ, ഈ വിഷയം സംബന്ധിച്ച്‌ ആവശ്യമായ വിവരങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നുണ്ട്‌.

ക്രിസ്‌തുവിനെ എതിർക്കുകയോ ക്രിസ്‌തുവെന്നോ ക്രിസ്‌തുവിന്റെ പ്രതിപുരുഷന്മാരെന്നോ വ്യാജമായി അവകാശവാദം നടത്തുകയോ ചെയ്യുന്നവരെയാണ്‌ “എതിർക്രിസ്‌തു” എന്ന പദം സൂചിപ്പിക്കുന്നത്‌. യേശുതന്നെ ഇപ്രകാരം പറഞ്ഞു: “എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം [അല്ലെങ്കിൽ എതിർക്രിസ്‌തു] ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു.”​—⁠ലൂക്കൊസ്‌ 11:23.

യേശു മരിച്ച്‌ സ്വർഗ്ഗാരോഹണം ചെയ്‌ത്‌ 60-ഓളം വർഷം കഴിഞ്ഞാണ്‌ യോഹന്നാൻ എതിർക്രിസ്‌തുവിനെക്കുറിച്ച്‌ എഴുതിയത്‌. അതുകൊണ്ട്‌ എതിർക്രിസ്‌തുവിന്റെ പ്രവർത്തനങ്ങൾ അവർ യേശുവിന്റെ ഭൂമിയിലുള്ള വിശ്വസ്‌താനുഗാമികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ വേണം മനസ്സിലാക്കാൻ.​—⁠മത്തായി 25:40, 45.

എതിർക്രിസ്‌തു ക്രിസ്‌ത്യാനികൾക്ക്‌ എതിരാണ്‌

ലോകം പൊതുവേ യേശുവിന്റെ അനുഗാമികളെ പകയ്‌ക്കുമെന്ന്‌ അവൻ മുന്നറിയിപ്പു നൽകുകയുണ്ടായി. “അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്‌പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും. കള്ളപ്രവാചകന്മാർ പലരും വന്നു അനേകരെ തെറ്റിക്കും,” അവൻ പറഞ്ഞു.​—⁠മത്തായി 24:9, 11.

യേശുവിന്റെ ശിഷ്യന്മാർ [അവന്റെ] “നാമം നിമിത്ത”മാണ്‌ ഉപദ്രവിക്കപ്പെടുന്നത്‌ എന്നതിനാൽ ഉപദ്രവിക്കുന്നവർ തീർച്ചയായും എതിർക്രിസ്‌തുക്കളാണ്‌. “കള്ള പ്രവാചകന്മാ”രും​—⁠അവരിൽ ചിലർ ഒരുകാലത്ത്‌ ക്രിസ്‌ത്യാനികളായിരുന്നു​—⁠ഇക്കൂട്ടരിൽപ്പെടുന്നു. (2 യോഹന്നാൻ 7) ഈ “എതിർക്രിസ്‌തു . . . നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു,” യോഹന്നാൻ എഴുതി.​—⁠1 യോഹന്നാൻ 2:18, 19.

എതിർക്രിസ്‌തു ഒറ്റപ്പെട്ട ഒരു വ്യക്തിയല്ല, മറിച്ച്‌ അനേകർ ചേർന്നതാണെന്നാണ്‌ യേശുവിന്റെയും യോഹന്നാന്റെയും വാക്കുകൾ സ്‌പഷ്ടമാക്കുന്നത്‌. കൂടാതെ, അവർ കള്ളപ്രവാചകന്മാരായതിനാൽ അവരുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്‌ മതപരമായ വഞ്ചനയാണ്‌. അതിനുള്ള അവരുടെ ചില ഉപാധികൾ ഏതൊക്കെയാണ്‌?

മതപരമായ നുണകൾ പ്രചരിപ്പിക്കുന്നു

അപ്പൊസ്‌തലനായ പൗലൊസ്‌ തന്റെ സഹപ്രവർത്തകനായ തിമൊഥെയൊസിനോട്‌ ഹുമനയോസിനെയും ഫിലേത്തൊസിനെയും പോലുള്ള വിശ്വാസത്യാഗികളുടെ പഠിപ്പിക്കലിൽനിന്ന്‌ ഒഴിഞ്ഞിരിക്കാൻ ബുദ്ധിയുപദേശിച്ചു. അവരുടെ “വാക്കു അർബ്ബുദവ്യാധിപോലെ” പടർന്നുപിടിക്കുന്നതായിരുന്നു. “അവർ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു” എന്നും പൗലൊസ്‌ കൂട്ടിച്ചേർത്തു. (2 തിമൊഥെയൊസ്‌ 2:16-18) സാധ്യതയനുസരിച്ച്‌, ഹുമനയോസും ഫിലേത്തൊസും പുനരുത്ഥാനം ആലങ്കാരികമാണെന്നും ഒരു ആത്മീയ അർഥത്തിൽ ക്രിസ്‌ത്യാനികൾ പുനരുത്ഥാനപ്പെട്ടു കഴിഞ്ഞുവെന്നും പഠിപ്പിച്ചു. യേശുവിന്റെ ഒരു യഥാർഥ ശിഷ്യനായിത്തീരുന്നത്‌ ദൈവിക വീക്ഷണത്തിൽ ജീവനിലേക്കു വരുന്നതുപോലെതന്നെയാണ്‌ എന്നതു ശരിതന്നെ. അതു പൗലൊസ്‌ വ്യക്തമായി പ്രസ്‌താവിക്കുകയും ചെയ്‌തു. (എഫെസ്യർ 2:1-5) എന്നിരുന്നാലും യേശു വാഗ്‌ദാനം ചെയ്‌ത ദൈവരാജ്യ ഭരണത്തിൻ കീഴിലെ മരിച്ചവരുടെ അക്ഷരീയ പുനരുത്ഥാനത്തോടുള്ള അനാദരവായിരുന്നു ഹുമനയോസിന്റെയും ഫിലേത്തൊസിന്റെയും പഠിപ്പിക്കൽ.​—⁠യോഹന്നാൻ 5:28, 29.

സിദ്ധജ്ഞാനവാദികൾ (Gnostics) എന്നറിയപ്പെടുന്ന ഒരു വിഭാഗം തികച്ചും ആലങ്കാരികമായ ഒരു പുനരുത്ഥാനത്തെക്കുറിച്ചുള്ള ആശയം പിൽക്കാലത്ത്‌ വികസിപ്പിച്ചെടുക്കുകയുണ്ടായി. ഗൂഢമായ ഒരു വിധത്തിൽ അറിവു (ഗ്രീക്കിൽ ഗ്‌നോസിസ്‌) സമ്പാദിക്കാമെന്നു വിശ്വസിക്കുന്ന സിദ്ധജ്ഞാനവാദികൾ, വിശ്വാസത്യാഗം ഭവിച്ച ക്രിസ്‌ത്യാനിത്വത്തെ ഗ്രീക്ക്‌ തത്ത്വശാസ്‌ത്രവും പൗരസ്‌ത്യ യോഗാത്മകത്വവുമായി (Oriental mysticism) കൂട്ടിക്കലർത്തി. ഉദാഹരണമായി, ഭൗതികമായത്‌ എല്ലാം തിന്മയാണെന്ന്‌ അവർ വിശ്വസിച്ചു. അക്കാരണത്താൽത്തന്നെ യേശു ഭൗതിക ശരീരത്തോടുകൂടി വന്നില്ല, പകരം ഒരു മനുഷ്യശരീരം ഉള്ളതായി കാണപ്പെട്ടതേയുള്ളൂ എന്ന്‌ അവർ പറയുന്നു​—⁠ഡോസീറ്റിസം എന്നാണ്‌ ഈ വിശ്വാസം അറിയപ്പെടുന്നത്‌. നാം കണ്ടുകഴിഞ്ഞതുപോലെ, ഇതിനെക്കുറിച്ചുതന്നെയാണ്‌ അപ്പൊസ്‌തലനായ യോഹന്നാൻ മുന്നറിയിപ്പു നൽകിയത്‌.​—⁠1 യോഹന്നാൻ 4:2, 3; 2 യോഹന്നാൻ 7.

നൂറ്റാണ്ടുകൾക്കുശേഷം കെട്ടിച്ചമച്ച മറ്റൊന്നാണ്‌ ‘വിശുദ്ധ ത്രിത്വത്തെ’ സംബന്ധിച്ച പഠിപ്പിക്കൽ. അതനുസരിച്ച്‌ യേശുതന്നെയാണ്‌ സർവശക്തനായ ദൈവവും ദൈവപുത്രനും. ഡോ. ആൽവൻ ലാംസൺ, ആദ്യ മൂന്ന്‌ നൂറ്റാണ്ടുകളിലെ സഭ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ത്രിത്വോപദേശത്തിന്‌ “യഹൂദ-ക്രിസ്‌തീയ തിരുവെഴുത്തുകളിൽനിന്നും തികച്ചും അന്യമായ ഒരു ആവിർഭാവമാണ്‌ ഉള്ളത്‌ എന്നും ആ ഉപദേശം വളർന്നു പന്തലിക്കുകയും പ്ലേറ്റോവാദികളായ സഭാപിതാക്കന്മാരിലൂടെ അത്‌ ക്രിസ്‌ത്യാനിത്വത്തോടു ചേർക്കപ്പെടുകയും ചെയ്‌തു” എന്നും പറയുന്നു. ആരായിരുന്നു പ്ലേറ്റോവാദികളായ ഈ സഭാപിതാക്കന്മാർ? പുറജാതീയ ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറ്റോയുടെ പഠിപ്പിക്കലിൽ ആകൃഷ്ടരായ വിശ്വാസത്യാഗികളായിത്തീർന്ന ഒരു കൂട്ടം പുരോഹിതന്മാരായിരുന്നു അവർ.

എതിർക്രിസ്‌തുവിന്റെ ഒരു മഹദ്‌സൃഷ്ടിയായിരുന്നു ത്രിത്വോപദേശം. ഈ ഉപദേശം ദൈവത്തിന്‌ ഒരു നിഗൂഢപരിവേഷം നൽകുകയും പുത്രനുമായുള്ള അവന്റെ ബന്ധത്തിനു മങ്ങലേൽപ്പിക്കുകയും ചെയ്‌തു. (യോഹന്നാൻ 14:28; 15:10; കൊലൊസ്സ്യർ 1:15) അങ്ങനെയെങ്കിൽ ഇതേക്കുറിച്ച്‌ ഒന്നു ചിന്തിക്കുക: ദൈവം ഒരു മർമമാണെങ്കിൽ തിരുവെഴുത്തുകൾ പറയുന്നതുപോലെ എങ്ങനെയാണ്‌ ഒരുവന്‌ “ദൈവത്തോടു അടുത്തു ചെല്ലാ”ൻ കഴിയുന്നത്‌?​—⁠യാക്കോബ്‌ 4:⁠8.

അനേകം ബൈബിൾ വിവർത്തകരും തങ്ങളുടെ വിവർത്തനങ്ങളിൽനിന്ന്‌ യഹോവ എന്ന ദൈവനാമം നീക്കം ചെയ്‌തത്‌ ഏറെ ആശയക്കുഴപ്പത്തിന്‌ ഇടയാക്കിയിരിക്കുന്നു, മൂലകൃതിയിൽ 7,000-ത്തിലധികം പ്രാവശ്യം ദൈവനാമം ഉണ്ടെന്നുവരികിലും! ദൈവത്തെ ഒരു മർമമായി അവതരിപ്പിക്കുന്നതു പോരാഞ്ഞിട്ട്‌ പേരില്ലാത്ത ഒരു മർമമായും കൂടെ ചിത്രീകരിക്കാൻ ശ്രമിച്ചിരിക്കുന്നു. വ്യക്തമായും, അത്‌ നമ്മുടെ സ്രഷ്ടാവിനോടും അവന്റെ നിശ്വസ്‌ത വചനത്തോടുമുള്ള കടുത്ത അനാദരവാണ്‌. (വെളിപ്പാടു 22:18, 19) കൂടാതെ ദൈവനാമത്തിനു പകരം കർത്താവ്‌, ദൈവം എന്നീ പദവിനാമങ്ങൾ ഉപയോഗിക്കുന്നത്‌ യേശുവിന്റെ മാതൃകാ പ്രാർഥനയുടെ ലംഘനവുമാണ്‌. കാരണം അതിന്റെ ഒരു ഭാഗം ഇപ്രകാരം പറയുന്നു: “അങ്ങയുടെ നാമം പൂജിതമാകണമേ.”​—⁠മത്തായി 6:⁠9, പി.ഒ.സി. ബൈബിൾ.

എതിർക്രിസ്‌തുക്കൾ ദൈവരാജ്യത്തെ തള്ളിക്കളയുന്നു

നാം ജീവിക്കുന്ന ഈ “അന്ത്യകാല”ത്താണ്‌ എതിർക്രിസ്‌തുക്കൾ പ്രത്യേകാൽ തങ്ങളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) ആധുനിക നാളിലെ ഈ വഞ്ചകരുടെ മുഖ്യലക്ഷ്യം മുഴുഭൂമിമേലും ഉടൻ ഭരിക്കാനിരിക്കുന്ന സ്വർഗീയ ഗവൺമെന്റായ ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിലുള്ള യേശുവിന്റെ ഭാഗധേയത്തിൽനിന്ന്‌ ആളുകളുടെ ശ്രദ്ധ തിരിക്കുക എന്നതാണ്‌.​—⁠ദാനീയേൽ 7:13, 14; വെളിപ്പാടു 11:15.

ഉദാഹരണത്തിന്‌, ചില മതനേതാക്കന്മാർ ദൈവരാജ്യം എന്നത്‌ മനുഷ്യരുടെ ഹൃദയത്തിലെ അവസ്ഥയാണെന്നു പ്രസംഗിക്കുന്നു, യാതൊരു തിരുവെഴുത്ത്‌ അടിസ്ഥാനവുമില്ലാത്ത ഒരു വീക്ഷണം. (ദാനീയേൽ 2:44) മറ്റുചിലർ അവകാശപ്പെടുന്നത്‌ മാനുഷ ഗവൺമെന്റുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും ആണ്‌ ക്രിസ്‌തു പ്രവർത്തിക്കുന്നത്‌ എന്നാണ്‌. എന്നിരുന്നാലും യേശു ഇപ്രകാരം പ്രസ്‌താവിച്ചു: “എന്റെ രാജ്യം ഐഹികമല്ല,” അഥവാ ഈ ലോകത്തിന്റെ ഭാഗമല്ല. (യോഹന്നാൻ 18:​36) വാസ്‌തവത്തിൽ, ക്രിസ്‌തുവല്ല സാത്താനാണ്‌ ഈ “ലോകത്തിന്റെ പ്രഭു”വും “ഈ ലോകത്തിന്റെ ദൈവ”വും. (യോഹന്നാൻ 14:30; 2 കൊരിന്ത്യർ 4:4) ഇത്‌ യേശുക്രിസ്‌തു എല്ലാ മാനുഷ ഗവൺമെന്റുകളെയും പെട്ടെന്നുതന്നെ തുടച്ചുനീക്കി ഭൂമിയുടെ ഏക ഭരണാധിപൻ ആയിത്തീരുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. (സങ്കീർത്തനം 2:2, 6-9; വെളിപ്പാടു 19:11-21) കർത്താവിന്റെ പ്രാർഥന ഉരുവിടുമ്പോൾ ആളുകൾ ഇതിനു വേണ്ടിയാണ്‌ പ്രാർഥിക്കുന്നത്‌. അത്‌ ഇപ്രകാരമാണ്‌: “അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.”​—⁠മത്തായി 6:​10, പി.ഒ.സി.

ലോക രാഷ്‌ട്രീയ വ്യവസ്ഥയെ പിന്താങ്ങുന്നതിനാൽ മതനേതാക്കന്മാരിൽ പലരും ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം പ്രസംഗിക്കുന്നവരെ എതിർക്കുകയും പീഡിപ്പിക്കുകയുംപോലും ചെയ്‌തിരിക്കുന്നു. രസാവഹമായി, ബൈബിൾ പുസ്‌തകമായ വെളിപ്പാടിൽ “മഹതിയാം ബാബിലോൻ” എന്ന ഒരു ആലങ്കാരിക വേശ്യയെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്‌. അവൾ “വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടി”ച്ചിരിക്കുന്നു. (വെളിപ്പാടു 17:4-6) അവൾ ഭൂമിയിലെ “രാജാക്കന്മാരെ,” അഥവാ രാഷ്‌ട്രീയ ഭരണാധികാരികളെ പിന്തുണച്ചുകൊണ്ട്‌ ആത്മീയ വേശ്യാവൃത്തിയിൽ ഏർപ്പെടുന്നു, തിരിച്ച്‌ അതിനുള്ള പ്രതിഫലം അവൾ കൈപ്പറ്റുന്നുമുണ്ട്‌. ഈ പ്രതീകാത്മക സ്‌ത്രീ ലോകത്തിലെ വ്യാജമതങ്ങളാണ്‌. എതിർക്രിസ്‌തുവിന്റെ ഒരു മുഖ്യഘടകമാണ്‌ അവൾ.​—⁠വെളിപ്പാടു 18:2, 3; യാക്കോബ്‌ 4:⁠4.

എതിർക്രിസ്‌തു ‘കർണങ്ങളെ രസിപ്പിക്കുന്നു’

ബൈബിൾ സത്യം നിരാകരിക്കുന്നതിനു പുറമേ, ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്നവർ ബൈബിൾ നിലവാരങ്ങൾ പരിത്യജിച്ചുകൊണ്ട്‌ ജനപ്രീതിയാർജിച്ച ധാർമികതയുടെ പിന്നാലെ പോയിരിക്കുന്നു. ഈ സംഭവവികാസത്തെക്കുറിച്ച്‌ ദൈവവചനം ഇപ്രകാരം മുൻകൂട്ടി പറയുന്നു: “അവർ [ദൈവത്തെ സേവിക്കുന്നുവെന്ന്‌ അവകാശപ്പെടുന്നവർ] പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.” (2 തിമൊഥെയൊസ്‌ 4:3, 4) ഇത്തരത്തിലുള്ള മതവഞ്ചകരെ, “കള്ളയപ്പൊസ്‌തലന്മാർ, കപടവേലക്കാർ, ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ വേഷം ധരിക്കുന്നവ”ർ എന്നെല്ലാം വിളിച്ചിരിക്കുന്നു. “അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും” എന്ന്‌ ബൈബിൾ തുടർന്നു പറയുന്നു.​—⁠2 കൊരിന്ത്യർ 11:13-15.

അവരുടെ പ്രവൃത്തികളിൽ “ദുഷ്‌കാമപ്രവൃത്തിക”ളും ഉൾപ്പെടുന്നു. അത്‌ ഉയർന്ന ധാർമിക നിലവാരങ്ങളോടുള്ള ധിക്കാരപരമായ അനാദരവാണ്‌. (2 പത്രൊസ്‌ 2:1-3, 12-14) ഒരു വലിയ എണ്ണം മതനേതാക്കന്മാരും അവരുടെ അണികളും ക്രിസ്‌തീയമല്ലാത്ത പ്രവൃത്തികളായ സ്വവർഗസംഭോഗത്തിലും വിവാഹേതര ലൈംഗിക ബന്ധങ്ങളിലും ഏർപ്പെടുന്നത്‌​—⁠അല്ലെങ്കിൽ കുറഞ്ഞപക്ഷം അവയ്‌ക്കു നേരെ കണ്ണടയ്‌ക്കുന്നത്‌​—⁠നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ഇത്തരത്തിലുള്ള ജനപ്രിയ വീക്ഷണങ്ങളെയും ജീവിതരീതികളെയും ബൈബിൾ പറയുന്നതുമായി ഒന്നു തട്ടിച്ചുനോക്കൂ: ലേവ്യപുസ്‌തകം 18:22; റോമർ 1:26, 27; 1 കൊരിന്ത്യർ 6:9, 10; എബ്രായർ 13:4; യൂദാ 7.

“ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ”

ഇതുവരെ പരിചിന്തിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നോക്കിയാൽ, മതപരമായ വിശ്വാസങ്ങളെ നിസ്സാരമായിട്ടെടുക്കരുതെന്ന അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകൾക്കു ശ്രദ്ധകൊടുക്കേണ്ടതു പ്രധാനമാണെന്നു വ്യക്തമല്ലേ? അവൻ മുന്നറിയിപ്പു നൽകുന്നു: “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‌വിൻ.”​—⁠1 യോഹന്നാൻ 4:⁠1.

ഒന്നാം നൂറ്റാണ്ടിൽ ബെരോവ നഗരത്തിൽ ഉണ്ടായിരുന്ന “ഉത്തമന്മാരായിരുന്ന” ചിലരുടെ നല്ല മാതൃകയെക്കുറിച്ചു ചിന്തിക്കുക. “അവർ വചനം പൂർണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു [പൗലൊസും ശീലാസും പറഞ്ഞ കാര്യങ്ങൾ] അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃത്തികൾ 17:10, 11) പഠിക്കാൻ അതീവ തത്‌പരരായിരുന്ന ബെരോവക്കാർ തങ്ങൾ കേട്ടതും സ്വീകരിച്ചതുമായ കാര്യങ്ങൾ തിരുവെഴുത്തുകളിൽ രൂഢമൂലമാണോയെന്ന്‌ ഉറപ്പുവരുത്തി.

ഇന്നും യഥാർഥ ക്രിസ്‌ത്യാനികൾ മാറിമറിയുന്ന ജനപ്രിയ വീക്ഷണങ്ങൾക്ക്‌ വശംവദരാകുന്നില്ല. പകരം, അവർ ബൈബിൾ സത്യത്തോട്‌ അടുത്തു പറ്റിനിൽക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: ‘നിങ്ങളുടെ സ്‌നേഹം മേല്‌ക്കുമേൽ പരിജ്ഞാനത്തിലും സകലവിവേകത്തിലും വർദ്ധിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു.’​—⁠ഫിലിപ്പിയർ 1:9-11.

നിങ്ങൾ ഇതുവരെ അങ്ങനെ ചെയ്‌തിട്ടില്ലെങ്കിൽ ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നതെന്തെന്നു പഠിച്ചുകൊണ്ട്‌ ‘പരിജ്ഞാനവും സകലവിവേകവും’ നേടുന്നത്‌ നിങ്ങളുടെ ലക്ഷ്യമാക്കുക. ബെരോവക്കാരെ അനുകരിക്കുന്ന ആരും എതിർക്രിസ്‌തുക്കളുടെ “കൌശലവാക്കു”കളാൽ വഞ്ചിതരാകുന്നില്ല. (2 പത്രൊസ്‌ 2:3) അതിനു പകരം, അവർ യഥാർഥ ക്രിസ്‌തുവിന്റെയും അവന്റെ വിശ്വസ്‌താനുഗാമികളുടെയും ആത്മീയസത്യത്താൽ സ്വതന്ത്രരാക്കപ്പെടുന്നു.​—⁠യോഹന്നാൻ 8:32, 36.

[4-ാം പേജിലെ ചതുരം/ചിത്രം]

എതിർക്രിസ്‌തുവിനെക്കുറിച്ചു ബൈബിൾ പറയുന്നത്‌

“കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക [സാധ്യതയനുസരിച്ച്‌ അപ്പൊസ്‌തലിക കാലഘട്ടത്തിന്റെ അന്ത്യം] ആകുന്നു; എതിർക്രിസ്‌തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്‌തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.” ​—⁠1 യോഹന്നാൻ 2:18.

“യേശുവിനെ ക്രിസ്‌തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്‌തു ആകുന്നു.”​—⁠1 യോഹന്നാൻ 2:22.

“യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല. അതു എതിർക്രിസ്‌തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോൾ തന്നേ ലോകത്തിൽ ഉണ്ട്‌.” ​—⁠1 യോഹന്നാൻ 4:⁠3.

“യേശുക്രിസ്‌തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്‌തുവും ഇങ്ങനെയുള്ളവൻ ആകുന്നു.” ​—⁠2 യോഹന്നാൻ 7.

[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ഒരു വഞ്ചകൻ​—⁠പല മുഖങ്ങളിൽ

“എതിർക്രിസ്‌തു” എന്ന പദം, യേശുക്രിസ്‌തുവിനെക്കുറിച്ച്‌ ബൈബിൾ പറയുന്ന കാര്യങ്ങൾ എതിർക്കുന്ന, അവന്റെ രാജ്യത്തെ എതിർക്കുന്ന, അവന്റെ അനുഗാമികളെ പീഡിപ്പിക്കുന്ന ഏവർക്കും ബാധകമാണ്‌. ക്രിസ്‌തുവിന്റെ പ്രതിപുരുഷന്മാരാണെന്ന്‌ അവകാശപ്പെടുകയോ ക്രിസ്‌തുവിനു മാത്രം സാക്ഷാത്‌കരിക്കാൻ കഴിയുന്ന യഥാർഥ സമാധാനവും സുരക്ഷിതത്വവും ഗർവോടെ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ അനുചിതമായി മിശിഹായുടെ സ്ഥാനത്ത്‌ സ്വയം പ്രതിഷ്‌ഠിക്കുകയോ ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ, രാഷ്‌ട്രങ്ങൾ എന്നിവയും ഇതിൽപ്പെടുന്നു.

[കടപ്പാട്‌]

അഗസ്റ്റിൻ: ©SuperStock/age fotostock

[7-ാം പേജിലെ ചിത്രം]

ബെരോവക്കാരെപ്പോലെ നാം ‘തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കണം’