വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ന്യായാധിപനെ ഉപദേശിക്കാനോ?

ഒരു ന്യായാധിപനെ ഉപദേശിക്കാനോ?

ഒരു ന്യായാധിപനെ ഉപദേശിക്കാനോ?

ക്രൊയേഷ്യക്കാരിയായ സ്ലഡ്യാനാ യഹോവയുടെ സാക്ഷികളിൽ ഒരാളാണ്‌. സാമ്പത്തിക കാര്യങ്ങളോടു ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിന്റെ പേരിൽ അവർക്കു കോടതിയെ സമീപിക്കേണ്ടി വന്നു. കൃത്യസമയത്തുതന്നെ അവർ ന്യായാധിപന്റെ മുമ്പാകെ ഹാജരായി. പക്ഷേ കേസിലെ മറ്റേ കക്ഷി എത്താൻ അൽപ്പം വൈകി. എങ്ങനെയും ന്യായാധിപന്‌ സാക്ഷ്യം നൽകണമെന്ന്‌ ആഗ്രഹമുണ്ടായിരുന്ന സ്ലഡ്യാനാ കിട്ടിയ അവസരം പാഴാക്കിയില്ല. കോടതി നടപടികൾ ആരംഭിക്കുന്നതിനായി എല്ലാവരും കാത്തിരുന്ന ആ സമയത്ത്‌ ധൈര്യം സംഭരിച്ച്‌ അവർ ന്യായാധിപനോടു സംസാരിച്ചു.

“സർ, ഈ ഭൂമിയിൽ ന്യായാധിപന്മാരോ കോടതികളോ ഇല്ലാത്ത ഒരു കാലം പെട്ടെന്നുതന്നെ വരുമെന്ന കാര്യം അങ്ങേക്ക്‌ അറിയാമോ?” സ്ലഡ്യാനാ ചോദിച്ചു. ഇന്നുള്ള മനുഷ്യ ന്യായാധിപന്മാരെയാണ്‌ അവർ ഉദ്ദേശിച്ചത്‌.

അത്ഭുതസ്‌തബ്ധനായ ന്യായാധിപൻ അവരെ സൂക്ഷിച്ചുനോക്കി, ഒരു വാക്കുപോലും ഉരിയാടാതെ. അപ്പോഴേക്കും കോടതി നടപടിക്രമങ്ങൾ ആരംഭിച്ചു. എല്ലാം കഴിഞ്ഞ്‌ ഒരു പേപ്പറിൽ ഒപ്പുവെക്കുന്നതിനായി സ്ലഡ്യാനാ എഴുന്നേറ്റു. അപ്പോൾ ന്യായാധിപൻ മെല്ലെ കുനിഞ്ഞ്‌ അടക്കിയസ്വരത്തിൽ ചോദിച്ചു: “നിങ്ങൾ ആ പറഞ്ഞത്‌ ശരിയാണോ, ഈ ഭൂമിയിൽ ന്യായാധിപന്മാരോ കോടതികളോ ഇല്ലാത്ത ഒരു കാലം പെട്ടെന്നുതന്നെ വരുമോ?”

“ഉവ്വ്‌, സർ. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല!” സ്ലഡ്യാനാ മറുപടി പറഞ്ഞു.

“അതിനു നിങ്ങൾക്ക്‌ എന്തു തെളിവാണുള്ളത്‌?” ന്യായാധിപൻ ചോദിച്ചു.

“അതു ബൈബിളിലുണ്ട്‌ സർ’ എന്ന്‌ സ്ലഡ്യാനാ.

അങ്ങനെയെങ്കിൽ അതൊന്നു വായിച്ചു നോക്കണമെന്നായി ന്യായാധിപൻ. പക്ഷേ അദ്ദേഹത്തിന്‌ ബൈബിൾ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഒരു ബൈബിൾ എത്തിച്ചുകൊടുക്കാമെന്ന്‌ സ്ലഡ്യാനാ സമ്മതിച്ചു. യഹോവയുടെ സാക്ഷികൾ ന്യായാധിപനെ സന്ദർശിച്ചു, ഒരു ബൈബിൾ നൽകി. കൂടാതെ വാരംതോറുമുള്ള ഒരു ബൈബിളധ്യയനത്തിനു പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ന്യായാധിപൻ അതിനു സമ്മതിച്ചു. താമസിയാതെ അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു.

സങ്കീർത്തനം 2:​10-ൽ പ്രാവചനികമായി ഇങ്ങനെ പറയുന്നു: “ആകയാൽ രാജാക്കന്മാരേ, ബുദ്ധിപഠിപ്പിൻ; ഭൂമിയിലെ ന്യായാധിപന്മാരേ; ഉപദേശം കൈക്കൊൾവിൻ.” അത്തരം ആളുകൾ താഴ്‌മയോടെ യഹോവയുടെ സ്‌നേഹപൂർവകമായ മാർഗനിർദേശം സ്വീകരിക്കുന്നത്‌ എത്ര സന്തോഷകരമാണ്‌!

[32-ാം പേജിലെ ചിത്രം]

സ്ലഡ്യാനാ ന്യായാധിപനോടൊപ്പം