വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക

നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക

നിങ്ങളെ സ്‌നേഹിക്കുന്ന ദൈവത്തെ സ്‌നേഹിക്കുക

“നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം.”​—⁠മത്തായി 22:37.

1, 2. ഏറ്റവും വലിയ കൽപ്പന ഏതാണെന്ന ചോദ്യം ഉയർന്നുവരാൻ കാരണം എന്തായിരിക്കാം?

ഏറ്റവും വലിയ കൽപ്പന ഏത്‌? യേശുവിന്റെ നാളിലെ പരീശന്മാർക്കിടയിൽ ആ ചോദ്യം ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക്‌ തിരികൊളുത്തി. മോശൈക ന്യായപ്രമാണത്തിലെ 600-ൽപ്പരം നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്‌ ഏതാണ്‌ എന്നതിനെക്കുറിച്ചായിരുന്നു തർക്കം. യാഗം അർപ്പിക്കുന്നതിനോടു ബന്ധപ്പെട്ട ഏതെങ്കിലും നിയമമായിരുന്നോ അത്‌? കാരണം, യാഗങ്ങൾ അർപ്പിച്ചിരുന്നത്‌ പാപങ്ങൾക്കു ക്ഷമനേടാനും ദൈവത്തിന്‌ നന്ദി കരേറ്റാനും ആയിരുന്നല്ലോ. അതല്ലെങ്കിൽ, പരിച്ഛേദന സംബന്ധിച്ച നിയമമായിരുന്നോ ഏറ്റവും പ്രധാനം? അതും പ്രധാനമായിരുന്നു. കാരണം, യഹോവ അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയുടെ അടയാളമായിരുന്നു പരിച്ഛേദന.​—⁠ഉല്‌പത്തി 17:9-13.

2 അതേസമയം, യാഥാസ്ഥിതികർ ഇങ്ങനെ ന്യായവാദം ചെയ്‌തിരിക്കാം: ദൈവം നൽകിയ ചില നിയമങ്ങൾ പ്രാധാന്യം കുറഞ്ഞവയാണെന്ന്‌ തോന്നിയേക്കാം, എന്നാൽ എല്ലാ നിയമങ്ങളും പ്രധാനമാണ്‌; അതുകൊണ്ട്‌ ഏതെങ്കിലും ഒരു കൽപ്പനയെ ഉയർത്തിക്കാട്ടുന്നതു തെറ്റാണ്‌. ഏതായാലും ഈ തർക്കവിഷയം യേശുവിന്റെ മുമ്പാകെ അവതരിപ്പിക്കാൻ പരീശന്മാർ തീരുമാനിച്ചു. അവനിലുള്ള ആളുകളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയേക്കാവുന്ന വിധത്തിലുള്ള എന്തെങ്കിലും അവൻ പറഞ്ഞേക്കാമെന്ന ചിന്തയോടെ ആയിരുന്നു അത്‌. അതുകൊണ്ട്‌ അവരിൽ ഒരാൾ യേശുവിനെ സമീപിച്ച്‌ “ന്യായപ്രമാണത്തിൽ ഏതു കല്‌പന വലിയത്‌” എന്നു ചോദിച്ചു.​—⁠മത്തായി 22:34-36.

3. ഏറ്റവും വലിയ കൽപ്പന ഏതാണെന്നാണ്‌ യേശു പറഞ്ഞത്‌?

3 തദവസരത്തിൽ യേശു നൽകിയ ഉത്തരത്തിന്‌ ഇന്നു നമ്മെ സംബന്ധിച്ച്‌ വലിയ പ്രാധാന്യമുണ്ട്‌. സത്യാരാധനയുടെ അന്തസത്ത എക്കാലത്തും എന്തായിരുന്നിട്ടുണ്ടെന്നും എന്തായിരിക്കുമെന്നും തന്റെ മറുപടിയിൽ യേശു സംക്ഷേപിക്കുകയുണ്ടായി. ആവർത്തനപുസ്‌തകം 6:5 ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്‌പന.” ആ പരീശൻ ഒരു കൽപ്പനയെക്കുറിച്ചു മാത്രമേ ചോദിച്ചുള്ളുവെങ്കിലും മറ്റൊന്നിനെക്കുറിച്ചുകൂടെ യേശു പറഞ്ഞു. ലേവ്യപുസ്‌തകം 19:18 ഉദ്ധരിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ” അഥവാ അയൽക്കാരനെ “നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.” സത്യാരാധനയുടെ അന്തസത്ത ഈ രണ്ടു നിയമങ്ങളാണെന്ന്‌ യേശു തുടർന്നു സൂചിപ്പിച്ചു. മറ്റു നിയമങ്ങൾ അവയുടെ പ്രാധാന്യമനുസരിച്ചു പറയിക്കാനുള്ള ഏതൊരു ശ്രമത്തിനും തടയിട്ടുകൊണ്ട്‌ അവൻ ഇങ്ങനെ ഉപസംഹരിച്ചു: “ഈ രണ്ടു കല്‌പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു.” (മത്തായി 22:37-40) യേശു പരാമർശിച്ച രണ്ടു കൽപ്പനകളിൽ ഏറ്റവും വലിയതിനെക്കുറിച്ചാണ്‌ ഈ ലേഖനത്തിൽ നാം പഠിക്കുന്നത്‌. എന്തുകൊണ്ടാണു നാം ദൈവത്തെ സ്‌നേഹിക്കേണ്ടത്‌? എങ്ങനെയാണ്‌ നമുക്കതു പ്രകടമാക്കാനാകുന്നത്‌? ആ സ്‌നേഹം നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാം? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തേണ്ടത്‌ അതിപ്രധാനമാണ്‌. കാരണം, യഹോവയെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടുംകൂടെ സ്‌നേഹിച്ചാൽ മാത്രമേ നമുക്ക്‌ അവനെ പ്രസാദിപ്പിക്കാനാവൂ.

സ്‌നേഹത്തിന്റെ പ്രാധാന്യം

4, 5. (എ) യേശുവിന്റെ ഉത്തരം പരീശനെ അതിശയിപ്പിക്കാതിരുന്നത്‌ എന്തുകൊണ്ട്‌? (ബി) യാഗങ്ങളെക്കാളും ബലികളെക്കാളും ദൈവം ഏറെ വിലകൽപ്പിക്കുന്നത്‌ എന്തിനാണ്‌?

4 ചോദ്യം ഉന്നയിച്ച ആ പരീശൻ യേശുവിന്റെ ഉത്തരം കേട്ട്‌ അസ്വസ്ഥനാകുകയോ അതിശയിക്കുകയോ ചെയ്‌തിരിക്കാൻ സാധ്യതയില്ല. ദൈവത്തോടുള്ള സ്‌നേഹം സത്യാരാധനയുടെ അവിഭാജ്യഘടകമാണെന്ന്‌ അയാൾക്ക്‌ അറിയാമായിരുന്നു, പലരും അതു പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടിരുന്നെങ്കിലും. സിനഗോഗുകളിൽ, ഒരുവന്റെ വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടുള്ള ‘ഷെമ’ എന്നൊരു പ്രാർഥന ഉച്ചത്തിൽ ചൊല്ലുന്ന ഒരു പതിവുണ്ടായിരുന്നു. അതിൽ ആവർത്തനപുസ്‌തകം 6:4-9-ൽ കാണുന്ന ഭാഗം ഉൾപ്പെട്ടിരുന്നു. അതേ ഭാഗം തന്നെയാണ്‌ യേശു ഉദ്ധരിച്ചതും. മർക്കൊസിലെ സമാന്തരവിവരണം അനുസരിച്ച്‌ പരീശൻ തുടർന്ന്‌ യേശുവിനോട്‌ ഇങ്ങനെ പറഞ്ഞു: “ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളു; അവനല്ലാതെ മറ്റൊരുത്തനുമില്ല. അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടുംകൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്‌നേഹിക്കുന്നതും സകല സർവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ.”​—⁠മർക്കൊസ്‌ 12:32, 33.

5 ന്യായപ്രമാണപ്രകാരം ഹോമയാഗങ്ങളും ബലികളും ആവശ്യമായിരുന്നെങ്കിലും, തന്റെ ദാസന്മാർ സ്‌നേഹത്താൽ പ്രചോദിതരായാണോ അതെല്ലാം ചെയ്യുന്നത്‌ എന്നതിനായിരുന്നു ദൈവമുമ്പാകെ ഏറെ മൂല്യം ഉണ്ടായിരുന്നത്‌. തെറ്റായ ആന്തരത്തോടെ അർപ്പിക്കുന്ന ആയിരക്കണക്കിന്‌ മുട്ടാടുകളെക്കാൾ സ്‌നേഹത്തോടും ഭക്ത്യാദരവോടും കൂടെ അർപ്പിക്കുന്ന രണ്ടു കുരുവികൾക്കായിരുന്നു ദൈവം വില കൽപ്പിച്ചിരുന്നത്‌. (മീഖാ 6:6-8) യെരൂശലേം ദേവാലയത്തിൽവെച്ച്‌ യേശു നിരീക്ഷിച്ച വിധവയെക്കുറിച്ചുള്ള വിവരണം ഓർക്കുക. അവർ ആലയഭണ്ഡാരത്തിൽ ഇട്ട രണ്ടു ചെറുനാണയങ്ങൾ ഒരു കുരുവിയെ വാങ്ങാൻപോലും തികയില്ലായിരുന്നു. എങ്കിലും, യഹോവയോടുള്ള ഹൃദയംഗമമായ സ്‌നേഹത്താൽ പ്രചോദിതമായി നൽകിയ ആ സംഭാവനയ്‌ക്കാണ്‌ ധനികർ തങ്ങളുടെ സമൃദ്ധിയിൽനിന്ന്‌ ഇട്ട സംഭാവനയെക്കാൾ ദൈവം വിലകൽപ്പിച്ചത്‌. (മർക്കൊസ്‌ 12:41-44) സാഹചര്യം എന്തുതന്നെ ആയിരുന്നാലും നമുക്കെല്ലാം പ്രകടിപ്പിക്കാൻ കഴിയുന്ന ഒന്നാണ്‌ ദൈവത്തോടുള്ള സ്‌നേഹം. അതാണ്‌ യഹോവ ഏറെ വിലമതിക്കുന്നതും. എത്ര പ്രോത്സാഹജനകം!

6. സ്‌നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പൗലൊസ്‌ എന്ത്‌ എഴുതി?

6 സത്യാരാധനയിൽ സ്‌നേഹത്തിനുള്ള പ്രാധാന്യത്തിന്‌ അടിവരയിട്ടുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്‌നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്‌നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല. എനിക്കുള്ളതെല്ലാം അന്നദാനം ചെയ്‌താലും എന്റെ ശരീരം ചുടുവാൻ ഏല്‌പിച്ചാലും, സ്‌നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.” (1 കൊരിന്ത്യർ 13:1-3) നമ്മുടെ ആരാധന ദൈവത്തിന്‌ സ്വീകാര്യമാകണമെങ്കിൽ സ്‌നേഹം കൂടിയേതീരൂ എന്നത്‌ വ്യക്തമല്ലേ? എന്നാൽ നമുക്ക്‌ എങ്ങനെയാണ്‌ യഹോവയോടു സ്‌നേഹം പ്രകടമാക്കാനാകുക?

യഹോവയോടു സ്‌നേഹം പ്രകടിപ്പിക്കാനാകുന്ന വിധം

7, 8. നമുക്ക്‌ എങ്ങനെ യഹോവയോടു സ്‌നേഹം പ്രകടമാക്കാം?

7 നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. വൈകാരികഭാവത്തെക്കാൾ പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗ’മായും നാം ‘ആചരിക്കുന്ന’ ഒരു സംഗതിയായും ബൈബിൾ സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌. (1 കൊരിന്ത്യർ 12:31; 14:1) “വാക്കിനാലും നാവിനാലും” മാത്രമല്ല, “പ്രവൃത്തിയിലും സത്യത്തിലും” സ്‌നേഹിക്കാൻ ബൈബിൾ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.​—⁠1 യോഹന്നാൻ 3:18.

8 ദൈവത്തോടുള്ള സ്‌നേഹമാണ്‌ അവനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാനും വാക്കിനാലും പ്രവൃത്തിയാലും ദിവ്യപരമാധികാരത്തെ ഉയർത്തിപ്പിടിക്കാനും അതിനായി പ്രതിവാദം ചെയ്യാനും നമ്മെ പ്രചോദിപ്പിക്കുന്നത്‌. ലോകത്തെയും അതിന്റെ അഭക്ത മാർഗങ്ങളെയും സ്‌നേഹിക്കാതിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാൻ 2:15, 16) ദൈവത്തെ സ്‌നേഹിക്കുന്നവർ ദോഷത്തെ വെറുക്കുന്നു. (സങ്കീർത്തനം 97:10) ദൈവത്തോടുള്ള സ്‌നേഹത്തിൽ അയൽക്കാരനോടുള്ള സ്‌നേഹവും ഉൾപ്പെടുന്നുണ്ട്‌. അടുത്ത ലേഖനത്തിൽ നാം അതേക്കുറിച്ച്‌ പരിചിന്തിക്കുന്നതായിരിക്കും. കൂടാതെ, ദൈവത്തോടുള്ള സ്‌നേഹം നമ്മുടെ ഭാഗത്ത്‌ അനുസരണവും ആവശ്യമാക്കിത്തീർക്കുന്നു. “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം” എന്നു ബൈബിൾ പറയുന്നു.​—⁠1 യോഹന്നാൻ 5:⁠3.

9. ദൈവത്തോടുള്ള സ്‌നേഹം യേശു പ്രകടമാക്കിയത്‌ എങ്ങനെ?

9 ദൈവത്തെ സ്‌നേഹിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ യേശു കുറ്റമറ്റവിധം പ്രകടമാക്കുകയുണ്ടായി. തന്റെ സ്വർഗീയ ഭവനം വിട്ട്‌ ഭൂമിയിലേക്കു വന്ന്‌ ഒരു മനുഷ്യനായി വസിക്കാൻ അവനെ പ്രേരിപ്പിച്ചത്‌ സ്‌നേഹമാണ്‌. പ്രവർത്തനത്താലും പഠിപ്പിക്കലിനാലും തന്റെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്താൻ അത്‌ അവനു പ്രേരണയേകി. ‘മരണത്തോളം അനുസരണമുള്ളവനായിത്തീരാൻ’ അവനെ പ്രേരിപ്പിച്ചതും അതേ ഗുണമാണ്‌. (ഫിലിപ്പിയർ 2:8) സ്‌നേഹത്തിന്റെ പ്രകടനമായ ആ അനുസരണമാണ്‌ ദൈവമുമ്പാകെ നീതിനിഷ്‌ഠമായ ഒരു നിലയുണ്ടായിരിക്കാനുള്ള അവസരം വിശ്വസ്‌തർക്കു തുറന്നുകൊടുത്തത്‌. പൗലൊസ്‌ ഇങ്ങനെ എഴുതി: “ഏകമനുഷ്യന്റെ [ആദാമിന്റെ] അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകന്റെ [ക്രിസ്‌തുയേശുവിന്റെ] അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.”​—⁠റോമർ 5:19.

10. ദൈവത്തോടുള്ള സ്‌നേഹത്തിൽ അനുസരണം ഉൾപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

10 യേശുവിനെപ്പോലെ അനുസരണമുള്ളവരായിരുന്നുകൊണ്ട്‌ ദൈവത്തോടുള്ള സ്‌നേഹം നാം പ്രകടമാക്കുന്നു. യേശുവിന്റെ പ്രിയ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “നാം അവന്റെ കല്‌പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്‌നേഹം ആകുന്നു.” (2 യോഹന്നാൻ 6) യഹോവയെ ആത്മാർഥമായി സ്‌നേഹിക്കുന്നവർ അവന്റെ മാർഗനിർദേശത്തിനായി വാഞ്‌ഛിക്കുന്നു. സ്വന്തം കാലടികളെ വിജയകരമായി നയിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ അവർ ദൈവിക ജ്ഞാനത്തിൽ ആശ്രയിക്കുകയും അവന്റെ സ്‌നേഹനിർഭരമായ വഴിനടത്തിപ്പിന്‌ കീഴ്‌പെടുകയും ചെയ്യുന്നു. (യിരെമ്യാവു 10:23) ദൈവത്തിന്റെ സന്ദേശം “പൂർണ്ണജാഗ്രതയോടെ” കൈക്കൊള്ളുകയും ദൈവേഷ്ടം ചെയ്യാൻ അതിയായി ആഗ്രഹിക്കുകയും ചെയ്‌ത പുരാതന ബെരോവയിലെ ഉത്തമന്മാരെപ്പോലെയാണ്‌ അവർ. (പ്രവൃത്തികൾ 17:11) ദൈവേഷ്ടം കൂടുതൽ തികവോടെ മനസ്സിലാക്കാനായി അവർ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പരിശോധിച്ചു. അനുസരണത്തിന്റെ കൂടുതലായ പ്രവൃത്തികളിലൂടെ സ്‌നേഹം പ്രകടമാക്കാൻ അത്‌ അവരെ സഹായിച്ചു.

11. പൂർണ ഹൃദയത്തോടും മനസ്സോടും ആത്മാവോടും ശക്തിയോടുംകൂടെ ദൈവത്തെ സ്‌നേഹിക്കുക എന്നതിന്റെ അർഥമെന്ത്‌?

11 യേശു പറഞ്ഞതുപോലെ, യഹോവയെ സ്‌നേഹിക്കുന്നതിൽ നമ്മുടെ പൂർണ ഹൃദയവും മനസ്സും ആത്മാവും ശക്തിയും ഉൾപ്പെടുന്നുണ്ട്‌. (മർക്കൊസ്‌ 12:30) അത്തരം സ്‌നേഹം ഹൃദയത്തിൽനിന്നാണ്‌ വരുന്നത്‌, അതിൽ നമ്മുടെ വികാരങ്ങളും അഭിലാഷങ്ങളും ഉള്ളിലെ ചിന്തകളും ഉൾപ്പെട്ടിട്ടുണ്ട്‌. അങ്ങനെ യഹോവയെ പ്രസാദിപ്പിക്കാനുള്ള ശക്തമായ ആഗ്രഹം നമുക്കുണ്ടാകുന്നു. നമ്മുടെ മനസ്സുകൊണ്ടും നാം ദൈവത്തെ സ്‌നേഹിക്കുന്നുണ്ട്‌, അതായത്‌ നമ്മുടെ ചിന്താപ്രാപ്‌തികൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌. ദൈവത്തോടുള്ള നമ്മുടെ ഭക്ത്യാദരവ്‌ അന്ധമായ ഒന്നല്ല; നാം യഹോവയുടെ ഗുണങ്ങളും നിലവാരങ്ങളും ഉദ്ദേശ്യങ്ങളും മറ്റും അറിയാൻ ഇടയായിരിക്കുന്നു. നമ്മുടെ ആത്മാവ്‌, അല്ലെങ്കിൽ മൂലഗ്രീക്ക്‌ പദം സൂചിപ്പിക്കുന്നതുപോലെ ജീവൻ ഉൾപ്പെടെ നമുക്കുള്ള സകലതും നാം യഹോവയെ സേവിക്കാനും സ്‌തുതിക്കാനും ഉപയോഗിക്കുന്നു. കൂടാതെ നമ്മുടെ ശക്തിയും നാം അതിനായി ഉപയോഗിക്കുന്നുണ്ട്‌.

യഹോവയെ സ്‌നേഹിക്കേണ്ടതിന്റെ കാരണം

12. നാം ദൈവത്തെ സ്‌നേഹിക്കാൻ അവൻ ആവശ്യപ്പെടുന്നത്‌ എന്തുകൊണ്ട്‌?

12 യഹോവയെ സ്‌നേഹിക്കേണ്ടതിന്റെ ഒരു കാരണം, നാം അവന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കാൻ അവൻ ആവശ്യപ്പെടുന്നു എന്നതാണ്‌. സ്‌നേഹത്തിന്റെ ഉറവും അത്യുത്തമ മാതൃകയുമാണ്‌ ദൈവം. “ദൈവം സ്‌നേഹം തന്നേ” എന്ന്‌ നിശ്വസ്‌ത അപ്പൊസ്‌തലനായ യോഹന്നാൻ എഴുതുകയുണ്ടായി. (1 യോഹന്നാൻ 4:8) ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരെന്ന നിലയിൽ സ്‌നേഹിക്കാനുള്ള പ്രാപ്‌തിയോടെയാണ്‌ മനുഷ്യരെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌. യഹോവയുടെ പരമാധികാരംതന്നെ സ്‌നേഹത്തിൽ അധിഷ്‌ഠിതമാണ്‌. യഹോവയുടെ നീതിനിഷ്‌ഠമായ ഭരണവിധത്തോടുള്ള സ്‌നേഹവും അതിനായുള്ള ആഗ്രഹവും നിമിത്തം അവനെ സേവിക്കുന്നവർ പ്രജകളായി ഉണ്ടായിരിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. സകല സൃഷ്ടികളുടെയും സമാധാനത്തിനും ഐക്യത്തിനും ഒഴിച്ചുകൂടാനാവാത്ത ഒരു ഗുണമാണ്‌ സ്‌നേഹം.

13. (എ) “യഹോവയെ . . . സ്‌നേഹി”ക്കാൻ ഇസ്രായേല്യരോടു കൽപ്പിച്ചത്‌ എന്തുകൊണ്ട്‌? (ബി) നാം യഹോവയെ സ്‌നേഹിക്കാൻ അവൻ പ്രതീക്ഷിക്കുന്നത്‌ ന്യായയുക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പാണ്‌ നാം അവനെ സ്‌നേഹിക്കാനുള്ള വേറൊരു കാരണം. “നിന്റെ ദൈവമായ കർത്താവിനെ നീ . . . സ്‌നേഹിക്കേണം” എന്ന്‌ യേശു യഹൂദന്മാരോടു പറഞ്ഞുവെന്നതു ശ്രദ്ധിക്കുക. വിദൂരസ്ഥനും അജ്ഞാതനുമായ ഒരു ദൈവത്തെ അവർ സ്‌നേഹിക്കണമെന്നല്ല യേശു ഉദ്ദേശിച്ചത്‌. തങ്ങളോട്‌ സ്‌നേഹം കാണിച്ചിട്ടുള്ള ഒരു വ്യക്തിയെ ആയിരുന്നു അവർ സ്‌നേഹിക്കേണ്ടിയിരുന്നത്‌. യഹോവ അവരുടെ ദൈവം ആയിരുന്നു. അവരെ ഈജിപ്‌തിൽനിന്നു വിടുവിച്ച്‌ വാഗ്‌ദത്ത ദേശത്തേക്ക്‌ കൊണ്ടുവരുകയും സംരക്ഷിക്കുകയും പോറ്റിപ്പുലർത്തുകയും അവരോടു സ്‌നേഹം പ്രകടമാക്കുകയും സ്‌നേഹത്തോടെ അവർക്കു ശിക്ഷണം നൽകുകയും ചെയ്‌തത്‌ അവനായിരുന്നു. ഇപ്പോൾ യഹോവ നമ്മുടെ ദൈവമാണ്‌, നമുക്ക്‌ നിത്യജീവൻ ലഭിക്കേണ്ടതിന്‌ സ്വന്തം പുത്രനെ ഒരു മറുവിലയായി നൽകിയ ദൈവം. അതുകൊണ്ട്‌ നാം യഹോവയെ സ്‌നേഹിക്കാൻ അവൻ പ്രതീക്ഷിക്കുന്നത്‌ എത്ര ന്യായയുക്തമാണ്‌! നമ്മുടെ സ്‌നേഹം, നമ്മോടു കാണിച്ച സ്‌നേഹത്തോടുള്ള ഒരു പ്രതികരണം മാത്രമാണ്‌; നമ്മെ സ്‌നേഹിക്കുന്ന ദൈവത്തെ തിരിച്ചു സ്‌നേഹിക്കാനാണ്‌ നമ്മോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. “ആദ്യം നമ്മെ സ്‌നേഹിച്ച”വനെയാണ്‌ നാം സ്‌നേഹിക്കുന്നത്‌.​—⁠1 യോഹന്നാൻ 4:19.

14. ഏതു വിധത്തിലാണ്‌ യഹോവയുടെ സ്‌നേഹം സ്‌നേഹനിധികളായ മാതാപിതാക്കളുടെ സ്‌നേഹംപോലെ ആയിരിക്കുന്നത്‌?

14 സ്വന്തം മക്കളോട്‌ ഒരു മാതാവിനോ പിതാവിനോ തോന്നുന്ന സ്‌നേഹംപോലെയാണ്‌ മനുഷ്യവർഗത്തോടുള്ള യഹോവയുടെ സ്‌നേഹം. അപൂർണരെങ്കിലും സ്‌നേഹമുള്ള മാതാപിതാക്കൾ കുട്ടികൾക്കുവേണ്ടി വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നു, ഭൗതികമായും മറ്റു വിധങ്ങളിലും വലിയ ത്യാഗം ചെയ്‌തുകൊണ്ടുതന്നെ. കുട്ടികൾ സന്തോഷമുള്ളവരായിരിക്കാനും അവർ മെച്ചപ്പെട്ടു കാണാനും ആഗ്രഹിക്കുന്നതിനാൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും അവർക്കു ശിക്ഷണം നൽകുകയും ചെയ്യുന്നു. തിരിച്ച്‌ മാതാപിതാക്കൾ എന്താണ്‌ മക്കളിൽനിന്നു പ്രതീക്ഷിക്കുക? കുട്ടികൾ തങ്ങളെ സ്‌നേഹിക്കാനും അവരുടെ പ്രയോജനത്തിനായി തങ്ങൾ പഠിപ്പിച്ച കാര്യങ്ങൾ അവർ വിലമതിപ്പോടെ സ്വീകരിക്കാനും. ആ സ്ഥിതിക്ക്‌, പൂർണനായ നമ്മുടെ സ്വർഗീയ പിതാവ്‌ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന സകല കാര്യങ്ങളോടും നാം സ്‌നേഹപുരസ്സരമായ വിലമതിപ്പു പ്രകടിപ്പിക്കാൻ പ്രതീക്ഷിക്കുന്നത്‌ ന്യായയുക്തമല്ലേ?

ദൈവത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കുക

15. ദൈവത്തോടുള്ള സ്‌നേഹം വളർത്തിയെടുക്കുന്നതിലെ ആദ്യപടി എന്താണ്‌?

15 നമ്മിൽ ആരും ദൈവത്തെ കാണുകയോ അവന്റെ ശബ്ദം കേൾക്കുകയോ ചെയ്‌തിട്ടില്ല. (യോഹന്നാൻ 1:18) എങ്കിലും താനുമായി ഒരു സ്‌നേഹബന്ധത്തിലേക്കു വരാൻ യഹോവ നമ്മെ ക്ഷണിക്കുകയാണ്‌. (യാക്കോബ്‌ 4:8) നമുക്ക്‌ അതെങ്ങനെ ചെയ്യാനാകും? ആരെയെങ്കിലും സ്‌നേഹിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യസംഗതി അയാളെക്കുറിച്ചുള്ള അറിവ്‌ സമ്പാദിക്കുക എന്നതാണ്‌. നമുക്ക്‌ അറിയാൻ പാടില്ലാത്ത ആരോടെങ്കിലും ആഴമായ സ്‌നേഹം തോന്നുക അത്ര എളുപ്പമല്ല. തന്നെക്കുറിച്ചു പഠിക്കാനായി യഹോവ തന്റെ വചനമായ ബൈബിൾ നമുക്കു നൽകിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ബൈബിൾ ക്രമമായി വായിക്കാനുള്ള പ്രോത്സാഹനം തന്റെ സംഘടനയിലൂടെ യഹോവ നമുക്കു നൽകുന്നത്‌. ബൈബിളാണ്‌ ദൈവത്തെയും അവന്റെ ഗുണങ്ങളെയും വ്യക്തിത്വത്തെയും ആയിരക്കണക്കിനു വർഷങ്ങളായി അവൻ മനുഷ്യവർഗത്തോട്‌ ഇടപെട്ടിരിക്കുന്ന വിധത്തെയും കുറിച്ചു പഠിക്കാൻ നമ്മെ സഹായിക്കുന്നത്‌. അത്തരം വിവരണങ്ങളെക്കുറിച്ചു ധ്യാനിക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹവും വിലമതിപ്പും ആഴമുള്ളതായിത്തീരും.​—⁠റോമർ 15:⁠4.

16. യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചു ധ്യാനിക്കുന്നത്‌ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വർധിപ്പിക്കുന്നത്‌ എങ്ങനെ?

16 യഹോവയോടുള്ള സ്‌നേഹത്തിൽ വളരാനുള്ള ഒരു പ്രധാന വിധം യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച്‌ ധ്യാനിക്കുക എന്നതാണ്‌. “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” എന്നു പറയാനാകുന്ന അളവോളം യേശു തന്റെ പിതാവിനെ പൂർണമായി പ്രതിഫലിപ്പിച്ചു. (യോഹന്നാൻ 14:9) ഒരു വിധവയുടെ ഏക മകനെ ജീവനിലേക്കു കൊണ്ടുവന്ന അവസരത്തിൽ യേശു പ്രകടമാക്കിയ അനുകമ്പ നിങ്ങളുടെ ഹൃദയത്തെ സ്‌പർശിക്കുന്നില്ലേ? (ലൂക്കൊസ്‌ 7:11-15) ദൈവപുത്രനും ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനുമായ യേശു താഴ്‌മയോടെ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയെന്നത്‌ നിങ്ങളുടെ മനസ്സിനെ തൊട്ടുണർത്തുന്നില്ലേ? (യോഹന്നാൻ 13:3-5) മറ്റാരെക്കാളും മഹാനും ജ്ഞാനിയും ആയിരുന്നെങ്കിലും കുട്ടികൾക്കുപോലും യേശുവിനെ സമീപിക്കാമായിരുന്നു എന്നത്‌ നിങ്ങളുടെ മനംകവരുന്നില്ലേ? (മർക്കൊസ്‌ 10:13, 14) ഇവയെക്കുറിച്ച്‌ വിലമതിപ്പോടെ ധ്യാനിക്കുന്നപക്ഷം, പിൻവരുംവിധം പത്രൊസ്‌ എഴുതിയ ക്രിസ്‌ത്യാനികളെപ്പോലെ ആയിത്തീരും നാമും: “അവനെ [യേശുവിനെ] നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്‌നേഹിക്കുന്നു.” (1 പത്രൊസ്‌ 1:8) യേശുവിനോടുള്ള സ്‌നേഹം വർധിക്കുമ്പോൾ യഹോവയോടുള്ള സ്‌നേഹവും വർധിക്കും.

17, 18. യഹോവ ചെയ്‌തിരിക്കുന്ന സ്‌നേഹപുരസ്സരമായ ഏതെല്ലാം കരുതലുകളെക്കുറിച്ചു ധ്യാനിക്കുന്നത്‌ അവനോടുള്ള നമ്മുടെ സ്‌നേഹം ആഴമുള്ളതാക്കിത്തീർക്കും?

17 യഹോവയോടുള്ള സ്‌നേഹം വർധിപ്പിക്കാനുള്ള മറ്റൊരു വിധം, ജീവിതം ആസ്വാദ്യമാക്കിത്തീർക്കാനായി ദൈവം സ്‌നേഹപുരസ്സരം ചെയ്‌തിരിക്കുന്ന സമൃദ്ധമായ കരുതലുകളെക്കുറിച്ച്‌ ധ്യാനിക്കുക എന്നതാണ്‌. സൃഷ്ടിയിലെ മനോഹാരിത, രുചികരമായ നാനാതരം ഭക്ഷ്യവിഭവങ്ങൾ, നല്ല സുഹൃത്തുക്കളുടെ ഊഷ്‌മള സഖിത്വം എന്നിവയും നമുക്ക്‌ ആനന്ദവും സംതൃപ്‌തിയും നൽകുന്ന മറ്റനവധി കാര്യങ്ങളും അവയിൽ ചിലതാണ്‌. (പ്രവൃത്തികൾ 14:17) ദൈവത്തെക്കുറിച്ചു നാം എത്രയധികമായി പഠിക്കുന്നുവോ അത്രയധികമായി അവന്റെ സമൃദ്ധമായ നന്മയെയും ഔദാര്യത്തെയും വിലമതിക്കുന്നതിനുള്ള കാരണങ്ങളും നമുക്കുണ്ടായിരിക്കും. യഹോവ, വ്യക്തികളെന്നനിലയിൽ നിങ്ങൾ ഓരോരുത്തർക്കുംവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുക. അവൻ നിങ്ങളുടെ സ്‌നേഹത്തിന്‌ അർഹനാണെന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ?

18 ദൈവത്തിൽനിന്നുള്ള നിരവധി ദാനങ്ങളിൽ ഒന്ന്‌ ഏതൊരു സമയത്തും നമുക്ക്‌ പ്രാർഥനയിൽ അവനെ സമീപിക്കാനുള്ള അവസരമാണ്‌. “പ്രാർഥന കേൾക്കുന്നവനായ” അവൻ നമ്മുടെ അപേക്ഷകൾ ശ്രദ്ധിക്കുമെന്ന ബോധ്യത്തോടെ നമുക്കെങ്ങനെ ചെയ്യാനാകും. (സങ്കീർത്തനം 65:2) ഭരിക്കാനും ന്യായംവിധിക്കാനുമുള്ള അധികാരം യഹോവ തന്റെ പ്രിയപുത്രനു നൽകിയിട്ടുണ്ട്‌. എന്നാൽ പ്രാർഥന കേൾക്കുക എന്ന ചുമതല യഹോവ മറ്റാർക്കും പുത്രനുപോലും നൽകിയിട്ടില്ല. യഹോവ വ്യക്തിപരമായി നമ്മുടെ പ്രാർഥനകൾ കേൾക്കുന്നു. ഈ വിധത്തിൽ യഹോവ നമ്മോടു കാണിക്കുന്ന സ്‌നേഹപുരസ്സരമായ വ്യക്തിഗത താത്‌പര്യം നമ്മെ അവനോടു കൂടുതൽ അടുപ്പിക്കുന്നില്ലേ?

19. യഹോവയുടെ ഏതെല്ലാം വാഗ്‌ദാനങ്ങളാണ്‌ നമ്മെ അവനോട്‌ അടുപ്പിക്കുന്നത്‌?

19 മനുഷ്യവർഗത്തിനുവേണ്ടി യഹോവ ചെയ്യാൻപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതും നമ്മെ അവനോട്‌ അടുപ്പിക്കുന്നു. രോഗവും ദുഃഖവും മരണവും ഇല്ലായ്‌മ ചെയ്യുമെന്ന്‌ അവൻ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. (വെളിപ്പാടു 21:​3-5) മനുഷ്യവർഗം പൂർണത പ്രാപിച്ചുകഴിയുമ്പോൾ നിരാശയും നിരുത്സാഹവും ദുരന്തങ്ങളും പൊയ്‌പോയിരിക്കും. പട്ടിണിയും ദാരിദ്ര്യവും യുദ്ധവും ഉണ്ടായിരിക്കുകയില്ല. (സങ്കീർത്തനം 46:9; 72:16) ഭൂമി ഒരു പറുദീസയായി മാറും. (ലൂക്കൊസ്‌ 23:43) യഹോവ നമുക്കായി ഈ അനുഗ്രഹങ്ങൾ കരുതിയിരിക്കുന്നത്‌ എന്തെങ്കിലും കടപ്പാട്‌ ഉള്ളതുകൊണ്ടല്ല, മറിച്ച്‌ നമ്മോടുള്ള സ്‌നേഹം നിമിത്തമാണ്‌.

20. യഹോവയെ സ്‌നേഹിക്കുന്നതിന്റെ പ്രയോജനം സംബന്ധിച്ച്‌ മോശെ എന്തു പറഞ്ഞു?

20 അതുകൊണ്ട്‌ നമ്മുടെ ദൈവത്തെ സ്‌നേഹിക്കുന്നതിനും ആ സ്‌നേഹം ആഴമുള്ളതാക്കിത്തീർക്കുന്നതിനും നമുക്ക്‌ ഈടുറ്റ കാരണങ്ങളുണ്ട്‌. നിങ്ങളുടെ പാതകളെ നയിക്കാൻ ദൈവത്തെ അനുവദിച്ചുകൊണ്ട്‌ അവനോടുള്ള സ്‌നേഹത്തെ തുടർന്നും നിങ്ങൾ ശക്തിപ്പെടുത്തുമോ? തിരഞ്ഞെടുപ്പു നിങ്ങളുടേതാണ്‌. യഹോവയോടുള്ള സ്‌നേഹം വളർത്തിയെടുക്കുകയും അതു നിലനിറുത്തുകയും ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ മോശെ തിരിച്ചറിഞ്ഞിരുന്നു. ദീർഘകാലം മുമ്പ്‌ ഇസ്രായേൽ ജനതയോട്‌ മോശെ ഇപ്രകാരം പറഞ്ഞു: “നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.”​—⁠ആവർത്തനപുസ്‌തകം 30:19, 20.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയോടുള്ള സ്‌നേഹം ഒഴിച്ചുകൂടാനാവാത്ത ഒരു സംഗതിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• ദൈവത്തോടുള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ പ്രകടമാക്കാം?

• യഹോവയെ സ്‌നേഹിക്കുന്നതിന്‌ നമുക്ക്‌ എന്തെല്ലാം കാരണങ്ങളാണ്‌ ഉള്ളത്‌?

• ദൈവത്തോടുള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ നട്ടുവളർത്താം?

[അധ്യയന ചോദ്യങ്ങൾ]

[20-ാം പേജിലെ ചിത്രം]

യഹോവയോട്‌ നമുക്കെല്ലാം പ്രകടിപ്പിക്കാനാകുന്ന ആ സ്‌നേഹത്തെ അവൻ വിലമതിക്കുകതന്നെ ചെയ്യുന്നു

[23-ാം പേജിലെ ചിത്രങ്ങൾ]

“എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു.”​—⁠യോഹന്നാൻ 14:⁠9