വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠ഭാഗം 1

യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠ഭാഗം 1

യഹോവയുടെ വചനം ജീവനുള്ളത്‌

യെശയ്യാവിൽനിന്നുള്ള വിശേഷാശയങ്ങൾ​—⁠ഭാഗം 1

“ഞാൻ ആരെ അയയ്‌ക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” യഹോവയാം ദൈവത്തിൽനിന്നുള്ള ഈ ക്ഷണത്തിന്‌ ആമോസിന്റെ മകനായ യെശയ്യാവ്‌ മറുപടി പറയുന്നു: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 1:1; 6:8) അപ്പോൾ അവന്‌ ഒരു പ്രവാചകനെന്നനിലയിലുള്ള നിയമനം ലഭിക്കുന്നു. യെശയ്യാവിന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്‌തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌ അവന്റെ പ്രവാചകവേലയെക്കുറിച്ചാണ്‌.

ആ പ്രവാചകൻതന്നെ എഴുതിയ യെശയ്യാപുസ്‌തകത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാലം ഏകദേശം പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്‌) 778 മുതൽ പൊ.യു.മു. 732-നു ശേഷംവരെയാണ്‌, അതായത്‌ ഏതാണ്ട്‌ 46 വർഷം. യെഹൂദാ, ഇസ്രായേൽ, മറ്റു സമീപ രാഷ്‌ട്രങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള ന്യായവിധി സന്ദേശങ്ങൾ ഈ പുസ്‌തകത്തിൽ അടങ്ങിയിട്ടുണ്ടെങ്കിലും അതിലെ മുഖ്യ പ്രതിപാദ്യവിഷയം അതല്ല, മറിച്ച്‌ യഹോവ നൽകുന്ന രക്ഷയാണ്‌. (യെശയ്യാവു 25:9) വാസ്‌തവത്തിൽ, യെശയ്യാവ്‌ എന്ന പേരിന്റെ അർഥംതന്നെ “യഹോവയുടെ രക്ഷ” എന്നാണ്‌. യെശയ്യാവു 1:1–35:10 വരെയുള്ള ഭാഗത്തെ വിശേഷാശയങ്ങളാണ്‌ ഈ ലേഖനത്തിൽ.

“ഒരു ശേഷിപ്പു മടങ്ങിവരും”

(യെശയ്യാവു 1:​1–12:6)

യെശയ്യാപുസ്‌തകത്തിന്റെ ആദ്യത്തെ അഞ്ച്‌ അധ്യായങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രാവചനിക സന്ദേശങ്ങൾ യെശയ്യാവ്‌ അറിയിച്ചത്‌, പ്രവാചകനായി അവനു നിയമനം ലഭിച്ചതിനു മുമ്പാണോ അതിനു ശേഷമാണോ എന്ന്‌ ബൈബിൾ പറയുന്നില്ല. (യെശയ്യാവു 6:6-9) എന്നിരുന്നാലും ഒരു കാര്യം വ്യക്തമാണ്‌, യെഹൂദയ്‌ക്കും യെരൂശലേമിനും “അടിതൊട്ടു മുടിവരെ” ആത്മീയ രോഗം ബാധിച്ചിരിക്കുന്നു. (യെശയ്യാവു 1:6) വിഗ്രഹാരാധന എല്ലായിടത്തും പ്രബലമാണ്‌. അവരുടെ നേതാക്കന്മാർ അഴിമതിക്കാരാണ്‌. സ്‌ത്രീകൾ അഹങ്കാരികളായിത്തീർന്നിരിക്കുന്നു. ആളുകൾ സത്യദൈവത്തെ അവനു സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നുമില്ല. പരിജ്ഞാനം നേടുകയോ നേടാൻ ആഗ്രഹിക്കുകയോ ചെയ്യാത്ത ഒരു ജനത്തോട്‌ വീണ്ടുംവീണ്ടും സംസാരിക്കാനാണ്‌ യെശയ്യാവിന്‌ നിയമനം ലഭിച്ചത്‌.

ഇസ്രായേലിന്റെയും സിറിയയുടെയും (അരാം) സംയുക്ത സൈന്യത്തിന്റെ ആക്രമണ ഭീഷണിയിലാണ്‌ യെഹൂദാ. യെശയ്യാവിനെയും അവന്റെ മക്കളെയും “അടയാളങ്ങളും അത്ഭുതങ്ങളും” ആയി ഉപയോഗിച്ചുകൊണ്ട്‌ സിറിയ-ഇസ്രായേൽ സഖ്യം വിജയിക്കുകയില്ലെന്ന്‌ യഹോവ യെഹൂദായ്‌ക്ക്‌ ഉറപ്പു കൊടുക്കുന്നു. (യെശയ്യാവു 8:18) എന്നിരുന്നാലും ശാശ്വത സമാധാനം “സമാധാനപ്രഭു”വിന്റെ ഭരണത്തിലൂടെ മാത്രമേ വരികയുള്ളൂ. (യെശയ്യാവു 9:6, 7) യഹോവ തന്റെ “കോപത്തിന്റെ കോലായ” അസീറിയയെയും (അശ്ശൂർ) ന്യായം വിധിക്കും. യെഹൂദാ കാലക്രമത്തിൽ അടിമത്തത്തിലേക്കു പോകും. എന്നാൽ “ഒരു ശേഷിപ്പു മടങ്ങിവരും.” (യെശയ്യാവു 10:5, 21, 22) യഥാർഥ നീതി നിലവിൽവരുന്നത്‌ ‘യിശ്ശായിയുടെ കുറ്റിയിൽനിന്ന്‌ പൊട്ടിപ്പുറപ്പെടുന്ന’ ഒരു ആലങ്കാരിക “മുള”യുടെ ഭരണത്തിലൂടെ ആയിരിക്കുമായിരുന്നു.​—⁠യെശയ്യാവു 11:⁠1.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:​8, 9—⁠സീയോൻ പുത്രി “മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും . . . ശേഷിച്ചി”രുന്നത്‌ എങ്ങനെ? അതിനർഥം, അസീറിയയുടെ ആക്രമണ നാളുകളിൽ യെരൂശലേം തികച്ചും നിസ്സഹായ ആയിരിക്കും എന്നാണ്‌, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയോ വെള്ളരിത്തോട്ടത്തിലെ കാവൽമാടംപോലെയോ വളരെ ദുർബലമായ സ്ഥിതിയിൽത്തന്നെ. എന്നാൽ യഹോവ അവളുടെ സഹായത്തിനെത്തുകയും സൊദോമിനെയും ഗൊമോരയെയുംപോലെ ആയിത്തീരുന്നതിൽനിന്നു തടയുകയും ചെയ്യുന്നു.

1:18—⁠“വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം (“രമ്യതപ്പെടാം,” പി.ഒ.സി. ബൈബിൾ)” എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്‌? വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായിക്കൊണ്ടുള്ള അനുരഞ്‌ജന ചർച്ചയിലൂടെ ഒരു ധാരണയിൽ എത്താനുള്ള ക്ഷണമല്ല ഇത്‌. പകരം നീതിയുള്ള ന്യായാധിപനായ യഹോവ, ഇസ്രായേലിന്‌ മാറ്റംവരുത്തി ശുദ്ധയാകാനുള്ള ഒരു അവസരം നൽകുന്ന വേദിയെയാണ്‌ ഈ വാക്യം പരാമർശിക്കുന്നത്‌.

6:8എ​—⁠ഈ വാക്യത്തിൽ, “ഞാൻ,” “നമുക്ക്‌” എന്നീ സർവനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? “ഞാൻ” എന്ന സർവനാമം യഹോവയെക്കുറിക്കുന്നു. ബഹുവചന സർവനാമമായ “നമുക്ക്‌,” യഹോവയ്‌ക്കൊപ്പം മറ്റൊരാളും കൂടി ഉണ്ടെന്നു സൂചിപ്പിക്കുന്നു. തീർച്ചയായും, അത്‌ അവന്റെ “ഏകജാതനായ പുത്ര”നാണ്‌.​—⁠യോഹന്നാൻ 1:14; 3:16.

6:11—⁠“കർത്താവേ, എത്രത്തോളം?” എന്നു ചോദിച്ചപ്പോൾ യെശയ്യാവ്‌ എന്താണ്‌ അർഥമാക്കിയത്‌? ശ്രദ്ധിക്കാൻ ചായ്‌വില്ലാത്ത ജനങ്ങളോട്‌ യഹോവയുടെ സന്ദേശം എത്രനാൾ കൂടെ പ്രസംഗിക്കണം എന്നു ചോദിക്കുകയല്ലായിരുന്നു യെശയ്യാവ്‌ ഇവിടെ. പകരം, ആത്മീയരോഗം ബാധിച്ച ജനങ്ങളുടെ അവസ്ഥയാൽ ഇനിയും എത്രനാൾ കൂടെ യഹോവയുടെ നാമം ദുഷിക്കപ്പെടുമെന്നറിയാനാണ്‌ അവൻ ആഗ്രഹിച്ചത്‌.

7:​3, 4​—⁠ദുഷ്ടരാജാവായ ആഹാസിന്‌ യഹോവ രക്ഷ നൽകിയത്‌ എന്തുകൊണ്ടാണ്‌? സിറിയയിലെയും ഇസ്രായേലിലെയും രാജാക്കന്മാർ യെഹൂദാ രാജാവായ ആഹാസിനെ സിംഹാസനത്തിൽനിന്ന്‌ ഇറക്കി ആ സ്ഥാനത്ത്‌ ദാവീദിന്റെ പിൻഗാമി അല്ലാതിരുന്ന താബെയേലിന്റെ മകനെ ഒരു സാമന്തരാജാവായി വാഴിക്കാൻ പദ്ധതിയിട്ടു. ആ പൈശാചിക പദ്ധതി ദാവീദിക രാജ്യ ഉടമ്പടിയുടെ പ്രവർത്തനത്തിനു തടയിടുമായിരുന്നു. വാഗ്‌ദത്ത “സമാധാനപ്രഭു” വരേണ്ടിയിരുന്ന വംശാവലി നിലനിറുത്തുന്നതിനാണ്‌ യഹോവ ആഹാസിന്‌ രക്ഷ നൽകിയത്‌.​—⁠യെശയ്യാവു 9:⁠6.

7:8—⁠എഫ്രയീം 65 വർഷത്തിനുള്ളിൽ ‘തകർന്നു പോയത്‌’ എങ്ങനെ? യെശയ്യാവ്‌ ഈ പ്രവചനം ഉച്ചരിച്ച്‌ അധികം താമസിയാതെ, “യിസ്രായേൽരാജാവായ പേക്കഹിന്റെ കാലത്ത്‌” പത്തു-ഗോത്ര രാജ്യത്ത്‌ ഉണ്ടായിരുന്നവരെ പ്രവാസികളായി കൊണ്ടുപോകുകയും വിദേശികൾ വന്നു ദേശത്ത്‌ താമസമാക്കാൻ തുടങ്ങുകയും ചെയ്‌തു. (2 രാജാക്കന്മാർ 15:29) അത്‌ സൻഹേരീബിന്റെ മകനും പിന്തുടർച്ചാവകാശിയുമായ അസീറിയൻ രാജാവായ എസർ-ഹദ്ദോന്റെ നാളുകൾവരെ വളരെക്കാലം തുടർന്നു. (2 രാജാക്കന്മാർ 17:6; എസ്രാ 4:1, 2; യെശയ്യാവു 37:37, 38) ശമര്യയിൽനിന്നും ശമര്യയിലേക്കും ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന അസീറിയക്കാരുടെ ഈ പ്രവർത്തനം യെശയ്യാവു 7:​8-ൽ പറഞ്ഞിരിക്കുന്ന 65 വർഷക്കാലത്താണ്‌ സംഭവിച്ചത്‌.

11:​1, 10​—⁠യേശുക്രിസ്‌തുവിന്‌ ‘യിശ്ശായിയുടെ കുറ്റിയിൽനിന്നുള്ള ഒരു മുളയും’ ‘അവന്റെ വേരും’ ആയിരിക്കാനാകുന്നത്‌ എങ്ങനെ? (റോമർ 15:12) വംശാവലിപ്രകാരം യേശു ‘യിശ്ശായിയുടെ കുറ്റിയിൽനിന്നുള്ള ഒരു മുള’ ആയിരുന്നു. യിശ്ശായിയുടെ മകനായ ദാവീദിന്റെ വംശത്തിൽ പിറന്നതിനാൽ അവൻ യിശ്ശായിയുടെ ഒരു പിൻഗാമിയായിരുന്നു. (മത്തായി 1:1-6; ലൂക്കൊസ്‌ 3:23-32) എന്നിരുന്നാലും, യേശുവിനു ലഭിക്കുന്ന രാജ്യാധികാരം പൂർവികരുമായുള്ള അവന്റെ ബന്ധത്തെ ബാധിക്കുന്നു. അനുസരണമുള്ള മനുഷ്യർക്കു ഭൂമിയിൽ നിത്യജീവൻ നൽകാനുള്ള ശക്തിയും അധികാരവും ലഭിച്ചിരിക്കുന്നതിനാൽ യേശു അവരുടെ “നിത്യപിതാവ്‌” ആയിത്തീരുന്നു. (യെശയ്യാവു 9:6) അപ്രകാരം, അവൻ യിശ്ശായി ഉൾപ്പെടെയുള്ള പൂർവികരുടെ ‘വേരും’ ആണ്‌.

നമുക്കുള്ള പാഠങ്ങൾ:

1:⁠3. സ്രഷ്ടാവ്‌ നമ്മിൽനിന്ന്‌ ആവശ്യപ്പെടുന്നതിന്‌ അനുസൃതമായി ജീവിക്കാൻ വിസമ്മതിക്കുന്ന ഒരു വ്യക്തിക്ക്‌ ഒരു കാളയ്‌ക്കോ കഴുതയ്‌ക്കോ ഉള്ള അത്രപോലും അറിവില്ല. മറിച്ച്‌, യഹോവ നമുക്കായി ചെയ്‌തിരിക്കുന്ന എല്ലാറ്റിനോടും വിലമതിപ്പ്‌ വളർത്തിയെടുക്കുന്നത്‌ വിവേകശൂന്യമായി പ്രവർത്തിച്ച്‌ അവനെ ഉപേക്ഷിക്കുന്നതിൽനിന്നു നമ്മെ തടയും.

1:​11-13. കാപട്യം നിറഞ്ഞ മതാനുഷ്‌ഠാനങ്ങളും ആചാരപരമായ പ്രാർഥനകളും യഹോവയ്‌ക്കു വെറുപ്പാകുന്നു. നമ്മുടെ പ്രവർത്തനങ്ങളും പ്രാർഥനകളും ശരിയായ ആന്തരത്തോടെ ഉള്ളതായിരിക്കണം.

1:​25-27; 2:2; 4:​2, 3യെഹൂദായുടെ അടിമത്തവും ശൂന്യാവസ്ഥയും അനുതാപമുള്ള ഒരു ശേഷിപ്പ്‌ യെരൂശലേമിലേക്കു മടങ്ങിവന്ന്‌ സത്യാരാധന പുനഃസ്ഥാപിക്കുന്നതോടെ അവസാനിക്കുമായിരുന്നു. അനുതാപമുള്ള തെറ്റുകാരോടു കരുണയുള്ളവനാണ്‌ യഹോവ.

2:​2-4. പ്രസംഗ പ്രവർത്തനത്തിലും ശിഷ്യരാക്കൽവേലയിലും ഉള്ള നമ്മുടെ തീക്ഷ്‌ണമായ പങ്കുപറ്റൽ സമാധാനത്തിന്റെ പാത പഠിക്കുന്നതിനും പരസ്‌പരം സമാധാനത്തിലായിരിക്കുന്നതിനും അനേക ദേശങ്ങളിൽനിന്നുള്ള ആളുകളെ സഹായിക്കുന്നു.

4:⁠4. ധാർമിക അശുദ്ധിയും രക്തപാതകവും യഹോവ നീക്കം ചെയ്യുകയോ കഴുകിക്കളയുകയോ ചെയ്യും.

5:​11-13. വിനോദപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ യാതൊരുവിധ നിയന്ത്രണമോ മിതത്വമോ ഇല്ലാതിരിക്കുന്നത്‌ പരിജ്ഞാനപ്രകാരം പ്രവർത്തിക്കുന്നതിനുള്ള വിമുഖതയെയാണ്‌ കാണിക്കുന്നത്‌.​—⁠റോമർ 13:13.

5:​21-23. ക്രിസ്‌തീയ മൂപ്പന്മാർ അഥവാ മേൽവിചാരകന്മാർ ‘തങ്ങളെത്തന്നെ ജ്ഞാനികളായി’ വീക്ഷിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അവർ “വീഞ്ഞു കുടി”ക്കുന്നതിൽ മിതത്വം പാലിക്കുകയും മുഖപക്ഷം കാണിക്കുന്നത്‌ ഒഴിവാക്കുകയും വേണം.

11:3എ. യഹോവഭക്തി പ്രമോദമാണെന്ന്‌, സന്തോഷദായകമാണെന്ന്‌ യേശുവിന്റെ മാതൃകയും പഠിപ്പിക്കലും വ്യക്തമാക്കുന്നു.

‘യഹോവ യാക്കോബിനോടു കരുണ കാണിക്കും’

(യെശയ്യാവു 13:​1–35:10)

13-23 വരെയുള്ള അധ്യായങ്ങളിൽ ദേശത്തിനെതിരായ ന്യായവിധി സന്ദേശങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. എന്നിരുന്നാലും, സകല ഇസ്രായേൽ ഗോത്രങ്ങളെയും സ്വദേശത്തേക്ക്‌ മടങ്ങിവരാൻ അനുവദിച്ചുകൊണ്ട്‌ ‘യഹോവ യാക്കോബിനോടു കരുണ കാണിക്കും.’ (യെശയ്യാവു 14:​1, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) 24-27 വരെയുള്ള അധ്യായങ്ങളിൽ യെഹൂദായുടെ നാശത്തെക്കുറിച്ചുള്ള സന്ദേശത്തെ തുടർന്ന്‌ പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള വാഗ്‌ദാനവും ഉണ്ട്‌. സിറിയയുമായി സഖ്യം ചേർന്നതിനാൽ ‘എഫ്രയീമിലെ [ഇസ്രായേൽ] കുടിയന്മാരോടും’ അസീറിയയുമായി സംഖ്യചേർന്നതിനാൽ യെഹൂദായിലെ ‘പുരോഹിതനോടും പ്രവാചകനോടും’ യഹോവ കോപം പ്രകടമാക്കുന്നു. (യെശയ്യാവു 28:1, 7) സംരക്ഷണത്തിനായി “മിസ്രയീമിന്റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിന്നു” ഒരുങ്ങിയ “അരീയേലി”ന്റെമേൽ [യെരൂശലേം] കഷ്ടം വരുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുന്നു. (യെശയ്യാവു 29:1; 30:1, 2) എന്നിരുന്നാലും, യഹോവയിൽ വിശ്വാസമർപ്പിക്കുന്ന വ്യക്തികൾക്ക്‌ രക്ഷവരുമെന്നും പ്രവചിച്ചിരിക്കുന്നു.

‘ബാലസിംഹം ഇരകണ്ടു മുരളുന്നതുപോലെ’ യഹോവ “സീയോൻപർവ്വത”ത്തെ സംരക്ഷിക്കും. (യെശയ്യാവു 31:4) യഹോവ പിൻവരുന്ന വാഗ്‌ദാനവും നൽകുന്നു: “ഒരു രാജാവു നീതിയോടെ വാഴും.” (യെശയ്യാവു 32:1) യെഹൂദായ്‌ക്കെതിരായ അസീറിയക്കാരുടെ ആക്രമണത്തിൽ “സമാധാനത്തിന്റെ ദൂതന്മാർ”പോലും അതിദുഃഖത്തോടെ കരയുമ്പോൾ തന്റെ ജനത്തിന്റെ “അകൃത്യം മോചിക്ക”പ്പെട്ട്‌ അവർ സൗഖ്യം പ്രാപിക്കുമെന്നും യഹോവ വാഗ്‌ദാനം ചെയ്യുന്നു. (യെശയ്യാവു 33:7, 22-24) “യഹോവെക്കു സകലജാതികളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്‌.” (യെശയ്യാവു 34:2) യെഹൂദാ ശൂന്യമായി കിടക്കുകയില്ല. “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്‌പം പോലെ പൂക്കും.”​—⁠യെശയ്യാവു 35:⁠1.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

13:17—⁠മേദ്യർ വെള്ളിയെ കാര്യമാക്കാതെയും പൊന്നിൽ താത്‌പര്യമില്ലാതെയും ആയിരിക്കുന്നത്‌ എങ്ങനെ? മേദ്യരും പേർഷ്യക്കാരും വിജയത്തിൽനിന്നു ലഭിക്കുന്ന പ്രശസ്‌തിയെ യുദ്ധത്തിൽ ലഭിക്കുന്ന കൊള്ളയെക്കാൾ മതിച്ചിരുന്നു. കോരെശിന്റെ (സൈറസ്‌) കാര്യത്തിൽ ഇതു സത്യമെന്നു തെളിഞ്ഞു. യഹോവയുടെ ആലയത്തിൽനിന്ന്‌ നെബൂഖദ്‌നേസർ കൊള്ളയായി കൊണ്ടുവന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉള്ള പാത്രങ്ങളും മറ്റും മടങ്ങിപ്പോയ പ്രവാസികൾക്ക്‌ അവൻ കൊടുക്കുകയുണ്ടായി.

14:​1, 2—⁠യഹോവയുടെ ജനം “തങ്ങളെ ബദ്ധന്മാരാക്കിയവരെ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും” ചെയ്‌തത്‌ എങ്ങനെ? മേദ്യരുടെയും പേർഷ്യക്കാരുടെയും ഭരണകാലത്ത്‌ ബാബിലോണിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനായി സേവിച്ച ദാനീയേൽ, പേർഷ്യൻ രാജ്ഞിയായിത്തീർന്ന എസ്ഥേർ, പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിതനായ മൊർദ്ദെഖായി തുടങ്ങിയവരുടെ കാര്യത്തിൽ ആ പ്രവചനം നിറവേറി.

20:​2-5—⁠യെശയ്യാവ്‌ മൂന്നു വർഷം പൂർണ നഗ്നനായി നടന്നോ? സാധ്യതയനുസരിച്ച്‌ യെശയ്യാവ്‌ അവന്റെ മേലങ്കി മാത്രമേ അഴിച്ചുവെച്ചുള്ളൂ. അവൻ “അൽപ്പ വസ്‌ത്രധാരി” ആയാണ്‌ നടന്നിരുന്നത്‌.​—⁠1 ശമൂവേൽ 19:​24, NW അടിക്കുറിപ്പ്‌.

21:1—⁠“സമുദ്രതീരത്തെ മരുഭൂമി” എന്നു വിളിച്ചിരിക്കുന്ന ഭൂപ്രദേശം ഏതാണ്‌? ബാബിലോൺ ഏതെങ്കിലും സമുദ്രതീരത്തല്ലായിരുന്നെങ്കിലും അതിനെയാണ്‌ അപ്രകാരം വിളിച്ചിരിക്കുന്നത്‌. കാരണം യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികൾ കരകവിഞ്ഞൊഴുകുമ്പോൾ വർഷന്തോറും ആ പ്രദേശം വെള്ളംകൊണ്ട്‌ മൂടപ്പെടുകയും അങ്ങനെ ചതുപ്പുനിറഞ്ഞ ഒരു “സമുദ്രതീര”മായിത്തീരുകയും ചെയ്‌തിരുന്നു.

24:​13-16—⁠യഹൂദന്മാർ, “ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കും പോലെയും” ആയിത്തീരുമായിരുന്നത്‌ എങ്ങനെ? വിളവെടുപ്പിനുശേഷം കുറച്ച്‌ ഫലം മരത്തിലോ മുന്തിരിച്ചെടിയിലോ ശേഷിക്കുന്നതുപോലെ യെരൂശലേമിന്റെയും യെഹൂദായുടെയും നാശത്തെ കുറച്ചുപേർ മാത്രമേ അതിജീവിക്കുമായിരുന്നുള്ളൂ. അവർ “കിഴക്ക്‌” ബാബിലോണിലേക്കോ ‘സമുദ്രതീരത്തേക്ക്‌,’ അതായത്‌ മെഡിറ്ററേനിയൻ ദ്വീപുകളിലേക്കോ നാടുകടത്തപ്പെട്ടാലും യഹോവയെ മഹത്ത്വപ്പെടുത്തുമായിരുന്നു.

24:21​—⁠“ഉന്നതന്മാരുടെ സൈന്യവും ഭൂപാലന്മാരും” ആരാണ്‌? ദുഷ്ടാത്മ സേനയെയാണ്‌ ‘ഉന്നതന്മാരുടെ സൈന്യം’ എന്നു പരാമർശിച്ചിരിക്കുന്നത്‌. ‘ഭൂപാലന്മാർ’ എന്നു വിളിച്ചിരിക്കുന്നത്‌ ഭൂതങ്ങളുടെ ശക്തമായ സ്വാധീനത്തിലുള്ള ഭൗമിക ഭരണാധിപന്മാരെയും.​—⁠1 യോഹന്നാൻ 5:19.

25:7​—⁠“സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും” എന്താണ്‌? മുഴുമനുഷ്യവർഗത്തിന്റെയും രണ്ടു മഹാശത്രുക്കളിലേക്കാണ്‌ ഈ താരതമ്യം ശ്രദ്ധ ക്ഷണിക്കുന്നത്‌​—⁠പാപവും മരണവും.

നമുക്കുള്ള പാഠങ്ങൾ:

13:​20-22; 14:​22, 23; 21:​1-9. ബാബിലോണിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ യഹോവയുടെ പ്രാവചനിക വചനങ്ങൾ എല്ലായ്‌പോഴും സത്യമായിത്തീരുന്നു.

17:​7, 8ഇസ്രായേല്യരിൽ ഭൂരിഭാഗവും ശ്രദ്ധിച്ചില്ലെങ്കിലും ചിലർ യഹോവയിലേക്ക്‌ തിരിഞ്ഞു. സമാനമായി, ക്രൈസ്‌തവലോകത്തിൽ ചിലരും രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നു.

28:​1-6. ഇസ്രായേൽ അസീറിയയ്‌ക്കു കീഴടങ്ങും. എന്നാൽ വിശ്വസ്‌തരായവരുടെ അതിജീവനം യഹോവ ഉറപ്പുവരുത്തും. യഹോവയുടെ ന്യായവിധി നീതിമാന്മാരെ ആശയറ്റവരായി വിടുകയില്ല.

28:​23-29. ആത്മാർഥഹൃദയരായ ആളുകളെ അവരുടെ പ്രത്യേക ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി യഹോവ ക്രമപ്പെടുത്തുന്നു.

30:15. യഹോവ നൽകുന്ന രക്ഷ നേടുന്നതിന്‌ നാം മാനുഷ പദ്ധതിയിലൂടെ രക്ഷനേടാൻ ശ്രമിക്കാതെ “അടങ്ങിയി”രിക്കണം അഥവാ അത്തരം ശ്രമം ഒഴിവാക്കണം. “വിശ്രമിക്കുന്നതി”ലൂടെ അല്ലെങ്കിൽ ഭയപ്പെടാതിരിക്കുന്നതിലൂടെ നാം യഹോവയുടെ സംരക്ഷകശക്തിയിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു.

30:​20, 21. ദൈവനിശ്വസ്‌ത വചനമായ ബൈബിളിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും യഹോവ പറയുന്നത്‌ അനുസരിക്കുമ്പോൾ നാം യഹോവയെ “കണ്ടുകൊണ്ടിരിക്കു”കയും അവന്റെ രക്ഷയുടെ സ്വരം “കേൾക്കു”കയുമാണ്‌ ചെയ്യുന്നത്‌.​—⁠മത്തായി 24:​45, NW.

യെശയ്യാപ്രവചനം ദൈവവചനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു

യെശയ്യാവിന്റെ പുസ്‌തകത്തിലുള്ള ദൈവസന്ദേശങ്ങളെപ്രതി നാം എത്ര നന്ദിയുള്ളവരാണ്‌! ഇതിനോടകംതന്നെ നിവൃത്തിയേറിയിട്ടുള്ള പ്രവചനങ്ങൾ, ‘യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന അവന്റെ വചനം വെറുതെ അവന്റെ അടുക്കലേക്കു മടങ്ങിവരുകയില്ല’ എന്ന നമ്മുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.​—⁠യെശയ്യാവു 55:11.

യെശയ്യാവു 9:​7; 11:1-5, 10 എന്നിവിടങ്ങളിലുള്ള മിശിഹൈക പ്രവചനങ്ങളെ സംബന്ധിച്ചോ? നമ്മുടെ രക്ഷയ്‌ക്കായി യഹോവ ചെയ്‌തിരിക്കുന്ന കരുതലിലുള്ള വിശ്വാസത്തെ അവ ദൃഢീകരിക്കുന്നില്ലേ? കൂടാതെ, ഈ പുസ്‌തകത്തിൽ നമ്മുടെ നാളിൽ നിവൃത്തിയേറുന്നതും ഭാവിയിൽ നിവൃത്തിയേറാനിരിക്കുന്നതുമായ പ്രവചനങ്ങളും അടങ്ങിയിരിക്കുന്നു. (യെശയ്യാവു 2:2-4; 11:6-9; 25:6-8; 32:1, 2) വാസ്‌തവത്തിൽ, ഈ പുസ്‌തകം, “ദൈവത്തിന്റെ വചനം ജീവ”നുള്ളതാണെന്നതിന്റെ തെളിവിന്‌ ആക്കം കൂട്ടുന്നു.​—⁠എബ്രായർ 4:12.

[8-ാം പേജിലെ ചിത്രം]

യെശയ്യാവും മക്കളും “യിസ്രായേലിൽ അടയാളങ്ങളും അത്ഭുതങ്ങളും” ആയിരുന്നു

[8, 9 പേജുകളിലെ ചിത്രം]

യെരൂശലേം “മുന്തിരിത്തോട്ടത്തിലെ കുടിൽപോലെ” ആയിത്തീരുമായിരുന്നു

[10-ാം പേജിലെ ചിത്രം]

“വാളുകളെ കൊഴുക്കളാ”യി “അടിച്ചുതീർ”ക്കാൻ ജനതകൾക്കു സഹായം ലഭിക്കുന്നത്‌ എങ്ങനെ?