വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

കാനാവിലെ വിവാഹസൽക്കാരവേളയിൽ യേശു തന്റെ അമ്മയെ അഭിസംബോധന ചെയ്‌തത്‌ അനാദരവോടെയോ നിർദയമായിട്ടോ ആയിരുന്നോ?​—⁠യോഹന്നാൻ 2:⁠4.

യേശുവിന്റെ സ്‌നാപനം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. കാനാവിലെ ഒരു കല്യാണസദ്യയ്‌ക്ക്‌ അവനും ശിഷ്യന്മാർക്കും ക്ഷണം ലഭിച്ചു. യേശുവിന്റെ അമ്മയും അവിടെ ഉണ്ടായിരുന്നു. തദവസരത്തിൽ വീഞ്ഞു തീർന്നുപോയപ്പോൾ മറിയ യേശുവിനോട്‌ ഇങ്ങനെ പറഞ്ഞു: “അവർക്കു വീഞ്ഞു ഇല്ല.” മറുപടിയായി യേശു തന്റെ അമ്മയോട്‌ “സ്‌ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല” എന്നു പറഞ്ഞു.​—⁠യോഹന്നാൻ 2:1-4.

ഇക്കാലത്ത്‌ ഒരാൾ സ്വന്തം അമ്മയെ “സ്‌ത്രീയേ” എന്നു വിളിക്കുന്നതും “എനിക്കും നിനക്കും തമ്മിൽ എന്തു” എന്നു ചോദിക്കുന്നതും അനാദരവായും നിന്ദയായിപ്പോലും കണക്കാക്കിയേക്കാം. എന്നാൽ യേശുവിന്റെ കാര്യത്തിൽ അത്തരമൊരു ആരോപണം ഉന്നയിക്കുന്നതിനു മുമ്പ്‌ നാം അന്നത്തെ സംസ്‌കാരവും ഭാഷയും കണക്കിലെടുക്കേണ്ടിയിരിക്കുന്നു. ബൈബിൾ കാലങ്ങളിൽ ഈ പദങ്ങൾ ഉപയോഗിച്ചിരുന്ന വിധം സംബന്ധിച്ച ഗ്രാഹ്യം ഇക്കാര്യത്തിൽ സഹായകമായിരിക്കും.

“സ്‌ത്രീയേ” എന്ന പദത്തെക്കുറിച്ച്‌ വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ ഇങ്ങനെ പറയുന്നു: “ഒരു സ്‌ത്രീയെ അഭിസംബോധന ചെയ്യാൻ ഈ പദം ഉപയോഗിക്കുമ്പോൾ, അത്‌ കുറ്റപ്പെടുത്തലിനെയോ അപമര്യാദയെയോ അല്ല, മറിച്ച്‌ സ്‌നേഹത്തെയോ ആദരവിനെയോ ആണ്‌ സൂചിപ്പിക്കുന്നത്‌.” മറ്റ്‌ ഉറവിടങ്ങളും ഈ ആശയത്തെ പിന്താങ്ങുന്നുണ്ട്‌. ദി ആങ്കർ ബൈബിൾ പറയുന്നതു നോക്കുക: “ഇത്‌ ഒരു ശകാരമോ മര്യാദയില്ലാത്ത ഒരു വാക്കോ സ്‌നേഹരാഹിത്യത്തിന്റെ സൂചനയോ അല്ല . . . ഇങ്ങനെയായിരുന്നു യേശു സാധാരണഗതിയിൽ, അതും മര്യാദയോടുകൂടെത്തന്നെ, സ്‌ത്രീകളെ അഭിസംബോധന ചെയ്‌തിരുന്നത്‌. ” പുതിയനിയമ ദൈവശാസ്‌ത്രത്തിന്റെ പുതിയ അന്താരാഷ്‌ട്ര നിഘണ്ടു (ഇംഗ്ലീഷ്‌) വിശദീകരിക്കുന്നതനുസരിച്ച്‌, “അനാദരവിന്റേതായ യാതൊരുവിധ സൂചനയുമില്ലാത്ത” ഒരു പദമായിരുന്നു അത്‌. ഗെർഹാർട്‌ കിറ്റലിന്റെ പുതിയനിയമ ദൈവശാസ്‌ത്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയുന്നത്‌ അത്തരമൊരു പ്രയോഗം “യാതൊരു പ്രകാരത്തിലും അനാദരസൂചകമോ അധിക്ഷേപകരമോ അല്ല” എന്നാണ്‌. അതുകൊണ്ട്‌, സ്വന്തം അമ്മയെ “സ്‌ത്രീയേ” എന്നു വിളിക്കുകവഴി യേശു അപമര്യാദയോടെയോ ദയാരഹിതമായോ പെരുമാറുകയായിരുന്നുവെന്നു നാം നിഗമനം ചെയ്യരുത്‌.​—⁠മത്തായി 15:28; ലൂക്കൊസ്‌ 13:12; യോഹന്നാൻ 4:21; 19:26; 20:13, 15.

“എനിക്കും നിനക്കും തമ്മിൽ എന്ത്‌” എന്നതു സംബന്ധിച്ചോ? യഹൂദന്മാർക്കിടയിൽ സാധാരണ ഉപയോഗിച്ചിരുന്ന ഒരു ശൈലിയായിരുന്നിരിക്കാം ഇത്‌. ബൈബിളിൽ നിരവധി പ്രാവശ്യം ഇതു കാണാവുന്നതാണ്‌. ഉദാഹരണത്തിന്‌, “സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്‌പിച്ചിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ ശിമയിയെ കൊല്ലുന്നതിൽനിന്നു ദാവീദ്‌ അബീശായിയെ തടയുന്നതായി 2 ശമൂവേൽ 16:​10-ൽ കാണാം. സമാനമായി, തന്റെ മകൻ മരിച്ചുപോയെന്നറിഞ്ഞ്‌ സാരെഫാത്തിലെ വിധവ ഏലീയാവിനോട്‌ ഇങ്ങനെ ചോദിച്ചതായി 1 രാജാക്കന്മാർ 17:​18-ൽ നാം വായിക്കുന്നു: “എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓർപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നത്‌.”

അവജ്ഞയോ ധിക്കാരമോ കാണിക്കാനല്ല, മറിച്ച്‌ ഏതെങ്കിലും ഒരു നിർദിഷ്ട കാര്യത്തിലുള്ള ഉൾപ്പെടലിനെ നിരാകരിക്കുന്നതിനോ വ്യത്യസ്‌തമായ ഒരു വീക്ഷണമോ അഭിപ്രായമോ ആണ്‌ ഉള്ളത്‌ എന്നു കാണിക്കുന്നതിനോ ആണ്‌ “എനിക്കും നിനക്കും തമ്മിൽ എന്ത്‌?” എന്ന പ്രയോഗം മിക്കപ്പോഴും ഉപയോഗിച്ചിരുന്നത്‌ എന്ന്‌ ഈ ബൈബിൾ ദൃഷ്ടാന്തങ്ങൾ വ്യക്തമാക്കുന്നു. ആ സ്ഥിതിക്ക്‌ മറിയയോടുള്ള യേശുവിന്റെ വാക്കുകളുടെ അർഥമെന്താണ്‌?

“അവർക്കു വീഞ്ഞു ഇല്ല” എന്നു മറിയ യേശുവിനോടു പറഞ്ഞപ്പോൾ അവൾ അക്കാര്യം അവനെ വെറുതെ അറിയിക്കുകയായിരുന്നില്ല, മറിച്ച്‌ അതു സംബന്ധിച്ച്‌ എന്തെങ്കിലും ചെയ്യണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. സുപരിചിതമായിരുന്ന ആ ശൈലി ഉപയോഗിച്ചുകൊണ്ട്‌ മറിയയുടെ നയപരമായ ആ നിർദേശത്തെ യേശു നിരാകരിച്ചു. അങ്ങനെ ചെയ്‌തതിന്റെ കാരണം മനസ്സിലാക്കാൻ “എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല” എന്ന തുടർന്നുള്ള വാക്കുകൾ നമ്മെ സഹായിക്കുന്നു.

പൊതുയുഗം 29-ലെ സ്‌നാപനത്തിനും പരിശുദ്ധാത്മ അഭിഷേകത്തിനും ശേഷം, വാഗ്‌ദത്ത മിശിഹായെന്ന നിലയിൽ താൻ നിർമലതാഗതി പിൻപറ്റണമെന്നത്‌ യഹോവയുടെ ഇഷ്ടമാണെന്ന്‌ യേശുവിന്‌ നന്നായി അറിയാമായിരുന്നു, കൂടാതെ അത്‌ തന്റെ മരണത്തിലും പുനരുത്ഥാനത്തിലും മഹത്ത്വീകരണത്തിലും കലാശിക്കുമെന്നും. “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും” വന്നുവെന്ന്‌ അവൻ പറഞ്ഞു. (മത്തായി 20:28) മരണസമയമടുത്തപ്പോൾ “നാഴിക വന്നു” എന്നു പറഞ്ഞുകൊണ്ട്‌ യേശു ഇക്കാര്യം വ്യക്തമാക്കി. (യോഹന്നാൻ 12:1, 23; 13:1) മരണത്തിന്റെ തലേ രാത്രിയിൽ യേശു പ്രാർഥനയിൽ ഇങ്ങനെ പറഞ്ഞു: “പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.” (യോഹന്നാൻ 17:1) ഒടുവിൽ ഗെത്ത്‌ശേമനയിൽവെച്ച്‌ ജനക്കൂട്ടം അവനെ അറസ്റ്റുചെയ്യാൻ വന്നപ്പോൾ നല്ല ഉറക്കത്തിലായിരുന്ന അപ്പൊസ്‌തലന്മാരെ ഉണർത്തിയിട്ട്‌ അവൻ പറഞ്ഞു: “നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്‌പിക്കപ്പെടുന്നു.”​—⁠മർക്കൊസ്‌ 14:⁠41.

കാനാവിലെ വിവാഹം നടക്കുന്ന സമയത്ത്‌ യേശു മിശിഹായെന്ന നിലയിൽ തന്റെ ശുശ്രൂഷ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ അവന്റെ “നാഴിക” വന്നിരുന്നില്ല. തന്റെ പിതാവ്‌ നിർദേശിക്കുന്ന വിധത്തിലും സമയത്തും അവന്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു യേശുവിന്റെ മുഖ്യ ലക്ഷ്യം. ദൃഢതീരുമാനത്തോടെയുള്ള അവന്റെ ഗതിക്ക്‌ വിഘ്‌നം സൃഷ്ടിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. ഇക്കാര്യം അമ്മയോട്‌ ഊന്നിപ്പറയുക മാത്രമാണ്‌ യേശു ചെയ്‌തത്‌. അല്ലാതെ അവൻ ഒരിക്കലും അനാദരവു പ്രകടമാക്കുകയോ നിർദയമായി പെരുമാറുകയോ ആയിരുന്നില്ല. മകൻ തന്നെ അപമാനിച്ചുവെന്നോ നാണംകെടുത്തിയെന്നോ മറിയയ്‌ക്ക്‌ ഒട്ടു തോന്നിയതുമില്ല. യേശു എന്താണ്‌ അർഥമാക്കിയതെന്നു മനസ്സിലാക്കിയ മറിയ അവിടത്തെ ശുശ്രൂഷക്കാരോട്‌ “അവൻ നിങ്ങളോടു എന്തെങ്കിലും കല്‌പിച്ചാൽ അതു ചെയ്‌വിൻ” എന്നു പറഞ്ഞു. അമ്മയുടെ അപേക്ഷയെ അവഗണിക്കാതെ യേശു വെള്ളം മേത്തരം വീഞ്ഞാക്കിക്കൊണ്ട്‌ മിശിഹാ എന്ന നിലയിലുള്ള തന്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. അങ്ങനെ അവൻ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലും അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിലും സമനില പ്രകടമാക്കി.​—⁠യോഹന്നാൻ 2:5-11.

[31-ാം പേജിലെ ചിത്രം]

അമ്മയോടു സംസാരിച്ചപ്പോൾ യേശു ദയയും ഒപ്പം ദൃഢതയും പ്രകടമാക്കി