വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സത്യസന്ധതയുടെ മൂല്യം

സത്യസന്ധതയുടെ മൂല്യം

സത്യസന്ധതയുടെ മൂല്യം

സത്യസന്ധതയില്ലായ്‌മ ഏദെൻതോട്ടം മുതൽത്തന്നെ നിലവിലുണ്ട്‌. എന്നിരുന്നാലും മിക്ക സംസ്‌കാരങ്ങളിലും സമൂഹങ്ങളിലും സത്യസന്ധതയ്‌ക്ക്‌ വലിയ മൂല്യം കൽപ്പിക്കുന്നുണ്ട്‌. മാത്രമല്ല, നുണപറച്ചിലിനെയും വഞ്ചനയെയും അനഭികാമ്യവും നിന്ദ്യവുമായി വീക്ഷിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ നമ്മെ ആശ്രയയോഗ്യരായി കണക്കാക്കുന്നെങ്കിൽ നമുക്ക്‌ അതിനെപ്രതി അഭിമാനിക്കാം. എന്നിരുന്നാലും കുറച്ചൊക്കെ കള്ളത്തരവും വഞ്ചനയുമൊന്നുമില്ലാതെ ഇക്കാലത്ത്‌ ജീവിച്ചുപോകാനാവില്ല എന്നാണ്‌ പൊതുവേയുള്ള അഭിപ്രായം. നിങ്ങൾക്കെന്തു തോന്നുന്നു? സത്യസന്ധത എന്ന ഗുണം വളർത്തിയെടുക്കുന്നത്‌ പ്രയോജനകരമാണോ? നിങ്ങളുടെ വീക്ഷണത്തിൽ സത്യസന്ധവും അല്ലാത്തതുമായ പെരുമാറ്റങ്ങൾക്കുള്ള മാനദണ്ഡം എന്താണ്‌?

ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്‌ നമ്മുടെ സംസാരത്തിലും ജീവിതരീതിയിലും നാം സത്യസന്ധരായിരിക്കണം. അപ്പൊസ്‌തലനായ പൗലൊസ്‌ സഹക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിൻ.” (എഫെസ്യർ 4:25) ‘സകലത്തിലും നല്ലവരായി നടപ്പാൻ നാം ഇച്ഛിക്കുന്നു’ എന്നും പൗലൊസ്‌ എഴുതുകയുണ്ടായി. (എബ്രായർ 13:18) സഹമനുഷ്യരിൽനിന്ന്‌ പുകഴ്‌ച ലഭിക്കുക എന്നതല്ല നാം സത്യസന്ധരായിരിക്കുന്നതിന്റെ പിന്നിലെ പ്രേരകഘടകം. മറിച്ച്‌, നമ്മുടെ സ്രഷ്ടാവിനെ ആദരിക്കുന്നതിനാലും അവനെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നതിനാലുമാണ്‌ നാം അങ്ങനെ ചെയ്യുന്നത്‌.

നിങ്ങൾ ആരാണെന്നുള്ളത്‌ മറച്ചുവെക്കരുത്‌

ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പല രാജ്യങ്ങളിലും ആളുകൾ തങ്ങളുടെ യഥാർഥ മുഖം മറച്ചുവെക്കുന്നു. അവർ വ്യാജരേഖകളും ഡിപ്ലോമകളും കൃത്രിമ തിരിച്ചറിയിക്കൽ കാർഡുകളും മറ്റും സമ്പാദിക്കുന്നു; പലപ്പോഴും അനധികൃതമായി ഒരു രാജ്യത്തു പ്രവേശിക്കുന്നതിനോ തങ്ങൾക്ക്‌ അർഹമല്ലാത്ത ഒരു ജോലിയോ സ്ഥാനമോ നേടുന്നതിനോ ആണ്‌ അങ്ങനെ ചെയ്യുന്നത്‌. ചില മാതാപിതാക്കൾ കുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസത്തോടനുബന്ധിച്ച്‌ ജനനസർട്ടിഫിക്കറ്റിൽ കൃത്രിമത്വം കാണിക്കുന്നു.

എന്നാൽ വഞ്ചന കാണിക്കുന്നത്‌ ദൈവത്തിനു പ്രസാദകരമല്ല. ബൈബിൾ പറയുന്നതനുസരിച്ച്‌ യഹോവ “വിശ്വസ്‌തദൈവമാ”ണ്‌. അവനോട്‌ ഉറ്റ ബന്ധമുള്ളവർ സത്യസന്ധരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. (സങ്കീർത്തനം 31:5) യഹോവയുമായി അടുത്ത ബന്ധം നിലനിറുത്താൻ നാം ആഗ്രഹിക്കുന്നെങ്കിൽ തങ്ങൾ യഥാർഥത്തിൽ ആരാണെന്നതു മറച്ചുവെക്കുന്ന “കപടക്കാ”രായ “വ്യർഥന്മാ”രെ, അതായത്‌ സത്യസന്ധരല്ലാത്തവരെ നമുക്ക്‌ അനുകരിക്കാനാവില്ല.​—⁠സങ്കീർത്തനം 26:⁠4.

ശിക്ഷണം കിട്ടിയേക്കുമെന്നുള്ളപ്പോൾ സത്യം മറച്ചുവെക്കാനുള്ള പ്രവണതയും സാധാരണമാണ്‌. ക്രിസ്‌തീയ സഭയിൽപ്പോലും ഒരുവൻ അങ്ങനെ ചെയ്യാൻ പ്രേരിതനായേക്കാം. അതാണ്‌ ഒരു ചെറുപ്പക്കാരന്റെ കാര്യത്തിൽ സംഭവിച്ചത്‌. താൻ ചില പാപങ്ങൾ ചെയ്‌തതായി അവൻ സഭയിലെ മൂപ്പന്മാരുടെ മുമ്പാകെ തുറന്നുസമ്മതിച്ചു. പക്ഷേ താൻ മോഷ്ടിച്ചു എന്ന്‌ അവൻ സമ്മതിച്ചില്ല, അവൻ അതു ചെയ്‌തു എന്നതിന്‌ മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടുപോലും. എന്നാൽ പിന്നീട്‌ ആ കള്ളത്തരം വെളിവാകുകയും അവസാനം അവൻ സഭയിൽനിന്ന്‌ പുറത്താക്കപ്പെടുകയും ചെയ്‌തു. വാസ്‌തവത്തിൽ അവൻ പൂർണമായി സത്യസന്ധനായിരിക്കുകയും യഹോവയുമായുള്ള തന്റെ വിലയേറിയ ബന്ധം വീണ്ടെടുക്കുന്നതിന്‌ സഹായം സ്വീകരിക്കുകയും ചെയ്‌തിരുന്നെങ്കിൽ എത്ര നന്നായിരുന്നു, അല്ലേ? ബൈബിൾ ഇപ്രകാരം പറയുന്നു: “കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്‌നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.”​—⁠എബ്രായർ 12:5, 6.

ചിലപ്പോൾ സഭയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്താൻ ശ്രമിക്കുന്നവർ തങ്ങളുടെ വ്യക്തിഗത പ്രശ്‌നങ്ങളോ കഴിഞ്ഞകാല സ്വഭാവദൂഷ്യങ്ങളോ ഒക്കെ മറച്ചുവെക്കാൻ തുനിഞ്ഞേക്കാം. ഒരു പ്രത്യേക സേവനപദവിക്കായി അപേക്ഷിക്കുമ്പോൾ ആരോഗ്യസ്ഥിതിയോടും ധാർമികതയോടും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്‌ പൂർണമായ ഉത്തരം നൽകാതിരുന്നേക്കാം; സത്യാവസ്ഥ വെളിപ്പെടുത്തുന്നത്‌ അത്തരം സേവനപദവിയിൽ എത്തിച്ചേരുന്നതിന്‌ ഒരു തടസ്സമായേക്കുമോ എന്ന ചിന്തകൊണ്ടാകാം അത്‌. ‘ഞാൻ നുണ പറഞ്ഞില്ലല്ലോ’ എന്നായിരിക്കാം ആ വ്യക്തിയുടെ പക്ഷം. എന്നാൽ അയാൾ വാസ്‌തവത്തിൽ നിഷ്‌കപടതയും സത്യസന്ധതയും പ്രകടമാക്കുകയായിരുന്നോ? സദൃശവാക്യങ്ങൾ 3:32 പറയുന്നതു ശ്രദ്ധിക്കുക: “വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ട്‌.”

സത്യസന്ധതയിൽ ഉൾപ്പെട്ടിരിക്കുന്ന ആദ്യസംഗതി തന്നോടുതന്നെയുള്ള സത്യസന്ധതയാണ്‌. മിക്കപ്പോഴും നമ്മുടെ ചായ്‌വ്‌ നമുക്ക്‌ ഇഷ്ടമുള്ള കാര്യങ്ങൾ വിശ്വസിക്കുന്നതിനാണ്‌, അവ ശരിയോ സത്യമോ ആയിരിക്കണമെന്നില്ല. കുറ്റം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കുന്നത്‌ എത്ര എളുപ്പമാണ്‌! അതാണ്‌ ശൗൽ രാജാവു ചെയ്‌തത്‌. കുറ്റം മറ്റുള്ളവരുടെമേൽ ആരോപിച്ചുകൊണ്ട്‌ അവൻ തന്റെ അനുസരണക്കേടിനു ന്യായീകരണം കണ്ടെത്തി. ഫലമോ? രാജസ്ഥാനത്തുനിന്ന്‌ യഹോവ അവനെ നീക്കിക്കളഞ്ഞു. (1 ശമൂവേൽ 15:20-23) എന്നാൽ എത്ര വ്യത്യസ്‌തമായിരുന്നു ദാവീദ്‌ രാജാവിന്റെ മനോഭാവം! അവൻ യഹോവയോട്‌ ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല. എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റുപറയും എന്നു ഞാൻ പറഞ്ഞു; അപ്പോൾ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു.”​—⁠സങ്കീർത്തനം 32:⁠5.

സത്യസന്ധത അനുഗ്രഹങ്ങൾ വർഷിക്കുന്നു

നിങ്ങൾ സത്യസന്ധരാണോ അല്ലയോ എന്നത്‌ മറ്റുള്ളവർ നിങ്ങളെ വീക്ഷിക്കുന്ന വിധത്തെ സ്വാധീനിക്കും. ഒരൊറ്റ തവണ നിങ്ങൾ ആളുകളെ വഞ്ചിച്ചാൽ മതി അവർക്ക്‌ നിങ്ങളിലുള്ള സകല വിശ്വാസവും നഷ്ടപ്പെടാൻ. നഷ്ടപ്പെട്ട ആ വിശ്വാസം വീണ്ടെടുക്കാൻ അത്ര എളുപ്പമല്ലതാനും. അതേസമയം നിങ്ങൾ സത്യസന്ധനാണെങ്കിൽ നിർമലനും ആശ്രയയോഗ്യനും ആയിട്ടായിരിക്കും ആളുകൾ നിങ്ങളെ കണക്കാക്കുക. അത്തരമൊരു കീർത്തിയാണ്‌ യഹോവയുടെ സാക്ഷികൾ നേടിയിട്ടുള്ളത്‌. ചില ദൃഷ്ടാന്തങ്ങൾ നോക്കുക.

ഒരു കമ്പനിയിലെ ജോലിക്കാരിൽ പലരും വഞ്ചന കാണിക്കുന്നതായി അവിടത്തെ ഡയറക്ടർ മനസ്സിലാക്കി. അതുകൊണ്ട്‌ അദ്ദേഹം പോലീസിൽ പരാതിപ്പെട്ടു. കുറ്റക്കാരെ പോലീസ്‌ അറസ്റ്റു ചെയ്‌തുകൊണ്ടുപോയി. എന്നാൽ അക്കൂട്ടത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളും ഉണ്ടെന്നു കണ്ട ഡയറക്ടർ നേരെ പോലീസിനെ സമീപിച്ച്‌ ആ സാക്ഷിയെ ഉടനടി മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. എന്തായിരുന്നു കാരണം? ഈ വ്യക്തി സത്യസന്ധനും നിരപരാധിയുമാണെന്ന്‌ ഡയറക്ടർക്ക്‌ ഉറപ്പുണ്ടായിരുന്നു എന്നതുതന്നെ. ആ സാക്ഷിക്ക്‌ തന്റെ ജോലിയിൽ തുടരാനായി, ബാക്കിയുള്ളവരെയൊക്കെ പിരിച്ചുവിടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ നടത്ത യഹോവയുടെ നാമത്തിനു മഹത്ത്വം കൈവരുത്തിയതിൽ സഹസാക്ഷികളും അത്യന്തം സന്തോഷിച്ചു.

സത്‌പെരുമാറ്റം ശ്രദ്ധിക്കപ്പെടാതെ പോകില്ല. ആഫ്രിക്കയിൽ ഒരിടത്തു നടന്ന സംഭവമാണിത്‌. വലിയൊരു അഴുക്കു ചാലിനു മുകളിലൂടെയുള്ള പാലത്തിന്റെ പലകകൾ മോഷണം പോയതിനാൽ അതു കേടുപോക്കേണ്ടതുണ്ടായിരുന്നു. പുതിയ പലക പിടിപ്പിക്കുന്നതിനു പണം സ്വരൂപിക്കാൻ സ്ഥലവാസികൾ തീരുമാനിച്ചു. എന്നാൽ പണമിടപാടുകൾ വിശ്വസിച്ച്‌ ആരെ ഏൽപ്പിക്കും? അക്കാര്യത്തിൽ എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു: യഹോവയുടെ സാക്ഷികളിൽ ഒരാളെ.

ഒരു ആഫ്രിക്കൻ രാജ്യത്ത്‌ രാഷ്‌ട്രീയവും വംശീയവുമായ പ്രശ്‌നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഒരു അന്താരാഷ്‌ട്ര കമ്പനിയിൽ അക്കൗണ്ടന്റ്‌ ആയി ജോലി ചെയ്‌തിരുന്ന ഒരാൾക്ക്‌ ജീവനു ഭീഷണി ഉണ്ടായിരുന്നതിനാൽ സ്ഥലംമാറ്റം കൊടുത്തു. സ്ഥിതിഗതികളൊക്കെ ഒന്നു ശാന്തമാകുന്നതുവരെ പല മാസങ്ങളോളം കമ്പനിച്ചെലവിൽ മറ്റൊരു രാജ്യത്തു പോയി ജോലി ചെയ്യുന്നതിന്‌ കമ്പനി ഏർപ്പാടാക്കി. കാരണം? മുമ്പ്‌ അവിടെ നടന്ന വഞ്ചനയ്‌ക്കു കൂട്ടുനിൽക്കാൻ അദ്ദേഹം വിസമ്മതിച്ചു എന്നതുതന്നെ. അദ്ദേഹത്തിന്റെ അചഞ്ചലമായ സത്യസന്ധത സംബന്ധിച്ച്‌ മാനേജ്‌മെന്റിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ വഞ്ചകൻ, ചതിയൻ എന്നൊക്കെയുള്ള ഖ്യാതിയാണ്‌ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നതെങ്കിൽ അവർ അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകുമായിരുന്നോ?

“പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ” എന്ന്‌ സദൃശവാക്യങ്ങൾ 20:7 പറയുന്നു. സത്യസന്ധനായ ഒരാൾ പരമാർഥതയുള്ളവൻ, നിർമലൻ ആയിരിക്കും. അയാൾ സഹമനുഷ്യരെ ചതിക്കുകയോ വഞ്ചിക്കുകയോ ഇല്ല. മറ്റുള്ളവർ നിങ്ങളോട്‌ അങ്ങനെ ഇടപെടാനല്ലേ നിങ്ങൾ ആഗ്രഹിക്കുക? സത്യാരാധനയുടെ അവിഭാജ്യ ഘടകമാണ്‌ സത്യസന്ധത. ദൈവത്തോടും അയൽക്കാരനോടുമുള്ള സ്‌നേഹത്തിന്റെ ഒരു പ്രകടനമാണത്‌. സത്യസന്ധരായിരിക്കുന്നതിലൂടെ യേശു പറഞ്ഞപ്രകാരമുള്ള പെരുമാറ്റച്ചട്ടം പിൻപറ്റാനുള്ള ആഗ്രഹമായിരിക്കും നാം പ്രകടിപ്പിക്കുന്നത്‌: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.”​—⁠മത്തായി 7:12; 22:36-39.

സത്യസന്ധരായിരിക്കുന്നത്‌ എപ്പോഴും സന്തോഷകരമായ അനുഭവമായിരിക്കില്ല. എന്നിരുന്നാലും അതുളവാക്കുന്ന ശുദ്ധമനസ്സാക്ഷി മറ്റെന്തിനെക്കാളും അങ്ങേയറ്റം മൂല്യവത്താണ്‌. ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ, സത്യസന്ധരും പരമാർഥഹൃദയരും ആയിരിക്കുന്നതാണ്‌ ഏറ്റവും വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നത്‌. യഹോവയുമായുള്ള നല്ല ബന്ധം വാസ്‌തവത്തിൽ അമൂല്യമാണ്‌. അതുകൊണ്ട്‌ മുഖം രക്ഷിക്കാനോ അനധികൃതമായ ചില നേട്ടങ്ങൾ കൈവരിക്കാനോ വേണ്ടി വഞ്ചന കാണിച്ചുകൊണ്ട്‌ എന്തിനു നാം അതു കളഞ്ഞുകുളിക്കണം? എന്തെല്ലാം വെല്ലുവിളികൾ നേരിട്ടാലും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽ നമുക്കു വിശ്വാസം പ്രകടമാക്കാം: “യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.”​—⁠സങ്കീർത്തനം 40:⁠4.

[18-ാം പേജിലെ ചിത്രങ്ങൾ]

സത്യക്രിസ്‌ത്യാനികൾ വ്യാജരേഖകൾ വാങ്ങുകയോ ഉപയോഗിക്കുകയോ ഇല്ല